Current Date

Search
Close this search box.
Search
Close this search box.

ശൈഖ് മുഹമ്മദ് കാരകുന്ന്

കേരളത്തിൻറെ സാഹിത്യ, സാമൂഹ്യ, സാംസ്കാരിക മണ്ഡലങ്ങളിൽ നിറഞ്ഞുനിൽക്കുന്ന വ്യക്തിത്വത്തിൻറെ ഉടമയാണ് ശൈഖ് മുഹമ്മദ് കാരകുന്ന്. പരിശുദ്ധ ഖുർആൻ പരിഭാഷയും 13 വിവർത്തന കൃതികളുമുൾപ്പെടെ തൊണ്ണൂറിലേറെ ഗ്രന്ഥങ്ങളുടെ കർത്താവാണ്. പരിഭാഷക്കും രാഷ്ട്രാന്തരീയ പാരസ്പര്യത്തിനുമുള്ള 2019ലെ ഖത്തർ ശൈഖ് ഹമദ് അന്താരാഷ്ട്ര അവാർഡ് ജേതാവാണ്. സാമൂഹ്യ പ്രവർത്തനത്തിനുള്ള കെ. കരുണാകരൻ അവാർഡ് നേടിയ ശൈഖ് മുഹമ്മദിൻറെ അഞ്ച് ഗ്രന്ഥങ്ങൾക്ക് അവാർഡുകൾ ലഭിച്ചിട്ടുണ്ട്. അഞ്ച് ഗ്രന്ഥങ്ങൾ ഇംഗ്ലീഷിലേക്കും പത്തെണ്ണം കന്നഡയിലേക്കും മൂന്നെണ്ണം തമിഴിലേക്കും ഒന്ന് മറാഠിയിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. കൂടാതെ നൂറുക്കണക്ക് ലേഖനങ്ങൾ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. 33 വർഷം ഐ. പി. എച്ച്. ഡയറക്ടറും ദീർഘകാലം പ്രബോധനം വാരിക ചീഫ് എഡിറ്ററുമായിരുന്ന ശൈഖ് മുഹമ്മദ് ഇപ്പോൾ ഡയലോഗ് സെൻറർ കേരളയുടെ ഡയറക്ടറും കേരള മുസ്ലിം ഹെറിറ്റേജ് ഫൗണ്ടേഷൻ ചെയർമാനും നിരവധി മത, സാമൂഹ്യ,സാംസ്കാരിക സംവിധാനങ്ങളുടെ ഭാരവാഹിയുമാണ്. ദോഹ ഇന്റർ നാഷണൽ കോൺഫറൻസ്, ദുബായ് ഇൻറർനാഷണൽ ഖുർആൻ കോൺഫ്രൻസ്, ഐ. ഐ. എഫ്. എസ്.ഒ. ഏഷ്യൻ റീജണൽ ക്യാമ്പ് തുടങ്ങിയവയിൽ സംബന്ധിച്ചിട്ടുണ്ട്. മതാന്തര സംവാദ വേദികളിലും സാംസ്കാരിക പരിപാടികളിലും സജീവ സാന്നിധ്യമായ ശൈഖ് മുഹമ്മദ് കാരകുന്ന് അറിയപ്പെടുന്ന പ്രഭാഷകനുമാണ്. 1950 ജൂലൈ 15 മഞ്ചേരിക്കടുത്ത കാരകുന്നിലെ പുലത്ത് ഗ്രാമത്തിൽ ജനിച്ചു. പിതാവ് പുലത്ത് മുഹമ്മദ് ഹാജി . മാതാവ് ആമിന. പുലത്ത് ഗവൺമെന്റ് ലോവർ പ്രൈമറി സ്‌കൂൾ, കാരകുന്ന് അപ്പർ പ്രൈമറി സ്‌കൂൾ, മഞ്ചേരി ഗവൺമെന്റ് ഹൈസ്‌കൂൾ, ഫറോക്ക് റൗദത്തുൽ ഉലൂം അറബിക് കോളേജ്, കോഴിക്കോട് എൽ.ടി.ടി. സെന്റർ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. മൊറയൂർ വി.എച്ച്.എം.ഹൈസ്‌കൂൾ, എടവണ്ണ ഇസ്ലാഹിയാ ഓറിയന്റൽ ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ അദ്ധ്യാപകനായി ജോലി ചെയ്തു. ഇപ്പോൾ ജമാഅത്തെ ഇസ്ലാമി കേന്ദ്ര പ്രതിനിധി സഭാംഗം, കേരള സംസ്ഥാന കൂടിയാലോചനാ സമിതി അംഗം ,എന്നീ ചുമതലകൾക്കൊപ്പം സംസ്ഥാന സെക്രട്ടറി കൂടിയാണ്.സുഊദി അറേബ്യ , യു.എ.ഇ ,ഒമാൻ , കുവൈത്ത്, ഖത്തർ , ബഹ്‌റൈൻ , സിംഗപ്പൂർ, ശ്രീലങ്ക, മലേഷ്യ എന്നീ നാടുകൾ സന്ദർശിച്ചു. ആമിന ഉമ്മു അയ്മനാണ് കുടുംബിനി. അനീസ് മുഹമ്മദ് , ഡോക്ടർ അലീഫ് മുഹമ്മദ് , ഡോക്ടർ ബാസിമ , അയമൻ മുഹമ്മദ് എന്നിവർ മക്കളും ഡോക്ടർ അബ്ദുറഹമാൻ ദാനി, ഷമിയ്യത് , ആയിഷ നസീബ, ഇബ്തിസാം എന്നിവർ ജാമാതാക്കളുമാണ്.

Related Articles