Current Date

Search
Close this search box.
Search
Close this search box.

വിവേചനങ്ങള്‍ക്ക് പരിഹാരം

ഭൂമിയില്‍ മനുഷ്യര്‍ പലവിധമാണ്. കണ്ണുള്ളവരും കണ്ണില്ലാത്തവരുമുണ്ട്. കൈകാലുകള്‍ ഉള്ളവരുണ്ട്. ഇല്ലാത്തവരുണ്ട്. ആരോഗ്യവാന്‍മാരും രോഗികളുമുണ്ട്. കരുത്തരും ദുര്‍ബലരുമുണ്ട്. പ്രതിഭാശാലികളും സാമാന്യബുദ്ധികളും മന്ദബുദ്ധികളുമുണ്ട്. പണക്കാരും പാവങ്ങളുമുണ്ട്. പല കാലാവസ്ഥകളിലും കാലഘട്ടങ്ങളിലും ജീവിക്കുന്നവരുണ്ട്. ആണും പെണ്ണുമുണ്ട്. പ്രത്യക്ഷത്തില്‍ ഇതൊക്കെയും കടുത്ത വിവേചനവും അനീതിയുമാണ്. നാസ്തികരുടെവശം ഇതിനൊന്നും ഒരു പരിഹാരവുമില്ല. എല്ലാം അനുഭവിച്ചു കൊള്ളുക എന്നേ അവര്‍ക്ക് പറയാനുള്ളൂ. എന്നാല്‍ ഇസ്‌ലാം ഈ പ്രശ്‌നത്തെ പൂര്‍ണമായും പരിഹരിക്കുന്നു. അത് അസന്നിഗ്ധമായി വ്യക്തമാക്കുന്നു: ”ഓരോ മനുഷ്യനും തനിക്ക് ലഭ്യമായ സാധ്യതയും സ്വാതന്ത്ര്യവുമനുസരിച്ചുള്ള ബാധ്യതയേയുള്ളൂ. അതിനാല്‍ കണ്ണുള്ളവന്റെയത്ര ബാധ്യത കണ്ണില്ലാത്തവനില്ല. കരുത്തന്റെ ബാധ്യത ദുര്‍ബലനോ പണക്കാരന്റെ ബാധ്യത പാവപ്പെട്ടവനോ പ്രതിഭാധനന്റെ ബാധ്യത സാമാന്യബുദ്ധിക്കോ ഇല്ല. ആണിന്റെ ബാധ്യത പെണ്ണിനോ പെണ്ണിന്റെ ബാധ്യതആണിനോ ഇല്ല. അതോടൊപ്പം ഓരോരുത്തരും തങ്ങളുടെ ബാധ്യതകള്‍ നിര്‍വഹിച്ചാല്‍ എല്ലാവര്‍ക്കും ലഭിക്കുക തങ്ങളുടെ സമസ്താഭിലാഷങ്ങളും സാക്ഷാത്കരിക്കുന്ന നിത്യസൗഭാഗ്യങ്ങളുള്ള സ്വര്‍ഗമാണ്. ഭൂമിയിലെ ജീവിതം അത് നേടാനുള്ള ഇടമാണ്. അതുകൊണ്ടുതന്നെ എല്ലാവര്‍ക്കും ഐഹിക ജീവിതം ഒരു പരീക്ഷണവും പരീക്ഷയുമാണ്.”

”മരണവും ജീവിതവും സൃഷ്ടിച്ചവനാണ് ദൈവം. കര്‍മ നിര്‍വഹണത്തില്‍ നിങ്ങളിലേറ്റം മികച്ചവരാരെന്ന് പരീക്ഷിക്കാനാണത്.” (ഖുര്‍ആന്‍-67:2).

യഥാര്‍ഥ സ്വാതന്ത്ര്യം
നാസ്തികര്‍ മനുഷ്യനെ സംബന്ധിച്ച് സംസാരിക്കുന്നത് പരിണാമവാദത്തിന്റെ അടിസ്ഥാനത്തിലാണ്. അതനുസരിച്ച് മനുഷ്യമനസ്സ് മസ്തിഷ്‌കത്തിന്റെ ഉല്‍പന്നമാണ്. അതിന്റെ വിചാരവികാരങ്ങളും തീരുമാനങ്ങളും മസ്തിഷ്‌കത്തിലെ ജീവകോശങ്ങളില്‍നിന്നുണ്ടാവുന്നതാണ്. അഥവാ ശരീരഘടനയുടെ സൃഷ്ടിയാണ്. ജൈവവസ്തുക്കളില്‍നിന്ന് രൂപംകൊള്ളുന്നതാണ്. അതുകൊണ്ടുതന്നെ മനുഷ്യന്‍ മസ്തിഷ്‌കത്തിന്റെ, അതിന്റെ കോശഘടനയുടെ, അവയ്ക്കുള്ളിലെ ക്രോമസോമുകളിലെ ജീനുകളിലുള്ള ജനിതകകോഡുകളുടെ ആജ്ഞാനുവര്‍ത്തിയാണ്. എല്ലാ വികാര വിചാരങ്ങളും തീരുമാനങ്ങളുമുണ്ടാകുന്നത് ജനിതക കോഡുകള്‍ക്കനുസരിച്ചാണ്.

മനുഷ്യജീവിതത്തിലെ മുഴുവന്‍ കാര്യങ്ങളും കര്‍മങ്ങളും ജനിതക കോഡുകളില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ടെന്ന് അത് സംബന്ധമായ ഭൗതികശാസ്ത്രം അവകാശപ്പെടുന്നു; അവയില്‍നിന്ന് അണുഅളവ് തെറ്റാനോ അവയെ ലംഘിക്കാനോ ആര്‍ക്കും സാധ്യമല്ലെന്നും. അഥവാ മനുഷ്യന്‍ തീര്‍ത്തും തന്റെ ശരീരഘടനക്ക് വിധേയനാണ്. മസ്തിഷ്കത്തിന്റെയും നാഡീവ്യൂഹങ്ങളുടെയും പദാര്‍ഥപരമായ ഘടനയാണ് അവന്റെ ഭാഗധേയം പരിപൂര്‍ണമായും തീരുമാനിക്കുന്നതും നിയന്ത്രിക്കുന്നതും. അതില്‍ ആര്‍ക്കെങ്കിലും ഇടപെടാനോ ഏതെങ്കിലും വിധത്തില്‍ പങ്കുവഹിക്കാനോ സാധ്യമല്ല. അതിനാല്‍ ഭൗതികവാദമനുസരിച്ച് മനുഷ്യന്‍ പ്രകൃതിവിധിക്ക് വിധേയനാണ്. അതില്‍നിന്ന് പുറത്ത് കടക്കാനാവാത്തവിധം പൂര്‍ണമായും അസ്വതന്ത്രനും. ശരി, തെറ്റ്, നൻമതിൻമ, ധര്‍മം, അധര്‍മം, വിനയം, അഹങ്കാരം, കനിവ്, ക്രൂരത എന്നൊക്കെ പറയുന്നത് ജീനുകളിലെ ജനിതകകോഡുകളുടെ ഫലമായി ഉണ്ടാകുന്നവയാണ്. ശാരീരികാരോഗ്യം പോലെത്തന്നെയാണ് ജീവിതവിശുദ്ധിയും. മ്ലേച്ഛത അനാരോഗ്യംപോലെയും. അതിനാല്‍ മഹദ് കൃത്യങ്ങളുടെപേരില്‍ ആളുകളെ വാഴ്ത്തുന്നത് ശാരീരികാരോഗ്യത്തിന്റെപേരില്‍ പ്രശംസിക്കുന്നതുപോലെ അര്‍ത്ഥശൂന്യമത്രെ. ഹീനകൃത്യങ്ങളുടെപേരില്‍ ഇകഴ്ത്തുന്നത് അനാരോഗ്യത്തിന്റെ പേരില്‍ അപലപിക്കുന്നത് പോലെയും.

പാരമ്പര്യനിയമം പരിണാമവാദത്തിന്റെ അവിഭാജ്യഘടകമാണ്. അതനുസരിച്ച് മനുഷ്യന്റെ സ്വഭാവവും പെരുമാറ്റവും ജീവിതരീതിയുമെല്ലാം യുഗാന്തരങ്ങളിലൂടെ തലമുറ തലമുറകളായി തുടര്‍ന്നുവരുന്നവയാണ്. ഈ പൈതൃകത്തിന്റെ പിടിയില്‍നിന്ന് കുതറിമാറാന്‍ ആര്‍ക്കും സാധ്യമല്ല. അപ്പോള്‍ മനുഷ്യന്‍ ചെയ്യുന്ന നൻയുടെയും തിൻയുടെയും ബീജങ്ങള്‍ തന്റെ പൂര്‍വപരമ്പരയിലെ ഏതോ പ്രപിതാവിനാല്‍ നിക്ഷേപിക്കപ്പെട്ടതായിരിക്കും. അയാളില്‍ അതുണ്ടായത് മുന്‍ഗാമികളിലെ മുതുമുത്തച്ഛന്‍ നിക്ഷേപിച്ചതിന്റെ ഫലവും. അതിനാല്‍ അണ്ടിയില്‍നിന്ന് മാവുണ്ടാവുന്നപോലെ അനിവാര്യമായും പാരമ്പര്യത്തില്‍നിന്നവ പിറവിയെടുക്കും. മനുഷ്യന്റെ വികാരവിചാരങ്ങളും കര്‍മപരിപാടികളുമൊക്കെ അലംഘനീയമായ പൈതൃകത്തിനും പാരമ്പര്യത്തിനും വിധേയമാണ്. അപ്പോള്‍ മനുഷ്യന്‍ കാലത്തിന്റെ കൈകളിലെ കളിപ്പാവമാത്രം. എന്നാല്‍ ഇസ്‌ലാമികവീക്ഷണത്തില്‍ മനുഷ്യന്‍ സ്വയംനിര്‍ണയാവകാശമുള്ള സവിശേഷസൃഷ്ടിയാണ്. തന്റെ ജീവിതം എങ്ങനെയായിരിക്കണമെന്ന് തീരുമാനിക്കാനുള്ള പൂര്‍ണമായ സ്വാതന്ത്ര്യവും തീരുമാനാധികാരവും ദൈവം ഓരോ മനുഷ്യനും നല്‍കിയിട്ടുണ്ട്. അഥവാ, മനുഷ്യന് സ്വയം തീരുമാനിക്കാനും തെരഞ്ഞെടുക്കാനും സ്വാതന്ത്ര്യമുള്ള മേഖലകളുണ്ട്. ഓരോ മനുഷ്യന്റെയും ഭാഗധേയം അത് എങ്ങനെ ഉപയോഗപ്പെടുത്തുന്നുവെന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും. താന്‍ എന്ത് തിന്നണം, എന്ത് തിന്നരുത്, ഏത് കുടിക്കണം, ഏത് കുടിക്കരുത്, എന്ത് കാണണം, എന്ത് കാണരുത്, എന്ത് കേള്‍ക്കണം, എന്ത് കേള്‍ക്കരുത്, എന്ത് പറയണം, എന്ത് പറയരുത്, എന്ത് ചെയ്യണം, എന്ത് ചെയ്യരുത്, എങ്ങനെ ജീവിക്കണം, എങ്ങനെ ജീവിക്കരുത് തുടങ്ങിയ കാര്യങ്ങളെല്ലാം തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ഓരോ മനുഷ്യനുമുണ്ട്. ഈ മേഖലകളില്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണത്തിനാണല്ലോ നിയമമെന്ന് പറയുക. അവിടെ ഏത് നിയമം സ്വീകരിക്കണം, ഏത് നിയമം സ്വീകരിക്കരുത് എന്നൊക്കെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്.

എന്നാല്‍ നാസ്തികര്‍ വാദിക്കുന്നപോലെ ഓരോ മനുഷ്യന്റെയും മേലുള്ള ഉടമാവകാശം അവനവനു തന്നെയല്ല. കാരണം വളരെ വ്യക്തം. ഇവിടെ ആരും ജനിച്ചത് സ്വയം ആഗ്രഹിച്ചല്ല. താന്‍ എവിടെ, ഏത് കാലത്ത്, ആരുടെ മകനോ മകളോ ആയി, ഏത് ശരീര പ്രകൃതത്തോടെ ജനിക്കണം എന്ന് ആരും സ്വയം തീരുമാനിച്ചതല്ല. ആര്‍ക്കും രോഗം വരുന്നതും വാര്‍ധക്യം ബാധിക്കുന്നതും മരണപ്പെടുന്നതുമൊന്നും സ്വന്തം ഇഷ്ടപ്രകാരമോ തീരുമാനപ്രകാരമോ അല്ല. അതെല്ലാം ദൈവ നിശ്ചിതമാണ്. അതുകൊണ്ടുതന്നെ മനുഷ്യന്‍ തന്റെ ശരീരവും ശാരീരികാവയവങ്ങളും ആയുസ്സും ആരോഗ്യവും എങ്ങനെ വിനിയോഗിക്കണമെന്നും വിനിയോഗിക്കരുതെന്നും തീരുമാനിക്കാനുള്ള പരമാധികാരം പ്രപഞ്ചത്തിന്റെയും അതിലുള്ളവയുടെയും യഥാര്‍ഥ ഉടമയായ ദൈവത്തിന് മാത്രമേയുള്ളൂ. അതോടൊപ്പം മനുഷ്യജീവിതത്തിനാവശ്യമായ അടിസ്ഥാന നിയമങ്ങള്‍ ദൈവം തന്റെ ദൂതൻമാരിലൂടെ മാനവസമൂഹത്തിന് നല്‍കിയിട്ടുമുണ്ട്. അതിന്റെ വെളിച്ചത്തില്‍ ജീവിതത്തിനാവശ്യമായ പ്രായോഗികരീതികള്‍ ആവിഷ്‌കരിക്കാനും വികസിപ്പിക്കാനും മനുഷ്യന് അനുവാദവും പ്രോത്സാഹനവും നല്‍കിയിട്ടുമുണ്ട്. അതോടൊപ്പം ദൈവം നല്‍കിയ ഈ ജീവിതക്രമം പിന്തുടരാനും പിന്തുടരാതിരിക്കാനും ഓരോ മനുഷ്യനും ദൈവം സ്വാതന്ത്ര്യം നല്‍കിയിരിക്കുന്നു. ദൈവത്തെ അനുസരിച്ച് അവന്‍ നല്‍കിയ ജീവിതവ്യവസ്ഥ അനുധാവനം ചെയ്യുന്നവര്‍ക്ക് വിജയവും രക്ഷയും ഉറപ്പുനല്‍കുന്നു. അവനെ ധിക്കരിക്കുകയും അവന്റെ ജീവിതക്രമത്തെ തള്ളിക്കളയുകയും ചെയ്യുന്നവര്‍ക്ക് പരാജയവും ശിക്ഷയുമുണ്ടെന്ന് താക്കീത് നല്‍കുകയും ചെയ്യുന്നു.

നാസ്തികതയില്‍ ഓരോ മനുഷ്യനും തന്റെ മേല്‍ പൂര്‍ണമായ ഉടമാവകാശമുണ്ടെന്നും സ്വയം തീരുമാനാധികാരമുണ്ടെന്നും അവകാശപ്പെടുമ്പോള്‍ തന്നെ ജീവിതത്തിന്റെ വിവിധ മേഖലകളില്‍ മറ്റുള്ളവരുണ്ടാക്കുന്ന നിയമങ്ങള്‍ നിരുപാധികം പിന്തുടരുന്നു. അഥവാ പിന്തുടരാന്‍ നിര്‍ബന്ധിതരാകുന്നു. അങ്ങനെ ചിലര്‍ നിയമനിര്‍മാണത്തിന് പരമാധികാരമുള്ള യജമാനൻമാരും മറ്റുചിലര്‍ അവ പിന്തുടരുന്ന അടിമകളുമായി മാറുന്നു.

ഇസ്‌ലാം നിയമനിര്‍മാണത്തിനുള്ള പരമാധികാരം സ്രഷ്ടാവായ ദൈവത്തിന് മാത്രമാണെന്ന് അംഗീകരിച്ച് അവന്റെ മാത്രം ആജ്ഞാനുവര്‍ത്തിയും അടിമയുമായി മാറുമ്പോള്‍ നാസ്തികര്‍ തങ്ങളെപ്പോലുള്ളവരുടെ പരമാധികാരം അംഗീകരിച്ച് തങ്ങളെപോലുള്ള മനുഷ്യരുടെ ആജ്ഞാനുവര്‍ത്തികളും അടിമകളുമായി മാറുന്നു. ഇസ്‌ലാമില്‍ മനുഷ്യര്‍ സ്രഷ്ടാവിന്റെ മാത്രം അടിമകളാകുമ്പോള്‍ നാസ്തികതയില്‍ മനുഷ്യര്‍ തങ്ങളെപ്പോലുള്ള മനുഷ്യരുടെ അടിമകളായി മാറുന്നു. സ്രഷ്ടാവിനുള്ള അടിമത്തം അംഗീകരിക്കുന്നതോടെ ഒരുപാട് സൃഷ്ടികളോടുള്ള ഒട്ടേറെ അടിമത്തത്തില്‍നിന്ന് മനുഷ്യന്‍ പൂര്‍ണമായും മോചനം നേടുന്നു. അങ്ങനെ യഥാര്‍ഥ സ്വാതന്ത്ര്യം അനുഭവിക്കുന്നു.

അശാന്തിക്ക് അറുതി
ഇസ്‌ലാം മനുഷ്യനോട് പറയുന്നു: ”നിന്റെ വശമുള്ളതെല്ലാം ദൈവദത്തമാണ്. അത് നല്‍കുന്നതും തിരിച്ചെടുക്കുന്നതും അവനാണ്. അതിലൂടെ നിന്നെ പരീക്ഷിക്കുകയാണ്.” ”അനുഗ്രഹം ലഭിക്കുമ്പോള്‍ നന്ദികാണിക്കുകയും പ്രയാസങ്ങള്‍ അഭിമുഖീകരിക്കുമ്പോള്‍ ക്ഷമ പാലിക്കുകയും ചെയ്യുന്നവര്‍ക്ക് മരണശേഷം ആഗ്രഹിക്കുന്നതെല്ലാം ലഭിക്കുന്ന, സര്‍വ സൗഭാഗ്യങ്ങളുമുള്ള സര്‍വ സുന്ദരമായ സ്വര്‍ഗം സമ്മാനിക്കപ്പെടും.ദൈവത്തെ ധിക്കരിക്കുകയും നന്ദികേടും അക്ഷമയും കാണിക്കുകയും ചെയ്യുന്നവര്‍ക്ക് കടുത്ത ശിക്ഷയുമുണ്ടാകും.”

”നന്ദി കാണിക്കുന്നവര്‍ സ്വന്തം നൻമക്കുവേണ്ടിത്തന്നെയാണ് നന്ദി കാണിക്കുന്നത്. എന്നാല്‍ ആരെങ്കിലും നന്ദികേടു കാണിക്കുന്നുവെങ്കില്‍ സംശയം വേണ്ട; എന്റെ നാഥന്‍ അന്യാശ്രയമില്ലാത്തവനാണ്. അത്യുല്‍കൃഷ്ടനും.”(27:40)

”പേടി, പട്ടിണി, ജീവധനാദികളുടെ നഷ്ടം, വിളനാശം എന്നിവയിലൂടെ നാം നിങ്ങളെ പരീക്ഷിക്കുകതന്നെ ചെയ്യും. അപ്പോഴൊക്കെ ക്ഷമിക്കുന്നവരെ ശുഭവാര്‍ത്ത അറിയിക്കുക.” ”തങ്ങളെ വല്ല വിപത്തും ബാധിച്ചാല്‍ അവര്‍ പറയുന്നു:’ഞങ്ങള്‍ അല്ലാഹുവിന്റേതാണ്. അവനിലേക്കുതന്നെ തിരിച്ചുചെല്ലേണ്ടവരും. അവര്‍ക്ക് അവരുടെ നാഥനില്‍നിന്നുള്ള അതിരറ്റ അനുഗ്രഹങ്ങളും കാരുണ്യവുമുണ്ട്. അവര്‍ തന്നെയാണ് നേര്‍വഴി പ്രാപിച്ചവര്‍” (2:155-157)

അപ്രതീക്ഷിതമായ മരണം ബന്ധപ്പെട്ടവരെ അസ്വസ്ഥരാക്കും. അപ്രകാരം തന്നെ വേദനാപൂര്‍ണമായ രോഗത്തിനടിപ്പെടുമ്പോഴും ജീവിതത്തിലെ സമസ്ത സമ്പാദ്യങ്ങളും നഷ്ടപ്പെടുമ്പോഴും മനുഷ്യന്‍ അശാന്തനാകും. ഈ പൊതുസ്ഥിതിയില്‍നിന്ന് രക്ഷപ്പെടാന്‍ കാറല്‍ മാര്‍ക്‌സിനോ ലെനിനോ സാധിച്ചില്ല. അഥവാ അവരുടെ മനഃപ്രയാസത്തിന് അറുതിവരുത്താനോ അല്‍പംപോലും ലഘൂകരിക്കാനോ നാസ്തികദര്‍ശനത്തിനു സാധിച്ചില്ല. ( തുടരും )

കൂടുതൽ വായനക്ക്‌ : https://chat.whatsapp.com/LOeNnwBHadrGqajJzvbLUW

Related Articles