Current Date

Search
Close this search box.
Search
Close this search box.

ചരിത്രം നൽകുന്ന പാഠം

ഫറവോൻ ചോദ്യം ചെയ്യപ്പെടാത്ത ഭരണാധികാരിയായിരുന്നു. വലിയ സൈനിക സംഘമുള്ള സ്വഛാധിപതി. അതുകൊണ്ടുതന്നെ അങ്ങേയറ്റം അഹങ്കാരിയും ധിക്കാരിയുമായിരുന്നു. സത്യം നന്നായി മനസ്സിലാക്കിയശേഷം ബോധപൂർവം അതിനെ നിഷേധിക്കുകയായിരുന്നു. അല്ലാഹു പറയുന്നു: “”അവരുടെ മനസ്സുകൾക്ക് ആ ദൃഷ്ടാന്തങ്ങൾ നന്നായി ബോധ്യമായിരുന്നു. എന്നിട്ടും അക്രമവും അഹങ്കാരവും കാരണം അവർ അവയെ തള്ളിപ്പറഞ്ഞു. നോക്കൂ; ആ നാശകാരികളുടെ ഒടുക്കം എവ്വിധമായിരുന്നുവെന്ന്.”(27:14)

“”അവനും അവന്റെ പടയാളികളും ഭൂമിയിൽ അന്യായമായി അഹങ്കരിച്ചു. നമ്മിലേക്ക് മടങ്ങിവരില്ലെന്നാണവർ വിചാരിച്ചത്'(.28:39)

മൂസാ നബി ഫറവോനോടു പറഞ്ഞു: “”ഉൾക്കാഴ്ചയുണ്ടാക്കാൻ പോന്ന ഇൗ അടയാളങ്ങൾ ഇറക്കിയത് ആകാശഭൂമികളുടെ നാഥനല്ലാതെ മറ്റാരുമല്ലെന്ന് താങ്കൾക്കു തന്നെ നന്നായറിയാവുന്നതാണല്ലോ. ഫറവോൻ, താങ്കൾ തുലഞ്ഞവനാണെന്നാണ് ഞാൻ കരുതുന്നത്.”(17:102)

ഫറവോൻ പ്രഭൃതികൾക്ക് ഇതൊട്ടും സഹ്യമായിരുന്നില്ല. അതിനാൽ “”ഫറവോന്റെ ജനതയിലെ പ്രമാണിമാർ പറഞ്ഞു: “നാട്ടിൽ കുഴപ്പമുണ്ടാക്കാനും അങ്ങയെയും അങ്ങയുടെ ദൈവങ്ങളെയും തള്ളിപ്പറയാനും അങ്ങ് മൂസായെയും അവന്റെ ആൾക്കാരെയും സ്വതന്ത്രമായി വിടുകയാണോ?” ഫറവോൻ പറഞ്ഞു: ”നാം അവരുടെ ആൺകുട്ടികളെ കൊന്നൊടുക്കും. സ്ത്രീകളെ മാത്രം ജീവിക്കാൻ വിടും. തീർച്ചയായും നാം അവരുടെ മേൽ മേധാവിത്വമുള്ളവരായിരിക്കും.” (7:127)

എന്നാൽ ഫറവോന്റെയും പ്രഭൃതികളുടെയും കണക്കുകൂട്ടലുകൾ തെറ്റുകയായിരുന്നു. അവരുടെ തന്ത്രത്തെക്കാൾ മികച്ച തന്ത്രം അല്ലാഹു പ്രയോഗിച്ചു. പിന്നെ സംഭവിച്ചതെന്തെന്ന് ഖുർആൻ വിശദീകരിക്കുന്നു: “”മൂസാക്കു നാം ബോധനം നൽകി: “എന്റെ ദാസന്മാരെയും കൂട്ടി രാത്രിതന്നെ പുറപ്പെട്ടു കൊള്ളുക. തീർച്ചയായും അവർ നിങ്ങളെ പിന്തുടരും.’ അപ്പോൾ ഫറവോൻ ആളുകളെ ഒരുമിച്ചുകൂട്ടാൻ പട്ടണങ്ങളിലേക്ക് ദൂതന്മാരെ അയച്ചു. ഫറവോൻ പറഞ്ഞു: “തീർച്ചയായും ഇവർ ഏതാനും പേരുടെ ഒരു ചെറുസംഘമാണ്. “അവർ നമ്മെ വല്ലാതെ കോപാകുലരാക്കിയിരിക്കുന്നു. തീർച്ചയായും നാം സംഘടിതരാണ്. ഏറെ ജാഗ്രത പുലർത്തുന്നവരും.’ അങ്ങനെ നാമവരെ തോട്ടങ്ങളിൽനിന്നും നീരുറവകളിൽ നിന്നും പുറത്തിറക്കി. ഖജനാവുകളിൽ നിന്നും മാന്യമായ പാർപ്പിടങ്ങളിൽ നിന്നും. അങ്ങനെയാണ് നാം ചെയ്യുക. അവയൊക്കെ ഇസ്രയേൽ മക്കൾക്കു നാം അവകാശപ്പെടുത്തിക്കൊടുക്കുകയും ചെയ്തു. പിന്നീട് പ്രഭാതവേളയിൽ ആ ജനം ഇവരെ പിന്തുടർന്നു ഇരുസംഘവും പരസ്പരം കണ്ടുമുട്ടിയപ്പോൾ മൂസായുടെ അനുയായികൾ പറഞ്ഞു: “ഉറപ്പായും നാമിതാ പിടികൂടപ്പെടാൻ പോവുകയാണ്.’ മൂസാ പറഞ്ഞു: “ഒരിക്കലുമില്ല. എന്നോടൊപ്പം എന്റെ നാഥനുണ്ട്. അവൻ എനിക്കു രക്ഷാമാർഗം കാണിച്ചുതരികതന്നെ ചെയ്യും.’ അപ്പോൾ മൂസാക്കു നാം ബോധനം നൽകി: “നീ നിന്റെ വടികൊണ്ട് കടലിനെ അടിക്കുക.’ അതോടെ കടൽ പിളർന്നു. ഇരുപുറവും പടുകൂറ്റൻ പർവതംപോലെയായി. ഫറവോനെയും സംഘത്തെയും നാം അതിന്റെ അടുത്തെത്തിച്ചു മൂസായെയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന എല്ലാവരെയും നാം രക്ഷപ്പെടുത്തി. പിന്നെ മറ്റുള്ളവരെ വെള്ളത്തിലാഴ്ത്തിക്കൊന്നു.” (26:52-66)

“”മൂസക്ക് നാം ഇങ്ങനെ ബോധനം നൽകി. “”എന്റെ ദാസന്മാരെയും കൂട്ടി നീ രാത്രി പുറപ്പെടുക. എന്നിട്ട് അവർക്കായി കടലിൽ വെള്ളം വറ്റി ഉണങ്ങിയ വഴി ഒരുക്കി കൊടുക്കുക. ആരും നിന്നെ പിടികൂടുമെന്ന് പേടിക്കേണ്ട. ഒട്ടും പരിഭ്രമിക്കുകയും വേണ്ട.”(20:77)

ഫറവാൻ തന്റെ സൈന്യവുമായി മൂസാനബിയെയും അനുയായികളെയും പിന്തുടർന്നു. ചെങ്കടലിന് അടുത്തെത്തിയപ്പോൾ അല്ലാഹുവിന്റെ ആജ്ഞയനുസരിച്ച് മൂസാനബി തന്റെ വടികൊണ്ട് സമുദ്രത്തെ അടിച്ചു. അതോടെ അത് രണ്ടായി പിളർന്നു. ഇരുപുറവും പടുകൂറ്റൻ പർവ്വതം പോലെയായി. മൂസാ നബിയും അനുയായികളും ആ വഴിയിലൂടെ സഞ്ചരിച്ച് മറുകരയിലെത്തി. ഫറവോനും സൈന്യവും ആ വഴിയിലൂടെത്തന്നെ അവരെ പിന്തുടർന്നു. സമുദ്ര മധ്യത്തിലെത്തിയപ്പോൾ സമുദ്രം കൂടിച്ചേർന്ന് ഒന്നായി. ഫറവോനും സൈന്യവും അതിൽ മുങ്ങിമരിച്ചു. (2:50, 17:103, 20: 78, 26:63-66, 28:40)

ആസന്നമരണനായിരിക്കെ ഫറവോൻ വിശ്വാസം പ്രഖ്യാപിച്ചു. എന്നാൽ അല്ലാഹു അതംഗീകരിച്ചില്ല. അതോടൊപ്പം അവന്റെ ശവശരീരം പിൻഗാമികൾക്ക് പാഠമാകാനായി സംരക്ഷിക്കുമെന്ന് അവനെ അറിയിക്കുകയും ചെയ്തു.

അല്ലാഹു പറയുന്നു: “”മുങ്ങിച്ചാകുമെന്നായപ്പോൾ ഫറവാൻ പറഞ്ഞു.: “ഇസ്രയേൽ മക്കൾ വിശ്വസിച്ച അല്ലാഹുവല്ലാതെ വേറെ ദൈവമില്ലെന്ന് ഞാനിതാ വിശ്വസിച്ചിരിക്കുന്നു. ഞാൻ മുസ്ലിംകളിൽ പെട്ടവനാണ്.’ അല്ലാഹു പറഞ്ഞു:” ഇപ്പോഴോ? ഇതുവരെയും നീ ധിക്കരിച്ച് ജീവിക്കുകയായിരുന്നു. നീ കുഴപ്പക്കാരിൽ പെട്ടവനായിരുന്നു. നിൻറെ ശേഷക്കാർക്ക് ഒരു പാഠമായിരിക്കാൻ വേണ്ടി നിന്റെ ശവ ശരീരത്തെ നാം രക്ഷപ്പെടുത്തും. സംശയമില്ല, മനുഷ്യരിലേറെപ്പേരും നമ്മുടെ ദൃഷ്ടാന്തങ്ങളെപ്പറ്റി അശ്രദ്ധരാണ്.” (10:9092)

ഫറവോന്റെ അതി ദയനീയമായ അന്ത്യം വിശുദ്ധ ഖുർആൻ മറ്റൊരിടത്ത് കാല്പനിക സൗന്ദര്യം കതിരിട്ടു നിൽക്കുന്ന ഭാഷയിൽ അതി മനോഹരമായി ആവിഷ്കരിക്കുന്നു:

“”ഇവർക്ക് മുമ്പ് ഫറവോന്റെ ജനതയെ നാം പരീക്ഷിച്ചിട്ടുണ്ട്. ആദരണീയനായ ദൈവദൂതൻ അവരുടെയടുത്ത് ചെന്നു. അദ്ദേഹം പറഞ്ഞു: “അല്ലാഹുവിന്റെ അടിമകളെ നിങ്ങളെനിക്ക് വിട്ടുതരിക. ഞാൻ നിങ്ങളിലേക്കുള്ള വിശ്വസ്തനായ ദൈവദൂതനാണ്. “നിങ്ങൾ അല്ലാഹുവിനെതിരെ ധിക്കാരം കാണിക്കരുത്. ഉറപ്പായും ഞാൻ വ്യക്തമായ തെളിവുകൾ നിങ്ങളുടെ മുന്നിൽ സമർപ്പിക്കാം. “ഞാനിതാ എന്റെയും നിങ്ങളുടെയും നാഥനിൽ ശരണം തേടുന്നു; നിങ്ങളുടെ കല്ലേറിൽനിന്ന് രക്ഷകിട്ടാൻ. നിങ്ങൾക്കെന്നെ വിശ്വാസമില്ലെങ്കിൽ എന്നിൽനിന്നു വിട്ടകന്നുപോവുക.’ ഒടുവിൽ അദ്ദേഹം തന്റെ നാഥനെ വിളിച്ചു പറഞ്ഞു: “ഇൗ ജനം കുറ്റവാളികളാകുന്നു.’ അപ്പോൾ അല്ലാഹു പറഞ്ഞു: “”എന്റെ ദാസന്മാരെയും കൊണ്ട് രാത്രി തന്നെ പുറപ്പെടുക. അവർ നിങ്ങളെ പിന്തുടരുന്നുണ്ട്.’ സമുദ്രത്തെ അത് പിളർന്ന അവസ്ഥയിൽതന്നെ വിട്ടേക്കുക. സംശയം വേണ്ട; അവർ മുങ്ങിയൊടുങ്ങാൻ പോകുന്ന സൈന്യമാണ്. എത്രയെത്ര ആരാമങ്ങളും അരുവികളുമാണവർ വിട്ടേച്ചുപോയത്! കൃഷിയിടങ്ങളും മാന്യമായ മണിമേടകളും!അവർ ആനന്ദത്തോടെ അനുഭവിച്ചുപോന്ന എന്തെല്ലാം സൗഭാഗ്യങ്ങൾ! അങ്ങനെയായിരുന്നു അവയുടെ ഒടുക്കം. അതൊക്കെയും നാം മറ്റൊരു ജനതക്ക് അവകാശപ്പെടുത്തിക്കൊടുത്തു. അപ്പോൾ അവർക്കുവേണ്ടി ആകാശമോ ഭൂമിയോ കണ്ണീർ വാർത്തില്ല. അവർക്കൊട്ടും അവസരം നൽകിയതുമില്ല. ഇസ്രയേൽ മക്കളെ നാം നിന്ദ്യമായ ശിക്ഷയിൽനിന്ന് രക്ഷിച്ചു. ഫറവോനിൽ നിന്ന്. അവൻ കടുത്ത അഹങ്കാരിയായിരുന്നു; അങ്ങേയറ്റം അതിരുകടന്നവനും.” (44:17-31)

ഫറവോനും പ്രഭൃതികളും ഭരണാധികാരികളായിരിക്കെ എല്ലാവരും അവരുടെ സ്തുതി പാഠകരായിരുന്നു. അവരുടെ യോഗ്യതയും മഹത്വവും കീർത്തിക്കുന്നവരും. അതിലൊക്കെയും അങ്ങേയറ്റം അഹങ്കരിക്കുന്നവരും പൊങ്ങച്ചം നടിക്കുന്നവരുമായിരുന്നു ഫറവോനും സംഘവും. എന്നാൽ ചെങ്കടലിൽ മുങ്ങി മരിച്ചതോടെ ജനം അവരെ ശപിക്കാൻ തുടങ്ങി. കൂടെ മുങ്ങിമരിച്ചവരുടെ ബന്ധുക്കൾ മാത്രമല്ല, മുഴുവൻ ഇൗജിപ്തുകാരും അയാളെ കഠിനമായി വെറുത്തു. അത് പ്രകടിപ്പിക്കുകയും ചെയ്തു. അന്നുതൊട്ടിന്നോളം ഫറവോൻ നല്ലവരായ എല്ലാവരുടെയും ശാപംഏറ്റുവാങ്ങി കൊണ്ടേയിരിക്കുന്നു. ഇൗ വസ്തുത വിശുദ്ധ ഖുർആൻ ഇങ്ങനെ വ്യക്തമാക്കുന്നു. “ഇൗ ലോകത്ത് ശാപം അവരെ പിന്തുടർന്നു. ഉയിർത്തെഴുന്നേൽപുനാളിലും അതങ്ങനെത്തന്നെ. കിട്ടാവുന്നതിൽവെച്ച് ഏറ്റം മോശമായ സമ്മാനമാണത്.'(11:99)

മനുഷ്യൻ എത്ര കരുത്തനും യോഗ്യനുമായാലും അവൻറെ കണക്കുകൂട്ടലുകളും പരിപാടികളും പദ്ധതികളുമല്ല, അവസാന വിശകലനത്തിൽ കാര്യങ്ങൾ തീരുമാനിക്കുന്നത്. മറിച്ച്, എല്ലാറ്റിനെയും അതിജയിച്ചു നിൽക്കുന്ന അല്ലാഹുവിന്റെ തീരുമാനമാണ്. മൂസാ നബിയെയും അനുയായികളെയും നശിപ്പിക്കാൻ തീരുമാനിച്ച ഫറവോനും പ്രഭൃതികളും എത്ര അപ്രതീക്ഷിതമായാണ് വേരോടെ പിഴുതെറിയപ്പെട്ടത്. എല്ലാ അഹങ്കാരവും ധിക്കാരവും സമാനതകളില്ലാത്ത അപമാനത്തിന് വഴിമാറിക്കൊടുത്തത്. ഇന്ത്യൻ മുസ്ലിംകൾക്കും ഇതിൽ വലിയ ഗുണപാഠമുണ്ട്. ഭൂമിയിൽ കാര്യങ്ങൾ നടക്കുക ഗണിതശാസ്ത്രപരമായ കണക്കുകളുടെയോ ഭൗതികമായ മാനദണ്ഡങ്ങളുടെയോ അടിസ്ഥാനത്തിൽ മാത്രമല്ല; എല്ലാറ്റിനെയും മാറ്റിമറിക്കുകയും മറികടക്കുകയും ചെയ്യുന്ന ദൈവിക തീരുമാനം എപ്പോഴൊക്കെ, എങ്ങനെയൊക്കെ, ഉണ്ടാകുമെന്ന് ആർക്കും പ്രവചിക്കാനാവില്ല. ഇസ്രായേല്യരുടെ രക്ഷയെയും വിജയത്തെയും സംബന്ധിച്ച് മൂസാനബി സംസാരിച്ചപ്പോൾ അനുയായികൾക്ക് പോലും അതംഗീകരിക്കാൻ ഏറെ പ്രയാസമായിരുന്നു. പക്ഷേ, എത്ര പെട്ടെന്നാണ് എല്ലാം മാറി മറിഞ്ഞ് ആ പ്രവചനം പുലർന്നത്.
അന്തിമവിജയം സത്യവിശ്വാസികൾക്കാണെന്ന് വിശുദ്ധ ഖുർആൻ അനേക തവണ ആവർത്തിച്ചാവർത്തിച്ച് പറഞ്ഞിട്ടുണ്ട്. അത് പരലോകത്തിലെ വിജയത്തെപ്പറ്റി മാത്രമല്ല, എെഹികജീവിതത്തിലെ വിജയത്തെ സംബന്ധിച്ച് കൂടിയാണ്. ചരിത്രത്തിലെ അനേകം സംഭവങ്ങളിതിനു സാക്ഷ്യം വഹിക്കുന്നു.

എന്നാൽ എപ്പോഴാണ്, എങ്ങനെയാണ് അല്ലാഹുവിന്റെ ഇടപെടലുണ്ടാവുകയെന്ന് ആർക്കുമറിയില്ല. എങ്കിലും ഒരു കാര്യം ഉറപ്പ്; വിശ്വാസികൾ തങ്ങളുടെ ബാധ്യതകൾ യഥാവിധി നിർവഹിച്ച് അർഹത നേടുമ്പോഴേ അതുണ്ടാവുകയുള്ളൂ. നന്നെച്ചുരുങ്ങിയത് ദൈവിക ഇടപെടലിനും സഹായത്തിനും അർഹമാകുന്ന ഒരു സംഘമെങ്കിലുമുണ്ടാകണം. അക്രമികളുടെയും മർദ്ദകരുടെയും വംശീയ വാദികളുടെയും വർഗീയ ഭ്രാന്തൻമാരുടെയും അധികാരം അനന്തമല്ലെന്നുറപ്പ്. അറുതി എന്നാണെന്നത് പ്രവചനാതീതവും. അതുകൊണ്ടുതന്നെ വിശ്വാസികൾ ഒട്ടും നിരാശരാവരുത്. ആത്മ നിന്ദക്കും അപകർഷബോധത്തിനുമടിപ്പെടരുത്. തികഞ്ഞ ആത്മാഭിമാനത്തോടെയും ആത്മവിശ്വാസത്തോടെയും ശുഭപ്രതീക്ഷയോടെയും തങ്ങളിലർപ്പിതമായ ബാധ്യത യഥാവിധി നിർവഹിക്കുക. ഫറവോന്റെ രാജകൊട്ടാരത്തിൽ സംഭവിച്ചത് വംശീയ ഫാസിസത്തിന്റെ ആസ്ഥാനത്തും ആവർത്തിച്ചേക്കാം. കാലത്തിന്റെ ഗർഭഗൃഹത്തിൽ രൂപം കൊള്ളുന്നത് എന്താണെന്ന് ആർക്കാണറിയുക! പാതിരാവിലെ കൂരിരുകളെ വകഞ്ഞ് മാറ്റുന്ന പ്രഭാത കിരണങ്ങൾ എപ്പോഴാണ് പ്രത്യക്ഷപ്പെടുകയെന്നും.

അധികാരത്തെ അതിജയിക്കുന്ന വിശ്വാസം
മൂസാനബിയുടെ ഇൗജിപ്തിലെ അനുഭവം എക്കാലത്തെയും എവിടത്തെയും വിശ്വാസികൾക്ക് വളരെയേറെ ആവേശദായകവും പ്രചോദനമേകുന്നതും പ്രതീക്ഷ നൽകുന്നതുമാണ്. കാലം കണ്ട ഏറ്റവും കരുത്തനും ക്രൂരനും സ്വേഛാധിപതിയുമായ ഫറവോനെപ്പോലെയുള്ള ഒരു ഭരണാധികാരിയുടെ ആയുധ ശക്തിയെയും മർദ്ദനോപാധികളെയും അധികാര ഗർവിനെയും എത്ര സർഗാത്മകമായാണ് സത്യ പ്രബോധനത്തിന് പരാജയപ്പെടുത്താൻ കഴിഞ്ഞത്! എല്ലാ പ്രതിരോധങ്ങളെയും പരാജയപ്പെടുത്തി രാജകൊട്ടാരത്തിന്റെ അകത്തളങ്ങളിൽ വമ്പിച്ച പ്രകമ്പനം സൃഷ്ടിക്കാനും പ്രതിഫലനങ്ങളുണ്ടാക്കാനും അതിന് സാധിച്ചു. ഒരു വിധ പ്രലോഭനങ്ങൾക്കും പ്രകോപനങ്ങൾക്കും പിന്തിരിപ്പിക്കാനാവാത്ത വിധം ഫറവോന്റെ പത്നിയെപ്പോലും ആകർഷിക്കാനും സ്വാധീനിക്കാനും അതിന് കഴിഞ്ഞു.

ഫറവോന്റെ ക്ഷണം സ്വീകരിച്ച്, വലിയ സമ്മാനവും സ്ഥാനമാനങ്ങളും പ്രതീക്ഷിച്ച്, മത്സരത്തിൽ പങ്കെടുക്കാനെത്തിയ മാരണക്കാരെ സ്വന്തം ചേരിയിലേക്ക് മാറ്റിയെടുക്കാനും തങ്ങളെ കൊത്തി നുറുക്കി കൊല്ലുമെന്ന ഭരണകൂട ഭീഷണിയെ പുഛിച്ചു തള്ളുംവിധം അവരിൽ ആദർശബോധവും വിശ്വാസദാർഢ്യവും വളർത്തിയെടുക്കാനും സത്യപ്രബോധനത്തിന് സാധിച്ചു. എത്രമേൽ വിസ്മയകരമായിരുന്നു മാരണക്കാരിൽ സംഭവിച്ച മാറ്റം. സത്യവിശ്വാസം അവരെ എത്രമാത്രം സ്വതന്ത്രരും ധീരരും കരുത്തരുമാക്കിയെന്ന് ആ സംഭവം വിശകലനം ചെയ്യുന്ന ഏവർക്കും ബോധ്യമാകും.മൂസാനബിയെ വധിക്കാൻ തീരുമാനിച്ച ഫറവോനും സംഘത്തിന്നെതിരെ ഒറ്റയ്ക്ക് നിന്ന് വാദിച്ച് ജയിച്ച വിശ്വാസിയെ സൃഷ്ടിക്കാനും സത്യ പ്രബോധനത്തിന് സാധിച്ചതും ഏറെ ശ്രദ്ധേയമാണ്. ഇതൊക്കെയും സാധ്യമായത് മൂസാ നബി പ്രബോധനം ചെയ്ത ആദർശത്തിന്റെ കരുത്തുകൊണ്ടാണ്. അതിനെ യഥാവിധി പ്രതിനിധീകരിക്കുന്നവർ എണ്ണത്തിലും ഭൗതിക വിഭവങ്ങളിലും ഏറെ പിറകിലാണെങ്കിലും അധികാരി വർഗത്തിന്റെ അരമനകളിൽ അസ്വസ്ഥത സൃഷ്ടിക്കും. അക്രമവും അനീതിയും കൊള്ളയും കൊലയും നടത്തുന്നവരുടെ സൈ്വരമായ ഉറക്കം കെടുത്തും. അതുകൊണ്ടു തന്നെ അനീതി ആദർശമാക്കിയ അധികാരിവർഗ്ഗം അത്തരം ആദർശ വിശ്വാസികളെ ഇല്ലാതാക്കാനാണ് ശ്രമിക്കുക. എന്നാൽ മൂസാനബിയുടെയും ഫറവോന്റെയും അനുഭവം പഠിപ്പിക്കുന്ന പോലെ അന്തിമതീരുമാനം അവരുടെ ആരുടേയും വശമല്ലല്ലോ.

“”തങ്ങളുടെ വായകൊണ്ട് അല്ലാഹുവിന്റെ പ്രകാശത്തെ ഉൗതിക്കെടുത്താനാണ് അവരുദ്ദേശിക്കുന്നത്. അല്ലാഹു തന്റെ പ്രകാശത്തെ പൂർണമായി പരത്തുകതന്നെ ചെയ്യും. സത്യനിഷേധികൾക്ക് അതെത്ര അരോചകമാണെങ്കിലും!”(61:8)
“”അവർ കുതന്ത്രം പ്രയോഗിച്ചുകൊണ്ടിരിക്കും. നാമും തന്ത്രം പ്രയോഗിക്കും. അതിനാൽ സത്യനിഷേധികൾക്ക് നീ അവധി നൽകുക. ഇത്തിരി നേരം അവർക്ക് സമയമനുവദിക്കുക.” (86:15-17)

“”അവർ തന്ത്രം പ്രയോഗിക്കുന്നു. അല്ലാഹുവും തന്ത്രം പ്രയോഗിക്കുന്നു. തന്ത്രം പ്രയോഗിക്കുന്നവരിൽ മികവുറ്റവൻ അല്ലാഹു തന്നെ.”(8:30)

വിജയത്തിന്റെ വഴി
മൂസാനബിക്ക് നിർവഹിക്കാനുണ്ടായിരുന്ന അതിപ്രധാനമായ ഉത്തരവാദിത്തങ്ങൾ നിർവ്വഹിക്കാൻ ഏറ്റവും അനിവാര്യമായ ഗുണം സമർപ്പണവും സംയമനവും ത്യാഗവും ക്ഷമയും വിട്ടുവീഴ്ചയുമായിരുന്നു. അതുകൊണ്ടുതന്നെ അല്ലാഹു അദ്ദേഹത്തിൽ ഇൗ വിശിഷ്ട ഗുണങ്ങൾ വളർത്തിയെടുക്കാൻ പ്രത്യേകം സംവിധാനങ്ങളൊരുക്കി. പ്രവാചകത്വത്തിനു മുമ്പ് എട്ടൊമ്പത് കൊല്ലം മദ്യനിൽ ആടുമേക്കാൻ അവസരമൊരുക്കി. അതൊക്കെയും പരിശീലിക്കാൻ ഏറ്റവും പറ്റിയ ജോലിയാണല്ലോ അത്. പ്രവാചകത്വത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ വിസ്മയകരമായ ദൈവിക ഇടപെടലുകളെക്കുറിച്ച് ബോധവൽകരിക്കാനും ക്ഷമയും സംയമനവും പരിശീലിപ്പിക്കാനുമായി ഖളിറിനോടൊന്നിച്ചുള്ള യാത്രയ്ക്ക് അവസരമൊരുക്കി.

അതോടൊപ്പം വിജയത്തിന്റെ വഴി ത്യാഗവും സമർപ്പണവും സഹനവും സംയമനവുമാണെന്ന് മൂസാനബിയെ അല്ലാഹു ഉദ്ബോധിപ്പിച്ചു. തന്റെ അനുയായികൾ പരാതി പറഞ്ഞപ്പോൾ അല്ലാഹുവാണ് വിജയത്തിന്റെ വഴിയൊരുക്കുകയെന്ന് അദ്ദേഹം അവരെ ഉദ്ബോധിപ്പിച്ചു കൊണ്ടിരുന്നു.

“”മൂസ തന്റെ ജനതയോടു പറഞ്ഞു: “”നിങ്ങൾ അല്ലാഹുവോട് സഹായം തേടുക. എല്ലാം ക്ഷമിക്കുക. ഭൂമി അല്ലാഹുവിന്റേതാണ്. തന്റെ ദാസന്മാരിൽ താനിച്ഛിക്കുന്നവരെ അവനതിന്റെ അവകാശികളാക്കും. അന്തിമ വിജയം ഭക്തന്മാർക്കാണ്.” അവർ പറഞ്ഞു: “”താങ്കൾ ഞങ്ങളുടെ അടുത്ത് വരുന്നതിനുമുമ്പ് ഞങ്ങൾ പീഡിപ്പിക്കപ്പെട്ടുകൊണ്ടിരുന്നു. താങ്കൾ വന്നശേഷവും ഞങ്ങൾ പീഡിപ്പിക്കപ്പെടുകയാണല്ലോ.” മൂസാ പറഞ്ഞു: “”നിങ്ങളുടെ നാഥൻ നിങ്ങളുടെ എതിരാളിയെ നശിപ്പിച്ചേക്കാം. അങ്ങനെ നിങ്ങളെ അവൻ ഭൂമിയിൽ പ്രതിനിധികളാക്കുകയും ചെയ്തേക്കാം. അപ്പോൾ നിങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് അവൻ നോക്കും.” (7:128,129)

തീവ്ര വംശീയ വാദികളായിരുന്ന കോപ്റ്റിക്കുകളുടെ കടുത്ത പരിഹാസം , അക്രമം, കൊല, കൊടും പീഡനം തുടങ്ങിയവയെയെല്ലാം മൂസാ നബിയും അനുയായികളും നേരിട്ടത് അല്ലാഹുവിൽ സർവ്വതും സമർപ്പിച്ചും ത്യാഗം സഹിച്ചും ക്ഷമ പാലിച്ചുമാണ്. അവരുടെ വിജയത്തിന് വഴിയൊരുക്കിയതും അവരുടെ ക്ഷമ തന്നെ. അല്ലാഹു പറയുന്നു:

“”മർദ്ദിച്ചൊതുക്കപ്പെട്ടിരുന്ന ആ ജനതയെ, നാം അനുഗ്രഹിച്ച കിഴക്കും പടിഞ്ഞാറുമുള്ള പ്രദേശങ്ങളുടെ അവകാശികളാക്കി. അങ്ങനെ ഇസ്രയേൽ മക്കളോടുള്ള നിന്റെ നാഥന്റെ ശുഭവാഗ്ദാനം പൂർത്തിയായി. അവർ ക്ഷമ പാലിച്ചതിനാലാണിത്. ഫറവോനും അവന്റെ ജനതയും നിർമിച്ചുകൊണ്ടിരുന്നതും കെട്ടിപ്പൊക്കിയിരുന്നതുമായ എല്ലാം നാം തകർത്ത് തരിപ്പണമാക്കുകയും ചെയ്തു.”(7:137)

പ്രവാചകത്വത്തിന് ശേഷം മൂസാനബി മറിച്ചൊരു നിലപാടും സ്വീകരിച്ചിട്ടില്ല. പ്രവാചകത്വത്തിന് മുമ്പാണ് ക്ഷമക്കും പ്രാർത്ഥനക്കും പകരം തിരിച്ചടിയുടെ മാർഗം സ്വീകരിച്ചത്. അത് ഗുരുതരമായ കുറ്റമായാണ് മൂസാ നബി തന്നെ വിലയിരുത്തിയത്. തുടർന്ന് അല്ലാഹുവോട് മാപ്പ് ചോദിക്കുകയും അല്ലാഹു പൊറുത്തു കൊടുക്കുകയും ചെയ്തു.

ഫറവോന്റെ കൊട്ടാരത്തിലാണല്ലോ മൂസാനബി ശൈശവവും ബാല്യവും കഴിച്ചുകൂട്ടിയത്. അങ്ങനെ അദ്ദേഹം രാജകൊട്ടാരത്തിൽ വെച്ചു തന്നെ യുവത്വം പ്രാപിച്ചു. ശാരീരികവും മാനസികവുമായ വളർച്ച നേടി. രാജകൊട്ടാരത്തിലായതിനാൽ അക്കാലത്തു നിലവിലുണ്ടായിരുന്ന ഭൗതിക വിജ്ഞാനങ്ങളിൽ അവഗാഹം നേടാൻ അദ്ദേഹത്തിന് സാധിച്ചു. പൂർവ പ്രവാചകന്മാരുടെ പിന്മുറക്കാരനായതിനാൽ മത പാരമ്പര്യവും മുല്യങ്ങളും അദ്ദേഹത്തിന്റെ ജീവിതത്തിൽ നിലനിന്നിരുന്നിരുന്നു.

രാജകൊട്ടാരത്തിൽ രാജകുമാരനെപ്പോലെ വളർന്നുവന്ന അദ്ദേഹത്തെ സാധാരണ ജനങ്ങൾ പ്രത്യേകം പരിഗണിക്കുകയും ആദരിക്കുകയും ചെയ്തിരുന്നു.
മൂസാനബി രാജകൊട്ടാരത്തിൽ കഴിയവേ പ്രവാചകത്വത്തിന് മുമ്പ് അദ്ദേഹത്തിൻറെ ഭാഗത്തുനിന്ന് സംഭവിച്ച ഒരബദ്ധത്തെ സംബന്ധിച്ച് ഖുർആൻ പറയുന്നു:
“”അങ്ങനെ മൂസ കരുത്തു നേടുകയും പക്വത പ്രാപിക്കുകയും ചെയ്തപ്പോൾ നാം അവന്ന് തീരുമാനശക്തിയും വിജ്ഞാനവും നൽകി. അവ്വിധമാണ് സച്ചരിതർക്കു നാം പ്രതിഫലം നൽകുക. നഗരവാസികൾ അശ്രദ്ധരായിരിക്കെ മൂസ അവിടെ കടന്നുചെന്നു. അപ്പോൾ രണ്ടുപേർ തമ്മിൽ തല്ലുകൂടുന്നത് അദ്ദേഹം കണ്ടു. ഒരാൾ തന്റെ കക്ഷിയിൽ പെട്ടവനാണ്. അപരൻ ശത്രുവിഭാഗത്തിലുള്ളവനും. തന്റെ കക്ഷിയിൽ പെട്ടവൻ ശത്രുവിഭാഗത്തിലുള്ളവനെതിരെ മൂസായോട് സഹായം തേടി. അപ്പോൾ മൂസ അയാളെ ഇടിച്ചു. അതവന്റെ കഥ കഴിച്ചു. മൂസ പറഞ്ഞു: “ഇതു പിശാചിന്റെ ചെയ്തികളിൽപെട്ടതാണ്. സംശയമില്ല; അവൻ പ്രത്യക്ഷ ശത്രുവാണ്. വഴിപിഴപ്പിക്കുന്നവനും.’ അദ്ദേഹം പറഞ്ഞു: “എന്റെ നാഥാ, തീർച്ചയായും ഞാനെന്നോടു തന്നെ അക്രമം കാണിച്ചിരിക്കുന്നു. അതിനാൽ നീയെനിക്കു പൊറുത്തുതരേണമേ.’ അപ്പോൾ അല്ലാഹു അദ്ദേഹത്തിനു പൊറുത്തുകൊടുത്തു. തീർച്ചയായും അവൻ ഏറെ പൊറുക്കുന്നവനാണ്. പരമദയാലുവും. അദ്ദേഹം പറഞ്ഞു: “എന്റെ നാഥാ, നീയെനിക്ക് ധാരാളം അനുഗ്രഹം തന്നല്ലോ. അതിനാൽ ഞാനിനിയൊരിക്കലും കുറ്റവാളികൾക്ക് തുണയാവുകയില്ല”’ (28:14-17)

കൊലപാതകത്തെ സംബന്ധിച്ച ഫറവോന്റെ ചോദ്യത്തിന് കുറ്റസമ്മതം നടത്തുകയാണ് മൂസാ നബി ചെയ്തത്. “”പിന്നെ നീ ചെയ്ത ആ കൃത്യം നീ ചെയ്തിട്ടുമുണ്ട്. നീ തീരേ നന്ദികെട്ടവൻ തന്നെ.” മൂസ പറഞ്ഞു: “”അന്ന് ഞാനതു അറിവില്ലായ്മയാൽ ചെയ്തതായിരുന്നു.”(26:19,20)

കാലം കണ്ട കൊടും ക്രൂരനും കടുത്ത മർദ്ദകനും അങ്ങേയറ്റം വംശീയവാദിയുമായിരുന്ന ഫറവോനിൽ നിന്ന് മൂസാ നബിയെയും അനുയായികളെയും അല്ലാഹു അത്ഭുതകരമായ മാർഗ്ഗത്തിലൂടെ രക്ഷപ്പെടുത്തിയത് വമ്പിച്ച ത്യാഗം സഹിച്ച് അവർ പ്രബോധന ദൗത്യം നിർവഹിക്കുകയും അതിൻറെ പേരിൽ അനുഭവിക്കേണ്ടിവന്ന എല്ലാ പ്രയാസങ്ങളെയും പ്രതിസന്ധികളെയും സഹനം കൊണ്ടും സംയമനം കൊണ്ടും നേരിട്ടതിനാലുമാണെന്ന് വിശുദ്ധ ഖുർആൻ അസന്ദിഗ്ധമായി വ്യക്തമാക്കുന്നു. ഇന്ത്യയിൽ ഇസ്ലാമിക സമൂഹത്തിന്റെ രക്ഷാമാർഗ്ഗവും മറ്റൊന്നല്ലെന്നാണ് ചരിത്രം നൽകുന്ന ഗുണപാഠം. ഇസ്ലാമിനെ ഇന്ത്യൻ സമൂഹത്തിന് കണ്ടും കേട്ടും വായിച്ചും പഠിച്ചും അനുഭവിച്ചും അറിയാൻ അവസരമൊരുക്കുക; അതിന്റെ പേരിൽ അനുഭവിക്കേണ്ടി വരുന്ന എല്ലാ പ്രയാസങ്ങളെയും പീഡനങ്ങളെയും ത്യാഗം സഹിച്ചും ക്ഷമ പാലിച്ചും തരണം ചെയ്യുക; അതല്ലാതെ വിജയത്തിന് കുറുക്ക് വഴികളില്ല. ( അവസാനിച്ചു)

Related Articles