Current Date

Search
Close this search box.
Search
Close this search box.

നിങ്ങളുടെ പട്ടിയെക്കാൾ ഞാൻ മഹാനാകുന്നത്!

“പേർഷ്യക്കാരെക്കാൾ നല്ലത് ഞങ്ങളുടെ പട്ടികളാണ്.”തൈമൂർഖാൻ ശൈഖ് ജമാലുദ്ദീനോട് പറഞ്ഞു. പതിനാലാം നൂറ്റാണ്ടിൻറെ തുടക്കത്തിൽ കാശ്ഗറിലെ രാജകുമാരനായിരുന്നു തൈമൂർഖാൻ.താർതാരികളുടെ നേതാവായിരുന്ന ഹലാകുഖാൻറെ പേരക്കുട്ടിയാണ് തൈമൂർഖാൻ. ശൈഖ് ജമാലുദ്ദീൻ തൻറെ ശിഷ്യന്മാരോടൊന്നിച്ച് തൈമൂറിൻറെ സംരക്ഷിത സ്ഥലത്തിലൂടെ കടന്നുപോയി. ഭരണാധികാരികൾക്ക് മാത്രം വേട്ടയാടാനുള്ള പ്രദേശമായിരുന്നു അത്. വേട്ടക്കിറങ്ങിയ തൈമൂർഖാൻ അവിടെ വച്ച് ശൈഖ് ജമാലുദ്ദീനെ കാണാനിടയായി. അതോടെ തൈമൂർഖാൻ കോപാകുലനായി. ശൈഖ് ജമാലുദ്ദീനെ കൈകാലുകൾ ബന്ധിച്ച് തൻറെ മുമ്പിൽ ഹാജരാക്കാൻ കൽപ്പിച്ചു. അദ്ദേഹം ശൈഖ് ജമാലുദ്ദീൻ അവിടെ വന്നതിനെ സംബന്ധിച്ച് ചോദിച്ചു. അറിയാതെ സംഭവിച്ചതാണെന്ന് മറുപടി പറഞ്ഞെങ്കിലും തൈമൂർ തൃപ്തനായില്ല.രാജകിങ്കരന്മാർ അദ്ദേഹത്തെ തൈമൂറിൻറെ മുന്നിലിട്ട് ക്രൂരമായി മർദ്ദിച്ചു. ശൈഖ് ജമാലുദ്ദീൻ എല്ലാം സഹിച്ചു. ക്ഷമിച്ചു. തൻറെ ശാന്തതയോ സൗമ്യതയോ കൈവിട്ടില്ല. ഇത് തൈമൂറിനെ കൂടുതൽ കോപാകുലനാക്കുകയാണുണ്ടായത്. ശൈഖ് ജമാലുദ്ദീൻ പേർഷ്യക്കാരനാണെന്ന് മനസ്സിലാക്കിയ തൈമൂർ അദ്ദേഹത്തെ പ്രകോപിപ്പിക്കാനായി പറഞ്ഞതായിരുന്നു മുകളിലുദ്ധരിച്ച പ്രസ്താവം. ഇത് കേട്ട ശൈഖ് ജമാലുദ്ദീൻ പ്രതിവചിച്ചു:

“ശരിയാണ്. ദൈവം സത്യവിശ്വാസം കൊണ്ട് ഞങ്ങളെ അനുഗ്രഹിച്ചില്ലായിരുന്നെങ്കിൽ ഞങ്ങൾ നിങ്ങളുടെ പട്ടികളെക്കാൾ നികൃഷ്ടരാകുമായിരുന്നു.”ശൈഖ് ജമാലുദ്ദീൻ പ്രതിവചിച്ചു.
ഇത് കേട്ട് അത്ഭുത സ്തബ്ധനായ തൈമൂർ ചോദിച്ചു:”എന്താണ് താങ്കൾ ഇങ്ങനെ പറയാൻ കാരണം?”
“പട്ടിയുടെ നന്മയും മഹത്വവും അതിന് ആഹാരം നൽകുന്ന യജമാനനോട് നന്ദി കാണിക്കുന്നുവെന്നതാണ്.
എനിക്ക് ജീവനും ജീവിതവും ജീവിക്കാൻ ആവശ്യമുള്ളതുമെല്ലാം തന്ന എൻറെ സ്രഷ്ടാവിനോട് നന്ദി കാണിക്കുന്ന ജീവിതമാണ് ഞാനിപ്പോൾ നയിക്കുന്നത്. അത് തുടരുവോളം ബോധപൂർവ്വം യജമാനനോട് നന്ദി കാണിക്കുന്ന ഞാനാണ് മഹാൻ. അല്ലെങ്കിൽ ആഹാരം നൽകുന്ന താങ്കളോട് നന്ദി കാണിക്കുന്ന താങ്കളുടെ പട്ടിയും.”

ഇത് കേട്ട് അമ്പരന്ന തൈമൂർ ശൈഖ് ജമാലുദ്ദീൻറെ കൈകളിലെ വിലങ്ങ് അഴിക്കാൻ ആജ്ഞാപിച്ചു. തുടർന്ന് അദ്ദേഹം പറഞ്ഞതിൻറെ വിശദീകരണം ചോദിച്ചു. കിട്ടിയ അവസരം ഉപയോഗിച്ച് ശൈഖ് ജമാലുദ്ദീൻ ഇസ്ലാമിനെ ചുരുങ്ങിയ വാക്കുകളിൽ പരിചയപ്പെടുത്തിക്കൊടുത്തു. അതോടെ ശിലാ ഹൃദയനായ തൈമൂറിൻറെ മനസ്സ് തരളിതമായി. താങ്കളുടെ മറുപടി എന്നെ സ്വാധീനിച്ചു. അത് ശരിയാണെന്ന് എനിക്ക് ബോധ്യമായിരിക്കുന്നു. തുടർന്ന് അദ്ദേഹം ഇങ്ങനെ പറഞ്ഞതായി ‘ഇസ്ലാംപ്രബോധവും പ്രചാരണവും’ എന്ന പുസ്തകത്തിൽ തോമസ് ആർനൾഡ് ഉദ്ധരിക്കുന്നു. “ഇസ്ലാമിൽ എൻറെ വിശ്വാസം ഇപ്പോൾ പ്രഖ്യാപിച്ചാൽ എൻറെ പ്രജകൾ എന്നെ അനുഗമിക്കില്ല. അല്പം ക്ഷമിക്കുക. പിതാക്കന്മാരുടെ രാജ്യം എൻറെ കൈവശത്തിലാവുമ്പോൾ എൻറെ അരികിൽ വരിക.(പുറം: 192)

വിധിവശാൽ ശൈഖ് ജമാലുദ്ദീൻറെ ജീവിതകാലത്ത് തൈമൂർ രാജപദവിയിലെത്തിയില്ല. രോഗബാധിതനായി കിടപ്പിലായപ്പോൾ അദ്ദേഹം മകൻ ശൈഖ് അർശദുദ്ദീനോട് ഇങ്ങനെ പറഞ്ഞു:”തുഗ്ലക്ക് തൈമൂർ ഒരുനാൾ മഹാ സാമ്രാട്ടായിത്തീരും. അദ്ദേഹത്തിൻറെ അടുത്ത് പോകാനും അദ്ദേഹം എനിക്ക് നൽകിയ പഴയ വാഗ്ദാനം പാലിക്കണമെന്ന് ആവശ്യപ്പെടാനും നീ ധൈര്യം കാണിക്കണം.” ക്രിസ്താബ്ദം 1347 ൽ തൈമൂർ രാജാവായി. ഈ സന്ദർഭം ഉപയോഗിച്ച് ശൈഖ് അർശദുദ്ദീൻ രാജാവിനെ കാണാൻ പല ശ്രമങ്ങളും നടത്തി. പക്ഷേ ഒന്നും വിജയിച്ചില്ല. മാസങ്ങളോളം കാത്തിരുന്നിട്ടും രാജ കൊട്ടാരത്തിലേക്ക് പ്രവേശനാനുമതി ലഭിച്ചില്ല. അവസാനം സാഹസികമായ ഒരു പരീക്ഷണം നടത്താൻ തീരുമാനിച്ചു. രാജാവിൻറെ കിടപ്പുമുറിയുടെ അടുത്തുള്ള കാട്ടിൽ ഒരു കുടിൽ കെട്ടി അവിടെ താമസമാക്കി. എല്ലാ ദിവസവും പ്രഭാതത്തിൽ ഉച്ചത്തിൽ ബാങ്ക് വിളിക്കാൻ തുടങ്ങി. ഒരു ദിവസം ബാങ്ക് കേട്ടുണർന്ന തൈമൂർ ശബ്ദമുണ്ടാക്കിയ ആളെ തൻറെ മുമ്പിൽ ഹാജരാക്കാൻ കൽപ്പിച്ചു. രാജാവിൻറെ മുമ്പിൽ കൊണ്ടുവരപ്പെട്ട ശൈഖ് അർശദുദ്ദീൻ അദ്ദേഹം പിതാവുമായി നടത്തിയ സംഭാഷണവും നൽകിയ വാഗ്ദാനവും ഓർമിപ്പിച്ചു. തുടർന്ന് ഇങ്ങനെ പറഞ്ഞു:”ഇപ്പോൾ അല്ലാഹു താങ്കളെ രാജാവാക്കിയിരിക്കുന്നു. ഇനി വാഗ്ദാനം പൂർത്തീകരിക്കുക.”

ഇതുകേട്ട് തൈമൂർ പറഞ്ഞു:”അധികാരമേറ്റ അന്ന് തൊട്ട് എൻറെ വാഗ്ദാനത്തെപ്പറ്റി ഓർത്തിരിക്കുകയായിരുന്നു ഞാൻ. എന്നാൽ ഞാൻ വാഗ്ദാനം നൽകിയ മനുഷ്യൻ വന്നില്ല. അതിനാൽ ഇപ്പോൾ നിങ്ങൾക്ക് സ്വാഗതം.”(അതേ പുസ്തകം. പുറം: 192) അങ്ങനെ തൈമൂർ സന്മാർഗം സ്വീകരിച്ചു. അത് രാജ്യ നിവാസികളെ അഗാധമായി സ്വാധീനിച്ചു. സ്ത്രീകളിലൂടെ പതിനായിരക്കണക്കിന് താർത്താരികൾ ഇസ്ലാം സ്വീകരിച്ച പോലെത്തന്നെ ശൈഖ് ജമാലുദ്ദീനിൻറെയും ശൈഖ് അർശദുദ്ദീൻറെയും പ്രബോധന പ്രവർത്തനങ്ങളുടെ ഫലമായും നിരവധി പേർ സന്മാർഗം സ്വീകരിച്ചു.

Related Articles