Current Date

Search
Close this search box.
Search
Close this search box.

വീരമാതാവിൻറെ ധീരമായ നിലപാട്

മൗലാനാ മുഹമ്മദലിയും ഷൗക്കത്തലിയും രാജ്യരക്ഷാ നടപടികൾക്ക് വിധേയമായി തടവിൽ കഴിയുകയാണ്. അതിനെതിരെ രാജ്യമെങ്ങും ശക്തമായ പ്രതിഷേധ പ്രകടനങ്ങളും പ്രക്ഷോഭങ്ങളും നടന്നു. അവസാനം ബ്രിട്ടീഷ് ഭരണകൂടം അവരെ വിട്ടയക്കാൻ നിർബന്ധിതമായി. എന്നാൽ ബ്രിട്ടീഷ് ഭരണകൂടത്തോട് കൂറ് പ്രഖ്യാപിക്കുന്ന പ്രതിജ്ഞാ പത്രത്തിൽ ഒപ്പിട്ടശേഷം വിട്ടയക്കാനായിരുന്നു സർക്കാർ തീരുമാനം. അത്തരം ഒരു കരാർ പത്രവുമായി സി.ഐ.ഡി. ഉദ്യോഗസ്ഥൻ അബ്ദുൽ മജീദ് അവരെ സമീപിച്ചു. അതിൽ ഉണ്ടായിരുന്നത് ഇപ്രകാരമാണ്. “ഇനി മഹായുദ്ധം തീരുന്നതുവരെ ചക്രവർത്തി തിരുമനസ്സിൻറെ എതിരാളികളെ സഹായിക്കാൻ ഇടവരുന്നതോ ഉദ്ദേശിക്കുന്നതോ ആയ ഒന്നും പറയുകയോ എഴുതുകയോ പ്രവർത്തിക്കുകയോ ഇല്ല. ചക്രവർത്തിയുടെ സ്നേഹിതന്മാരെയോ സഹായികളെയോ ആക്ഷേപിക്കുന്ന ഒന്നും പറയുകയും എഴുതുകയും പ്രവർത്തിക്കുകയുമില്ല. പൊതുജന നന്മയെ ബാധിക്കും വിധം നിയമവിരുദ്ധമോ സാഹസികമോ ആയ പ്രക്ഷോഭ ങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്യും.”

എന്നാൽ അതിൽ തൻറെ മക്കൾ ഒപ്പുവെക്കുന്നത് മാതാവ് ബീഅമ്മാൻ ഒട്ടും ഇഷ്ടപ്പെട്ടില്ല. അവർ പറഞ്ഞു.”എൻറെ മക്കളോട് നീതി കാണിക്കാൻ സർക്കാർ ആഗ്രഹിക്കുന്നുവെന്ന് ഞാൻ മനസ്സിലാക്കുന്നു. സ്വാഭാവികമായും എനിക്കതിൽ സന്തോഷമുണ്ട്. കഴിഞ്ഞ ഇരുപത്തെട്ട് മാസക്കാലം അവർ എത്രമാത്രം പ്രയാസപ്പെട്ടിട്ടുണ്ടെന്ന് എന്നെക്കാൾ അറിയുന്നവർ വേറെയില്ല. ഒരു പ്രതിജ്ഞാ പത്രം നൽകാനാണ് സർക്കാർ അവരോടാവശ്യപ്പെട്ടതെന്ന് മനസ്സിലാക്കുന്നു. എന്നാൽ അവർക്ക് മറ്റാരെക്കാളും ബാധ്യത എന്നോടാണെന്ന് ഭരണകൂടം മനസ്സിലാക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.

പത്ത് മാസം ഞാനവരെ ഗർഭം ചുമന്നു. മുലകൊടുത്ത് വളർത്തി. അവരുടെ സ്വർഗ്ഗം എൻറെ കാലിനടിയിലാണെന്ന് ഞങ്ങളുടെ പ്രവാചകൻ പറഞ്ഞിട്ടുണ്ട്.

ഇക്കാലമത്രയും അവർ സഹിച്ച യാതനകളും വേദനകളും കാരണം ഏതു നിബന്ധനയും നിരസിക്കാൻ അവർക്ക് പ്രയാസമായിരിക്കും. അവർ എൻറെ വാത്സല്യ ഭാജനങ്ങളും വളരെ പ്രഗത്ഭരുമാണ്. എന്നാലും താൽക്കാലിക കഷ്ടപ്പാടുകളിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി മതത്തിനും നാടിൻറെ താൽപര്യത്തിനും വിരുദ്ധമായ വല്ല വാഗ്ദാനവും അവർ നൽകുകയാണെങ്കിൽ ഈ നിമിഷം അവരെ ഞെക്കി ക്കൊല്ലാനുള്ള കരുത്ത് മരവിച്ച ഈ കൈകൾക്കുണ്ട്. നിയമവിധേയമായി ജീവിക്കാൻ ആഗ്രഹിക്കുന്ന പൗരന്മാരാണവർ. ഇനിയും അങ്ങനെത്തന്നെ ആകണമെന്ന് ഞാൻ അവരോട് കൽപ്പിക്കുന്നു.”

തുടർന്ന് അവർ മക്കളോടും അതുതന്നെ പറഞ്ഞു:”നിങ്ങൾ ഇരുവരും മോചിതരാവുന്നതിൽ ഞാൻ അത്യധികം സന്തുഷ്ടയാണ്. എന്നാൽ നമ്മുടെ ആദർശ വിശ്വാസങ്ങൾക്ക് വിരുദ്ധമായ വല്ല കരാറിലും ഒപ്പുവെച്ചാണ് നിങ്ങൾ സ്വതന്ത്രരാവുന്നതെങ്കിൽ ദുർബലമായ ഈ കൈകൾ കൊണ്ട് നിങ്ങളെ ഞാൻ ഞെരിച്ചു കൊല്ലും.”

മാതാവിൻറെ ആഗ്രഹത്തിന് വിരുദ്ധമായി മൗലാനാ മുഹമ്മദലിയും ഷൗക്കത്തലിയും ഒന്നും ചെയ്യുമായിരുന്നില്ല. അതുകൊണ്ടുതന്നെ മാപ്പ് എഴുതിക്കൊടുക്കാൻ അവർ സന്നദ്ധരായില്ല.

തുടർന്ന് അതേക്കുറിച്ച് ബീഅമ്മാൻ 1917 ഡിസംബർ 11ന് ആനി ബസൻറിനെഴുതി.” ഞങ്ങൾ ദൈവത്തിനു പൂർണ്ണമായും വിധേയരായി ജീവിക്കുന്നവരാണ്. അവനാണ് ഞങ്ങളുടെ ഏകാവലംബം. എൻറെ പ്രാർത്ഥനയും ആരാധനയും ജീവിതവും മരണവുമെല്ലാം ലോകരക്ഷിതാവായ ദൈവത്തിനാണെന്ന് ദിനേന അഞ്ചുനേരം പ്രതിജ്ഞയെടുക്കുന്നവരാണ് ഞങ്ങൾ. അതിനാൽ ഇക്കാര്യത്തിൽ ഒരു വിധ വിട്ടുവീഴ്ചയും ചെയ്യാൻ എൻറെ മക്കൾ തയ്യാറല്ലെന്ന് അറിയുന്നതിൽ ഞാൻ അഭിമാനം കൊള്ളുന്നു.ഈ നിലപാടിൽ നിന്ന് അവർ വ്യതിചലിച്ചാൽ അവർ എൻറെ മക്കളായി ജനിക്കാതിരുന്നെങ്കിൽ എന്ന് ഞാൻ ആശിച്ചു പോകും.”

കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles