Current Date

Search
Close this search box.
Search
Close this search box.

കാക്കയെപ്പോലെയാകാൻ പോലും കഴിഞ്ഞില്ലല്ലോ

“കഷ്ടം! ഈ കാക്കയെപ്പോലെയകാൻ പോലും എനിക്ക് കഴിഞ്ഞില്ലല്ലോ”
കാക്ക ആരിലും കൗതുകമുണർത്താത്ത ജീവിയാണ്. അതിൻറെ നിറമോ ശബ്ദമോ ഒട്ടും ആകർഷകമല്ല. ആരും കാക്കയെ പുകഴ്ത്തി പാടുകയോ പറയുകയോ ചെയ്യാറില്ല. അതിനെപ്പോലെയാകാൻ പോലും കഴിഞ്ഞില്ലല്ലോ എന്ന് വിലപിച്ചത് ഖാബീലാണ്. ആദം നബിയുടെ മകൻ. ഹാബീലിന്റെ സഹോദരൻ.

ഇരുവർക്കുമിടിയിൽ അഭിപ്രായ ഭിന്നതയുണ്ടായി. പരിഹാരമായി നിർദ്ദേശിക്കപ്പെട്ടത് ബലി നൽകലായിരുന്നു. ആരുടെ ബലിയാണോ സ്വീകരിക്കപ്പെടുന്നത് അയാളുടെ അഭിപ്രായം അംഗീകരിക്കപ്പെടും. അങ്ങനെ ഇരുവരും ബലി നൽകി. ഹാബീലിൻറെ ബലിയാണ് സ്വീകരിക്കപ്പെട്ടത്. അത് അത്രമേൽ ആത്മാർത്ഥമായിരുന്നു. അല്ലാഹുവിൻറെ പ്രീതി പ്രതീക്ഷിച്ചുള്ളതും. അദ്ദേഹത്തിൻറെ മനസ്സ് ശുദ്ധമായിരുന്നു. അഹങ്കാരത്തിൽ നിന്നും അസൂയയിൽ നിന്നും തീർത്തും മുക്തവും. ജീവിതം കളങ്കമില്ലാത്തതും.
എന്നാൽ ഖാബീലിന്റെ ബലി സ്വീകരിക്കപ്പെട്ടില്ല. അത് ഒട്ടും ആത്മാർത്ഥമായിരുന്നില്ല. കടുത്ത അഹങ്കാരമായിരുന്നു അദ്ദേഹത്തെ നയിച്ചിരുന്നത്. അകം നിറയെ സഹോദരനോടുള്ള വെറുപ്പും അസൂയയുമായിരുന്നു. ആത്മാർത്ഥതയും സത്യസന്ധതയും നന്മയുമുള്ള കർമ്മങ്ങളല്ലേ അല്ലാഹു സ്വീകരിക്കുകയുള്ളൂ.

തൻറെ ബലി നിരാകരിക്കപ്പെട്ടതോടെ ഖബീലിന്റെ അസൂയയും പകയും പതിന്മടങ്ങ് വർദ്ധിച്ചു. സഹോദരനെ നോക്കി അഹങ്കാരത്തോടെ അയാൾ അലറി”നിന്നെ ഞാൻ കൊല്ലുക തന്നെ ചെയ്യും.”

അസൂയ മനസ്സിൻറെ സ്വസ്ഥത കെടുത്തും. പക പക്വത നഷ്ടപ്പെടുത്തും. അഹങ്കാരം വിവേകത്തെ നശിപ്പിക്കും. അതോടെ ക്രൂരത തിടം വെക്കും. എന്ത് ഹീനകൃത്യവും ചെയ്യാൻ തയ്യാറാകും. ഖാബീലിന് സംഭവിച്ചത് അതാണ്.

എന്നാൽ ഹാബീലിനെ നയിച്ചിരുന്നതും നിയന്ത്രിച്ചിരുന്നതും അല്ലാഹുവിലും പരലോകത്തിലുമുള്ള അടിയുറച്ച വിശ്വാസമായിരുന്നു. വിട്ടുവീഴ്ച അതിൻറെ അനിവാര്യതയാണല്ലോ. അകം ശാന്തമായാൽ സ്വരം സൗമ്യമാകും.മിതമാകും..ഹാബീൽ ശാന്ത സ്വരത്തിൽ പറഞ്ഞു:
“എന്നെ കൊല്ലാന്‍ നീ എന്റെ നേരെ കൈനീട്ടിയാലും നിന്നെ കൊല്ലാന്‍ ഞാന്‍ നിന്റെ നേരെ കൈ നീട്ടുകയില്ല. തീര്‍ച്ചയായും ഞാന്‍ പ്രപഞ്ചനാഥനായ അല്ലാഹുവെ ഭയപ്പെടുന്നു. ( 5 : 28)

സഹോദരൻറെ മനോഹരമായ പ്രതികരണം ഖാബീലിനെ അല്പം പോലും സ്വാധീനിച്ചില്ല. അയാളുടെ മനസ്സ് കരിമ്പാറയെക്കാൾ കടുത്തതായിരുന്നു. അല്പവും അലിവോ അയവോ ഇല്ലാത്തതും.

ഖാബിൽ കൂർത്ത് മൂർത്ത കല്ലെടുത്ത് ഹാബിലിനെ അടിച്ചും ഇടിച്ചും കുത്തിയും കൊന്നു. ഭൂമിയിൽ ആദ്യമായി മനുഷ്യന്റെ ചുടു ചോര ചിന്തി. കുറ്റവാളിയുടെ പാപത്തിന്റെ ചോരയല്ല; പുണ്യവാളന്റെ പരിശുദ്ധ രക്തം. വരും കാലത്തും സംഭവിക്കുക അങ്ങനെത്തന്നെയായിരിക്കുമെന്നതിന്റെ ആദ്യ സൂചന.

സഹോദരൻ വധിക്കപ്പെട്ടതോടെ ഖാബീലിന്റെ അകം പുകയാൻ തുടങ്ങി. മൃതദേഹം എന്ത് ചെയ്യണമെന്നറിയാതെ അയാൾ പരക്കം പാഞ്ഞു. അവസാനം അത് പഠിപ്പിച്ച് കൊടുക്കാനായി അല്ലാഹു ഒരു കാക്കയെ നിയോഗിച്ചു. അത് മണ്ണിൽ ഒരു കുഴിയുണ്ടാക്കി മറ്റൊരു കാക്കയുടെ മൃത ദേഹം അതിൽ മറവ് ചെയ്യുന്നത് ഖാബീലിന് കാണിച്ചു കൊടുത്തു. അപ്പോഴാണ് അയാൾ അതിരുകളില്ലാത്ത അപമാനത്തോടെയും അറ്റമറ്റ ഖേദത്തോടെയും അങ്ങേയറ്റത്തെ ദുഃഖത്തോടെയും ഇങ്ങനെ വിലപിച്ചത്: “കഷ്ടം! എന്റെ സഹോദരന്റെ മൃതദേഹം മറമാടുന്ന കാര്യത്തില്‍ ഈ കാക്കയെപ്പോലെയാകാന്‍ പോലും എനിക്കു കഴിഞ്ഞില്ലല്ലോ. അങ്ങനെ അവന്‍ കൊടും ഖേദത്തിലകപ്പെട്ടു.” ( 5 : 31)

വധിക്കപ്പെട്ട ഹാബീൽ അവസാനിമിഷം വരെയും സ്വസ്ഥ മാനസമായിരുന്നു. ശാന്ത ഹൃദയനും. വിശ്വാസം സമ്മാനിച്ച ശാന്തിയും സമാധാനവും അദ്ദേഹം ആവോളം അനുഭവിച്ചു. പരമാവധി ആസ്വദിച്ചു. അതേസമയം ഖാബീലിന് തൻറെ ആഗ്രഹം നടപ്പാക്കാൻ കഴിഞ്ഞെങ്കിലും ഇത്തിരി പോലും സ്വസ്ഥതയോടെ ശാന്തിയോ ലഭിച്ചില്ല.

സത്യവിശ്വാസത്തിൻറെയും സത്യനിഷേധത്തിന്റെയും അനന്തരഫലം ഭൂമിയിൽ പോലും എന്തായിരിക്കുമെന്നതിൻറെ ആദ്യപാഠം.

???? കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/E0i3pHf7tQV46Y5jpKdwCE

Related Articles