Current Date

Search
Close this search box.
Search
Close this search box.

നാസ്തികതയിലെ മനുഷ്യന്‍

ഭൗതികവാദികളുടെ വീക്ഷണത്തില്‍ മനുഷ്യന്‍ ഒരു ജന്തുവാണ്. മറ്റു ജീവികളുടെ തുടര്‍ച്ചയാണ്, പകര്‍ച്ചയാണ്. പരിണാമത്തിലൂടെ രൂപപ്പെട്ടതാണ്. ചിമ്പാന്‍സി കുരങ്ങും മനുഷ്യനും തമ്മിലുള്ള അന്തരം വളരെ നേര്‍ത്തതാണ്. തോമസ് ഹെന്റി ഹക്‌സിലി ലണ്ടനിലെ റോയല്‍ ഇന്‍സ്റ്റിറ്റ്യൂഷനില്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു: ”ചിമ്പാന്‍സി, ബബൂണ്‍, മനുഷ്യന്‍ എന്നീ മൂന്ന് ജീവികളുടെ ഫോസിലീകരിച്ചതോ സ്പിരിറ്റ് ലായനിയില്‍ സൂക്ഷിച്ചതോ ആയ അവശിഷ്ടങ്ങള്‍ താരതമ്യത്തിനും നിഷ്പക്ഷമായ വിധിനിര്‍ണയത്തിനുമായി ലഭിക്കുന്നുവെന്നിരിക്കട്ടെ, ജീവികളെന്ന നിലയില്‍ ചിമ്പാന്‍സിയും ബബൂണും തമ്മിലുള്ള അന്തരത്തേക്കാള്‍ വലിയ വ്യത്യാസമൊന്നും മനുഷ്യനും ചിമ്പാന്‍സിയും തമ്മിലില്ലെന്ന് നാം പെട്ടെന്ന് തന്നെസമ്മതിക്കുമെന്ന് എനിക്കുറപ്പുണ്ട്.” (ഉദ്ധരണം: വി.എസ്. രാമചന്ദ്രന്‍. ‘മസ്തിഷ്‌കം കഥ പറയുന്നു.’ പുറം:37. കേരളത്തിലെ പ്രശസ്ത നാസ്തികന്‍ സി. രവിചന്ദ്രനാണ് ഈ പുസ്തകം മൊഴിമാറ്റം നടത്തിയത്).

കാലിഫോര്‍ണിയ സര്‍വകലാശാലയിലെ നാഡീശാസ്ത്രജ്ഞനും ലോക പ്രശസ്ത പരിണാമവാദിയുമായ ഡോക്ടര്‍ വി.എസ്. രാമചന്ദ്രന്‍ എഴുതുന്നു: ”പ്രസിദ്ധമായ ഒരു ഡാര്‍വിന്‍ സംവാദത്തില്‍ ബെഞ്ചമിന്‍ ഡിസ്രേലി ഉന്നയിച്ച അതേ ചോദ്യമിവിടെ ഉന്നയിക്കട്ടെ: കേവലം പരിഷ്‌കൃത മസ്തിഷ്‌ക ശേഷിയുമായി ജീവിക്കുന്ന ചിമ്പാന്‍സികള്‍ മാത്രമാണോ നാം. അതോ തികച്ചും വികാരരഹിത ചോദനകളുടെയും രാസപ്രക്രിയകളുടെയും പ്രവാഹസീമകള്‍ അതിലംഘിക്കുന്ന, ശരിക്കും സമാനതകളില്ലാത്ത ഒരു ജീവിവര്‍ഗമോ? ഡാര്‍വിന്‍ ഉള്‍പ്പെടെയുള്ള പല ശാസ്ത്രജ്ഞരും ആദ്യത്തെ അനുമാനത്തിന് അനുകൂലമായി നിലകൊണ്ടു. ആള്‍ക്കുരങ്ങുകളില്‍ കാണപ്പെടുന്ന അതേ ശേഷിയുടെ വികസിതരൂപമാണ് മനുഷ്യന്റെ മാനസിക ശേഷിയെന്ന് അവര്‍ വിലയിരുത്തി” (മസ്തിഷ്‌കം കഥ പറയുന്നു-പുറം:37).

”ഘടനാശാസ്ത്രപരമായി, നാഡീശാസ്ത്രപരമായി, ജനിതകപരമായി, ശരീരശാസ്ത്രപരമായി നാം ആള്‍ക്കുരങ്ങുകളാകുന്നു. മൃഗ
ശാലയിലെ വലിയ ആള്‍ക്കുരങ്ങുകളുടെ ദുരൂഹതോതിലുള്ള മനുഷ്യത്വം തിരിച്ചറിഞ്ഞിട്ടുള്ള ആര്‍ക്കും ഇപ്പറഞ്ഞതിലെ സത്യം ബോധ്യപ്പെടും.” (അതേ പുസ്തകം-പുറം: 38).

”ആള്‍ക്കുരങ്ങുകള്‍ വനത്തില്‍ സംതൃപ്തിയോടെ ജീവിച്ച് അവിടെവെച്ച് മരണമടയുന്നു. അതോടെ അവരുടെ കഥ തീരുകയാണ്. മനുഷ്യനാകട്ടെ, എഴുതുന്നു, അന്വേഷിക്കുന്നു, സൃഷ്ടിക്കുന്നു, അറിവിനായി ഉഴറുന്നു. നാനോ ജിനോം വേര്‍തിരിക്കുന്നു. അണുവിനെ വിഭജിക്കുന്നു. റോക്കറ്റുകള്‍ വിക്ഷേപിക്കുന്നു. മഹാവിഭേദനത്തിന്റെ ഉള്‍ക്കാഴ്ചകളിലേക്ക് എത്തിനോക്കാന്‍ ശ്രമിക്കുന്നതും പൈയുടെ വില നിര്‍ണയിക്കുന്ന അക്കങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്നതും നാമാണ്. ഇതിനേക്കാളെല്ലാം സവിശേഷമായതെന്തെന്നാല്‍ സ്വന്തം ഉള്ളിലേക്ക് നോക്കാന്‍ നാം ഉദ്യമിക്കുന്നുവെന്നതാണ്. ഉദാത്തവും അനന്യവുമായ നമ്മുടെ മസ്തിഷ്‌ക പ്രവര്‍ത്തനങ്ങളെ കൂട്ടിച്ചേര്‍ത്ത് വായിക്കാന്‍ ശ്രമിക്കുന്നുവെന്നതാണ്. അതാകട്ടെ, നമ്മുടെ മനസ്സിനെ അമ്പരപ്പിക്കുകയും ചെയ്യുന്നു. എങ്ങനെയാണ് നിങ്ങളുടെ കൈക്കുമ്പിളില്‍ ഒതുക്കാവുന്ന മൂന്ന് പൗണ്ട് ഭാരമുള്ള ജെല്ലിക്ക് മാലാഖമാരെ സ്വപ്നം കാണാനാവുന്നതും അനന്തതയുടെ അര്‍ഥം ആരായാനാവുന്നതും. എന്തിനേറെ, മഹാപ്രപഞ്ചത്തില്‍ സ്വന്തം സ്ഥാനം അന്വേഷിക്കാനും അതിനെങ്ങനെ സാധിക്കുന്നു? ഇതിലെല്ലാം സ്‌തോഭജനകമായ വസ്തുതയെന്തെന്നാല്‍ സഹസ്രകോടി വര്‍ഷങ്ങള്‍ക്കു മുമ്പ് അപാരതയില്‍ ചിതറിക്കിടന്ന എണ്ണമറ്റ നക്ഷത്രങ്ങളുടെ ഹൃദയ ഭാഗത്ത് നിലകൊണ്ട് അതേ ആറ്റങ്ങള്‍കൊണ്ടാണ് നിങ്ങളുടേതുള്‍പ്പെടെയുള്ള ഓരോ മസ്തിഷ്‌കവും നിര്‍മിക്കപ്പെട്ടിരിക്കുന്നുവെന്നതാണ്. അവസാനം ഗുരുത്വവും യാദൃച്ഛികതയും ഒരുമിച്ച് സമ്മേളിച്ച് അവയെ കൂട്ടിയിണക്കി നിങ്ങളുടെ മസ്തിഷ്‌കത്തിന് രൂപംകൊടുക്കുന്നതുവരെ യുഗങ്ങളോളം, നക്ഷത്ര വര്‍ഷങ്ങളോളം നീണ്ട കാലഘട്ടത്തില്‍ ഈ കണങ്ങള്‍ പ്രപഞ്ചമെങ്ങും പാറിപ്പറന്ന് കിടക്കുകയായിരുന്നു. ആ ആറ്റങ്ങള്‍ ഇന്നൊരു സമുച്ചയമായി മാറിയിരിക്കുന്നു.അതാണ് നിങ്ങളുടെ മസ്തിഷ്‌കം” (പുറം: 39).

രാമചന്ദ്രന്‍ തന്നെ എഴുതുന്നു: ”ഏതാണ്ട് ഒന്നര ലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് നമ്മുടെ പൂര്‍വികരുടെ ചില മസ്തിഷ്‌കഘടനകളില്‍ വിപ്ലവകരമായ ചില പുരോഗതികളുണ്ടായി. പ്രസ്തുത പരിഷ്‌കാരങ്ങളുടെ ആകസ്മികസമ്മേളനത്തിന്റെ ഫലമായി ഞാന്‍ പരാമര്‍ശിച്ച തോതിലുള്ള സവിശേഷ മാനസികശേഷി ആര്‍ജിക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തിപ്പെടുകയായിരുന്നു. നാം മാനസികമായ രൂപാന്തരത്തിലൂടെ കടന്നുപോയി. പഴയ ഭാഗങ്ങളെല്ലാം അവിടെത്തന്നെ ഉണ്ടായിരുന്നു. പക്ഷേ അവ പുതിയ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങി. അതായത് ഭാഗങ്ങളുടെ വ്യക്തിഗത പ്രഭാവത്തിനും ധര്‍മത്തിനും ഉപരിയായ ഫലമാണ് അതിലൂടെ ഉളവായത്. ഈ മാറ്റമാണ് നമുക്ക് പൂര്‍ണതയുള്ള ഭാഷയും കലാപരവും മതപരവുമായ സംവേദനബോധവും ആത്മജ്ഞാനവും പകര്‍ന്നു നല്‍കിയത്. ഈ മാറ്റങ്ങള്‍ സംഭവിച്ച് ഏതാണ്ട് മുപ്പതിനായിരം വര്‍ഷങ്ങള്‍ക്കുള്ളില്‍ നാം വാസസ്ഥലങ്ങള്‍ നിര്‍മിക്കാന്‍ തുടങ്ങി. മരത്തൊലിയും പശയും ചേര്‍ത്ത് വസ്ത്രങ്ങളുണ്ടാക്കി. ചിപ്പിയിലും പുറന്തോടിലും ആഭരണങ്ങളുണ്ടാക്കാനും കല്ലില്‍ ചിത്രങ്ങള്‍ കോറിയിടാനും തുടങ്ങി. അസ്ഥികളില്‍നിന്ന് ഓടക്കുഴലുണ്ടാക്കി. ഈ ഘട്ടത്തില്‍ നമ്മുടെ ജനിതകപരിണാമം ഏതാണ്ടവസാനിച്ചുവെങ്കിലും സാംസ്‌കാരിക പരിണാമം ദ്രുതഗതിയില്‍ (വളരെയധികം ) മുന്നോട്ട് പോയിക്കൊണ്ടിരുന്നു.” (അതേ പുസ്തകം-പുറം: 51).

പരിഷ്‌കാരങ്ങളുടെ ആകസ്മിക സമ്മേളനം എങ്ങനെ സംഭവിച്ചു, എന്തുകൊണ്ട് പ്രത്യേകഘട്ടത്തില്‍ സംഭവിച്ചു, എന്തുകൊണ്ട് മുമ്പോ ശേഷമോ ആയില്ല, സവിശേഷ മാനസിക ശേഷി ആര്‍ജിക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തിപ്പെട്ടത് എങ്ങനെ, എന്തുകൊണ്ട്, ജനിതക പരിണാമം അവസാനിച്ചതെന്തുകൊണ്ട് തുടങ്ങിയ മൗലികചോദ്യങ്ങള്‍ക്ക് രാമചന്ദ്രനോ മറ്റ് നാസ്തികരോ വിശദീകരണം തരുന്നില്ല. ഭൗതികവാദികളുടെ വീക്ഷണത്തില്‍ ജന്തുവില്‍നിന്ന് മനുഷ്യനിലേക്കുള്ള മാറ്റം തീര്‍ത്തും ശാരീരികമാണ്, ഭൗതികമാണ്, പദാര്‍ഥപരമാണ്. മൃഗങ്ങളില്‍നിന്ന് വ്യത്യസ്തമായി മനുഷ്യന്‍ നിവര്‍ന്ന് നില്‍ക്കുന്നു, സംസാരിക്കുന്നു, എഴുതുന്നു, വായിക്കുന്നു, ചിത്രം വരയ്ക്കുന്നു, ശില്പം നിര്‍മിക്കുന്നു, സംഗീതം രചിക്കുന്നു, പാട്ട് പാടുന്നു, പണിയായുധങ്ങള്‍ നിര്‍മിക്കുന്നു. ഇതൊക്കെയും സാധ്യമായത് മസ്തിഷ്‌കത്തിലുണ്ടായ മാറ്റം കാരണമാണെന്ന് ഭൗതികവാദികള്‍ അവകാശപ്പെടുന്നു. മനുഷ്യന് ഇതൊക്കെ സാധ്യമാക്കിയ പരിണാമത്തെ കുറിച്ച് വി.എസ്. രാമചന്ദ്രന്‍ എഴുതുന്നു: ”താരതമ്യേന കുറേക്കൂടി അടുത്തിടെ വംശനാശം സംഭവിച്ച നമ്മുടെ കസിനുകളായ നിയാണ്ടര്‍ത്താല്‍ മനുഷ്യനെ സംബന്ധിച്ച നിഗൂഢതകള്‍ അനാവരണം ചെയ്യാനാണ് കൂടുതല്‍ അവസരമുള്ളത്. ഒരുപക്ഷേ, പൂര്‍ണമനുഷ്യത്വം കൈവരിക്കുന്നതിന് വളരെ അടുത്തെത്തിയ ജീവിവര്‍ഗമാണ് നിയാ
ണ്ടര്‍ത്താല്‍ മനുഷ്യന്‍. മന്ദരായ ഗുഹാജീവികളായി വിശേഷിപ്പിക്കപ്പെട്ടിരുന്നുവെങ്കിലും ഹോമോ നിയണ്ടര്‍ത്താലെന്‍സിസ് അടുത്തിടെ വളരെ ഗൗരവപരമായ ഒരു പ്രതിച്ഛായ പുനഃസംഘടനയ്ക്ക് വിധേയമായിട്ടുണ്ട്. അവര്‍ സാധാരണ നമ്മെപ്പോലെ കലാരൂപങ്ങളൂം ആഭരണങ്ങളും നിര്‍മിച്ചിരുന്നു. വൈവിധ്യമുള്ള സമ്പുഷ്ട ഭക്ഷണം കഴിച്ചിരുന്നു. മരിച്ചവരെ സംസ്‌കരിച്ചിരുന്നു എന്നൊക്കെയാണ് നാമിപ്പോള്‍ മനസ്സിലാക്കുന്നത്. മാത്രമല്ല, അവരുടെ ഭാഷ കേവലം ഗുഹാമനുഷ്യന്റെ സംസാരഭാഷയേക്കാള്‍ സങ്കീര്‍ണമായിരുന്നു എന്നതിന്റെ തെളിവുകളും വര്‍ധിച്ചുവരികയാണ്. എന്നിരുന്നാലും, ഏതാണ്ട് മുപ്പതിനായിരം വര്‍ഷങ്ങള്‍ക്കുമുമ്പ് അവര്‍ ഈ ഭൂമുഖത്ത്‌നിന്നും എന്നെന്നേക്കുമായി അപ്രത്യക്ഷമായി. ഈ വിഷയത്തില്‍ പരക്കെ അംഗീകരിക്കപ്പെടുന്ന അനുമാനമെന്തെന്നാല്‍ നിയാണ്ടര്‍ത്താല്‍ മനുഷ്യന്‍ നശിക്കാനും ആ സ്ഥാനം മനുഷ്യന്‍ കൈയടക്കാനുമുള്ള മുഖ്യകാരണം മനുഷ്യന് താരതമ്യേന പല കാര്യത്തിലും മുന്‍തൂക്കം ഉണ്ടായിരുന്നു എന്നതാണ്.” (മസ്തിഷ്‌കം കഥ പറയുന്നു-പുറം: 66).

അതോടൊപ്പം മനുഷ്യനിലെ വികാരങ്ങള്‍ ജൈവരാസപ്രക്രിയയുടെ പരിണിതഫലം മാത്രമാണെന്നും അത് നിഗൂഢമായ പ്രതിഭാസമല്ലെന്നും ഭൗതികവാദം അവകാശപ്പെടുന്നു. (യുവാന്‍ നോവാ ഹരാരി. 21-ാം നൂറ്റാണ്ടിലേക്ക് 21 പാഠങ്ങള്‍. മലയാള വിവര്‍ത്തനം-പുറം:49).

”നമ്മുടെ മസ്തിഷ്‌കത്തിന്റെയും ശരീരത്തിന്റെയും ശാസ്ത്രീയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത് നമ്മുടെ വികാരങ്ങള്‍ മനുഷ്യരുടെ
സവിശേഷമായ ആത്മീയസിദ്ധിയൊന്നുമല്ലെന്നും അത് ഏതെങ്കിലും തരത്തിലുള്ള സ്വതന്ത്രമായ ഇഛാശക്തിയെ പ്രതിഫലിപ്പിക്കു
ന്നില്ല എന്നുമാണ്. മറിച്ച് വികാരങ്ങള്‍ എന്നത് അതിജീവനത്തിന്റെയും പ്രത്യുല്‍പാദനത്തിന്റെയും സാധ്യതകള്‍ എളുപ്പത്തില്‍ കണക്കു കൂട്ടുന്നതിനായി എല്ലാ സസ്തനികളിലും പക്ഷികളിലും ഉപയോഗിക്കുന്ന ജൈവ രാസപ്രക്രിയയാണ്. വികാരങ്ങള്‍ സഹജാവബോധത്തെയോ പ്രചോദനത്തെയോ സ്വാതന്ത്ര്യത്തെയോ ആധാരമാക്കിയുള്ളതല്ല. അവ കണക്കുകൂട്ടലുകളെ ആധാരമാക്കിയുള്ളതാണ്.” (അതേ പുസ്തകം-പുറം:74).

ചുരുക്കത്തില്‍ മനുഷ്യനും മറ്റു ജീവികളും തമ്മില്‍ മൗലികമായ അന്തരമില്ലെന്ന് ഭൗതികവാദികള്‍ അവകാശപ്പെടുന്നു. ജോണ്‍ വാട്‌സണ്‍ psychological review എന്ന മാസികയില്‍ എഴുതുന്നു: ”മനുഷ്യനെയും ക്രൂര മൃഗത്തേയും വേര്‍തിരിക്കുന്ന അതിര്‍വരമ്പില്ല.” (ലക്കം: 20.1913. പേജ്: 158. ഉദ്ധരണം: ഇസ്‌ലാം, രാജമാര്‍ഗം-പുറം:23).

മനുഷ്യോല്പത്തിയെ സംബന്ധിച്ച് നാസ്തികര്‍ മുന്നോട്ടുവെക്കുന്ന പരിണാമവാദം സംഗ്രഹിച്ചാല്‍ മനസ്സിലാവുക നമ്മുടെ പൂര്‍വികര്‍
വനാന്തരങ്ങളിലെ വൃക്ഷത്തലപ്പുകളില്‍ ഓടിച്ചാടി നടന്നിരുന്ന വാനരരായിരുന്നുവെന്നാണ്. അവിടെയുള്ള പഴങ്ങള്‍ പറിച്ച് തിന്നാണ് അവര്‍ ജീവിച്ചിരുന്നത്. പഴം തിന്നു തീര്‍ന്നപ്പോള്‍ വിശപ്പിന്റെ കാഠിന്യം കാരണം അവ ഭൂമിയിലേക്കിറങ്ങി വന്ന് കായ്കനികള്‍ പറിച്ചുതിന്നാന്‍ തുടങ്ങി. മരക്കൊമ്പുകളിലെ പഴം തച്ച് ചാടിക്കാനും എറിഞ്ഞുവീഴ്ത്താനുമായി മുന്നിലെ കാലുകള്‍ ഉപയോഗിച്ചപ്പോള്‍ ക്രമേണ അവകൈകളായി മാറി. വാലറ്റ് പോവുകയും താടിയെല്ല് വളരുകയും നട്ടെല്ല് നിവരുകയും രോമം കൊഴിഞ്ഞുപോവുകയും ചെയ്തു. അങ്ങനെ വാനരന്‍ നരനായി മാറി.” (ചിന്താ പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച ‘ബാലസംഘം എന്ത്, എന്തിന്, പുറം:122,123 കാണുക).

മനുഷ്യമനസ്സ് തൊഴിലിലൂടെ രൂപപ്പെട്ടതാണെന്നും അങ്ങനെ മനസ്സിന്റെ വളര്‍ച്ചയ്ക്ക് വഴിയൊരുക്കിയത് കൈകളാണെന്നും ഭൗതികവാദികള്‍ അവകാശപ്പെടുന്നു. എച്ച്.ബെര്‍ എഴുതുന്നു: ”മനുഷ്യന്റെ കരങ്ങളാണ് അവന്റെ മനസ്സംബന്ധിയായ വികാസത്തിന് ഹേതുവും പ്രോത്സാഹനവും നല്‍കുന്നത്.” (മോര്‍ഗന്റെ L’Humamite pre historique യുടെ ആമുഖം കാണുക.)

പരിണാമത്തെ സാമൂഹ്യശാസ്ത്രപരമായി വിശകലനം ചെയ്ത ഫ്രെഡറിക് ഏംഗല്‍സ് പറയുന്നു: ”കൈ ജോലി ചെയ്യാനുള്ള ഒരായു
ധമല്ല. അത് ജോലിയുടെ ഒരുല്പന്നം കൂടിയാണ്. ജോലിയിലൂടെ മനുഷ്യകരം വന്‍തോതിലുള്ള പൂര്‍ണത നേടി. അതിന് റാഫേലിന്റെ
ചിത്രങ്ങളും തോര്‍വാട്‌സെനിന്റെ ശില്പങ്ങളും പഗാനിയുടെ സംഗീതവും രചിക്കാന്‍ സാധിച്ചു.” ( The Influence of work in the Evolution of
man കാണുക.)

അദ്ദേഹം തന്നെ പറയുന്നു: ”മനുഷ്യന്‍ അവന്റെ പരിതാവസ്ഥയുടെയും ജോലിയുടെയും ഉല്പന്നമാണ്.” (ഉദ്ധരണം. ഇസ്‌ലാം രാജ
മാര്‍ഗം-പുറം: 23).

മനുഷ്യനെ മറ്റു ജീവികളില്‍നിന്ന് വേര്‍തിരിക്കുന്നത് മനസ്സാണ്. അത് മസ്തിഷ്‌കത്തിന്റെ വളര്‍ച്ചയിലൂടെയും വികാസത്തിലൂടെയു
മാണ് രൂപപ്പെടുന്നത്. അത് സാധ്യമായതോ പരിണാമത്തിലൂടെയും. അതെല്ലാം സംഭവിച്ചത് തൊഴിലിലൂടെയാണെന്നും ഭൗതികവാദികള്‍ അവകാശപ്പെടുന്നു.

ശരീരകേന്ദ്രീകൃതം
മനുഷ്യനെ സംബന്ധിച്ച ഏതൊരു ചര്‍ച്ചയിലും ഭൗതികവാദികള്‍ സംസാരിക്കുന്നത് ശരീരത്തെ സംബന്ധിച്ചാണ്. അതില്‍ സംഭവിച്ച
പരിണാമത്തെയും പരിഷ്‌കരണത്തെയും പറ്റിയാണ്. മനസ്സുപോലും അങ്ങനെ രൂപപ്പെട്ടതാണെന്ന് അവകാശപ്പെടുന്നു. ആത്മാവിന്റെ അസ്ഥിത്വത്തെ അംഗീകരിക്കുന്നുമില്ല. അതുകൊണ്ടുതന്നെ ഭൗതികതയില്‍ ജീവിതം ശരീരകേന്ദ്രീകൃതമാണ്. അതില്‍ ജീവന്റെ തുടിപ്പുകള്‍ ആരംഭിച്ചത് തൊട്ട് അതവസാനിക്കുന്നതുവരെയാണ്. അഥവാ ജനനത്തോടെ ആരംഭിച്ച് മരണത്തോടെ ഒടുങ്ങുന്നതാണ് മനുഷ്യജീവിതം. അതിനാല്‍ അനിവാര്യമായും അതിന്റെ ലക്ഷ്യം ശാരീരിക താല്‍പര്യങ്ങളുടെ സംരക്ഷണവും പൂര്‍ത്തീകരണവുമാണ്. ഭൗതിക വാദികളില്‍ ചിലര്‍ വയറിനും വിശപ്പിനുമാണ് പ്രാമുഖ്യം കല്പിക്കുന്നതെങ്കില്‍ മറ്റുചിലര്‍ ലൈംഗികതയ്ക്കാണ് പ്രഥമസ്ഥാനം നല്‍കുന്നത്. ജൻമവാസനകള്‍ക്കനുസൃതമായി ശരീരചോദനകളെ തൃപ്തിപ്പെടുത്തുകയും അതിന്റെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുകയുമാണ് വേണ്ടതെന്ന് എല്ലാവരും അംഗീകരിക്കുന്നു. മതമോ വിശ്വാസമോ ധര്‍മമോ നിയമങ്ങളോ മൂല്യങ്ങളോ അതിന് തടസ്സമാവരുതെന്ന് ശക്തമായി ആവശ്യപ്പെടുകയും ചെയ്യുന്നു.

അഥവാ തിന്നുക, കുടിക്കുക, ഭോഗിക്കുക, സുഖിക്കുക, ഉല്ലസിക്കുക; ഇതൊക്കെയാണ് ജീവിതത്തിന്റെ ലക്ഷ്യം. പ്രമുഖ നാസ്തിക ദാര്‍ശനികനായ ആള്‍ഡസ് ഹക്‌സലെ പറഞ്ഞു: ”നിങ്ങള്‍ക്ക് ഇന്ന് ആസ്വദിക്കാനും അനുഭവിക്കാനും കഴിയുന്ന ആനന്ദം ഒരു കാരണ
വശാലും നാളേക്ക് മാറ്റിവെക്കരുത്”.

സ്വിസ്സ് ചിന്തകനായ കാര്‍ ജാസ്‌പേര്‍സ് എഴുതി: ”ജീവിത പാതയില്‍ സ്ഥായിത്വം നല്‍കുന്ന ഒന്നേയുള്ളൂ, അത്യന്താനുഭൂതിയാണത്.”

ജൻമവാസനകളുടെ നിര്‍വിഘ്‌നമായ നിര്‍വഹണത്തിന് തടസ്സം നില്‍ക്കുന്നതാണ് മനുഷ്യന്‍ അഭിമുഖീകരിക്കുന്ന എല്ലാ വിപത്തു
കളുടെയും നിമിത്തമെന്ന് ഭൗതികവാദികള്‍ വിശ്വസിക്കുന്നു, അതിനാല്‍ അവയൊക്കെ തട്ടിമാറ്റണമെന്നും. ആധുനികമനഃശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്ന സിഗ്മണ്ട് ഫ്രോയ്ഡ് പറയുന്നു: ”മനുഷ്യന്റെ ജൻമവാസനകള്‍ക്ക് തഴച്ചുവളരാന്‍ വിഘാതം വരുത്തുന്ന മൂല്യസങ്കല്പങ്ങളും സാമൂഹ്യസമ്മര്‍ദങ്ങളുമാണ് എല്ലാ ദുരിതങ്ങളുടെയും മൂലകാരണം.”

അതിരുകളില്ലാത്ത സ്വാതന്ത്ര്യം
നാസ്തികത മനുഷ്യന് അതിരുകളില്ലാത്ത സ്വാതന്ത്ര്യം നല്‍കുന്നതായി ഭൗതികവാദികള്‍ അവകാശപ്പെടുന്നു. അത് മനുഷ്യജീവിതത്തിനുമേല്‍ ഒരു വിലക്കും ഏര്‍പ്പെടുത്തുന്നില്ല. എന്നല്ല, ദൈവവിശ്വാസവും മതവും കെട്ടിവെച്ച എല്ലാ കുരുക്കുകളും അഴിച്ചുമാറ്റുന്നു. ആരാധനാനുഷ്ഠാനങ്ങളുടെയും ആചാരസമ്പ്രദായങ്ങളുടെയും മൂല്യബോധത്തിന്റെയും എല്ലാ ഭാണ്ഡങ്ങളും ഇറക്കിവെക്കുന്നു. വിശ്വാസത്തിന്റെയും ധാര്‍മികതയുടെയും പേരില്‍ ഏര്‍പ്പെടുത്തിയ എല്ലാ വിലക്കുകളെയും വെട്ടിമാറ്റുന്നു. സ്വതന്ത്രനായി ജനിച്ച മനുഷ്യനെ സ്വതന്ത്രമായി ജീവിക്കാന്‍ വിടുന്നു. സംസ്‌കാരത്തിന്റെയും നാഗരികതയുടെയും മതത്തിന്റെയും പേരില്‍ ഏര്‍പ്പെടുത്തിയ എല്ലാ നിയന്ത്രണങ്ങളെയും നിരാകരിക്കുന്നു. അങ്ങനെ മനുഷ്യന് നാസ്തികത അതിരുകളില്ലാത്ത സ്വാതന്ത്ര്യം നേടിക്കൊടുക്കുന്നു. ഇതാണ് വ്യക്തിജീവിതത്തെ സംബന്ധിച്ച ഭൗതികവാദികളുടെ അവകാശവാദം.

????കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/LOeNnwBHadrGqajJzvbLUW

Related Articles