Current Date

Search
Close this search box.
Search
Close this search box.

ഹജ്ജ് –  വിശ്വാസികളുടെ വിശുദ്ധ സംഗമം

സാമ്പത്തികശേഷിയും ശാരീരികാരോഗ്യവുമുള്ളവർ ജീവിതത്തിലൊരിക്കൽ മാത്രം നിർവഹിക്കേണ്ട നിർബന്ധ ആരാധനാ കർമമാണ് പരിശുദ്ധ ഹജ്ജ്.

ഏകദേശം നാല്പത്തിയൊന്ന് നൂറ്റാണ്ട് മുമ്പ് ഇബ്രാഹീം നബിയും ഇസ്മാഇൗൽ നബിയും കഅ്ബ: പുതുക്കിപ്പണിത ശേഷം ദൈവനിർദേശപ്രകാരം അദ്ദേഹം ഹജ്ജിന് വിളംബരം ചെയ്യുകയായിരുന്നു. ദൈവം ഇബ്രാഹീം പ്രവാചകനോട് പറഞ്ഞു: “”തീർഥാടനത്തിനായി നീ ജനങ്ങൾക്കിടയിൽ പൊതുവിളംബരം നടത്തുക. ദൂരെദിക്കുകളിൽ നിന്നുപോലും ആളുകൾ കാൽനടയായും മെലിഞ്ഞ ഒട്ടകങ്ങളുടെ പുറത്തും നിന്റെയടുത്ത് വന്നെത്തും”(22:27)

അന്നുതൊട്ടിന്നോളം നടന്നുവരുന്ന അനുഷ്ഠാനമാണ് ഹജ്ജ്. എന്നാൽ അതാരംഭിച്ച് അധിക കാലം കഴിയും മുമ്പേ അതിൽ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കടന്നുകൂടാൻ തുടങ്ങി. പിന്നീട് കാല പ്രവാഹത്തിൽ പൂർണമായും ബഹുദൈവാരാധനയിലധിഷ്ഠിതമായി മാറി. ഏകദൈവാരാധനക്കായി ആദ്യമായി പണി കഴിപ്പിക്കപ്പെട്ട വിശുദ്ധ കഅ്ബ ബഹുദൈവാരാധനയുടെ കേന്ദ്രമായപോലെത്തന്നെ ഏകദൈവവിശ്വാസം വിളംബരം ചെയ്യുന്ന ഹജ്ജ് കർമവും പൂർണമായും വ്യതിയാനങ്ങൾക്ക് വിധേയമായി.

അന്ത്യ പ്രവാചകനായ മുഹമ്മദ് നബി അതിനെ യഥാർഥ അവസ്ഥയിലേക്ക് തിരിച്ചു കൊണ്ടു വരികയാണുണ്ടായത്. അദ്ദേഹം പഠിപ്പിച്ച വിധമാണ് ഇന്നും ഹജ്ജ് കർമങ്ങൾ നടന്നുവരുന്നത്.

വിശുദ്ധ കഅ്ബ

വിശുദ്ധ കഅ്ബയും പരിസരവും കേന്ദ്രീകരിച്ചാണ് ഹജ്ജ് കർമങ്ങൾ നടക്കുന്നത്. ലോകത്തിലെ ഏറ്റവും ശ്രദ്ധേയമായ ഭവനമാണ് വിശുദ്ധ കഅ്ബ. ലോകത്തിന്റെ വിവിധഭാഗങ്ങളിലെ അനേക കോടി മനുഷ്യർ നിത്യവും നന്നെച്ചുരുങ്ങിയത് അഞ്ചു നേരം നമസ്കാരത്തിനായി തിരിഞ്ഞു നിൽക്കുന്നത് അതിന്റെ നേരെയാണ്. അന്ത്യശ്വാസം വലിക്കുമ്പോൾ മുഖം അതിന്റെ ഭാഗത്തേക്കാവണമെന്ന മോഹം മുഴുവൻ വിശ്വാസികൾക്കുമുണ്ട്. പിന്നിട്ട നൂറ്റാണ്ടുകളിലൂടെ കടന്നുപോയ കോടാനുകോടി വിശ്വാസികളുടെ മുഖം അന്ത്യ വിശ്രമത്തിനായി തിരിച്ചു വെക്കപ്പെട്ടതും ഇൗ വിശുദ്ധമന്ദിരത്തിന്റെ നേരെയാണ്. ജന വികാരങ്ങളുമായി ഇവ്വിധം കെട്ടുപിണഞ്ഞുകിടക്കുന്ന മറ്റൊരു കെട്ടിടവും ലോകത്തില്ല. ദൈവത്തിന്റെ ഏകതയുടെ പ്രതീകമാണ് കഅ്ബ, എല്ലാ ഏകദൈവാരാധകരുടെയും പ്രാർഥനയുടെ ദിശയും. അത് മാനവരാശിയുടെ ഏകത വിളംബരം ചെയ്യുന്നു. അതിന്റെ ക്ഷണം മുഴുവൻ മനുഷ്യരോടുമാണ്. എല്ലാവിധ വിഭാഗീയതകൾക്കും വേർതിരിവുകൾക്കും അതീതമാണത്.

നാഗരികത നേടിയ സമസ്ത സാങ്കേതികവിദ്യകളും സ്വാംശീകരിച്ച നിരവധി പള്ളികൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ട്. ചേതോഹരങ്ങളാണ് അവയിൽ പലതും. തിളങ്ങുന്ന വെണ്ണക്കല്ലുകൾ കൊണ്ട് പണിത പള്ളികൾക്ക് ഇന്നൊട്ടും പഞ്ഞമില്ല. പലതും പ്രശസ്ത കലാകാരന്മാർ സർഗ ചോദനയാൽ പ്രചോദിതരായി നിർമിച്ച മികച്ച കലാസൃഷ്ടികളാണ്. അവയെല്ലാം അഭിമുഖീകരിക്കുന്നത് കഅ്ബയെയാണ്. ആ ആദരണീയ മന്ദിരമോ അതീവ ലളിതം. അതിനേക്കാൾ അനാർഭാടമായി ഒരു കെട്ടിടം നിർമിക്കുക സാധ്യമല്ല. ആഢംബരത്തിന്റെ സംസ്കൃതിയുമായി അതിന് അകന്ന ബന്ധം പോലുമില്ല. മോഡിക്കും പ്രൗഢിക്കുമായി മിനുക്കുപണികൾ പോലും ചെയ്തിട്ടില്ല.
വിശുദ്ധ കഅ്ബ ആരുടെയും സ്മാരകമല്ല. തങ്ങൾക്കോ തങ്ങളുടെ മക്കൾക്കോ വേണ്ടിയല്ല ഇബ്രാഹീം നബിയും പുത്രനുമത് പണിതത്, മുഴുവൻ മനുഷ്യർക്കും വേണ്ടിയാണ്. ദൈവം അറിയിക്കുന്നു: “”മനുഷ്യർക്കായി നിർമിക്കപ്പെട്ട ആദ്യ ദേവാലയം മക്കയിലുള്ളതാണ്, തീർച്ച. അത് അനുഗൃഹീതവും ലോകർക്കാകമാനം മാർഗദർശന കേന്ദ്രവുമാണ്.” (ഖുർആൻ. 3:96)

കഅ്ബ ദൈവത്തിന്റെ ഭവനമാണ്. അതിനാൽ അത് മുഴുവൻ മനുഷ്യരുടേതുമാണ്. ആരും അവിടെ അന്യരല്ല. അത് മനുഷ്യരെ അതിന്റെ നിർമാതാവുമായി കൂട്ടിയിണക്കുന്നു. അതുവഴി അതിന്റെ ഉടമയായ ദൈവവുമായി ബന്ധിപ്പിക്കുന്നു.

കഅ്ബ എന്ന പദം ഘനചതുരത്തെ പ്രതിനിധീകരിക്കുന്നു. അതിന്റെ നീളം 12 മീറ്ററും വീതി 10 മീറ്ററും ഉയരം 15 മീറ്ററുമാണ്. മക്കയുടെ ചുറ്റുമുള്ള മലകളിൽ നിന്ന് ശേഖരിച്ച ചാര നിറത്തിലുള്ള പരുപരുത്ത കല്ലുകൾ അടുക്കി വെച്ചാണത് നിർമിച്ചത്. അതിന്റെ നിർമാണത്തിനുപയോഗിച്ച കല്ലുകൾ ഒരേ വലുപ്പത്തിലുള്ളവയാണ്. അവ അടുക്കിവെച്ച് വിടവുകളിൽ കുമ്മായം തേച്ചിരിക്കുന്നു. അതിന്റെ അകം ശൂന്യമാണ്. നിർമാണ ചാരുതയില്ല ,ശില്പഭംഗിയില്ല ,കലകളോ കൊത്തുപണികളോ ഇല്ല. എന്നിട്ടും അത് കാഴ്ചക്കാരിൽ കൗതുകമുണർത്തുന്നു. വിടർന്ന കണ്ണുകളോടെയല്ലാതെ വിശ്വാസികൾക്ക് അത് നോക്കിനിൽക്കാൻ സാധ്യമല്ല.

കഅ്ബ സ്വാതന്ത്ര്യത്തിന്റെ ഭവനമാണ്. അവിടെ ആരും അസ്വതന്ത്രരല്ല. സംഭീതരുമല്ല. ഭൂമിയിൽ തീർത്തും നിർഭയമായ ഒരിടം. അവിടം സന്ദർശിക്കുന്നവരെല്ലാം ദൈവത്തിന്റെ അതിഥികളാണ്, കഅ്ബ അവരുടെയൊക്കെ വീടും.

തുടക്കം

ഹിജ്റ കലണ്ടറിലെ പന്ത്രണ്ടാമത്തേതാണ് ഹജ്ജ് മാസം. പ്രസ്തുത മാസം എട്ടാം തീയതിയാണ് ഹജ്ജ് കർമങ്ങൾ ആരംഭിക്കുക. ധരിച്ച വസ്ത്രം അഴിച്ചു മാറ്റി ഒരു തുണി ധരിക്കുകയും മറ്റൊന്ന് കൊണ്ട് ചുമലിലൂടെ പുതക്കുകയും ചെയ്യുന്നു. കുളിച്ച് ശുദ്ധമായി പ്രാർഥനയോടെയാണ് ഹജ്ജ് വസ്ത്രമണിയുക. ഇൗ കർമത്തിന് ഇഹ്റാം എന്നാണ് പറയുക. ഹജ്ജിലെ പ്രധാന കർമങ്ങൾ പൂർത്തിയാകും വരെ ഇതുതന്നെയായിരിക്കും വേഷം. ഹജ്ജ് ലാളിത്യത്തിന്റെ വിളംബരമാണ്. അതിൽ പണക്കാരന് പ്രൗഢി പ്രകടിപ്പിക്കാൻ അവസരമില്ല. ധനികനെ ദരിദ്രനിൽ നിന്ന് വേർതിരിക്കുന്ന വകഭേദങ്ങളൊക്കെ വകഞ്ഞു മാറ്റപ്പെടുന്നു. ആർക്കും വിലപിടിച്ച പാൻറ്സും ഷർട്ടുമില്ല. ടൈയും ഷൂസും കോട്ടുമില്ല. എല്ലാവർക്കും ഒരേ വസ്ത്രം. അതിന്റെ വർണം ശുഭ്രം. അതോ രണ്ട് കഷ്ണം മാത്രം.

ഹജ്ജിനെത്തുന്നവർ ഉരിഞ്ഞുവെച്ച വസ്ത്രങ്ങൾ വ്യത്യസ്തങ്ങളാണ്. വളരെ വിലകൂടിയവയുണ്ട്. കുറഞ്ഞവയുണ്ട്. മിനുമിനുത്തതുണ്ട്. പരുപരുത്തതും. പാൻറ്സും ഷർട്ടുമുണ്ട്. കൂർത്തയും പൈജാമയുമുണ്ട്. ധന, ദേശ, പ്രദേശ വ്യത്യാസങ്ങൾക്കനുസൃതമായ വകഭേദങ്ങൾ. മനുഷ്യരെ വേർതിരിക്കുന്നതിൽ വസ്ത്രത്തിന് വമ്പിച്ച പങ്കുണ്ട്. വ്യക്തികളുടെ വ്യതിരിക്തതകളുടെ നിദാനങ്ങളിലൊന്ന് അതാണല്ലോ. എന്നാൽ ഹജ്ജിൽ എല്ലാ വേർതിരിവുകളും അവസാനിക്കുന്നു. സകല വ്യത്യാസങ്ങളും മാഞ്ഞു മറയുന്നു. സ്ത്രീകൾ മുഖവും മുൻകയ്യുമൊഴിച്ചുള്ള ശരീരഭാഗങ്ങൾ മറക്കുന്നു.

അവിടെയെത്തുന്ന ആർക്കും നാടും വീടും ദേശവും ഭാഷയുമില്ല.അവിടെ അമേരിക്കക്കാരനും ആഫ്രിക്കക്കാരനും ഇന്ത്യക്കാരനും ചൈനക്കാരനും
ജർമൻകാരനുമില്ല. വെറും മനുഷ്യരേയുള്ളു. ദൈവദാസന്മാർ മാത്രം. കുലവും ഗോത്രവുമില്ലാത്ത തനി മനുഷ്യർ. എല്ലാവരും ദൈവത്തിന്റെ ക്ഷണം സ്വീകരിച്ചെത്തിയ അവന്റെ അതിഥികൾ.

മിനായിൽ

ഹജ്ജ് വസ്ത്രമണിഞ്ഞ ശേഷം എട്ടാം തീയതി മക്കയിൽ നിന്ന് ഏകദേശം അഞ്ചര കിലോമീറ്റർ ദൂരെയുള്ള മിനായിലേക്ക് പോകുന്നു. അനേക ലക്ഷങ്ങൾക്ക് ഒത്തുകൂടാൻ കഴിയുന്ന വിശാലമായ മൈതാനമാണ് മിനാ.മുനാ എന്നും പേരുണ്ട്. പ്രത്യാശ എന്നാണതിന്റെ അർഥം.
ഹജ്ജ് മാസം എട്ട്,പത്ത്, പതിനൊന്ന്, പന്ത്രണ്ട് ദിവസങ്ങളിൽ അവിടെയാണ് താമസിക്കുക. അതിനായി ഹജ്ജ് കാലത്ത് പതിനായിരക്കണക്കിന് തമ്പുകൾ നിർമിക്കുന്നു. നാലഞ്ചു നാൾ അത് തമ്പുകളുടെ നഗരമായിരിക്കും.

എട്ടാം തീയതി പകലും രാത്രിയും ഹജ്ജിനെത്തിയവർ പ്രാർഥനകളിലും കീർത്തനങ്ങളിലും ഖുർആൻ പാരായണത്തിലും പഠനത്തിലും വ്യാപൃതരായി കഴിയുന്നു. അതോടൊപ്പം അടുത്ത പ്രഭാതത്തിൽ അറഫയിലേക്ക് പോകാനുള്ള ഒരുക്കങ്ങൾ നടത്തുകയും ചെയ്യുന്നു.

അറഫയിൽ

ഹജ്ജിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസം ഒമ്പതാം തീയതിയാണ്.ഹജ്ജിലെ ഏറ്റവും പ്രധാന അനുഷ്ഠാനം അറഫയിൽ ഒരുമിച്ചു കൂടി അവിടെ പകൽ ചെലവഴിക്കലാണ്. അറഫയിൽ ഇവ്വിധം നിൽക്കാൻ സാധിക്കാത്തവർക്ക് ഹജ്ജ് ലഭ്യമല്ല.

ഹജ്ജ് മാസം ഒമ്പതിന് എല്ലാ തീർഥാടകരും സൂര്യോദയത്തിന് ശേഷം മിനായിൽ നിന്ന് അറഫയിലേക്ക് പുറപ്പെടുന്നു. മക്കയിൽ നിന്ന് 22 കിലോമീറ്റർ കിഴക്കാണ് അറഫാ മൈതാനം. പത്ത് കിലോമീറ്റർ നീളവും ആറു കിലോമീറ്റർ വീതിയുമുള്ള വിശാലമായ മൈതാനമാണത്. മിനായിൽ നിന്ന് അറഫയിലേക്ക് കാൽനടയായും വാഹനത്തിലും പോ
കാവുന്നതാണ്.

പതിനാല് നൂറ്റാണ്ട് മുമ്പ് പ്രവാചകൻ ഹജ്ജ് വേളയിൽ അറഫയുടെ അതിർത്തിയിലുള്ള നമിറയിലാണ് താവളമടിച്ചിരുന്നത്. വൈകുന്നേരമാണ് അറഫയിലെ ബത്വനുൽ വാദി എന്ന സ്ഥലത്തേക്ക് പോയത്. അവിടെ വെച്ചാണ് ചരിത്രപ്രധാനമായ വിടവാങ്ങൽ പ്രസംഗം നിർവഹിച്ചത്. അത് അനുധാവനം ചെയ്ത് ഇപ്പോഴും ഹജ്ജ് പ്രഭാഷണം നടക്കാറുണ്ട്.

ലക്ഷത്തിലേറെ അനുയായികളെ അഭിമുഖീകരിച്ച് അന്ന് പ്രവാചകൻ നടത്തിയ പ്രസംഗത്തിൽ ഇങ്ങനെ പറഞ്ഞു: “”ജനങ്ങളേ, എന്റെ വാക്കുകൾ ശ്രദ്ധാപൂർവം കേൾക്കുക. ഇനി ഒരിക്കൽകൂടി ഇവിടെ വെച്ച് നിങ്ങളുമായി സന്ധിക്കാൻ സാധിക്കുമോയെന്ന് എനിക്കറിയില്ല. ജനങ്ങളേ, നിങ്ങളുടെ രക്തവും ധനവും അന്ത്യനാൾവരെ പവിത്രമാണ്. ഇൗ മാസവും ഇൗ ദിവസവും ഇൗ പ്രദേശവും പവിത്രമായ പോലെ. തീർച്ചയായും നിങ്ങൾ നിങ്ങളുടെ നാഥനുമായി കണ്ടുമുട്ടും. അപ്പോൾ അവൻ നിങ്ങളുടെ കർമങ്ങളെക്കുറിച്ച് നിങ്ങളോടു ചോദിക്കും. ഇൗ സന്ദേശം നിങ്ങൾക്കെത്തിച്ചു തരികയെന്ന ചുമതല ഞാൻ പൂർത്തീകരിച്ചിരിക്കുന്നു. അല്ലാഹുവേ, നീയതിനു സാക്ഷി! വല്ലവരുടെയും വശം വല്ല അമാനത്തുമുണ്ടെങ്കിൽ അത് അതിന്റെ അവകാശികളെ തിരിച്ചേൽപിച്ചുകൊള്ളട്ടെ. എല്ലാ പലിശ ഇടപാടുകളും ഇന്നു മുതൽ നാം ദുർബലപ്പെടുത്തിയിരിക്കുന്നു. എന്നാൽ മൂലധനത്തിൽ നിങ്ങൾക്കവകാശമുണ്ട്. അതിനാൽ ആർക്കും ഒട്ടും നഷ്ടം പറ്റുന്നില്ല. പലിശ പാടില്ലെന്ന് അല്ലാഹു വിധിച്ചു കഴിഞ്ഞു. ആദ്യമായി എന്റെ പിതൃവ്യൻ അബ്ബാസിന് കിട്ടാനുള്ള പലിശയിതാ ഞാൻ റദ്ദ് ചെയ്യുന്നു. അനിസ് ലാമിക കാലത്തെ എല്ലാ പ്രതികാരവും പകയും ഇന്നത്തോടെ ദുർബലപ്പെടുത്തിയിരിക്കുന്നു. അനിസ്ലാമിക കാലത്തെ എല്ലാവിധ കുലമഹിമകളും പദവികളും ഇതോടെ അസാധുവാക്കിയിരിക്കുന്നു. ജനങ്ങളേ, നിങ്ങൾക്ക് സ്ത്രീകളോട് ചില ബാധ്യതകളുണ്ട്. സ്ത്രീകളോട് നിങ്ങൾ ദയാപുരസ്സരം പെരുമാറുക. അവർ നിങ്ങളുടെ ആശ്രിതരും പങ്കാളികളുമാണ്. അല്ലാഹുവിന്റെ അമാനത്തായാണ് നിങ്ങളവരെ വിവാഹം ചെയ്തത്.

ജനങ്ങളേ, വിശ്വാസികൾ പരസ്പരം സഹോദരങ്ങളാണ്. തന്റെ സഹോദരൻ മനസ്സംതൃപ്തിയോടെ തരുന്നതല്ലാതെ ആർക്കും ഒന്നും അനുവദനീയമല്ല. അതിനാൽ നിങ്ങളന്യോന്യം ഹിംസകളിലേർപ്പെടാതിരിക്കുക. അങ്ങനെചെയ്താൽ നിങ്ങൾ സത്യനിഷേധികളാകും. ജനങ്ങളേ, എന്റെ വാക്കുകൾ ശ്രദ്ധാപൂർവം കേൾക്കുക; വളരെ വ്യക്തമായ രണ്ട് കാര്യം ഇവിടെ വിട്ടേച്ചാണ് ഞാൻ പോകുന്നത്. അല്ലാഹുവിന്റെ ഗ്രന്ഥവും അവന്റെ ദൂതന്റെ ചര്യയുമാണത്. ജനങ്ങളേ, നിങ്ങളുടെ ദൈവം ഏകനാണ്. നിങ്ങളെല്ലാം ഒരേ പിതാവിന്റെ മക്കളാണ്. നിങ്ങളെല്ലാം ആദമിൽ നിന്നുള്ള വരാണ്, ആദമോ മണ്ണിൽനിന്നും. അതിനാൽ അറബിക്ക് അനറബിയേക്കാളോ അനറബിക്ക് അറബിയേക്കാളോ ഒട്ടും ശ്രേഷ്ഠതയില്ല, ദൈവഭക്തിയുടെ അടിസ്ഥാനത്തിലല്ലാതെ. അല്ലാഹുവേ, ഞാൻ ഇൗ സന്ദേശം എത്തിച്ചുകൊടുത്തില്ലേ? അല്ലാഹുവേ, നീയതിനു സാക്ഷി. അറിയുക: ഇൗ സന്ദേശം കിട്ടിയവർ അത് കിട്ടാത്തവർക്ക് എത്തിച്ചുകൊടുക്കട്ടെ.”

ഏകദിന നഗരമാണ് അറഫാ. അന്നവിടെ അനേകായിരം തമ്പുകൾ രൂപംകൊള്ളുന്നു. അനേക ലക്ഷങ്ങൾ ഒത്തുകൂടുന്നു. ലോകമെങ്ങുമുള്ളവർ അവിടെ സമ്മേളിക്കുന്നു. അങ്ങനെ അതൊരു ലോകമായി മാറുന്നു. വർഗ, വർണ, ദേശ, ഭാഷാ, ലിംഗഭേദങ്ങൾക്കൊട്ടും പ്രസക്തിയില്ലാത്ത സമത്വസുന്ദര ലോകം. ഇസ്ലാം വിഭാവന ചെയ്യുന്ന ഏകലോകത്തിന്റെ കൊച്ചു പതിപ്പ്. അവിടെ ശത്രുതയില്ല, സംഘർഷമില്ല, ആരുടെയും അന്തരംഗത്ത് അഹിതവികാരങ്ങൾ അശേഷമില്ല. അറഫയിൽ മനുഷ്യരാശി ഒന്നാകുന്നു. എല്ലാവരുടെയും വേഷം ഒന്ന്, ഭാഷ ഒന്ന്, ലക്ഷ്യം ഒന്ന്, മനസ്സും മന്ത്രവും ഒന്ന്. അവർക്കിടയിൽ അദൃശ്യവും അതോടൊപ്പം അവിഛേദ്യവുമായ ഒരു വൈകാരികബന്ധം നിലനിൽക്കുന്നു.

അറഫയിലെ ഒത്തുകൂടൽ വിശ്വാസികളെ വികാരഭരിതരാക്കുന്നു. ഭൂമിയുടെ ഒരറ്റം മുതൽ മറ്റേ അറ്റം വരെയുള്ള മുഴുവൻ തീർഥാടകരും തങ്ങളെ വേർതിരിക്കുന്ന എല്ലാവിധ വിവേചനങ്ങളിൽ നിന്നും വിശേഷതകളിൽ നിന്നും മോചിതരായി സ്രഷ്ടാവിന്റെ മുമ്പിൽ സമ്മേളിച്ചിരിക്കുകയാണല്ലോ. വെളുത്തവരും കറുത്തവരും ചുവന്നവരും ഇരുണ്ടവരും ഒരേ വേഷത്തിൽ ഒത്തു ചേർന്നിരിക്കുന്നു. അതോ ലോകത്തിലെ പരമ ദരിദ്രനു പോലും അണിയാവുന്ന ലളിതമായ വേഷത്തിൽ.

അറഫയിൽ വിശ്വാസികൾ എല്ലാ വിധ സ്വാർഥതകളിൽ നിന്നും ശാരീരികേഛകളിൽ നിന്നും മലിന മോഹങ്ങളിൽ നിന്നും മുക്തരാണ്. പ്രൗഢിയുടെയും പൊങ്ങച്ചത്തിന്റെയും നേരിയ പ്രകടനം പോലുമില്ല. വ്യക്തികളവിടെ ഏറ്റവും വിനീതരും പശ്ചാത്താപവിവശരുമാണ്. അറഫയിൽ വെച്ചവർ മുമ്പൊരിക്കലുമുണ്ടായിട്ടില്ലാത്ത വിധം ആത്മപരിശോധന നടത്തുന്നു. ഗതകാല ജീവിതത്തിലെ ഏടുകളൊക്കെയും മറിച്ചുനോക്കി സംഭവിച്ചുപോയ പാപങ്ങൾ ചികഞ്ഞെടുക്കുന്നു. അവ ദൈവത്തിന്റെ മുമ്പിൽ ഏറ്റു പറഞ്ഞ് പാപമോചനം തേടുന്നു. അവിടെ തേങ്ങാത്ത ഹൃദയങ്ങളും വിതുമ്പാത്ത ചുണ്ടുകളും നനയാത്ത നയനങ്ങളും വളരെ വിരളമായിരിക്കും. അറഫയെപ്പോലെ മനുഷ്യ ലക്ഷങ്ങളുടെ കണ്ണുനീർത്തുള്ളികൾ ഇറ്റുവീഴുന്ന മറ്റൊരിടവും ഭൂമിയിലുണ്ടാവില്ല. പശ്ചാത്താപവിവശരായ വിശ്വാസികളുടെ തപ്തനിശ്വാസങ്ങൾക്ക് സാക്ഷ്യം വഹിക്കുന്ന സ്ഥലവും.

തിരക്കുപിടിച്ച ദിവസം

ഹജ്ജിൽ ഏറ്റവും കൂടുതൽ കർമങ്ങൾ അനുഷ്ഠിക്കാനുള്ള തിരക്കുപിടിച്ച ദിവസം പത്തിനാണ്. ഒമ്പതിന് സൂര്യാസ്തമയത്തോടെ അറഫയോട് വിടപറയുന്നു. രാത്രി കഴിച്ചുകൂട്ടേണ്ടത് അറഫക്കും മിനാക്കുമിടയിലുള്ള മുസ്ദലിഫയിലാണ്. കൊല്ലത്തിൽ ഒരു രാത്രി മാത്രം ജനനിബിഡമാകുന്ന നിശാ നഗരമാണത്. മുസ്ദലിഫ ശാന്തമാണ്, നിശ്ശബ്ദവും. അവിടെ തമ്പുകളില്ല. കെട്ടിടങ്ങളും ഗോപുരങ്ങളുമില്ല. എങ്ങും ശൂന്യം. മുകളിൽ തെളിഞ്ഞ ആകാശം. എല്ലാ അർഥത്തിലും പ്രശാന്തമായ പ്രദേശം. അവിടെ പ്രകാശം പരത്തുന്നത് വൈദ്യുതവിളക്കുകളേക്കാളേറെ ആകാശത്ത് നിറഞ്ഞുനിൽക്കുന്ന നക്ഷത്രങ്ങളും ചന്ദ്രനുമാണ്. ആ രാത്രി ദൈവത്തെ വാഴ്ത്തിയും കീർത്തിച്ചും അവനോട് പ്രാർഥിച്ചും കഴിച്ചുകൂട്ടുന്നു. പ്രഭാതത്തിനു മുമ്പ് അവിടെ നിന്ന് പുറപ്പെടുന്നു. ഹജ്ജ് മാസം പത്തിന് നടക്കുന്ന പ്രധാന കർമങ്ങൾക്കുള്ള കരുത്ത് നേടുന്നത് അവിടത്തെ വിശ്രമത്തിൽ നിന്നാണ്. അവിടെവെച്ച് തന്നെ പിശാചിനെ എതിരിട്ട് പരാജയപ്പെടുത്താൻ ആവശ്യമായ ആയുധം ശേഖരിക്കുന്നു. ലോകത്തിലെ ഏറ്റവും കരുത്തും കുതന്ത്രവും സാമർഥ്യവുമുള്ള പ്രതിയോഗിയാണല്ലോ പിശാച്. ഭൂമിയിൽ നടക്കുന്ന എല്ലാ കുഴപ്പങ്ങൾക്കും കലാപങ്ങൾക്കും കുറ്റകൃത്യങ്ങൾക്കും കാരണം മനുഷ്യനെടുക്കുന്ന തെറ്റായ തീരുമാനമാണ്, അതിന് പ്രേരിപ്പിക്കുന്നതോ പിശാചും. അതിനാൽ വിജയത്തിന്റെ വഴി പിശാചിനെ പരാജയപ്പെടുത്തലാണ്. തന്നിൽനിന്ന് അവനെ അകറ്റി നിർത്തലാണ്. അതിന്റെ പ്രതീകാത്മകമായ കർമമാണ് ഹജ്ജ് വേളയിൽ സ്തൂപങ്ങളിൽ നടത്തുന്ന കല്ലേറ്. മൂന്ന് സ്തൂപങ്ങളാണുള്ളത്. ഹജ്ജ് നിർവഹിക്കുന്ന ഒാരോ വ്യക്തിയും അവയെ തന്നിലെ പിശാചിന്റെ പ്രതീകമായി സങ്കൽപിച്ച് തന്നിൽ നിന്ന് പിശാചിനെ ആട്ടിയകറ്റുകയാണെന്ന ബോധത്തോടെ കൊച്ചു ചരൽകല്ലുകൊണ്ട് അവയെ എറിയുന്നു. മുസ്ദലിഫയിൽ നിന്ന് മിനായിലെത്തിയാൽ പ്രാഥമിക കർമങ്ങൾ പൂർത്തീകരിച്ച ശേഷം ആദ്യം ചെയ്യുന്നത് കല്ലേറാണ്. അന്ന് മൂന്നാമത്തെ സ്തൂപത്തിൽ മാത്രമേ എറിയുകയുള്ളൂ. കടല മണിയോളം വലുപ്പമുള്ള ഏഴ് ചരൽകല്ലാണ് എറിയുക. സ്തൂപത്തിനു ചുറ്റും വിശാലമായ തടമുണ്ട്. കല്ല് അതിലെവിടെയെങ്കിലും വീണാൽ മതി. ഇൗ സ്തൂപത്തിനും ചുറ്റുമുള്ള തടത്തിനും ജംറ എന്നാണ് പറയുക. ഇബ്രാഹിം പ്രവാചകൻ പുത്ര ബലിയിൽ നിന്ന് തന്നെ പിന്തിരിപ്പിക്കാൻ പ്രേരിപ്പിച്ച പിശാചിനെ പരാജയപ്പെടുത്തിയ പ്രതീകാത്മകമായ അനുസ്മരണം കൂടിയാണ് ഇൗ കല്ലേറ്. ഇബ്രാഹീം പ്രവാചകനെ പിഴപ്പിക്കാൻ ശ്രമിച്ച പിശാചിനെ അദ്ദേഹം പരാജയപ്പെടുത്തിയ പോലെ, തന്നെ പിഴപ്പിക്കാൻ ശ്രമിക്കുന്ന പിശാചിനെ താനും പരാജയപ്പെടുത്തുമെന്ന ദൃഢമായ ബോധവും ഉറച്ച തീരുമാനവുമാണ് കല്ലെറിയുമ്പോൾ ഒാരോ വിശ്വാസിക്കുമുണ്ടാകേണ്ടത്. സത്യശുദ്ധമായ ജീവിതപാതയിൽ നിന്ന് തന്നെ തെറ്റിക്കുന്നത് എന്താണോ അത് തിരിച്ചറിഞ്ഞ് അതിനെ താൻ പരാജയപ്പെടുത്തുകയാണെന്ന തീരുമാനത്തോടെയാണ് ജംറയിൽ കല്ലെറിയേണ്ടത്.

ഹജ്ജ് മാസം പതിനൊന്നിനും പന്ത്രണ്ടിനും ഒന്നും രണ്ടും മൂന്നും ജംറകളിൽ ഏഴു കല്ലുകൾ വീതമെറിയൽ നിർബന്ധമാണ്. പതിമൂന്നിന് മൂന്ന് ജംറകളിലും കല്ലെറിയൽ എെഛികമാണ്. അങ്ങനെ ചെയ്യുന്നവർ പന്ത്രണ്ടിന് രാത്രി കൂടി മിനായിൽ താമസിക്കുന്നു. അല്ലാത്തവർ പന്ത്രണ്ടിന് പകൽ തന്നെ മിനായിൽ നിന്ന് മടങ്ങുന്നു.

ഹജ്ജ് മാസം പത്തിന് അവസാനത്തെ ജംറയിൽ കല്ലെറിഞ്ഞതിന് ശേഷം പുരുഷന്മാർ തല മുണ്ഡനം ചെയ്യുന്നു. സ്ത്രീകൾ മുടിയുടെ അറ്റത്ത് നിന്ന് ഒരു വിരൽ തുമ്പോളം മുറിച്ചു മാറ്റുന്നു. താൻ മാതാവ് പ്രസവിച്ച കുഞ്ഞിനെപ്പോലെ പരിശുദ്ധനായിരിക്കുന്നുവെന്നതിന്റെ പ്രതീകാത്മകമായ പ്രഖ്യാപനമാണിത്. പ്രസവിച്ച കുഞ്ഞിന്റെ തല മുടി നീക്കം ചെയ്യുന്ന പോലെ.

ഇൗ കർമം പൂർത്തിയായാൽ ഹജ്ജ് വസ്ത്രം മാറ്റി സാധാരണ വസ്ത്രം ധരിക്കാവുന്നതാണ്. അന്നേ ദിവസം തന്നെ മക്കയിൽ ചെന്ന് വിശുദ്ധ കഅ്ബയെ ഏഴു തവണ വലം വെക്കണം. ഇതിന് ത്വവാഫ് എന്നാണ് പറയുക. പ്രയാസമുള്ളവർ ഇൗ കർമം പിന്നീട് ചെയ്താലും മതി. കഅ്ബയുടെ വടക്കുകിഴക്കേ മൂലയിൽ ഒരു കറുത്ത കല്ലുണ്ട്. ഹജറുൽ അസ്വദ് അഥവാ കറുത്ത കല്ല് എന്നാണത് അറിയപ്പെടുന്നത്. അതിന്റെ ചരിത്രപരമായ പ്രാധാന്യം ഇബ്രാഹിം പ്രവാചകൻ ഉണ്ടാക്കിയ ദേവാലയത്തിന്റെ ഭാഗമെന്നതാണ്. കഅ്ബയിലും ചുറ്റിലും വിഗ്രഹങ്ങൾ ആരാധിക്കപ്പെട്ടിരുന്ന അന്ധകാലത്തുൾപ്പെടെ ചരിത്രത്തിലൊരിക്കലും ആ കല്ല് ആരാധിക്കപ്പെട്ടട്ടില്ല. ഇൗ കല്ലിൽ സ്പർശിച്ചോ അതിനെ ചുംബിച്ചോ അതിന് നേരെ ആഗ്യം കാണിച്ചോ ആണ് ത്വവാഫ് ആരംഭിക്കുക.ത്വവാഫിന്റെ സ്റ്റാർട്ടിങ് പോയൻറാണ് ഹജറുൽ അസ്വദ്.

ദയാനിധിയായ ദൈവത്തിന്റെ നാമത്തിൽ ത്വവാഫ് ആരംഭിക്കുന്നു. ത്വവാഫ് ഒരു മഹാ പ്രവാഹമാണ്. ആർത്തിരമ്പുന്ന സമുദ്രത്തിൽ ജലകണങ്ങൾ അലിഞ്ഞില്ലാതാവുന്ന പോലെ ഒാരോ വ്യക്തിയും അയാളുടെ വിശേഷതകളും ആ മഹാ പ്രവാഹത്തിൽ അലിഞ്ഞു ചേരുന്നു. പിന്നെ അവിടെ വർഗങ്ങൾക്ക് പ്രസക്തിയില്ല, വ്യക്തിക്ക് സ്ഥാനമില്ല, ആണോ പെണ്ണോ കറുത്തവനോ വെളുത്തവനോ എന്ന ഭേദമില്ല. എല്ലാവരും ഒരു കൂട്ടായ്മയുടെ ഭാഗമായി മാറുന്ന മഹാസംഗമമാണത്.

കഅ്ബക്ക് ചുറ്റും ഇൗ ത്വവാഫ് നടക്കാത്ത സമയമേയില്ല. ചൂടിലും തണുപ്പിലും മഴയിലും വെയിലിലും രാത്രിയിലും പകലിലും അത് അവിരാമം തുടർന്നുകൊണ്ടേയിരിക്കുന്നു. നമസ്കാര സമയത്ത് മാത്രമേ ത്വവാഫ് നടക്കാതിരിക്കുകയുള്ളൂ. ജനകീയ വർണമുള്ള ഉപാസനയാണത്. ജനമധ്യത്തിലെ അതി ശ്രേഷ്ഠമായ ആരാധന. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ വ്യത്യസ്ത ദേശക്കാർ, വിവിധ ഭാഷക്കാർ, ഭിന്ന പ്രായക്കാർ; എല്ലാവരും ആ വർത്തുള പ്രവാഹത്തിൽ ലയിച്ചുചേരുന്നു.

ഹജറുൽ അസ്വദിൽ നിന്നാരംഭിച്ച പ്രയാണം അവിടെത്തന്നെ എത്തുന്നതോടെ ഒരു ചുറ്റൽ പൂർത്തിയായി. അങ്ങനെ ഏഴു തവണ ആവർത്തിക്കുന്നു. ഹജ്ജിനോടനുബന്ധിച്ച ഇൗ പ്രയാണത്തിന് ത്വവാഫുൽ ഇഫാദ എന്നാണ് പറയുക.
വിശുദ്ധ കഅ്ബയെ ഏഴു തവണ ചുറ്റിയ ശേഷം തൊട്ടടുത്തുള്ള സ്വഫാ കുന്നിന്റെ മുകളിൽ കയറുന്നു. കീർത്തനങ്ങൾക്കും പ്രാർഥനകൾക്കും ശേഷം അവിടെ നിന്നിറങ്ങി 395 മീറ്റർ ദൂരെയുള്ള മർവാ കുന്നിലേക്ക് പ്രയാണം നടത്തുന്നു. വീണ്ടും സ്വഫായിലേക്ക്, പിന്നെയും മർവയിലേക്ക്. അങ്ങനെ ഏഴു തവണ ഇൗ പ്രയാണം ആവർത്തിക്കുന്നു.

നാല്പത്തിയൊന്ന് നൂറ്റാണ്ട് മുമ്പ് ജനശൂന്യവും ജലശൂന്യവും ഫല ശൂന്യവുമായ മരുഭൂമിയിൽ തനിച്ചു കഴിയേണ്ടിവന്ന ഹാജറബീവി തന്റെ വശമുണ്ടായിരുന്ന വെള്ളം തീർന്നപ്പോൾ ഒാമന മകൻ ഇസ്മാഇൗലിനെ കുടിപ്പിക്കാൻ വെള്ളം തേടി നടത്തിയ പ്രയാണത്തിന്റെ അനുസ്മരണമാണ് സ്വഫാ-മർവാക്കിടയിലെ ഇൗ പ്രയാണം. പരിശ്രമം എന്ന അർഥം വരുന്ന “സഅ്യ്’ എന്നാണ് ഇതിനു പറയുക. അന്ന് ഹാജറ തേടിയത് ഒാമനമകന് ദാഹജലമാണെങ്കിൽ ഇപ്പോൾ ഹജ്ജ് നിർവഹിക്കുന്നവർ ഇൗ പ്രയാണത്തിൽ പ്രപഞ്ച നാഥനോട് തന്റെ ഇരുലോക വിജയത്തിനുമാവശ്യമായ എല്ലാം അർഥിച്ചുകൊണ്ടേയിരിക്കുന്നു.

ത്വവാഫും സഅ്യും പൂർത്തീകരിച്ച ശേഷം രാത്രിയാകുന്നതിനു മുമ്പ് തന്നെ മിനായിലേക്ക് തിരിച്ചു പോകുന്നു. നേരത്തെ വിശദീകരിച്ച പോലെ അവിടെ താമസിച്ച് കല്ലേറ് നിർവഹിക്കുന്നു. അതോടൊപ്പം കീർത്തനങ്ങളിലും പ്രാർഥനകളിലും മുഴുകിക്കഴിയുന്നു.

ബലിയുടെ പൊരുൾ

ഹജ്ജിലെ പല അനുഷ്ഠാനങ്ങളും ഇബ്രാഹീം നബിയുടെയും കുടുംബത്തിന്റെയും ജീവിതത്തിലെ മഹദ് സംഭവങ്ങളുമായി ബന്ധപ്പെട്ടവയാണ്, ബലിയും അങ്ങനെത്തന്നെ. പ്രായമേറെയായിട്ടും ഇബ്രാഹീം നബിക്ക് മക്കളുണ്ടായില്ല. അത് അദ്ദേഹത്തെ അത്യധികം അലോസരപ്പെടുത്തി. അതിനാൽ തനിക്കൊരു സന്താനത്തെ ലഭിക്കാൻ ദൈവത്തോട് നിരന്തരം പ്രാർഥിച്ചു കൊണ്ടിരുന്നു. അങ്ങനെ ദൈവം അദ്ദേഹത്തിന് സന്താനത്തെ സമ്മാനിച്ചു. ആ മകൻ കൂടെ നടക്കാറായപ്പോൾ അവനെ ബലി നൽകണമെന്ന് ദൈവം ആവശ്യപ്പെട്ടു. ഇബ്രാഹിം നബി വിവരം മകനെ അറിയിച്ചു. ദൈവശാസന നടപ്പാക്കുന്നതിൽ മകനും സംതൃപ്തനായിരുന്നു. അങ്ങനെ ഇരുവരും ബലിക്ക് സന്നദ്ധമായി അത് നിർവഹിക്കാൻ ഒരുങ്ങിയപ്പോൾ ദൈവകൽപനയുണ്ടായി; മകനെ ബലി നൽകേണ്ടതില്ല. അങ്ങനെ ചെയ്യാനുള്ള ആജ്ഞ അതിഗുരുതരമായ പരീക്ഷണമായിരുന്നു. അതിൽ ഇബ്രാഹിം നബി വിജയിച്ചിരിക്കുന്നു. പകരം ഒരാടിനെ ബലി നൽകിയാൽ മതി. അങ്ങനെ അദ്ദേഹം ആ ബലി നിർവഹിച്ചു. ഇതിന്റെ അനുസ്മരണമാണ് ഹജ്ജിലെ ബലി. പെരുന്നാളിലെ ബലിയും അതുതന്നെ.

മനുഷ്യബലി ദൈവം ഒരിക്കലും ഇഷ്ടപ്പെടുന്നില്ല. അത് കടുത്ത പാപമാണ്. അതിനാൽ ഇബ്രാഹിം നബിക്ക് നൽകിയ കൽപന അദ്ദേഹത്തെ പരീക്ഷിക്കാനായിരുന്നു, പുത്ര ബലിക്കായിരുന്നില്ല. ദൈവം എന്ത് നിർദേശിച്ചാലും നടപ്പാക്കുമോ എന്ന് പ്രായോഗികമായി തെളിയിക്കാനായിരുന്നു. അദ്ദേഹം അതിൽ പൂർണമായും വിജയിച്ചു. ദൈവകല്പന പാലിക്കാൻ തനിക്ക് ഏറ്റവും പ്രിയപ്പെട്ടത് ത്യജിക്കാനും ഏറ്റവും പ്രയാസകരമായത് ചെയ്യാനും സന്നദ്ധമാണെന്ന് അദ്ദേഹം തെളിയിച്ചു. ഇബ്രാഹീം പ്രവാചകന് ഏറ്റവും പ്രിയപ്പെട്ടത് തന്റെ ഒാമന മകൻ ഇസ്മാഇൗലായിരുന്നു, ഏറ്റവും പ്രയാസകരമായത് അവനെ ബലി നൽകലും.

നാലായിരത്തിലേറെ വർഷം മുമ്പ് നടന്ന എെതിഹാസികമായ ഇൗ സംഭവത്തിന്റെ പ്രതീകാത്മകമായ ആവർത്തനമാണ് ഹജ്ജിലെ ബലി. അതിനാൽ തീർഥാടകൻ ഹജ്ജിന്റെ ഭാഗമായി ബലി നടത്തുമ്പോൾ സ്വന്തത്തോട് ചോദിക്കുന്നു; തനിക്ക് ഏറ്റവും പ്രിയപ്പെട്ടത് എന്താണ്? പണം, പദവി, പ്രതാപം, പ്രശസ്തി, പെണ്ണ്, പൊന്ന്, ദേശം, ഭാഷ, കുലം, കുടുംബം അന്തസ്സ്, അധികാരം അങ്ങനെയുള്ളവയിൽ ഏതിനോടാണ് ഏറെയിഷ്ടം? അത് തിരിച്ചറിഞ്ഞ് ദൈവകല്പന പാലിക്കാൻ അതുൾപ്പെടെ എന്തും ത്യജിക്കാൻ തയ്യാറാണെന്നതിന്റെ പ്രതീകാത്മക പ്രഖ്യാപനമെന്ന നിലയിൽ ബലി നിർവഹിക്കുന്നു. തനിക്ക് ഏറ്റവും പ്രയാസകരമായത് ചെയ്യാൻ സന്നദ്ധമാണെന്നതിന്റെ പ്രഖ്യാപനം കൂടിയാണിത്. ബലിയുടെ ഇൗ ആത്മാവ് ഉൾക്കൊള്ളുന്നില്ലെങ്കിൽ ഹജ്ജിലെ ആ കർമവും മാംസക്കച്ചവടക്കാരന്റെ കശാപ്പും തമ്മിൽ കാര്യമായ അന്തരമില്ല. അതിനാൽ ഹജ്ജിലെ മറ്റു കർമങ്ങളെപ്പോലെ ബലിയും അതിന്റെ ആത്മാവ് പൂർണമായും ഉൾക്കൊണ്ട് കൊണ്ടായിരിക്കണമെന്ന് ഇസ്ലാം നിഷ്കർഷിക്കുന്നു.

ജംറകളിലെ കല്ലേറും ബലിയും നിർവഹിക്കുന്നതോടെ ഹജ്ജ് കർമം പൂർണമാകുന്നു. അവസാനം വിശുദ്ധ കഅ്ബ ത്വവാഫ് ചെയ്ത് മക്കയോട് വിട പറയുന്നു.

ഇവ്വിധം യഥാവിധി ഹജ്ജ് നിർവഹിക്കുന്നവർ മാതാവ് പ്രസവിച്ച കുഞ്ഞിനെപ്പോലെ പരിശുദ്ധനും പാപരഹിതനുമായിത്തീരുമെന്ന് പ്രവാചകൻ പഠിപ്പിക്കുന്നു. ( അവസാനിച്ചു)

Related Articles