Current Date

Search
Close this search box.
Search
Close this search box.

സകാത്ത് അഥവാ നിർബന്ധ ദാനം

ഇസ്ലാമിലെ നാല് ആരാധനാകർമങ്ങളിൽ രണ്ടാമത്തേതാണ് സകാത്ത് അഥവാ നിർബന്ധ ദാനം. സമ്പന്നർ തങ്ങളുടെ വശമുള്ള ധനത്തിന്റെ നിശ്ചിതവിഹിതം സമൂഹത്തിലെ നിർണിത അവകാശികൾക്ക് നിർബന്ധമായും നൽകണം. ഖുർആനിൽ മുപ്പതിലേറെ സ്ഥലങ്ങളിൽ സകാത്തിനെ സംബന്ധിച്ച പരാമർശമുണ്ട്. സകാത്ത് നൽകാൻ സാമ്പത്തിക ശേഷിയുള്ളവർ അത് നൽകിയില്ലെങ്കിൽ യഥാർഥ വിശ്വാസികളോ മുസ്ലിംകളോ ആവുകയില്ല. അവരുടെ പ്രാർഥനകൾ സ്വീകരിക്കപ്പെടുകയുമില്ല. മരണാനന്തര ജീവിതത്തിൽ കടുത്ത ശിക്ഷക്ക് വിധേയരാവുകയും ചെയ്യും.

ഇസ്ലാമിക ഭരണകൂടമുണ്ടെങ്കിൽ സകാത്ത് ശേഖരിച്ച് അതിന്റെ അവകാശികൾക്ക് വിതരണം ചെയ്യാൻ അത് ബാധ്യസ്ഥമാണ്. വ്യക്തിയുടെ സംസ്കരണം, സമ്പത്തിന്റെ ശുദ്ധീകരണം, ദാരിദ്ര്യ നിർമാർജനം എന്നിവയാണ് സകാത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ.

ധനത്തിന്റെ ഉടമാവകാശം തങ്ങൾക്കാണെന്ന ധാരണയാണ് സമ്പന്നരിൽ ഏറെപ്പേർക്കുമുള്ളത്. ഇസ്ലാം അത് തിരുത്തുന്നു. സമ്പത്തിന്റെ ഉടമാവകാശം ദൈവത്തിനാണെന്ന് അത് പ്രഖ്യാപിക്കുന്നു. മനുഷ്യന് കൈവശാവകാശമേയുള്ളൂ. അതും അനിയന്ത്രിതമല്ല. ദൈവ നിർദേശങ്ങൾക്ക് വിധേയമാണ്. മുതലാളിത്ത വ്യവസ്ഥയിൽ സമ്പത്തിന്റെ ഉടമാവകാശം വ്യക്തികൾക്കാണല്ലോ. സോഷ്യലിസ്റ്റ് വ്യവസ്ഥയിൽ സമൂഹത്തിനാണ്, ഫലത്തിൽ ഭരണകൂടത്തിന്. ഇസ്ലാമിക വ്യവസ്ഥയിൽ ദൈവനിശ്ചിതമായ സാമൂഹ്യ താൽപര്യങ്ങളാൽ നിയന്ത്രിതമായ വ്യക്തി ഉടമാവകാശമാണുള്ളത്.

സമ്പത്തിനോട് താൽപര്യമില്ലാത്ത ആരുമുണ്ടാവില്ല. എന്നാൽ ചിലർക്ക് അതിനോട് അമിതമായ ആസക്തിയായിരിക്കും. അതിരുകളില്ലാത്ത ആർത്തി. മനുഷ്യന്റെ ഇൗ പ്രകൃതത്തെ ഖുർആൻ ഇങ്ങനെ അനാവരണം ചെയ്യുന്നു: “”പാരമ്പര്യമായിക്കിട്ടിയ സ്വത്ത് നിങ്ങൾ വാരിക്കൂട്ടി വെട്ടിവിഴുങ്ങുകയും ചെയ്യുന്നു. ധനത്തെ നിങ്ങൾ അതിരറ്റ് സ്നേഹിക്കുന്നു.” (89:19,20)

രണ്ട് സ്വർണത്താഴ്വരകൾ ലഭിച്ചാൽ മൂന്നാമതൊന്ന് കൊതിക്കുന്നതാണ് മനുഷ്യപ്രകൃതമെന്ന് പ്രവാചകനും പറയുന്നു. സകാത്ത് സമ്പത്തിനോടുള്ള ഇൗ അമിതാവേശത്തിൽ നിന്നും ആർത്തിയിൽ നിന്നും മനുഷ്യനെ മോചിപ്പിക്കുന്നു. സമ്പത്തിന്റെ യഥാർഥ ഉടമാവകാശി താനല്ലെന്ന് അവനെ ബോധ്യപ്പെടുത്തുന്നു. ഇങ്ങനെ അത് വ്യക്തിയെ സംസ്കരിക്കുന്നു. സ്വാർഥതക്ക് അറുതി വരുത്തി സാമൂഹ്യപ്രതിബദ്ധതയുള്ളവനാക്കി പരിവർത്തിപ്പിക്കുന്നു.

സമ്പത്ത് ശുദ്ധവും അനുവദനീയവുമാകണമെന്ന് ഇസ്ലാമിന് നിർബന്ധമുണ്ട്. നിഷിദ്ധവും ചീത്തയുമായ ആഹാരം കഴിക്കുന്നവരുടെ പ്രാ
ർഥനകളും ആരാധനാകർമങ്ങളും ദൈവത്തിങ്കൽ സ്വീകാര്യമാവുകയില്ലെന്നും അത് ഉൗന്നിപ്പറയുന്നു. സമ്പത്തിൽ നിന്ന് അതിന്റെ നിശ്ചിത വിഹിതമായ സകാത്ത് നൽകിയാൽ മാത്രമേ അത് ശുദ്ധവും അനുവദനീയവുമാവുകയുള്ളൂ.

ദരിദ്രർ, അഗതികൾ, കടബാധിതർ തുടങ്ങി സമൂഹത്തിലെ ഏറ്റവും കൂടുതൽ അവശതയനുഭവിക്കുന്ന പരമ ദരിദ്രരാണ് സകാത്തിന്റെ അവകാശികളെന്ന് ഖുർആൻ വ്യക്തമാക്കുന്നു. അങ്ങനെ സകാത്ത് ദാരിദ്ര്യ നിർമാർജനത്തിനും സാമൂഹ്യനീതി സ്ഥാപിക്കാനും വഴിയൊരുക്കുന്നു.

സൂക്ഷിച്ചു വെക്കുന്ന ധനത്തിന് ഒാരോ വർഷവും രണ്ടര ശതമാനം സകാത്ത് നൽകണം. അതുകൊണ്ടുതന്നെ പ്രത്യുൽപാദനപരമായ മാർഗത്തിൽ ഉപയോഗിക്കാതെ കെട്ടിപ്പൂട്ടി വെക്കുന്ന സമ്പത്ത് കുറഞ്ഞു കൊണ്ടേയിരിക്കും. ഒരു കാരണവശാലും പണം ഉപയോഗിക്കപ്പെടാതെ കിടക്കരുതെന്നതാണ് ഇത് നൽകുന്ന സന്ദേശം.

സാധാരണഗതിയിൽ മൂലധനം വരുമാനത്തിന്റെ അടിസ്ഥാനഘടകമാണെങ്കിൽ വരുമാനത്തിന് പത്ത് ശതമാനമാണ് സകാത്തായി നൽകേണ്ടത്. കാർഷികവിളകളും വാടകക്കെട്ടിടങ്ങളും ഉദാഹരണം. മനുഷ്യാധ്വാനവും മൂലധനവും കൂടിയതാണ് വരുമാനത്തിന്റെ അടിസ്ഥാനമെങ്കിൽ അഞ്ചു ശതമാനമാണ് സകാത്ത്. ഇതിനുദാഹരണം നനച്ചും വളം ചേർത്തുമുണ്ടാക്കുന്ന കാർഷികോൽപന്നങ്ങളാണ്. മനുഷ്യാധ്വാനമാണ് വരുമാനത്തിന്റെ അടിസ്ഥാനമെങ്കിൽ രണ്ടര ശതമാനം സകാത്തായി നൽകണം. ശമ്പളവും കൺസൾട്ടൻസി ഫീസുമെല്ലാം ഉദാഹരണം. കരിങ്കൽ കോറികൾ, ഖനിജങ്ങൾ പോലുള്ള മനുഷ്യാധ്വാനവും മൂലധനവുമില്ലാത്ത വരുമാനങ്ങൾക്ക് ഇരുപത് ശതമാനം സകാത്ത് നൽകണം.

നിശ്ചിത പരിധിക്കപ്പുറം സമ്പത്തോ വരുമാനമോ ഉള്ളവർ നിർബന്ധമായും സകാത്ത് നൽകണം. ഇസ്ലാമിക രാഷ്ട്രമാണെങ്കിൽ ഭരണകൂടവും അതില്ലാത്തിടങ്ങളിൽ കമ്മറ്റികൾ രൂപീകരിച്ചുമാണ് സകാത്ത് ശേഖരിച്ച് വിതരണം ചെയ്യേണ്ടത്. അതുകൊണ്ടുതന്നെ സകാത്ത്ദാതാവിനോട് ഗുണഭോക്താവിന് ഒരു വിധ കടപ്പാടും ഉണ്ടാവുകയില്ല. സകാത്ത് ദാതാവിന്റെ ഒൗദാര്യമല്ല; മതപരമായ നിർബന്ധ ബാധ്യതയാണ്. സ്വീകരിക്കുന്നവരെ സംബന്ധിച്ചിടത്തോളം അത് അവരുടെ അവകാശവുമാണ്.

സകാത്തിന് അർഹരായവരെ സ്വയംപര്യാപ്തരാക്കുകയാണ് അത് ചെയ്യുന്നത്, ചെയ്യേണ്ടത്. ഒരുവർഷം സകാത്ത് സ്വീകരിച്ചവൻ അടുത്ത വർഷം സ്വീകരിക്കേണ്ട അവസ്ഥയിലാവാതിരിക്കാനാണ് ശ്രദ്ധിക്കേണ്ടതെന്നർഥം. അതിനാവശ്യമാം വിധം തൊഴിലുപകരണങ്ങൾ നൽകുകയും വരുമാന സാധ്യതകളുണ്ടാക്കി കൊടുക്കുകയുമാണ് വേണ്ടത്. അത് സാധ്യമാകും വിധം സകാത്ത് സംവിധാനം വ്യവസ്ഥാപിതവും ആസൂത്രിതവുമാകണമെന്നതാണ് ഇസ്ലാമിന്റെ അനുശാസനം. ഇസ്ലാമിന്റെ സുവർണ കാലത്ത് സകാത്തിലൂടെ ദാരിദ്ര്യ നിർമാർജനം സാധ്യമാവുകയും തദ്ഫലമായി സകാത്ത് സ്വീകരിക്കാൻ അർഹരായ ആരുമില്ലാത്ത അവസ്ഥയുണ്ടാവുകയും ചെയ്തതായി ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്.

കേരളത്തിൽ ബൈതുസ്സകാത്ത് (സകാത്ത് ഹൗസ്)പോലുള്ള സാമൂഹ്യ സംവിധാനങ്ങൾ കോടിക്കണക്കിന് രൂപ സകാത്തായി ശേഖരിച്ച് ദരിദ്രരുടെ വീട് നിർമാണം, തൊഴിൽ, ചികിത്സ, കട ബാധ്യത തീർക്കൽ, വിദ്യാഭ്യാസ സഹായം പോലുള്ളവക്കായി ചെലവഴിച്ച് വരുന്നു.

സമൂഹത്തിൽ നിന്നും നാട്ടിൽനിന്നും ദാരിദ്ര്യം നിർമാർജനം ചെയ്യാൻ സാധിക്കും വിധം സകാത്ത് ശേഖരണവും വിതരണവും ശാസ്ത്രീയവും വ്യവസ്ഥാപിതവും ആസൂത്രിതവുമാകേണ്ടതുണ്ട്. ( തുടരും)

Related Articles