Current Date

Search
Close this search box.
Search
Close this search box.

ദൈവവിധിയും മനുഷ്യേഛയും

അല്ലാഹു സർവ്വജ്ഞനാണ്. കാലഭേദം അവന്റെ അറിവിന് ബാധകമല്ല.അത് കാലാതീതമാണ്. അവന്റെ അറിവിൽ നിന്ന് മറഞ്ഞു നിൽക്കുന്ന ഒന്നുമില്ല. അല്ലാഹു പറയുന്നു: ”ബോധപൂർവമല്ലാതെ പറഞ്ഞുപോകുന്ന ശപഥങ്ങളുടെ പേരിൽ അല്ലാഹു നിങ്ങളെ പിടികൂടുകയില്ല. എന്നാൽ നിങ്ങൾ മനപ്പൂർവം പ്രവർത്തിച്ചതിന്റെ പേരിൽ അല്ലാഹു ശിക്ഷിക്കും. അല്ലാഹു ഏറെ പൊറുക്കുന്നവനും ക്ഷമിക്കുന്നവനുമാണ്.”(2:225)

”അല്ലാഹു; അവനല്ലാതെ ദൈവമില്ല. അവൻ എന്നെന്നും ജീവിച്ചിരിക്കുന്നവൻ; എല്ലാറ്റിനെയും പരിപാലിക്കുന്നവൻ; മയക്കമോ ഉറക്കമോ അവനെ ബാധിക്കുകയില്ല. ആകാശഭൂമികളിലുള്ളതൊക്കെയും അവന്റേതാണ്. അവന്റെ അടുക്കൽ അനുവാദമില്ലാതെ ശിപാർശ ചെയ്യാൻ കഴിയുന്നവനാര്? അവരുടെ മുന്നിലുള്ളതും പിന്നിലുള്ളതും അവനറിയുന്നു. അവന്റെ അറിവിൽനിന്ന് അവനിഛിക്കുന്നതല്ലാതെ അവർക്കൊന്നും അറിയാൻ സാധ്യവുമല്ല. അവന്റെ ആധിപത്യം ആകാശഭൂമികളെയാകെ ഉൾക്കൊണ്ടിരിക്കുന്നു. അവയുടെ സംരക്ഷണം അവന്നൊട്ടും ഭാരമാവുന്നില്ല. അവൻ അത്യുന്നതനും മഹാനുമാണ്.” (2:255)
”അഭൗതിക കാര്യങ്ങളുടെ താക്കോലുകൾ അല്ലാഹുവിന്റെ വശമാണ്. അവനല്ലാതെ അതറിയുകയില്ല. കരയിലും കടലിലുമുള്ളതെല്ലാം അവനറിയുന്നു. അവനറിയാതെ ഒരിലപോലും പൊഴിയുന്നില്ല. ഭൂമിയുടെ ഉൾഭാഗത്ത് ഒരു ധാന്യമണിയോ പച്ചയും ഉണങ്ങിയതുമായ ഏതെങ്കിലും വസ്തുവോ ഒന്നും തന്നെ വ്യക്തമായ മൂലപ്രമാണത്തിൽ രേഖപ്പെടുത്താത്തതായി ഇല്ല”.(6:59)
”നിങ്ങളുടെ ശപഥങ്ങൾക്കുള്ള പരിഹാരം അല്ലാഹു നിങ്ങൾക്കു നിശ്ചയിച്ചു തന്നിരിക്കുന്നു. അല്ലാഹുവാണ് നിങ്ങളുടെ രക്ഷകൻ. സർവജ്ഞനും യുക്തിമാനുമാണ് അവൻ”.(66:2)

”തന്റെ ജനം അദ്ദേഹത്തോട് തർക്കത്തിലേർപ്പെട്ടു. അപ്പോൾ അദ്ദേഹം ചോദിച്ചു: അല്ലാഹുവിന്റെ കാര്യത്തിലാണോ നിങ്ങളെന്നോടു തർക്കിക്കുന്നത്? അവനെന്നെ നേർവഴിയിലാക്കിയിരിക്കുന്നു. നിങ്ങൾ അവന്റെ പങ്കാളികളാക്കുന്ന ഒന്നിനെയും ഞാൻ പേടിക്കുന്നില്ല. എന്റെ നാഥൻ ഇഛിക്കുന്നതല്ലാതെ ഒന്നും ഇവിടെ സംഭവിക്കുകയില്ല. എന്റെ നാഥന്റെ അറിവ് എല്ലാറ്റിനെയും ഉൾക്കൊള്ളുന്നു. എന്നിട്ടും നിങ്ങൾ ചിന്തിച്ചു മനസ്സിലാക്കുന്നില്ലേ?”(6:80)
അല്ലാഹുവിന്റെ അറിവിന് ഒട്ടും പിഴവ് പറ്റുകയില്ല. അഥവാ അല്ലാഹുവിന്റെ അറിവനുസരിച്ച് മാത്രമേ ലോകത്ത് എന്തും നടന്നിട്ടുള്ളൂ. നടക്കുന്നുള്ളൂ. നടക്കുകയുള്ളൂ.

മനുഷ്യന്റെ ഭാഗധേയം രൂപപ്പെടുത്തുന്നതിൽ നമ്മുടെ ജീവിതപശ്ചാത്തലത്തിനും കുടുംബപാരമ്പര്യത്തിനും ശാരീരികപ്രകൃതത്തിനും അനൽപമായ പങ്കുണ്ട്. ആ അർഥത്തിൽ നമ്മുടെ ഭാഗധേയം നിർണിതമാണ്. എല്ലാം തീരുമാനിക്കപ്പെട്ടതാണ്, ദൈവവിധി അലംഘനീയവുമാണ്. അഥവാ ദൈവനിശ്ചിതമാണ്. ആ ദൈവഹിതത്തെ മറികടക്കാൻ ആർക്കും സാധ്യമല്ല. അല്ലാഹു പറയുന്നു:
”നിങ്ങളെയും നിങ്ങൾ ഉണ്ടാക്കുന്നതിനെയും സൃഷ്ടിച്ചത് അല്ലാഹുവാകുന്നു.” (37:96)
”അല്ലാഹു താൻ ഇഛിക്കുന്നവരെ ദുർമാർഗത്തിലാക്കുന്നു. താൻ ഉദ്ദേശിക്കുന്നവരെ നേർവഴിയിലുമാക്കുന്നു.”(6:39)
”അല്ലാഹു വഴിതെറ്റിച്ചവരെ നേർവഴിയിലാക്കാൻ നിങ്ങൾ ഉദ്ദേശിക്കുന്നുവോ? ആരെ അല്ലാഹു വഴിതെറ്റിച്ചുവോ അവന് നീ ഒരു വഴിയും കണ്ടെത്തുകയില്ല.”(4:88)
”നിന്റെ നാഥൻ ഉദ്ദേശിച്ചിരുന്നുവെങ്കിൽ ഭൂതലത്തിലുള്ളവർ മുഴുക്കെ വിശ്വാസികളാകുമായിരുന്നു. എന്നിട്ടും ജനങ്ങളെ വിശ്വാസികളാക്കാൻ നീ നിർബന്ധിക്കുകയാണോ? എന്നാൽ ദൈവത്തിന്റെ അനുമതിയില്ലാതെ ആർക്കും വിശ്വാസിയാവുക സാധ്യമല്ല”.(10:99)
”അവിശ്വസിച്ചവരോ, യഥാർഥത്തിൽ നീ അവരെ താക്കീത് ചെയ്യുന്നതും ചെയ്യാതിരിക്കുന്നതും സമമാണ്. അവരുടെ ഹൃദയങ്ങളും കാതുകളും അല്ലാഹു മുദ്ര വെച്ചിരിക്കുന്നു. അവരുടെ കാഴ്ചകളുടെ മേൽ ആവരണം വീണിരിക്കുന്നു. അവർക്ക് കഠിനമായ ശിക്ഷയുണ്ട്.”(2:6,7)
”ഭൂമിയിലോ നിങ്ങൾക്ക് തന്നെയോ ഭവിക്കുന്ന ഒരു ആപത്തുമില്ല, നാമത് സൃഷ്ടിക്കുന്നതിന് മുമ്പ് ഒരു ഗ്രന്ഥത്തിൽ രേഖപ്പെടുത്തിവെച്ചിട്ടല്ലാതെ. അവ്വിധം ചെയ്യുക അല്ലാഹുവിന് അതിലളിതമാകുന്നു.”(57:22)
”ആകാശഭൂമികളുടെ താക്കോലുകൾ അവന്റെ അധീനതയിലാണ്. അവനുദ്ദേശിക്കുന്നവർക്ക് അളവറ്റ വിഭവങ്ങൾ നൽകുന്നു. അവനിഛിക്കുന്നവർക്ക് അതിൽ കുറവ് വരുത്തുന്നു. അവൻ സകല സംഗതികളും നന്നായറിയുന്നവനാണ്.” (42:12)
ഈ സൂക്തങ്ങളിലൂടെ അല്ലാഹുവിന് എല്ലാം അറിയാമെന്നും അവന്റെ വിധി അലംഘനീയമാണെന്നും ഖുർആൻ വ്യക്തമാക്കുന്നു. എന്നാൽ അല്ലാഹുവിന്റെ അറിവോ വിധിയോ മനുഷ്യന്റെ സ്വതന്ത്രേഛയെയും തീരുമാനിക്കാനും തെരഞ്ഞെടുക്കാനുമുള്ള സാധ്യതയെയും സ്വാതന്ത്ര്യത്തെയും ഒരിക്കലും ബാധിക്കുകയില്ല. അഥവാ, മനുഷ്യന് ദൈവം തന്നെ അനുവദിച്ചുകൊടുത്ത സ്വയം നിർണയാവകാശത്തെയും വിവേചനാധികാരത്തെയും സ്വാതന്ത്ര്യത്തെയും റദ്ദ് ചെയ്യുന്നതല്ല അല്ലാഹുവിന്റെ വിധിയും വിജ്ഞാനവും. ഈ വസ്തുത അടുത്ത അധ്യായത്തിൽ വിശദമായി വിവരിക്കുന്നുണ്ട്.

സ്വതന്ത്രേഛ

സാംഹാരിസും രവിചന്ദ്രനുമുൾപ്പെടെ നാസ്തികർ സ്വതന്ത്രേഛയെ നിരാകരിക്കുമ്പോൾ എല്ലാ മനുഷ്യർക്കും സ്വതന്ത്രേഛയുണ്ടെന്ന് ഇസ്‌ലാം സമർഥിക്കുന്നു. അതിന്റെ നിർവിഘ്‌നമായ നിർവഹണം ജന്തുപരമാണ്. അങ്ങനെ ചെയ്യുന്നവർ ഇഛകളെ നിരുപാധികം പിന്തുടരുന്നതിനാൽ അവയെ ദൈവമാക്കുന്നവരാണെന്ന് ഖുർആൻ വിമർശിക്കുന്നു.

”തന്റെ ഇഛയെ ദൈവമാക്കിയവനെ നീ കണ്ടോ? എന്നിട്ടും അവനെ നേർവഴിയിലാക്കുന്ന ബാധ്യത നീ ഏൽക്കുകയോ?”(25:43,45:23)
ഇഛകളെ പിന്തുടരുന്നവരെയും പ്രാവർത്തികമാക്കുന്നവരെയും ഗ്രാമ്യമായ മലയാളത്തിൽ താന്തോന്നികൾ എന്നാണല്ലോ പറയുക. അവ്വിധം ഇഛാനുസാരികളാകുന്നതിനെ ഇസ്‌ലാം കണിശമായി വിലക്കുന്നു. ദൈവിക നിയമനിർദേശങ്ങളുടെയും വിധിവിലക്കുകളുടെയും ദൈവപ്രോക്തമൂല്യങ്ങളുടെയും അടിസ്ഥാനത്തിൽ സൂക്ഷ്മമായി പരിശോധിച്ചും വിലയിരുത്തിയും മാത്രമേ ഇഛകളെ സ്വീകരിക്കുകയും പിന്തുടരുകയും ചെയ്യാവൂ എന്ന് ഇസ്‌ലാം നിഷ്‌കർഷിക്കുന്നു. അഥവാ, നന്മതിന്മകളുടെയും ശരിതെറ്റുകളുടെയും ന്യായാന്യായങ്ങളുടെയും അരിപ്പയിലൂടെ അരിച്ചെടുത്തശേഷം മാത്രമാണ് അവ സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യേണ്ടത്. അങ്ങനെ ചെയ്യാതെ സ്വന്തം ഇഛകളെയും മറ്റുള്ളവരുടെ ഇഛകളെയും പിൻപറ്റുന്നത് കണിശമായി വിലക്കുകയും ചെയ്യുന്നു. അത് ഗുരുതരമായ തെറ്റും കുറ്റവുമാണ്.

അല്ലാഹു അറിയിക്കുന്നു:
”അഥവാ, അവർ നിനക്ക് ഉത്തരം നൽകുന്നില്ലെങ്കിൽ അറിയുക: തങ്ങളുടെ ഇഛകളെ മാത്രമാണ് അവർ പിൻപറ്റുന്നത്. അല്ലാഹുവിൽനിന്നുള്ള മാർഗദർശനമൊന്നുമില്ലാതെ ഇഛകളെ പിൻപറ്റുന്നവനേക്കാൾ വഴിപിഴച്ചവനായി ആരുമില്ല. സംശയമില്ല; അല്ലാഹു അക്രമികളായ ജനത്തെ നേർവഴിയിലാക്കുകയില്ല.”(28:50)
”എന്നാൽ ആർ തന്റെ നാഥന്റെ പദവിയെ പേടിക്കുകയും ആത്മാവിനെ ഇഛകളിൽ നിന്ന് വിലക്കി നിർത്തുകയും ചെയ്തുവോ,ഉറപ്പായും അവന്റെ മടക്കസ്ഥാനം സ്വർഗമാണ്.” (79:40)
”എന്നാൽ അക്രമം പ്രവർത്തിച്ചവർ ഒരുവിധ വിവരവുമില്ലാതെ തങ്ങളുടെതന്നെ ഇഛകളെ പിൻപറ്റുകയാണ്.”(30:29)
”പറയുക: സംശയമില്ല. ദൈവിക മാർഗദർശനമാണ് സത്യദർശനം. നിനക്കു യഥാർഥ ജ്ഞാനം ലഭിച്ചശേഷം നീ അവരുടെ ഇഛകളെ പിൻപറ്റിയാൽ പിന്നെ അല്ലാഹുവിൽനിന്ന് നിന്നെ രക്ഷിക്കാൻ ഏതെങ്കിലും കൂട്ടാളിയോ സഹായിയോ ഉണ്ടാവുകയില്ല.”(2:120)
”ഈ സത്യമായ അറിവ് ലഭിച്ചശേഷവും നീ അവരുടെ ഇഛകളെ പിൻപറ്റിയാൽ ഉറപ്പായും നീയും അക്രമികളുടെ കൂട്ടത്തിൽ പെട്ടുപോകും.” (2:145)
”നമ്മുടെ തെളിവുകളെ കള്ളമാക്കി തള്ളിയവരുടെയും പരലോകത്തിൽ വിശ്വസിക്കാത്തവരുടെയും തങ്ങളുടെ നാഥന് തുല്യരെ സങ്കൽപിച്ചവരുടെയും ഇഛകളെ പിൻപറ്റരുത്.” (6:150)
”തങ്ങളുടെ നാഥന്റെ പ്രീതി പ്രതീക്ഷിച്ച് രാവിലെയും വൈകുന്നേരവും അവനോട് പ്രാർഥിച്ചുകൊണ്ടിരിക്കുന്നവരോടൊപ്പം നീ നിന്റെ മനസ്സിനെ ഉറപ്പിച്ചുനിർത്തുക. ഇഹലോക ജീവിതത്തിന്റെ മോടി തേടി നിന്റെ കണ്ണുകൾ അവരിൽനിന്നും തെറ്റിപ്പോവാതിരിക്കട്ടെ. നമ്മുടെ സ്മരണയെ സംബന്ധിച്ച് അശ്രദ്ധരാവുന്നവനെയും സ്വന്തം ഇഛകളെ പിൻപറ്റുന്നവനെയും പരിധി ലംഘിച്ച് ജീവിക്കുന്നവനെയും നീ അനുസരിച്ചുപോകരുത്.”(18:28)
നീതിനിർവഹണത്തിൽ ഈ ഇസ്‌ലാമികനിർദേശം എത്രമേൽ പ്രധാനമാണെന്ന് അല്പം ആലോചിക്കുന്ന ഏവർക്കും അനായാസം ബോധ്യമാവും.
”വിശ്വസിച്ചവരേ, നിങ്ങൾ നീതി നടത്തി അല്ലാഹുവിനുവേണ്ടി സാക്ഷ്യം വഹിക്കുന്നവരാവുക. അത് നിങ്ങൾക്കോ നിങ്ങളുടെ മാതാപിതാക്കൾക്കോ അടുത്ത ബന്ധുക്കൾക്കോ എതിരായിരുന്നാലും. കക്ഷി ധനികനോ ദരിദ്രനോ എന്നു നോക്കേണ്ടതില്ല. ഇരുകൂട്ടരോടും കൂടുതൽ അടുപ്പമുള്ളവൻ അല്ലാഹുവാണ്. അതിനാൽ നിങ്ങൾ സ്വന്തം ഇഛകളുടെ പേരിൽ നീതി നടത്താതിരിക്കരുത്. വസ്തുതകൾ വളച്ചൊടിക്കുകയോ സത്യത്തിൽനിന്ന് തെന്നിമാറുകയോ ചെയ്യുകയാണെങ്കിൽ അറിയുക. തീർച്ചയായും നിങ്ങൾ ചെയ്യുന്നതിനെപ്പറ്റിയെല്ലാം സൂക്ഷ്മമായി അറിയുന്നവനാണ് അല്ലാഹു.” (4:135)
അല്ലാഹു പറഞ്ഞു: ”അല്ലയോ ദാവൂദ്, നിശ്ചയമായും നിന്നെ നാം ഭൂമിയിൽ നമ്മുടെ പ്രതിനിധിയാക്കിയിരിക്കുന്നു. അതിനാൽ ജനങ്ങൾക്കിടയിൽ നീതിപൂർവം ഭരണം നടത്തുക. സ്വന്തം ഇഛയെ പിൻപറ്റരുത്. അത് നിന്നെ അല്ലാഹുവിന്റെ മാർഗത്തിൽ നിന്ന് തെറ്റിക്കും. അല്ലാഹുവിന്റെ മാർഗത്തിൽനിന്ന് തെറ്റിപ്പോകുന്നവർക്ക് കഠിനമായ ശിക്ഷയുണ്ട്. അവർ വിചാരണനാളിനെ മറന്നു കളഞ്ഞതിനാലാണിത്.”(38:26)

എല്ലാ മനുഷ്യർക്കും സ്വതേന്ത്രഛ ഉള്ളതിനാലാണ് ഇത്തരം വിധി വിലക്കുകളും നിയമനിർദേശങ്ങളും അനിവാര്യമായിത്തീരുന്നത്.
സയ്യിദ് അബുൽ അഅ്‌ലാ മൗദൂദി എഴുതുന്നു: ”പിഴച്ച വഴിയിലൂടെ ചരിക്കാൻ ആഗ്രഹിക്കുന്നവരെ എങ്ങനെയെങ്കിലും സന്മാർഗത്തിൽ നടത്തുക അല്ലാഹുവിന്റെ രീതിയല്ല. അവനെ ധിക്കരിക്കാൻ ധൃഷ്ടരാകുന്നവർക്ക് ബലാത്കാരം സന്മാർഗം അരുളുക എന്നതും അവന്റെ സമ്പ്രദായമല്ല. ഒരു വ്യക്തിയുടെ അല്ലെങ്കിൽ സമുദായത്തിന്റെ മാർഗഭ്രംശത്തിന്റെ തുടക്കം അല്ലാഹുവിങ്കൽ നിന്നല്ല. മറിച്ച് ആ വ്യക്തിയിൽ നിന്നോ സമുദായത്തിൽ നിന്നോ തന്നെയാണ്. ദുർമാർഗം ഇഷ്ടപ്പെടുന്നവരെ സന്മാർഗത്തിലേക്ക് വലിച്ചിഴക്കാതെ ഓരോരുത്തരും ആഗ്രഹിക്കുന്ന മാർഗത്തിലേക്ക് വ്യതിചലിച്ച് പോകാൻ സൗകര്യം ചെയ്തു കൊടുക്കുക എന്നതാണ് അല്ലാഹുവിന്റെ നിയമം. അല്ലാഹു മനുഷ്യന് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം (freedom of choice) നൽകിയിട്ടുണ്ട്. ഇനി തീരുമാനമെടുക്കുക ഓരോ മനുഷ്യന്റെയും മനുഷ്യസമൂഹത്തിന്റെയും കർത്തവ്യമാണ്. അയാൾക്ക് വേണമെങ്കിൽ തന്റെ നാഥനെ അനുസരിക്കാം, അല്ലെങ്കിൽ ധിക്കരിക്കാം. ദുർമാർഗങ്ങളിലേതിലൂടെയെങ്കിലും ചരിക്കാൻ ആഗ്രഹിക്കുകയാണെങ്കിൽ അങ്ങനെ ചെയ്യാം. സന്മാർഗം ഇഷ്ടപ്പെടുന്നുവെങ്കിൽ അത് സ്വീകരിക്കാം. ഈ തെരഞ്ഞെടുപ്പിൽ അല്ലാഹുവിന്റെ ഭാഗത്ത് നിന്ന് ഒരു ബലാൽക്കാരവുമില്ല. വല്ലവരും സന്മാർഗവും അല്ലാഹുവിനോട് വിധേയത്വവും സ്വീകരിക്കുമ്പോൾ അവരെ നിർബന്ധിച്ച് ദുർമാർഗത്തിലേക്കും ദൈവ ധിക്കാരത്തിലേക്കും തിരിച്ചു വിടുന്ന പ്രശ്‌നമില്ല. അപ്രകാരം വല്ലവരും ദൈവ ധിക്കാരവും ദുർമാർഗവും സ്വായത്തമാക്കാൻ തീരുമാനിച്ചാൽ അവരെ ബലാൽകാരം സന്മാർഗത്തിലേക്കും അനുസരണത്തിലേക്കും കൊണ്ടുവരലും അല്ലാഹുവിന്റെ രീതിയല്ല.” (തഫ്ഹീമുൽ ഖുർആൻ. അദ്ധ്യായം:61. അടിക്കുറിപ്പ്:5)

വീണ്ടും എഴുതുന്നു: ”സ്വയം ദുർമാർഗം ആഗ്രഹിക്കുകയും ദുർമാർഗം തേടുന്ന പ്രവർത്തനങ്ങളിൽ നിരതനാവുകയും ബുദ്ധിയും അധ്വാനവും എല്ലാം ആ വഴിക്ക് മുന്നേറുന്നതിന് വേണ്ടിത്തന്നെ വ്യയം ചെയ്തുകൊണ്ടിരിക്കുകയും ചെയ്യുന്ന ഒരുവനെ ബലാൽകാരം സന്മാർഗത്തിലേക്ക് പിടിച്ചു തിരിക്കുക എന്നത് അല്ലാഹുവിന്റെ നിയമത്തിനു വിരുദ്ധമാണ്. കാരണം അത് പരീക്ഷയുടെയും പരീക്ഷണത്തിന്റെയും ലക്ഷ്യത്തെ പാഴാക്കിക്കളയും. എന്നാൽ മനുഷ്യന് ഈ ലോകത്ത് തെരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യം നൽകപ്പെട്ടത് ഈ പരീക്ഷണത്തിനും പരീക്ഷക്കും വേണ്ടിയാണ്. കൂടാതെ ബലാൽകാരം മൂലം സന്മാർഗം സ്വീകരിക്കുന്ന മനുഷ്യൻ അതിന്റെ പേരിൽ എന്തെങ്കിലും പ്രതിഫലത്തിന് അർഹനാകുന്നതിന് യുക്തിസഹമായ ഒരു ന്യായീകരണവുമില്ല. ബലാൽകാരമായി സന്മാർഗത്തിലാക്കപ്പെടാത്തത് മൂലം ദുർമാർഗത്തിൽ പതിച്ച മനുഷ്യൻ ശിക്ഷാർഹനാകുന്നതിനും ന്യായമില്ല.” (തഫ്ഹീമുൽ ഖുർആൻ. അധ്യായം: 61. അടിക്കുറിപ്പ്:5) ( തുടരും )

???? To Join Whatsapp Group ????: https://chat.whatsapp.com/BxliWKickAyDu0ikv75WY5

Related Articles