Current Date

Search
Close this search box.
Search
Close this search box.

നാസ്തികരും ഇമാം അബൂ ഹനീഫയും

“പ്രപഞ്ചത്തിൻറെ സ്രഷ്ടാവ് ദൈവമാണെന്നാണല്ലോ നിങ്ങളുടെ വിശ്വാസം. എന്നാൽ ദൈവത്തിൻറെ സ്രഷ്ടാവ് ആരാണ്? എല്ലാറ്റിനും സ്രഷ്ടാവ് വേണമെങ്കിൽ ദൈവത്തിനും വേണ്ടേ സ്രഷ്ടാവ്?”

ഭരണാധികാരി മൻസ്വൂറിൻറെ സംവാദ സദസ്സിൽ റോമിൽ നിന്ന് വന്ന നാസ്തികൻ ചോദിച്ചു.
ഇതുകേട്ട ഇമാം അബൂ ഹനീഫ അദ്ദേഹത്തോട് തിരിച്ച് ചോദിച്ചു:”നിങ്ങൾക്ക് എണ്ണാനറിയുമോ?”
“ഞാൻ സ്കൂൾ വിദ്യാർഥിയാണോ എന്നെ എണ്ണം പഠിപ്പിക്കാൻ?”അയാൾ പരിഹാസത്തോടെ ചോദിച്ചു.
“അപ്പോൾ നിങ്ങൾക്ക് എണ്ണാനറിയാം അല്ലേ? എന്നാൽ ഒന്ന് എന്ന സംഖ്യയുടെ മുമ്പുള്ള സംഖ്യ ഏതാണ് ?”അബൂ ഹനീഫ ചോദിച്ചു.
“ഒന്നിൻറെ മുമ്പ് സംഖ്യയോ? ഒന്ന് ആദ്യ സംഖ്യ അല്ലേ?”
“ഗണിതശാസ്ത്രത്തിൽ ഒന്നിന് മുമ്പ് മറ്റൊരു സംഖ്യ സങ്കൽപ്പിക്കാൻ നിങ്ങൾക്ക് സാധ്യമല്ല. എന്നാൽ അതുതന്നെയാണ് ഏകനായ ദൈവത്തിൻറെ സ്ഥിതിയും.

ഒന്നിനു മുമ്പ് മറ്റൊരു ഒന്ന് ഇല്ലാത്ത പോലെ ദൈവത്തിന് മുമ്പ് മറ്റൊന്നുമില്ല. ഉണ്ടാവേണ്ടതുമില്ല.”അബൂ ഹനീഫ വിശദീകരിച്ചു.
“ശരി. എന്നാൽ ദൈവത്തിൻറെ മുഖം ഇപ്പോൾ എങ്ങോട്ടാണ് തിരിഞ്ഞിരിക്കുന്നത്?”റോമൻ നാസ്തികൻ പരിഹാസത്തോടെ ചോദിച്ചു.
അബൂ ഹനീഫ ആവശ്യപ്പെട്ടതനുസരിച്ച് അവിടെ ഒരു വിളക്ക് കത്തിച്ച് വെച്ചു. തുടർന്ന് ആ വിളിക്കിൽ നിന്ന് പ്രസരിക്കുന്ന പ്രകാശം ഏത് ഭാഗത്തേക്കാണെന്ന് ചോദിച്ചു.

വെളിച്ചത്തിന് പ്രത്യേക ദിശയില്ലെന്ന് അയാൾ പറഞ്ഞപ്പോൾ അബൂ ഹനീഫ ഇങ്ങനെ വിശദീകരിച്ചു”വിളക്കിൽ നിന്ന് പ്രസരിക്കുന്ന പ്രകാശത്തിൻറെ ദിശാനിർണയം സാധ്യമല്ലെങ്കിൽ പ്രപഞ്ചത്തിൻറെ സ്രഷ്ടാവായ വെളിച്ചങ്ങളുടെ വെളിച്ചത്തിൻറെ ദിശാനിർണയം അസാധ്യമാണെന്ന് പറയേണ്ടതില്ലല്ലോ.”

ഇമാം അബൂഹനീഫ ജനിച്ചത് പതിമൂന്നര നൂറ്റാണ്ട് മുമ്പ് ഹിജ്റ വർഷം എൺപതിലാണ്.
ഇസ്‌ലാമിക സമൂഹം നാസ്തികരെ അഭിമുഖീകരിക്കാനും അവരുമായി സംവാദം നടത്താനും തുടങ്ങിയത് ഇന്നോ ഇന്നലെയോ അല്ല, അതിൻറെ ആദ്യ നൂറ്റാണ്ട് തൊട്ട് തന്നെയാണെന്ന് വ്യക്തമാക്കാൻ മാത്രമാണ് ഈ സംഭാഷണം ഇവിടെ ഉദ്ധരിച്ചത്. മാത്രമല്ല, ഇന്നത്തെപ്പോലെ അന്നും നാസ്തികർ ‘ദൈവത്തെ സൃഷ്ടിച്ചതാര്’ എന്ന ചോദ്യം ഉന്നയിച്ചിരുന്നുവെന്നും ഈ സംഭാഷണം വ്യക്തമാക്കുന്നു.

Related Articles