ദൈവത്തിനല്ലാതെ ആർക്കും കാര്യകാരണ ബന്ധങ്ങൾക്കതീതമായ അഥവാ അഭൗതികമായ അറിവോ കഴിവോ ഇല്ല. ഇക്കാര്യം ഖുർആൻ ഊന്നിപ്പറയുന്നു.
അഭൗതികമായ മാർഗ്ഗത്തിലൂടെ ആർക്കും ഒരു തലവേദനയോ വയറ് വേദനയോ പോലും നൽകാൻ സാധ്യമല്ല. അവ ഭേദമാക്കാനും കഴിയില്ല. ചിലപ്പോഴെല്ലാം ചിലർക്ക് അന്ധവിശ്വാസികളെ മാനസികമായി സ്വാധീനിക്കാൻ സാധിച്ചേക്കും. ആ മാനസികാവസ്ഥ ശരീരത്തെയും ബാധിച്ചേക്കാം.
പ്രശസ്തമായ എല്ലാ അന്ധവിശ്വാസ കേന്ദ്രങ്ങളിലും ആശുപത്രികളുണ്ടെന്നത് ഏറെ ശ്രദ്ധേയമാണ്. അഭൗതികമായ മാർഗ്ഗത്തിലൂടെ ചികിത്സ നടത്തുന്ന സിദ്ധന്മാരെന്നവകാശപ്പെടുന്നവരെല്ലാം തങ്ങൾക്ക് രോഗം വന്നാൽ ആശുപത്രികളിലാണ് പോകാറുള്ളത്. അത്തരക്കാരുടെ അനുയായികളും ഗുരുതരമായ രോഗമുണ്ടാകുമ്പോൾ ഘഡോക്ടർമാരെത്തന്നെയാണ് സമീപിക്കാറുള്ളത്.
അഭൗതിക മാർഗ്ഗത്തിലൂടെ ആർക്കെങ്കിലും എന്തെങ്കിലും ചെയ്യാൻ കഴിയുമായിരുന്നെങ്കിൽ നമ്മുടെ നാട്ടിൽ തെരഞ്ഞെടുപ്പ് ആവശ്യമായി വരുമായിരുന്നില്ല. എതിർ സ്ഥാനാർത്ഥിക്ക് സംസാരിക്കാനോ എഴുന്നേറ്റ് നിൽക്കാനോ സാധ്യമല്ലാത്ത രോഗം നൽകിയാൽ മതിയല്ലോ. അപ്പോൾ യുദ്ധവും ആവശ്യമായി വരില്ല. ശത്രു രാജ്യത്തിൻറെ ഭരണാധികാരികൾക്കും സൈനിക നേതാക്കൾക്കും അമാനുഷ മാർഗ്ഗത്തിലൂടെ മാരകമായ രോഗം നൽകിയാൽ എല്ലാം പരിഹരിക്കുമല്ലോ.
എന്നാൽ കാര്യകാരണ ബന്ധങ്ങൾക്കതീതമായി അത്തരം ഒരു കാര്യവും ചെയ്യാൻ ദൈവത്തിനല്ലാതെ ആർക്കും സാധ്യമല്ലെന്നതാണ് വസ്തുത.
സിദ്ധന്മാരെ വിശ്വസിച്ച് കൊല നടത്തുന്നവരെ പോലീസുകാരിൽ നിന്ന് രക്ഷിക്കാൻ പോലും ആ സിദ്ധന്മാർക്ക് സാധ്യമല്ലെന്ന് ആർക്കാണറിയാത്തത്! സിദ്ധന്മാരെന്ന് അവകാശപ്പെടുന്നവർക്ക് ദിവ്യത്വം കൽപ്പിക്കുന്ന അന്ധവിശ്വാസങ്ങൾക്ക് അറുതി വരുത്താൻ കലർപ്പില്ലാത്ത ഏകദൈവ വിശ്വാസത്തിന് മാത്രമേ സാധിക്കുകയുള്ളൂ. അതംഗീകരിക്കാത്തവരാണ് സിദ്ധന്മാരായി ചമയുന്നതും അവരുടെ ചതിയിൽ കുടുങ്ങുന്നവരും, അവരെ വിശ്വസിച്ച് കൊലപാതകം വരെ നടത്തുന്നവരും. വ്യാജ ചികിത്സാ കേന്ദ്രങ്ങൾ നടത്തുന്നതും അത്തരക്കാർ തന്നെ.