Current Date

Search
Close this search box.
Search
Close this search box.

കെട്ടുകഥകളില്‍ കെട്ടിപ്പടുത്ത ജീവിതദര്‍ശനം

മനുഷ്യനെ സംബന്ധിച്ച ഭൗതികവീക്ഷണത്തിന്റെ അടിസ്ഥാനം പരിണാമവാദമാണ്. എന്നാല്‍ പരിണാമവാദം തെളിയിക്കപ്പെട്ട ശാസ്ത്ര സത്യമോ ചരിത്ര യാഥാര്‍ഥ്യമോ അല്ല. അതിന്റെ ഉപജ്ഞാതാവായി അറിയപ്പെടുന്ന ചാള്‍സ് ഡാര്‍വിന്‍ തന്നെ അത് തെളിയിക്കപ്പെട്ടതായി ഉറപ്പിച്ച് പറയുന്നില്ല. സംശയം പ്രകടിപ്പിക്കുകയാണ് ചെയ്യുന്നത്.

പരിണാമവാദത്തിന്റെ ശക്തനായ വക്താവ് ഡോക്ടര്‍ വി. എസ്. രാമചന്ദ്രന്‍ സ്വത്വത്തെ സംബന്ധിച്ച് ചാള്‍സ് ഡാര്‍വിന്‍ പോലും ചഞ്ചല ചിത്തനായിരുന്നുവെന്ന് വ്യക്തമാക്കുന്നു. അദ്ദേഹം ചാള്‍സ് ഡാര്‍വിനെ ഇങ്ങനെ ഉദ്ധരിക്കുന്നു: ”സൃഷ്ടിയുടെ ഈ പ്രശ്‌നം മനുഷ്യബുദ്ധിക്കും അപ്പുറമാണെന്ന് ഞാന്‍ കരുതുന്നു. ഇതിനേക്കാള്‍ നല്ലത് ഒരു നായ ന്യൂട്ടന്റെ മനസ്സിനെക്കുറിച്ച് ഊഹങ്ങള്‍ പുറപ്പെടുവിക്കുന്നതാണ്. ഓരോ മനുഷ്യനും അയാളുടെ കഴിവിനനുസരിച്ച് പ്രതീക്ഷിക്കുകയും വിശ്വസിക്കുകയും ചെയ്യട്ടെ.”

മറ്റൊരിടത്ത് പറയുന്നതിങ്ങനെ: ”നമുക്ക് ചുറ്റും രൂപകല്‍പനയുടെയോ ഉദാരതയുടെയോ സൂചനകള്‍ മറ്റുള്ളവര്‍ കാണുന്നത്രയോ ഞാന്‍ ആഗ്രഹിക്കുന്നത്രയോ വ്യക്തമായി കാണാന്‍ എനിക്കാവുന്നില്ല എന്ന് ഞാന്‍ സമ്മതിക്കുന്നു. ലോകത്ത് കïമാനം ദുരിതങ്ങള്‍ ഉള്ളതായിട്ടാണ് എനിക്ക് തോന്നുന്നത്. ഉദാരശീലനും സര്‍വശക്തനുമായ ഒരുദൈവം ജീവനുള്ള ശലഭപ്പുഴുക്കളുടെ ശരീരത്തിനുള്ളില്‍നിന്ന് തുരന്നു തിന്നാനായി ഉദ്ദേശിച്ചുകൊണ്ട് ഇക്ക്യുന്യൂമോനിഡെ (പരാന്നഭോജിയായ ഒരിനം കടന്നല്‍) വര്‍ഗത്തെ സൃഷ്ടിച്ചുവെന്നോ അല്ലെങ്കില്‍ ഒരു പൂച്ച എലിയെ ഇട്ടു കളിപ്പിച്ച് പീഡിപ്പിക്കുമെന്നോ എനിക്ക് സ്വയം വിശ്വസിക്കാന്‍ സാധിക്കുന്നില്ല. അതേസമയം എനിക്കെന്തായാലും ഈ അത്ഭുതകരമായ പ്രപഞ്ചവും പ്രത്യേകിച്ച് മനുഷ്യന്റെ പ്രകൃതവും മൃഗീയശക്തിയുടെ ഫലമാണ് എന്ന് കണ്ട് തൃപ്തിപ്പെടാനും കഴിയുന്നില്ല.”(മസ്തിഷ്‌കം കഥ പറയുന്നു-പുറം: 453).

മനുഷ്യന്‍ പരിണാമത്തിലൂടെ രൂപപ്പെട്ടതാണെന്ന് തുറന്നു പറയാന്‍ ചാള്‍സ് ഡാര്‍വിന്‍പോലും ധൈര്യപ്പെടുന്നില്ലെന്നര്‍ഥം.

അദ്ദേഹത്തിന്റെ വിഖ്യാത കൃതിയായ ‘ഓണ്‍ ദി ഒറിജിന്‍ ഓഫ് സ്പീഷിസ്’ ആദ്യ പതിപ്പ് പ്രസിദ്ധീകരിച്ചത് 1895ലാണ്. പിന്നീട് അദ്ദേഹത്തിന്റെ കാലത്ത് തന്നെ ആറ് എഡിഷനുകള്‍ പ്രസിദ്ധീകരിച്ചു. വിമര്‍ശനങ്ങളും വിലയിരുത്തലുകളും പരിഗണിച്ച് ഓരോ പതിപ്പിലും പരിഷ്‌കരണങ്ങള്‍ വരുത്തിക്കൊണ്ടിരുന്നു. അവ പരിണാമവാദത്തിന് അനുഗുണമായ തിരുത്തലുകളായിരുന്നില്ല. അതുകൊണ്ട് തന്നെ പരിണാമവാദത്തെ ശാസ്ത്രീയസിദ്ധാന്തമായി കൊണ്ടുനടക്കുന്നവര്‍ ചാള്‍സ് ഡാര്‍വിനെ അവസരവാദിയെന്ന് മുദ്ര കുത്തുന്നു. സമകാലീന ലോകത്തിലെ നാസ്തിക ചിന്തയുടെയും പരിണാമവാദത്തിന്റെയും മുന്നണിയില്‍ നിലയുറപ്പിച്ച റിച്ചാര്‍ഡ് ഡോക്കിന്‍സ് എഴുതുന്നു: ”ആദ്യപതിപ്പ് വായിച്ച് തെറ്റിദ്ധരിച്ച വിദ്യാസമ്പന്നരോടുള്ള പ്രതികരണമെന്നനിലയില്‍ ഡാര്‍വിന്‍ സുപ്രധാനമായ നിരവധി വസ്തുതകള്‍ പരിഷ്‌കരിക്കുകയോ ആദ്യവാദത്തില്‍നിന്ന് പിൻമാറുകയോ ചെയ്തിട്ടുണ്ട്. സത്യത്തില്‍ ആദ്യപതിപ്പില്‍ അദ്ദേഹം ശരിയായി കണ്ടെത്തിയ കാര്യങ്ങളായിരുന്നു പ്രീണനത്തിന്റെ ഭാഗമായി പിന്നീട് തിരുത്തിയത്.” (ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം. ഡി.സി.ബുക്സ്. 2012 ആഗസ്റ്റ്-പുറം: 484 ) സൃഷ്ടിവാദത്തിനെതിരെ നാസ്തികര്‍ അവതരിപ്പിക്കുന്ന പരിണാമവാദത്തിന്റെ ഉപജ്ഞാതാവ് തന്നെ മറ്റുള്ളവരെ പ്രീണിപ്പിക്കാന്‍ ബോധപൂര്‍വം സത്യത്തെ മറച്ചുവെക്കുന്നവനും അസത്യം പ്രചരിപ്പിക്കുന്നവനുമായിരുന്നുവെന്ന് ലോകത്തിലെ ഏറ്റവും പ്രമുഖനായ നാസ്തിക നേതാവ് തുറന്നു പറഞ്ഞിരിക്കുന്നു.

ചാള്‍സ് ഡാര്‍വിന്‍ പരിണാമം എന്ന പദം ഗൗരവപൂര്‍വം ഉപയോഗിച്ചിട്ടില്ലെന്ന് പ്രശസ്ത പരിണാമസാഹിത്യകാരനായ കുഞ്ഞുണ്ണി വര്‍മ്മ സമ്മതിക്കുന്നു.: ”വിഷയത്തിലേക്ക് കടക്കുന്നതിനുമുമ്പ് ഡാര്‍വിനും ‘Evolution’ നുമായുള്ള ബന്ധത്തെ- അല്ലെങ്കില്‍ ബന്ധമില്ലായ്മ
യെക്കുറിച്ച് അറിയുന്നത് രസാവഹമായിരിക്കും. Evolution എന്ന പ്രതിഭാസത്തെക്കുറിച്ചല്ല, പദത്തെക്കുറിച്ചാണ് പറയുന്നത്. ‘പരിണാമ’ത്തിന്റെ ഇംഗ്ലീഷിലെ മൂല രൂപമാണ് Evolution. ഡാര്‍വിന്‍ ഈ വാക്ക് സ്പീഷീസുകളുടെ ഉത്ഭവത്തിന്റെ ആദ്യപതിപ്പുകളില്‍ ഒരു പ്രാവശ്യംപോലും ഉപയോഗിച്ചിട്ടില്ല. 1872ല്‍ വന്ന ആറാംപതിപ്പില്‍ പോലും ഈ വാക്ക് ഉപയോഗിക്കപ്പെട്ടിട്ടുള്ളത് ഉപസംഹാരത്തില്‍ ഒന്നുരണ്ടിടത്ത് മാത്രമാണ്. Evolution പകരം ഡാര്‍വിന്‍ സ്ഥിരമായി ഉപയോഗിച്ചത് Descent with modification അതായത് ‘രൂപഭേദം വഴിയുള്ള വംശോല്പത്തി’എന്നാണ്. ഡാര്‍വിന്റെ പ്രചാരകൻമാരാണ് പ്രത്യേകിച്ചും ഹെര്‍ബര്‍ട്ട് സ്‌പെന്‍സറാണ് Evolution എന്ന വാക്ക് സര്‍വസാധാരണമാക്കിയത്.” (പരിണാമം എങ്ങനെ. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് 2009-പുറം:13).

ഡാര്‍വിന്‍ ഒരു ജീവിവര്‍ഗത്തില്‍ നിന്ന് മറ്റൊരു ജീവിവര്‍ഗം ഉണ്ടാവുന്നതിന് ഒരു തെളിവുപോലും ഉദ്ധരിച്ചിട്ടില്ല. വേഗത കുറഞ്ഞ ചെന്നായകള്‍ വേഗതകൂടിയ ചെന്നായകളായി മാറുന്നത് പോലുള്ള ഉദാഹരണങ്ങള്‍ ഒരിക്കലും പരിണാമത്തിനുള്ള തെളിവല്ലല്ലോ. അദ്ദേഹം തന്റെ പുസ്തകത്തിന് ‘ജീവജാതികളുടെ ഉത്ഭവം’ (Origin of Species) എന്നാണ് പേര് നല്‍കിയതെങ്കിലും ഒരൊറ്റ സ്പീഷ്യസിന്റെ ഉത്ഭവത്തിന് ഒരു തെളിവ്‌പോലും അദ്ദേഹം അതിലെവിടെയും രേഖപ്പെടുത്തിയിട്ടില്ല. ഊഹക്കഥകള്‍ ചേര്‍ക്കുക മാത്രമാണ് ചെയ്തത്. ആഗോള നാസ്തികനേതാവും പരിണാമവാദിയുമായ റിച്ചാര്‍ഡ് ഡോക്കിന്‍സ് ചെയ്തതും അത് തന്നെ. എന്നിട്ട് ഇങ്ങനെയൊരു പ്രസ്താവവും: ”എന്റെ ഈ കുഞ്ഞു കഥയുടെ വിശദാംശങ്ങള്‍ കേവലം ശുദ്ധഭാവന മാത്രമാണ്.” (ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം-പേജ്:313).

ഈ വസ്തുത ലോകപ്രശസ്തരായ പരിണാമവാദികള്‍ തന്നെ തുറന്നു സമ്മതിക്കുന്നുണ്ട്. അമേരിക്കന്‍ പരിണാമജീവശാസ്ത്രജ്ഞനായ ഡൊഗ്ലാസ് ഫുറ്റുയാമ എഴുതുന്നു: ”ദ ഒറിജിന്‍ ഓഫ് സ്പീഷിസ്’ എന്ന കൃതിയില്‍ പുതിയ സ്പീഷീസുകളുടെ ഉത്ഭവം ഡാര്‍വിന്‍ യഥാര്‍ഥത്തില്‍ വിശദീകരിക്കുന്നില്ല എന്നത് ജീവശാസ്ത്രചരിത്രത്തിലെ വിധിവൈപരീത്യങ്ങളിലൊന്നാണ്. ഒരു സ്പീഷ്യസ് മറ്റനേകം സ്പീഷീസുകളായി മാറുന്നതിനെപ്പറ്റിയല്ല ഒരു സ്പീഷീസ് കാലാന്തരത്തില്‍ മാറുന്നതിനെക്കുറിച്ചാണ് അതില്‍ മുഖ്യമായും പ്രതിപാദിക്കുന്നത്.” (ഉദ്ധരണം: എന്‍.എം. ഹുസൈന്‍. പരിണാമസിദ്ധാന്തവും ഉത്തരാധുനികശാസ്ത്രവും-പുറം 62).

ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി പ്രൊഫസറായിരുന്ന പ്രമുഖ ശാസ്ത്രജ്ഞനും പരിണാമ സൈദ്ധാന്തികനുമായ ഏണെസ്റ്റ് മേയര്‍ എഴുതുന്നു: ”ഓണ്‍ ദി ഒറിജിന്‍ ഓഫ് സ്പീഷിസ് എന്ന തന്റെ ഗ്രന്ഥത്തില്‍ സ്പീഷീസിന്റെ ഉത്ഭവത്തെപ്പറ്റി ഡാര്‍വിന്‍ ഒരിക്കലും ചര്‍ച്ച ചെയ്തിട്ടില്ല.” (ഉദ്ധരണം: അതേ പുസ്തകം. പുറം: 62).

പരിണാമവാദത്തിന്റെ ഉപജ്ഞാതാവ് തന്റെ പുസ്തകത്തിന് പേര് നല്‍കിയത്‌പോലും വായനക്കാരെ തെറ്റിദ്ധരിപ്പിക്കും വിധമാണെന്ന് ഇതൊക്കെയും വ്യക്തമാക്കുന്നു. അതോടൊപ്പം പരിണാമവാദത്തിന് തെളിവായി അതിലൊന്നുമില്ലെന്നും പരിണാമവാദികള്‍തന്നെ തുറന്നു സമ്മതിക്കുന്നു.

ജീവവൃക്ഷം
ചാള്‍സ് ഡാര്‍വിന്റെ ഒറിജിന്‍ ഓഫ് സ്പീഷിസില്‍ ഒരൊറ്റ ചിത്രമേ ഉള്ളൂ. അത് ജീവവൃക്ഷത്തി(Tree of Life)ന്റെതാണ്. അതാണ് പരിണാമവാദത്തിന്റെ കേന്ദ്രബിന്ദു. ‘ജീവ വൃക്ഷത്തിന്റെ കാര്യത്തില്‍ ഡാര്‍വിന് അബദ്ധം പറ്റിയിട്ടുണ്ടെന്നും ‘ചാള്‍സ് ഡാര്‍വിന്റെ ജീവവൃക്ഷം അബദ്ധവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെ’ന്നും വിശ്വവിഖ്യാതരായ നിരവധി ശാസ്ത്രജ്ഞര്‍ തെളിയിച്ചതായി പരിണാമവാദം ആഴത്തില്‍ പഠിച്ച് നിരവധി ഗവേഷണഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ച എന്‍.എം. ഹുസൈന്‍ തെളിവുകളുദ്ധരിച്ച് സമര്‍ഥിക്കുന്നു.” (പരിണാമസിദ്ധാന്തവും ഉത്തരാധുനിക ശാസ്ത്രവും).

ഡാര്‍വിന്റെ പരിണാമസിദ്ധാന്തം ശാസ്ത്രീയമായി തെളിയിക്കാന്‍ സാധ്യമല്ലെന്നും അതിനാല്‍ അസ്വീകാര്യമാണെന്നും തുറന്നുപറഞ്ഞ 1035 ശാസ്ത്രജ്ഞരുടെ പട്ടിക എന്‍.എം. ഹുസൈന്‍ തന്റെ പരിണാമസിദ്ധാന്തവും ഉത്തരാധുനിക ശാസ്ത്രവും എന്ന ഗ്രന്ഥത്തില്‍ അനുബന്ധമായി ചേര്‍ത്തിട്ടുണ്ട്. (പുറം: 535-578) പരിണാമവാദത്തിന് ഉത്തരാധുനികശാസ്ത്രത്തിന്റെ പിന്‍ബലമില്ലെന്നുറപ്പ്.

അതുകൊണ്ടുതന്നെയായിരിക്കാം പരിണാമവാദം സ്ഥാപിക്കാനായി ലോകപ്രശസ്ത ഭൗതികശാസ്ത്രജ്ഞന്‍ ഡോക്ടര്‍ വി.എസ്.
രാമചന്ദ്രന്‍ എഴുതിയ മസ്തിഷ്‌കം കഥ പറയുന്നു എന്ന പുസ്തകത്തിന്റെ അവസാന വാചകം ഇവ്വിധമായത്: ”മസ്തിഷ്‌കത്തെയും അത് സൃഷ്ടിക്കുന്ന പ്രപഞ്ചത്തെയും എത്ര ആഴത്തില്‍ മനസ്സിലാക്കിയാലും ഉല്‍പ്പത്തിയെക്കുറിച്ചുള്ള ആത്യന്തിക ചോദ്യങ്ങള്‍ എല്ലാ കാലവും നമ്മോടൊപ്പമുണ്ടാകും എന്ന് മനുഷ്യജീവിയെന്ന നിലയില്‍ താഴ്മയോടെ നാം അംഗീകരിച്ചേ മതിയാകൂ” (പുറം: 453).

മസ്തിഷ്‌കവും മനസ്സും
പരിണാമവാദം സംസാരിക്കുന്നത് ശരീരത്തെ സംബന്ധിച്ചാണ്. അതില്‍ സംഭവിച്ച പരിണാമത്തെപ്പറ്റിയാണ്. ശരീരം പദാര്‍ഥ നിര്‍മിതമാണല്ലോ. അതിനാല്‍ നവനാസ്തികരുടെ വീക്ഷണത്തില്‍ മനുഷ്യനില്‍ പദാര്‍ഥാതീതമായി ഒന്നുമില്ല. അപ്പോള്‍ മനുഷ്യനെ മറ്റു ജീവികളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തനാക്കുന്ന മനസ്സോ? മനുഷ്യനൊഴിച്ചുള്ള ജീവികള്‍ക്കൊന്നും ജൻമവാസനകളെ മറികടക്കാനാവില്ല. ജൻമവാസനകളുടെ കാര്യത്തില്‍ മനുഷ്യനേക്കാള്‍ കഴിവും മികവും പുലര്‍ത്തുന്ന നിരവധി ജീവികളുണ്ട്. ആര്‍ട്ടിക്‌ടേണ്‍ പക്ഷികള്‍ ആര്‍ട്ടിക്കിലെ കാലാവസ്ഥ പ്രതികൂലമാകുമ്പോള്‍ പതിനെണ്ണായിരത്തോളം കിലോമീറ്ററകലെയുള്ള അന്റാര്‍ട്ടിക്കിലേക്ക് അല്പംപോലും വഴി തെറ്റാതെ സഞ്ചരിക്കുന്നു. അന്റാര്‍ട്ടിക്കിലെ അനുകൂല കാലാവസ്ഥയില്‍ കുഞ്ഞുങ്ങളുണ്ടായി അവ വലുതായാല്‍ ആദ്യം കുഞ്ഞുങ്ങള്‍ തിരിച്ചു പറക്കുന്നു. പിന്നെ തള്ളപ്പക്ഷികള്‍ പറക്കുന്നു. അവസാനം
ആണ്‍ പക്ഷികളും. അവയ്‌ക്കൊന്നും അല്പംപോലും വഴിതെറ്റുകയില്ല. ദൂരമറിയാനും കൂട് നിര്‍മിക്കാനുമുള്ള തേനീച്ചയുടെ കഴിവ് വിസ്മയാവഹം തന്നെ. നായക്ക് കേവലം ആറ് മാസത്തെ പരിശീലനം നല്‍കിയാല്‍ ലോകത്തിലെ മുഴുവന്‍ മനുഷ്യരുടെയും ശരീരത്തിന്റെ വാസന തിരിച്ചറിയാന്‍ അനായാസം സാധിക്കും.

എന്നാല്‍ മനുഷ്യരൊഴിച്ചുള്ളവയ്‌ക്കൊന്നും അവയുടെ ജൻമവാസനകളുടെ പരിധിക്ക് പുറത്ത് കടക്കാനാവില്ല. അതിനാലവയ്ക്ക് വളര്‍ച്ചയോ വികാസമോ പുരോഗതിയാ സാധ്യമല്ല. മനുഷ്യന് അതൊക്കെ സാധ്യമാണ്. പഠിക്കാനും മനസ്സിലാക്കാനും അറിയാനുമുള്ള കഴിവാണ് ഇതിന്നാധാരം. മനസ്സാണ് ഇതൊക്കെയും സാധ്യമാക്കുന്നത്. ഈ മനസ്സ് പരിണാമത്തിലൂടെ രൂപപ്പെട്ട മനുഷ്യമസ്തിഷ്‌കത്തിലെ നാഡീവ്യൂഹങ്ങളുടെ പ്രവര്‍ത്തനഫലമാണെന്ന് പരിണാമവാദത്തെ വിശകലനം ചെയ്ത് ഭൗതികവാദികള്‍ അവകാശപ്പെടുന്നു. എന്നാല്‍ അത് ഖണ്ഡിതമായി തെളിയിക്കപ്പെട്ടിട്ടുണ്ടെന്ന് അവര്‍പോലും അവകാശപ്പെടുന്നില്ല. മസ്തിഷ്‌കത്തെ സംബന്ധിച്ച വളരെ ചെറിയ അറിവേ ലഭിച്ചിട്ടുള്ളൂവെന്ന് അവര്‍ തന്നെ സമ്മതിക്കുന്നു. ഡോക്ടര്‍ വി. എസ്. രാമചന്ദ്രന്‍ തന്നെ ഇത് തുറന്നു സമ്മതിക്കുന്നു. അദ്ദേഹം എഴുതുന്നു: ”നാം വരിച്ച പുരോഗതി എത്രമാത്രം കനത്തതാണെങ്കിലും മനുഷ്യ മസ്തിഷ്‌കത്തെക്കുറിച്ച് കണ്ടെത്താനുള്ള ‘വിവര മല’യുടെ ചെറിയൊരു ഭാഗം മാത്രമേ ഇപ്പോഴും അനാവരണം ചെയ്യപ്പെട്ടിട്ടുള്ളൂ എന്ന കാര്യം പരിപൂര്‍ണമായ സത്യസന്ധതയോടെ നാം അംഗീകരിക്കേണ്ടതായിട്ടുണ്ട്.” (മസ്തിഷ്‌കം കഥ പറയു
ന്നു. പുറം: 19).

”സംശയലേശമന്യേ പറയട്ടെ, ആത്മാവബോധം മനുഷ്യനുമാത്രം അനന്യമായിട്ടുള്ള ഒരു സിദ്ധിവിശേഷമാണ്. ഈ പ്രശ്‌നം പരിഹരി
ച്ചതായി ഞാന്‍ അവകാശപ്പെടുന്നില്ല.” (പുറം: 23).

”സദാ ത്രസിച്ചു നില്‍ക്കുന്ന സഹസ്രകോടി കോശങ്ങള്‍ തിങ്ങി നിറഞ്ഞ കോളനികളാണ് നാം. എങ്കിലും നാം ‘വെറും’ ഇവ മാത്രമല്ല. ഇതിനൊക്കെ പുറമേ തീര്‍ത്തും അനന്യവും അഭൂതപൂര്‍വവും ഇവയെയൊക്കെ അതിലംഘിക്കുന്നതുമായ എന്തോ ഒന്നുകൂടിയാണ് നാം. സൂര്യന് കീഴില്‍ ശരിക്കും നവീനമായ എന്തോ ഒന്നാണ് നാം. ഇനിയും നിര്‍ണയിക്കപ്പെടാത്ത, ഒരുപക്ഷേ പരിധികളില്ലാത്ത, സാധ്യതകളാണ് നമുക്കുള്ളത്.” (പുറം: 38).

മനുഷ്യമസ്തിഷ്‌കം അനന്യമാണെന്ന് സംശയലേശമന്യേ തുറന്ന് സമ്മതിക്കുന്ന പരിണാമവാദികള്‍ അതെങ്ങനെ രൂപപ്പെട്ടുവെന്നും ആര് രൂപപ്പെടുത്തിയെന്നും ഇന്നോളം കൃത്യമായി വ്യക്തമാക്കിയിട്ടില്ല.

അതോടൊപ്പം വളരെയേറെ പ്രസക്തമായ ഒരു ചോദ്യത്തിന് വിശദീകരണം നല്‍കാന്‍ ഭൗതികവാദികള്‍ ബാധ്യസ്ഥരാണ്. മനസ്സിന്റെ അന്വേഷണങ്ങളും ചിന്തകളും വികാരവിചാരങ്ങളും പദാര്‍ഥപരമാണോ? ആണെങ്കില്‍ അവയെ കൃത്യമായി നിര്‍വചിക്കാനും ഗണിതശാസ്ത്രപരമായി കണക്കാക്കാനും കഴിയേണ്ടതല്ലേ? അത് പദാര്‍ഥപരമല്ലെങ്കില്‍ പദാര്‍ഥത്തില്‍നിന്ന് പദാര്‍ഥാതീതമായ
ഒന്നുണ്ടാകുന്നതെങ്ങനെ?

വികാരങ്ങളുടെ ഉറവിടം
ജീവിതപങ്കാളിക്ക് നമ്മോട് സ്‌നേഹമുണ്ടോ ഇല്ലേയെന്ന് എങ്ങനെയാണ് തിരിച്ചറിയുക? മാതാവിനോടും ഭാര്യയോടും മക്കളോടും
സുഹൃത്തിനോടും നാടിനോടും വീടിനോടുമുള്ള സ്‌നേഹത്തിലെ വ്യത്യാസം എങ്ങനെ ശാസ്ത്രീയമായി വിശദീകരിക്കും? ഓരോന്നി
നോടുമുള്ള സ്‌നേഹം എത്ര ശതമാനം വീതമാണെന്ന് എങ്ങനെ തീരുമാനിക്കും? മറ്റുള്ളവര്‍ക്ക് അതെങ്ങനെ മനസ്സിലാക്കാന്‍ സാധിക്കും?
കാരുണ്യം, അനുകമ്പ, സഹതാപം, സഹാനുഭൂതി, ഉദാരത, പിശുക്ക്, സഹിഷ്ണുത, അസഹിഷ്ണുത, ആര്‍ത്തി, അസൂയ തുടങ്ങിയ
വികാരങ്ങള്‍ പദാര്‍ഥപരമാണോ? ആണെങ്കില്‍ ശാസ്ത്രീയമായി തെളിയിക്കാന്‍ സാധിക്കേണ്ടതല്ലേ? അല്ലെങ്കില്‍ പദാര്‍ഥപരമായ ശരീരത്തില്‍നിന്ന് പദാര്‍ഥാതീതമായ വികാരങ്ങള്‍ ഉണ്ടാകുന്നതെങ്ങനെ?

പദാര്‍ഥനിഷ്ഠമായ ശരീരം പദാര്‍ഥാതീതമായ വികാരങ്ങളുടെ തോത് നിശ്ചയിക്കുക സംഭവ്യമാണോ? വികാരങ്ങളെ നിയന്ത്രിക്കാന്‍ ശരീരത്തിന് സാധ്യമല്ലെന്നതല്ലേ വസ്തുത. ഉദാഹരണമായി കോപത്തെ നിയന്ത്രിക്കാന്‍ ശരീരത്തിന് കഴിയണമെന്നില്ല. ഉറ്റവരുടെ മരണവേളയിലുണ്ടാവുന്ന ദുഃഖം ശാരീരികമല്ല. ശരീരത്താല്‍ നിയന്ത്രിക്കപ്പെടുന്നതുമല്ല. യഥാര്‍ഥത്തില്‍ ശരീരം വികാരങ്ങളെ പ്രതിഫലിപ്പിക്കുകയാണ്. ഓരോ നിമിഷവും മനുഷ്യനുണ്ടാകുന്ന സ്‌നേഹം, വെറുപ്പ്, സന്തോഷം, സന്താപം, അഭിമാനം, അപമാനം, അസൂയപോലുള്ള വികാരങ്ങളൊന്നും ശാരീരിക പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഉണ്ടാവുന്നതല്ലെന്നുറപ്പ്. അവയൊന്നും പരിണാമത്തിലൂടെ ഉണ്ടായ മാറ്റം വഴി സംഭവിച്ചതുമല്ല. അത്‌കൊണ്ടുതന്നെ അവയൊന്നും ബുദ്ധിപരമായി വിശദീകരിക്കാനോ യുക്തിയുടെ അടിസ്ഥാനത്തില്‍ മനസ്സിലാക്കാനോ സാധ്യമല്ല. ശാസ്ത്ര വിശകലനത്തിലൂടെ വിവരിക്കാനും കഴിയില്ല. അഥവാ സാധിച്ചാല്‍ അത് മനസ്സിലാക്കുവാനും വിശകലനം ചെയ്യുവാനുമുള്ള കഴിവ് എങ്ങനെ ഉണ്ടായി, ആരുണ്ടാക്കി?

വിശ്വാസിയല്ലാത്ത ഒരാള്‍ക്ക് പള്ളിയിലെ ബാങ്ക് മനഃശാന്തി നല്‍കിയതിനെ ശാസ്ത്രീയമായി എങ്ങനെയാണ് വിശകലനം ചെയ്യുക?

തീവ്ര ഇടതുപക്ഷപ്രവര്‍ത്തകന്‍ പൊന്ന്യത്തെ രാമകൃഷ്ണന്‍ ആത്മഹത്യ ചെയ്തു. അദ്ദേഹത്തിന്റെ സുഹൃത്തും സഹപ്രവര്‍ത്തകനുമായ എ. സോമന്‍ മൃതശരീരത്തിന് കാവല്‍ നില്‍ക്കുകയായിരുന്നു. തൂങ്ങിക്കിടക്കുന്ന മൃതശരീരത്തിനടുത്ത് ഏകനായി കഴിയവേ തനിക്കുണ്ടായ അനുഭവം അദ്ദേഹം ഇങ്ങനെ കുറിച്ചിടുന്നു:

”അല്ലാഹു അക്ബര്‍….
ഞാനുണര്‍ന്നു, അടുത്ത പള്ളിയിലെ ബാങ്കുവിളി കേട്ടുകൊണ്ട്. ആ സ്വരത്തിലെ അഭൗമധാര പൊടുന്നനെ എന്നെ സ്വസ്ഥചിത്തനാക്കി. ആത്മഹത്യയ്ക്കും അതിജീവനത്തിനുമിടയില്‍ ആ ദൈവസ്തുതിയിലടങ്ങിയ സരളത, പിറന്നതും പിറക്കാനിരിക്കുന്നതുമായ മഹാ കാലത്തിന്റെ ഓര്‍മകള്‍ ചുരത്തി എന്നില്‍. പിന്നീട് ഏറെക്കാലം എന്നില്‍ ഘനീഭൂതമായി കിടന്നു ആ ബാങ്കുവിളി. പല ആപദ്ഘട്ടങ്ങളിലും സ്വൈരം നശിക്കുമ്പോള്‍ എന്റെ ഉപബോധം എനിക്കയക്കാറുള്ള സന്ദേശം.” (ഉദ്ധരണം: ആത്മഹത്യ, ഭൗതികത ഇസ്‌ലാം. പുറം:47).

എന്തിനേറെ ഒരാള്‍ വിശ്വാസിയോ അവിശ്വാസിയോ എന്ന് തെളിയിക്കാന്‍പോലും ശാസ്ത്രീയമായി സാധ്യമല്ല. ഒരു അവിശ്വാസി വിശ്വാസിയാകുന്നത് മസ്തിഷ്‌കത്തിലുണ്ടാവുന്ന കോശങ്ങളുടെ മാറ്റം കാരണമാണോ? എങ്കില്‍ നാസ്തികര്‍ എന്തിനാണ് ആശയപ്രചാരണം നടത്തുന്നതും മതനിഷേധത്തിലേക്ക് ആളുകളെ ക്ഷണിക്കുന്നതും? എന്തിനാണ് പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നതും പത്രങ്ങള്‍ നടത്തുന്നതും? ആശയങ്ങളുടെ മാറ്റങ്ങള്‍ക്കനുസരിച്ച് മസ്തിഷ്‌കത്തില്‍ മാറ്റമുണ്ടാകുന്നു എന്നല്ലല്ലോ നാസ്തികരുടെ അവകാശവാദം. ഇത്തരം ചോദ്യങ്ങളെയൊന്നും അഭിമുഖീകരിക്കാന്‍ നാസ്തികര്‍ തയ്യാറാവാറില്ലെന്നതാണ് വസ്തുത.

ചുരുക്കത്തില്‍ ശരീരം മനസ്സിനെ നിയന്ത്രിക്കുകയല്ല; മനസ്സ് ശരീരത്തെ നിയന്ത്രിക്കുകയാണ്. ബോധപൂര്‍വമായ ശാരീരിക പ്രവര്‍ത്ത
നങ്ങള്‍ രൂപംകൊള്ളുന്നത് മനസ്സിന്റെ തീരുമാനത്തില്‍നിന്നാണ്. മനസ്സില്‍നിന്നാണ്. അതിന്റെ തീരുമാനമനുസരിച്ചാണ്. അതിനാല്‍ ഭൗതികവാദികളുടെ വീക്ഷണത്തില്‍നിന്ന് വ്യത്യസ്തമായി മനുഷ്യന്‍ സ്വതന്ത്രനും തീരുമാനശേഷിയുള്ളവനുമാണ്. അവരുടെ വീക്ഷണത്തില്‍ ”പ്രകൃതിയിലുള്ള മറ്റെല്ലാ വ്യവസ്ഥകളെയുംപോലെ മനുഷ്യനും ഒരു വ്യവസ്ഥയാണ്. പ്രകൃതിയുടെ അലംഘനീയമായവയും സാമാന്യവുമായ നിയമങ്ങള്‍ക്ക് മനുഷ്യന്‍ കീഴ്‌പ്പെട്ടിരിക്കുന്നു.” (ഇവാന്‍ പാവ് ലോവ് രചിച്ചpsychological experimental കാണുക. ഉദ്ധരണം: അതേപുസ്തകം പുറം:23).

ശാസ്ത്രത്തിന് അന്യം
ശാസ്ത്രത്തിനും യുക്തിക്കും അന്യവും അപ്രാപ്യവുമായപോലെ ശാസ്ത്രത്തിന് പ്രവേശനമില്ലാത്ത നിരവധി മേഖലകളുണ്ടെന്ന് ഏവര്‍ക്കും ബോധ്യമാകും.

കാസര്‍ക്കോട്ടെ എന്‍ഡോസള്‍ഫാന്‍ രോഗബാധിതപ്രദേശം സന്ദര്‍ശിച്ചിട്ടുണ്ട്. രോഗികളുമായും അവരുടെ ബന്ധുക്കളുമായും പലത
വണ ഇടപഴകിയിട്ടുണ്ട്. അന്നാട്ടുകാര്‍ക്കും അവരുമായി ബന്ധപ്പെട്ടവര്‍ക്കും മാരകമായ രോഗത്തിനും അത്യന്തം ദയനീയമായ ശാരീരിക വൈകല്യങ്ങള്‍ക്കും കാരണം എന്‍ഡോസള്‍ഫാന്‍ കീടനാശിനിയാണെന്നതില്‍ ഒട്ടും സംശയമില്ല. അതവരുടെ അനുഭവമാണ്. എന്നാല്‍ അതിനെ എന്‍ഡോസള്‍ഫാന്‍ കെട്ടുകഥയെന്നാണ് കേരളത്തിലെ ഏറ്റവും പ്രമുഖനായ നാസ്തിക നേതാവ് സി. രവിചന്ദ്രന്‍ പറയുന്നത്. അതിനു പറയുന്ന കാരണം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലെന്നാണ്. (മാധ്യമം വാര്‍ഷികപ്പതിപ്പ്:2020).

ശാസ്ത്രീയമായി തെളിയിക്കപ്പെടാത്തതൊന്നും അംഗീകരിക്കുകയില്ലെന്നും രവിചന്ദ്രന്‍ ശഠിക്കുന്നു. എന്നാല്‍ ആരും തന്റെ പിതാവ് ആരാണെന്ന് തീരുമാനിക്കുന്നത് ശാസ്ത്രീയമായി തെളിയിച്ച ശേഷമല്ല. ആരും തങ്ങളുടെ മാതാപിതാക്കളെ സ്‌നേഹിക്കുന്നതും ആദരിക്കുന്നതും അങ്ങനെ ചെയ്യണമെന്ന് ശാസ്ത്രീയമായി തെളിയിച്ചത് കൊണ്ടുമല്ല. അങ്ങനെ തെളിയിക്കാന്‍ ശാസ്ത്രത്തിന് സാധ്യവുമല്ല.

ഞാനാരാണ്? നിങ്ങളാരാണ്; നമ്മള്‍ ആരാണ് എന്നൊന്നും ആര്‍ക്കും ശാസ്ത്രീയമായി തെളിയിക്കാന്‍ കഴിയില്ല. എന്നല്ല; പരസ്പരം
കാണാനുള്ള കഴിവ്‌പോലും ഇന്നോളം ആര്‍ക്കും നേടാനായിട്ടില്ല.

നാം കാണുന്നത് മനുഷ്യന്റെ ശരീരവും ശാരീരികഅവയവങ്ങളുമാണ്. അതല്ലല്ലോ മനുഷ്യന്‍. മരിച്ചാലും അതെല്ലാം ഇവിടെയുണ്ടാ
വും. എന്നാല്‍ മനുഷ്യന്‍ ഉണ്ടാവുകയില്ല. മനസ്സും ആത്മാവും അവയുള്‍ക്കൊള്ളുന്ന ശരീരവും ചേര്‍ന്നതാണ് മനുഷ്യന്‍. നാസ്തികര്‍ അവകാശപ്പെടുന്നപോലെ ശരീരം മാത്രമല്ല; മരിച്ചാലും അതിവിടെഉണ്ടാകും.

അതുകൊണ്ടുതന്നെ സത്യസന്ധതയും വിനയവുമുള്ള നാസ്തികര്‍ മനുഷ്യന്റെയും ശാസ്ത്രത്തിന്റെയും പരിമിതികള്‍ ഒട്ടും മടികൂടാതെയും മറച്ചുവെക്കാതെയും അംഗീകരിക്കും.

നാസ്തികനായ കെ. വേണു എഴുതുന്നു: ”പ്രകൃതിയുടെ രഹസ്യങ്ങള്‍ തേടിയുള്ള ഗവേഷണങ്ങള്‍ അടിസ്ഥാനപരമായി നേരിടുന്ന ചില പരിമിതികളുണ്ട്. ജനനമരണങ്ങളാല്‍ പരിമിതരായ മനുഷ്യര്‍ ആദിമധ്യാന്തങ്ങളില്ലാത്ത അനന്തമായ പ്രകൃതിയെയാണ് മനസ്സിലാ
ക്കാന്‍ ശ്രമിക്കുന്നത്. പരിമിതമായതിന് അപരിമിതമായതിനെ ഉള്‍ക്കൊള്ളാന്‍ ആവുകയില്ലെന്നാണ് സാമാന്യബുദ്ധി മനസ്സിലാക്കുക.” (മാധ്യമം വാര്‍ഷികപതിപ്പ് 2020-പുറം:162).

”അതോടൊപ്പം തന്നെ ശാസ്ത്രത്തിന്റെ പരിമിതിയും നാം തിരിച്ചറിയണം. പ്രകൃതിയുടെ സ്ഥൂലമായ അനന്തതയിലേക്കും സൂക്ഷ്മ
മായ അനന്തതയിലേക്കും ശാസ്ത്രത്തിലൂടെ മനുഷ്യര്‍ക്ക് ഒരിക്കലും കടന്ന് ചെല്ലാനാവുകയില്ല. അവയ്ക്കിടയിലുള്ള മേഖലകളാണ് മനുഷ്യരുടെ വിഹാരരംഗം. ജനനമരണങ്ങളുള്ള, ആദിമധ്യാന്തങ്ങളുള്ള മനുഷ്യരുടെ പരിമിതത്വം തന്നെയാണ് ഈ അവസ്ഥയ്ക്ക് കാരണവും. ഈ പരിമിതിയെ അല്‍പമെങ്കിലും ഭേദിക്കാനാവുന്നത് ദര്‍ശനത്തിലൂടെയാണ്.”(ibid),

”ശാസ്ത്രത്തിന്റെ പരിമിതമായ ചട്ടക്കൂടുകളെ ഭേദിച്ചുകൊണ്ട് പ്രകൃതിയുടെ അനന്തവിശാലമായ മേഖലകളിലേക്ക് കടന്നുചെല്ലാന്‍ ദര്‍ശനത്തിന് കഴിയുന്നു”(ibid).

കെ പാപ്പുട്ടി എഴുതുന്നു: ”അസത്യവല്‍കരണത്തിന് പറ്റിയ നിരീക്ഷണ പരീക്ഷണങ്ങള്‍ ആവിഷ്‌കരിക്കാന്‍ കഴിയാത്ത ഒന്നും ശാസ്ത്രത്തിന്റെ മേഖലയില്‍ വരില്ല. ഉദാഹരണത്തിന് മനുഷ്യന് ആത്മാവുണ്ടെന്നും അത് മരണശേഷം സ്വര്‍ഗത്തിലോ നരകത്തിലോ പോകുമെന്നും ആരെങ്കിലും പറഞ്ഞാല്‍ അത് തെറ്റെന്നോ ശരിയെന്നോ സ്ഥാപിക്കാന്‍ പറ്റിയ ഒരു പരീക്ഷണം ആവിഷ്‌കരിക്കാന്‍ കഴിയാത്തതുകൊണ്ട് അത് ശാസ്ത്രമേഖലയില്‍ വരില്ല. അതല്ലാതെ അതബദ്ധമാണെന്ന് പറയാനുള്ള അവകാശമൊന്നും ശാസ്ത്രത്തിനില്ല.”(പുറം:165)

നിയന്ത്രണം,ത്യാഗം
വിശന്നുവലഞ്ഞ പശുവിന് പുല്ല് കിട്ടിയാല്‍ തിന്നാതിരിക്കാന്‍ സാധ്യമല്ല. ദാഹിച്ചു വലഞ്ഞ നായക്ക് വെള്ളം കിട്ടിയാല്‍ കുടിക്കാ
തിരിക്കാനും കഴിയില്ല. അലറിവരുന്ന സിംഹത്തിന്റെ മുമ്പിലകപ്പെട്ട മറ്റൊരു സിംഹത്തിന് ക്ഷമിക്കാനോ മാപ്പ് കൊടുക്കാനോ കഴിയില്ല. എന്നാല്‍ കഠിനമായ വിശപ്പുള്ളപ്പോള്‍ ആഹാരം കിട്ടിയാലും കഴിക്കാന്‍ അതിയായ ആഗ്രഹമുണ്ടെങ്കിലും കഴിക്കാതിരിക്കാന്‍ മനുഷ്യന് കഴിയും. കൊടിയ ദാഹമുള്ളപ്പോള്‍ കൈയെത്താവുന്ന ദൂരത്ത് വെള്ളമുണ്ടെങ്കിലും കുടിക്കാതെ സ്വന്തത്തെ നിയന്ത്രിക്കാന്‍ അവന് സാധിക്കും. തന്നെ തെറി പറയുന്നവരോട് മറുത്തു പറയാന്‍ പൂതിയുണ്ടെങ്കിലും പറയാതിരിക്കാന്‍ മനുഷ്യന് സാധിക്കും. മനുഷ്യനും മറ്റു ജീവികളും തമ്മിലുള്ള ഈ അന്തരം ശാരീരികമാണോ? രുചികരമായ ആഹാരം കാണുമ്പോള്‍ ശരീരം തിന്നാന്‍ കൊതിക്കും. തന്റേതല്ലാത്തതിനാല്‍ മനസ്സ് അരുതെന്ന് പറയും. ശരീരവും മനസ്സും തമ്മിലുള്ള ഈ മത്സരത്തില്‍ ശരീരം ജയിച്ചാല്‍ ഭക്ഷണമെടുത്ത് തിന്നും. മനസ്സ് വിജയിച്ചാല്‍ അതുപേക്ഷിക്കും. അപ്പോള്‍ തീരുമാനമെടുക്കുന്നത് മനസ്സാണ്. അതിനാല്‍ ശരീരം മനസ്സിനെയല്ല നിയന്ത്രിക്കുന്നത് മനസ്സ് ശരീരത്തെയാണ്. ശരീരത്തിന്റെ തൊഴിലിലൂടെ രൂപപ്പെട്ട മനസ്സിന് ആ ശരീരത്തെ തന്നെ നിയന്ത്രിക്കാന്‍ കഴിയുന്നതെങ്ങനെ? തൊഴിലെടുക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നതുപോലും മനസ്സാണല്ലോ. അപ്പോള്‍ മറ്റുജീവികള്‍ക്കില്ലാത്ത ചിന്താശേഷിയും തീരുമാന കഴിവും മനുഷ്യന് എവിടെനിന്നു കിട്ടി, എങ്ങനെ ലഭിച്ചു, ആര് നല്‍കി?

ജീവിതത്തോട് പ്രിയമുണ്ടായിരിക്കെത്തന്നെ മനുഷ്യന്‍ തന്റെ ആദര്‍ശ വിശ്വാസങ്ങള്‍ക്ക് വേണ്ടി ജീവന്‍ ത്യജിക്കാന്‍ സന്നദ്ധമാകുന്നു. ശരീരത്തിന് ഏറെ പ്രയാസമുണ്ടാക്കുന്ന പീഡനങ്ങള്‍ ഏറ്റുവാങ്ങുന്നു. ശാരീരികമായ ഒട്ടേറെ ബുദ്ധിമുട്ടുകളനുഭവിച്ച് സേവനപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതമാകുന്നു. സ്വന്തം ശരീരം തിന്നാനും കുടിക്കാനും കൊതിക്കുന്ന വിശിഷ്ട വിഭവങ്ങള്‍ സ്വയം ഉപയോഗിക്കാതെ അപരന് വേണ്ടി മാറ്റിവെക്കുന്നു. ശരീരവും അതിന്റെ പ്രവര്‍ത്തനങ്ങളിലൂടെ രൂപപ്പെടുന്ന അസ്തിത്വവുമാണ് ജീവിതത്തെ നിയന്ത്രിക്കുന്നതെങ്കില്‍ ഇതൊന്നും സംഭവിക്കുമായിരുന്നില്ല. ശരീരകാമനകളുടെ നിര്‍വഹണത്തിലും ഭോഗേഛകളുടെ പൂര്‍ത്തീകരണത്തിലുമായിരിക്കും ഏവരും വ്യാപൃതരാവുക. ജീവിതം ശരീരകേന്ദ്രീകൃതമാണെന്നും ശാരീരികേഛകളുടെ പൂര്‍ത്തീകരണമാണ് ജീവിത ലക്ഷ്യമെന്നും വിശ്വസിക്കുന്നവര്‍ ഭോഗാസക്തിക്കടിപ്പെട്ട് ശരീരകാമനകള്‍ പൂര്‍ത്തീകരിക്കുന്ന മൃഗതുല്യരായി മാറുന്നത് അതിനാലാണ്.

പരാജയപ്പെടുന്ന ത്യാഗപരിശ്രമങ്ങള്‍ പാഴ്‌വേലകളായല്ല പരിഗണിക്കപ്പെടാറുള്ളത്. മറിച്ച് മഹദ്കൃത്യങ്ങളായാണ്. ഒരു വീട് തീക്കത്തി. രണ്ടുപേര്‍ അതിലകപ്പെട്ടു. അവരെ രക്ഷിക്കാന്‍ മൂന്നുപേര്‍ വീട്ടിലേക്ക് ഓടിക്കയറി. നിര്‍ഭാഗ്യവശാല്‍ വീട് കത്തിയമര്‍ന്ന് അഞ്ചുപേരും മരണപ്പെട്ടു. ഭൗതികമായും ഗണിതശാസ്ത്രപരമായും ഇതൊരു വന്‍ നഷ്ടമാണ്. രണ്ടുപേര്‍ക്ക് പകരം അഞ്ചുപേര്‍ക്ക് ജീവന്‍നഷ്ടപ്പെട്ടു. ശരീര കേന്ദ്രീകൃത കാഴ്ചപ്പാടിലും ഇത് വലിയ നഷ്ടം തന്നെ. രണ്ടുപേര്‍ക്ക് പകരം അഞ്ചാളുടെ ശരീരം നിശ്ചലവും നിര്‍ജീവവുമായി. അവരുടെ കര്‍മശേഷി നഷ്ടപ്പെടുകയും അവര്‍ക്ക് ജീവിക്കാന്‍ അവസരമില്ലാതാകുകയും ചെയ്തു. എന്നാല്‍ മനസ്സും അതിന്റെ പ്രവര്‍ത്തനങ്ങളും ശരീരത്തിന്റെ അധ്വാനഫലമായി രൂപപ്പെട്ടതാണെന്ന് വാദിക്കുന്ന നാസ്തികര്‍പോലും അതിനെ ഒരു നഷ്ടമായി കണക്കാക്കുകയില്ല. മനുഷ്യശരീരത്തെ ജീവിതത്തിന്റെ ആകത്തുകയായി കാണുന്നത് എത്രമേല്‍ അബദ്ധപൂര്‍ണമാണെന്ന് മനസ്സിലാക്കാന്‍ ഈ ഒരൊറ്റ ഉദാഹരണം തന്നെ ധാരാളം.

ബെഗോവിച്ചിന്റെ വാക്കുകളില്‍
അലിജാ അലി ഇസ്സത്ത് ബെഗോവിച്ച് എഴുതുന്നു: ”തോറ്റമ്പിയ നീതിയുടെ കാഴ്ച അത് തോറ്റാല്‍ പോലും നമുക്ക് ഹൃദയംഗമമായി
ത്തീരുന്നു. അത് ഈ ലോകത്തിന്റെ ഒരു വസ്തുതയായി നമുക്ക് തോന്നുകയില്ല. ലോകം നൈസര്‍ഗികമോ യുക്തിഭദ്രമോ ശാസ്ത്രീ
യമോ ധൈഷണികമോ മറ്റെന്തെങ്കിലുമൊക്കെയോ ആകട്ടെ, ഈ ലോകത്തില്‍ നീതിയുടെയും സദാചാരത്തിന്റെയും ഭാഗത്ത് നില്‍ക്കുകയും തോല്‍ക്കുകയും ചെയ്ത ഒരു വീരനായകന്റെ പ്രവൃത്തി എന്ത് കാരണങ്ങളാലാണ് ന്യായീകരിക്കാനാവുക? സ്ഥലകാലങ്ങളിലാണ് ഈ ലോകം നില നില്‍ക്കുന്നതെങ്കില്‍, ഈ സ്വഭാവം നീതിയെക്കുറിച്ചും അനീതിയെക്കുറിച്ചും ഉദാസീനമാണെങ്കില്‍ വീരനായകന്റെ ത്യാഗം വങ്കത്തമാണ്. നാമതുനിഷ്ഫലമാണെന്ന് കണക്കാക്കുന്നില്ലെങ്കിലോ അത് ദൈവത്തെക്കുറിച്ചുള്ള വെളിപാടായി മാറുന്നു. അത് ഈ ലോകത്തിന്റെ വിപരീത സ്വഭാവമുള്ള മറ്റൊരു ലോകത്തിന്റെ മാനമായി മാറുന്നു. അത് ഈ ലോകത്തിന്റെ നിയമങ്ങള്‍ക്കും താല്‍പര്യങ്ങള്‍ക്കും വിരുദ്ധമായതും ആവുന്നു. ഹൃദയംകൊണ്ട് നാം ഈ ‘അസംബന്ധ’ പ്രവര്‍ത്തനത്തെ അംഗീകരിക്കുന്നു. അങ്ങനെ ചെയ്യുന്നത് എന്തുകൊണ്ടാണെന്ന് നാമറിയുകയില്ല. നാമതിനൊരു വിശദീകരണവും ആവശ്യപ്പെടുന്നില്ല. വിജയമല്ല വീരകര്‍മത്തിന്റെ മഹത്ത്വം. പലപ്പോഴും വീരകര്‍മം നിഷ്ഫലവും അയുക്തവും ആകാറുണ്ടല്ലോ. യുക്തിക്കത് ഒട്ടും നിരക്കുകയുമില്ല… ദുരന്ത നായകൻമാര്‍ പരാജിതരല്ലെന്നും വിജയികളാണെന്നും നമുക്ക് തോന്നുന്നതുകൊണ്ടാണ് മറ്റൊരു ലോകമുണ്ടെന്നതിന് കൂടുതല്‍ സാധൂകരണം ലഭിക്കുന്നത്. ദുരന്തനായകൻമാര്‍ വിജയികളോ? എവിടെ ഏതുലോകത്തിലാണവര്‍ വിജയിക്കുന്നത് അവര്‍ ശാന്തിയും സ്വാതന്ത്ര്യവും ജീവന്‍ പോലും നഷ്ടപ്പെട്ടവര്‍. ഏതുവഴിക്കാണ് വിജയികളാകുന്നത്? തീര്‍ച്ച, അവര്‍ ഈ ലോകത്ത് വിജയികളല്ല. അവരുടെ ജീവിതവും വിശിഷ്യാ അവരുടെ ത്യാഗവും നമ്മോട് അതേ ചോദ്യം തന്നെ ചോദിക്കാന്‍ പ്രേരിപ്പിക്കുന്നു. മനുഷ്യാസ്തിത്വത്തിന് മറ്റൊരര്‍ഥമുണ്ടോ? ആപേക്ഷികവും പരിമിതവുമായ ഈ ലോകത്ത്‌നിന്ന് വ്യത്യസ്തമായ ഒരര്‍ഥമുണ്ടോ? മഹാത്മാക്കളും ധീരൻമാരുമായ ഈ മനുഷ്യര്‍ പരാജയപ്പെട്ടവരായിരുന്നോ? (ഇസ്‌ലാം രാജമാര്‍ഗം-പുറം:162,163).

കലയും സാഹിത്യവും
കലയും സാഹിത്യവും അധ്വാനത്തിലൂടെ വളര്‍ന്നുവികസിച്ച കൈ കളുടെ നിര്‍മിതിയാണെന്ന ഭൗതികവാദികളുടെ വീക്ഷണം പരമാബദ്ധമാണ്. ഏംഗല്‍സ് പ്രഗല്‍ഭനായ ചിന്തകനും ഗവേഷകനുമാണെങ്കിലും അധ്വാനത്തിലൂടെ വളര്‍ന്ന് വികസിച്ച കൈകളാണ് റാഫേലിനെ ചിത്രങ്ങളും തോര്‍വാട്‌സനെ ശില്പങ്ങളും പഗാനിയെ സംഗീതവും രചിക്കാന്‍ പ്രാപ്തമാക്കിയതെന്ന അദ്ദേഹത്തിന്റെ പ്രസ്താവം പരമാബദ്ധമാണ്.

കൈയുള്ളവരെല്ലാം ചിത്രം വരയ്ക്കാറില്ല. ശില്‍പം നിര്‍മിക്കാറില്ല. സംഗീതം രചിക്കാറില്ല. കൈകാലുകളില്ലാത്തവരും ചിത്രം വരക്കുകയും ശില്‍പം നിര്‍മ്മിക്കുകയും സംഗീതം രചിക്കുകയും ചെയ്യാറുണ്ട്. ചിത്രത്തിനും ശില്പത്തിനും സംഗീതത്തിനും കലക്കും സാഹിത്യത്തിനും ശരീരവും ശാരീരികാവയവങ്ങളുമായല്ല ബന്ധം. മറിച്ച്, മനുഷ്യാത്മാവുമായാണ്. അഥവാ കലയും സാഹിത്യവും ആത്മീയമാണ്.സര്‍ഗ്ഗാത്മകമാണ്. അവയൊന്നും ശാരീരികമല്ലെന്ന് മാത്രമല്ല, ബുദ്ധിപരംപോലുമല്ല. ബുദ്ധിപരമായ കര്‍മങ്ങള്‍ക്ക് കൃത്യതയും കണിശതയും ക്രമാനുഗതികത്വവുമുണ്ട്. ശാസ്ത്രവും സാങ്കേതികവിദ്യയും ബുദ്ധിപരമാണ്. അതിനാല്‍ അവയ്ക്ക് ക്രമാനുഗതമായ വളര്‍ച്ചയും വികാസവുമുണ്ട്. കൃത്യതയും കണിശതയുമുണ്ട്. തലമുറ തലമുറകളായി അവ വളര്‍ന്നു7+വികസിക്കുന്നു. പുരോഗതി പ്രാപിക്കുന്നു.

എന്നാല്‍ കലയ്ക്കും സാഹിത്യത്തിനും അതില്ല. നമ്മുടെ രാജ്യത്ത് മഹാഭാരതത്തിനും രാമായണത്തിനും ശേഷം സമാനമായ ഇതിഹാസകാവ്യങ്ങള്‍ ഉണ്ടായിട്ടില്ല. മൈക്കലാഞ്ചലോവിന്റെയും പിക്കാസോയുടെയും കലാസൃഷ്ടികള്‍ക്ക് ശേഷം അവപോലുള്ളവയോ അവയേക്കാള്‍ മികച്ചതോ പിന്നീട് ഉണ്ടായിട്ടില്ല. ശാസ്ത്ര-സാങ്കേതിക രംഗങ്ങളില്‍ ഒരു തലമുറയുടെ നേട്ടങ്ങള്‍ പിന്നാലെ വരുന്നവരുടെ ശാസ്ത്ര, സാങ്കേതിക വളര്‍ച്ചയ്ക്കും വികാസത്തിനും വഴിയൊരുക്കാറുണ്ട്. കലയിലും സാഹിത്യത്തിലും അങ്ങനെ സംഭവിക്കാതിരിക്കാനുള്ള കാരണം അവ ബുദ്ധിപരമല്ലെന്നത് തന്നെ. ചായം ചേര്‍ത്ത് വെച്ചതുകൊണ്ട് മാത്രം ചിത്രമുണ്ടാവുകയില്ലല്ലോ. കേവലം വാക്കുകളുടെ സംഘാതമല്ലല്ലോ കവിത. കല്ലുകള്‍ കൂട്ടിവെച്ചാല്‍ ശില്പമാവുകയില്ല. അനുഗൃഹീതമായ സര്‍ഗസിദ്ധിയുടെ വ്യവസ്ഥാപിതമായ വിനിയോഗത്തിലൂടെ മാത്രമേ അവയൊക്കെ ഉണ്ടാവുകയുള്ളൂ. മനുഷ്യനും മറ്റുജീവികളും തമ്മിലുള്ള മൗലികമായ അന്തരങ്ങളിലൊന്ന് ഈ സര്‍ഗസിദ്ധിതന്നെ. ‘കാലികള്‍ക്കും കുതിരകള്‍ക്കും തങ്ങളുടെ കുളമ്പ്‌കൊണ്ട് ചിത്രം വരയ്ക്കാനും മനുഷ്യനെപ്പോലെ ശില്പങ്ങള്‍ ഉണ്ടാക്കുവാനും കഴിയുമായിരുന്നെങ്കില്‍ അവയുടെ രൂപങ്ങളിലുള്ള ദൈവങ്ങളെ കാണാമായിരുന്നുവെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.

നല്ല മനുഷ്യരും ചീത്ത മനുഷ്യരും
മസ്തിഷ്‌കത്തിലെ സെല്ലുകളുടെ രാസപ്രവര്‍ത്തന ഫലമായാണ് മനസ്സും അതിന്റെ തീരുമാനങ്ങളും ഉണ്ടാകുന്നതെന്ന് ഭൗതികവാദികള്‍ അവകാശപ്പെടുന്നു. അതനുസരിച്ച് മനുഷ്യന്റെ വികാരവിചാരങ്ങളും തീരുമാനങ്ങളും കര്‍മങ്ങളുമെല്ലാം ശരീരഘടനയുടെ സൃഷ്ടിയാണ്. ജൈവവസ്തുക്കള്‍ രൂപംകൊള്ളുന്നത് ജൈവകോശങ്ങളില്‍നിന്നാണ്. അവയ്ക്കുള്ളിലെ ക്രോമസോമുകളിലെ ജീനുകളിലുള്ള ജനിതകകോഡുകളാണ് ജീവികളുടെ സ്വഭാവം നിര്‍ണയിക്കുന്നത്. മനുഷ്യന്റെ സ്ഥിതിയും ഇതുതന്നെ. അതിനാല്‍ കരുണയും ക്രൂരതയും സല്‍സ്വഭാവവും ദുസ്സ്വഭാവവും സദ്കര്‍മങ്ങളും ദുഷ്‌കര്‍മങ്ങളുമെല്ലാം ജനിതകകോഡുകള്‍ക്കനുസരിച്ചാണ് ഉണ്ടാകുന്നത്. മനുഷ്യന്റെ ശരീരപ്രകൃതം മുതല്‍ വിചാരങ്ങള്‍വരെ അതിനെ അന്ധമായി അനുധാവനം ചെയ്യുകയാണ്.

കൊലയാളികളെയും കൊള്ളക്കാരെയും കുറ്റപ്പെടുത്തുന്നതും ശിക്ഷിക്കുന്നതും ശരിയാണോ? ഹിറ്റ്‌ലറെയും മുസ്സോളിനിയെയും സ്റ്റാലിനെയും മാവോ സേ തൂങിനെയും അവര്‍ നടത്തിയ ക്രൂരതയുടെയും കൂട്ടക്കൊലയുടെയും പേരില്‍ ആക്ഷേപിക്കുന്നത് ന്യായമാണോ? ശാസ്ത്രജ്ഞരെയും സാഹിത്യകാരൻമാരെയും വിപ്ലവകാരികളെയും ജനസേവകരെയും മഹാൻമാരെന്ന് വിശേഷിപ്പിക്കുന്നതും അവരെ പ്രശംസിക്കുന്നതും ആദരിക്കുന്നതും ശരിയാണോ?

അക്രമം, അനീതിപോലുള്ള പദങ്ങള്‍പോലും അനാവശ്യവും അപ്രസക്തവുമല്ലേ? മനുഷ്യരെപ്പറ്റി നല്ലവരും അല്ലാത്തവരുമെന്ന് പറയാമോ? കോടതികളും ജയിലുകളും സ്ഥാപിച്ച് ആളുകളെ വിചാരണ ചെയ്ത് ശിക്ഷിക്കുന്നതും തടവിലിടുന്നതും ശരിയാണോ?

എല്ലാം മസ്തിഷ്‌കത്തിലെ രാസപ്രവര്‍ത്തനങ്ങളുടെ ഫലമാണെങ്കില്‍ ഓരോരുത്തരെയും അവരവരുടെ തീരുമാനങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും വിട്ടുകൊടുക്കുകയല്ലേ വേണ്ടത്?

അപ്പോള്‍ നൻമയും തിൻമയും ശരിയും തെറ്റും ധര്‍മവും അധര്‍മവും സൻമാര്‍ഗവും ദുര്‍മാര്‍ഗവുമുള്‍പ്പെടെ എല്ലാം കെട്ടുകഥകളാണെന്ന അരാജകവാദമല്ലേ അംഗീകരിക്കേണ്ടത്?

തന്റെ ജീവിതം എങ്ങനെയാവണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ഓരോരുത്തര്‍ക്കുമുണ്ടെന്ന് അംഗീകരിച്ച എല്ലാവരും താന്തോന്നികളായി മാറുകയുമല്ലേ വേണ്ടത്?

ഓരോ മനുഷ്യനും സ്വയം തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നതല്ലേ വസ്തുത? പ്രായോഗികജീവിതത്തില്‍ എല്ലാവരും അതല്ലേ അംഗീകരിക്കുന്നത്? അപ്പോഴല്ലേ നിയമവും നിയമപാലകരും കോടതിയും ശിക്ഷയുമൊക്കെ പ്രസക്തമാവുക? മഹദ്കൃത്യങ്ങള്‍ ചെയ്യുന്നവരെ ആദരിക്കുന്നതും അംഗീകരിക്കുന്നതും ന്യായമാവുക.?

യഥാര്‍ഥത്തില്‍ നൻമതിൻമകളും ശരിതെറ്റുകളുമുള്‍പ്പെടെ എല്ലാ മൂല്യങ്ങളും ആത്മീയമാണ്. അവ ശാസ്ത്രവും സാങ്കേതികവിദ്യയും പോലെ കാലപ്രവാഹത്തിനനുസരിച്ച് വളരുകയോ ശക്തിപ്രാപിക്കുകയോ ചെയ്യണമെന്നില്ല. ജൻമവാസനകളെ മെരുക്കിയെടുത്തും ശാരീരികേഛകളെ നിയന്ത്രിച്ചും മാത്രമേ മൂല്യബോധവും ജീവിതവിശുദ്ധിയും ആര്‍ജിക്കാനും നിലനിറുത്താനും സാധ്യമാവുകയുള്ളൂ. അതു കൊണ്ടുതന്നെ മസ്തിഷ്‌കത്തിലെ രാസപ്രക്രിയയുടെ ഫലമാണ് മനസ്സും അതിന്റെ വിചാരവികാരങ്ങളുമെന്ന ഭൗതികവാദികളുടെ പരിണാമപരമായ വ്യാഖ്യാനം പരമാബദ്ധമാണെന്ന് ഏവര്‍ക്കും ബോധ്യമാകും.

????കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/LOeNnwBHadrGqajJzvbLUW

Related Articles