മൂസാനബിയുടെ നിയോഗ കാലത്ത് ഇൗജിപ്ത് ഭരിച്ചിരുന്നത് ഫറോവാ രാജവംശമാണ്. ഖുർആൻ ഉപയോഗിച്ച പേര് ഫിർഒൗൻ എന്നും. അതിന്റെ അർത്ഥം സൂര്യവംശം എന്നാണ്. പുരാതന ഇൗജിപ്തുകാരുടെ ആരാധ്യ വസ്തുക്കളിൽ പരമോന്നത സ്ഥാനം സൂര്യനായിരുന്നു. അവരുടെ വിശ്വാസപ്രകാരം ഭരണം നടത്താനുള്ള അധികാരം സൂര്യന്റെ ഭൂമിയിലെ അവതാരമായ അതിന്റെ പ്രതിനിധിക്ക് മാത്രമായിരുന്നു. അതിനാൽ അക്കാലത്ത് ഇൗജിപ്ത് ഭരിച്ചിരുന്ന എല്ലാവരും സൂര്യവംശമായാണ് അറിയപ്പെട്ടിരുന്നത്. ഇങ്ങനെ ഒരു ദൈവിക പരിവേഷമുണ്ടായിരുന്നതിനാൽ ചോദ്യം ചെയ്യപ്പെടാത്ത അധികാരവും സ്ഥാനവും പദവിയുമാണ് ഫറവോന്മാർക്കുണ്ടായിരുന്നത്. അവർ പറയുന്നതെന്തും ജനം അനുസരിക്കുമായിരുന്നു. അതോടൊപ്പം ഭരണാധികാരികൾ തങ്ങളുടെ വംശത്തിന്റെ താല്പര്യം സംരക്ഷിക്കുവാൻ അതീവ ജാഗ്രത പുലർത്തിയിരുന്നു.
മൂസാ നബിയുടെ കാലത്ത് എത്ര ഫറവോന്മാരാണ് ഭരണം നടത്തിയിരുന്നത്? ഒരാളാണെന്നും രണ്ടാളാണെന്നും അഭിപ്രായമുണ്ട്. മൂസാനബിയെ പോറ്റിവളർത്തിയ ഫറവോൻ റംസിസ് രണ്ടാമനും പ്രബോധന ദൗത്യവുമായി സമീപിച്ചത് അദ്ദേഹത്തിൻറ മകൻ മുൻഫത്താഹുമായിരുന്നുവെന്നുമുള്ള അഭിപ്രായമാണ് കൂടുതൽ പ്രബലം. മൂസാ നബി മദ്യനിലായിരിക്കെ റംസിസ് മരിച്ചിരിക്കാനാണ് സാധ്യത. പ്രമുഖ ഇൗജിപ്റ്റോളിസ്റ്റും ഫ്രഞ്ച് സർജനുമായിരുന്ന ഡോക്ടർ മൗറിസ് ബുക്കായി ഇൗ അഭിപ്രായക്കാരനാണ്. ഇസ്രായേല്യരിലെ പിറന്ന് വീഴുന്ന ആൺ കുട്ടികളെ കൊല്ലാൻ ഉത്തരവിട്ടിരുന്ന ഫിർഒൗൻ റംസിസ് രണ്ടാമനായിരുന്നു. അദ്ദേഹം സിറ്റി (Siti) ഒന്നാമത്തെ മകനും പിൻഗാമിയുമാണെന്നാണ് പ്രബലാഭിപ്രായം.
ചെങ്കടലിൽ മുങ്ങി മരിച്ചത് അദ്ദേഹത്തിനു ശേഷം അധികാരമേറ്റ മുൻഫത്താഹാണെന്ന് മാസ്പെറെ പോലുള്ള കൈ്രസ്തവ ചരിത്രകാരന്മാരും പറയുന്നു. അദ്ദേഹത്തിന്റെ പേര് മെർനഫ്തയാണെന്നും മിനപ് താഹ് (Mineptah) ആണെന്നും അഭിപ്രായമുണ്ട്. പുരാവസ്തു ഗവേഷകർ കണ്ടെടുത്ത മെർനഫ്തയുടെ കാലത്തെ ഫലകത്തിൽ ഇസ്രായേല്യരെ തൊഴിലാളികളായി നിശ്ചയിച്ചതിനെപ്പറ്റി പറയുന്നുണ്ടെന്നും, റംസിസ് രണ്ടാമനാണ് മുങ്ങിമരിച്ച ഫിർഒൗനെങ്കിൽ പിന്നീട് മകന്റെ കാലത്ത് ഇസ്രായേല്യരെക്കൊണ്ട് പണിയെടുപ്പിക്കുന്ന പ്രശ്നമുദ്ഭവിക്കുന്നില്ലെന്നും മൗറിസ് ബുക്കായി പറയുന്നു. റംസിസ് രണ്ടാമൻ 90 വർഷം ഭരിച്ചതായും ആർതൈ്രറ്റിസ് ബാധിച്ച് മരിച്ചതായും കരുതപ്പെടുന്നു. അദ്ദേഹത്തിന്റെ ഭരണകാലം ക്രിസ്തുവിനു മുമ്പ് 1330 മുതൽ 1260 വരെ 70 വർഷമാണെന്നും അഭിപ്രായമുണ്ട്. മരണകാരണം അർതൈ്രറ്റിസാണെന്ന് മമ്മിയിൽ നടത്തിയ ഗവേഷണങ്ങൾ തെളിയിക്കുന്നു. അതുകൊണ്ടു തന്നെ മുങ്ങിമരിച്ചത് റംസിസ് രണ്ടാമനല്ലെന്ന് വ്യക്തം.
മുൻഫത്താഹിന്റെ ഭരണകാലം ബി.സി.1292–1225 ആയിരുന്നുവെന്ന് സയ്യിദ് അബുൽ അഅ്ലാ മൗദൂദി അഭിപ്രായപ്പെടുന്നു. അതോടൊപ്പം റംസിസ് രണ്ടാമന്റെ കാലത്തും അദ്ദേഹം ഭരണത്തിൽ പങ്കാളിത്തം വഹിച്ചിരുന്നു.
മർദ്ദകനായ സ്വേഛാധിപതി
വിശുദ്ധ ഖുർആൻ പരാമർശിച്ച ഫറോവമാർ കടുത്ത സ്വേഛാധിപധികളും മർദ്ദക ഭരണാധികാരികളുമായിരുന്നു. മൂസാനബിയോട് എതിരിട്ട മുൻഫത്താഹിനെക്കാൾ അക്രമിയും മർദ്ദകനും സ്വഛാധിപതിയും വംശീയ വാദിയുമായ മറ്റൊരു ഭരണാധികാരിയെയും കാലം കണ്ടിട്ടില്ല. വളരെ വലിയ സൈനിക ശേഷിയുണ്ടായിരുന്ന അദ്ദേഹത്തിന്റെ അവകാശവാദങ്ങൾ തന്നെ ഇതിന് സാക്ഷ്യം വഹിക്കുന്നു.ഫറവോൻ തന്റെ ജനത്തോട് വിളിച്ചു ചോദിച്ചു: “”എന്റെ ജനമേ, ഇൗജിപ്തിന്റെ ആധിപത്യം എനിക്കല്ലേ? ഇൗ നദികളൊഴുകുന്നത് എന്റെ താഴ്ഭാഗത്തൂടെയല്ലേ? എന്നിട്ടും നിങ്ങൾ കാര്യം കണ്ടറിയുന്നില്ലേ? (ഖുർആൻ .43:51)
ഫറവോൻ പറഞ്ഞു: “”അല്ലയോ പ്രമാണിമാരേ, ഞാനല്ലാതെ നിങ്ങൾക്കൊരു ദൈവമുള്ളതായി എനിക്കറിയില്ല. അതിനാൽ ഹാമാനേ, എനിക്കുവേണ്ടി കളിമണ്ണ് ചുട്ട് അത്യുന്നതമായ ഒരു ഗോപുരമുണ്ടാക്കുക. മൂസയുടെ ദൈവത്തെ ഞാനൊന്ന് എത്തിനോക്കട്ടെ. ഉറപ്പായും അവൻ കള്ളം പറയുന്നവനാണെന്ന് ഞാൻ കരുതുന്നു.”(28:38)
“അവൻ പ്രഖ്യാപിച്ചു: ഞാനാണ് നിങ്ങളുടെ പരമോന്നത രക്ഷിതാവ്.'(79:24)
“ഫറവോൻ പറഞ്ഞു: “”ഞാനല്ലാത്ത ഒരു ദൈവത്തെ നീ സ്വീകരിക്കുകയാണെങ്കിൽ നിശ്ചയമായും നിന്നെ ഞാൻ ജയിലിലടക്കും.”(26:29)
ഇസ്രായേല്യർ തന്റെ അടിമകളാണെന്ന് ധാർഷ്ട്യത്തോടെ അയാൾ അവകാശപ്പെട്ടു.
“പിന്നീട് മൂസായെയും അദ്ദേഹത്തിന്റെ സഹോദരൻ ഹാറൂനെയും നാം നമ്മുടെ തെളിവുകളോടെയും വ്യക്തമായ പ്രമാണങ്ങളോടെയും അയച്ചു.
ഫറവോന്റെയും അവന്റെ പ്രമാണിപ്പരിഷകളുടെയും അടുത്തേക്ക്. അപ്പോഴവർ അഹങ്കരിച്ചു. ഒൗദ്ധത്യം നടിക്കുന്ന ജനതയായിരുന്നു അവർ. അതിനാലവർ പറഞ്ഞു: “”ഞങ്ങൾ ഞങ്ങളെപ്പോലെത്തന്നെയുള്ള രണ്ടു മനുഷ്യരിൽ വിശ്വസിക്കുകയോ? അവരുടെ ആളുകളാണെങ്കിൽ നമുക്ക് അടിമപ്പണി ചെയ്യുന്നവരും!” അങ്ങനെ അവർ ആ രണ്ടുപേരെയും തള്ളിപ്പറഞ്ഞു. അതിനാലവർ നാശത്തിനിരയായി. (23:4548)
ഫറവോനും സംഘവും അധർമികളുമായിരുന്നു. “”പിന്നീട് അവർക്കുശേഷം നാം മൂസയെയും ഹാറൂനെയും നമ്മുടെ പ്രമാണങ്ങളുമായി ഫറവോന്റെയും അവന്റെ പ്രമാണിമാരുടെയും അടുത്തേക്കയച്ചു. അപ്പോൾ അവർ അഹങ്കരിക്കുകയാണുണ്ടായത്. അവർ കുറ്റവാളികളായ ജനമായിരുന്നു.”(10:75)
ഇങ്ങനെ ദിവ്യത്വം ചമഞ്ഞ് ജനങ്ങളെ അടിച്ചമർത്തി അടക്കി ഭരിക്കുകയും മർദ്ദിച്ചൊടുക്കുകയും ചെയ്ത ക്രൂരനും നിർദയനും മർദകനുമായ ഭരണാധികാരിയായിരുന്നു അദ്ദേഹം. അതിനാലാണ് അല്ലാഹു തന്നെ, അയാളെ അതിക്രമിയെന്ന് പരിചയപ്പെടുത്തിയത്. അവൻ തൻറെ ദൂതൻമാരോട് പറഞ്ഞു:
“നീ ഫറവോന്റെ അടുത്തേക്ക് പോവുക. അവൻ അതിക്രമിയായിരിക്കുന്നു.”(79:17)
“നിങ്ങളിരുവരും ഫറവോന്റെ അടുത്തേക്ക് പോവുക. നിശ്ചയമായും അവൻ അതിക്രമിയായിരിക്കുന്നു.”(20:43)
നിലവിലുള്ള ഇന്ത്യൻ വർഗീയ ഫാസിസ്റ്റ് ഭരണകൂടെത്തക്കാൾ എത്രയോ ഇരട്ടി അക്രമാസക്തവും മർദ്ദകവും ക്രൂരവുമായിരുന്നു ഫറവോന്റെ ഭരണകൂടം. അയാളുടെ എല്ലാ കല്പനകളെയും പ്രവർത്തനങ്ങളെയും ദൈവിക നിയമങ്ങൾ പോലെ അനുസരിക്കാൻ ബാധ്യസ്ഥമായിരുന്നു ജനം. ഒരു മറു വാക്കും പറയാൻ ആർക്കും അനുവാദമുണ്ടായിരുന്നില്ല. അതിനാൽ എതിർപ്പിന്റെ നേരിയ ഇലയനക്കം പോലുമില്ലാതെയാണ് ഫറവോൻ ഭരണം നടത്തിയിരുന്നത്. അത് ചരിത്രത്തിൽ സമാനതകളില്ലാത്ത വിധം ഏകാധിപത്യപരവും സ്വേച്ഛാധിപത്യപരവുമായിരുന്നുവെന്നർത്ഥം. എന്തൊക്കെ ദൗർബല്യങ്ങളുണ്ടെങ്കിലും ഇന്ത്യയിൽ ജനാധിപത്യസംവിധാനം നിലനിൽക്കുന്നുണ്ടെന്നത് അല്പമൊക്കെ ആശ്വാസകരമാണ്. സ്വഛാധിപത്യത്തെക്കാൾ ഭേദവും.
കോപ്റ്റിക് വംശീയതയിലെ വിഭാഗീയത
ഇന്ത്യയിലെ ജാതി വ്യവസ്ഥയെപ്പോലെതന്നെ കോപ്റ്റിക് വംശീയതയിലും ഒന്നിലേറെ തട്ടുകളുണ്ടായിരുന്നു. ടോയൻസി എഴുതുന്നു: “ഇൗജിപ്തിലെ രാജ കുടുംബത്തിന്റെയും മറ്റു വരേണ്യ വർഗ്ഗത്തിന്റെയും മതവും സാധാരണക്കാരുടെ മതവും തമ്മിൽ വലുതായ അന്തരമുണ്ടായിരുന്നു. ഇരുവിഭാഗത്തീന്റെയും ദേവതകളും ക്ഷേത്രങ്ങളും വെവ്വേറെയായിരുന്നു. മത ചിഹ്നങ്ങളും ആചാരങ്ങളും ഒന്നായിരുന്നില്ല. ഇൗജിപ്തിൽ വളരെ പ്രാധാന്യപൂർവം ആചരിക്കപ്പെട്ടിരുന്ന മരണാനന്തരമുള്ള ഉദയ ക്രിയകളും രണ്ടുകൂട്ടർക്കും പ്രത്യേകം പ്രത്യേകമാണുണ്ടായിരുന്നത്. മോക്ഷത്തെക്കുറിച്ചുള്ള വീക്ഷണങ്ങളിലും കർമ്മ രീതികളിലും അവർ വ്യത്യസ്തമായിരുന്നു. (A Study of History page: 31,32. ഉദ്ധരണം: തഫ്ഹീമുൽ ഖുർആൻ. ഭാഗം: 3 പുറം:97,98)
ഇസ്രായേല്യർക്ക് ഇന്ത്യൻ മുസ്ലിംകളോട് സാമ്യതയുള്ള പോലെത്തന്നെ കോപ്റ്റിക്കുകൾക്ക് ഇവിടുത്തെ വംശീയ വാദികളോടും ഒട്ടേറെ സമാനതകളുണ്ടെന്നാണ് ഇത് വ്യക്തമാക്കുന്നത്.
ഇസ്രായേലോഫോബിയ
ഇന്ത്യയിൽ വർഗീയ ഫാസിസ്റ്റുകളും മറ്റു മുസ്ലിം വിരുദ്ധ ശക്തികളും ഇസ്ലാം പേടി വളർത്തിയാണല്ലോ ഇസ്ലാമിനും മുസ്ലിംകൾക്കുമെതിരെ വ്യാജരോപണങ്ങൾ പ്രചരിപ്പിക്കുന്നതും വംശീയ അതിക്രമങ്ങൾ സംഘടിപ്പിക്കുന്നതും മർദ്ദന പീഢനങ്ങളഴിച്ചു വിടുന്നതും. യഥാർത്ഥത്തിലിത് സഹസ്രാബ്ദങ്ങൾക്കു മുമ്പ് ഫറവോനും പ്രഭൃതികളും ഇസ്രായേല്യർക്കെതിരെ പ്രയോഗിച്ച അതേ ഹീനതന്ത്രമാണ്.
ബൈബിൾ പുറപ്പാട് പുസ്തകത്തിലിങ്ങനെ കാണാം: “അനന്തരം യോസേഫിനെ അറിയാത്ത പുതിയ രാജാവ് മിസ്രയീമിൽ അധികാരമേറ്റു. അവൻ തന്റെ ജനത്തോട് പറഞ്ഞു: ഇസ്രായേൽ ജനം നമ്മെക്കാൾ ബാഹുല്യവും ശക്തിയുള്ളവരാകുന്നു. അവർ പെരുകീട്ട് ഒരു യുദ്ധം ഉണ്ടാകുന്ന പക്ഷം നമ്മുടെ ശത്രുക്കളോടു ചേർന്ന് നമ്മോട് പൊരുതി ഇൗ രാജ്യം വിട്ടുപോയിക്കളയാൻ സംഗതി വരാതിരിക്കേണ്ടതിന് അവരോട് ബുദ്ധിയായി പെരുമാറുക. അങ്ങനെ കഠിന വേലകളാൽ അവരെ പീഡിപ്പിക്കേണ്ടതിന് അവരുടെ മേൽ കങ്കാണികളെ ഏർപ്പെടുത്തി. അവർ പീഥോം,റയാംസസ് എന്നീ സംഭരണശാലാ നഗരങ്ങൾ ഫറവോന് പണിതു. എന്നാൽ പീഡിപ്പിക്കും തോറും ജനം പെരുകി വർദ്ധിച്ചു. അതുകൊണ്ട് അവർ ഇസ്രായേൽ മക്കൾ നിമിത്തം പേടിച്ചു. മിസ്രയീമ്യർ ഇസ്രയേൽ മക്കളെക്കൊണ്ട് കഠിന ജോലി ചെയ്യിച്ചു. കളിമണ്ണും ഇഷ്ടികയും കൊണ്ടുള്ള കഠിനാധ്വാനത്താലും വയലിലെ സകലവിധ വേലകളാലും മിസ്രയീമ്യർ ഇസ്രായേല്യരുടെ ജീവിതം കൈപ്പു നിറഞ്ഞതാക്കി.’ (പുറപ്പാട്: 1:8-12)
കോപ്റ്റുകളുടെ ഭരണകൂടം ആദ്യം ചെയ്തത് ഇസ്രായേല്യരുടെ ഭൂമിയും താമസസ്ഥലങ്ങളും സ്വത്തുക്കളും പിടിച്ചെടുക്കുകയായിരുന്നുവെന്ന് തൽമൂദ് വിശദീകരിക്കുന്നു. അവരെ എല്ലാ സർക്കാർ ഉദ്യോഗങ്ങളിൽ നിന്നും പിരിച്ചുവിട്ടു. തുഛമായ വേതനം നൽകിയും നൽകാതെയും കഠിനമായ ജോലികൾ ചെയ്യിച്ചു.
അതുകൊണ്ടും മതിയാക്കാതെ ഇസ്രായേല്യരിൽ ജനിക്കുന്ന ആൺകുഞ്ഞുങ്ങളെ കൊല്ലാൻ കല്പന കൊടുത്തു. ഇസ്രായേല്യരുടെ പുരുഷ സംഖ്യ കുറക്കലായിരുന്നു ലക്ഷ്യം. ഇക്കാര്യം ബൈബിൾ ഇങ്ങനെ വിശദീകരിക്കുന്നു: “എന്നാൽ മിസ്രയീം രാജാവ് ശിഫ്റാ എന്നും പൂവാ എന്നും പേരുള്ള എബ്രായ സൂതി കർമ്മിണികളോട് കൽപ്പിച്ചു: എബ്രായ സ്ത്രീകളുടെ അടുക്കൽ നിങ്ങൾ സൂതികർമ്മത്തിന് ചെന്നു പ്രസവ ശയ്യയിൽ അവരെ കാണുമ്പോൾ, കുട്ടി ആണാകുന്നു എങ്കിൽ നിങ്ങൾ അതിനെ കൊല്ലേണം. പെണ്ണാകുന്നു എങ്കിൽ ജീവനോടിരിക്കട്ടെ.’ (പുറപ്പാട്.1:15-16)
ഇക്കാര്യം ഖുർആൻ ഇങ്ങനെ വിശദീകരിക്കുന്നു: “ഫറവോൻ നാട്ടിൽ അഹങ്കരിച്ചുനടന്നു. അന്നാട്ടുകാരെ വിവിധ വിഭാഗങ്ങളാക്കി. അവരിലൊരു വിഭാഗത്തെ പറ്റെ ദുർബലമാക്കി. അവരിലെ ആൺകുട്ടികളെ അറുകൊല ചെയ്തു. പെൺമക്കളെ ജീവിക്കാൻ വിട്ടു. അവൻ നാശകാരികളിൽ പെട്ടവനായിരുന്നു; തീർച്ച”.(28:4)
ഇസ്രായേല്യരുടെ അംഗസംഖ്യ കുറയാനും അങ്ങിനെ കോപ്റ്റുകൾക്ക് അവരെ അനായാസം കീഴ്പ്പെടുത്തി അടിമകളാക്കാനും ഫറവോനും പ്രഭൃതികളും ആവിഷ്കരിച്ച പദ്ധതിയായിരുന്നു ഇത്. പുരുഷ സന്താനങ്ങളെ വധിച്ച് അവരുടെ അംഗസംഖ്യ കുറഞ്ഞാൽ ഇസ്രായേലി സ്ത്രീകൾ കോപ്റ്റുകളുടെ അധീനതയിൽ വരുമെന്നും അവർ പ്രതീക്ഷിച്ചു.
ചുരുക്കത്തിൽ ഇസ്രായേല്യരുടെ അംഗ സംഖ്യ വർദ്ധിക്കുകയും അവരിൽ ധാരാളം ചെറുപ്പക്കാരുണ്ടാവുകയും അങ്ങനെ അവർ അധികാരം പിടിച്ചടക്കുകയും ചെയ്യുമെന്ന പേടി വളർത്തി കോപ്റ്റിക്ക് വംശീയതയെ ശക്തിപ്പെടുത്തുകയായിരുന്നു ഫറവോനും പ്രഭൃതികളും ചെയ്തുകൊണ്ടിരുന്നത്. അങ്ങനെ ഇസ്രായേല്യരെ ഉയർന്ന ജോലികളിൽ നിന്ന് ഒഴിവാക്കുകയും കൂലി കുറഞ്ഞതും സമൂഹത്തിൽ മാന്യമല്ലാത്തതുമായ കഠിന ജോലികൾ ഇസ്രായേല്യരെ കൊണ്ട് എടുപ്പിക്കുകയും ചെയ്തു. അവരുടെ ഭൂമിയും വാസസ്ഥലങ്ങളും പിടിച്ചടക്കി. അതോടൊപ്പം ഇസ്രായേല്യരെ അടിച്ചമർത്തി അടിമകളാക്കി. അതിനവർ പറഞ്ഞിരുന്ന ന്യായം കോപ്റ്റിക്കുകൾ നീല രക്തമുള്ള യജമാനന്മാരും ഇസ്രായേല്യർ അവരെ സേവിക്കാനായി സൃഷ്ടിക്കപ്പെട്ടവരാണെന്നായിരുന്നു.
മൂസാ നബിയുടെ പ്രബോധന പ്രവർത്തനങ്ങളെയും ഇസ്രായേലോഫോബിയ വളർത്താനാണ് ഫറവോനും പ്രഭൃതികളും ഉപയോഗപ്പെടുത്തിയത്. ഫറവോനെയും കൂട്ടുകാരെയും നാട്ടിൽ നിന്ന് പുറത്താക്കി അവിടം പിടിച്ചടക്കലാണ് മൂസാ നബിയുടെ ലക്ഷ്യമെന്ന് വരുത്തിത്തീർക്കാനാണ് അയാൾ ശ്രമിച്ചത്. അതിനാൽ രാജസദസ്സിൽ വെച്ച് ഫറവോൻ മൂസാ നബിയോട് ചോദിച്ചു:”ഒാ മൂസാ, നിന്റെ ജാലവിദ്യകൊണ്ട് ഞങ്ങളെ ഞങ്ങളുടെ നാട്ടിൽ നിന്ന് പുറത്താക്കാനാണോ നീ ഞങ്ങളുടെ അടുത്തു വന്നിരിക്കുന്നത്?’ (20:57)
തുടർന്ന് ചുറ്റുമുള്ള സഹായികളോട് പറഞ്ഞു:”നിങ്ങളെ നിങ്ങളുടെ നാട്ടിൽ നിന്നു പുറത്താക്കാനാണ് ഇവനാഗ്രഹിക്കുന്നത്. അതിനാൽ നിങ്ങൾക്കെന്താണ് നിർദേശിക്കാനുള്ളത്?”(7:110)
ഇന്ത്യയിലെ വംശീയ വാദികളെപ്പോലെത്തന്നെ പൂർവിക പാരമ്പര്യത്തിൻറെയും പൈതൃകത്തിന്റെയും മഹത്വം പറഞ്ഞ് അത് നശിപ്പിക്കുകയാണ് മൂസാനബി ചെയ്യുന്നതെന്ന് വരുത്തിത്തീർക്കാനും ഫറവോനും പ്രഭൃതികളും ശ്രമിക്കുകയുണ്ടായി.
അവർ പറഞ്ഞു: “”ഞങ്ങളുടെ പൂർവ പിതാക്കൾ ഏതൊരു മാർഗം മുറുകെപ്പിടിക്കുന്നതായി ഞങ്ങൾ കണ്ടുവോ അതൽനിന്ന് ഞങ്ങളെ തെറ്റിച്ചുകളയാനാണോ നീ ഞങ്ങളുടെയടുത്ത് വന്നത്? ഭൂമിയിൽ നിങ്ങളിരുവരുടെയും മേധാവിത്വം സ്ഥാപിക്കാനും? എന്നാൽ ഞങ്ങളൊരിക്കലും നിങ്ങളിരുവരിലും വിശ്വസിക്കുന്നവരാവുകയില്ല.” (10:78)
അവർ പറഞ്ഞു: “”ഇവരിരുവരും തനി ജാലവിദ്യക്കാരാണ്. ഇവരുടെ ജാലവിദ്യയിലൂടെ നിങ്ങളെ നിങ്ങളുടെ നാട്ടിൽനിന്ന് പുറന്തള്ളാനും നിങ്ങളുടെ ചിട്ടയൊത്ത ജീവിതരീതി തകർക്കാനുമാണ് ഇവരുദ്ദേശിക്കുന്നത്.”(20:63)
ഇതിന്റെ വ്യാഖ്യാനത്തിൽ സയ്യിദ് അബുൽ അഅ്ലാ മൗദൂദി എഴുതുന്നു: “വർഗീയ വികാരം ഉത്തേജിപ്പിച്ച് ഭരണ വർഗ്ഗത്തിൽ അന്ധമായ ആവേശം വളർത്തുകയും ഇപ്രകാരം ആശങ്ക ജനിപ്പിക്കുകയും ചെയ്യുക. മൂസാ വിജയിക്കുക എന്നതിനർത്ഥം നിങ്ങളുടെ കരങ്ങളിൽ നിന്ന് അധികാരം നഷ്ടപ്പെടുകയും നിങ്ങളുടെ മഹത്തായ ജീവിത രീതികൾ താറുമാറായിത്തീരുകയുമാണ്. രാജ്യത്തെ സ്വാധീനമുള്ള വിഭാഗത്തെ അവർ ഇപ്രകാരം ഭയപ്പെടുത്തി: “മൂസായുടെ കയ്യിലെങ്ങാനും അധികാരം കിട്ടിയാൽ അവൻ നിങ്ങളുടെ സംസ്കാരവും കലകളും സുന്ദരമായ നാഗരികതകളും വിനോദങ്ങളും സ്ത്രീകളുടെ സ്വാതന്ത്ര്യവും എന്നുവേണ്ട ജീവിതാനന്ദം നൽകുന്ന എല്ലാം അയാൾ നശിപ്പിക്കും.’ (തഫ്ഹീമുൽ ഖുർആൻ. ഭാഗം:3. പുറം100)
ഇങ്ങനെ വ്യാജാരോപണങ്ങൾ നടത്തി ഇസ്രായേലോഫോബിയ വളർത്തി മൂസാനബിയും ഇസ്രായേല്യരും നശിപ്പിക്കപ്പെടേണ്ടവരാണെന്ന പൊ
തു ധാരണ സൃഷ്ടിക്കുകയാണ് ഫറവോൻ ചെയ്തത്. തുടർന്ന് ഒന്നിടവിട്ട വർഷം ഇസ്രായേല്യരിൽ ജനിക്കുന്ന ആൺകുഞ്ഞുങ്ങളെ തൊട്ടിലിൽ വെച്ച് തന്നെ ക്രൂരമായി കൊല്ലാൻ തുടങ്ങി.
ഫറവോൻ പ്രയോഗിച്ച അതേ തന്ത്രം തന്നെയാണ് ഇസ്ലാം പേടി വളർത്തി ഇന്ത്യയിലെ വർഗീയ ഫാസിസ്റ്റുകളും ചെയ്യുന്നത്.
അതോടൊപ്പം ഇന്ത്യയിലെ വർഗീയ ഫാസിസ്റ്റ് ഭരണകൂടത്തെക്കാൾ എല്ലാ അർത്ഥത്തിലും ക്രൂരവും പൈശാചികവും വംശീയവും മനുഷ്യത്വ രഹിതവുമായിരുന്നു ഫറവോന്റെയും കോപ്റ്റിക്കുകളുടെയും അധികാര നടത്തിപ്പ്. ( തുടരും )