Current Date

Search
Close this search box.
Search
Close this search box.

മനുഷ്യന്‍ ഇസ്‌ലാമിക വീക്ഷണത്തില്‍

ഇസ്‌ലാമിക വീക്ഷണത്തില്‍ മനുഷ്യന്‍ മൂന്നംശങ്ങളൂടെ സംഘാതമാണ്. അവന് ശരീരവും മനസ്സും ആത്മാവുമുണ്ട്. ശരീരത്തിന്റെയും ശാരീരികാവശ്യങ്ങളുടെയും കാര്യത്തില്‍ മനുഷ്യനും മറ്റു ജീവികളും തമ്മില്‍ കാര്യമായ അന്തരമില്ല. തിന്നുക, കുടിക്കുക, ഭോഗിക്കുക, സുഖിക്കുക, ഉല്ലസിക്കുക ഇതൊക്കെയാണല്ലോ ശരീരം തേടുന്നത്. മനുഷ്യരൊഴിച്ച് മറ്റുള്ളവയ്‌ക്കെല്ലാം അവ പൂര്‍ത്തീകരിക്കാനാവശ്യമായ ജന്മസിദ്ധമായ കഴിവുകളുണ്ട്. പിറന്നുവീഴുന്ന പശുക്കിടാവ് അതിന്റെ മാതാവിന്റെ അകിട്ടില്‍നിന്ന് സ്വയം പാല് കുടിക്കും. മത്സ്യക്കുഞ്ഞ് വെള്ളത്തില്‍ നീന്തിത്തുടിക്കും.

മുട്ടയില്‍നിന്ന് വിരിഞ്ഞിറങ്ങുന്ന കോഴിക്കുഞ്ഞ് വെള്ളാരംകല്ലും അരിമണിയും വേര്‍തിരിച്ചറിഞ്ഞ് അരിമണി കൊത്തിത്തിന്നും. എന്നാല്‍ മനുഷ്യക്കുഞ്ഞിന് പരസഹായമില്ലാതെ അല്പകാലം പോലും ജീവിക്കാന്‍ സാധ്യമല്ല. ശാരീരികമായി മനുഷ്യനേക്കാള്‍ കഴിവുള്ള ഒരുപാട് ജീവികള്‍ ലോകത്തുണ്ട്. എന്നാല്‍ മനുഷ്യന്‍ വളര്‍ന്ന് വലുതാകുന്നതോടെ മറ്റെല്ലാറ്റിനെയും കീഴ്‌പ്പെടുത്താന്‍ കഴിവ് നേടുന്നു. തന്നേക്കാള്‍ എത്രയോ ശക്തിയുള്ള ആനയെ തന്റെ ആജ്ഞകള്‍ അനുസരിപ്പിക്കുന്നു. മനുഷ്യനെ അതിന് പ്രാപ്തമാക്കുന്നത് അവന്റെ വിശേഷബുദ്ധിയാണ്. അത് അവന്റെ അതിരുകളില്ലാത്ത വളര്‍ച്ചയ്ക്കും ഉയര്‍ച്ചയ്ക്കും പുരോഗതിക്കും വികാസത്തിനും വഴിയൊരുക്കുന്നു. ശാസ്ത്ര -സാങ്കേതികരംഗങ്ങളിലുള്‍പ്പെടെ മനുഷ്യന്‍ നേടിയ എല്ലാ പുരോഗതിക്കും നേട്ടങ്ങള്‍ക്കും നിമിത്തമായത് അവന്റെ ചിന്താശേഷിയാണ്.

ഇപ്രകാരം തന്നെ മറ്റുജീവികളില്‍നിന്ന് വ്യത്യസ്തമായി മനുഷ്യന് തന്റെ ദേഹേച്ഛകളെയും മനസ്സിന്റെ മോഹങ്ങളെയും നിയന്ത്രിക്കാന്‍ സാധിക്കും. അഥവാ ആത്മനിയന്ത്രണവും സംയമനവും സാധ്യമാണ്. മനുഷ്യനിലെ ആത്മീയാംശമാണ് ഇതിനൊക്കെയും അവനെ സഹായിക്കുന്നത്. മനുഷ്യന് ചിന്തിക്കാനും പഠിക്കാനും മനസ്സിലാക്കാനും ഉള്‍ക്കൊള്ളാനും കഴിയുന്നപോലെത്തന്നെ പാടാനും പ്രസംഗിക്കാനും കഥയും കവിതയുമെഴുതാനും ചിത്രം വരയ്ക്കാനും ശില്പമുണ്ടാക്കാനും സാധിക്കും. ഇത്തരം കലയ്ക്കും സാഹിത്യത്തിനും വഴിയൊരുക്കുന്നത് മനുഷ്യന്റെ സര്‍ഗാത്മകതയാണ്. ഇത് അവനിലെ ആത്മീയതയുടെ സിദ്ധിയാണ്.

ബുദ്ധിയുടെ പ്രഭവകേന്ദ്രമായ മനസ്സും ആത്മാവുമാണ് മനുഷ്യനെ മറ്റുജീവികളില്‍നിന്ന് വ്യതിരിക്തമാക്കുന്നത്. അതുകൊണ്ടുതന്നെ നാസ്തികതയില്‍ മനുഷ്യന്‍ വാലറ്റ് പോവുകയും രോമം കൊഴിയുകയും നട്ടെല്ല് നിവരുകയും താടിയെല്ല് വളരുകയും ഇരുകാലില്‍ എഴുന്നേറ്റ് നില്‍ക്കുകയും ചെയ്ത ഒരു ജന്തുവാണെങ്കില്‍ ഇസ്‌ലാമില്‍ അവന്‍ മറ്റെല്ലാ ജീവികളില്‍നിന്നും വ്യത്യസ്തനായ സവിശേഷസൃഷ്ടിയാണ്. ഭൂമിയിലെ ജീവജാലങ്ങളില്‍ ഏറ്റവും ശ്രേഷ്ഠനും മഹാനും ആദരണീയനുമാണ്. പ്രപഞ്ചസ്രഷ്ടാവായ ദൈവം പറയുന്നു: ”ഉറപ്പായും ആദം സന്തതികളെ നാം ആദരിച്ചിരിക്കുന്നു. അവര്‍ക്കു നാം കടലിലും കരയിലും സഞ്ചരിക്കാനായി വാഹനങ്ങളൊരുക്കി. ഉത്തമവിഭവങ്ങള്‍ ആഹാരമായി നല്‍കി. നാം സൃഷ്ടിച്ച നിരവധി സൃഷ്ടികളെക്കാള്‍ നാമവര്‍ക്ക് മഹത്ത്വമേകുകയും ചെയ്തു” (ഖുര്‍ആന്‍-17:70)

മോഹസാഫല്യം ഉറപ്പുനല്‍കുന്ന വിശ്വാസദര്‍ശനം

നാസ്തികത മനുഷ്യന് പരിമിതികള്‍ ഏര്‍പ്പെടുത്തുന്നു. സന്തോഷം, സൗന്ദര്യം, സുഖസൗകര്യങ്ങള്‍ പോലുള്ളവയിലെല്ലാം പൂര്‍ണതയിലെത്താന്‍ മനുഷ്യന്‍ ആഗ്രഹിക്കുന്നു. നിത്യയൗവനം കൊതിക്കുന്നു. നാസ്തികത ഇതൊക്കെയും അസാധ്യമെന്ന് വിധിക്കുന്നു. ജീവിതം മരണത്തോടെ ഒടുങ്ങുമെന്ന് വാദിക്കുന്നു. ഇവിടെ ഈ ഭൂമിയില്‍ കിട്ടിയതിലപ്പുറമൊന്നും ലഭിക്കാനില്ലെന്ന് ഉറപ്പിച്ച് പറയുന്നു. രോഗവും വേദനയും വാര്‍ധക്യവും അതിന്റെ അവശതകളും മറ്റെല്ലാ പ്രയാസങ്ങളും അനുഭവിച്ച് മരിച്ച് മണ്ണാവുക എന്നതാണല്ലോ നാസ്തികത മനുഷ്യനോട് പറയുന്നത്.

എന്നാല്‍ ഇസ്‌ലാം മനുഷ്യനോട് പറയുന്നു: ”ജീവിതം മരണത്തോടെ ഒടുങ്ങുകയില്ല. അത് അവിരാമം തുടരും. ഭൂമിയില്‍ മനസ്സ് തീരുമാനമെടുക്കുന്നു. ശരീരം അത് നടപ്പാക്കുന്നു. അതിന്റെ ഗുണദോഷങ്ങളും നൻതിൻകളും ആത്മാവില്‍ ശേഖരിക്കപ്പെടുന്നു. മരണത്തോടെ ആത്മാവ് അതില്‍ ശേഖരിക്കപ്പെട്ട സഞ്ചിതകര്‍മങ്ങള്‍ക്കനുസൃതമായി രക്ഷാശിക്ഷകള്‍ അനുഭവിക്കുന്നു. പിന്നീട് സഞ്ചിതകര്‍മങ്ങള്‍ക്കനുസൃതമായ ശരീരപ്രകൃതിയുമായി ഉയിര്‍ത്തെഴുന്നേല്‍ക്കുന്നു.

” ഇവിടെ ദൈവികശാസനകള്‍ പാലിച്ച് നൻനിറഞ്ഞ വിശുദ്ധജീവിതം നയിക്കുന്നവര്‍ക്ക് ആഗ്രഹിച്ചതെല്ലാം ലഭിക്കുന്ന സ്വര്‍ഗം നല്‍കുമെന്ന് ദൈവം ഉറപ്പ് നല്‍കുന്നു. അല്ലലും അലട്ടും ദുഃഖവും വേദനയും രോഗവും വാര്‍ധക്യവും അവശതയും മരണവുമില്ലാത്ത നിത്യയൗവനത്തോടെയുളള സംതൃപ്തജീവിതം വാഗ്ദാനം ചെയ്യുന്നു. ”നിങ്ങള്‍ക്ക് അവിടെ നിങ്ങളുടെ മനസ്സ് മോഹിക്കുന്നതൊക്കെ കിട്ടും. നിങ്ങള്‍ക്കവിടെ നിങ്ങളാവശ്യപ്പെടുന്നതെന്തും ലഭിക്കും. ഏറെ പൊറുക്കുന്നവനും പരമദയാലുവുമായ ദൈവത്തിങ്കല്‍നിന്നുള്ള സല്‍കാരമാണത്.”(ഖുര്‍ആന്‍-41:31,32)

”അല്ലാഹു നിങ്ങളുടെ പാപങ്ങള്‍ നിങ്ങള്‍ക്കു പൊറുത്തുതരും. താഴ്ഭാഗത്തിലൂടെ ആറുകളൊഴുകുന്ന സ്വര്‍ഗീയാരാമങ്ങളില്‍ നിങ്ങളെ പ്രവേശിപ്പിക്കും. സ്ഥിരജീവിതത്തിനായൊരുക്കിയ സ്വര്‍ഗീയാരാമങ്ങളിലെ വിശിഷ്ടമായ വാസസ്ഥലങ്ങളില്‍ അവന്‍ നിങ്ങളെ പ്രവേശിപ്പിക്കും. ഇതത്രെ അതിമഹത്തായ വിജയം.” (ഖുര്‍ആന്‍-61:12). ഇങ്ങനെ ഇസ്‌ലാം മനുഷ്യന് പൂര്‍ണതയെ സംബന്ധിച്ച പ്രത്യാശ നല്‍കുന്നു. ആഗ്രഹിക്കുന്നതൊക്കെ ലഭിക്കുന്ന ഒരു ലോകത്തെക്കുറിച്ച ഉറപ്പും പ്രതീക്ഷയും നല്‍കുന്നു.

നീതിബോധത്തെ തൃപ്തിപ്പെടുത്തുന്ന ദര്‍ശനം
അക്രമികള്‍ മാത്രമാണ് നീതി നടപ്പാക്കപ്പെടണമെന്ന് ആഗ്രഹിക്കാതിരിക്കുക. മറ്റെല്ലാവരും നീതിക്കുവേണ്ടി കൊതിക്കുന്നു. അതിനാലാണല്ലോ എല്ലാ നാടുകളിലും നിയമങ്ങളും നിയമപാലകരും നിയമക്കോടതികളും നിലനില്‍ക്കുന്നത്. നാസ്തികര്‍ ഏത് ഗണത്തിലാണ് പെടുകയെന്ന് അവര്‍ തന്നെയാണ് തീരുമാനിക്കേണ്ടത് .

എന്നാല്‍ കൃത്യവും കണിശവുമായ നീതി ആര്‍ക്കുമിവിടെ പൂര്‍ണമായി നടപ്പാക്കാനാവില്ല. എന്നെ കൊന്നാല്‍ പരമാവധി സാധ്യമാവുക എന്റെ ഘാതകനെ വധിക്കലാണ്. എന്നാല്‍ അവ്വിധം പ്രതിക്രിയ നടപ്പാക്കുന്നത് കൊണ്ട് എന്റെ ജീവിതപങ്കാളിക്ക് ഇണയെയോ മക്കള്‍ക്ക് പിതാവിനെയോ ബന്ധുക്കള്‍ക്കും കൂട്ടുകാര്‍ക്കും തങ്ങളുടെ പ്രിയപ്പെട്ട കുടുംബക്കാരനെയോ കൂട്ടുകാരനെയോ തിരിച്ചുകിട്ടുകയില്ല.

ആയിരങ്ങളെയും പതിനായിരങ്ങളെയും കൊല്ലുന്നവര്‍ക്ക് അര്‍ഹമായ ശിക്ഷ നല്‍കി നീതി നടപ്പാക്കാന്‍ ആര്‍ക്കും സാധ്യമല്ല. ഭക്ഷ്യവസ്തുക്കളില്‍ മായംചേര്‍ത്തും അഴിമതി നടത്തിയും തങ്ങളുടെ അധ്വാനഫലം കവര്‍ന്നെടുക്കുന്ന കൊള്ളക്കാരും ചൂഷകരും ആരെന്നുപോലും ഏറെപേര്‍ക്കുമറിയില്ല. അതിനാല്‍ അവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കാന്‍ സാധ്യമല്ല. അതുകൊണ്ടുതന്നെ മനുഷ്യന്റെ നീതിബോധത്തെ തൃപ്തിപ്പെടുത്താന്‍ ഭൂമിയില്‍ ആര്‍ക്കുമാവില്ല. നാസ്തികരുടെ വശം മൗലികമായ ഈ പ്രശ്‌നം പരിഹരിക്കാന്‍ മാര്‍ഗമൊന്നുമില്ല.

എന്നാല്‍ കൃത്യമായ നീതി പുലരുന്ന ഒരു ലോകത്തേക്കാണ് മുഴുവന്‍ മനുഷ്യരും ഭൂമിയില്‍നിന്ന് പോകുന്നതെന്ന് ഇസ്‌ലാം ഉറപ്പിച്ചും തറപ്പിച്ചും പറയുന്നു. വരാനിരിക്കുന്ന ആ പരലോകത്ത് മുഴുവന്‍ മനുഷ്യര്‍ക്കും തങ്ങളുടെ കര്‍മഫലം കൃത്യമായി ലഭിക്കും. ആരോടും ഒട്ടും അനീതി ഉണ്ടാവുകയില്ല.

”അതിനാല്‍, അണുത്തൂക്കം നൻമ ചെയ്തവന്‍ അത് കാണും, അണുത്തൂക്കം തിൻമ ചെയ്തവന്‍ അതും കാണും”(ഖുര്‍ആന്‍-99:7,8)

”പശ്ചാത്തപിക്കുകയും സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരെയൊഴികെ. അവര്‍ സ്വര്‍ഗീയാരാമങ്ങളില്‍ പ്രവേശിക്കും. അവരോട് ഒട്ടും അനീതിയുണ്ടാവില്ല” (ഖുര്‍ആന്‍-19:60).

( തുടരും )

????കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/LOeNnwBHadrGqajJzvbLUW

Related Articles