പ്രവാചകൻ നയിച്ച ഇസ്ലാമിക വിപ്ലവത്തിന്റെ വിജയത്തിന് വഴിയൊരുക്കിയത് ഹിജ്റയാണ്. ഉമറുൽ ഫാറൂഖിന്റെ കാലത്ത് ഇസ്ലാമിക രാഷ്ട്രത്തിന് ഒരു കലണ്ടർ ആവശ്യമായി വന്നപ്പോൾ അതിൻറെ അടിസ്ഥാനം ഹിജ്റയാവട്ടെയെന്ന് എല്ലാവരും തീരുമാനിക്കാനുള്ള കാരണവും അതുതന്നെ.
അതിവിദഗ്ധമായ ആസൂത്രണവും സമർത്ഥമായ പ്രയോഗവൽക്കരണവും ആത്മാർത്ഥമായ പ്രാർത്ഥനയും ഒത്ത് ചേർന്നപ്പോഴാണ് ഹിജ്റ ഫലപ്രാപ്തിയിലെത്തിയത്.
1) ഹിജറ തീരുമാനിക്കുന്നതിന് മുമ്പ് തന്നെ അഖബ: ഉടമ്പടിയിലൂടെ ചെന്നെത്താവുന്ന സ്ഥലത്തെ സുരക്ഷിതത്വം ഉറപ്പ് വരുത്തി.
2) മിസ്വ്അബ് ബ്നു ഉമൈറിനെ പറഞ്ഞയച്ച് യഥ് രിബ് നിവാസികളെ തന്നെയും അനുയായികളെയും സ്വീകരിക്കാനും സ്വാഗതം ചെയ്യാനും പാകപ്പെടുത്തി. അവിടെയെത്തുന്നതിന് മുമ്പ് തന്നെ തനിക്കുവേണ്ടി എന്തും സഹിക്കാൻ സന്നദ്ധമായ സഹായികളെ സജ്ജമാക്കി.
3) തന്നെ വധിക്കാൻ വീട് വളഞ്ഞ ശത്രുക്കളുടെ പിടിയിൽ പെടാതിരിക്കാൻ തൻറെ വിരിപ്പിൽ അലി(റ)യെ കിടത്തി താൻ അവിടെയുണ്ടെന്ന ധാരണ സൃഷ്ടിച്ചു.
4) അനുയായികൾ പോയത് യഥ് രിബിലേയതിനാൽ താനും അവിടേക്കാണ് പോവുക എന്ന് കരുതി പിന്തുടരാൻ സാധ്യതയുള്ളതിനാൽ ശത്രുക്കളുടെ പിടിയിൽ പെടാതിരിക്കാൻ എതിർ ദിശയിലേക്ക് സഞ്ചരിച്ചു.
5) ശത്രുക്കൾ അന്വേഷിച്ച് നടക്കും എന്നതിനാൽ അവരുടെ ശ്രദ്ധയിൽ പെടാതിരിക്കാൻ മൂന്ന് ദിവസം സൗർ ഗുഹയിൽ ഒളിച്ചു.
6) അപ്പോൾ ആവശ്യമായ ഭക്ഷണം അവിടെയെത്തിക്കാൻ അബൂബക്കർ സിദ്ദീഖിന്റെ മകൾ അസ്മാഇനെ ചുമതലപ്പെടുത്തി.
7) ദാഹം തീർക്കാൻ പാലിന് വേണ്ടി അബൂബക്കർ സിദ്ദീഖിന്റെ മകൻ ആമിറിനോട് ആടുകളെ അതുവഴി കൊണ്ടുവരാൻ ആവശ്യപ്പെട്ടു.
ശത്രുക്കളുടെ ഗൂഢാലോചനയും അവർ അന്വേഷണം നിർത്തിയോ എന്നും ചോദിച്ച് മനസ്സിലാക്കി അറിയിക്കാൻ അബൂബക്കർ സിദ്ദിഖിൻറെ മകൻ അബ്ദുല്ലയെ ചുമതലപ്പെടുത്തി.
9) ഗുഹയിൽ നിന്ന് പുറത്തിറങ്ങിയശേഷം യഥ് രിബിലേക്കുള്ള സാധാരണ വഴി ഉപേക്ഷിച്ച് ശത്രുക്കൾ അന്വേഷിക്കാൻ സാധ്യതയില്ലാത്ത വഴിയിലൂടെ സഞ്ചരിച്ചു.
10) ഹിജ്റയിൽ വഴികാട്ടിയായി അതിനേറ്റവും അനുയോജ്യനായ വ്യക്തിയെ തന്നെ അയാൾ മുസ്ലിം അല്ലാതിരുന്നിട്ടും ഉപയോഗപ്പെടുത്തി.
ഇങ്ങനെ മനുഷ്യ സാധ്യമായ സകല സാധ്യതയും ഉപയോഗപ്പെടുത്തി ഏറ്റവും യുക്തമായ പദ്ധതി ആസൂത്രണം ചെയ്യുകയും അതൊക്കെയും വിദഗ്ധമായി നടപ്പാക്കുകയും അതിന്റെ വിജയത്തിനായി ഹൃദയം തുറന്ന് പ്രാർത്ഥിക്കുകയും ചെയ്തപ്പോൾ ഹിജ്റ വമ്പിച്ച വിജയമായി മാറി. കഴിഞ്ഞ പതിനാലര നൂറ്റാണ്ടോളം അവിരാമം തുടർന്ന് പോന്ന ഇസ്ലാമിക രാഷ്ട്രം പിറന്നുവീണു.
ഏത് മഹൽ സംരംഭവും വിജയിക്കണമെങ്കിൽ മനുഷ്യസാധ്യത പരമാവധി പ്രയോജനപ്പെടുത്തി വിദഗ്ധമായി ആസൂത്രണം നടത്തുകയും അതിൻറെ പ്രയോഗ വിൽക്കരണത്തിന് യുക്തി ഭദ്രമായ ശ്രമം നടത്തുകയും ചെയ്തുകൊണ്ടാണ് അല്ലാഹുവിൽ ഭരമേല്പിക്കുകയും അവനോട് പ്രാർത്ഥിക്കുകയും ചെയ്യേണ്ടതെന്ന് പഠിപ്പിക്കുകയാണ് ഇതിലൂടെ പ്രവാചകൻ ചെയ്യുന്നത്.
മുന്നോട്ടുള്ള പ്രയാണത്തിൽ പ്രവാചക പാത പിന്തുടരാൻ പ്രപഞ്ചനാഥൻ നമ്മെ അനുഗ്രഹിക്കട്ടെ.
🪀കൂടുതൽ വായനക്ക് 👉🏻: https://chat.whatsapp.com/LOeNnwBHadrGqajJzvbLUW