Current Date

Search
Close this search box.
Search
Close this search box.

ഖുദ്‌സിന്റെയും മസ്ജിദുല്‍ അഖ്‌സയുടെയും കര്‍മശാസ്ത്രം

ലോകത്തെ സുപ്രസിദ്ധ നഗരങ്ങളില്‍ ഒന്നാണ് ബൈതുല്‍ മുഖദ്ദസ്. അനവധി സംസ്‌കാരങ്ങള്‍ക്ക് സാക്ഷിയായ നഗരം. ഇസ്ലാമിലതിന് പ്രത്യേക സ്ഥാനമുണ്ട്. ഖുദ്‌സ് എന്ന പദത്തിനുതന്നെ വിശുദ്ധിയെ സൂചിപ്പിക്കുന്ന അനേകം അറബി അര്‍ഥങ്ങളുണ്ട്. ത്വഹാറത്, തന്‍സീഹ്, തഖ്ദീസ് എന്നിവ അതില്‍ ചിലതാണ്.

ഖുദ്‌സിന്റെ നാമങ്ങള്‍: കാലമാറ്റങ്ങള്‍ക്കനുസരിച്ചും രാഷ്ട്രീയ അപ്രമാധിത്വങ്ങള്‍ക്കനുസരിച്ചും പല നാമങ്ങളും ഖുദ്‌സിന് നല്‍കപ്പെട്ടിട്ടുണ്ട്. അതില്‍ പ്രസിദ്ധമായവ:

1) യബൂസ്: യബൂസികളിലേക്ക് ചേര്‍ത്താണ് ഈ പേര് വന്നത്. തിരോഭവിച്ചുപോയ അറബികള്‍ ആയിരുന്നു അവര്‍.
2) മദീനതു ദാവൂദ്: ദാവൂദ് നബിയുടെ കാലത്ത് അദ്ദേഹത്തിന്റെ അധികാരത്തിലേക്ക് ചേര്‍ത്താണ് ഈ പേര് വന്നത്.
3) ജെറുസലേം: അലക്‌സാണ്ടര്‍ ദി ഗ്രേറ്റ് ഖുദുസ് കീഴടക്കിയത് മുതലാണ് ജെറുസലേം എന്ന് വിളിക്കാന്‍ തുടങ്ങിയത്.
4) ഭേറൂസലേമ: ക്രിസ്താബ്ദം എഴുപതില്‍ തീറ്റസിന്റെ കാലത്താണ് ഈ പേര് വിളിക്കപ്പെട്ടത്.
5) ഏലിയ, ഏലിയ കാപ്പിറ്റോലിന: റോമന്‍ ഭരണകാലത്തെ നാമം.
6) ഖുദുസ്, ബൈതുല്‍ മുഖദ്ദസ്: മുസ്ലിംകളുടെ അധികാര ആരോഹണത്തിനു ശേഷമാണ് ഈ പേര് നിലവില്‍ വന്നത്.
7) ബൈതുശ്ശരീഫ്: ഉസ്മാനികളുടെ കാലംതൊട്ട് ഇങ്ങനെയാണ് അറിയപ്പെട്ടിരുന്നത്.

ഖുദ്‌സുമായി ബന്ധപ്പെട്ട സുപ്രസിദ്ധ ചരിത്രങ്ങള്‍:

1) അല്‍മസ്ജിദുല്‍ അഖ്‌സാ: മദീനയുമായി അകന്നു നില്‍ക്കുന്നത് കൊണ്ടാണ് അതിന് ഈ പേര് വന്നത്. 17 മാസത്തോളം ഇത് മുസ്ലിംകളുടെ ഖിബ് ലയായിരുന്ന ഇടം, മൂന്നാമത്തെ ഹറം, മുഹമ്മദ് നബിയുടെ രാപ്രയാണം നടന്ന സ്ഥലം. ഒരുപാട് പ്രവാചകന്മാര്‍ അവിടെ അന്ത്യവിശ്രമം കൊള്ളുന്നുണ്ട്. ഇബ്‌റാഹീം നബി, ഇസ്ഹാഖ് നബി, യഅ്ഖൂബ് നബി, സക്കരിയ നബി, ദാവൂദ് നബി, സുലൈമാന്‍ നബി, ഈസാ നബി, മറിയം ബീവി എന്നിവരെല്ലാം ഖുദ്‌സിന്റെ മടിത്തട്ടില്‍ ജീവിതം നയിച്ചവരായിരുന്നു.

ഒരുങ്ങി തയ്യാറായി യാത്ര പോകല്‍ അനുവദനീയമായ മസ്ജിദ്. അബൂ ഹുറൈറ(റ) നിവേദനം ചെയ്ത ഹദീസില്‍ ഇങ്ങനെ കാണാം. നബി(സ്വ) പറഞ്ഞു: ‘യാത്ര എന്ന നിലയില്‍ മൂന്ന് പള്ളികളില്‍ മാത്രമേ പോകല്‍ അനുവദനീയമുള്ളൂ; മസ്ജിദുല്‍ ഹറാം, എന്റെ ഈ മസ്ജിദ് (മസ്ജിദുന്നബവി), മസ്ജിദുല്‍ അഖ്‌സാ.’

മസ്ജിദുല്‍ ഹറാമിന് ശേഷം നാല്‍പ്പതു വര്‍ഷങ്ങള്‍ കഴിഞ്ഞാണ് മസ്ജിദുല്‍ അഖ്‌സാ നിര്‍മിതമാകുന്നത്. അബൂദര്‍റ്(റ) നിവേദനം ചെയ്യുന്നു. ഭൂമിയില്‍ നിര്‍മിതമായ ആദ്യ പള്ളിയെക്കുറിച്ച് ഞാന്‍ നബിയോട് ചോദിച്ചു. അവിടുന്ന് അരുളി: ‘മസ്ജിദുല്‍ ഹറാം.’ പിന്നെ? ഞാന്‍ ചോദിച്ചു. ‘മസ്ജിദുല്‍ അഖ്‌സാ.’ നബി പ്രതിവചിച്ചു. അവക്കിടയില്‍ എത്ര വര്‍ഷത്തെ വ്യത്യാസമുണ്ട്? ഞാന്‍ വീണ്ടും ചോദിച്ചു. ‘നാല്‍പ്പതു വര്‍ഷം. പിന്നീട് ഭൂമി മുഴുവന്‍ മസ്ജിദായി. എവിടെ വച്ചാണോ സമയമാകുന്നത് അവിടെവച്ച് നമസ്‌കരിക്കാം. അതാണ് ഏറ്റവും ഉത്തമം.’

2) മസ്ജിദു ഖുബ്ബ്തുസ്വഖ്‌റാ: ഇത് മസ്ജിദുല്‍ അഖ്‌സയാണെന്ന് ജൂതന്മാര്‍ തെറ്റിദ്ധരിപ്പിക്കാറുണ്ട്. ഖുബ്ബതുസ്വഖ്‌റാ മസ്ജിദുല്‍ അഖ്‌സയുടെ ഭാഗമാണ്. അതിനടുത്താണ് മഹാനായ ഇബ്‌റാഹീം നബി തന്റെ ആരാധനാ കേന്ദ്രവും ആള്‍താരയും പണിതത്. ഖുബ്ബതുസ്വഖ്‌റയുടെ അരികിലാണ് യഅ്ഖൂബ് നബി തന്റെ ആരാധനാ കേന്ദ്രവും നിര്‍മിച്ചത്. മൂസാ നബിയുടെ കാലത്ത് അലഞ്ഞുതിരിഞ്ഞ് നടക്കാന്‍ വിധിക്കപ്പെട്ട ബനൂ ഇസ്രയേലികള്‍ ഖുബ്ബതുസ്വഖ്‌റക്കിരികിലാണ് തമ്പുകെട്ടി കൂടിയത്. ദാവൂദ് നബി അതിനരികിലായി മിഹ്‌റാബ് നിര്‍മിച്ചു. അവിടെവച്ചാണ് ജിബ്‌രീല്‍ നബിയുമായി ആകാശാരോഹണം നടത്തിയത്.

3) അല്‍മുസ്വല്ലല്‍ മര്‍വാനിയ്യ്: ഖലീഫ മര്‍വാന്‍ ബിന്‍ അബ്ദില്‍ മലിക് അതിനെ കര്‍മശാസ്ത്ര പഠന കേന്ദ്രമാക്കിയതിനാല്‍ അതിന് അല്‍മസ്ജിദുല്‍ മര്‍വാനിയ്യ് എന്നും പേരു പറയാറുണ്ട്. പിന്നീട് അധിനിവേശക്കാലത്ത് ക്രിസ്ത്യാനികളത് കുതിരാലയമാക്കി മാറ്റി. അതിനവര്‍ സോളമന്റെ കുതിരാലയം (ഇസ്ത്വബ്‌ലു സുലൈമാന്‍) എന്ന് പേരുവച്ചു. സ്വലാഹുദ്ദീന്‍ അയ്യൂബിയുടെ ഖുദ്‌സ് വിജയ തേരോട്ടത്തോടെ അത് വീണ്ടും മസ്ജിദായി മാറി.

4) ബുറാഖു ചുമര്‍: മിഅ്‌റാജ് യാത്രാ വേളയില്‍ ആ ചുമരിലായിരുന്നു ബുറാഖിനെ ബന്ധിച്ചിരുന്നത്. മസ്ജിദുല്‍ അഖ്‌സയുടെ പടിഞ്ഞാറ് ഭാഗമാണത്.

5) ബൈതുല്‍ മുഖദ്ദസ് സ്വര്‍ഗത്തിന്റെ ഭാഗമാണ്: തിരുനബിയുടെ അടിമസ്ത്രീയായിരുന്ന മൈമൂന(റ) ഒരിക്കല്‍ നബിയോട് ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, ബൈതുല്‍ മുഖദ്ദസിനെക്കുറിച്ച് ഞങ്ങള്‍ക്ക് പറഞ്ഞു തരൂ? അവിടുന്ന് പ്രതിവചിച്ചു: ”അന്ത്യനാളില്‍ ജനം പുനര്‍ജന്മം നല്‍കപ്പെടുകയും ഒരുമിച്ചു കൂട്ടപ്പെടുകയും ചെയ്യുന്ന സ്ഥലമാണത്. നിങ്ങള്‍ അവിടെ പോകണം. അവിടെവച്ച് നമസ്‌കരിക്കുകയും വേണം. കാരണം, അവിടെവച്ചുള്ള ഒരു നമസ്‌കാരം മറ്റുള്ള മസ്ജിദുകളിലെ നമസ്‌കാരത്തെക്കാള്‍ ആയിരം തവണ ശ്രേഷ്ഠതയുള്ളതാണ്.” തിരുനബി പറഞ്ഞതായി ഇബ്‌നു അബ്ബാസ്(റ) നിവേദനം ചെയ്യുന്നു: ”ആരെങ്കിലും സ്വര്‍ഗത്തിലെ പ്രദേശം കാണാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അവന്‍ ബൈതുല്‍ മുഖദ്ദസിലേക്കു നോക്കിയാല്‍ മതി.”

മസ്ജിദുല്‍ അഖ്‌സയുമായി ബന്ധപ്പെട്ട ചില പ്രത്യേക വിധികള്‍

1) അവിടെവച്ചുള്ള നമസ്‌കാരത്തിന് പ്രതിഫലം ഇരട്ടിയാകും: അബൂ ദര്‍റ്(റ) നിവേദനം ചെയ്യുന്നു: നബിയുടെ അരികിലിരിക്കെ തിരുനബിയുടെ മസ്ജിദാണോ അതല്ല ബൈതുല്‍ മുഖദ്ദസാണ് ഏറ്റവും ശ്രേഷ്ഠമാക്കപ്പെട്ടതെന്ന വിഷയത്തില്‍ ഞങ്ങള്‍ അഭിപ്രായ ഭിന്നതയിലായി. അപ്പോള്‍ നബി(സ്വ) പറഞ്ഞു: ”ബൈതുല്‍ മുഖദ്ദസിലെ നാല് നമസ്‌കാരത്തെക്കാള്‍ ശ്രേഷ്ഠമാണ് എന്റെ മസ്ജിദില്‍വച്ചുള്ള ഒരു നമസ്‌കാരം. എത്ര നല്ല പള്ളിയാണത്! ഒരാള്‍ക്ക് തന്റെ കുതിരയുടെ കയറോളം നീളത്തില്‍ ഭൂമിയുണ്ടാവുകയും അവിടെവച്ച് ബൈതുല്‍ മുഖദ്ദസ് കാണാന്‍ സാധിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ ദുനിയാവിലെ മറ്റെല്ലാത്തിനെക്കാളും അവന് അതാണ് ഉത്തമം.”

2) അവിടെവച്ച് ഖുര്‍ആന്‍ ഖത്മ് ചെയ്യല്‍ സുന്നത്താണ്: മഹാനായ അബൂ മിജ്‌ലസ് എന്നവര്‍ പറയുന്നു: മൂന്ന് പള്ളികളില്‍ വന്ന് ആളുകള്‍ക്ക് അവിടെനിന്ന് പോകും മുമ്പ് ഖുര്‍ആന്‍ ഖത്മ് തീര്‍ക്കല്‍ സുന്നത്താണ്; മസ്ജിദുല്‍ ഹറാം, മസ്ജിദുന്നബവി, മസ്ജിദുല്‍ അഖ്‌സാ. സൂഫിവര്യനായ സുഫിയാനുഥൌരി അവിടെവച്ച് ഖുര്‍ആന്‍ ഖത്മ് തീര്‍ക്കുമായിരുന്നു.

3) അവിടെവച്ച് ഹജ്ജിനും ഉംറക്കും ഇഹ്‌റാം ചെയ്യല്‍ സുന്നത്താണ്: ഇമാം സര്‍ക്കശി പറയുന്നു: ഉമ്മു സലമ നിവേദനം ചെയ്ത ഹദീസ് സുനനു അബീ ദാവൂദില്‍ കാണാം; നബി(സ്വ) പറഞ്ഞു: ”മസ്ജിദുല്‍ അഖ്‌സയില്‍വച്ച് മസ്ജിദുല്‍ ഹറാമിലേക്ക് ഹജ്ജിനും ഉംറക്കുമായി ആരെങ്കിലും ഇഹ്‌റാം ചെയ്താല്‍ അവന്റെ മുന്‍കഴിഞ്ഞ പാപങ്ങള്‍ക്കൊപ്പം വരാന്‍പോകുന്നതുമായി പാപങ്ങളും പൊറുക്കപ്പെടും. മാത്രമല്ല, അവന്‍ സ്വര്‍ഗത്തിന് അവകാശിയാവുകയും ചെയ്യും.” ഇബ്‌നു ഉമര്‍(റ), മുആദ്(റ), കഅ്ബുല്‍ അഹ്ബാര്‍(റ) തുടങ്ങിയവരെല്ലാം അവിടെവച്ച് ഇഹ്‌റാം ചെയ്തിരുന്നു.

4) തിന്മകള്‍ ഇരട്ടിയാക്കപ്പെടും: മസ്ജിദുല്‍ അഖ്‌സയില്‍വച്ച് തിന്മ ചെയ്താല്‍ അത് ഇരട്ടിയാക്കപ്പെടുമെന്ന് ചില മുന്‍കാല പണ്ഡിതന്മാര്‍ പറഞ്ഞിട്ടുണ്ട്. കഅ്ബുല്‍ അഹ്ബാര്‍ അത് ഉദ്ധരിച്ചിട്ടുമുണ്ട്. ഇബ്‌നു ഉമര്‍(റ) തന്നോട് പറഞ്ഞതായി അബൂബകര്‍ അല്‍വാസിത്വീ പറയുന്നു: നമുക്ക് ഇവിടെനിന്ന് പോകാം. നന്മകള്‍ ഇരട്ടിയാക്കപ്പെടുംപോലെ തിന്മകളും ഇവിടെ ഇരട്ടിയാക്കപ്പെടും.

5) കഅ്ബുല്‍ അഹ്ബാര്‍ എന്ന മഹാനുഭാവനെക്കുറിച്ച് ഇമാം സര്‍ക്കശി പറയുന്നു: ഹിംസില്‍നിന്ന് നമസ്‌കാരത്തിനുവേണ്ടി മാത്രം അദ്ദേഹം മസ്ജിദുല്‍ അഖ്‌സയില്‍ വരുമായിരുന്നു. അങ്ങനെ മസ്ജിനടുത്തേക്ക് ഒരു മൈല്‍ ദൂരമാകുമ്പോഴേക്ക് അദ്ദേഹം ദിക്‌റിലും ഖുര്‍ആന്‍ പാരായണത്തിലും മറ്റു ആരാധനകളിലുമായി മുഴുകും. തിരിച്ചുപോകുമ്പോഴും ഒരു മൈല്‍ അകലെയാകും വരെ ഇതു തുടരും. ‘അവിടെവച്ച് തിന്മകളും ഇരട്ടിയാക്കപ്പെടും’ എന്ന് അദ്ദേഹം പറയുമായിരുന്നു. കാരണം, ഏറ്റവും മഹത്തരമായ സ്ഥലങ്ങളില്‍വച്ച് തിന്മ ചെയ്യാന്‍ ധൈര്യപ്പെടുന്നത് അല്ലാഹുവിനെ തെല്ലും ഭയമില്ലാത്തുകൊണ്ടാണ്. അപ്രകാരം തന്നെയണ് മറ്റു രണ്ട് ശ്രേഷ്ഠമായ പള്ളികളിലും.
മൂത്രമൊഴിക്കുമ്പോഴും കാഷ്ടിക്കുമ്പോഴും ബൈതുല്‍ മുഖദ്ദസിന് അഭിമുഖമാകുന്നതും പിന്തിരിഞ്ഞു നില്‍ക്കുന്നതും കറാഹത്താണ്. പക്ഷെ, ഹറാമല്ല. കിതാബു റൗളിയില്‍ മഹാനായ ഇമാം നവവി അത് പ്രസ്തവാച്ചിട്ടുണ്ട്.

അധിനിവേശക്കാരും പരാക്രമികളുമായ ജൂതരില്‍നിന്ന് ഖുദ്‌സും മസ്ജിദുല്‍ അഖ്‌സയും മോചിപ്പിക്കേണ്ടതുണ്ട്. സാധ്യമാകന്നത്രയും വിലകൊടുത്ത് അതിനെ സംരക്ഷിക്കേണ്ടതുണ്ട്. അതൊരിക്കലും ഒഴിവായിപ്പോകാത്ത ഉത്തരവാദിത്തമാണ്. നിലവിലെ മുസ്‌ലിംകള്‍ അതിന് അശക്തരെങ്കില്‍ വരും തലമുറ അതിനുവേണ്ടി കഠിനയത്‌നം നടത്തണം. കാലമെത്ര നീണ്ടുപോയാലും ഓരോ തലമുറയിലെയും മുസ്‌ലിംകളുടെമേല്‍ വിട്ടുപോകാത്തൊരു ഉത്തരവാദിത്തമായി അതുണ്ടാകും. അപ്രകാരംതന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി അഭയാര്‍ഥികളായി കഴിയുന്ന ഫലസ്തീനികളെയും ജന്മനാട്ടിലേക്കു തിരിച്ചു കൊണ്ടുവരണം. ഖുദുസും അനുബന്ധ ഫലസ്തീന്‍ പട്ടണങ്ങളും മുസ്‌ലിംകളുടെ കരങ്ങളിലേക്കുതന്നെ തിരികെ എത്തേണ്ടതുണ്ട്.

വിവ. മുഹമ്മദ് അഹ്സൻ പുല്ലൂര്

????കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/LOeNnwBHadrGqajJzvbLUW

Related Articles