Current Date

Search
Close this search box.
Search
Close this search box.

ഇസ്ലാമിക പ്രബോധനം

മൂസാ നബിയിൽ അർപ്പിതമായ പ്രഥമവും പ്രധാനവുമായ ചുമതല ഇസ്ലാമിക പ്രബോധനമായിരുന്നു. ത്വുവാ താഴ്വരയിൽ വെച്ച് മൂസാ നബിക്ക് ദിവ്യബോധനം ലഭിച്ച ആദ്യ സന്ദർഭത്തിൽ തന്നെ ഫറവോനോട് ഇസ്ലാമിക പ്രബോധനം നടത്താൻ അല്ലാഹു ആജ്ഞാപിച്ചതായി ഖുർആൻ പറയുന്നു. തദാവശ്യാർത്ഥം പ്രവാചകത്വം തെളിയിക്കാനാണ് അല്ലാഹു മൂസാ നബിക്ക് അമാനുഷിക ദൃഷ്ടാന്തങ്ങൾ നൽകിയതെന്നും പ്രവാചകത്വത്തെ നിഷേധിച്ചതിന്റെ പേരിലാണ് ഫറവോൻ ഇരുലോക ശിക്ഷകൾക്കും അർഹനായതെന്നും ഖുർആൻ അസന്ദിഗ്ധമായി വ്യക്തമാക്കുന്നു: “മൂസായുടെ വർത്തമാനം നിനക്ക് വന്നെത്തിയോ? വിശുദ്ധമായ ത്വുവാ താഴ്വരയിൽ വെച്ച് തന്റെ നാഥൻ അദ്ദേഹത്തെ വിളിച്ചു കൽപിച്ചതോർക്കുക: “”നീ ഫറവോന്റെ അടുത്തേക്ക് പോവുക. അവൻ അതിക്രമിയായിരിക്കുന്നു.” “”എന്നിട്ട് അയാളോട് ചോദിക്കുക: “നീ വിശുദ്ധി വരിക്കാൻ തയ്യാറുണ്ടോ? ഞാൻ നിന്നെ നിന്റെ നാഥനിലേക്കു വഴിനടത്താനും അങ്ങനെ നിനക്കു ദൈവഭക്തനാകാനും.’ മൂസാ അയാൾക്ക് മഹത്തായ ഒരടയാളം കാണിച്ചുകൊടുത്തു. അപ്പോൾ അയാളതിനെ കളവാക്കുകയും ധിക്കരിക്കുകയും ചെയ്തു. പിന്നീട് അയാൾ എതിർശ്രമങ്ങൾക്കായി തിരിഞ്ഞു നടന്നു. അങ്ങനെ ജനങ്ങളെ ഒരുമിച്ചുകൂട്ടി വിളംബരം ചെയ്തു. അവൻ പ്രഖ്യാപിച്ചു: ഞാനാണ് നിങ്ങളുടെ പരമോന്നത നാഥൻ. അപ്പോൾ അല്ലാഹു അവനെ പിടികൂടി, മറുലോകത്തെയും ഇൗ ലോകത്തെയും ശിക്ഷക്കിരയാക്കാൻ. നിശ്ചയമായും ദൈവഭയമുള്ളവർക്ക് ഇതിൽ ഗുണപാഠമുണ്ട്.” (79:15-26)

അല്ലാഹുവിൽ നിന്നുള്ള സന്മാർഗ്ഗം അവർക്കെത്തിച്ചു കൊടുക്കുകയാണ് മൂസാ നബി ചെയ്തത്. അവർക്കത് നന്നായി ബോധ്യപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ സത്യം മനസ്സിലാക്കിയ ശേഷം നിഷേധിച്ച കടുത്ത ധിക്കാരികളായിരുന്നു അവർ. അല്ലാഹു പറയുന്നു: “അങ്ങനെ കണ്ണു തുറപ്പിക്കാൻപോന്ന നമ്മുടെ ദൃഷ്ടാന്തങ്ങൾ അവർക്കു വന്നെത്തിയപ്പോൾ അവർ പറഞ്ഞു: ”ഇതു വളരെ പ്രകടമായ ജാലവിദ്യ തന്നെ.” അവരുടെ മനസ്സുകൾക്ക് ആ ദൃഷ്ടാന്തങ്ങൾ നന്നായി ബോധ്യമായിരുന്നു. എന്നിട്ടും അക്രമവും അഹങ്കാരവും കാരണം അവർ അവയെ തള്ളിപ്പറഞ്ഞു. നോക്കൂ; ആ നാശകാരികളുടെ ഒടുക്കം എവ്വിധമായിരുന്നുവെന്ന്” (27:13,14)

ഫറവോൻ മൂസാ നബിയുടെ പ്രബോധനത്തെ അഹന്തയോടെ തള്ളിക്കളഞ്ഞുവെന്നർത്ഥം. ഫറവോൻ ശിക്ഷിക്കപ്പെട്ടതും അക്കാരണത്താൽ തന്നെ. ഖുർആൻ അതിങ്ങനെ വിശദീകരിക്കുന്നു: “അങ്ങനെ നമ്മുടെ വളരെ പ്രകടമായ അടയാളങ്ങളുമായി മൂസ അവരുടെ അടുത്തെത്തി. അവർ പറഞ്ഞു: “”ഇതു കെട്ടിച്ചമച്ച ജാലവിദ്യയല്ലാതൊന്നുമല്ല. നമ്മുടെ പൂർവപിതാക്കളിൽ ഇങ്ങനെയൊന്ന് നാം കേട്ടിട്ടേയില്ലല്ലോ.” മൂസ പറഞ്ഞു: “”എന്റെ നാഥന് നന്നായറിയാം; അവന്റെ അടുത്തുനിന്ന് നേർവഴിയുമായി വന്നത് ആരാണെന്ന്. ഇൗ ലോകത്തിന്റെ അന്ത്യം ആർക്കനുകൂലമാകുമെന്നും. തീർച്ചയായും അക്രമികൾ വിജയിക്കുകയില്ല.” ഫറവോൻ പറഞ്ഞു: “”അല്ലയോ പ്രമാണിമാരേ, ഞാനല്ലാതെ നിങ്ങൾക്കൊരു ദൈവമുള്ളതായി എനിക്കറിയില്ല. അതിനാൽ ഹാമാനേ, എനിക്കുവേണ്ടി കളിമണ്ണ് ചുട്ട് അത്യുന്നതമായ ഒരു ഗോപുരമുണ്ടാക്കുക. മൂസയുടെ ദൈവത്തെ ഞാനൊന്ന് എത്തിനോക്കട്ടെ. ഉറപ്പായും അവൻ കള്ളം പറയുന്നവനാണെന്ന് ഞാൻ കരുതുന്നു.” അവനും അവന്റെ പടയാളികളും ഭൂമിയിൽ അന്യായമായി അഹങ്കരിച്ചു. നമ്മിലേക്ക് മടങ്ങിവരില്ലെന്നാണവർ വിചാരിച്ചത്. അതിനാൽ അവനെയും അവന്റെ പടയാളികളെയും നാം പിടികൂടി കടലിലെറിഞ്ഞു. നോക്കൂ; ആ അക്രമികളുടെ അന്ത്യം എവ്വിധമായിരുന്നുവെന്ന്. അവരെ നാം നരകത്തിലേക്കു വിളിക്കുന്ന നായകന്മാരാക്കി. ഒന്നുറപ്പ്; ഉയിർത്തെഴുന്നേൽപു നാളിൽ അവർക്കൊരു സഹായവും ലഭിക്കുകയില്ല. ഇൗ ലോകത്ത് ശാപം അവരെ പിന്തുടരുന്ന അവസ്ഥ നാം ഉണ്ടാക്കി. ഉയിർത്തെഴുന്നേൽപുനാളിൽ ഉറപ്പായും അവർ തന്നെയായിരിക്കും അങ്ങേയറ്റം നീചന്മാർ (28:36-42)

മൂസാനബിയോടുള്ള ഫറവോന്റെ കൊടിയ ശത്രുതക്കും കഠിനമായ എതിർപ്പിനും കാരണം അദ്ദേഹത്തിന്റെ പ്രബോധന പ്രവർത്തനങ്ങളായിരുന്നുവെന്ന് വിശുദ്ധ ഖുർആൻ വ്യക്തമാക്കുന്നു.

“”മൂസായിലും നിങ്ങൾക്ക് ദൃഷ്ടാന്തമുണ്ട്. വ്യക്തമായ തെളിവുമായി നാം അദ്ദേഹത്തെ ഫറവോന്റെ അടുത്തേക്കയച്ച സന്ദർഭം. അവൻ തന്റെ കഴിവിൽ ഗർവ് നടിച്ച് പിന്തിരിഞ്ഞു. എന്നിട്ട് പറഞ്ഞു: “ഇവനൊരു മായാജാലക്കാരൻ; അല്ലെങ്കിൽ ഭ്രാന്തൻ.’ അതിനാൽ അവനെയും അവന്റെ പട്ടാളത്തെയും നാം പിടികൂടി. പിന്നെ അവരെയൊക്കെ കടലിലെറിഞ്ഞു. അവൻ ആക്ഷേപാർഹൻ തന്നെ.”(52:38-40)

മൂസാ നബി തന്റെ പ്രവാചകത്വം ഉൗന്നിപ്പറഞ്ഞുകൊണ്ടാണ് ഇസ്ലാമിക പ്രബോധനം നടത്തിക്കൊണ്ടിരുന്നത്. എന്നാൽ ഫറവോനും പ്രഭൃതികളും അതംഗീകരിച്ചില്ല. അവർ അദ്ദേഹത്തെ പുഛിക്കുകയും പരിഹസിക്കുകയുമായിരുന്നു. ആദ്യഘട്ടത്തിൽ മൂസാ നബി തന്റെ പ്രവാചകത്വം തെളിയിക്കാനായി വടി നിലത്തിട്ടപ്പോൾ പാമ്പായതും കൈ മാറിൽ വെച്ച് പുറത്തെടുത്തപ്പോൾ തിളങ്ങൻ തുടങ്ങിയതുമാണ് ദൈവിക ദൃഷ്ടാന്തമായി ഫറവോന്ന് കാണിച്ചുകൊടുത്തത്. പിന്നീട് മറ്റ് അമാനുഷിക ദൃഷ്ടാന്തങ്ങളും കാണിച്ചുകൊടുത്തു. മൂസാ നബി പ്രവചിച്ചതനുസരിച്ച് ഇൗജിപ് തിലാകമാനം ക്ഷാമം ബാധിച്ചു. അദ്ദേഹത്തിന്റെ പ്രാർത്ഥനയാൽ തന്നെ അത് ദൂരീകരിക്കപ്പെടുകയും ചെയ്തു. മൂസാ നബി പ്രവചിച്ചതനുസരിച്ച് നാടെങ്ങും കനത്ത പേമാരിയുണ്ടാവുകയും ഭീതിജന്യമായ ഇടിമുഴക്കവും വെള്ളപ്പൊക്കവും ഉണ്ടാവുകയും ചെയ്തു. അങ്ങനെ പാർപ്പിടങ്ങളും കൃഷിയിടങ്ങളും നശിക്കാൻ തുടങ്ങി. മൂസാനബിയുടെ പ്രാർത്ഥന കാരണമായി ആ ആപത്തും നീങ്ങിപ്പോയി. അപ്രകാരം തന്നെ മൂസാനബിയുടെ പ്രഖ്യാപനത്തെ തുടർന്ന് നാശം വിതക്കുന്ന വെട്ടുകിളികളും പേനും ചെള്ളും തവളയും ജനജീവിതത്തെ ദുസ്സഹമാക്കും വിധം പെരുകി. മൂസാ നബിയുടെ പ്രാർത്ഥനയുടെ ഫലമായി അവക്കെല്ലാം അറുതിയുണ്ടായി. മൂസാ നബിയുടെ വിളംബരമനുസരിച്ച് ജലാശയങ്ങളെല്ലാം രക്തക്കളങ്ങളായി. അവസാനം അദ്ദേഹത്തിന്റെ തന്നെ പ്രാർത്ഥനയുടെ ഫലമായി ആ ആപത്ത് നീങ്ങി. ഇങ്ങനെയെല്ലാമായിട്ടും ഫറവോനും പ്രഭൃതികളും മൂസാനബിയുടെ പ്രവാചകത്വം അംഗീകരിക്കാതെ ധിക്കാരം കാണിച്ചു. അതിനാലാണ് അല്ലാഹു അവരെ ശിക്ഷിച്ചത്. ഇക്കാര്യം ഖുർആൻ ഇങ്ങനെ വ്യക്തമാക്കുന്നു: “”ഫറവോന്റെ ആൾക്കാരെ കൊല്ലങ്ങളോളം നാം ക്ഷാമത്തിലും വിളക്കമ്മിയിലുമകപ്പെടുത്തി. അവർ ബോധവാന്മാരാകുമോയെന്ന് നോക്കാൻ. അങ്ങനെ, വല്ല നന്മയും വന്നാൽ അവർ പറയും: “”ഇതു നാം അർഹിക്കുന്നതുതന്നെ.” വല്ല വിപത്തും ബാധിച്ചാൽ അതിനെ മൂസായുടെയും കൂടെയുള്ളവരുടെയും ദുശ്ശകുനമായി കാണുകയും ചെയ്യും. അറിയുക: അവരുടെ ശകുനം അല്ലാഹുവിന്റെ അടുക്കൽ തന്നെയാണ്. പക്ഷേ, അവരിലേറെപേരും അറിയുന്നില്ല. അവർ പറഞ്ഞു: “”ഞങ്ങളെ മായാജാലത്തിലകപ്പെടുത്താനായി എന്ത് വിദ്യ കൊണ്ടുവന്നാലും ഞങ്ങൾ നിന്നിൽ വിശ്വസിക്കുകയില്ല.” അപ്പോൾ നാം അവരുടെ നേരെ വെള്ളപ്പൊക്കം, വെട്ടുകിളി, കീടങ്ങൾ, തവളകൾ, രക്തം എന്നീ വ്യക്തമായ ദൃഷ്ടാന്തങ്ങളയച്ചു. എന്നിട്ടും അവർ അഹങ്കരിക്കുകയാണുണ്ടായത്. കുറ്റവാളികളായ ജനമായിരുന്നു അവർ. അവർക്ക് വിപത്ത് വന്നുഭവിച്ചപ്പോൾ അവർ പറഞ്ഞു: “”മൂസാ, നിന്റെ നാഥൻ നിനക്കു നൽകിയ ഉറപ്പനുസരിച്ച് നീ ഞങ്ങൾക്കുവേണ്ടി അവനോട് പ്രാർഥിക്കുക. അങ്ങനെ ഞങ്ങളിൽ നിന്ന് ഇൗ വിപത്തുകൾ നീക്കിത്തന്നാൽ ഉറപ്പായും ഞങ്ങൾ നിന്നിൽ വിശ്വസിക്കും. നിന്റെ കൂടെ ഇസ്രയേൽ മക്കളെ അയക്കുകയും ചെയ്യും.” എന്നാൽ, അവരെത്തേണ്ട നിശ്ചിത അവധിവരെ നാം അവരിൽ നിന്ന് എല്ലാ വിപത്തുകളും ഒഴിവാക്കി. അപ്പോൾ അവരെല്ലാം ആ വാക്ക് ലംഘിക്കുകയാണുണ്ടായത്. അതിനാൽ നാം അവരോട് പ്രതികാരം ചെയ്തു. നാം അവരെ കടലിൽ മുക്കിക്കൊന്നു. അവർ നമ്മുടെ വചനങ്ങളെ തള്ളിക്കളയുകയും അവയെ അപ്പാടെ അവഗണിക്കുകയും ചെയ്തതിനാലാണിത്.” (7:130-136.)

“”മൂസായെ നാം നമ്മുടെ ദൃഷ്ടാന്തങ്ങളുമായി ഫറവോന്റെയും അവന്റെ പ്രധാനികളുടെയും അടുത്തേക്കയച്ചു. അപ്പോൾ അദ്ദേഹം പറഞ്ഞു: “”സംശയം വേണ്ട; ഞാൻ പ്രപഞ്ചനാഥന്റെ ദൂതനാണ്.” അങ്ങനെ അദ്ദേഹം നമ്മുടെ തെളിവുകളുമായി അവരുടെ അടുത്ത് ചെന്നപ്പോഴോ, അവരതാ അവയെ പരിഹസിച്ചു ചിരിക്കുന്നു. അവർക്കു നാം തെളിവുകൾ ഒാരോന്നോരോന്നായി കാണിച്ചുകൊടുത്തു. അവയോരോന്നും അതിന്റെ മുമ്പത്തേതിനെക്കാൾ ഗംഭീരമായിരുന്നു. അവസാനം നാം അവരെ നമ്മുടെ ശിക്ഷയാൽ പിടികൂടി. എല്ലാം അവരതിൽ നിന്ന് തിരിച്ചുവരാൻ വേണ്ടിയായിരുന്നു. അവർ പറഞ്ഞു: “”അല്ലയോ ജാലവിദ്യക്കാരാ, നീയുമായി നിന്റെ നാഥനുണ്ടാക്കിയ കരാറനുസരിച്ച് നീ നിന്റെ നാഥനോട് ഞങ്ങൾക്കുവേണ്ടി പ്രാർഥിക്കുക. ഉറപ്പായും ഞങ്ങൾ നേർവഴിയിൽ വന്നുകൊള്ളാം.” അങ്ങനെ നാം അവരിൽനിന്ന് ആ ശിക്ഷ നീക്കിക്കളഞ്ഞപ്പോൾ അവരതാ തങ്ങളുടെ വാക്ക് ലംഘിക്കുന്നു. ഫറവോൻ തന്റെ ജനത്തോട് വിളിച്ചുചോദിച്ചു: “”എന്റെ ജനമേ, ഇൗജിപ്തിന്റെ ആധിപത്യം എനിക്കല്ലേ? ഇൗ നദികളൊഴുകുന്നത് എന്റെ താഴ്ഭാഗത്തൂടെയല്ലേ? എന്നിട്ടും നിങ്ങൾ കാര്യം കണ്ടറിയുന്നില്ലേ?” “”അല്ല, നന്നെ നിസ്സാരനും വ്യക്തമായി സംസാരിക്കാൻ പോലും കഴിയാത്തവനുമായ ഇവനെക്കാളുത്തമൻ ഞാൻ തന്നെയല്ലേ?” “”ഇവൻ പ്രവാചകനെങ്കിൽ ഇവനെ സ്വർണവളകളണിയിക്കാത്തതെന്ത്? അല്ലെങ്കിൽ ഇവനോടൊത്ത് അകമ്പടിക്കാരായി മലക്കുകൾ വരാത്തതെന്ത്?” അങ്ങനെ ഫറവോൻ തന്റെ ജനത്തെ വിഡ്ഢികളാക്കി. അതോടെ അവർ അവനെ അനുസരിച്ചു. അവർ തീർത്തും അധാർമികരായ ജനതയായിരുന്നു.അവസാനം അവർ നമ്മെ പ്രകോപിപ്പിച്ചപ്പോൾ നാം അവരോട് പ്രതികാരം ചെയ്തു. അവരെയൊക്കെ മുക്കിയൊടുക്കി. അങ്ങനെ അവരെ നാം പിൻഗാമികൾക്ക് ഒരു മാതൃകയാക്കി. ഒപ്പം ഗുണപാഠമാകുന്ന ഒരുദാഹരണവും.(43:46-56)

ഇതുകൊണ്ടൊന്നും മതിയാക്കാതെ മൂസാ നബിയെയും അനുയായികളെയും വധിക്കാനാണ് അവർ തീരുമാനിച്ചത്. ഖുർആൻ അതിങ്ങനെ വിശദീകരിക്കുന്നു: “”മൂസായെ നമ്മുടെ ദൃഷ്ടാന്തങ്ങളും വ്യക്തമായ പ്രമാണവുമായി നാം അയക്കുകയുണ്ടായി. ഫറവോന്റെയും ഹാമാന്റെയും ഖാറൂന്റെയും അടുത്തേക്ക്. അപ്പോൾ അവർ പറഞ്ഞു: “”ഇവൻ കള്ളവാദിയായ ജാലവിദ്യക്കാരനാണ്.” അങ്ങനെ നമ്മുടെ ഭാഗത്തുനിന്നുള്ള സത്യവുമായി അദ്ദേഹം അവരുടെ അടുത്തു ചെന്നപ്പോൾ അവർ പറഞ്ഞു: “”ഇവനോടൊപ്പം വിശ്വസിച്ചവരുടെ ആൺകുട്ടികളെ നിങ്ങൾ കൊന്നുകളയുക. പെൺകുട്ടികളെ ജീവിക്കാൻ വിടുക.” എന്നാൽ സത്യനിഷേധികളുടെ തന്ത്രം പിഴച്ചുപോയി. ഫറവോൻ പറഞ്ഞു: “”എന്നെ വിടൂ. മൂസായെ ഞാൻ കൊല്ലുകയാണ്. അവൻ അവന്റെ നാഥനോട് പ്രാർഥിച്ചുനോക്കട്ടെ. അവൻ നിങ്ങളുടെ ജീവിതക്രമം മാറ്റിമറിക്കുകയോ നാട്ടിൽ കുഴപ്പം കുത്തിപ്പൊക്കുകയോ ചെയ്തേക്കുമെന്ന് ഞാൻ ഭയപ്പെടുന്നു.” മൂസ പറഞ്ഞു: “”വിചാരണ നാളിൽ വിശ്വസിക്കാത്ത എല്ലാ അഹങ്കാരികളിൽനിന്നും എന്റെയും നിങ്ങളുടെയും നാഥനിൽ ഞാൻ ശരണം തേടുന്നു.”(40:23-27)

ഫറവോന് മൂസാ നബിയെ വധിക്കാൻ കഴിഞ്ഞില്ല. അദ്ദേഹത്തിന്റെ രക്ഷക്കെത്തിയത് ഫറവോന്റെ വംശത്തിൽപ്പെട്ട സത്യവിശ്വാസം സ്വീകരിക്കുകയും അത് രഹസ്യമാക്കി വെക്കുകയും ചെയ്തയാളാണെന്ന് ഖുർആൻ വ്യക്തമാക്കുന്നു. മൂസാ നബിയുടെ പ്രബോധനം ഫറവോനോട് മാത്രമായിരുന്നില്ലെന്നും മറിച്ച് മുസ്ലിംകളല്ലാത്ത എല്ലാവരോടുമായിരുന്നുവെന്നും ഫറവോൻ വിശ്വസിച്ചില്ലെങ്കിലും അദ്ദേഹത്തിന്റെ വംശത്തിൽ പെട്ടവർ സത്യവിശ്വാസം സ്വീകരിച്ചിരുന്നുവെന്നും ഇത് വ്യക്തമാക്കുന്നു. ഖുർആൻ പറയുന്നു:

“സത്യവിശ്വാസിയായ ഒരാൾ പറഞ്ഞു – അയാൾ ഫറവോന്റെ വംശത്തിൽപെട്ട വിശ്വാസം ഒളിപ്പിച്ചുവെച്ച ഒരാളായിരുന്നു: “”എന്റെ നാഥൻ അല്ലാഹുവാണ് എന്നു പറഞ്ഞതിന്റെ പേരിൽ നിങ്ങൾ ഒരു മനുഷ്യനെ കൊല്ലുകയോ? അദ്ദേഹം നിങ്ങളുടെ നാഥനിൽ നിന്നുള്ള വ്യക്തമായ തെളിവുകൾ കൊണ്ടുവന്നിട്ടും! അദ്ദേഹം കള്ളം പറയുന്നവനാണെങ്കിൽ ആ കളവിന്റെ ദോഷഫലം അദ്ദേഹത്തിനു തന്നെയാണ്. മറിച്ച് സത്യവാനാണെങ്കിലോ, അദ്ദേഹം നിങ്ങളെ താക്കീതു ചെയ്യുന്ന ശിക്ഷകളിൽ ചിലതെങ്കിലും നിങ്ങളെ ബാധിക്കും. തീർച്ചയായും പരിധി വിടുന്നവരെയും കള്ളം പറയുന്നവരെയും അല്ലാഹു നേർവഴിയിലാക്കുകയില്ല. എന്റെ ജനമേ, ഇന്ന് നിങ്ങൾക്കിവിടെ ആധിപത്യമുണ്ട്. നാട്ടിൽ ജയിച്ചുനിൽക്കുന്നവരും നിങ്ങൾ തന്നെ. എന്നാൽ ദൈവശിക്ഷ വന്നെത്തിയാൽ നമ്മെ സഹായിക്കാൻ ആരാണുണ്ടാവുക?” ഫറവോൻ പറഞ്ഞു: “”എനിക്കു ശരിയായി തോന്നുന്ന കാര്യമാണ് ഞാൻ നിങ്ങൾക്കു കാണിച്ചുതരുന്നത്. നേർവഴിയിൽ തന്നെയാണ് ഞാൻ നിങ്ങളെ നയിക്കുന്നത്.” ആ സത്യവിശ്വാസി പറഞ്ഞു: “”എന്റെ ജനമേ, ആ കക്ഷികൾക്കുണ്ടായ ദുർദിനം പോലൊന്ന് നിങ്ങൾക്കുമുണ്ടാകുമോയെന്ന് ഞാൻ ഭയപ്പെടുന്നു. “”നൂഹിന്റെ ജനതക്കും ആദിനും സമൂദിനും അവർക്കു ശേഷമുള്ളവർക്കും ഉണ്ടായതുപോലുള്ള അനുഭവം. അല്ലാഹു തന്റെ ദാസന്മാരോട് അതിക്രമം കാണിക്കാനുദ്ദേശിക്കുന്നില്ല.” “”എന്റെ ജനമേ, അന്യോന്യം വിളിച്ച് അലമുറയിടേണ്ടി വരുന്ന ഒരു ദിനം നിങ്ങൾക്കുണ്ടാകുമോയെന്ന് ഞാൻ ഭയപ്പെടുന്നു. “”നിങ്ങൾ രക്ഷക്കായി പിന്തിരിഞ്ഞോടുന്ന ദിനം. അന്ന് അല്ലാഹുവിന്റെ ശിക്ഷയിൽനിന്ന് നിങ്ങളെ രക്ഷിക്കാൻ ആരുമുണ്ടാവില്ല. അല്ലാഹു വഴികേടിലാക്കുന്നവരെ നേർവഴിയിലാക്കുന്ന ആരുമില്ല. “”വ്യക്തമായ തെളിവുകളുമായി മുമ്പ് യൂസുഫ് നിങ്ങളുടെ അടുത്ത് വന്നു. അപ്പോൾ അദ്ദേഹം കൊണ്ടുവന്ന സന്ദേശങ്ങളിൽ നിങ്ങൾ സംശയിച്ചുകൊണ്ടേയിരുന്നു. അദ്ദേഹം മരണമടഞ്ഞപ്പോൾ നിങ്ങൾ പറഞ്ഞു: “ഇദ്ദേഹത്തിനുശേഷം അല്ലാഹു ഇനിയൊരു ദൂതനെയും അയക്കുകയേ ഇല്ലെ’ന്ന്. ഇവ്വിധം അതിരുവിടുന്നവരെയും സംശയാലുക്കളെയും അല്ലാഹു വഴികേടിലാക്കുന്നു.” അല്ലാഹുവിൽനിന്ന് വന്നുകിട്ടിയ ഒരുവിധ തെളിവുമില്ലാതെ അവന്റെ വചനങ്ങളെപ്പറ്റി തർക്കിക്കുന്നവരാണവർ. ഇക്കാര്യം അല്ലാഹുവിന്റെയും സത്യവിശ്വാസികളുടെയും അടുത്ത് വളരെ വെറുക്കപ്പെട്ടതാണ്. അത്തരം അഹങ്കാരികളും ഗർവിഷ്ഠരുമായ എല്ലാവരുടെയും ഹൃദയങ്ങൾക്ക് അല്ലാഹു ഇവ്വിധം മുദ്രവെക്കുന്നു.ഫറവോൻ പറഞ്ഞു: “”ഹാമാൻ, എനിക്ക് ഒരു ഗോപുരം ഉണ്ടാക്കിത്തരിക. ഞാൻ ആ വഴികളിലൊന്ന് എത്തട്ടെ- “”ആകാശത്തിന്റെ വഴികളിൽ. അങ്ങനെ മൂസായുടെ ദൈവത്തെ ഞാനൊന്ന് എത്തിനോക്കട്ടെ. നിശ്ചയമായും മൂസ നുണപറയുകയാണെന്നാണ് ഞാൻ കരുതുന്നത്.” അവ്വിധം ഫറവോന്ന് അവന്റെ ചെയ്തികൾ ചേതോഹരമായി തോന്നി. അവൻ നേർവഴിയിൽനിന്ന് തടയപ്പെടുകയും ചെയ്തു. ഫറവോന്റെ തന്ത്രങ്ങളൊക്കെയും പരാജയപ്പെടുകയായിരുന്നു. ആ വിശ്വാസി പറഞ്ഞു: “”എന്റെ ജനമേ, നിങ്ങളെന്നെ പിൻപറ്റുക. ഞാൻ നിങ്ങളെ വിവേകത്തിന്റെ വഴിയിലൂടെ നയിക്കാം. “”എന്റെ ജനമേ, ഇൗ എെഹിക ജീവിതസുഖം താൽക്കാലിക വിഭവം മാത്രമാണ്. തീർച്ചയായും പരലോകം തന്നെയാണ് സ്ഥിരവാസത്തിനുള്ള ഭവനം.” ആർ തിന്മ ചെയ്താലും അതിനു തുല്യമായ പ്രതിഫലമേ ഉണ്ടാവുകയുള്ളൂ. എന്നാൽ സ്ത്രീയാവട്ടെ, പുരുഷനാവട്ടെ, സത്യവിശ്വാസിയായി സൽക്കർമം പ്രവർത്തിക്കുന്നവർ സ്വർഗത്തിൽ പ്രവേശിക്കും. അവർക്കവിടെ കണക്കറ്റ ജീവിതവിഭവം ലഭിച്ചുകൊണ്ടിരിക്കും.

“എന്റെ ജനമേ, എന്തൊരവസ്ഥയാണെന്റേത്? ഞാൻ നിങ്ങളെ രക്ഷയിലേക്കു ക്ഷണിക്കുന്നു. നിങ്ങളെന്നെ നരകത്തിലേക്കും വിളിക്കുന്നു. ഞാൻ അല്ലാഹുവെ ധിക്കരിക്കണമെന്നും എനിക്കൊട്ടും അറിഞ്ഞുകൂടാത്തവയെ ഞാനവനിൽ പങ്കുചേർക്കണമെന്നുമാണല്ലോ നിങ്ങളെന്നോടാവശ്യപ്പെടുന്നത്. ഞാൻ നിങ്ങളെ വിളിക്കുന്നതോ പ്രതാപിയും ഏറെ പൊറുക്കുന്നവനുമായ ദൈവത്തിലേക്കും. “”സംശയമില്ല; ഏതൊന്നിലേക്കാണോ നിങ്ങളെന്നെ ക്ഷണിച്ചുകൊണ്ടിരിക്കുന്നത് അതിന് ഇഹലോകത്ത് ഒരു സന്ദേശവും നൽകാനില്ല. പരലോകത്തുമില്ല. നമ്മുടെയൊക്കെ മടക്കം അല്ലാഹുവിങ്കലേക്കാണ്. തീർച്ചയായും അതിക്രമികൾ തന്നെയാണ് നരകാവകാശികൾ. “”ഇപ്പോൾ ഞാൻ പറയുന്നത് പിന്നെയൊരിക്കൽ നിങ്ങളോർക്കുക തന്നെ ചെയ്യും. എന്റെ സർവവും ഞാനിതാ അല്ലാഹുവിൽ സമർപ്പിക്കുന്നു. തീർച്ചയായും അല്ലാഹു അവന്റെ ദാസന്മാരെ സദാ കണ്ടുകൊണ്ടിരിക്കുന്നവനാണ്.” അപ്പോൾ അവരുണ്ടാക്കിയ കുതന്ത്രങ്ങളുടെ ദുരന്തങ്ങളിൽ നിന്നെല്ലാം അല്ലാഹു അദ്ദേഹത്തെ രക്ഷിച്ചു. ഫറവോന്റെ ആൾക്കാർ കടുത്ത ശിക്ഷാവലയത്തിലകപ്പെടുകയും ചെയ്തു.(40:28-45)

മൂസാനബിയുടെ ജീവിതത്തിലെ ഏറ്റവും സന്നിഗദമായ പ്രതിസന്ധിഘട്ടത്തിൽ അദ്ദേഹത്തിന്റെ രക്ഷക്കെത്തിയത് സ്വന്തം സമുദായക്കാരനല്ല. ഫറോവയുടെ വംശത്തിൽപ്പെട്ട ഖിബ്ത്വിയാണ്. ഇത് നമുക്ക് നിരവധി പാഠങ്ങൾ നൽകുന്നുണ്ട്. സ്വന്തം സമുദായത്തിന്റെ രക്ഷയ്ക്ക് വേണ്ടി പ്രവർത്തിച്ച, വിശുദ്ധ ഖുർആൻ പരിചയപ്പെടുത്തിയ ഏക പ്രവാചകനായ മൂസാ നബി സ്വീകരിച്ചിരുന്ന സമീപനം അല്പം പോലും സാമുദായികമോ വംശീയമോ ആയിരുന്നില്ല. തീർത്തും ആദർശപരമായിരുന്നു. മാനവികമായിരുന്നു. പ്രബോധന പരമായിരുന്നു. ജനങ്ങളെ സംഘടിപ്പിച്ചിരുന്നതും സാമുദായികമായോ വംശീയമായോ ആയ അടിസ്ഥാനത്തിലായിരുന്നില്ല. ഫറവോനും അയാളുടെ വംശമായ കോപ്റ്റിക് വംശജർക്കുമെതിരെ ഇസ്രായേല്യരെ വംശീയമായി സംഘടിപ്പിക്കുകയായിരുന്നില്ലെന്നർത്ഥം. അങ്ങനെയായിരുന്നുവെങ്കിൽ കോപ്റ്റിക് വംശജർ മൂസാ നബിയിൽ വിശ്വസിക്കുമായിരുന്നില്ല. തീർത്തും ആദർശപരമായ സമീപനം സ്വീകരിച്ചത് കൊണ്ടാണ് ഫറവോന്റെ ആളുകൾ വരെ മൂസാ നബിയുടെ അനുയായികളായി മാറിയത്. അക്കൂട്ടത്തിൽ ഏറെ ശ്രദ്ധേയമാണ് ഫറവോന്റെ പത്നി ആസിയ ബീവിയുടെ ധീരമായ നിലപാട്. അവർ അല്ലാഹുവിലും മൂസാനബിയിലും വിശ്വസിച്ചു. മൂസാ നബിയോടൊപ്പം സത്യപാതയിൽ ഉറച്ചുനിന്നു. അതോടെ ഫറവോൻ അവരെ കഠിനമായി പീഡിപ്പിക്കാൻ തുടങ്ങി. മർദ്ദന മുറകൾ ഒാരോന്നോരോന്നായി അവരുടെ നേരെ പ്രയോഗിച്ചു. എന്നിട്ടും നിഷ്ഠൂരമായ ആ പീഢനങ്ങൾക്കൊന്നും അവരെ പിന്തിരിപ്പിക്കാനായില്ല. അവർ ധീരതയോടെ സന്മാർഗത്തിലുറച്ചു നിന്നു. അങ്ങനെ എക്കാലത്തേക്കുമുള്ള മുഴുവൻ വിശ്വാസികൾക്കും മാതൃകയായ വിമോചനപ്പോരാളിയും വിപ്ലവകാരിയുമായി മാറി. കാലം കണ്ട ഏറ്റവും ക്രൂരനായ സ്വേഛാധിപതിക്കെതിരെയുള്ള ധീരമായ ചെറുത്തുനിൽപ്പും കടുത്ത പ്രതിരോധവും ശക്തമായ പ്രതിഷേധവുമുൾക്കൊള്ളുന്ന രാഷ്ട്രീയ പ്രാധാന്യമുള്ള പ്രാർത്ഥനയും പ്രഖ്യാപനമാണ് അവർ നടത്തിയത്. അതിങ്ങനെ:”സത്യവിശ്വാസികൾക്ക് ഉദാഹരണമായി അല്ലാഹു ഫറവോന്റെ പത്നിയെ എടുത്തുകാണിക്കുന്നു. അവർ അല്ലാഹുവോട് ഇങ്ങനെ പ്രാർഥിച്ചു: “എന്റെ നാഥാ! എനിക്കു നിന്റെയടുത്ത് സ്വർഗത്തിലൊരു വീട് ഉണ്ടാക്കിത്തരേണമേ! ഫറവോനിൽ നിന്നും അയാളുടെ ദുർവൃത്തിയിൽനിന്നും എന്നെ രക്ഷിക്കേണമേ! അക്രമികളായ ജനത്തിൽനിന്നും എന്നെ നീ മോചിപ്പിക്കേണമേ!” (66:11)

ഫറവോന് വേണ്ടി മൂസാ നബിയോട് മത്സരിക്കാൻ വന്ന മാരണക്കാരുടെ മനം മാറ്റത്തിന് കാരണവും മൂസാ നബി സ്വീകരിച്ച ആദർശപരവും പ്രബോധനപരമായ സമീപനമാണ്. മത്സരത്തിൽ വിജയിച്ചാൽ ലഭിക്കുന്ന പ്രതിഫലത്തെ സംബന്ധിച്ച് ഫറവോനുമായി സംസാരിച്ചുറപ്പിച്ച ശേഷമാണ് മാരണക്കാർ മത്സരത്തിനിറങ്ങിയത്. “”ജാലവിദ്യക്കാർ ഫറവോന്റെ അടുത്തു വന്നു. അവർ പറഞ്ഞു: “ഞങ്ങൾ വിജയിക്കുകയാണെങ്കിൽ ഞങ്ങൾക്ക് മികച്ച പ്രതിഫലമുണ്ടാകുമെന്ന് ഉറപ്പാണല്ലോ.” ഫറവോൻ പറഞ്ഞു: “”അതെ ഉറപ്പായും. അതോടൊപ്പം നിങ്ങൾ നമ്മുടെ സ്വന്തക്കാരായി മാറുകയും ചെയ്യും.”(7:113-114)

അങ്ങനെ വലിയ ഭൗതിക നേട്ടം പ്രതീക്ഷിച്ച് മത്സരത്തിൽ പങ്കെടുത്ത മാരണക്കാർ മത്സരത്തിൽ പരാജിതരായി. അതോടെ തങ്ങളുടേത് കേവലം മാരണമാണെന്നും മൂസാ നബിയുടേത് അദ്ദേഹം അവകാശപ്പെടുന്ന പോലെത്തന്നെ അല്ലാഹുവിൽ നിന്നുള്ള അമാനുഷികമായ ദൃഷ്ടാന്തണെന്നും അവർക്ക് ബോധ്യമായി. അങ്ങനെ അവർ സൻമാർഗ്ഗം സ്വീകരിച്ചു. അതോടെ ഫറവോൻ കടുത്ത ഭീഷണിയുയർത്തി. കൈകാലുകൾ കൊത്തി നുറുക്കുമെന്നും കൊന്നുകളയുമെന്നും പ്രഖ്യാപിച്ചു. എന്നാൽ അതിനൊന്നും അവരെ സത്യപാതയിൽ നിന്ന് പിന്തിരിപ്പിക്കാൻ സാധിച്ചില്ല. സന്മാർഗം സ്വീകരിച്ചതിന്റെ പേരിൽ എന്തും സഹിക്കാനവർ തയ്യാറായി. സമ്മാനം വാങ്ങാനൊരുങ്ങി വന്നവർ രക്തസാക്ഷ്യം ഉൾപ്പെടെ എന്തും ഏറ്റുവാങ്ങാൻ സന്നദ്ധരായി. ഇതൊക്കെയും സാധ്യമായത് മൂസാ നബി സ്വീകരിച്ച ആദർശപരവും മാനവികവും ഗുണകാംക്ഷാപരവുമായ സമീപനം കാരണമായാണ്. ഫറവോന് വേണ്ടി മത്സരത്തിന് തയ്യാറായി രംഗത്ത് വന്ന മാരണക്കാരോട് അവരെ ആഴത്തിൽ സ്വാധീനിക്കുമാറ് അങ്ങേയറ്റത്തെ ഗുണകാംക്ഷയോടെയാണ് അദ്ദേഹം സംസാരിച്ചത്. ഇതൊക്കെയും വിശുദ്ധ ഖുർആൻ വിശദമായി വിവരിക്കുന്നുണ്ട്.

മൂസാ നബി മാരണക്കാരോട് പറഞ്ഞു: “”നിങ്ങൾക്കു നാശം? നിങ്ങൾ അല്ലാഹുവിന്റെ പേരിൽ കള്ളം കെട്ടിച്ചമയ്ക്കരുത്. അങ്ങനെ ചെയ്താൽ കൊടിയ ശിക്ഷയാൽ അവൻ നിങ്ങളെ ഉന്മൂലനം ചെയ്യും. കള്ളം കെട്ടിച്ചമയ്ക്കുന്നവൻ തുലഞ്ഞതുതന്നെ; തീർച്ച.” ഇതുകേട്ട് അവർക്കിടയിൽ അഭിപ്രായ ഭിന്നതയുണ്ടായി. അവർ രഹസ്യമായി കൂടിയാലോചിക്കാൻ തുടങ്ങി. അതിനുശേഷം അവർ പറഞ്ഞു: “”ഇവരിരുവരും തനി ജാലവിദ്യക്കാരാണ്. ഇവരുടെ ജാലവിദ്യയിലൂടെ നിങ്ങളെ നിങ്ങളുടെ നാട്ടിൽനിന്ന് പുറന്തള്ളാനും നിങ്ങളുടെ ചിട്ടയൊത്ത ജീവിതരീതി തകർക്കാനുമാണ് ഇവരുദ്ദേശിക്കുന്നത്. “”അതിനാൽ നിങ്ങൾ നിങ്ങളുടെ തന്ത്രങ്ങളൊക്കെയും ഒരുക്കൂട്ടി വെക്കുക. അങ്ങനെ വലിയ സംഘടിതശക്തിയായി രംഗത്തുവരിക. ഒാർക്കുക: ആർ എതിരാളിയെ തോൽപിക്കുന്നുവോ അവരിന്ന് വിജയം വരിച്ചതുതന്നെ. ജാലവിദ്യക്കാർ പറഞ്ഞു: “”മൂസാ, ഒന്നുകിൽ നീ വടിയെറിയുക; അല്ലെങ്കിൽ ആദ്യം ഞങ്ങളെറിയാം.” മൂസ പറഞ്ഞു: “”ഇല്ല. നിങ്ങൾ തന്നെ എറിഞ്ഞുകൊള്ളുക.” അപ്പോഴതാ അവരുടെ ജാലവിദ്യയാൽ കയറുകളും വടികളും ഇഴഞ്ഞുനീങ്ങുന്നതായി മൂസാക്കു തോന്നിത്തുടങ്ങി. മൂസാക്ക് മനസ്സിൽ പേടിതോന്നി. നാം പറഞ്ഞു: “”പേടിക്കേണ്ട. ഉറപ്പായും നീ തന്നെയാണ് അതിജയിക്കുക. “”നീ നിന്റെ വലതു കൈയിലുള്ളത് നിലത്തിടുക. അവരുണ്ടാക്കിയ ജാലവിദ്യയൊക്കെയും അതു വിഴുങ്ങിക്കൊള്ളും.” അവരുണ്ടാക്കിയത് ജാലവിദ്യക്കാരുടെ തന്ത്രം മാത്രമാണ്. ജാലവിദ്യക്കാർ എവിടെച്ചെന്നാലും വിജയിക്കുകയില്ല.(20:61-69 )

അവർ ഇട്ടപ്പോൾ മൂസ പറഞ്ഞു: “നിങ്ങൾ ഇൗ കാണിച്ചതൊക്കെ വെറും ജാലവിദ്യയാണ്. അല്ലാഹു അതിനെ തോൽപിക്കും; തീർച്ച. സംശയമില്ല; നാശകാരികളുടെ ചെയ്തികളെ അല്ലാഹു ഫലവത്താക്കുകയില്ല. അല്ലാഹു തന്റെ വചനങ്ങളിലൂടെ സത്യത്തെ സ്ഥാപിക്കുന്നു. കുറ്റവാളികൾക്ക് എത്രതന്നെ അതനിഷ്ടകരമാണെങ്കിലും.(10:81-82)

“”അങ്ങനെ മൂസ തന്റെ വടി നിലത്തിട്ടു. ഉടനെയതാ അതവരുടെ വ്യാജ നിർമ്മിതികളെയൊക്കെ വിഴുങ്ങിക്കളഞ്ഞു.”(26:45,7:117)
“”അങ്ങനെ സത്യം സ്ഥാപിതമായി. അവർ ചെയ്തുകൊണ്ടിരുന്നതെല്ലാം പാഴാവുകയും ചെയ്തു. അവ്വിധം അവിടെ വെച്ചവർ പരാജിതരായി. നന്നെ നിന്ദ്യരായിത്തീരുകയും ചെയ്തു.”(7:118’119)

“”അതോടെ ജാലവിദ്യക്കാരെല്ലാം സാഷ്ടാംഗം പ്രണമിച്ചു. അവർ പ്രഖ്യാപിച്ചു: “ഞങ്ങളിതാ പ്രപഞ്ച നാഥനിൽ വിശ്വസിച്ചിരിക്കുന്നു. മൂസായുടെയും ഹാറൂന്റെയും നാഥനിൽ.”(7:120-122,20:70,26:46-48)

“”ഫറവോൻ പറഞ്ഞു: “ഞാൻ അനുമതി തരുംമുമ്പെ നിങ്ങളവനിൽ വിശ്വസിച്ചോ? തീർച്ചയായും നിങ്ങളെ ജാലവിദ്യ പഠിപ്പിച്ച നിങ്ങളുടെ നേതാവാണവൻ. നിങ്ങളുടെ കൈകാലുകൾ എതിർവശങ്ങളിൽ നിന്നായി ഞാൻ കൊത്തിമുറിക്കും. ഇൗന്തപ്പനത്തടികളിൽ നിങ്ങളെ ക്രൂശിക്കും. നമ്മിലാരാണ് ഏറ്റവും കഠിനവും നീണ്ടുനിൽക്കുന്നതുമായ ശിക്ഷ നടപ്പാക്കുന്നവരെന്ന് അപ്പോൾ നിങ്ങളറിയും; തീർച്ച.”(20:71,26:49,7:123,124)
“അവർ പറഞ്ഞു: “ഞങ്ങൾക്കു വന്നെത്തിയ വ്യക്തമായ തെളിവുകളേക്കാളും ഞങ്ങളെ സൃഷ്ടിച്ചവനെക്കാളും ഞങ്ങളൊരിക്കലും നിനക്ക് പ്രാധാന്യം കൽപിക്കുകയില്ല. അതിനാൽ നീ വിധിക്കുന്നതെന്തോ അത് വിധിച്ചുകൊള്ളുക. ഇൗ എെഹിക ജീവിതത്തിൽ മാത്രമേ നിന്റെ വിധി നടക്കുകയുള്ളൂ. ഞങ്ങൾ ഞങ്ങളുടെ നാഥനിൽ പൂർണമായും വിശ്വസിച്ചിരിക്കുന്നു. അവൻ ഞങ്ങളുടെ പാപങ്ങൾ പൊറുത്തുതന്നേക്കാം. നീ ഞങ്ങളെ നിർബന്ധിച്ച് ചെയ്യിച്ച ഇൗ ജാലവിദ്യയുടെ കുറ്റവും മാപ്പാക്കിയേക്കാം. അല്ലാഹുവാണ് ഏറ്റവും നല്ലവൻ. എന്നെന്നും നിലനിൽക്കുന്നവനും അവൻ തന്നെ.”(20:72,73)

“”അവർ പറഞ്ഞു: “ഉറപ്പായും ഞങ്ങളുടെ നാഥങ്കലേക്കാണ് ഞങ്ങൾക്ക് മടങ്ങിച്ചെല്ലാനുള്ളത്. ഞങ്ങളുടെ നാഥന്റെ തെളിവുകൾ ഞങ്ങൾക്ക് വന്നെത്തിയപ്പോൾ ഞങ്ങളതിൽ വിശ്വസിച്ചു. അതിന്റെ പേരിൽ മാത്രമാണല്ലോ താങ്കൾ പ്രതികാരത്തിനൊരുങ്ങുന്നത്. ഞങ്ങളുടെ നാഥാ; ഞങ്ങൾക്കു നീ ക്ഷമ നൽകേണമേ! ഞങ്ങളെ നീ മുസ്ലിംകളായി മരിപ്പിക്കേണമേ!”(7:125,126)

തുടർന്ന് തങ്ങളെ ഭീഷണിപ്പെടുത്തിയ ഫറവോന്റെയും അതിന് സാക്ഷികളായവരുടെയും ശ്രദ്ധയിൽ പെടുത്തേണ്ട പരമമായ സത്യം അവർ തുറന്നു പറഞ്ഞു: “”എന്നാൽ കുറ്റവാളിയായി തന്റെ നാഥന്റെ അടുത്തെത്തുന്നവനുണ്ടാവുക നരകത്തീയാണ്. അതിലവൻ മരിക്കുകയില്ല. ജീവിക്കുകയുമില്ല. അതേസമയം സത്യവിശ്വാസം സ്വീകരിച്ച് സൽപ്രവർത്തനങ്ങൾ ചെയ്ത് അവന്റെ അടുത്തെത്തുന്നവർക്ക് ഉന്നതമായ പദവികളുണ്ട്. സ്ഥിരവാസത്തിനുള്ള സ്വർഗീയാരാമങ്ങൾ. അതിന്റെ താഴ്ഭാഗത്തൂടെ ആറുകളൊഴുകിക്കൊണ്ടിരിക്കും. അവരതിൽ നിത്യവാസികളായിരിക്കും. വിശുദ്ധി വരിച്ചവർക്കുള്ള പ്രതിഫലമിതാണ്.(20:74-76)

മനംമാറ്റം ഉണ്ടായ മാരണക്കാർക്ക് അത്യസാധാരണമായ ഇൗ കരുത്തും ധൈര്യവും സമ്മാനിച്ചത് അവരുടെ അടിയുറച്ച ആദർശബോധമാണ്. സുദൃഢമായ സത്യവിശ്വാസം.

വിമോചനപ്പോരാട്ടത്തിനിടയിലും പ്രബോധനം
മർദിതരായ ഇസ്രായേലീ സമൂഹത്തിന്റെ വിമോചനസമരത്തിനിടയിലും മൂസാനബി സത്യപ്രബോധനം നടത്തിയതായി ഖുർആൻ വ്യക്തമാക്കുന്നു. അപ്പോൾ ഫറവോനുമായി നടക്കുന്ന സംവാദവും വിശ്വാസവുമായി ബന്ധപ്പെട്ടതാണ്. ഫറവോന്റെ ഭീഷണിയും ആദർശമാറ്റത്തിന്റെ പേരിൽ തന്നെ. നിന്റെ നാഥൻ മൂസായെ വിളിച്ചുപറഞ്ഞ സന്ദർഭം: “”നീ അക്രമികളായ ആ ജനങ്ങളിലേക്കു പോവുക. ഫറവോന്റെ ജനത്തിലേക്ക്; എന്നിട്ട് ചോദിക്കൂ, അവർ സൂക്ഷ്മത പാലിക്കുന്നില്ലേയെന്ന്.” മൂസ പറഞ്ഞു: എന്റെ നാഥാ, അവരെന്നെ തള്ളിപ്പറയുമെന്ന് ഞാൻ ഭയപ്പെടുന്നു. എന്റെ ഹൃദയം ഞെരുങ്ങിപ്പോകുന്നു. എന്റെ നാവിന് സംസാരവൈഭവമില്ല. അതിനാൽ നീ ഹാറൂന്ന് സന്ദേശമയച്ചാലും. അവർക്കാണെങ്കിൽ എന്റെ പേരിൽ ഒരു കുറ്റാരോപണവുമുണ്ട്. അതിനാലവരെന്നെ കൊന്നുകളയുമോയെന്ന് ഞാൻ ഭയപ്പെടുന്നു. അല്ലാഹു പറഞ്ഞു: “”ഒരിക്കലുമില്ല. അതിനാൽ നിങ്ങളിരുവരും നമ്മുടെ ദൃഷ്ടാന്തങ്ങളുമായി പോവുക. തീർച്ചയായും നിങ്ങളോടൊപ്പം എല്ലാം കേൾക്കുന്നവനായി നാമുണ്ട്. അങ്ങനെ നിങ്ങളിരുവരും ഫറവോന്റെ അടുത്തുചെന്ന് പറയുക: “തീർച്ചയായും ഞങ്ങൾ പ്രപഞ്ചനാഥന്റെ ദൂതന്മാരാണ്. ഇസ്രയേൽ മക്കളെ ഞങ്ങളോടൊപ്പമയക്കണമെന്നതാണ് ദൈവശാസന. ഫറവോൻ പറഞ്ഞു: “”കുട്ടിയായിരിക്കെ ഞങ്ങൾ നിന്നെ ഞങ്ങളോടൊപ്പം വളർത്തിയില്ലേ? നിന്റെ ആയുസ്സിൽ കുറേകാലം ഞങ്ങളോടൊപ്പമാണല്ലോ നീ കഴിച്ചുകൂട്ടിയത്. പിന്നെ നീ ചെയ്ത ആ കൃത്യം നീ ചെയ്തിട്ടുമുണ്ട്. നീ തീരേ നന്ദികെട്ടവൻ തന്നെ.”മൂസ പറഞ്ഞു: “”അന്ന് ഞാനതു അറിവില്ലായ്മയാൽ ചെയ്തതായിരുന്നു. അങ്ങനെ നിങ്ങളെപ്പറ്റി പേടി തോന്നിയപ്പോൾ ഞാനിവിടെ നിന്ന് ഒളിച്ചോടി. പിന്നീട് എന്റെ നാഥൻ എനിക്ക് യുക്തിജ്ഞാനം നൽകി. അവനെന്നെ തന്റെ ദൂതന്മാരിലൊരുവനാക്കി. എനിക്കു ചെയ്തുതന്നതായി നീ എടുത്തുകാണിച്ച ആ അനുഗ്രഹം ഇസ്രയേൽ മക്കളെ നീ അടിമകളാക്കിവെച്ചതിനാൽ സംഭവിച്ചതാണ്. ഫറവോൻ ചോദിച്ചു: “”എന്താണ് ഇൗ ലോകരക്ഷിതാവെന്നത്?” മൂസ പറഞ്ഞു: “”ആകാശഭൂമികളുടെയും അവയ്ക്കിടയിലുള്ളവയുടെയും സംരക്ഷകൻ തന്നെ. നിങ്ങൾ കാര്യം മനസ്സിലാകുന്നവരാണെങ്കിൽ ഇതുബോധ്യമാകും.” ഫറവോൻ തന്റെ ചുറ്റുമുള്ളവരോട് ചോദിച്ചു: “”നിങ്ങൾ കേൾക്കുന്നില്ലേ?” മൂസ പറഞ്ഞു: “”നിങ്ങളുടെ രക്ഷിതാവാണത്. നിങ്ങളുടെ പൂർവപിതാക്കളുടെയും രക്ഷിതാവ്.” ഫറവോൻ പറഞ്ഞു: “”നിങ്ങളിലേക്ക് അയക്കപ്പെട്ട നിങ്ങളുടെ ഇൗ ദൈവദൂതൻ ഒരു മുഴുഭ്രാന്തൻ തന്നെ; സംശയം വേണ്ടാ.” മൂസ പറഞ്ഞു: “”ഉദയ സ്ഥാനത്തിന്റെയും അസ്തമയ സ്ഥാനത്തിന്റെയും അവയ്ക്കിടയിലുള്ളവയുടെയും രക്ഷിതാവാണവൻ. നിങ്ങൾ ചിന്തിച്ചറിയുന്നവരെങ്കിൽ ഇത് മനസ്സിലാകും.” ഫറവോൻ പറഞ്ഞു: “”ഞാനല്ലാത്ത ഒരു ദൈവത്തെ നീ സ്വീകരിക്കുകയാണെങ്കിൽ നിശ്ചയമായും നിന്നെ ഞാൻ ജയിലിലടക്കും.”(26:10-29)

രാജ കൊട്ടാരത്തിൽ രാജകുമാരനെപ്പോലെ വളർന്നതിനാൽ ലഭിച്ച ആർജവമാണ് മൂസാ നബിക്ക് ഫറവോനോട് സത്യ പ്രബോധനം നടത്താൻ കരുത്ത് നൽകിയത്. “ചെറുപ്പത്തിൽ എന്റെ കൊട്ടാരത്തിൽ ഞാനല്ലേ നിന്നെ പോറ്റി വളർത്തിയതെന്ന’ ചോദ്യത്തിന് “അത് ഇസ്രയേല്യരെ അടിമകളാക്കി വെച്ചതിനാൽ സംഭവിച്ചതാണെന്ന്’ ഫറവോന്റെ മുഖത്ത് നോക്കി പറയാനുള്ള ആർജ്ജവവും കരുത്തും അസാധാരണമാണല്ലോ.
ഫറവോൻ മൂസാ നബിയോട് തർക്കിച്ചത് ഇസ്രായേല്യരെ കൂടെ അയച്ചു കൊടുക്കുന്നതിനെ സംബന്ധിച്ചല്ല, മറിച്ച് പ്രപഞ്ച നാഥനെ സംബന്ധിച്ചാണെന്നതും ഏറെ ശ്രദ്ധേയമാണ്. വിമോചന സമരത്തിനിടയിൽ സത്യപ്രബോധനം നടത്തിയ സംഭവം മറ്റൊരധ്യായത്തിലും ഖുർആൻ ഉദ്ധരിക്കുന്നുണ്ട്:

“”അതിനാൽ നിങ്ങളിരുവരും അവന്റെയടുത്ത് ചെന്ന് പറയുക: ‘തീർച്ചയായും ഞങ്ങൾ നിന്റെ നാഥന്റെ ദൂതന്മാരാണ്. അതിനാൽ ഇസ്രയേൽ മക്കളെ നീ ഞങ്ങളോടൊപ്പമയക്കുക. അവരെ പീഡിപ്പിക്കരുത്. നിന്റെ അടുത്ത് ഞങ്ങൾ വന്നത് നിന്റെ നാഥനിൽനിന്നുള്ള വ്യക്തമായ തെളിവുകളുമായാണ്. നേർവഴിയിൽ നടക്കുന്നവർക്കാണ് സമാധാനമുണ്ടാവുക. സത്യത്തെ തള്ളിപ്പറയുകയും അതിൽനിന്ന് പിന്തിരിഞ്ഞു പോവുകയും ചെയ്യുന്നവർക്ക് കടുത്ത ശിക്ഷയാണുണ്ടാവുകയെന്ന് തീർച്ചയായും ഞങ്ങൾക്ക് ദിവ്യബോധനം ലഭിച്ചിരിക്കുന്നു.” ഫറവോൻ ചോദിച്ചു: “”മൂസാ, അപ്പോൾ ആരാണ് നിങ്ങളുടെ ഇൗ രക്ഷിതാവ്?” മൂസ പറഞ്ഞു: “”എല്ലാ ഒാരോ വസ്തുവിനും അതിന്റെ പ്രകൃതം നൽകുകയും പിന്നെ അവയ്ക്ക് വഴി കാണിക്കുകയും ചെയ്തവനാണ് ഞങ്ങളുടെ രക്ഷിതാവ്. അയാൾ ചോദിച്ചു: “”അപ്പോൾ നേരത്തെ കഴിഞ്ഞുപോയ തലമുറകളുടെ സ്ഥിതിയോ?” മൂസ പറഞ്ഞു: “”അതേക്കുറിച്ചുള്ള എല്ലാ വിവരവും എന്റെ നാഥന്റെ അടുക്കൽ ഒരു പ്രമാണത്തിലുണ്ട്. എന്റെ നാഥൻ ഒട്ടും പിഴവു പറ്റാത്തവനാണ്. തീരെ മറവിയില്ലാത്തവനും.”(20:47-52)

ഇവിടെയും ചർച്ച സൃഷ്ടാവിനെ സംബന്ധിച്ചും സന്മാർഗ്ഗത്തെപ്പറ്റിയുമാണ്. ഇസ്രായേല്യരെ കൂടെ അയച്ചു കൊടുക്കുന്നതിനെ സംബന്ധിച്ചല്ല എന്നത് വിസ്മരിക്കാവതല്ല. മാത്രമല്ല, തന്റെ ആൾക്കാരെ മൂസാനബിക്കെതിരെ തിരിയാൻ വഴിയൊരുക്കാമെന്ന പ്രതീക്ഷയോടെയാണ് ഫറവോൻ നേരത്തെ കഴിഞ്ഞു പോയ തലമുറയുടെ സ്ഥിതി എന്ത്’ എന്ന് ചോദിച്ചത്. അവർ വഴിപിഴച്ചവരാണെന്നോ നരകാവകാശികളാണെന്നോ മൂസാനബി പറഞ്ഞാൽ അതുപയോഗപ്പെടുത്തി ജനങ്ങളെ പ്രകോപിതരാക്കാമെന്നാണ് അദ്ദേഹം പ്രതീക്ഷത്. എന്നാൽ മൂസാനബി വളരെ തന്ത്രപരമായ മറുപടിയാണ് പറഞ്ഞത്. അവരുടെ അവസ്ഥ എന്തെന്ന് എനിക്കറിയില്ലെന്നും അതെന്റെ നാഥനേ അറിയുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. അതോടൊപ്പം സമാധാനമുണ്ടാവുക സന്മാർഗം സ്വീകരിച്ചവർക്കാണെന്നും സത്യത്തെ തള്ളിപ്പറയുകയും അതിൽ നിന്ന് പിന്തിരിഞ്ഞു പോവുകയും ചെയ്യുന്നവർക്ക് കടുത്തശിക്ഷ ഉണ്ടാകുമെന്നും പ്രഖ്യാപിക്കുകയും ചെയ്തു. അതുതന്നെയാണല്ലോ സത്യ പ്രബോധനത്തിന്റെ മർമ്മം.

ഇന്നും ഇതുപോലുള്ള ചോദ്യങ്ങളെ സത്യ പ്രബോധകർ അഭിമുഖീകരിക്കാറുണ്ട്.”ഗാന്ധിജി നരകത്തിലാണോ, മദർ തെരേസക്ക് സ്വർഗ്ഗം കിട്ടുകയില്ലേ”പോലുള്ള ചോദ്യങ്ങൾ. ഇസ്ലാമിക പ്രബോധകർ സ്വീകരിക്കേണ്ട സമീപനത്തിന് ഏറ്റവും മികച്ച മാതൃകയാണ് മൂസാനബിയുടേത്. സ്വർഗ-നരകങ്ങൾ തീരുമാനിക്കുന്ന വിധികർത്താക്കളല്ലല്ലോ നമ്മൾ.

ഖാറൂൻ ശത്രു പക്ഷത്ത്
മൂസാ നബിയുടെ മുഖ്യപ്രതിയോഗികളിലൊരാൾ ഖാറൂനായിരുന്നു. ബൈബിളും തൽമൂദും കോറഹ് (ഗീൃമവ) എന്ന് വിളിക്കുന്ന ഖാറൂൻ മൂസാനബിയുടെ പിതൃവ്യ പുത്രനായിരുന്നു. മൂസാ നബിയുടെയും ഖാറൂൻറെയും പിതാക്കന്മാർ ജ്യേഷ്ഠാനുജന്മാരായിരുന്നുവെന്ന് ബൈബിൾ പുറപ്പാട് പുസ്തകവും പറയുന്നു. എന്നിട്ടും ഖാറൂൻ ഫറോവയുടെ ഉറ്റ തോഴനും അടുത്ത പാർശ്വ വർത്തിയുമായി നില കൊണ്ടു. ഖുർആൻ പേരെടുത്ത് പറഞ്ഞ മൂസാനബിയുടെ മൂന്ന് പ്രധാന പ്രതിയോഗികളിലൊരാൾ ഖാറൂനാണ്. അല്ലാഹു പറയുന്നു: “മൂസായെ നമ്മുടെ ദൃഷ്ടാന്തങ്ങളും വ്യക്തമായ പ്രമാണവുമായി നാം അയക്കുകയുണ്ടായി. ഫറവോന്റെയും ഹാമാന്റെയും ഖാറൂന്റെയും അടുത്തേക്ക്. അപ്പോൾ അവർ പറഞ്ഞു: “”ഇവൻ കള്ളവാദിയായ ജാലവിദ്യക്കാരനാണ്.” (40:23, 24)

ഖാറൂനെ വിശുദ്ധ ഖുർആൻ പരിചയപ്പെടുത്തുന്നതിങ്ങനെ: “”ഖാറൂൻ മൂസയുടെ ജനതയിൽ പെട്ടവനായിരുന്നു. അവൻ അവർക്കെതിരെ അതിക്രമം കാണിച്ചു. നാം അവന്ന് ധാരാളം ഖജനാവുകൾ നൽകി. കരുത്തരായ ഒരുകൂട്ടം മല്ലന്മാർപോലും അവയുടെ താക്കോൽകൂട്ടം ചുമക്കാൻ ഏറെ പ്രയാസപ്പെട്ടിരുന്നു. അയാളുടെ ജനത ഇങ്ങനെ പറഞ്ഞ സന്ദർഭം: “അല്ലാഹു നിനക്കു തന്നതിലൂടെ നീ പരലോകവിജയം തേടുക. എന്നാൽ ഇവിടെ ഇഹലോക ജീവിതത്തിൽ നിനക്കുള്ള വിഹിതം മറക്കാതിരിക്കുക. അല്ലാഹു നിനക്കു നന്മ ചെയ്തപോലെ നീയും നന്മ ചെയ്യുക. നാട്ടിൽ നാശം വരുത്താൻ തുനിയരുത്. നാശകാരികളെ അല്ലാഹു ഇഷ്ടപ്പെടുകയില്ല.’ ഖാറൂൻ പറഞ്ഞു: “”എനിക്കിതൊക്കെ കിട്ടിയത് എന്റെ വശമുള്ള വിദ്യകൊണ്ടാണ്.” അവനറിഞ്ഞിട്ടില്ലേ; അവനു മുമ്പ് അവനെക്കാൾ കരുത്തും സംഘബലവുമുണ്ടായിരുന്ന അനേകം തലമുറകളെ അല്ലാഹു നശിപ്പിച്ചിട്ടുണ്ടെന്ന്. കുറ്റവാളികളോട് അവരുടെ കുറ്റങ്ങളെക്കുറിച്ച് ചോദിക്കുകപോലുമില്ല. അങ്ങനെ അവൻ എല്ലാവിധ ആർഭാടങ്ങളോടുംകൂടി ജനത്തിനിടയിലേക്ക് ഇറങ്ങിത്തിരിച്ചു. അതുകണ്ട് എെഹികജീവിതസുഖം കൊതിക്കുന്നവർ പറഞ്ഞു: “ഖാറൂന് കിട്ടിയതുപോലുള്ളത് ഞങ്ങൾക്കും കിട്ടിയിരുന്നെങ്കിൽ! ഖാറൂൻ മഹാ ഭാഗ്യവാൻ തന്നെ.’ എന്നാൽ അറിവുള്ളവർ പറഞ്ഞതിങ്ങനെയാണ്: “നിങ്ങൾക്കു നാശം! സത്യവിശ്വാസം സ്വീകരിക്കുകയും സൽക്കർമങ്ങൾ പ്രവർത്തിക്കുകയും ചെയ്യുന്നവന്ന് അല്ലാഹുവിന്റെ പ്രതിഫലമാണ് ഏറ്റം നല്ലത്. എന്നാൽ ക്ഷമാശീലർക്കല്ലാതെ അതു ലഭ്യമല്ല.’ അങ്ങനെ അവനെയും അവന്റെ ഭവനത്തെയും നാം ഭൂമിയിൽ ആഴ്ത്തി. അപ്പോൾ അല്ലാഹുവൊഴികെ അവനെ സഹായിക്കാൻ അവന്റെ കക്ഷികളാരുമുണ്ടായില്ല. സ്വന്തത്തിന് സഹായിയാകാൻ അവനു സാധിച്ചതുമില്ല. അതോടെ ഇന്നലെ അവന്റെ സ്ഥാനം മോഹിച്ചിരുന്ന അതേ ആളുകൾ പറഞ്ഞു: “കഷ്ടം! അല്ലാഹു തന്റെ ദാസന്മാരിൽ അവനിച്ഛിക്കുന്നവർക്ക് ഉപജീവനം ഉദാരമായി നൽകുന്നു. അവനിച്ഛിക്കുന്നവർക്ക് ഇടുക്കം വരുത്തുകയും ചെയ്യുന്നു. അല്ലാഹു നമ്മോട് ഒൗദാര്യം കാണിച്ചില്ലായിരുന്നുവെങ്കിൽ നമ്മെയും അവൻ ഭൂമിയിൽ ആഴ്ത്തിക്കളയുമായിരുന്നു. കഷ്ടം! സത്യനിഷേധികൾ വിജയം വരിക്കുകയില്ല.'(28:7682)

കോപ്റ്റിക് വംശജരായ ഫറോവാ പത്നി ആസിയ ബീവിയും മൂസാ നബിയുടെ ജീവൻ രക്ഷിക്കാൻ ശക്തമായി വാദിച്ച കോപ്റ്റിക്ക് വംശജനായ വിശ്വാസിയും ഫറവോനു വേണ്ടി മത്സരിക്കാൻ വന്ന മാരണക്കാരുമെല്ലാം സന്മാർഗ്ഗം സ്വീകരിച്ച് മൂസാ നബിയെ പിന്തുണച്ചപ്പോൾ സ്വന്തം സമുദായക്കാരനും പിതൃവ്യ പുത്രനുമായ ഖാറൂൻ കൊടിയ ശത്രുവായാണ് നില കൊണ്ടത്.

സന്മാർഗം സ്വീകരിക്കുന്നതും നിഷേധിക്കുന്നതും വംശത്തിൻറെയോ സമുദായത്തിൻറെയോ അടിസ്ഥാനത്തിലല്ലെന്നാണിത് അസന്നിഗ്ധമായി തെളിയിക്കുന്നത്. സത്യപ്രബോധനം നടത്തലാണ് വിശ്വാസികളുടെ ബാധ്യത. സുമനസ്സുകൾ സന്മാർഗ്ഗം സ്വീകരിക്കും. അല്ലാത്തവർ നിരാകരിക്കും. അതിനാൽ ദേശ, ഭാഷാ, വർഗ്ഗ, വർണ്ണ, ജാതി, സമുദായ ഭേദമന്യേ എല്ലാവരോടും ഉയർന്ന സ്നേഹ, സൗഹൃദ, സാഹോദര്യ ബന്ധം സ്ഥാപിച്ച് ഗുണകാംക്ഷയോടെ ഇസ്ലാമിക പ്രബോധനം നടത്താനാണ് വിശ്വാസികളോട് അല്ലാഹു ആവശ്യപ്പെടുന്നത്. അത് എത്രമേൽ സൗമനസ്യത്തോടെയും ഗുണകാംക്ഷയോടെയും സൗഹാർദ്ദത്തോടെയും പ്രതീക്ഷയോടെയുമാണ് നിർവഹിക്കേണ്ടതെന്ന് മൂസാനബിക്കും ഹാറൂൻ നബിക്കും അല്ലാഹു നൽകിയ നിർദ്ദേശങ്ങൾ വ്യക്തമാക്കുന്നു. “”എന്റെ തെളിവുകളുമായി നീയും നിന്റെ സഹോദരനും പോവുക. എന്നെ സ്മരിക്കുന്നതിൽ നിങ്ങൾ വീഴ്ചവരുത്തരുത്. നിങ്ങളിരുവരും ഫറവോന്റെ അടുത്തേക്ക് പോവുക. നിശ്ചയമായും അവൻ അതിക്രമിയായിരിക്കുന്നു.

“”നിങ്ങളവനോട് സൗമ്യമായി സംസാരിക്കുക. ഒരുവേള അവൻ ചിന്തിച്ചു മനസ്സിലാക്കിയെങ്കിലോ? അല്ലെങ്കിൽ ഭക്തിയുള്ളവനായെങ്കിലോ?” (20:42-46)

എത്രമാത്രം ഗുണകാംക്ഷയോടെയും സൗഹൃദപരമായും സൗമ്യമായുമാണ് കടുത്ത വംശീയ വാദികളോടും അവരുടെ നേതാക്കളായ സ്വേച്ഛാധിപതികളോടും ഇസ്ലാമിക പ്രബോധനം നടത്തേണ്ടതെന്ന് മൂസാ നബിക്കും ഹാറൂൻ നബിക്കും അല്ലാഹു നൽകിയ ഇൗ നിർദ്ദേശം വ്യക്തമാക്കുന്നു. ഇന്ത്യയിലേതിനേക്കാൾ കടുത്ത വംശീയവും ക്രൂരവും സ്വേച്ഛാധിപത്യപരവുമായ മർദ്ദക ഭരണം നിലനിന്നിരുന്ന ഇൗജിപ്തിൽ മൂസാ നബി നിർവഹിച്ച ഏറ്റവും മഹത്തരവും പ്രഥമവും പ്രധാനവുമായ ചുമതല ഇസ്ലാമിക പ്രബോധനമാണെന്ന് വിശുദ്ധ ഖുർആന്റെ അടിസ്ഥാനത്തിൽ വിശദീകരിക്കുകയാണല്ലോ ഇതേവരെ ചെയ്തത്. വിശുദ്ധ ഖുർആനിലെ അദ്ധ്യായം 79 ലെ 15-26 സൂക്തങ്ങളുടെ വ്യാഖ്യാനത്തിൽ സയ്യിദ് മൗദൂദി ഇക്കാര്യം ഇങ്ങനെ വിശദീകരിക്കുന്നു: “ചിലയാളുകൾ വിചാരിക്കുന്നതുപോലെ മൂസാ(അ) ഇസ്രായേല്യരെ ഫറവോനിൽ നിന്ന് മോചിപ്പിക്കാൻ വേണ്ടി മാത്രം നിയുക്തനായ പ്രവാചകനല്ല. അദ്ദേഹത്തിന്റെ പ്രഥമ നിയോഗ ലക്ഷ്യം ഫറവോന്നും അയാളുടെ സമൂഹത്തിനും സന്മാർഗം കാണിച്ചു കൊടുക്കുകയായിരുന്നു. ദ്വിതീയ ലക്ഷ്യം ഇതായിരുന്നു. ഫറവോൻ സന്മാർഗം സ്വീകരിക്കാൻ കൂട്ടാക്കുന്നില്ലെങ്കിൽ, അപ്പോഴാണ് ഇസ്രായേല്യരെ (അവർ അടിസ്ഥാനപരമായി ഒരു മുസ്ലിം സമൂഹമായിരുന്നു.) അയാളുടെ അടിമത്തത്തിൽ നിന്നും രക്ഷപ്പെടുത്തി ഇൗജിപ്തിൽ നിന്ന് പുറത്തു കൊണ്ടുവരേണ്ടത്. ഇൗ ആശയം പ്രകൃത സൂക്തങ്ങളിൽ നിന്ന് വ്യക്തമാകുന്നതാണ്. (തഫ്ഹീമുൽ ഖുർആൻ. ഭാഗം 6. പുറം 208)

“”ചിലയാളുകൾ തെറ്റിദ്ധരിക്കുന്നത് പോലെ മൂസാ(അ) യുടെയും ഹാറൂൻ(അ)ന്റെയും ദൗത്യം ഒരു പ്രത്യേക സമുദായത്തെ മറ്റൊരു സമുദായത്തിന്റെ അടിമത്തത്തിൽ നിന്ന് മോചിപ്പിക്കുകയെന്നത് മാത്രമായിരുന്നുവെങ്കിൽ ഇൗ പശ്ചാത്തലത്തിൽ ഒരു ചരിത്ര മാതൃക എന്ന നിലയിൽ പ്രസ്തുത സംഭവം ഉദ്ധരിക്കുന്നത് സംഗതമാകുമായിരുന്നില്ല. ആ രണ്ട് മഹാത്മാക്കളുടെയും ദൗത്യത്തിന്റെ ഒരു ഭാഗം ബനൂ ഇസ്റാഇൗലിനെ (മുസ്ലിം ജനത) സത്യനിഷേധികളായ വിഭാഗത്തിന്റെ (അവർ സത്യനിഷേധത്തിൽ ഉറച്ചു നിൽക്കുകയാണെങ്കിൽ) ആധിപത്യത്തിൽ നിന്ന് മോചിപ്പിക്കുക എന്നതായിരുന്നുവെന്നതിൽ സംശയമില്ല. പക്ഷേ അത് അടിസ്ഥാന ലക്ഷ്യമായിരുന്നില്ല. ലക്ഷ്യത്തിൽ നിലീനമായ ഉപലക്ഷ്യം മാത്രമായിരുന്നു. ഖുർആൻ മുഴുവൻ പ്രവാചകന്മാരുടെയും ലക്ഷ്യമാക്കിയതേതാണോ അത് തന്നെയായിരുന്നു അവരുടെയും അടിസ്ഥാന ലക്ഷ്യം. അദ്ധ്യായം അന്നാസിആതിലെ 17-19 സൂക്തങ്ങൾ അക്കാര്യം വ്യക്തമായി തന്നെ പ്രതിപാദിച്ചിട്ടുണ്ട്. “ഫിർഒൗന്റെ അടുത്തേക്ക് പോവുക. അവൻ ധിക്കാരിയായിരിക്കുന്നു. അവനോട് പറയുക:നീ വിശുദ്ധി കൈക്കൊള്ളുവാൻ സന്നദ്ധനാണോ? ഞാൻ നിന്നെ നിന്റെ നാഥങ്കലേക്ക് മാർഗദർശനം ചെയ്യാം. അങ്ങനെ നീ അവനെ ഭയപ്പെടുന്നവനാകും. പക്ഷേ ഫറവോൻ പ്രഭൃതികൾ ആ സത്യപ്രബോധനം സ്വീകരിച്ചില്ല. അതിനാൽ അവസാനം മൂസാനബിക്ക് വിശ്വാസികളായ തന്റെ ജനതയെ ഫറവോന്റെ ആധിപത്യത്തിൽനിന്ന് രക്ഷപ്പെടുത്തേണ്ടി വന്നു. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ ദൗത്യത്തിന്റെ ഇൗ ഭാഗം ചരിത്രത്തിൽ മുഴച്ചു കാണുന്നത്. ഖുർആനിലും പ്രസ്തുത സംഭവം ചരിത്രത്തിലുള്ള പോലെ വ്യക്തമായിത്തന്നെ വിവരിച്ചിട്ടുണ്ട്. ഖുർആനിലെ വിശദീകരണങ്ങളെ അതിന്റെ സാഹചര്യത്തിൽ നിന്ന് അടർത്തിയെടുക്കുക എന്ന അബദ്ധം പ്രവർത്തിക്കാതെ അവയെ ആ സാകല്യത്തിന്റെ അനുബന്ധമായിത്തന്നെ വീക്ഷിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്ന ഏതൊരാളും ഒരു പ്രവാചക ദൗത്യത്തിന്റെ അടിസ്ഥാന ലക്ഷ്യം ഒരു ജനതയുടെ സ്വാതന്ത്ര്യമായിരുന്നുവെന്നും സത്യദീനിന്റെ പ്രബോധനം കേവലം ഉപലക്ഷ്യമായിരുന്നുവെന്നും തെറ്റിദ്ധരിക്കുകയില്ല.” (തഫ്ഹീമുൽ ഖുർആൻ.വാല്യം:2. പുറം: 282)

“”അവർ പറഞ്ഞു: “ഞങ്ങളുടെ പൂർവപിതാക്കൾ ഏതൊരു മാർഗം മുറുകെപ്പിടിക്കുന്നതായി ഞങ്ങൾ കണ്ടുവോ അതിൽനിന്ന് ഞങ്ങളെ തെറ്റിച്ചുകളയാനാണോ നീ ഞങ്ങളുടെയടുത്ത് വന്നത്? ഭൂമിയിൽ നിങ്ങളിരുവരുടെയും മേധാവിത്വം സ്ഥാപിക്കാനും? എന്നാൽ ഞങ്ങളൊരിക്കലും നിങ്ങളിരുവരിലും വിശ്വസിക്കുന്നവരാവുകയില്ല.’ (10:78) എന്ന സൂക്തത്തിന്റെ വ്യാഖ്യാനത്തിൽ സയ്യിദ് മൗദൂദി എഴുതുന്നു: “മൂസാ(അ)യുടെയും ഹാറൂ(അ)ന്റെയും അടിസ്ഥാന ആവശ്യം ഇസ്രാഇൗൽ വംശത്തിന്റെ സ്വാതന്ത്ര്യമായിരുന്നുവെങ്കിൽ രണ്ടുപേരുടെയും പ്രബോധനം ഇൗജിപ്തിൽ പ്രചരിക്കുകയാണെങ്കിൽ ഇൗജിപ്തിന്റെ മതം തന്നെ മാറിപ്പോകുമെന്നും തങ്ങളുടെ അധീശത്വത്തിന് പകരം അവരുടെ ആധിപത്യമായിരിക്കും പുലരുകയെന്നും ഫിർഒൗൻ പ്രഭൃതികൾ ആശങ്കിക്കുമായിരുന്നില്ല. മൂസാ (അ) ഇൗജിപ്തുകാരെ യഥാർത്ഥ ദൈവത്തിലേക്ക് പ്രബോധനം ചെയ്തുകൊണ്ടിരുന്നു. അത് ബഹുദൈവത്വ വ്യവസ്ഥിതിയിലധിഷ്ഠിതമായ ഫറവോന്റെ രാജത്വത്തെയും പ്രമാണിമാരുടെ നേതൃത്വത്തെയും മതപുരോഹിതന്മാരുടെ പൗരോഹിത്യത്തെയും അപകടപ്പെടുത്തുമെന്നവർ മനസ്സിലാക്കി. അതാണ് അവരുടെ ആശങ്കയ്ക്ക് കാരണം. (വാല്യം:2.പുറം:283)

ഇന്ത്യൻ സാഹചര്യത്തിൽ
സ്വന്തം സമുദായത്തിന്റെ സുരക്ഷക്കും മോചനത്തിനും വേണ്ടി നിലകൊണ്ട പരിശുദ്ധ ഖുർആൻ പരിചയപ്പെടുത്തിയ ഏക പ്രവാചകനാണ് മൂസാ നബി. എന്നാൽ അദ്ദേഹവും തന്റെ മുഴുവൻ പ്രവർത്തനങ്ങളിലും മുഖ്യ ഉൗന്നൽ നൽകിയത് ഇസ്ലാമിക പ്രബോധനത്തിനാണ്. അല്ലാഹു അദ്ദേഹത്തെ ഏൽപ്പിച്ച പ്രധാന ചുമതലയും അതുതന്നെ. അദ്ദേഹത്തിന്റെ പ്രവാചകത്വം തെളിയിക്കാനായി നൽകിയ അമാനുഷിക ദൃഷ്ടാന്തങ്ങളും പ്രബോധനാവശ്യാർത്ഥമത്രേ. ഫറവോനോട് സ്വന്തം ജനതയുടെ മോചനം ആവശ്യപ്പെട്ടപ്പോഴൊക്കെയും അതും സത്യപ്രബോധനത്തിലൂന്നിക്കൊണ്ടാണ് നിർവഹിച്ചത്.

ഇൗജിപ്തിലെ ഇസ്രായേല്യരുടേതിനെക്കാൾ ഒട്ടും കൂടുതലല്ല ഇന്ത്യൻ മുസ്ലിംകൾ അനുഭവിക്കുന്ന വംശീയാതിക്രമങ്ങളും ഭരണകൂട ഭീകരതയും. അതോടൊപ്പം രാജ്യ നിവാസികളിൽ എൺപത് ശതമാനത്തിലേറെ മുസ്ലിംകളല്ലാത്തവരാണ്. അവർ ഇസ്ലാമിനെ സംബന്ധിച്ച് തീർത്തും അജ്ഞരാണ്. എന്നല്ല, മഹാഭൂരിപക്ഷവും ഗുരുതരമായ തെറ്റിദ്ധാരണ വെച്ചുപുലർത്തുന്നവരുമാണ്. അതിനാൽ വിശുദ്ധ ഖുർആനും പ്രവാചകചര്യയും അടിസ്ഥാന പ്രമാണങ്ങളായി അംഗീകരിക്കുന്ന ഇസ്ലാമിക സമൂഹത്തിന് ഇന്ത്യയിൽ നിർവഹിക്കാനുള്ള പ്രഥമവും പ്രധാനവുമായ ചുമതല ഇസ്ലാമിക പ്രബോധനമാണ്. വിശുദ്ധ ഖുർആൻ സംബോധന ചെയ്യുന്നത് മനുഷ്യരെയാണ്. അതോടൊപ്പം ഇസ്ലാമിക സമൂഹത്തെ അല്ലാഹു നിയോഗിച്ചത് മുഴുവൻ മനുഷ്യർക്കും വേണ്ടിയാണ്.

അല്ലാഹു പറയുന്നു: “”മനുഷ്യ സമൂഹത്തിനായി ഉയിരെടുത്ത ഉത്തമ സമുദായമാണ് നിങ്ങൾ. നിങ്ങൾ നന്മ കൽപ്പിക്കുന്നു. തിന്മ തടയുന്നു. അല്ലാഹുവിൽ വിശ്വസിക്കുന്നു.” (3:110)

സന്മാർഗം സ്വീകരിക്കുന്നവർക്ക് സ്വർഗത്തെ സംബന്ധിച്ച് ശുഭവാർത്ത അറിയിക്കുകയും സത്യനിഷേധികൾക്ക് നരകശിക്ഷ ഉണ്ടെന്ന് താക്കീത് നൽകുകയും ചെയ്യേണ്ട ഉത്തരവാദിത്തമാണ് പ്രവാചകന്മാരിൽ അർപ്പിതമായിരുന്നത്. അവർ നിർവഹിച്ചതും അതു തന്നെ.
അല്ലാഹു പറയുന്നു :”ഇവരൊക്കെയും ശുഭവാർത്ത അറിയിക്കുന്നവരും മുന്നറിയിപ്പു നൽകുന്നവരുമായ ദൈവദൂതന്മാരായിരുന്നു. അവരുടെ നിയോഗ ശേഷം ജനങ്ങൾക്ക് അല്ലാഹുവിനെതിരെ ഒരു ന്യായവും പറയാൻ ഇല്ലാതാക്കാനാണിത്.(4:165)

അന്ത്യപ്രവാചകനെ സംബോധന ചെയ്ത് അല്ലാഹു പറയുന്നു: “”നിസ്സംശയം, നിന്നെ നാം സത്യസന്ദേശവുമായാണ് അയച്ചത്. ശുഭവാർത്ത അറിയിക്കുന്നവനും മുന്നറിയിപ്പ് നൽകുന്നവനുമായി. നരകാവകാശികളെപ്പറ്റി നിന്നോടു ചോദിക്കുകയുമില്ല.”(2:119)

അന്ത്യപ്രവാചകന് ശേഷം ഇൗ ബാധ്യത നിർവഹിക്കാനാണ് അല്ലാഹു ഇസ്ലാമിക സമൂഹത്തെ നിയോഗിച്ചത്. അവരെ ചുമതലപ്പെടുത്തിയതും അതുതന്നെ. അതിനാലാണ് പ്രവാചകൻ തന്റെ വിടവാങ്ങൽ പ്രസംഗത്തിൽ അന്ത്യോപദേശമായി ഇസ്ലാമിക സമുദായത്തെ ഇതേ കാര്യം ചുമതലപ്പെടുത്തിയത്. ഭൂമിയിൽ മനുഷ്യന് നിർവഹിക്കാനുള്ള ഏറ്റവും പുണ്യകരമായ കാര്യവും ഇസ്ലാമിക പ്രബോധനം തന്നെ. “”അല്ലാഹുവിങ്കലേക്ക് ക്ഷണിക്കുകയും സൽക്കർമങ്ങൾ പ്രവർത്തിക്കുകയും “ഞാൻ മുസ്ലിംകളിൽപെട്ടവനാണെ’ന്ന് പ്രഖ്യാപിക്കുകയും ചെയ്തവനേക്കാൾ നല്ല വചനം മൊഴിഞ്ഞ ആരുണ്ട്?” (41:33)

ഇന്ത്യയിലേത് പോലുള്ള സാഹചര്യത്തിൽ ഇൗ ഉത്തരവാദിത്ത നിർവഹണത്തിന് പ്രബോധിതരുമായി ഉറ്റ സൗഹൃദവും സഹോദര്യ ബന്ധവും സ്ഥാപിച്ചെടുക്കുകയും അവർക്ക് ഇസ്ലാമിനെ അനുഭവിച്ചറിയാൻ കഴിയുമാറ് അവരോട് ചേർന്ന് നിൽക്കുകയും ചെയ്യേണ്ടതുണ്ട്. ഇതിനും ജമാഅത്തെ ഇസ്ലാമി മുഖ്യമായ പരിഗണ നൽകിയിരിക്കുന്നു. വിശുദ്ധ ഖുർആനും പ്രവാചക ചര്യയും പ്രമാണമായി അംഗീകരിക്കുന്ന ആർക്കും മറ്റൊരു നിലപാട് സ്വീകരിക്കാൻ സാധ്യമല്ല.

മൂസാ നബി അവസാന സമയം വരെ ആശയവിനിമയത്തിനുള്ള സാധ്യതയും സൗഹൃദവും ഫറവോനും അയാളുടെ കിങ്കരന്മാരുമായും നിലനിർത്തിയിരുന്നു. നീണ്ട വർഷങ്ങൾ അവരോട് വിവിധ രൂപേണ ഇസ്ലാമിക പ്രബോധനം നടത്തിയിരുന്നു. അല്ലാഹു നിർദ്ദേശിച്ച പോലെ അതിനു സ്വീകരിച്ച സമീപനം തീർത്തും സൗഹൃദപരവും ഭാഷാ ശൈലി സൗമ്യവുമായിരുന്നു. ഇതുതന്നെയാണ് ഇന്ത്യൻ മുസ്ലിംകളും സ്വീകരിക്കേണ്ട സമീപനം. ( തുടരും )

Related Articles