Current Date

Search
Close this search box.
Search
Close this search box.

അഹങ്കാരത്തിന്റെ കൊടുമുടിയിൽ നിന്ന് അപമാനത്തിനൻറെ ആഴങ്ങളിലേക്ക്

കാലത്തിൻറെ കണ്ണുകളിലൂടെ സൂക്ഷിച്ച് നോക്കുന്നവർക്ക് നംറൂദിന്റെ പരസ്പര ഭിന്നമായ രണ്ടു ചിത്രങ്ങൾ തെളിഞ്ഞ് കാണാം. താനാണ് ജീവിപ്പിക്കുന്നതും മരിപ്പിക്കുന്നതുമെന്ന് വാദിച്ച് അഹങ്കരിച്ച ദൈവധിക്കാരിയായ ഭരണാധികാരി, കടുത്ത ഏകാധിപതി, അക്രമ മർദ്ദനങ്ങളുടെ ആൾ രൂപം; അതൊക്കെയായിരുന്നു നംറൂദ്.

അടിമ സമാനമായ ജീവിതം നയിച്ചിരുന്ന അദ്ദേഹത്തിൻറെ നാട്ടുകാർ അയാളുടെ ആജ്ഞാനിർദ്ദേശമനുസരിച്ച് വലിയ ഒരഗ്നി കുണ്ഡം തയ്യാറാക്കി. അത് ആളിക്കത്തവേ ഇബ്രാഹീം നബിയെ അതിലേക്കിറിയാൻ അയാൾ കല്പിച്ചു. അപ്പോൾ നംറൂദിന്റെ മുഖഭാവം എങ്ങനെയുണ്ടെന്ന് സൂക്ഷിച്ചു നോക്കൂ. തന്നെ ധിക്കരിച്ച ഇബ്രാഹീം പ്രവാചകൻ നിമിഷനേരം കൊണ്ട് ചാരമാകുമെന്ന പ്രതീക്ഷയിലായിലാണ് അയാൾ. അതിൻറെ എല്ലാ അടയാളങ്ങളും ആ മുഖത്ത് തെളിഞ്ഞ് കാണാം. തന്നെ അനുസരിക്കാത്തവർക്ക് എന്താണ് സംഭവിക്കുകയെന്ന് താനിപ്പോൾ കാണിച്ചുതരാം എന്ന അഹന്ത ഹാവഭാവങ്ങളിൽ പ്രകടമാണ്. കടുത്ത ധിക്കാരത്തിന്റെയും കൊടിയ നിഷേധത്തിന്റെയും രൂക്ഷവും രൗദ്രവുമായ രാക്ഷസീയത ആ മുഖത്ത് നിറഞ്ഞ് നിന്നു. അങ്ങനെ അട്ടഹസിച്ചും പരിഹസിച്ചും പൊട്ടിച്ചിരിച്ചും കൂക്കി വിളിച്ചും അവർ ഇബ്രാഹീം പ്രവാചകനെ ആളിക്കത്തുന്ന തീ കുണ്ഠത്തിലേക്കെറിഞ്ഞു. അഗ്നി ജ്വാലകൾ അദ്ദേഹത്തെ വിഴുങ്ങുന്നത് പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു അവർ.

എന്നാൽ നിമിഷ നേരം കൊണ്ട് എല്ലാം തകിടം മറിയുകയായിരുന്നു. ഇബ്രാഹീം പ്രവാചകനും അദ്ദേഹം പ്രതിധാനം ചെയ്ത ആദർശവും ഇപ്പോൾ ചാരമാകുമെന്ന നംറൂദിന്റെയും കിങ്കരൻമാരുടെയും പ്രതീക്ഷകളാണ് വെണ്ണീറായി മാറിയത്. അല്ലാഹുവിൻറെ പ്രത്യേക ഇടപെടൽ കാരണമായി ഇബ്രാഹിം നബി അഗ്നികുണ്ഡത്തിൽ നിന്ന് പുഞ്ചിരി തൂകി പുറത്ത് വന്നു.

ഇപ്പോൾ നിങ്ങൾ നംറൂദിന്റെ മുഖത്തേക്കൊന്നു ശ്രദ്ധിച്ച് നോക്കൂ. സമാനതകളില്ലാത്ത നിന്ദ്യതയും പറയാനാവാത്ത പതിത്വവും അതിരിടാനാവാത്ത അപമാന വികാരവും താങ്ങാനാവാത്ത ദുഃഖ ഭാരവും ഏവർക്കുമവിടെ പ്രകടമായി കാണാം. നാടും നാട്ടുകാരും തന്റെ കാൽ ചുവട്ടിലാണെന്ന് കരുതുന്ന ഒരേകാധിപതിക്ക് ഇതിനെക്കാൾ വലിയ എന്തപമാനമാണ് വരാനുള്ളത്!

മറുഭാഗത്ത് ഇബ്രാഹീം നബി എല്ലാ പരീക്ഷങ്ങളെയും ദൈവവിധിയിൽ വിശ്വാസമർപ്പിച്ച് തികഞ്ഞ സംതൃപ്തിയോടെ അഭിമുഖീകരിച്ചു. പടച്ചവനിൽ പ്രതീക്ഷയർപ്പിച്ച് പ്രസന്ന വദനനായി എല്ലാം ഏറ്റുവാങ്ങി. അവയിലെല്ലാം വിസ്മയകരമായ വിജയം വരിക്കുകയും ചെയ്തു. അദ്ദേഹത്തിന് ഒരിക്കൽ പോലും ദുഃഖിക്കുയോ ഖേദിക്കുകയോ വേണ്ടി വന്നില്ല. അപജയമോ അപമാനമോ അദ്ദേഹത്തെ തേടിയെത്തിയില്ല. അതുകൊണ്ട് തന്നെ അദ്ദേഹം സദാ നിറഞ്ഞ സംതൃപ്തിയും തികഞ്ഞ സന്തോഷവും അനുഭവിച്ചു. ചരിത്രത്തിൽ സമാനതകളില്ലാത്ത ഇടം നേടുകയും ചെയ്തു.

വിശുദ്ധ ഖുർആനിലൂടെ അല്ലാഹുവിൻറെ പ്രശംസക്കും നല്ല വാക്കുകൾക്കും ഏറ്റവും കൂടുതൽ അർഹനായത് അദ്ദേഹമാണ്. അല്ലാഹു ഇബ്രാഹീം പ്രവാചകനെ തന്റെ കൂട്ടുകാരനെന്ന് വിശേഷിപ്പിച്ചു. ഒരു വ്യക്തിയല്ല; സമുദായമാണെന്ന് പ്രഖ്യാപിച്ചു. അങ്ങേയറ്റം ദയാലു, ക്ഷമാശീലൻ, സച്ചരിതൻ, ജനനായകൻ, പശ്ചാതപിക്കുന്നവൻ, ദൃഢവിശ്വാസി, ഋജു മാനസൻ തുടങ്ങിയ നിരവധി അപദാനങ്ങൾ നൽകി ആദരിച്ചു. അദ്ദേഹം ജനശൂന്യമായ മക്കാ താഴ് വരയിൽ വെച്ച് നടത്തിയ ഹജ്ജിനുള്ള വിളംബരം അല്ലാഹു നൂറ്റാണ്ടുകളിലൂടെ തലമുറ തലമുറകളായി ജനകോടികളെ കേൾപ്പിച്ചു. ലോകാന്ത്യം വരെയുള്ള ജന കോടികൾ എന്നും ആ വിളി കേട്ടും ആ ക്ഷണം സ്വീകരിച്ചും മക്കയിലെത്തുക തന്നെ ചെയ്യും.

നംറൂദോ ചരിത്രത്തിൽ അഭിശപ്തനായി ജനകോടികളുടെ ശാപ ശകാരങ്ങൾ ഏറ്റുവാങ്ങിക്കൊണ്ടേയിരിക്കുന്നു.
വിശ്വാസം വിജയത്തിനും സന്തോഷത്തിനും വഴിയൊരുക്കുമ്പോൾ സത്യനിഷേധം മനുഷ്യരെ അപമാനത്തിലേക്കും നിത്യ നാശത്തിലേക്കും തീരാ നഷ്ടത്തിലേക്കും തള്ളിവിടുന്നു. പരലോകത്ത് മാത്രമല്ല; ഈ ലോകത്തും.

???? കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/E0i3pHf7tQV46Y5jpKdwCE

Related Articles