Current Date

Search
Close this search box.
Search
Close this search box.

പ്രവാചകന് ഒമ്പതും അനുയായികൾക്ക് നാലും

പ്രവാചകൻ പരലോകം പ്രാപിക്കുമ്പോൾ ഒമ്പത് ഭാര്യമാരുണ്ടായിരുന്നു. എന്നാൽ അനുയായികൾക്ക് ഒരേസമയം നാലിൽ കൂടുതൽ ഭാര്യമാരെ കൂടെ നിർത്താൻ പാടില്ല. ഇത് അനീതിയും വിവേചനവുമാണെന്നും പ്രവാചകന് പ്രത്യേക അവകാശം നൽകുകയാണ് ഇതിലൂടെ ചെയ്തതെന്നും വിമർശകന്മാർ പ്രചരിപ്പിക്കുന്നു.

നേരത്തെ വിശദീകരിച്ച പ്രവാചകന്റെ വിവാഹങ്ങൾ പരിശോധിച്ചാൽ പ്രവാചകന് പ്രത്യേക അവകാശങ്ങൾ നൽകുകയല്ല; മറിച്ച്, വമ്പിച്ച ബാധ്യതകൾ ഏല്പിക്കുകയാണ് ചെയ്തതെന്ന് ഏവർക്കും ബോധ്യമാകും.

നബിതിരുമേനിയുടെ നിയോഗ കാലത്ത് അറേബ്യൻ സമൂഹത്തിൽ ബഹുഭാര്യത്വം സർവസാധാരണമായിരുന്നു. ഗോത്രത്തലവന്മാർക്കും നേതാക്കൾക്കും നിരവധി ഭാര്യമാരുണ്ടായിരുന്നു. പ്രവാചക ശിഷ്യന്മാരിൽ പ്രമുഖരായ ഖൈലാനുസ്സഖഫിക്ക് പത്തും ഹാരിസ് ബ്നു ഖൈസിന് എട്ടും ഭാര്യമാരുണ്ടായിരുന്നു. അവർ ഇസ്ലാം സ്വീകരിച്ച ശേഷവും ഇതിൽ മാറ്റം വന്നിരുന്നില്ല. എന്നാൽ ഇസ്ലാം ബഹുഭാര്യത്വത്തിന് കണിശമായ നിബന്ധനകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തുകയും ഭാര്യമാരുടെ എണ്ണം പരമാവധി നാലിൽ പരിമിതപ്പെടുത്തുകയും ചെയ്തു. അതോടെ നാലിൽ കൂടുതലുള്ളവരെ വിവാഹമോചനം നടത്താൻ പ്രവാചകൻ അനുയായികളോട് ആവശ്യപ്പെട്ടു. അങ്ങനെ വിവാഹമോചിതരായവരുടെ പുനർവിവാഹം കാലതാമസമോ പ്രയാസമോ ഇല്ലാതെ അനായാസം നടത്തപ്പെട്ടു. എന്നാൽ നബിതിരുമേനി തന്റെ ഭാര്യമാരിലാരെയും വിവാഹമോചനം ചെയ്തില്ല.

എന്തുകൊണ്ട്? പ്രവാചക പത്നിമാർ വിശ്വാസികളുടെ മാതാക്കളായാണ് കണക്കാക്കപ്പെടുന്നത്. അവരെ നബിതിരുമേനിയുടെ കാലശേഷവും മറ്റാർക്കും വിവാഹം ചെയ്യാൻ അനുവാദമുണ്ടായിരുന്നില്ല. ഖുർആൻ പറയുന്നു: “”അല്ലാഹുവിന്റെ ദൂതനെ ശല്യപ്പെടുത്തുന്നത് നിങ്ങൾക്ക് ഒരിക്കലും ഹിതകരമല്ല. അദ്ദേഹത്തിനുശേഷം അദ്ദേഹത്തിന്റെ ഭാര്യമാരെ നിങ്ങൾ വിവാഹം കഴിക്കുന്നതും അനുവദനീയമല്ല. അത് അല്ലാഹുവിങ്കൽ ഗുരുതരമായ കുറ്റമാണ്.” (33: 53)

അതിനാൽ പ്രവാചകന്റെ പത്നിമാരിൽ നാലു പേരെ മാത്രം കൂടെ നിർത്തി മറ്റുള്ളവരെ ഒഴിവാക്കുകയാണെങ്കിൽ അവർ അഞ്ചുപേരും ജീവിതകാലം മുഴുവൻ ഭർത്താവില്ലാതെ നിത്യ വിധവകളായി കഴിയേണ്ടിവരുമായിരുന്നു. മറ്റുള്ളവരുടെ ഭാര്യമാർ വിവാഹ മോചിതരായാൽ അനായാസം പുനർവിവാഹം ചെയ്യപ്പെടുമായിരുന്നു.

പ്രവാചകൻ സമൂഹത്തിൽ മറ്റാരെപ്പോലെയുമായിരുന്നില്ല. നേതാവും ഭരണാധികാരിയും സുസമ്മതനും സമാദരണീയനുമായിരുന്നതോടൊപ്പം അല്ലാഹുവിന്റെ അന്ത്യ ദൂതനും ലോകാവസാനം വരെയുള്ള മുഴുവൻ മനുഷ്യർക്കും ഉൽകൃഷ്ട മാതൃകയുമാണ്. അതോടൊപ്പം അല്ലാഹുവിന് ഏറെ പ്രിയപ്പെട്ടവനും.

അത്തരത്തിലുള്ള ഒരാൾ ഒമ്പത് ഭാര്യമാരിൽ നാലു പേരെ മാത്രം നിലനിർത്തി ബാക്കിയുള്ളവരെ ഒഴിവാക്കിയാൽ വിവാഹമോചനം ചെയ്യപ്പെടുന്ന അഞ്ചുപേർ അനുഭവിക്കുന്ന ആഘാതവും മനോവ്യഥയും സങ്കടവും സങ്കൽപിക്കുക പോലും സാധ്യമല്ല. അല്ലാഹുവിന്റെ ദൂതൻ ഉപേക്ഷിച്ച സ്ത്രീയെന്ന ചീത്തപ്പേര് ഏതൊരാൾക്കും താങ്ങാവുന്നതിലുമപ്പുറമാണ്. അത്തരമൊരവസ്ഥ അവർക്ക് ഉണ്ടാവാതിരിക്കേണ്ടത് അനിവാര്യവുമാണല്ലോ. അതിനാലാണ് അവരിലാരെയും വിവാഹമോചനം ചെയ്യാതിരുന്നത്.

പിന്നീട് പ്രവാചകനും വിവാഹത്തിൽ വ്യക്തമായ നിയന്ത്രണമുണ്ടായിരുന്നു. പുതിയ വിവാഹം നടത്തുന്നത് തീർത്തും വിലക്കപ്പെട്ടിരുന്നു. എന്നല്ല; മറ്റുള്ളവർക്ക് നിലവിലുള്ള നാലു ഭാര്യമാരിൽ ആരെയെങ്കിലും അനിവാര്യമായ കാരണങ്ങളാൽ വിവാഹമോചനം ചെയ്യേണ്ടി വരികയാണെങ്കിൽ അതിനെ തുടർന്ന് പുതിയ വിവാഹം നടത്താൻ അനുവാദമുണ്ടായിരുന്നു. എന്നാൽ നബിതിരുമേനിക്ക് ഒമ്പത് പേരിൽ ആരെയെങ്കിലും ഒഴിവാക്കി മറ്റൊരാളെ സ്വീകരിക്കാൻ അനുവാദമുണ്ടായിരുന്നില്ല. അല്ലാഹു പറയുന്നു: “”നബിയേ, ഇതിനു ശേഷം മറ്റ് സ്ത്രീകൾ താങ്കൾക്ക് അനുവദനീയരാകുന്നതല്ല. ഇവർക്കു പകരം മറ്റു ഭാര്യമാരെ സ്വീകരിക്കാനും പാടില്ല. അവരിലെ നന്മ താങ്കളിൽ എത്ര തന്നെ കൗതുകമുണർത്തിയാലും ശരി.” (33: 52)

പ്രവാചക പത്നിമാർക്ക് പത്നീപദത്തിൽ തുടരുകയോ പിരിയുകയോ ചെയ്യാൻ അനുവാദം നൽകുകയും പ്രവാചകന്റെ വിയോഗാനന്തരം അവരെ മറ്റാരും വിവാഹം ചെയ്യരുതെന്ന കല്പന ഉണ്ടാവുകയും ചെയ്ത ശേഷമാണ് ഇൗ വിശുദ്ധ സൂക്തം അവതീർണമായത്.

പ്രവാചകന് നിലവിലുണ്ടായിരുന്ന ഭാര്യമാരെ കൂടെനിർത്താൻ അനുവാദം നൽകപ്പെട്ടിരുന്നുവെങ്കിലും അനുയായികൾക്കില്ലാത്ത നിബന്ധനകൾക്കും നിയന്ത്രണങ്ങൾക്കും അദ്ദേഹം വിധേയനായിരുന്നുവെന്നാണല്ലോ ഇൗ വസ്തുത വ്യക്തമാക്കുന്നത്.

ഒമ്പത് ഭാര്യമാരെ കൂടെ നിൽക്കാൻ അനുവാദം ലഭിച്ചുവെന്നത് പ്രത്യേക അവകാശമെന്നതിനേക്കാൾ വലിയ ഉത്തരവാദിത്തവും ബാധ്യതയുമായിരുന്നുവെന്നതാണ് വസ്തുത. പ്രവാചകൻ അവരെ വിവാഹം കഴിച്ചതും കൂടെ നിർത്തിയതും ആസ്വാദനാർഥമായിരുന്നില്ല; അവരുടെ സംരക്ഷണാർഥമായിരുന്നുവെന്ന് നേരത്തെ വിശദീകരിച്ചതാണല്ലോ.

Related Articles