Current Date

Search
Close this search box.
Search
Close this search box.

ഈജിപ്തിലെ ഇസ്രായേല്യരും ഇന്ത്യൻ മുസ്ലിംകളും

1947 ജൂലൈ 13 ന് ഡൽഹിയിലെ വെസ്റ്റേൺ കോർട്ടിൽ ചേർന്ന മുസ്ലിം ലീഗ് പാർലമെന്ററി പാർട്ടി യോഗം മുഹമ്മദലി ജിന്നക്ക് പകരം ഖലീഖുസ്സമാനെ പുതിയ നേതാവായി തെരഞ്ഞെടുത്തു. ജൂലൈ 27 ന് കോൺസ്റ്റിറ്റ്യൂവന്റ് അസംബ്ലിയിൽ സ്വതന്ത്ര ഇന്ത്യയുടെ ദേശീയ പതാകയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു അവതരിപ്പിച്ച പ്രമേയത്തെ പിന്താങ്ങി ഖലീഖുസ്സമാൻ നടത്തിയ പ്രസംഗം ഏറെ ശ്രദ്ധേയവും പ്രൗഢവും എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റുന്നതുമായിരുന്നു. അതുകൊണ്ടുതന്നെ ജവഹർലാൽ നെഹ്റു അദ്ദേഹത്തിന്റെ അടുത്ത് ചെന്ന് സന്തോഷപൂർവം അഭിനന്ദിച്ചു. അപ്രകാരം തന്നെ 1947 ആഗസ്റ്റ് 14ന് അർധരാത്രി പാർലമെന്റ് സെൻട്രൽ ഹാളിൽ ഡോക്ടർ രാജേന്ദ്ര പ്രസാദിന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ ജവഹർലാൽനെഹ്റു അവതരിപ്പിച്ച സ്വാതന്ത്ര്യ പ്രമേയത്തെ പിന്താങ്ങി നാലാമതായി പ്രസംഗിച്ചത് ഖലീഖുസ്സമാനാണ്. ജവഹർലാൽ നെഹ്റുവും രാജേന്ദ്രപ്രസാദും ഡോക്ടർ എസ്. രാധാകൃഷ്ണനുമാണ് അദ്ദേഹത്തിന് മുമ്പേ സംസാരിച്ചത്. അതും ഏവരുടെയും പ്രശംസ പിടിച്ചു പറ്റിയ ശ്രദ്ധേയമായ പ്രഭാഷണമായിരുന്നു. അങ്ങനെ ഖലീഖുസ്സമാൻ ഇന്ത്യയിൽ അവശേഷിക്കുന്ന നാലുകോടി മുസ്ലിംകളിൽ വലിയ പ്രതീക്ഷയുണർത്തി.

എന്നാൽ വിഭജനം വിവരണാതീതമായ ദുരന്തങ്ങൾക്ക് വഴിവെക്കുകയായിരുന്നു. പഞ്ചാബിലും ബംഗാളിലും മാത്രം ഹിന്ദുക്കളും മുസ്ലിംകളും സിഖുകാരുമായ ലക്ഷക്കണക്കിന് നിരപരാധികൾ ക്രൂരമായി കൊല്ലപ്പെട്ടു. ലക്ഷക്കണക്കിനാളുകൾ ഇരു നാടുകളിൽ നിന്നും എല്ലാം ഉപേക്ഷിച്ച് പലായനം ചെയ്തു. ആറ് ലക്ഷം പേരെങ്കിലും ഇരുപക്ഷത്തുമായി വധിക്കപ്പെട്ടു. അന്നത്തെ അവസ്ഥ ഖലീഖുസ്സമാൻ തന്നെ വിശദീകരിക്കുന്നു:
“1947 ആഗസ്റ്റ്-സെപ്തംബർ മാസങ്ങൾ ഇന്ത്യാചരിത്രത്തിലെ കറുത്തിരുണ്ട കാലമായിരുന്നു. വിവരിക്കാനാവാത്ത ദുരിതങ്ങൾ സഹിച്ച് മനുഷ്യന് ജീവിതം തന്നെ ഭാരമായി മാറിയ കാലം. അയൽവാസികൾ അയൽവാസികളെ കൊല്ലുന്നു, സുഹൃത്തുക്കൾ സുഹൃത്തുക്കളെയും. മനുഷ്യജീവന് ഒട്ടും വിലയില്ലാത്ത നാളുകൾ. തലമുറകളായി ജനങ്ങൾ താമസിച്ചിരുന്ന പ്രദേശങ്ങൾ ജനവാസമില്ലാതെ തരിശ് നിലങ്ങളായി മാറി. നഗരങ്ങളുടെയും പട്ടണങ്ങളുടെയും രൂപം തന്നെ മാറി. രാത്രിക്ക് രാത്രി ആളുകളും സ്വത്തുക്കളും മാറിപ്പോയി. പഴയ മുഖങ്ങൾ എന്നെന്നേക്കുമായി അപ്രത്യക്ഷമായി. ഉത്തരേന്ത്യ ഒരു നെരിപ്പോട് പോലെ തിളച്ചു വറ്റി. ഇന്ത്യാ ചരിത്രത്തിലെ ഇൗ കരാള നാളുകളിലാണ് ഇന്ത്യൻ മുസ്ലിംകളുടെ നേതാവായി ഞാൻ തെരഞ്ഞെടുക്കപ്പെട്ടത്. സപ്തനാഡികളും തളർത്തിക്കളഞ്ഞ വല്ലാത്തൊരു അനുഭവമായിരുന്നു അത്. ഇതിന്റെ മാനസികാഘാതത്തിലും പിരിമുറുക്കത്തിലും പെട്ട് ദിവസങ്ങളോളം ഞാൻ കിടപ്പിലായി. അങ്ങനെ സ്വാതന്ത്ര്യത്തിന്റെ സകല സൗന്ദര്യവും വിഭജനത്തിന്റെ കെടുതികൾ കെടുത്തിക്കളഞ്ഞു.”

വിഭജനം സൃഷ്ടിച്ച വിവരണാതീതമായ ദുരന്തങ്ങൾക്കും ദുരിതങ്ങൾക്കും സാക്ഷിയാകേണ്ടി വന്ന നിർഭാഗ്യവാന്മാരല്ല നമ്മൾ. എന്നിട്ടും ഏഴര പതിറ്റാണ്ടുകൾക്ക് ശേഷമിന്നും സഹൃദയർക്കാർക്കും കണ്ണ് നനയാതെ അവയെക്കുറിച്ച് വായിക്കാനോ കേൾക്കാനോ പോലും സാധ്യമല്ല. അത്രമേൽ ചോരയിൽ മുങ്ങിയതും കണ്ണീരിൽ കുതിർന്നതുമായിരുന്നുവല്ലോ വിഭജനം.

ഇന്ത്യൻ മുസ്ലിംകൾ തെരുവുകളിൽ ചതച്ചരക്കപ്പെട്ടു കൊണ്ടിരുന്ന ഇൗ ദുരിത നാളുകളിലാണ് ഖലീഖുസ്സമാൻ ഗാന്ധിജിയെ ചെന്ന് കാണുന്നത്. ഗാന്ധിജി അദ്ദേഹത്തെ സ്നേഹപൂർവം സ്വീകരിച്ചു. ഗാഢമായി ആശ്ലേഷിച്ചു. മുസ്ലിംകളുടെ ജീവനു വേണ്ടി നിലകൊണ്ടതിന്റെ പേരിൽ സ്വന്തം മകൻ രാംദാസ് പോലും ഗാന്ധിജിയെ രൂക്ഷമായി ആക്ഷേപിക്കുകയും ശകാരിക്കുകയും ചെയ്ത കാലമായിരുന്നു അത്. ഇത്തരമൊരു സാഹചര്യത്തിൽ ഗാന്ധിജി എന്താണ് ചെയ്യാൻ ഉദ്ദേശിക്കുന്നതെന്ന് ഖലീഖുസ്സമാൻചോദിച്ചു. “”എന്റെ ജീവൻ നൽകിയും പൊരുതാൻ തന്നെയാണ് ഞാൻ ആഗ്രഹിക്കുന്നത്. ഇന്ത്യൻ തെരുവീഥികളിൽ മുസ്ലിംകളെ കിടന്ന് നരങ്ങാൻ ഞാനനുവദിക്കില്ല. അവർ ആത്മാഭിമാനത്തോടെ തന്നെ നടക്കണം.” ഇത് കേട്ട് ഖലീഖുസ്സമാൻ പറഞ്ഞു: “”ഗാന്ധിജീ, ഇത് അങ്ങേയറ്റം ഹൃദയസ്പർശിയാണ്. മഹത്തായ ഇൗ ദൗത്യനിർവഹണത്തിൽ ഞാൻ എന്ത് സേവനമാണ് ചെയ്യേണ്ടതെന്ന് അങ്ങ് പറഞ്ഞ് തന്നാലും.”

അപ്പോൾ ഗാന്ധിജി അദ്ദേഹത്തോട് പാകിസ്ഥാനിൽ പോയി മുഹമ്മദലി ജിന്നയോട് ഹിന്ദുക്കൾ പാകിസ്ഥാൻ വിടാതിരിക്കാൻ ആവശ്യമായ സമീപനം സ്വീകരിക്കണമെന്ന് അഭ്യർഥിക്കാൻ ആവശ്യപ്പെട്ടു. ഖലീഖുസ്സമാൻ അതംഗീകരിച്ച് പാകിസ്ഥാനിലേക്ക് പോയി ജിന്നയെ കണ്ടു. എന്നാൽ നേരത്തെ തന്നെ അനാഥമായ ഇന്ത്യൻ മുസ്ലിംകളെ കൂടുതൽ നിരാശരും അനാഥരുമാക്കി അദ്ദേഹം അവിടെത്തന്നെ നിന്നു. ഇന്ത്യയിലേക്ക് മടങ്ങി വന്നില്ല. ജിന്നയുടെ മരണ ശേഷം പാക്കിസ്ഥാൻ മുസ്ലിം ലീഗിന്റെ പ്രഥമ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം കിഴക്കൻ പാകിസ്ഥാൻ ഗവർണറായും ഇന്തോനേഷ്യയിലെയും ഫിലിപ്പീൻസിലെയും പാക്കിസ്ഥാൻ അംബാസഡറായും ജോലി ചെയ്തു.

വിഭജനം ഉപഭൂഖണ്ഡത്തിലെ മുസ്ലിംകൾക്ക് പൊതുവിലും ഇന്ത്യൻ മുസ്ലിംകൾക്ക് പ്രത്യേകിച്ചും വരുത്തിയ വിപത്തുകളെക്കുറിച്ച് ഖലീഖുസ്സമാൻ തികഞ്ഞ ബോധവാനായിരുന്നു. അദ്ദേഹം അതേക്കുറിച്ച് തന്റെ “പാക്കിസ്ഥാനിലേക്കുള്ള പാത’ (Pathway to Pakistan) യിലെഴുതിയിട്ടുമുണ്ട്. എന്നിട്ടും ഇന്ത്യൻ മുസ്ലിംകളോട് നീതി കാണിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല.

അദ്ദേഹത്തിന്റെ അഭാവത്തിൽ കോൺസ്റ്റിറ്റ്യൂവന്റ് അസംബ്ലിയിലെ മുസ്ലിംലീഗ് പാർലമെന്ററി പാർട്ടി പിരിച്ചുവിടപ്പെട്ടു. ബംഗാളിലെ അനിഷേധ്യ നേതാവും അവിടത്തെ മുൻ പ്രധാനമന്ത്രിയുമായിരുന്ന ഹുസൈൻ ഷഹീദ് സുഹ്റവർദിയും നാടുവിട്ട് പാകിസ്ഥാനിലേക്ക് പോയി. മുസ്ലിംലീഗ് പിരിച്ചു വിടണമെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. മറ്റ് ലീഗ് നേതാക്കളുടെ അഭിപ്രായവും വ്യത്യസ്തമായിരുന്നില്ല. അവർ മുസ്ലിംലീഗിന്റെ പല സംസ്ഥാന കമ്മിറ്റികളും പിരിച്ചുവിട്ടു. അതുകൊണ്ടുതന്നെ 1948 മാർച്ച് പത്തിന് മുഹമ്മദ് ഇസ്മായിൽ സാഹിബ് മുസ്ലിം ലീഗ് പാർലമെന്ററി പാർട്ടി രൂപീകരിക്കാനായി മദ്രാസിൽ വിളിച്ചുചേർത്ത യോഗത്തിൽ ആകെയുണ്ടായിരുന്ന 147 കൗൺസിലർമാരിൽ 30 പേരാണ് പങ്കെടുത്തത്. വടക്ക് നിന്ന് ആരും പങ്കെടുത്തില്ല.

വിഭജനത്തെ തുടർന്ന് ഇന്ത്യൻ മുസ്ലിംകളനുഭവിച്ച ദുരവസ്ഥ എത്രമേൽ കഠിനമായിരുന്നുവെന്ന് ഇതിൽനിന്നെല്ലാം ഉൗഹിക്കാവുന്നതേയുള്ളൂ. അവർ കടുത്ത അനാഥത്വത്തിനും അരക്ഷിതാവസ്ഥക്കും അപമാനത്തിനും ആത്മനിന്ദക്കും കൊടിയ ഭയാശങ്കകൾക്കും അടിപ്പെട്ടു. അവരുടെ ജീവനും സ്വത്തിനും ഒട്ടും വിലയില്ലാതായി. ആർക്കും അവരെ എന്തും ചെയ്യാമെന്നായി. ഇതെല്ലാമുണ്ടാക്കിയ കടുത്ത ഭയാശങ്കകൾ കാരണമായി പതിനായിരങ്ങൾ ഇസ്ലാം ഉപേക്ഷിച്ച് മതപരിത്യാഗികളായി.
വർഗീയതയും വംശീയതയും ജാതീയതയും ഹിംസരൂപം പ്രാപിച്ച് താണ്ഡവമാടിയ ഇൗ കരാള നാളുകളിൽ സാഹചര്യത്തിന്റെ സമ്മർദഫലമായി സമുദായത്തിലെ ഭൂരിപക്ഷവും സങ്കുചിത സാമുദായികതക്കടിപ്പെട്ടു. ഭൗതിക മാനദണ്ഡമനുസരിച്ചാണ് അവർ കാര്യങ്ങളെ നോക്കിക്കണ്ടത്. സൂക്ഷ്മ വിശകലനത്തിൽ ഭൗതികമായും നഷ്ടം വരുത്തുന്നതാണ് സങ്കുചിത സാമുദായികത.

അപ്പോഴും ഇസ്ലാമിക പ്രസ്ഥാനവും ഇസ്ലാമിക പണ്ഡിതന്മാരും ചിന്തകന്മാരും ആദർശാധിഷ്ഠിതവും പ്രാമാണികവും പക്വവുമായ സമീപനമാണ് സ്വീകരിച്ചത്. വർഗീയതയെ വർഗീയത കൊണ്ടും വംശീയതയെ വംശീയത കൊണ്ടും ജാതീയതയെ സാമുദായികതകൊണ്ടും അക്രമത്തെ അക്രമം കൊണ്ടും ഹിംസയെ ഹിംസകൊണ്ടും വെറുപ്പിനെ വെറുപ്പ് കൊണ്ടുമല്ല നേരിടേണ്ടതെന്ന് അവർ ശക്തമായി ഉൗന്നിപ്പറഞ്ഞു.

അവയെ സ്നേഹം, സൗഹൃദം, സാഹോദര്യം, സഹിഷ്ണുത തുടങ്ങിയ മഹത്തായ മൂല്യങ്ങൾ മുറുകെപ്പിടിച്ചാണ് അഭിമുഖീകരിക്കേണ്ടതെന്ന് വ്യക്തമായി തെളിയിച്ചു കാണിക്കുകയും ചെയ്തു.

വർഗീയ കലാപങ്ങൾക്കും വിദ്വേഷ പ്രചാരണങ്ങൾക്കും അറുതിവരുത്താൻ എന്ത് ത്യാഗവും സഹിക്കാനാണ് അവരാവശ്യപ്പെട്ടത്. അങ്ങനെ സൗഹൃദാന്തരീക്ഷം സൃഷ്ടിച്ച് ഇസ്ലാമിനെ സംബന്ധിച്ച തെറ്റിദ്ധാരണകൾക്ക് അറുതിവരുത്തി, അതിനെ പരിചയപ്പെടുത്താനും അതിലേക്ക് ജനങ്ങളെ പ്രബോധനം ചെയ്യാനുമാണ് അവർ നിർദേശിച്ചത്. മറിച്ചൊരു നിലപാട് സ്വീകരിക്കാൻ വിശുദ്ധ ഖുർആൻ അംഗീകരിക്കുന്ന ആർക്കും സാധ്യമല്ലല്ലോ. ആദർശപരമായല്ലാതെ വംശീയമോ വർഗീയമോ ജാതീയമോ ആയ സമീപനം സ്വീകരിക്കാൻ ഒരു തെളിവും വിശുദ്ധ ഖുർആനിൽ നിന്നോ പ്രവാചകചര്യയിൽ നിന്നോ ആർക്കും ലഭിക്കില്ല.

വിശുദ്ധ ഖുർആനിൽ ഇരുപത്തിയഞ്ച് പ്രവാചകന്മാരുടെ പേരുണ്ട്. അവരിൽ പലരുടെയും പ്രബോധന ചരിത്രം വിശദമായി വിവരിച്ചിട്ടുണ്ട്. അക്കൂട്ടത്തിൽ സ്വന്തം സമുദായത്തിന്റെ സുരക്ഷയ്ക്കും സംരക്ഷണത്തിനും വിമോചനത്തിനും വേണ്ടി നിലകൊണ്ട ഏക പ്രവാചകൻ മൂസാനബിയാണ്. അദ്ദേഹവും പ്രഥമവും പ്രധാനവുമായ ഉൗന്നൽ നൽകിയത് ഇസ്ലാമിക പ്രബോധനത്തിനാണ്. ആ ദൗത്യ നിർവഹണത്തോടൊപ്പമാണ് സ്വന്തം സമുദായത്തിന്റെ മോചനത്തിനായി ശ്രമിച്ചതും അത് നേടിയെടുത്തതും. അപ്പോഴും ഇസ്രായേല്യരെ കടുത്ത വംശീയ വാദികളായ ഖിബ്ത്വികൾക്കെതിരെ വംശീയമായി സംഘടിപ്പിക്കുകയായിരുന്നില്ല അദ്ദേഹം ചെയ്തത്. ഇൗജിപ്ഷ്യൻ ജനതയുടെ അവസ്ഥയും അവയെ മൂസാനബി അഭിമുഖീകരിച്ചതും എങ്ങനെയെന്ന് ഖുർആന്റെ വെളിച്ചത്തിൽ വിശകലനം ചെയ്യുന്ന കൃതിയാണ് വായനക്കാരുടെ കൈകളിലുള്ളത്. ഇൗജിപ് തിൽ ഇസ്രായേല്യർ അഭിമുഖീകരിച്ചിരുന്ന അവസ്ഥയ്ക്ക് ഒട്ടൊക്കെ സമാനമാണല്ലോ കടുത്ത അനീതിക്കും അതിക്രമങ്ങൾക്കുമിരയായി നിലനിൽപ് പോലും ചോദ്യം ചെയ്യപ്പെടുന്ന ഇന്ത്യൻ മുസ്ലിംകളുടെ സമകാലീനാവസ്ഥ. ഇൗ ചരിത്രസന്ധിയിൽ ഇന്ത്യൻ മുസ്ലിംകളിലർപ്പിതമായ യഥാർഥ ഉത്തരവാദിത്തം വിശുദ്ധ ഖുർആന്റെ വെളിച്ചത്തിൽ കൃത്യമായി വിശകലനം ചെയ്യുന്ന ഇൗ കുറിപ്പിൻറെ  പ്രസക്തിയും പ്രാധാന്യവും ആരെയും പറഞ്ഞറിയിക്കേണ്ടതില്ലല്ലോ. ( തുടരും )

Related Articles