Current Date

Search
Close this search box.
Search
Close this search box.

പ്രാർത്ഥന വിപ്ലവമാക്കി മാറ്റിയ വീര വനിത

പ്രാർത്ഥന വിപ്ലവമാക്കി മാറ്റിയ വീര വനിതഫറവോൻ ഈജിപ്തിലെ ഏറെ ക്രൂരനും മർദ്ദകനുമായ ഭരണാധികാരിയായിരുന്നു. ദിവ്യത്വം ചമഞ്ഞ പരമാധികാരി. കടുത്ത വംശീയ വാദിയും. തന്റെ അധികാരത്തിന് ഭീഷണിയാവുമോയെന്ന് ഭയന്ന് ഇസ്രായേലീ സമൂഹത്തിൽ പ്രസവിച്ച് വീഴുന്ന ആൺകുട്ടികളെ ക്രൂരമായി കൊലപ്പെടുത്തുക പതിവാക്കിയിരുന്നു. അതോടൊപ്പം ഒരെതിർ ശബ്ദവും പുറത്ത് വരാതിരിക്കാൻ പരമാവധി ശ്രമിച്ചു കൊണ്ടിരുന്നു. ഈജിപ്തിൻറെ ആധിപത്യം തനിക്കാണെന്നും ജനങ്ങളുടെ പരമോന്നതനായ പരമാധികാരി താനാണെന്നും തികഞ്ഞ ധിക്കാരത്തോടെയും ധാർഷ്ട്യത്തോടെയും അയാൾ പ്രഖ്യാപിച്ചു. താനല്ലാതെ ദൈവമില്ലെന്ന് പോലും അവകാശപ്പെട്ടു.

അത് കൊണ്ടുതന്നെ മൂസാ നബിയുടെ പ്രബോധന പ്രവർത്തനങ്ങളെ ശക്തമായി എതിർത്തു. വിമോചന ശ്രമങ്ങളെ പ്രതിരോധിക്കാനും പരാജയപ്പെടുത്താനും ആവുന്നതൊക്കെയും ചെയ്തു. എന്നിട്ടും സ്വന്തം ജീവിതപങ്കാളിയെപ്പോലും കൂടെ നിർത്താൻ കഴിഞ്ഞില്ല. ആശയാദർശങ്ങളെ തടഞ്ഞു നിർത്താൻ അധികാര ശക്തിക്കോ ആയുധ പ്രയോഗങ്ങൾക്കോ സാധ്യമല്ലല്ലോ. എല്ലാ സ്വേഛാധിപത്യ ഭരണകൂടങ്ങളും അവയുടെ തടവറകളും തൂക്കുമരങ്ങളുമുൾപ്പെടെ സമസ്ത മർദ്ദനോപാധികളും അവയുടെ മുമ്പിൽ പരാജയപ്പെടുക തന്നെ ചെയ്യും. ഫറോവാ പത്നി ആസിയ ബീവിയുടെ കാര്യത്തിൽ സംഭവിച്ചതും അത് തന്നെ. അവർ സന്മാർഗം സ്വീകരിച്ചു. മൂസാ നബിയുടെ അനുയായിയായി മാറി. ഇത് ഫറവോനെ അത്യന്തം പ്രകോപിതനാക്കി. അയാൾ ആസിയ ബീവിയെ സത്യപാതയിൽ നിന്ന് പിന്തിരിപ്പിക്കാൻ പരമാവധി ശ്രമിച്ചു. എന്നാൽ എല്ലാ പ്രലോഭനങ്ങളും പ്രകോപനങ്ങളും പൂർണമായും പരാജയപ്പെടുകയായിരുന്നു.. അതോടെ കൊടിയ മർദ്ദന പീഡനങ്ങൾ അഴിച്ചുവിടാൻ തുടങ്ങി. അതൊന്നും ലക്ഷ്യം കണ്ടില്ല. ഫറോവാ പത്നി സകലതിനെയും പുഞ്ചിരിയോടെ നേരിട്ടു. ആത്മ നിർവൃതിയോടെ എല്ലാം ഏറ്റുവാങ്ങി. അവസാനം അവരിങ്ങനെ പ്രാർത്ഥിച്ചു:”എന്റെ നാഥാ! എനിക്കു നിന്റെയടുത്ത് സ്വര്‍ഗത്തിലൊരു വീട് ഉണ്ടാക്കിത്തരേണമേ! ഫിര്‍ഔനില്‍ നിന്നും അയാളുടെ ദുര്‍വൃത്തിയില്‍നിന്നും എന്നെ രക്ഷിക്കേണമേ! അക്രമികളായ ജനത്തില്‍നിന്നും എന്നെ നീ മോചിപ്പിക്കേണമേ! (ഖുർആൻ 66 : 11)

കാലം ഇന്നോളും ഇത്രയേറെ വിപ്ലവകരമായ പ്രാർത്ഥന കേട്ടിട്ടുണ്ടാവില്ല. പ്രാർത്ഥന തന്നെ വിപ്ലവമാവുകയായിരുന്നു. സ്വേച്ഛാധിപതികളുടെ കൊട്ടാരങ്ങളെ പ്രകമ്പനം കൊള്ളിക്കുന്ന സ്ഫോടടനാത്മകമായ വിപ്ലവ മന്ത്രവും മുദ്രാവാക്യവുമാവുകയായിരുന്നു.

മറുഭാഗത്ത് ഫറവോനെപ്പോലെ ദിവ്യത്വം ചമഞ്ഞ ഒരേകാധിപതിയും അത്രമേൽ അസ്വസ്ഥനും അശാന്തനും അപമാനിതനുമായിട്ടുണ്ടാവില്ല. ഒരു സാധാരണ ഇസ്ലാമിക പ്രവർത്തകന്റെ ജീവിതപങ്കാളി യുക്തിവാദികളോടൊപ്പം ചേർന്ന് അയാളെ വെല്ലുവിളിച്ചാൽ എന്തായിരിക്കും അവസ്ഥ! അയാൾക്ക് പിന്നെ ഉറക്കം വരുമോ? എന്നാൽ ഇവിടെ ഫറവോൻ ഒരു സാധാരണക്കാരനല്ല. ദിവ്യത്വം ചമഞ്ഞ രാജ്യത്തെ പരമാധികാരിയായ ഭരണാധികാരിയാണ്. അപ്പോൾ അയാളനുഭവിച്ച അസ്വസ്ഥതയും അപമാനവും ദുഃഖവും വേദനയും ആർക്കും വാക്കുകളിലൊതുക്കാനാവില്ല.

സത്യവിശ്വാസം ആസിയ ബീവിക്ക് നൽകിയ സന്തോഷത്തിൻറെയും സംതൃപ്തിയുടെയും അതിരുകളില്ലാത്ത ലോകവും ഫറവോൻ അനുഭവിച്ച ദുഃഖസാന്ദ്രമായ മാനസികാവസ്ഥയും ഏവർക്കും മഹത്തായ ഗുണപാഠമാണ്.

???? കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/E0i3pHf7tQV46Y5jpKdwCE

Related Articles