Current Date

Search
Close this search box.
Search
Close this search box.

മനുഷ്യന്റെ സാധ്യതയും ബാധ്യതയും

വിധിവിശ്വാസവുമായി ബന്ധപ്പെട്ട് മൂന്ന് വശങ്ങളുണ്ട്. അതിൽ രണ്ടെണ്ണം വിശുദ്ധ ഖുർആൻ വിശദീകരിച്ചിട്ടുണ്ട്. അതാണ് വിശദമായി കഴിഞ്ഞ ഭാഗങ്ങളിൽ വിശദീകരിച്ചിട്ടുള്ളത്. മൂന്നാമത്തേത് അല്ലാഹു തന്നെ നമ്മെ അറിയിച്ചിട്ടില്ല, വിശദീകരിച്ചിട്ടുമില്ല.

അല്ലാഹു നിശ്ചയിച്ചതും വിധിച്ചതുമല്ലാത്ത ഒന്നും ഈ പ്രപഞ്ചത്തിൽ നടക്കുന്നില്ല. അവന്റെ അറിവിൽ പെടാത്ത ഒന്നുമില്ല. എല്ലാറ്റിനെയും അവന്റെ വിജ്ഞാനം ചൂഴ്ന്നു നിൽക്കുന്നു.

അപ്രകാരം തന്നെ അല്ലാഹു മനുഷ്യന് അവന്റെ വിശ്വാസവീക്ഷണങ്ങളും വിചാരവികാരങ്ങളും വാചാകർമങ്ങളും ജീവിതരീതിയുമെല്ലാം എങ്ങനെയായിരിക്കണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം നൽകിയിരിക്കുന്നു. ആലോചിക്കാനും തീരുമാനിക്കാനും അന്വേഷിക്കാനും കണ്ടെത്താനും പൂർണമായി അനുവാദം കൊടുത്തിരിക്കുന്നു. അതുപയോഗിച്ച് ഓരോ മനുഷ്യനും തന്റെ ജീവിതം രൂപപ്പെടുത്താനും കൊണ്ടുനടത്താനും
സാധ്യതയും സ്വാതന്ത്ര്യവുമുണ്ട്.

എന്നാൽ അല്ലാഹുവിന്റെ വിജ്ഞാനവും വിധിയും മനുഷ്യന്റെ സ്വാതന്ത്ര്യവും തമ്മിൽ ബന്ധിപ്പിക്കുന്ന കണ്ണിയേത്? എവ്വിധമാണ് അവ പരസ്പരം ബന്ധപ്പെടുന്നത്? ഇക്കാര്യം അല്ലാഹു മനുഷ്യരെ അറിയിച്ചിട്ടില്ല, വിശുദ്ധ ഖുർആൻ വിശദീകരിച്ചിട്ടുമില്ല. അതുകൊണ്ടുതന്നെ മറ്റേതൊരു അഭൗതികജ്ഞാനവും പോലെ അതും മനുഷ്യന് അജ്ഞാതമാണ്. അതിലൊട്ടും അസ്വാഭാവികതയില്ല. അസാധാരണ പ്രതിഭാശാലിയായ ഒരാളുടെ കർമത്തിന്റെ യുക്തിയും ന്യായവും രഹസ്യവും സാധാരണക്കാർക്ക് മനസ്സിലാകണമെന്നില്ല. എന്നല്ല; ബന്ധപ്പെട്ട വ്യക്തി വിശദീകരിച്ച് കൊടുക്കുന്നില്ലെങ്കിൽ മനസ്സിലാവുകയില്ല. അപ്രകാരം തന്നെ അത്യുന്നതമായ സർഗസിദ്ധിയുള്ള കവിയുടെ വാക്കുകളുടെ ഉള്ളടക്കം സാധാരണക്കാർക്ക് ഉൾക്കൊള്ളാൻ കഴിയില്ല.

മനുഷ്യനിവിടെ തന്റെ പരിധിയും പരിമിതിയും നന്നായി മനസ്സിലാക്കുക തന്നെ വേണം. അനന്തവിസ്തൃതമായ ഈ മഹാപ്രപഞ്ചത്തിലെ ഒരു കൊച്ചു ഗോളമാണ് ഭൂമി. അതിലെ പരകോടി സൃഷ്ടികളിലൊന്ന് മാത്രമാണ് മനുഷ്യൻ. അവനിന്നോളം സ്വന്തത്തെക്കുറിച്ച് പോലും പൂർണമായും കണിശമായും കൃത്യമായും മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല. ജീവൻ, ബുദ്ധി, ഓർമശക്തി, ആത്മാവ് തുടങ്ങിയവയെക്കുറിച്ചൊന്നും സൂക്ഷ്മവും ഖണ്ഡിതവുമായ അറിവ് ആർക്കുമില്ല.
തന്റെ മാതാപിതാക്കളെയോ ജീവിതപങ്കാളികളെയോ മക്കളെയോ സുഹൃത്തുക്കളെയോ കാണാനുള്ള കഴിവുപോലും മനുഷ്യനില്ല. ശരീരവും ശാരീരികാവയവങ്ങളും മാത്രമേ അവന് കാണാൻ കഴിയുകയുള്ളൂ. മനുഷ്യൻ ശരീരം മാത്രമല്ല എന്നറിയാത്ത ആരാണുള്ളത്? ശരീരം മാത്രമാണെങ്കിൽ മരണശേഷവും മനുഷ്യൻ ഭൂമിയിൽ ഉണ്ടാവണം. മനുഷ്യ ശരീരം ഭദ്രമായി സൂക്ഷിക്കാൻ സാധിക്കും. എന്നാൽ മനുഷ്യനെ അവ്വിധം നിലനിർത്താൻ സാധ്യമല്ല. മനുഷ്യൻ ശരീരം മാത്രമല്ല എന്നത് തന്നെയാണ് കാരണം. അതിനാൽ തന്നെക്കുറിച്ചോ താൻ ജീവിക്കുന്ന പ്രപഞ്ചത്തെ സംബന്ധിച്ചോ ഉള്ള മനുഷ്യന്റെ അറിവ് വളരെ പരിമിതമാണ്.

ആ വിജ്ഞാനസാമ്രാജ്യത്തെ സമുദ്രത്തോട് തുലനം ചെയ്താൽ അതിലെ ഒരു തുള്ളി വെള്ളം പോലും സ്വായത്തമാക്കാൻ മനുഷ്യനിന്നോളം സാധിച്ചിട്ടില്ല. നമ്മുടെ അറിവിന്റെ പരിമിതിയാണിതിന് കാരണം. അതിനാ
ൽ നാം പ്രപഞ്ചത്തിന്റെ സ്രഷ്ടാവായ ദൈവത്തെയും അവന്റെ കർമങ്ങളെയും സംബന്ധിച്ച് അറിയണമെന്ന് ശഠിക്കുന്നതിൽ ഒട്ടും അർഥമില്ല. ദൈവവുമായി ബന്ധപ്പെട്ടതെല്ലാം പഞ്ചേന്ദ്രിയങ്ങൾക്കും അവയുടെ പരിമിതികൾക്ക് വിധേയമായ മനുഷ്യബുദ്ധിക്കും ചിന്തക്കും അപ്രാപ്യമായ അഭൗതികജ്ഞാനത്തിൽ പെട്ടവയാണ്. അല്ലാഹു തന്റെ ദൂതന്മാരിലൂടെ അറിയിച്ചു കൊടുത്തതിനപ്പുറം അതിനെക്കുറിച്ച് ആർക്കും ഒന്നുമറിയില്ല. എണ്ണൂറ് കോടിയോളം മനുഷ്യർക്ക് ബുദ്ധിയും ബോധവും അറിവും യുക്തിയുമെല്ലാം നൽകിയ അതിരുകളില്ലാത്ത അറിവിന്റെയും സങ്കൽപാതീതമായ യുക്തിയുടെയും കണക്കാക്കാനാവാത്ത കഴിവിന്റെയും ഉടമയായ അല്ലാഹുവിന്റെ കർമങ്ങളുടെ യുക്തി അവൻ വിശദീകരിച്ചു തരാത്ത കാലത്തോളം ആർക്കുമറിയില്ല, മറ്റെല്ലാ അഭൗതികജ്ഞാനങ്ങളെയും പോലെത്തന്നെ.

എന്നാൽ അതോടൊപ്പം ഒരു കാര്യം ഖുർആൻ തറപ്പിച്ചും ഉറപ്പിച്ചും പറയുന്നു. ഓരോ മനുഷ്യനും നൽകപ്പെട്ട സാധ്യതയും സ്വാതന്ത്ര്യവുമനുസരിച്ചാണ് അയാളുടെ ബാധ്യത.

കണ്ണുള്ളവന്റെയത്ര ബാധ്യത കാഴ്ചയില്ലാത്തവനില്ല. കേൾവിയുള്ളവന്റെയത്ര ബാധ്യത ബധിരനില്ല. പ്രതിഭാശാലിയുടെ ബാധ്യത സാമാന്യബുദ്ധിയുള്ളവനോ പണക്കാരന്റെ ബാധ്യത പാവപ്പെട്ടവനോ പണ്ഡിതന്റെ ബാധ്യത പാമരനോ ആരോഗ്യവാന്റെ ബാധ്യത രോഗിക്കോ കരുത്തന്റെ ബാധ്യത ദുർബലനോ ആണിന്റെ ബാധ്യത പെണ്ണിനോ പെണ്ണിന്റെ ബാധ്യത ആണിനോ ഇല്ല. അഥവാ ഓരോരുത്തർക്കും പ്രപഞ്ചനാഥൻ നൽകിയ സ്വാതന്ത്ര്യവും സാധ്യതയുമനുസരിച്ചാണ് അയാളുടെ ബാധ്യത. അത് പൂർത്തീകരിച്ചാൽ ശാശ്വതവും സർവ്വസുന്ദരവും അനുഗൃഹീതവുമായ സ്വർഗം ലഭിക്കും. ബാധ്യത മറന്നോ അവഗണിച്ചോ നിഷേധിച്ചോ ജീവിച്ചാൽ ശിക്ഷ ലഭിക്കും. നരകാവകാശിയായിത്തീരും.
വിശുദ്ധ ഖുർആൻ മനുഷ്യന്റെ ബാധ്യതയെ സാധ്യതയുമായി ബന്ധപ്പെടുത്തിയതായി കാണാം,:
”അല്ലാഹു ആരെയും അയാളുടെ കഴിവിൽ കവിഞ്ഞതിന് നിർബന്ധിക്കുന്നില്ല. ഒരുവൻ സമ്പാദിച്ചതിന്റെ സദ്ഫലം അവനുള്ളതാണ്.” (2: 286)

ഇസ്‌ലാമികവീക്ഷണത്തിൽ സാംഹാരിസിനെയും രവിചന്ദ്രനെയും പോലുള്ള നാസ്തികനേതാക്കൾ അവകാശപ്പെടുന്ന പോലെ മനുഷ്യൻ തീർത്തും അസ്വതന്ത്രനും തന്റെ ജീവിതപാത തെരഞ്ഞെടുക്കാനോ തീരുമാനിക്കാനോ സാധ്യതയോ സ്വാതന്ത്ര്യമോ ഇല്ലാത്ത കേവലം ഒരു ജന്തുവല്ല. മറിച്ച്, പ്രപഞ്ചനാഥനായ ദൈവം ഭൂമിയിലെ മനുഷ്യാരംഭം തൊട്ട് തന്നെ അവന്റെ മുമ്പിൽ വ്യക്തമായ രണ്ട് വഴികൾ വരച്ചു കാണിച്ചിട്ടുണ്ട്. അതിൽ ഏതു വഴിയും തെരഞ്ഞെടുക്കാനുള്ള സാധ്യതയും സ്വാതന്ത്ര്യവും നൽകിയിട്ടുമുണ്ട്. വിജയത്തിന്റെ വഴിയോ പരാജയത്തിന്റെ പാതയോ ഏതു വേണമെന്ന് അവന് സ്വയം തീരുമാനിക്കാം. ഇക്കാര്യം ദൈവം തന്റെ ദൂതന്മാരിലൂടെ മനുഷ്യരാശിയെ അറിയിച്ചു പോന്നിട്ടുണ്ട്. ആദ്യമനുഷ്യനോട് അല്ലാഹു പറഞ്ഞു: ”എന്റെ മാർഗദർശനം ഭൂമിയിൽ വന്നെത്തും. സംശയമില്ല; എന്റെ മാർഗം പിന്തുടരുന്നവർ നിർഭയരായിരിക്കും, ദുഃഖമില്ലാത്തവരും. എന്നാൽ അതിനെ അവിശ്വസിക്കുകയും നമ്മുടെ തെളിവുകളെ തള്ളിപ്പറയുകയും ചെയ്യുന്നവരോ, അവരാകുന്നു നരകാവകാശികൾ. അവരതിൽ സ്ഥിരവാസികളായിരിക്കും.” (2:38,39)

അന്ന് മുതൽ ദൈവം തന്റെ ദൂതന്മാർ വഴി മനുഷ്യരാശിക്ക് മാർഗദർശനം നൽകിക്കൊണ്ടിരുന്നു. സന്മാർഗമോ ദുർമാർഗമോ സ്വീകരിക്കാനുള്ള സ്വാതന്ത്ര്യവും സാധ്യതയും നൽകി പോന്നിട്ടുമുണ്ട്. അല്ലാഹു തന്റെ അന്ത്യദൂതനിലൂടെയും അത് തന്നെ നിർവഹിച്ചു. അല്ലാഹു പറയുന്നു: ”മനുഷ്യന് നാം കണ്ണിണകൾ നൽകിയില്ലേ, നാവും ചുണ്ടിണകളും, തെളിഞ്ഞ രണ്ടു വഴികൾ നാമവന് കാണിച്ചു കൊടുത്തില്ലേ? എന്നിട്ടും അവൻ മലമ്പാത താണ്ടിക്കടന്നില്ല. മലമ്പാത ഏതെന്ന് നിനക്കെന്തറിയാം? അത് അടിയാളന്റെ മോചനമാണ്. അല്ലെങ്കിൽ കൊടും വറുതി നാളിലെ അന്നദാനം. അടുത്ത ബന്ധുവായ അനാഥയ്ക്ക്. അല്ലെങ്കിൽ പട്ടിണിക്കാരനായ മണ്ണ് പുരണ്ട അഗതിക്ക്. പിന്നെ സത്യവിശ്വാസം സ്വീകരിക്കുകയും ക്ഷമയും കാരുണ്യവും പരസ്പരം ഉപദേശിക്കുകയും ചെയ്തവരിൽ ഉൾപ്പെടലുമാണ്. അങ്ങനെ ചെയ്യുന്നവരാണ് വലതുപക്ഷക്കാർ. നമ്മുടെ സൂക്തങ്ങളെ തള്ളിപ്പറയുന്നവരോ അവരത്രെ ഇടതുപക്ഷക്കാർ. അവർക്ക് മേൽ മൂടപ്പെട്ട നരകമുണ്ട്.” (90:8-20)

സ്വാതന്ത്ര്യവും സാധ്യതയും നൽകാതെ നിർബന്ധിപ്പിച്ച് ചെയ്യിക്കുന്ന കർമങ്ങളുടെ പേരിൽ ആരും പ്രതിഫലാർഹരാവുകയില്ല.ദൈവം രക്ഷയോ ശിക്ഷയോ നൽകുകയില്ല. അങ്ങനെ നൽകുന്നത് കടുത്ത അനീതിയാണ്, കൊടിയ ക്രൂരതയും. അല്ലാഹു ക്രൂരത കാണിക്കുന്നവനോ അനീതി പ്രവർത്തിക്കുന്നവനോ അല്ല. എന്നല്ല; അവന്റെ കാരുണ്യം പോലും അർഥപൂർണ്ണമാകുന്നത് വിധിദിനത്തിൽ നീതി നടത്തുന്നതിലൂടെയാണ്. അതിനാലാണ് വിശുദ്ധ ഖുർആനിലെ ആദ്യ അധ്യായത്തിന്റെ ആരംഭത്തിൽ പരമകാരുണികൻ എന്നതിനോട് വിധിദിനത്തിന്റെ ഉടമ എന്ന് കൂടി ചേർത്ത് പറഞ്ഞത്. ”സ്തുതിയൊക്കെയും അല്ലാഹുവിന്നാണ്. അവൻ മുഴുലോകരുടെയും പരിപാലകൻ. പരമകാരുണികൻ. ദയാപരൻ. വിധിദിനത്തിന്നധിപൻ”. (1:2- 4)

അല്ലാഹു ആരോടും അല്പവും അനീതി കാണിക്കുകയില്ല. കർമഫലം നൽകുന്നതിൽ കൃത്യതയും നിഷ്‌കർഷയും പുലർത്തും. ഇക്കാര്യം വിശുദ്ധ ഖുർആനിൽ ഒന്നിലേറെ സ്ഥലങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്:
”ഇത് നിങ്ങളുടെ കൈകൾ നേരത്തെ ചെയ്ത് വെച്ചതാണ്. തീർച്ചയായും അല്ലാഹു തന്റെ അടിമകളോട് അനീതി കാണിക്കുന്നവനല്ല.” (3:182, 22:10. 8:51)

”ആരെങ്കിലും നന്മ ചെയ്താൽ അതിന്റെ ഗുണം അവന് തന്നെയാണ്. വല്ലവനും തിന്മ ചെയ്താൽ അതിന്റെ ദോഷവും അവന് തന്നെ. നിന്റെ നാഥൻ തന്റെ ദാസന്മാരോട് തീരേ അനീതി ചെയ്യുന്നവനല്ല.” (41:46)
അതിനാൽ നമ്മുടെ സ്വർഗവും നരകവും നേടുന്നത് നാം തന്നെയാണ്. സ്വന്തം തീരുമാനങ്ങളിലൂടെയും കർമങ്ങളിലൂടെയും രണ്ടിലൊന്നിന്റെ അവകാശികളായിത്തീരുന്നു. അതിനാൽ ആരും തീരെ അനീതിക്കിരയാവുന്നില്ല. കവി പറഞ്ഞത് തന്നെ സത്യം.
”നമിക്കിലുയരാം നടുവിൽ തിന്നാം
നൽകുകിൽ നേടിടാം
നമുക്കു നാമേ പണിവതുനാകം
നരകവുമതുപോലെ.”

രണ്ടിലേക്കും ചേർത്ത് പറയുമ്പോൾ

വളരെ നല്ല നിലയിൽ ഉയർന്ന നിലവാരത്തോടെ നടത്തപ്പെടുന്ന ഒരു മാതൃകാ വിദ്യാലയം. സമർഥനായ പ്രധാനാധ്യാപകൻ, ആത്മാർഥതയുള്ള സഹപ്രവർത്തകർ, യോഗ്യരായ വിദ്യാർഥികൾ, അവരുടെ കാര്യം ജാഗ്രതയോടെ ശ്രദ്ധിക്കുന്ന രക്ഷിതാക്കൾ; അങ്ങനെ എല്ലാവരും വിദ്യാലയത്തിന്റെ നന്മയിലും ഉയർച്ചയിലും നിർണായകമായ പങ്കു വഹിക്കുന്നു. സ്ഥാപനം മികച്ചതാവുകയെന്ന സംഭവത്തിന് പിന്നിൽ ഒന്നിലേറെ കാരണങ്ങളും നിരവധി ഘടകങ്ങളുമുണ്ടെന്നർഥം. ഇത്തരമൊരവസ്ഥയിൽ വിദ്യാലയം മാതൃകായോഗ്യമാകാൻ കാരണം പ്രധാനാധ്യാപകനാണെന്ന് പറയാം. അധ്യാപകരാണെന്നും വിദ്യാർഥികളാണെന്നും രക്ഷിതാക്കളാണെന്നുമൊക്കെ പറയാം. ഇതിലേത് പറഞ്ഞാലും കളവാവുകയില്ല. ഒരിക്കലൊന്നും മറ്റൊരിക്കൽ മറ്റൊന്നും പറഞ്ഞാലും പരസ്പര വിരുദ്ധമാവുകയില്ല. ആവശ്യാനുസരണം ഓരോ കാരണവും പ്രത്യേകം എടുത്തു കാണിക്കുകയാണെങ്കിൽ സന്ദർഭാനുസൃതമായ സത്യപ്രസ്താവം മാത്രമേ അതാവുകയുള്ളൂ. എന്നാൽ ഇതിൽ ഏതെങ്കിലും ഒരു ഘടകം മാത്രമാണ് സംഭവത്തിന് പിന്നിലെന്ന് വിശ്വസിക്കുന്നവരോട് അത് നിഷേധിക്കേണ്ടിയും വരും.

മനുഷ്യകർമങ്ങളുടെ സ്ഥിതിയും ഇതുതന്നെ. ഒരാൾ നടന്നു പോകുന്ന വഴിയിൽ ഒരു വൃദ്ധൻ വീണ് കിടക്കുന്നത് കാണുന്നു. അയാൾക്ക് വേണമെങ്കിൽ വൃദ്ധനെ കണ്ടില്ലെന്ന് നടിച്ച് നടന്ന് നീങ്ങാം. അങ്ങനെ ചെയ്യാതെ, അയാൾ വൃദ്ധനെ താങ്ങിയെടുത്ത് ആശുപത്രിയിൽ എത്തിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യുന്നു. അങ്ങനെ ചെയ്യുമ്പോൾ തന്നെ വ്യത്യസ്ത ഉദ്ദേശ്യത്തോടെ അത് നിർവഹിക്കാവുന്നതാണ്. വൃദ്ധന്റെയോ അയാളുടെ ബന്ധുക്കളുടെയോ നന്ദിയും പ്രത്യുപകാരവും പ്രതിഫലവും പ്രതീക്ഷിക്കാം. അത്തരമൊന്നും ആഗ്രഹിക്കാതെ വൃദ്ധനോടുള്ള സ്‌നേഹ-കാരുണ്യ-വാത്സല്യ-ഗുണകാംക്ഷാ വികാരത്തോടെയും അത് ചെയ്യാം. അപ്പോൾ ഈ സംഭവത്തിൽ മനുഷ്യന്റെ ഭാഗത്തുനിന്ന് അയാളെടുക്കുന്ന തീരുമാനത്തിനും അതിന്റെ പിന്നിലെ ഉദ്ദേശ്യത്തിനും തുടർന്നുള്ള പ്രവർത്തനത്തിനുമെല്ലാം അനൽപമായ പങ്കുണ്ട്. അതിനാൽ വൃദ്ധനെ ആശുപത്രിയിലെത്തിച്ചതും പരിചരിച്ചതും ആ മനുഷ്യനാണെന്ന് പറയുന്നതിൽ തെറ്റോ അസാംഗത്യമോ ഇല്ല. അതേ സമയം വൃദ്ധനെ താങ്ങിയെടുക്കാനുപയോഗിച്ച കൈകളും ശരീരവും ആരോഗ്യവും കഴിവും കരുത്തുമൊക്കെ നൽകിയത് ദൈവമാണ്. വൃദ്ധനോട് അലിവ് തോന്നുകയും പരിചരിക്കാൻ തീരുമാനമെടുക്കുകയും ചെയ്ത മനസ്സും ദൈവത്തിന്റെ ദാനം തന്നെ. അതിനാൽ ദൈവമാണ് വൃദ്ധനെ രക്ഷിച്ചതെന്ന പ്രസ്താവവും സത്യനിഷ്ഠവും വസ്തുതാപരവുമത്രെ. അപ്പോൾ ഇത്തരം സംഭവങ്ങളെ മനുഷ്യനോട് ചേർത്ത് പറയാം. ദൈവത്തോടും ചേർത്ത് പറയാം. ഒരേസമയം മനുഷ്യനോടും ദൈവത്തോടും ചേർത്ത് പറയാം. അപ്രകാരം തന്നെ മനുഷ്യകർമം മാത്രമാണെന്ന് ധരിക്കുന്നവരോട് അതിനെ നിഷേധിക്കാം. ദൈവത്തിന്റെ പങ്ക് ഊന്നിപ്പറയാം. ഈ രീതികളെല്ലാം ഖുർആൻ സ്വീകരിച്ചിട്ടുണ്ട്. മനസ്സിന്റെ തീരുമാനത്തിലും ഉദ്ദേശ്യത്തിലും മനുഷ്യന്റെ പങ്ക് എത്രയെന്ന് ഈ ലോകത്ത് ആർക്കും അറിയില്ല. മനുഷ്യന്റെ ഗ്രാഹ്യശേഷിക്ക് അതീതമാണത്. ദൈവം അത് പറഞ്ഞു തന്നിട്ടുമില്ല.
സംഭവങ്ങളെയും കർമങ്ങളെയും അവയ്ക്ക് പിന്നിലെ തീരുമാനങ്ങളെയും വിശുദ്ധ ഖുർആൻ, ദൈവവുമായും മനുഷ്യനുമായും ബന്ധപ്പെടുത്തിയതായി കാണാം. പ്രവാചകനോട് കപടവിശ്വാസികൾ സ്വീകരിച്ചിരുന്ന സമീപനം തിരുത്തി ഖുർആൻ പറയുന്നു: ”അവർക്ക് വല്ല നേട്ടവും കിട്ടിയാൽ അത് ദൈവത്തിൽ നിന്നാണെന്ന് അവർ പറയും. വല്ല വിപത്തും ബാധിച്ചാലോ നിന്നെ കുറ്റപ്പെടുത്തുകയും ചെയ്യും. പറയുക: എല്ലാം ദൈവത്തിൽ നിന്ന് തന്നെ. ഇവർക്കെന്ത് പറ്റി? ഇവർ കാര്യം മനസ്സിലാക്കുന്നില്ലല്ലോ.”(4:78)

നന്മയും തിന്മയും ദൈവത്തിങ്കൽ നിന്നാണെന്ന് വ്യക്തമാക്കുന്ന ഖുർആൻ ഇവിടെ കപടവിശ്വാസികളുടെ തെറ്റായ സമീപനത്തിന് കാരണക്കാർ അവർ തന്നെയാണെന്ന് കൃത്യമായി പറയുന്നു. അതിന്റെ പേരിൽ അവരെ കുറ്റപ്പെടുത്തുകയും ചെയ്യുന്നു. ശരിയായ സമീപനം സ്വീകരിക്കാൻ സാധ്യതയുണ്ടായിട്ടും മറിച്ചൊരു നിലപാട് അവലംബിച്ചതിനാണ് ഖുർആൻ അവരെ ആക്ഷേപിക്കുന്നത്.
ഗുണദോഷങ്ങളിൽ മനുഷ്യകർമം പോലെ ദൈവവിധിക്കും പങ്കുള്ളതിനാൽ അതിന്റെ കാരണത്തെ സ്രഷ്ടാവിലേക്ക് ചേർത്ത് പറയുന്ന സമീപനം സ്വീകരിച്ചതിന് ഖുർആനിൽ നിരവധി ഉദാഹരണങ്ങളുണ്ട്:
”അല്ലാഹു നിനക്ക് വല്ല ദോഷവും വരുത്തുകയാണെങ്കിൽ അത് പരിഹരിക്കാൻ അവനല്ലാതെ മറ്റാർക്കും സാധ്യമല്ല. അവൻ നിനക്ക് വല്ല നന്മയുമാണ് വരുത്തുന്നതെങ്കിൽ എല്ലാറ്റിനും കഴിവുള്ളവനത്രെ അവൻ.”(6:17)

”അല്ലാഹു താനിഛിക്കുന്നവരെ സന്മാർഗത്തിലാക്കുന്നു. താനിഛിക്കുന്നവരെ ദുർമാർഗത്തിലാക്കുന്നു. പ്രതാപശാലിയും യുക്തിജ്ഞനുമത്രെ അവൻ.”(14:4)

”സത്യത്തിൽ അവരെ വധിച്ചത് നിങ്ങളല്ല, അല്ലാഹുവാണ്. നീ എറിഞ്ഞപ്പോൾ യഥാർഥത്തിൽ നീയല്ല എറിഞ്ഞത്, അല്ലാഹുവാണ്. മഹത്തായ ഒരു പരീക്ഷണത്തിലൂടെ അല്ലാഹു സത്യവിശ്വാസികളെ വേർതിരിച്ചെടുക്കാനാണിത്. അല്ലാഹു എല്ലാം കേൾക്കുന്നവനും അറിയുന്നവനുമാണ്.”(8:17)

അതോടൊപ്പം സന്മാർഗ-ദുർമാർഗ-പ്രാപ്തിയിൽ മനുഷ്യന്റെ പങ്കും ഖുർആൻ ഊന്നിപ്പറയുന്നു: ”ആർ അണുമണിത്തൂക്കം നന്മ ചെയ്യുന്നുവോ അവനത് കണ്ടെത്തുക തന്നെ ചെയ്യും. ആർ അണുമണിത്തൂക്കം തിന്മ ചെയ്യുന്നുവോ അവൻ അതും കണ്ടെത്തും.” (99:7,8)

”അല്ലാഹു ആരെയും അവന്റെ കഴിവിന്നതീതമായതിന് കൽപിക്കുകയില്ല. ഓരോരുത്തർക്കും അവർ പ്രവർത്തിച്ചതിനുള്ള പ്രതിഫലവും ശിക്ഷയുമാണ് ഉണ്ടാവുക.”(2:286)

”നിനക്ക് വല്ല ദോഷവും ബാധിച്ചിട്ടുണ്ടെങ്കിൽ അത് നിന്റെ ഭാഗത്തുനിന്ന് തന്നെയുള്ളതാണ്.”(4:79)

”എന്നാൽ വിശ്വസിക്കുകയും സൽകർമങ്ങൾ അനുഷ്ഠിക്കുകയും ചെയ്തവർക്ക് അവരുടെ പ്രതിഫലം പൂർണമായി ലഭിക്കുന്നതാണ്. അക്രമികളെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല.”(3:57)

”അവിശ്വസിക്കുകയും നമ്മുടെ ദൃഷ്ടാന്തങ്ങൾ കളവാക്കുകയും ചെയ്തവരാരോ അവരത്രെ നരകാവകാശികൾ. അവരതിൽ നിത്യവാസികളായിരിക്കും.”(2:39)

”ഇന്ന് നിങ്ങൾ ഒഴികഴിവ് ബോധിപ്പിക്കേണ്ട. നിങ്ങൾ പ്രവർത്തിച്ചതിന്റെ ഫലം തന്നെയാണ് നിങ്ങളിന്ന് അനുഭവിക്കുന്നത്.”(66:7)

നന്മ തിന്മകളിൽ മനുഷ്യന്റെ പങ്കും ദൈവവിധിയും എവ്വിധം ബന്ധപ്പെടുന്നുവെന്നും ഖുർആൻ വ്യക്തമാക്കുന്നു:”പറയുക: ദൈവം ഇഛിക്കുന്നവരെ അവൻ ദുർമാർഗത്തിലാക്കുകയും തന്നിലേക്ക് ഖേദിച്ചു മടങ്ങുന്നവരെ സന്മാർഗത്തിലാക്കുകയും ചെയ്യുന്നു.”(13:27)

”സന്മാർഗം സ്പഷ്ടമായിക്കഴിഞ്ഞ ശേഷവും ആരെങ്കിലും ദൈവദൂതനെ ധിക്കരിക്കുകയും സത്യവിശ്വാസികളുടേതല്ലാത്ത മാർഗം പിന്തുടരുകയുമാണെങ്കിൽ അവൻ സ്വയം തിരിഞ്ഞു കളഞ്ഞ ഭാഗത്തേക്ക് തന്നെ നാം അവനെ തിരിക്കുന്നതാണ്.”(4:115)

ചുരുക്കത്തിൽ കർമങ്ങളുടെ ഫലത്തെ സംബന്ധിച്ച് മനസ്സിലാക്കാൻ സാധിക്കുന്ന മനുഷ്യന് ചിന്തിക്കാനും തീരുമാനിക്കാനും അതനുസരിച്ച് പ്രവർത്തിക്കാനും സ്വാതന്ത്ര്യം നൽകപ്പെട്ടിരിക്കുന്നു. എന്നാൽ ഈ സ്വാതന്ത്ര്യം അപരിമിതമോ അനിയന്ത്രിതമോ അല്ല. ദൈവേഛക്കും വിധിക്കും വിധേയമാണ്. ഈ പരിമിതിയുടെ പരിധിക്കുള്ളിൽ നൽകപ്പെട്ട സ്വാതന്ത്ര്യത്തിന്റെ തോതനുസരിച്ച ബാധ്യത മാത്രമേ മനുഷ്യന്റെ മേൽ ചുമത്തപ്പെട്ടിട്ടുള്ളൂ. ആ ബാധ്യതയുടെ നിർവഹണവും ലംഘനവുമാണ് ജീവിതത്തിന്റെ ജയാപജയങ്ങളും സ്വർഗ-നരകങ്ങളും തീരുമാനിക്കുക. അതിനാൽ കഴിവിന്നതീതമായ ഒന്നിനും അല്ലാഹു ആരെയും നിർബന്ധിക്കുന്നില്ല. ആരോടും അനീതി കാണിക്കുന്നുമില്ല. വിധിയുടെയും സ്വാതന്ത്ര്യത്തിന്റെയും അവസ്ഥയും അവർക്കിടയിലെ ബന്ധവും മനുഷ്യന് മനസ്സിലാക്കാൻ സാധിക്കുന്ന വിധം വിശുദ്ധ ഖുർആൻ വിവരിച്ചിരിക്കുന്നു. മനസ്സിലാക്കാനുള്ള മനുഷ്യന്റെ കഴിവിന്റെ പരിമിതി വിശദീകരണമാവശ്യമില്ലാത്ത വിധം വ്യക്തമാണല്ലോ. എന്താണ് മനസ്സും അതിന്റെ വികാരങ്ങളായ സ്‌നേഹവും വെറുപ്പും സന്തോഷവും ദുഃഖവും അഭിമാനവും അപമാനവുമെന്ന് പോലും അറിയാത്തവനാണല്ലോ മനുഷ്യൻ. എല്ലാവരും തങ്ങളുടെ ഈ പരിമിതി മനസ്സിലാക്കണമെന്നേയുള്ളൂ.

ദൈവവിധിയുടെയും മനുഷ്യസ്വാതന്ത്ര്യത്തിന്റെയും അവസ്ഥയെ സംബന്ധിച്ച് ഇസ്‌ലാമികവീക്ഷണം യഥാവിധി അനാവരണം ചെയ്യുന്ന ഒരു സംഭവം രണ്ടാം ഖലീഫ ഉമറുൽ ഫാറൂഖിന്റെ കാലത്ത് നടക്കുകയുണ്ടായി. ഫലസ്തീനിൽ പ്ലേഗ് ബാധിച്ചു. ഏറെ കഴിയും മുമ്പേ അത് സിറിയയിലേക്കും പടർന്ന് പിടിച്ചു. അതിവേഗം ആളിപ്പടർന്ന രോഗം അത് സ്പർശിക്കുന്നവരെയെല്ലാം കൊന്നൊടുക്കി. മരുന്നും ചികിത്സയുമൊന്നും ഫലിച്ചില്ല. ഒരൊറ്റ മാസത്തിനകം പതിനയ്യായിരം പേർ മരിച്ചു. ഈ വിപത്തിനെ സംബന്ധിച്ച് വിവരമറിഞ്ഞ ഉമറുൽ ഫാറൂഖ് ഒരു സംഘം സൈനികരോടൊപ്പം സിറിയയിലേക്ക് പുറപ്പെട്ടു. വഴിമധ്യേ തന്റെ അടുത്ത അനുയായികളുമായി എന്ത് ചെയ്യണമെന്ന് കൂടിയാലോചിച്ചു. അനന്തര നടപടികൾക്ക് നിർദേശം നൽകിയ ശേഷം രോഗബാധിത പ്രദേശത്തേക്ക് പോകേണ്ടതില്ലെന്ന് തീരുമാനിച്ചു. പകർച്ചവ്യാധി ബാധിച്ചേടത്തേക്കുള്ള യാത്ര അപകടം വരുത്തിയേക്കും എന്നതിനാൽ എല്ലാവരും തടസ്സം നിൽക്കുകയായിരുന്നു. വിവരമറിഞ്ഞ അബൂ ഉബൈദ ഖലീഫയോട് രോഷത്തോടെ ചോദിച്ചു:”ദൈവവിധിയിൽ നിന്ന് ഓടിപ്പോവുകയോ?” ആ സേനാനായകന്റെ അന്തർഗതം വായിച്ചറിഞ്ഞ ഖലീഫാ ഉമറുൽ ഫാറൂഖ് പറഞ്ഞു: ”അതെ, ഒരു ദൈവവിധിയിൽ നിന്ന് മറ്റൊരു ദൈവവിധിയിലേക്ക്.” അല്പനേരത്തെ മൗനത്തിനുശേഷം അദ്ദേഹം തുടർന്നു: ”ഒരാൾ ഒരു സ്ഥലത്ത് ചെന്നിറങ്ങി. അവിടെ അയാൾക്ക് രണ്ട് താഴ്‌വരകളുണ്ട്. ഫലസമൃദ്ധമായതും അല്ലാത്തതും. ഫലസമൃദ്ധമായത് സംരക്ഷിക്കുന്നവൻ അല്ലാഹുവിന്റെ വിധിയനുസരിച്ചല്ലേ പ്രവർത്തിക്കുന്നത്? അല്ലാത്തത് നോക്കി നടത്തുന്നവനും അല്ലാഹുവിന്റെ വിധി അനുസരിക്കുകയല്ലേ ചെയ്യുന്നത്?”

ഇസ്‌ലാമിലെ വിധിവിശ്വാസം വിനാശത്തിന്റെയും വിപത്തുകളുടെയും താക്കോലാവരുതെന്നും പുരോഗതിയുടെയും നേട്ടങ്ങളുടെയും വിജയത്തിന്റെയും വഴിയിൽ വിഘാതം വരുത്തരുതെന്നും വ്യക്തമായ ഭാഷയിൽ സമൂഹത്തെ പഠിപ്പിക്കുകയായിരുന്നു ഖലീഫാ ഉമറുൽ ഫാറൂഖ്. ദൈവവിധിയുടെ വരുതിയിൽ നിന്നുകൊണ്ട് മനുഷ്യന് നൽകപ്പെട്ട സ്വാതന്ത്ര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന ഉദ്‌ബോധനവും അതുൾക്കൊള്ളുന്നു. അതോടൊപ്പം മനുഷ്യന്റെ യഥാർഥ വിമോചനത്തിന് വഴിയൊരുക്കുകയും ചെയ്യുന്നു.

മറ്റെല്ലാ ജീവജാലങ്ങളിൽ നിന്നും മനുഷ്യനെ വ്യത്യസ്തനാക്കുന്ന ഒരു സവിശേഷത ഉണ്ടല്ലോ, അതിനെയാണ് സ്വാതന്ത്ര്യം എന്ന് പറയുന്നത്. ഒരാൾ സ്വന്തം ഇഷ്ടപ്രകാരം ദൈവത്തിനു മുമ്പിൽ സാഷ്ടാംഗം ചെയ്യുന്നു. അങ്ങനെ ചെയ്യേണ്ട യാതൊരു നിർബന്ധിതാവസ്ഥയും മനുഷ്യനില്ല. സ്വയം സ്വീകരിച്ച് അംഗീകരിച്ച ആദർശവിശ്വാസമാണ് അതിന് പ്രേരകം. അതോടൊപ്പം ഇങ്ങനെ സാഷ്ടാഗം ചെയ്യാൻ പ്രേരിപ്പിക്കുന്ന വിശ്വാസം ആരും മറ്റാരുടെ മേലും അടിച്ചേൽപിക്കാവതല്ല. അടിച്ചേൽപിക്കാൻ സാധ്യവുമല്ല. അതോടൊപ്പം മനുഷ്യന്റെ ഈ സ്വാതന്ത്ര്യം എന്നത് ലക്ഷ്യമല്ല, ദൈവത്തിന് തന്നെ സമ്പൂർണമായി സമർപ്പിക്കാനുള്ള സാധ്യതയാണ്. അവന് വിധേയമായി ജീവിക്കാനുള്ള മാർഗമാണ്. ദൈവത്തിനുള്ള ഈ വഴിപ്പെടൽ മനുഷ്യനിൽ യാതൊരുവിധ അന്യവൽകരണവും ഉണ്ടാക്കുന്നില്ല. മറിച്ച് പ്രകൃതിയോട് താദാത്മ്യം പ്രാപിക്കലാണ്. വിശ്വാസി തന്റെ രക്ഷിതാവിന് തന്നെ സമർപ്പിക്കുന്നതും അവന് ആരാധനാനുഷ്ഠാനങ്ങളർപ്പിച്ച് ജീവിക്കുന്നതും സ്വന്തം ഇഷ്ടത്തോടെയാണ്.അത് സ്രഷ്ടാവിന്റെ മഹത്ത്വം ഉൾക്കൊണ്ടതിന്റെ ഫലമായാണ്, തനിക്ക് ലഭിച്ച അനുഗ്രഹങ്ങൾക്ക് നന്ദി ചെയ്യണമല്ലോ എന്ന ഉത്തരവാദിത്തബോധത്തോടെയാണ്. അപ്പോൾ ദൈവത്തിനുള്ള വഴങ്ങലും വണങ്ങലും നമുക്ക് ലഭിച്ച സ്വാതന്ത്ര്യത്തിന്റെ പ്രകാശനമാണ്, വിളംബരമാണ്. ഇങ്ങനെ ഒരാൾ അല്ലാഹുവിന് പൂർണമായും അടിപ്പെടുന്നതോടെ സകല സൃഷ്ടികളിൽ നിന്നും പൂർണമായും സ്വതന്ത്രനാവുന്നു. അതുകൊണ്ടുതന്നെ ദൈവത്തിനുള്ള സമ്പൂർണ സമർപ്പണം മറ്റെല്ലാ അടിമത്തങ്ങളിൽ നിന്നുമുള്ള വിമോചനമാണ്. ( തുടരും )

???? To Join Whatsapp Group ????: https://chat.whatsapp.com/BxliWKickAyDu0ikv75WY5

Related Articles