Current Date

Search
Close this search box.
Search
Close this search box.

ഇസ്ലാമോ ഫോബിയയെ നമുക്കെങ്ങനെ പ്രതിരോധിക്കാം

ചരിത്രത്തിലെന്നുമെന്നപോലെ ഇന്നും ഇസ്ലാമിനും മുസ്ലിംകൾക്കുമെതിരെ ശക്തമായ ആരോപണങ്ങളും രൂക്ഷമായ ആക്ഷേപങ്ങളും നിശിതമായ വിമർശനങ്ങളും നടന്നുകൊണ്ടേയിരിക്കുന്നു. തീവ്രവാദം,ഭീകരപ്രവർത്തനം, ക്രൂരത, അസഹിഷ്ണുത, അപരിഷ്കൃതം, സ്ത്രീവിരുദ്ധം, ദേശവിരുദ്ധം തുടങ്ങി നിരവധി ആരോപണങ്ങളാണ് വിമർശകന്മാർ ഉന്നയിച്ചു കൊണ്ടിരിക്കുന്നത്. ഇതിലൂടെ പ്രധാനമായും രണ്ട് കാര്യങ്ങളാണ് ഇസ്ലാം വിരുദ്ധ ശക്തികൾ ലക്ഷ്യം വെക്കുന്നത്. ഇസ്ലാം പേടി സൃഷ്ടിച്ച് മുസ്‌ലിംകളോട് വെറുപ്പ് വളർത്തി മറ്റുള്ളവരെ അവരിൽ നിന്നകറ്റുക. അങ്ങനെ ഇസ്ലാമിനെ സംബന്ധിച്ച് അറിയാനും മുസ്ലിംകളെ അനുഭവിക്കാനുമുള്ള അവസരം ഇല്ലാതാക്കുക. അതിലൂടെ ഇസ്ലാമിൻറെ മുന്നേറ്റത്തെ പ്രതിരോധിക്കുകയെന്നതാണ് അവയിലൊന്ന്. രണ്ടാമത്തെ ഗൂഢലക്ഷ്യം മുസ്ലിംകൾ നാടിനും സമൂഹത്തിനും ആപത്താണെന്ന പൊതുബോധം വളർത്തി അവരെ ഉന്മൂല നാശം വരുത്താൻ പശ്ചാത്തലമൊരുക്കുക. അങ്ങനെ തങ്ങളുടെ വംശീയാധിപത്യം അരക്കിട്ടുറപ്പിക്കുക.

പ്രതിയോഗികൾ നിരന്തരമായ വ്യാജാരോപണങ്ങളിലൂടെയും പ്രചാരണങ്ങളിലൂടെയും സമൂഹത്തിൽ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ഇസ്ലാം പേടിയെ പ്രതിരോധിക്കാനും അതിജയിക്കാനും അങ്ങനെ ഇസ്‌ലാമിൻറെയും മുസ്‌ലിംകളുടെയും അതിജീവനം സാധ്യമാക്കാനും ബോധപൂർവ്വവും ആസൂത്രിതമായ ശ്രമങ്ങൾ നടക്കേണ്ടതുണ്ട്. ഇതുമായി ബന്ധപ്പെട്ട ചില വശങ്ങളാണ് ഇവിടെ വിശദീകരിക്കുന്നത്.

1) ഇസ്ലാമോ ഫോബിയ വളരെ വേഗം പ്രചാരം നേടാൻ കാരണം രാജ്യത്തെ മഹാഭൂരിപക്ഷം വരുന്ന സഹോദര സമുദായങ്ങൾക്ക് ഇസ്ലാമിനെ സംബന്ധിച്ച തികഞ്ഞ അജ്ഞതയും ഗുരുതരമായ തെറ്റിദ്ധാരണയുമാണ്. മുസ്ലിംകളുമായി അടുത്തിടപഴകാനോ അവരെ അനുഭവിച്ചറിയാനോ അവസരം ലഭിക്കാത്തതിനാൽ വ്യാപകമായ എതിർ പ്രചാരണങ്ങൾ സമൂഹത്തെ സാരമായി സ്വാധീനിക്കുന്നു. അതുകൊണ്ടുതന്നെ ഇസ്ലാമോ ഫോബിയയെ പ്രതിരോധിക്കാൻ ഏറ്റവും ഫലപ്രദമായ മാർഗങ്ങളിലൊന്ന് സഹോദര സമുദായങ്ങളുമായി പരമാവധി അടുത്ത ബന്ധം സ്ഥാപിച്ചും വ്യത്യസ്ത കൂട്ടായ്മകളുണ്ടാക്കിയും അന്യോന്യം അനുഭവിച്ചറിയാനും മനസ്സിലാക്കാനും അവസരമൊരുക്കുകയെന്നതാണ്. ഇന്ത്യയിലെ വർഗീയ ഫാസിസ്റ്റുകളെപ്പോലെ ഇസ്‌ലാമിനോട് ശത്രുത പുലർത്തുകയും മുസ്ലിം ഉന്മൂലനത്തിന് പ്രചാരണം നടത്തുകയും ചെയ്യുന്ന ജർമ്മനിയിലെ തീവ്രവലതുപക്ഷ പാർട്ടിയാണ് ആൾട്ടർനേറ്റീവ് ഫോർ ജർമ്മനി. അതിൻറെ പ്രമുഖനേതാവ് ആർതർ വാഗ് നറിന് മനം മാറ്റവും ആദർശ മാറ്റവുമുണ്ടായത് ചെച്നിയൻ അഭയാർത്ഥികളായ മുസ്‌ലിംകളുമായി അടുത്തിടപഴകാൻ അവസരം ലഭിച്ചതിനാലാണ്. നെതർലൻഡിലെ തീവ്ര മുസ്ലിം വിരുദ്ധ സംഘടനയായ ഫ്രീഡം പാർട്ടിയുടെ പ്രമുഖ നേതാവ് ജെറാം വാൻ ക്ലവരനെ പൂർണ്ണമായും പരിവർത്തിപ്പിച്ചതും മുസ്‌ലിംകളും മായുള്ള അടുത്തബന്ധം തന്നെ.

പുതിയ കാലത്ത് ഇസ്ലാം സ്വീകരിച്ച ലോകത്തിലെ ഏറ്റവും ശ്രദ്ധേയയായ വനിത മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലയറുടെ ഭാര്യാസഹോദരി ലോറൻ ബൂത്താണ്. ഫലസ്തീൻ മുസ്ലിംകൾ, നിരപരാധികളെ കശാപ്പ് ചെയ്യുന്ന തീവ്രവാദികളും ഭീകരപ്രവർത്തകരുമാണെന്ന ധാരണയാണ് മാധ്യമ പ്രവർത്തകയായ ലോറൻ ബൂത്തിനുണ്ടായിരുന്നത്.2010ൽ ഫലസ്തീനിലെത്തിയ അവർ റോഡിലൂടെ നടക്കുകയായിരുന്നു. നല്ല തണുപ്പുണ്ടായിരുന്നു. അപ്പോൾ മധ്യവയസ്കയായ ഒരു ഫലസ്തീനീ വനിത അവരുടെ കൈപിടിച്ച് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവർക്ക് ഇംഗ്ലീഷ് അറിയില്ലായിരുന്നു..ലോറൻ ബൂത്തിന് അറബിയും അറിയില്ലായിരുന്നു. അതിനാൽ തന്നെ കൊല്ലാൻ കൊണ്ടു പോവുകയാണോയന്ന് അവർ ഭയപ്പെട്ടു. വീട്ടിലെത്തിയ ഉടനെ ആ ഫലസ്തീനീ വനിത ചൂടുള്ള കാപ്പിയും പലഹാരവും കൊടുത്തു. അകത്തുപോയി തൻറെ മകളുടെ സ്വറ്റർ കൊണ്ടുവന്ന് അവരെ പുതപ്പിക്കുകയും ചെയ്തു. പിന്നീട് അവരെ കൊണ്ടുപോയ അതേ സ്ഥലത്ത് തന്നെ തിരിച്ചു കൊണ്ട് വന്നാക്കുകയും ചെയ്തു. ഇതേക്കുറിച്ച് അവർ പറഞ്ഞത് എൻറെ ആദ്യത്തെ ഫലസ്തീനിയൻ ഇസ്ലാമിക അനുഭവം എന്നാണ്. 2010 ഒക്ടോബർ 23 ന് ഇസ്ലാം ചാനലിൽ ഗ്ലോബൽ പീസ് ആൻഡ് യൂനിറ്റി പരിപാടിയിൽ ഹിജാബ് ധരിച്ചെത്തിയ അവർ പറഞ്ഞു:”എൻറെ പേര് ലോറൻ ബൂത്ത്. ഞാനൊരു മുസ്ലിമാണ്. ഒരു റിപ്പോർട്ടർ എന്ന നിലയിൽ പലസ്തീനിലെ അനുഭവങ്ങളാണ് എന്നെ ഇസ്ലാമിലെത്തിച്ചത്.”

2.) ഇസ്ലാം വിരുദ്ധ ശക്തികളുടെ അജണ്ട തിരിച്ചറിയുകയും അതിൽ വീഴാതിരിക്കുകയും ചെയ്യുക. വർഗീയ ചേരിതിരിവ് സൃഷ്ടിച്ച് വെറുപ്പ് വളർത്തി സാമുദായിക ധ്രുവീകരണം സൃഷ്ടിക്കുകയെന്നതാണ് അവരുടെ അജണ്ട. അതവർക്ക് വമ്പിച്ച നേട്ടമുണ്ടാക്കുന്നതും മുസ്ലിംകൾക്കു വലിയ നഷ്ടം വരുത്തുന്നതുമാണ്. അതുകൊണ്ടുതന്നെ സാമുദായിക ധ്രുവീകരണത്തിന് ആക്കം കൂട്ടിയേക്കാവുന്ന ഒന്നും മുസ്ലിംകളുടെ ഭാഗത്ത് ഉണ്ടാവാതിരിക്കാൻ നിതാന്ത ജാഗ്രത പുലർത്തണം. വെറുപ്പിനെ വെറുപ്പ് കൊണ്ടോ വർഗീയതയെ വർഗീയത കൊണ്ടോ വംശീയതയെ സാമുദായികത കൊണ്ടോ അക്രമത്തെ അക്രമം കൊണ്ടോ അല്ല നേരിടേണ്ടത്. വെറുപ്പിനെ സ്നേഹം കൊണ്ടും തിന്മയെ നന്മ കൊണ്ടും വർഗീയതയെ സഹിഷ്ണുത കൊണ്ടും വംശീയതയെ സാഹോദര്യം കൊണ്ടുമാണ് അഭിമുഖീകരിക്കേണ്ടത്.
ഒരു പ്രബോധക സംഘമെന്ന നിലയിൽ മുസ്‌ലിംകൾക്ക് അല്ലാഹു നൽകിയ നിർദ്ദേശം ഒരുകാരണവശാലും വിസ്മരിക്കാവതല്ല.
“നന്മയും തിന്മയും തുല്യമാവുകയില്ല. തിന്മയെ ഏറ്റവും നല്ല നന്മകൊണ്ട് തടയുക. അപ്പോൾ നിന്നോട് ശത്രുതയിൽ കഴിയുന്നവൻ ആത്മമിത്രത്തെപ്പോലെയായിത്തീരും.ക്ഷമ പാലിക്കുന്നവർക്കല്ലാതെ ഈ നിലവാരത്തിലെത്താനാവില്ല. മഹാഭാഗ്യവാനല്ലാതെ ഈ പദവി ലഭ്യമല്ല.
പിശാചിൽ നിന്നുള്ള വല്ല ദുഷ്‌പ്രേരണയും നിന്നെ ബാധിച്ചാൽ നീ അല്ലാഹുവിൽ ശരണംതേടുക. അവൻ എല്ലാം കേൾക്കുന്നവനും അറിയുന്നവനുമാണ്.”(41:34-36)

3) ഒരു കാരണവശാലും അപകർഷബോധത്തിനോ ആത്മ നിന്ദക്കോ അടിമപ്പെടരുത്. ക്ഷമാപണ ശൈലിയോടെ സംസാരിക്കരുത്. ആത്മവിശ്വാസവും ആത്മാഭിമാനവും കൈവിടാതെ സഹോദര സമുദായങ്ങളുമായി ആരോഗ്യകരമായ ആശയ സംവാദത്തിലേർപ്പെടുക. സംവാദം എപ്പോഴും ജനാധിപത്യപരവും സർഗ്ഗാത്മകവുമായിരിക്കണം. വൈകാരികമായ ഏറ്റുമുട്ടലുകൾക്ക് പകരം പക്വവും വിവേകപൂർവവും ബുദ്ധിപരവും രചനാത്മകവുമായ സമീപനമാണ് സ്വീകരിക്കേണ്ടത്. ചർച്ചകളും സംഭാഷണങ്ങളും വാദിക്കാനും ജയിക്കാനും തർക്കിക്കാനും തോൽപിക്കാനുമാകവരുത്. ഗുണകാംക്ഷാ പൂർവ്വമായ ആശയവിനിമയത്തിന് വേണ്ടിയായിരിക്കണം.

4) ഇസ്ലാം വിരുദ്ധ ശക്തികളുടെ പ്രചാരണം കാരണമായി ഇസ്ലാം വളരെയേറെ ചർച്ചാ വിധേയമായിട്ടുണ്ട്. എന്നല്ല, ഇസ്‌ലാമിനെയും മുസ്‌ലിംകളെയും സംബന്ധിച്ച വർത്തമാനമില്ലാത്ത ഒരു നിമിഷം പോലും ഇല്ലെന്നതാണ് സമകാലീനാവസ്ഥ.ഇതൊരവസരമായി ഉപയോഗപ്പെടുത്തുകയാണ് വേണ്ടത്. സമൂഹത്തിലെ നല്ലൊരു ശതമാനം ആളുകൾ ഇസ്ലാമിലെ ജിഹാദ്, ഹിജാബ്, ഹലാൽ, ഇതര സമൂഹങ്ങളോടുള്ള സമീപനം, നിർബന്ധ മതം മാറ്റം പോലുള്ള വിവിധ വിവാദ വിഷയങ്ങളെ സംബന്ധിച്ച് അറിയാൻ അതിയായ താൽപര്യമുള്ളവരാണ്. അതുകൊണ്ടുതന്നെ ഇസ്ലാമിനെ സംബന്ധിച്ചും അതിലെ വിവാദപരമായ വിഷയങ്ങളെക്കുറിച്ചും സമൂഹത്തോട് സംസാരിക്കാൻ ഏറ്റം പറ്റിയ അവസരമാണിത്. സത്യം മനസ്സിലാക്കുമ്പോൾ തെറ്റിദ്ധാരണകൾ തിരുത്താൻ സുമനസ്സുകൾ സന്നദ്ധമാവാതിരിക്കില്ല. അതുകൊണ്ടുതന്നെ ഒറ്റക്കും കൂട്ടായും ഈ അവസരം ഫലപ്രദമായി പ്രയോജനപ്പെടുത്താൻ മുഴുവൻ വിശ്വാസികളും പരമാവധി ശ്രമിക്കണം.

5) രാഷ്ട്രീയ നേതാക്കൾ, എഴുത്തുകാർ, പത്രപ്രവർത്തകർ, സാംസ്കാരിക നായകൻമാർ, സർക്കാർ ഉദ്യോഗസ്ഥർ, സമൂഹത്തെ സ്വാധീനിക്കാൻ കഴിയുന്ന മറ്റു പ്രമുഖർ തുടങ്ങിയവരുമായി നിരന്തര ബന്ധം പുലർത്തുകയും ഇസ്ലാമിനെ യഥാവിധി അവർക്ക് പരിചയപ്പെടുത്താൻ ശ്രമിക്കുകയും വേണം. പ്രാദേശികം, ജില്ലാ, സംസ്ഥാനം, ദേശീയം എന്നീ തലങ്ങളിലെല്ലാം ഈ ശ്രമം അവിരാമം തുടരണം. ഇസ്ലാമിക സമൂഹം അതിൻറെ ചരിത്രത്തിലെ ഏറ്റവും ഗുരുതരമായ പ്രതിസന്ധിയെയും പതനത്തെയും വിസ്മയകരമാം വിധം മറികടന്ന് വമ്പിച്ച മുന്നേറ്റം നടത്തിയത് പ്രധാനമായും ഒരൊറ്റ വ്യക്തിയിലുണ്ടായ മാറ്റം കാരണമായാണ്.

ക്രിസ്ത്വബ്ദം പതിമൂന്നും പതിനാലും നൂറ്റാണ്ടുകളിൽ മംഗോളുകളും താർതാരികളും മുസ്ലിം നാടുകളെ തകർത്ത്ൽ തരിപ്പണമാക്കി. ലക്ഷക്കണക്കിനാളുകളെ ക്രൂരമായി കൊലപ്പെടുത്തി. കൊല്ലപ്പെട്ട പതിനായിരക്കണക്കിന് പുരുഷന്മാരുടെ ഭാര്യമാരെയും മക്കളെയും സഹോദരിമാരെയും വെപ്പാട്ടികളാക്കി. മുസ്ലിംകൾ തുല്യതയില്ലാത്ത വിധം ഭീരുക്കളും നിരാശരുമായി. ശത്രുക്കളുടെ മുമ്പിൽ അകപ്പെട്ടാൽ ഓടിപ്പോകാനുള്ള ധൈര്യം പോലും അവർക്കുണ്ടായിരുന്നില്ല. എന്നാൽ സമാനതകളില്ലാത്ത ഈ പ്രതിസന്ധിയിലും വിശ്വാസ ദാർഢ്യതയോടെ ഉത്തരവാദിത്വം നിർവഹിച്ച ചില പണ്ഡിതന്മാരും പ്രബോധകരുമുണ്ടായിരുന്നു. അവരുടെ ധീരവും ക്ഷമാപൂർവ്വവും പക്വവുമായ സമീപനമാണ് ചരിത്രത്തിൻറെ ഗതി മാറ്റിമറിച്ചത്. അവരിൽ ഏറെ പ്രമുഖനാണ് ബുഖാറയിലെ ശൈഖ് ജമാലുദ്ദീൻ. പതിനാലാം നൂറ്റാണ്ടിൻറെ തുടക്കത്തിൽ കാശ്ഗറിലെ രാജകുമാരനായിരുന്നു തൈമൂർഖാൻ.താർതാരികളുടെ നേതാവായിരുന്ന ഹലാകുഖാൻറെ പേരക്കുട്ടിയാണ് തൈമൂർഖാൻ. ശൈഖ് ജമാലുദ്ദീൻ തൻറെ ശിഷ്യന്മാരോടൊന്നിച്ച് തൈമൂറിൻറെ കളിക്കളത്തിലൂടെ കടന്നുപോയി. വിവരമറിഞ്ഞ തൈമൂർഖാൻ കോപാകുലനായി. ശൈഖ് ജമാലുദ്ദീനെ കൈകാലുകൾ ബന്ധിച്ച് തൻറെ മുമ്പിൽ ഹാജരാക്കാൻ കൽപ്പിച്ചു. രാജകിങ്കരന്മാർ അദ്ദേഹത്തെ തൈമൂറിൻറെ മുന്നിലിട്ട് ക്രൂരമായി മർദ്ദിച്ചു. ശൈഖ് ജമാലുദ്ദീൻ എല്ലാം സഹിച്ചു. ക്ഷമിച്ചു. തൻറെ ശാന്തതയോ സൗമ്യതയോ കൈവിട്ടില്ല. ഇത് തൈമൂറിനെ കൂടുതൽ കോപാകുലനാക്കുകയാണുണ്ടായത്. ശൈഖ് ജമാലുദ്ദീനെ പ്രകോപിപ്പിക്കാനായി അയാൾ ചോദിച്ചു”നീയോ എൻറെ വീട്ടിലെ നായയോ കൂടുതൽ മെച്ചം?”

“ഞാനിപ്പോഴുള്ള പോലെ ജീവിക്കുകയാണെങ്കിൽ ഞാനാണ് മെച്ചം. അല്ലെങ്കിൽ നിങ്ങളുടെ നായയും.”
ഇത് കേട്ട തൈമൂർ ചോദിച്ചു:”എന്താണ് താങ്കൾ ഇങ്ങനെ പറയാൻ കാരണം?”
“എനിക്ക് ജീവനും ജീവിതവും ജീവിക്കാൻ ആവശ്യമുള്ളതുമെല്ലാം തന്ന എൻറെ സ്രഷ്ടാവിനോട് നന്ദി കാണിക്കുന്ന ജീവിതമാണ് ഞാനിപ്പോൾ നയിക്കുന്നത്. അത് തുടരുവോളം ബോധപൂർവ്വം ഈ മാർഗം സ്വീകരിച്ച ഞാനാണ് മഹാൻ. അല്ലെങ്കിൽ ആഹാരം നൽകുന്ന താങ്കളോട് നന്ദി കാണിക്കുന്ന താങ്കളുടെ നായയും.”

ഇത് കേട്ട് അമ്പരന്ന തൈമൂർ ശൈഖ് ജമാലുദ്ദീൻറെ കൈകളിലെ വിലങ്ങ് അഴിക്കാൻ ആജ്ഞാപിച്ചു. തുടർന്ന് അദ്ദേഹം പറഞ്ഞതിൻറെ വിശദീകരണം ചോദിച്ചു. കിട്ടിയ അവസരം ഉപയോഗിച്ച് ശൈഖ് ജമാലുദ്ദീൻ ഇസ്ലാമിനെ ചുരുങ്ങിയ വാക്കുകളിൽ പരിചയപ്പെടുത്തിക്കൊടുത്തു. അതോടെ ശിലാ ഹൃദയനായ തൈമൂറിൻറെ മനസ്സ് തരളിതമായി. താങ്കളുടെ മറുപടി എന്നെ സ്വാധീനിച്ചു. അത് ശരിയാണെന്ന് എനിക്ക് ബോധ്യമായിരിക്കുന്നു.തുടർന്ന് അദ്ദേഹം ഇങ്ങനെ പറഞ്ഞതായി ‘ഇസ്ലാംപ്രബോധവും പ്രചാരണവും’ എന്ന പുസ്തകത്തിൽ തോമസ് ആർനൾഡ് ഉദ്ധരിക്കുന്നു. “ഇസ്ലാമിൽ എൻറെ വിശ്വാസം ഇപ്പോൾ പ്രഖ്യാപിച്ചാൽ എൻറെ പ്രജകൾ എന്നെ അനുഗമിക്കില്ല. അല്പം ക്ഷമിക്കുക. പിതാക്കന്മാരുടെ രാജ്യം എൻറെ കൈവശത്തിലാവുമ്പോൾ എൻറെ അരികിൽ വരിക.(പുറം: 192)

വിധിവശാൽ ശൈഖ് ജമാലുദ്ദീൻറെ ജീവിതകാലത്ത് തൈമൂർ രാജപദവിയിലെത്തിയില്ല. രോഗബാധിതനായി കിടപ്പിലായപ്പോൾ അദ്ദേഹം മകൻ ശൈഖ് അർശദുദ്ദീനോട് ഇങ്ങനെ പറഞ്ഞു:”തുഗ്ലക്ക് തൈമൂർ ഒരുനാൾ മഹാ സാമ്രാട്ടായിത്തീരും. അദ്ദേഹത്തിൻറെ അടുത്ത് പോകാനും അദ്ദേഹം എനിക്ക് നൽകിയ പഴയ വാഗ്ദാനം പാലിക്കണമെന്ന് ആവശ്യപ്പെടാനും നീ ധൈര്യം കാണിക്കണം.” ക്രിസ്താബ്ദം 1347 ൽ തൈമൂർ രാജാവായി. ഈ സന്ദർഭം ഉപയോഗിച്ച് ശൈഖ് അർശദുദ്ദീൻ രാജാവിനെ കാണാൻ പല ശ്രമങ്ങളും നടത്തി. പക്ഷേ ഒന്നും വിജയിച്ചില്ല. മാസങ്ങളോളം കാത്തിരുന്നിട്ടും രാജ കൊട്ടാരത്തിലേക്ക് പ്രവേശനാനുമതി ലഭിച്ചില്ല. അവസാനം സാഹസികമായ ഒരു പരീക്ഷണം നടത്താൻ തീരുമാനിച്ചു. രാജാവിൻറെ കിടപ്പുമുറിയുടെ അടുത്തുള്ള കാട്ടിൽ ഒരു കുടിൽ കെട്ടി അവിടെ താമസമാക്കി. എല്ലാ ദിവസവും പ്രഭാതത്തിൽ ഉച്ചത്തിൽ ബാങ്ക് വിളിക്കാൻ തുടങ്ങി. ഒരു ദിവസം ബാങ്ക് കേട്ടുണർന്ന തൈമൂർ ശബ്ദമുണ്ടാക്കിയ ആളെ തൻറെ മുമ്പിൽ ഹാജരാക്കാൻ കൽപ്പിച്ചു. രാജാവിൻറെ മുമ്പിൽ കൊണ്ടുവരപ്പെട്ട ശൈഖ് അർശദുദ്ദീൻ അദ്ദേഹം പിതാവുമായി നടത്തിയ സംഭാഷണവും നൽകിയ വാഗ്ദാനവും ഓർമിപ്പിച്ചു. തുടർന്ന് ഇങ്ങനെ പറഞ്ഞു:”ഇപ്പോൾ അല്ലാഹു താങ്കളെ രാജാവാക്കിയിരിക്കുന്നു. ഇനി വാഗ്ദാനം പൂർത്തീകരിക്കുക.”
ഇതുകേട്ട് തൈമൂർ പറഞ്ഞു:”അധികാരമേറ്റ അന്ന് തൊട്ട് എൻറെ വാഗ്ദാനത്തെപ്പറ്റി ഓർത്തിരിക്കുകയായിരുന്നു ഞാൻ. എന്നാൽ ഞാൻ വാഗ്ദാനം നൽകിയ മനുഷ്യൻ വന്നില്ല. അതിനാൽ ഇപ്പോൾ നിങ്ങൾക്ക് സ്വാഗതം.”(അതേ പുസ്തകം. പുറം: 192) അങ്ങനെ തൈമൂർ സന്മാർഗം സ്വീകരിച്ചു.

6) ഇസ്ലാമിനെ സംബന്ധിച്ച തെറ്റിദ്ധാരണകൾ നീക്കാനും അതിനെ പരിചയപ്പെടുത്താനും മത പണ്ഡിതന്മാരാകണമെന്നില്ല. 1256 മുതൽ 1267 വരെ അധികാരം നടത്തിയ മംഗോളിയൻ ഭരണാധികാരി ബറാക്കാ ഖാൻ ഇസ്ലാം സ്വീകരിച്ചത് അദ്ദേഹം ബുഖാറയിൽ നിന്ന് വരുമ്പോൾ ഒരു കച്ചവട സംഘത്തിലെ രണ്ടാളുകളുമായിബന്ധപ്പെടാനും അവരിലൂടെ ഇസ്‌ലാം മനസ്സിലാക്കാനും സാധിച്ചതിലൂടെയാണ്. പതിനായിരക്കണക്കിന് ചെറുപ്പക്കാരെ ക്രൂരമായി കൊലപ്പെടുത്തിയ താർത്താരികൾ അവരുടെ ഭാര്യമാരെയും മക്കളെയും സഹോദരിമാരെയും വെപ്പാട്ടികളാക്കി. പ്രമുഖരായ ഭരണാധികാരികളുൾപ്പെടെ ആയിരക്കണക്കിന് താർത്താരികൾ ഇസ്ലാം സ്വീകരിച്ചത് നിർബന്ധിതരായി അവരുടെ ജീവിത പങ്കാളികളായി മാറിയ അടിമസ്ത്രീകളായ ആ മുസ്ലിം വനിതകളിലൂടെയാണ്. കാസാൻ ഷായുടെ സഹോദരനായ അവൽ ജാതൂഖാൻ ഇസ്ലാമിൽ ആകൃഷ്ടനായത് അദ്ദേഹത്തിൻറെ അടിമ സ്ത്രീയായിരുന്ന മുസ്ലിം വനിതയിലൂടെയാണ്. അങ്ങനെ ആ രാജ കുടുംബം മുഴുവൻ വിശ്വാസികളായി.
മുസ്ലിംകളോട് കടുത്ത ശത്രുത പുലർത്തിയിരുന്നു ചക് തായി ഗോത്രം. മുസ്ലിമായ ജീവിതപങ്കാളിയിലൂടെ സൻമാർഗ്ഗം സ്വീകരിച്ച ഹലാകുഖാനിലൂടെയാണ് ആ ഗോത്രം മുഴുവൻ മാറിയത്.മുബാറക് ഷായും ബുറാഖാനും ഇസ്ലാം ആശ്ലേഷിച്ചു.(അവലംബം.’ പ്രബോധനം അനുഭവങ്ങളും പാഠങ്ങളും’. പുറം: 69)

7) തെറ്റിദ്ധാരണകൾ നീക്കുന്നതിലും ഇസ്ലാമിനെ അറിയുന്നതിലും പുസ്തകങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്.
ഓരോ മുസ്ലിമും സാധ്യതയുടെ പരമാവധി സഹോദര സമുദായാംഗങ്ങളുമായി ഉറ്റ ബന്ധം സ്ഥാപിക്കുക. അവരോട് തികഞ്ഞ ഗുണകാംക്ഷ പുലർത്തുക. വാക്കുകളിലൂടെയും കർമ്മങ്ങളിലൂടെയും ഇസ്ലാമിനെ സംബന്ധിച്ച തെറ്റിദ്ധാരണകൾ നീക്കാനും അതിനെ പരിചയപ്പെടാനും അവസരമൊരുക്കുക. അതിന് സഹായകമായ പുസ്തകങ്ങളും വീഡിയോകളും മറ്റും കൈമാറുക.

മാധ്യമങ്ങളിലൂടെ ഇസ്ലാമിനെ സംബന്ധിച്ച് നടത്തുന്ന ദുഷ്പ്രചാരണങ്ങളെ മാധ്യമങ്ങളിലൂടെ തന്നെ ഫലപ്രദമായി പ്രതിരോധിക്കുക. സമകാലീന സമൂഹത്തിൽ ഇതിനായി കൂടുതൽ ഉപയോഗപ്പെടുത്തുന്നത് സാമൂഹ്യമാധ്യമങ്ങളാണ്. അതിനാൽ തെറ്റിദ്ധാരണകൾ നീക്കാനും ശരിയായ ധാരണകൾ സൃഷ്ടിക്കാനും ഇപ്പോൾ ഏറ്റവും ഫലപ്രദം സാമൂഹ്യ മാധ്യമങ്ങളാണ്. അതിനെ ഫലപ്രദമായി ഉപയോഗപ്പെടുത്താൻ വിശ്വാസികൾ ബാധ്യസ്ഥരാണ്. എന്നാലിന്ന് ചിലരെങ്കിലും പ്രയോഗിക്കുന്ന ഭാഷയും ശൈലിയും മാറ്റുക തന്നെ വേണം. വിമർശകന്മാർ എത്ര തന്നെ പ്രകോപനം സൃഷ്ടിച്ചാലും ഒട്ടും പ്രകോപിതരാവരുത്. അതിവൈകാരികതക്ക് അടിപ്പെടുത്. അസഭ്യമോ അശ്ലീലമോ ആയ പദങ്ങൾ പ്രയോഗിക്കരുത്. എല്ലാം മാന്യവും ഗുണകാംക്ഷപരവുമാകണം. അഥവാ എഴുതുന്നതും പറയുന്നതും അനുയായികളുടെ ലൈക്ക് വാങ്ങാനോ അവരുടെ അധമവികാരം തൃപ്തിപ്പെടുത്താനോ ആകരുത്. വിയോജിപ്പുള്ളവരിൽ പോലും ആദരവും മതിപ്പുമുളവാക്കുന്നതാവണം. വിമർശകരെ സ്വാധീനിക്കലും അവരുടെ മനസ്സ് മാറ്റലുമായിരിക്കണം ലക്ഷ്യം. അതുകൊണ്ട് തന്നെ ഒട്ടും നിഷേധാത്മകമാകരുത്. തീർത്തും രചനാത്മകമായിരിക്കണം.

9) “ഉത്തമ സ്വഭാവങ്ങളുടെ പൂർത്തീകരണത്തിനാണ് താൻ നിയോഗിതനായതെന്ന്”പ്രവാചകൻ പറഞ്ഞിട്ടുണ്ട്. ചരിത്രത്തിൽ പ്രമുഖരായ പലരെയും അഗാധമായി സ്വാധീനിച്ചത് ഇസ്‌ലാമിനെ പ്രതിനിധീകരിക്കുന്നവരുടെ സ്വഭാവ മഹിമയും പെരുമാറ്റ നന്മയുമാണ്. യുവാൻ റിഡ്ലിയും അബ്ദുല്ല അടിയാറുക്കെ അതിൻറെ മികച്ച ഉദാഹരണമാണ്.
സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ഗവർണർ ജനറലും സ്വതന്ത്ര പാർട്ടിയുടെ സ്ഥാപക നേതാവുമായ രാജഗോപാലാചാരി ഇസ്‌ലാമിനെയും മുസ്‌ലിംകളെയും സംബന്ധിച്ച് അങ്ങേയറ്റം മതിപ്പ് പുലർത്തിയിരുന്നു. അതിന് വഴിയൊരുക്കിയത് കട്ടക്കിൽ താമസിക്കവേ ഒരു ശിപായിയുടെ ഭാഗത്ത് നിന്നുണ്ടായ മികച്ച സമീപനമാണ്.

10) ഇസ്ലാമിനെ സംബന്ധിച്ച തെറ്റിദ്ധാരണ വളർത്തുന്നതിൽ മുസ്ലിംകളുടെ ജീവിതരീതിയും അനല്പമായ പങ്കുവഹിക്കുന്നുണ്ട്. അത് കൊണ്ട് തന്നെ ഇസ്ലാമോ ഫോബിയക്ക് അറുതി വരുത്തുന്നതിൽ സമുദായത്തിൻറെ സംസ്കരണത്തിന് വമ്പിച്ച പങ്കുണ്ട്. വിശുദ്ധ ഖുർആൻ വിശേഷിപ്പിച്ച പോലെ ജീവിത വിശുദ്ധിയിലൂടെ മാതൃകാപരമായ ഉത്തമ സമൂഹമായി മാറുകയെന്നതാണ് സർവപ്രധാനം. ഇസ്ലാമിക ചരിത്രത്തിലുടനീളം ലക്ഷക്കണക്കിനാളുകളെ സന്മാർഗത്തിലെത്തിച്ചത് മുസ്ലിം സമൂഹത്തിൻറെ ജീവിത വിശുദ്ധിയാണ്. നമ്മുടെ നാട്ടിൽ ലക്ഷക്കണക്കിനാളുകളെ ഇസ്ലാമിൻറെ ഗുണകാംക്ഷികളക്കിയതും അത് തന്നെ. വിശുദ്ധ ഖുർആൻ ആദ്യമായി ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം നടത്തിയ മുഹമ്മദ് മാർ ഡ്യൂക്ക് പിക്താൾ ഇസ്ലാമിൽ ആകൃഷ്ടനായത് ഒരിടയ ബാലൻറെ ജീവിത നന്മയാണ്. അതുമായി ബന്ധപ്പെട്ട സംഭവം സുപരിചിതമായതിനാൽ ഇവിടെ വിശദീകരിക്കുന്നില്ല.

പ്രമുഖ കോൺഗ്രസ് നേതാവായിരുന്ന ബാരിസ്റ്റർ സി.ആർ.ദാസ് ഇസ്‌ലാമിനോടും മുസ്‌ലിംകളോടും അനുഭാവപൂർവമായ സമീപനമാണ് സ്വീകരിച്ചിരുന്നത്. അല്ലാമാ ഇഖ്ബാലിൻറെ ജീവിതവിശുദ്ധി അനുഭവിച്ചറിയാൻ അവസരം ലഭിച്ചതാണ് അദ്ദേഹത്തെ അഗാധമായി സ്വാധീനിച്ചത്. കെ. പി.പ്രസന്നൻ, തന്നെ ആഴത്തിൽ സ്വാധീനിച്ച തീവണ്ടി യാത്രക്കാരനായ ഒരു സാധാരണക്കാരനെ തൻറെ ജീവിതാനുഭവങ്ങളിൽ പരിചയപ്പെടുത്തുന്നുണ്ട്. സംസ്കരണ പ്രവർത്തനങ്ങളിലൂടെ സമുദായത്തെ മാറ്റിയെടുത്താൽ അതുണ്ടാക്കുന്ന സഫലം എല്ലാ കണക്കുകൂട്ടലുകൾക്കും അപ്പുറമായിരിക്കും.

11) ഇസ്ലാം വിരുദ്ധ ശക്തികളിലുൾപ്പെട്ടവരുൾപ്പെടെ സമൂഹത്തിലെ എല്ലാവർക്കും സാധ്യമാം വിധം സാമ്പത്തികവും ശാരീരികവും മറ്റുമായ സഹായസഹകരണങ്ങൾ ചെയ്ത് കൊടുക്കാൻ മുസ്‌ലിംകൾ ബാധ്യസ്ഥരാണ്. ഹിജ്റ അഞ്ചാം വർഷം മക്കയിൽ കൊടിയ ക്ഷാമമുണ്ടായപ്പോൾ അവിടെയുണ്ടായിരുന്നത് തങ്ങളെ നാട്ടിൽ നിന്ന് ആട്ടിപ്പായിക്കുകയും നാട് വിട്ട് മദീനയിലെത്തിയിട്ടും സ്വൈരം തരാതെ യുദ്ധം നടത്തുകയും വേണ്ടപ്പെട്ട പലരെയും ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്ത ശത്രുക്കളായിരുന്നിട്ടും പ്രവാചകനും അനുയായികളും അവർക്കാവശ്യമായ ആഹാരം എത്തിച്ചുകൊടുത്ത കാര്യം വിസ്മരിക്കാവതല്ല.മുറാദ് ഹോഫ്മാനെപ്പോലുള്ള പ്രഗൽഭ വ്യക്തികളെ സന്മാർഗത്തിലേക്ക് നയിച്ചത് ഏറെ പ്രയാസകരമായ ഘട്ടത്തിൽ അവർക്ക് ലഭിച്ച സഹായസഹകരണങ്ങളാണ്.

12) നാടിൻറെയും സമൂഹത്തിൻറെയും നന്മക്കാവശ്യമായ എല്ലാ കാര്യങ്ങളിലും എല്ലാ വിഭാഗങ്ങളുമായും പൂർണ്ണമായും സഹകരിച്ച് പ്രവർത്തിക്കുക. രാജ്യത്തെ എല്ലാ നല്ല കൂട്ടായ്മകളിലും പങ്കുവഹിക്കാൻ പരമാവധി ശ്രമിക്കുക. സമൂഹ നന്മക്കായുള്ള സകല ശ്രമങ്ങളിലും പങ്കാളികളാവുക.

13) ഇസ്ലാമിക സമൂഹത്തിൻറെ നിയോഗ ലക്ഷ്യങ്ങളിലൊന്നായ നീതിക്ക് വേണ്ടി നിലകൊള്ളുക. വാക്കുകളിലും സമീപനങ്ങളിലും പ്രയോഗത്തിലും നീതിയുടെ പക്ഷത്താരിക്കുക. നല്ലതിനെ പ്രോത്സാഹിപ്പിക്കുകയും പ്രശംസിക്കുകയും പിന്തുണക്കുകയും ചെയ്യുക. ചീത്തയെ എതിർക്കുകയും വിമർശിക്കുകയും ചെയ്യുക. സാമുദായികതയോ കക്ഷി താല്പര്യമോ നീതിബോധത്തെ ക്ഷതപ്പെടുത്താതിരിക്കുക. അങ്ങനെ നന്മക്കും നീതിക്കും സത്യത്തിനും ജീവിതം കൊണ്ട് സാക്ഷ്യം വഹിക്കുക.

14) ഇന്ത്യൻ സമൂഹത്തെ സംബന്ധിച്ച പ്രതീക്ഷ കൈവിടാതിരിക്കുക. അടിസ്ഥാനപരമായി മനുഷ്യരെല്ലാം നല്ലവരാണെന്നും ഏത് മനുഷ്യനും നന്നാവാൻ സാധ്യതയുണ്ടെന്നും മനസ്സിലാക്കുക. ഫിർഔൻ പോലും നന്നായേക്കാമെന്ന് പറഞ്ഞാണല്ലോ അല്ലാഹു മൂസാ നബിയെയും ഹാറൂൻ നബിയും അദ്ദേഹത്തിൻറെ അടുത്തേക്കയച്ചത്. ഇന്ത്യയിലെ വർഗീയ ഫാസിസ്റ്റുകളെപ്പോലെത്തന്നെ ഇസ്‌ലാമിനോടും മുസ്‌ലിംകളോടും ശത്രുത പുലർത്തുന്ന യൂറോപ്പിലെ തീവ്രവലതുപക്ഷ സംഘടനയിലെ പ്രമുഖ നേതാക്കൾ സന്മാർഗം സ്വീകരിച്ച കാര്യം നേരത്തെ വ്യക്തമാക്കിയതാണല്ലോ.

15) രാജ്യത്ത് നിലവിലുള്ള അവസ്ഥ അന്തിമമല്ലെന്ന് മനസ്സിലാക്കുക. ഏത് പാതിരാവിന് ശേഷവും പ്രഭാതമുള്ള പോലെ ഘനാന്ധകാരത്തിൻറെ ഈ തുരങ്കത്തിനപ്പുറം വെളിച്ചമുണ്ടെന്നോർക്കുക. അതുകൊണ്ടുതന്നെ പ്രതീക്ഷ കൈവിടാതിരിക്കുക. അപകർഷതാബോധത്തിനും നിരാശയ്ക്കും അശുഭ ചിന്തകൾക്കും വിരാമമിടുക.

“വിശ്വസിച്ചവരേ, നിങ്ങൾ അല്ലാഹുവെ തുണക്കുന്നുവെങ്കിൽ അവൻ നിങ്ങളെയും തുണക്കും. നിങ്ങളുടെ പാദങ്ങളെ
ഉറപ്പിച്ചുനിർത്തും”.(47:7)
അത് “നമ്മുടെ കാര്യത്തിൽ സമരം ചെയ്യുന്നവരെ നാം നമ്മുടെ വഴികളിലൂടെ നയിക്കുക തന്നെ ചെയ്യും. സംശയമില്ല; അല്ലാഹു സച്ചരിതരോടൊപ്പമാണ്.(29:69)

Related Articles