പ്രവാചകൻ ഒമ്പതാമത് വിവാഹം ചെയ്തത് ജുവൈരിയയെയാണ്. ബനുൽ മുസ്ത്വലിഖ് ഗോത്രത്തലവൻ ഹാരിസാണ് പിതാവ്.
ബനുൽ മുസ്തലിഖ് മദീന അക്രമിക്കാൻ അണികളെ സജ്ജമാക്കി. പരിസരങ്ങളിലുള്ള ഗോത്രങ്ങളെ തങ്ങളോടൊപ്പം അണി നിരത്താൻ ശ്രമങ്ങളാരംഭിച്ചു. വിവരം മുൻകൂട്ടി അറിഞ്ഞ പ്രവാചകൻ അനുയായികളെ ഒരുമിച്ചുകൂട്ടി ബനുൽ മുസ്തലഖിന്റെ ഗൂഢപദ്ധതി തകർക്കാൻ സൈനിക നീക്കം നടത്തി.
മുറൈസിഅ ജലാശയത്തിനടുത്ത് വെച്ച് ഇരുവിഭാഗവും ഏറ്റുമുട്ടി. എതിരാളികളെ വേഗം പരാജയപ്പെടുത്താൻ മുസ്ലിംകൾക്ക് സാധിച്ചു. യുദ്ധത്തിൽ ബന്ദികളാക്കപ്പെട്ട അറുന്നൂറോളം പേരിൽ ഒരാളായിരുന്നു ജുവൈരിയ. അവരുടെ ഭർത്താവ് സ്വഫ്വാൻ മകൻ മുസാഫിഅ യുദ്ധത്തിൽ വധിക്കപ്പെട്ടിരുന്നു.
മകൾ തടവുകാരിയായ വിവരമറിഞ്ഞ പിതാവ് ഹാരിസുബ്നു അബീ സിറാർ മദീനയിലെത്തി പ്രവാചകനെ സമീപിച്ചു. അദ്ദേഹം പറഞ്ഞു: “”എന്റെ മകൾക്ക് ഒരു ദാസിയായി കഴിയുക സാധ്യമല്ല. അത് ഞങ്ങളുടെ അന്തസ്സിനും ആഭിജാത്യത്തിനും ചേർന്നതല്ല. പ്രതിഫലമായി എന്തു വേണമെങ്കിലും തരാം. മകളെ സ്വതന്ത്രയാക്കി എന്റെ കൂടെ അയച്ചു തരണം.”
പ്രവാചകൻ പ്രതിഫലമൊന്നും വാങ്ങാതെ ജുവൈരിയയെ സ്വതന്ത്രയാക്കി. പ്രവാചകന്റെ ഉദാര പൂർവമായ ഇൗ സമീപനത്തിൽ ആകൃഷ്ടനായ ഹാരിസ് രണ്ട് മക്കളോടൊപ്പം ഇസ്ലാം സ്വീകരിച്ചു. തുടർന്ന് മകളെ പ്രവാചകന് വിവാഹം ചെയ്ത് കൊടുത്തു. ഏഴു ഭാര്യമാരുള്ള പ്രവാചകൻ എട്ടാമത്തെ പത്നിയായി തന്റെ പുത്രിയെ സ്വീകരിച്ചതിൽ പിതാവ് ഹാരിസ് അതീവ സംതൃപ്തനായിരുന്നു. ജുവൈരിയയാണ് വിവാഹ നിർേദശം വെച്ചതെന്നും വിവാഹാഭ്യർഥന നടത്തിയതെന്നും ചില ചരിത്രകാരന്മാർ അഭിപ്രായപ്പെട്ടിട്ടുണ്ട്.
യുദ്ധത്തിൽ തടവുകാരാക്കപ്പെടുന്ന സ്ത്രീകളെ അടിമകളാക്കി വെക്കുന്ന സമ്പ്രദായമാണ് അന്നുണ്ടായിരുന്നത്. അക്കാലത്ത് അപരിചിതമായിരുന്ന അത്യുദാരമായ ഇൗ സമീപനം അദ്ദേഹത്തിന്റെ അനുചരന്മാരും പിന്തുടർന്നു. അങ്ങനെ അവരുടെ വശമുണ്ടായിരുന്ന നൂറോളം യുദ്ധത്തടവുകാരെ മോചിപ്പിച്ചു. അതിനാലാണ് പ്രവാചക പത്നി ആയിശാ ബീവി അവരെപ്പറ്റി ഇങ്ങനെ പറഞ്ഞത്: “സ്വന്തം സമുദായത്തിന് ജുവൈരിയയോളം അനുഗൃഹീതയായി മാറിയ ഒരു പെണ്ണും ഉണ്ടായിട്ടില്ല. അവൾ വഴി നൂറ് കുടുംബങ്ങളാണ് സ്വതന്ത്രരായത്.”
ഇസ്ലാമിനും ഇസ്ലാമിക സമൂഹത്തിനും ഇത് മഹത്തായ നേട്ടങ്ങൾക്ക് നിമിത്തമായി. ബനുൽ മുസ്ത്വലിഖ് ഗോത്രക്കാരിൽ ഏറെപ്പേരും ഇസ്ലാം സ്വീകരിച്ചു. മദീനയുടെ പരിസര പ്രദേശത്ത് താമസിച്ചിരുന്ന എതിരാളികൾ അനുയായികളായി മാറിയത് ഇസ്ലാമിക സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും ശാക്തീകരണത്തിനും ഭദ്രതക്കും വികാസത്തിനും വഴിയൊരുക്കി.
ഗോത്ര നേതാവിന്റെ മകളായി പിറന്ന് പ്രൗഢമായ ജീവിതം നയിച്ചിരുന്ന ജുവൈരിയ ഇസ്ലാം സ്വീകരിച്ചതോടെ പരമഭക്തയും വിരക്തയുമായി മാറി. പ്രാർഥനകളിലും കീർത്തനങ്ങളിലുമായി കഴിഞ്ഞുകൂടിയ അവർ അറുപത്തഞ്ചാമത്തെ വയസ്സിൽ ഹിജ്റ 55 ൽ പരലോകം പ്രാപിച്ചു. സാമൂഹികവും രാഷ്ട്രീയവുമായ കാരണങ്ങളാലാണ് ജുവൈരിയയെ അവരുടെ പിതാവിന്റെ താൽപര്യ പ്രകാരം പ്രവാചകൻ വിവാഹം ചെയ്തതെന്നത് വിശദീകരണമാവശ്യമില്ലാത്ത വിധം വ്യക്തമാണ്.
ഖുറൈശികളെ സ്വാധീനിച്ച വിവാഹ ബന്ധം
പ്രവാചകൻ പതിനൊന്നാമതായി വിവാഹം ചെയ്തത് മൈമൂനയെയാണ്. അവരുടെ ആദ്യ പേര് ബർറ എന്നായിരുന്നു. വിവാഹശേഷം നബി തിരുമേനിയാണ് അവരുടെ പേര് മാറ്റിയത്. പിതാവ് ഹാരിസ്, ഹിലാൽ ഗോത്രക്കാരനാണ്; മാതാവ് പ്രമുഖ ഗോത്രാംഗമായ ഹിന്ദും. ഹാരിസിന് 16 പെൺമക്കളുണ്ടായിരുന്നു. പ്രവാചകന്റെ പിതൃവ്യന്മാരായ ഹംസയും അബ്ബാസും മൈമൂനയുടെ സഹോദരിമാരുടെ ഭർത്താക്കന്മാരാണ്. പ്രവാചകത്വത്തിന് ആറുവർഷം മുമ്പാണ് അവർ ജനിച്ചത്.
മൈമൂനയെ ആദ്യം വിവാഹം ചെയ്തത് അംറിന്റെ മകൻ മസ്ഉൗദാണ്. അദ്ദേഹത്തിന്റെ കാലശേഷം അബൂറഹം അവരെ കല്യാണം കഴിച്ചു. അദ്ദേഹം മരണപ്പെട്ടപ്പോൾ അവരെ പ്രവാചകന് വിവാഹം ചെയ്തുകൊടുക്കാൻ കുടുംബക്കാർ അതിയായാഗ്രഹിച്ചു. സഹോദരീ ഭർത്താവും പ്രവാചകന്റെ പിതൃവ്യനുമായ അബ്ബാസാണ് നബി തിരുമേനിയോട് വിവാഹാഭ്യർഥന നടത്തിയത്.
പ്രവാചകൻ അനുകൂലമായി പ്രതികരിച്ചുവെങ്കിലും ഖൈബർ യുദ്ധം ഉണ്ടായതിനാൽ വിവാഹം നീട്ടി വെക്കേണ്ടി വന്നു. ഹുദൈബിയാ സന്ധി വ്യവസ്ഥയനുസരിച്ച് ഹിജ്റ ഏഴാം കൊല്ലം നടന്ന ഉംറ വേളയിൽ മക്കയിൽ വെച്ചാണ് നബി തിരുമേനി മൈമൂനയെ വിവാഹം ചെയ്തത്. സരിഫിൽ വെച്ചായിരുന്നു പ്രഥമ സംഗമം. പിന്നീട് അവരെ മദീനയിലേക്ക് കൂട്ടിക്കൊണ്ടു വന്നു.
മൈമൂനയുമായുള്ള വിവാഹം ഖുറൈശികളുടെ ഇസ്ലാം വിരോധത്തിന് കുറവ് വരുത്തി. അതിന് ശേഷമാണ് അവരുടെ സഹോദരിപുത്രനും പ്രമുഖ പോരാളിയുമായ ഖാലിദ് ബ്നു വലീദ് ഇസ്ലാം സ്വീകരിച്ചത്.
ഇസ്ലാമിക വിജ്ഞാനീയങ്ങളിൽ സൂക്ഷ്മമായ അറിവ് നേടിയ മഹതിയായിരുന്നു മൈമൂന. അതുകൊണ്ടുതന്നെ ഒരിക്കൽ പ്രമുഖ സ്വഹാബി ഇബ്നു അബ്ബാസിനെ പോലും തിരുത്താൻ അവർക്ക് സാധിച്ചു. കർമനിരതമായ ജീവിതം നയിച്ച മൈമൂനയെ സംശയനിവാരണത്തിനായി പ്രമുഖ സ്വഹാബികൾ പോലും സമീപിക്കാറുണ്ടായിരുന്നു. 46 ഹദീസുകൾ അവരിൽനിന്ന് നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. ഹിജ്റ 51ലാണ് വിശ്വാസികളുടെ മാതാവായ മൈമൂന പരലോകം പ്രാപിച്ചത്. നബിതിരുമേനിയുമായി ആദ്യം സന്ധിച്ച സരിഫിൽ വെച്ചുതന്നെയായിരുന്നു അന്ത്യവും. ഇബ്നു അബ്ബാസാണ് ജനാസ നമസ്കാരത്തിന് നേതൃത്വം നൽകിയത്.
മക്കയിലെ ശത്രുക്കളുടെ വിരോധത്തിന്റെ കാഠിന്യം കുറയ്ക്കാൻ സഹായകമായ മൈമൂനയുമായുള്ള പ്രവാചകന്റെ വിവാഹം ബഹുമുഖ ലക്ഷ്യത്തോടെയായിരുന്നു.രണ്ടുതവണ വിവാഹിതയായി വിധവയായിത്തീർന്ന അവരുടെ ദുരിതമകറ്റാനും അതുവഴി അവരുടെ സഹോദരിമാരുടെ ഭർത്താക്കന്മാരായ തന്റെ രണ്ട് പിതൃവ്യന്മാരുടെ പ്രയാസത്തിന് അറുതി വരുത്താനും പ്രവാചകന് സാധിച്ചു. അതോടൊപ്പം വരും തലമുറക്ക് ഇസ്ലാമിക വിജ്ഞാനം പകർന്നു കൊടുക്കാനും അവരുടെ പ്രവാചക പത്നീ പദം ഏറെ പ്രയോജനപ്പെടുകയുണ്ടായി. ഏതായിരുന്നാലും ഇൗ വിവാഹത്തിൽ പ്രവാചകനെതിരെ എന്തെങ്കിലും ആരോപണം ഉന്നയിക്കാൻ കടുത്ത വിമർശകർക്ക് പോലും സാധ്യമല്ല.