Current Date

Search
Close this search box.
Search
Close this search box.

മുസ്ലിംകൾ എന്തുകൊണ്ട് ബിസിനസില്‍ കൂടുതല്‍ വിജയിക്കുന്നു?

(ജോസ് സെബാസ്റ്റ്യൻ ‘ധനം’ മാസികയിൽ എഴുതിയ ലേഖനത്തിന്റെ സംഗ്രഹം . മുസ്ലിം ചെറുപ്പക്കാർക്ക് സംരംഭകത്വത്തിന് പ്രചോദനമാവുകയും സംരംഭകർക്ക് പുതിയ വെളിച്ചം ലഭിക്കുകയും ചെയ്യുമെന്ന പ്രതീക്ഷയോടെ ഇതിവിടെ എടുത്ത് ചേർക്കുന്നു.)

ബിസിനസ് രംഗത്ത് എന്തുകൊണ്ടാണ് മുസ്ലിം മതവിശ്വാസികള്‍ കൂടുതല്‍ വിജയികളാകുന്നുത്; സാമൂഹ്യവും സാംസ്‌കാരികവും മതപരവുമായ സവിശേഷതകള്‍ വിശകലനം ചെയ്തുകൊണ്ടുള്ള അന്വേഷണം.

സംരംഭകത്വത്തെ സഹായിക്കുന്ന വ്യക്തിത്വ ഗുണങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ മതപരമായ വിശ്വാസങ്ങള്‍ക്കും മൂല്യങ്ങള്‍ക്കും സ്വാധീനമുണ്ടെന്ന് കണ്ടെത്തിയത് ജര്‍മ്മന്‍ സാമൂഹിക ശാസ്ത്രജ്ഞനായ മാക്‌സ് വെബ്ബര്‍ ആയിരുന്നു. ‘The Protestant Ethic and the Spirit of Capitalism’ എന്ന വിശ്വപ്രസിദ്ധമായ കൃതിയില്‍ പ്രൊട്ടസ്റ്റന്റ് മതത്തിന്റെ മൂല്യങ്ങളും മനോഭാവങ്ങളും കത്തോലിക്കാ മതത്തെ അപേക്ഷിച്ച് സംരംഭകത്വ മൂല്യങ്ങളെ പരിപോഷിപ്പിച്ചു എന്നും അത് പ്രൊട്ടസ്റ്റന്റ് രാജ്യങ്ങളുടെ അതിവേഗത്തിലുള്ള സാമ്പത്തിക വികസനത്തിന് കാരണമായി എന്നും വാദിക്കുന്നുണ്ട്.
ഏറെക്കുറെ അതുപോലെ ബിസിനസ് രംഗത്ത് മുസ്ലിംകള്‍ക്ക് മേല്‍ക്കൈ നല്‍കുന്ന കുറച്ച് കാര്യങ്ങള്‍ നോക്കാം.

1. കര്‍ശനമായ അച്ചടക്കം.
വ്യക്തിപരമായ അച്ചടക്കം ബിസിനസ് വിജയത്തിന് അത്യന്താപേക്ഷിതമാണ്. കേരളത്തിലെ ഇതര മതസ്തരെ അപേക്ഷിച്ച് വളരെ നേരത്തേ ഉണരുന്നവയാണ് മുസ്ലിം കുടുംബങ്ങള്‍. എന്റെ ചെറുപ്പത്തില്‍ ‘ആസനത്തില്‍ വെയില്‍ കേറുന്നതുവരെ’ എന്ന ചൊല്ലുണ്ടായിരുന്നു. വൈകി ഉണരുന്ന ശീലത്തെ സൂചിപ്പിക്കുന്നതായിരുന്നു ഇത്. ഇന്ന് പല കുടുംബങ്ങളും, യുവാക്കള്‍ പോലും വൈകിയുണരുന്നവരാണ്. രാത്രി വൈകി സല്‍ക്കാരങ്ങള്‍, പാര്‍ട്ടികള്‍ എന്നിവയെല്ലാം അതിന് കാരണമാണ്. ബിസിനസ് വിജയത്തിന് കൃത്യമായ ആസൂത്രണവും ക്ഷമയോടെയുള്ള കാത്തിരിപ്പും ആവശ്യമാണ്. കഠിനമായി അധ്വാനിക്കാനും ക്ഷമയോടെ കാത്തിരിക്കാനും മുസ്ലിംകളെ പഠിപ്പിക്കുന്നത് റംസാന്‍ നോമ്പ് ആണൊയെന്നും സംശയിക്കണം.

2. ഇസ്ലാമിക മൂല്യങ്ങള്‍ സമ്പദ് ഉല്‍പ്പാദനത്തെ പ്രോത്സാഹിപ്പിക്കുന്നു.
അധ്വാനിച്ച് സമ്പത്ത് ആര്‍ജ്ജിക്കുന്നതിനെ നിരുത്സാഹപ്പെടുത്തുന്ന ഒന്നും ഇസ്ലാമിലില്ല.

3. കൂടുതല്‍ സമ്പാദിക്കാന്‍ കഴിയുന്നു.
കേരളത്തിന്റെ തനത് വരുമാനത്തിന്റെ 36 ശതമാനത്തിന് മേല്‍ സംഭാവന ചെയ്യുന്നത് മദ്യവും ഭാഗ്യക്കുറിയുമാണ്. 1970-71കളില്‍ ഇത് 14.77 ശതമാനം മാത്രമായിരുന്നു. ബെവറേജ്‌സ് കോര്‍പ്പറേഷന്‍ 100 രൂപയ്ക്ക് വാങ്ങുന്ന മദ്യം 1100 രൂപയ്ക്ക് വിറ്റാണ് സര്‍ക്കാര്‍ ശമ്പളവും പെന്‍ഷനും കൊടുക്കാനുള്ള വക കണ്ടെത്തുന്നത്. പിന്നെ ഭാഗ്യക്കുതി. ഈ കോവിഡ് കാലത്ത് ഓണം ബംബര്‍ ടിക്കറ്റ് 10 ലക്ഷം കൂടുതല്‍ വിറ്റുപോയി എന്നോര്‍ക്കണം. മുസ്ലിംകള്‍ക്ക് മദ്യവും ഭാഗ്യക്കുറിയും ഹറാമാണ്. അതുകൊണ്ട് ഈ രണ്ടിലൂടെയും മുസ്ലിങ്ങളില്‍ നിന്നും ഖജനാവിലെത്തുന്ന തുക മറ്റ് രണ്ട് കൂട്ടരെക്കാളും കുറവാണ്. ഈ ലേഖകന് വിവരാവകാശം വഴി ലഭിച്ച കണക്കുകള്‍ സൂചിപ്പിക്കുന്നതും അതാണ്.

2011-12 മുതല്‍ 2016-17 വരെയുള്ള വര്‍ഷങ്ങളില്‍ കേരളത്തിലെ ആളോഹരി മദ്യവില്‍പ്പന 3086.11 രൂപ ആയിരുന്നുവെങ്കില്‍ മുസ്ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്ന മലപ്പുറം, കോഴിക്കോട്, കാസര്‍കോഡ് തുടങ്ങിയ ജില്ലകളില്‍ ഇത് യഥാക്രമം 1122.22 രൂപ, 2064.11 രൂപ, 1884.53 രൂപ എന്നിങ്ങനെ ആയിരുന്നു.

ഭാഗ്യക്കുറിയുടെ കാര്യത്തില്‍ കേരളത്തിന്റേത് 1170.29 രൂപ ആയിരുന്നുവെങ്കില്‍ മലപ്പുറം, കോഴിക്കോട്, കാസര്‍കോഡ് എന്നീ ജില്ലകളില്‍ യഥാക്രമം 525.19 രൂപ, 719.80 രൂപ, 630.05 രൂപ എന്നിങ്ങനെ ആണ്.

ഇവ രണ്ടിനും അനാവശ്യമായി പണം ചെലവിടാതെ ഇരിക്കുന്നതിൽ ഗുണങ്ങള്‍ പലതുണ്ട്. കടമെടുക്കാതെ സമ്പാദ്യം വീണ്ടും ബിസിനസിലേക്ക് കൊണ്ടുവരാന്‍ കഴിയുന്നു. മാത്രമല്ല പ്രതിബന്ധതയോടെ ബിസിനസില്‍ ശ്രദ്ധകേന്ദ്രീകരിക്കാനും സാധിക്കുന്നു.

4. മുസ്ലിംകള്‍ പലിശയേക്കാള്‍ ലാഭത്തിന് പ്രാധാന്യം കൊടുക്കുന്നു
പലിശ വാങ്ങുന്നതും കൊടുക്കുന്നതും ഇസ്ലാം അനുവദിക്കുന്നില്ല. കുറേ മുസ്ലീംകളെങ്കിലും പണം ബാങ്കില്‍ നിക്ഷേപിക്കാതെ സ്വന്തം കൈയില്‍ സൂക്ഷിക്കുന്നു. ലാഭം ഉണ്ടാക്കുന്നതിന് ഇസ്ലാം എതിരല്ല. ലാഭകരമെന്ന് തോന്നുന്ന ബിസിനസുകളില്‍ ഏര്‍പ്പെട്ടോ പങ്കാളിയായോ സമ്പത്ത് വര്‍ദ്ധിപ്പിക്കാന്‍ അവരെ ഇത് സഹായിക്കുന്നു. ബിസിനസ് അവസരം പെട്ടെന്ന് പ്രയോജനപ്പെടുത്താന്‍ കഴിയുന്നു എന്നതാണ് ഇതിന്റെ മറ്റൊരു പ്രയോജനം.

വലിയ പേപ്പര്‍ജോലികളൊന്നുമില്ലാതെ പരസ്പരവിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ ഒരു ചായ പങ്കിട്ട് കുടിച്ച് ബിസിനസ് ഡീലുകള്‍ ഉറപ്പിക്കുന്ന ഗുജറാത്തികളെ അഹമ്മദാബാദില്‍ ഈ ലേഖകന്‍ പരിചയപ്പെട്ടിട്ടുണ്ട്. ആ മാതൃക മുസ്ലിംകളിലും കാണാം.

5. സാഹസികമായ ബിസിനസുകളില്‍ ഏര്‍പ്പെടുന്നു
ബിസിനസില്‍ സാഹസം (റിസ്‌ക്) കൂടുന്തോറും ലാഭവും കൂടും. മുസ്ലീംകള്‍ സാഹസികമായി ബിസിനസ് ചെയ്യുന്നവരാണ്. പരാജയപ്പെട്ടാല്‍, പൊതുവേ കേരളത്തില്‍ കാണുന്നതു പോലെ ആത്മഹത്യയില്‍ അഭയം തേടുന്നതിന് പകരം വലിയ ഭാവമൊന്നുമില്ലാതെ ഏറ്റവും ചെറിയ ഒരു ബിസിനസ് ആരംഭിക്കാന്‍ അവര്‍ റെഡിയാണ്. മലഞ്ചരക്ക് വ്യാപാരം തകര്‍ന്നപ്പോള്‍ ഒട്ടുപാല്‍ ശേഖരിക്കാന്‍ ചാക്കുമായി ഇറങ്ങിയ ജബ്ബാറിനെയും അരിമൊത്തവ്യാപാരം പൊട്ടിയപ്പോള്‍ ഇറച്ചി വെട്ടുതുടങ്ങിയ കോയയെയും ഈ ലേഖകന് നേരിട്ട് അറിയാം.

കേരളത്തിലെ ഇതര പ്രബല മതവിഭാഗത്തില്‍ പെട്ടവര്‍ക്ക് ഇത് ചിന്തിക്കാന്‍ പോലുമാവില്ല, സാഹസം അശേഷം ഇല്ലാത്ത സര്‍ക്കാര്‍ ജോലിയാണ് ഇവര്‍ക്ക് പ്രഥമ പരിഗണന. ഇനി അഥവാ ബിസിനസിന് ഇറങ്ങിയാല്‍ കുടുംബ മഹിമയ്ക്കും തറവാട്ട് പാരമ്പര്യത്തിനും ചേര്‍ന്ന ബിസിനസുകളിലേ ഏര്‍പ്പെടുകയുള്ളൂ. എയര്‍കണ്ടീഷന്‍ഡ് ക്യാബിനില്‍ സെക്രട്ടറിയും ഒക്കെയായി ആരുകണ്ടാലും നോക്കി പോകുന്ന അത്തരം ബിസിനസ്സുകളില്‍ ഫിക്‌സഡ് കോസ്റ്റ് ഏറെ ആയിരിക്കും. മെയ്യനങ്ങാതെ ഷര്‍ട്ടില്‍ അഴുക്ക് പുരളാത്ത അത്തരം ബിസിനസുകളില്‍ മത്സരം കൂടുതലും ലാഭം കുറവും ആയിരിക്കും.

6. മുസ്ലിംകള്‍ അന്യേന്യം സഹായിക്കുന്നു
മറ്റ് മതങ്ങളെ അപേക്ഷിച്ച് സഹായമനസ്ഥിതി മുസ്ലിംകള്‍ക്ക് കൂടുതലാണ്. മറ്റ് മതസ്ഥരില്‍ പലരും, അവരുടെ കൂട്ടത്തിലുള്ള ആരെങ്കിലും ബിസിനസ് തുടങ്ങി പൊട്ടിയാല്‍ ”അവനോട് ഞാന്‍ പണ്ടേ പറഞ്ഞതാണ് അത് അവന് പറ്റിയ പണിയല്ലാന്ന്,” എന്നേ പറയൂ.
നേരെ മറിച്ച് മുസ്ലിംകള്‍ക്കിടയിലെ ഒരാള്‍ക്ക് ബിസിനസ് പരാജയം സംഭവിച്ചാല്‍ അത് സ്വാഭാവികമായ ഒന്നായി കണ്ട് പരാജയപ്പെട്ടവരെ കൂടെ കൂട്ടി ബിസിനസ് ചെയ്യാന്‍ അവര്‍ തയ്യാറാകും.

7. ബിസിനസിനോടുള്ള പ്രതിബദ്ധത.
മുസ്ലിംകളെ സംബന്ധിച്ചിടത്തോളം ബിസിനസില്‍ ഇറങ്ങിയാല്‍ അത് വിജയിപ്പിക്കാന്‍ കഠിനാധ്വാനം ചെയ്യുക മാത്രമാണ് മുന്നിലുള്ളത്. താന്‍ ചെയ്യുന്ന ബിസിനസ് എന്തുമാകട്ടേ അതില്‍ ആത്മാഭിമാനം കൊള്ളുന്നവരുമാണവര്‍. ഇതര മതസ്ഥര്‍ക്ക് സര്‍ക്കാര്‍ ജോലി അല്ലെങ്കില്‍ സ്വകാര്യ മേഖലയിലെ ജോലിയാണല്ലോ പഥ്യം. ബിസിനസില്‍ ഏര്‍പ്പെട്ടിരിക്കുമ്പോഴും പി .എസ്. സി ടെസ്റ്റുകളുടെയും വിസയുടെയും പുറകേ പോകുന്ന ഇക്കൂട്ടര്‍ക്ക് ബിസിനസിനോടുള്ള പ്രതിബദ്ധത കുറവായിരിക്കും. അത് അവരുടെ ഇടപാടുകാരോടുള്ള മനോഭാവത്തിലും പ്രതിഫലിക്കും. കടകളിലൊക്കെ ‘വേണമെങ്കില്‍ വാങ്ങിക്കൊണ്ട് പൊയ്‌ക്കോളൂ,” എന്ന മനോഭാവത്തോടെ ഇരിക്കുന്ന കടയുടമകളെ ഇക്കൂട്ടത്തിലുള്ളവരില്‍ ഏറെ കാണാം.

ജാതിയുടേയോ മതത്തിന്റെയോ വേലിക്കെട്ടുകളില്ലാതെ എല്ലാവരുമായും അടുപ്പം സ്ഥാപിച്ച് ബിസിനസ് നേടിയെടുക്കാന്‍ മുസ്ലിംകളെ സഹായിക്കുന്നത് അവര്‍ക്ക് ബിസിനസിനോടുള്ള പ്രതിബദ്ധതയാണ്.

8. മുസ്ലിംകള്‍ നേരത്തെ വിവാഹിതരായി ജീവിതത്തിന്റെ ഉടമസ്ഥത ഏറ്റെടുത്ത് തുടങ്ങുന്നു.
മുസ്ലിം മതവിഭാഗത്തിലെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും നേരത്തെ വിവാഹം കഴിക്കുകയും ജീവിത പ്രാരാബ്ധങ്ങള്‍ ഏറ്റെടുത്ത് തുടങ്ങുകയും ചെയ്യുന്നു. വിവാഹം നല്‍കുന്ന സംതൃപ്തിയോടൊപ്പം സ്വന്തം കാലില്‍ നില്‍ക്കാനുള്ള സമ്മര്‍ദ്ദവും അവരില്‍ ഏറുന്നു. ഏതെങ്കിലും ബിസിനസില്‍ ഏര്‍പ്പെട്ട് ഉപഭോക്താക്കളെ നേടി മുന്നോട്ട് പോവുകയെന്നത് ഒരു അനിവാര്യതയായി മാറുന്നു.

ഇത് സ്വാഭാവികമായും ബിസിനസിനോടുള്ള പ്രതിബദ്ധതയിലും ഉപഭോക്തൃപരിചരണത്തിലും പ്രതിഫലിക്കുന്നു. നേരെമറിച്ച് മറ്റ് മതവിഭാഗങ്ങളില്‍ പെട്ട ഭൂരിഭാഗം പേരും പഠനം, ജോലി എന്നിവയ്ക്കായി വര്‍ഷങ്ങള്‍ ചെലവാക്കുന്നതുമൂലം വിവാഹം വൈകുന്നു. ഇത് നിരവധി മാനസിക പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. പലപ്പോഴും വളരെ വൈകി മാത്രം ആരംഭിക്കുന്ന ബിസിനസ് സാഹസികത (റിസ്‌ക്) കുറഞ്ഞതും അതുകൊണ്ട് തന്നെ ലാഭം കുറവുള്ളതുമാകും.

വൈകി വിവാഹം കഴിക്കുന്നവര്‍ക്ക് സ്വന്തം ജീവിതത്തിന്റെ ഉത്തരവാദിത്തവും വൈകി മാത്രം തലയില്‍ കയറ്റിയാല്‍ മതി. അതുകൊണ്ട് തന്നെ ഇവരുടെ ബിസിനസിലും ഉപഭോക്തൃപരിചരണത്തിലും പ്രതിബദ്ധത കുറയുകയും ഇത് പിന്നീട് പ്രതികൂലമായി മാറുകയും ചെയ്യും.
ഈ നിഗമനങ്ങള്‍ ഏതെങ്കിലും ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിലല്ലെങ്കിലും തീര്‍ത്തും അടിസ്ഥാനരഹിതമായവയല്ല. ബിസിനസ് നടത്തിപ്പില്‍ എത്രമാത്രം നല്ലപാഠങ്ങള്‍ (ബെസ്റ്റ് പ്രാക്ടീസസ്) ഉള്‍ക്കൊള്ളിക്കുന്നുവോ അത്രത്തോളം വിജയസാധ്യതയും കൂടും.

(ലേഖകന്‍ അഹമ്മദാബാദിലെ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയിലെ മുന്‍ ഫാക്കല്‍റ്റി അംഗവും തിരുവനന്തപുരത്തെ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ എന്റര്‍പ്രൈസ് കള്‍ച്ചര്‍ ആന്‍ഡ് എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റിന്റെ ഡയറക്റ്ററുമാണ്.)

???? To Join Whatsapp Group ????: https://chat.whatsapp.com/BxliWKickAyDu0ikv75WY5

Related Articles