Current Date

Search
Close this search box.
Search
Close this search box.

മുഖൗഖിസിന്റെ സമ്മാനം

പ്രവാചകൻ അടിമസ്ത്രീകളെ കൂടെ താമസിപ്പിച്ചിരുന്നുവെന്നതിന് തെളിവായി വിമർശകന്മാർ ഉദ്ധരിക്കാറുള്ളത് മാരിയത്തുൽ ഖിബ്തിയ്യയെയാണ്. അക്കാലത്ത് അടിമസ്ത്രീകളെ അധീനതയിൽ വെക്കുക എന്നത് അസ്വാഭാവികമോ ആക്ഷേപാർഹമോ അപലപനീയമോ അശ്ലീലമോ ആയിരുന്നില്ല. സമൂഹത്തിലെ പ്രധാനികൾക്കും പ്രമുഖന്മാർക്കുമെല്ലാം അടിമസ്ത്രീകളുണ്ടായിരുന്നു.

എന്നാൽ മുഹമ്മദ് നബി വിവാഹം കഴിച്ച ശേഷം മാത്രമാണ് മാരിയതുൽ ഖിബ്ത്വിയയെ തന്റെ കൂടെ താമസിപ്പിച്ചത്. വിവാഹം സാധാരണ രീതിയിൽ നിന്ന് വ്യത്യസ്തമായിരുന്നുവെന്ന് മാത്രം. മുഖൗഖിസ് രാജാവ് അവരെ സമ്മാനിക്കുന്നതോടെ വിവാഹം കഴിച്ചു കൊടുക്കലായി. പ്രവാചകൻ സ്വീകരിച്ചതോടെ വിവാഹ കർമം പൂർണമായി. സാങ്കേതിക ഭാഷയിൽ പറഞ്ഞാൽ ഈജാബും ഖബൂലുമായി.

മാരിയയുടെ പിതാവ് കോപ്റ്റിക് ക്രിസ്ത്യാനിയാണ്. മാതാവ് ഗ്രീക്ക് വനിതയും. എന്നാൽ ചെറുപ്രായം മുതൽക്കു തന്നെ ഈജിപ്ഷ്യൻ ഭരണാധികാരി മുഖൗഖിസിന്റെ കൊട്ടാരത്തിലാണ് വളർന്നു വന്നത്. മുഖൗഖിസ് നബി തിരുമേനിക്ക് മാരിയതുൽ ഖിബ്ത്വിയയെ സമ്മാനിക്കുകയായിരുന്നു.

അക്കാലത്ത് ഇങ്ങനെ സമ്മാനമായി ലഭിക്കുന്ന ഏതു പെൺകുട്ടിയെയും അടിമയാക്കി ഉപയോഗിക്കുന്ന സമ്പ്രദായമാണ് നിലനിന്നിരുന്നത്. എന്നാൽ നബി തിരുമേനി അവരെ പത്നിയായാണ് പരിഗണിച്ചത്. ഹിജ്റ വർഷം ഒമ്പതിന് പ്രവാചകന് മാരിയത്തിൽ ഇബ്രാഹീം എന്ന കുഞ്ഞ് ജനിച്ചു.

ഖദീജാ ബീവിയെ കൂടാതെ അദ്ദേഹത്തിന് കുഞ്ഞുണ്ടായത് മാരിയത്തിൽ മാത്രമാണ്. പുത്രന്റെ പിറവി പ്രവാചകനെ അത്യധികം സന്തോഷിപ്പിച്ചു. എന്നാൽ ആ ആഹ്ലാദം ഏറെക്കാലം നീണ്ടുനിന്നില്ല. എട്ടുമാസം പ്രായമായപ്പോൾ മാരകമായ രോഗം ബാധിച്ച് ഇബ്രാഹിം പരലോകം പ്രാപിച്ചു. അന്നുണ്ടായ സൂര്യഗ്രഹണം ഇബ്രാഹിമിന്റെ മരണം കാരണമാണെന്ന് ചിലരെങ്കിലും തെറ്റിദ്ധരിച്ചു. നബിതിരുമേനി ഉടനെ തന്നെ അത് തിരുത്തുകയും ചെയ്തു.

തനിക്ക് കുഞ്ഞിനെ സമ്മാനിച്ച മാരിയതുൽ ഖിബ്ത്വിയ്യയെ പ്രവാചകൻ അഗാധമായി സ്നേഹിച്ചു, ആദരിച്ചു. വിശ്വാസികളുടെ ആ മാതാവിനെ അവിടുത്തെ അനുചരന്മാരും വളരെയേറെ ബഹുമാനിച്ചു.

മൂന്നുകൊല്ലം മാത്രമേ അവർക്ക് പ്രവാചകനോടൊത്ത് ജീവിക്കാൻ കഴിഞ്ഞുള്ളൂ. തിരുമേനിയുടെ വിയോഗ ശേഷം അഞ്ചു കൊല്ലം കൂടി അവർ ജീവിച്ചു. അക്കാലമത്രയും ആരാധനാനുഷ്ഠാനങ്ങളിൽ മുഴുകി വീട്ടിൽ അടങ്ങിയൊതുങ്ങി കഴിയുകയായിരുന്നു അവർ. അവരുടെ ജനാസ നമസ്കാരത്തിന് നേതൃത്വം നൽകിയത് രണ്ടാം ഖലീഫ ഉമറുൽ ഫാറൂഖാണ്.

വിമർശകർ പ്രചരിപ്പിക്കുന്ന പോലെ പ്രവാചകൻ നിരവധി അടിമസ്ത്രീകളെ തന്റെ വരുതിയിൽ നിർത്തിയിരുന്നില്ല. സമ്മാനമായി ലഭിച്ച മാരിയത്തിനെ പോലും അടിമയാക്കി വെച്ചില്ല. വിവാഹം ചെയ്ത് ജീവിതപങ്കാളിയാക്കുകയാണുണ്ടായത്.

Related Articles