Current Date

Search
Close this search box.
Search
Close this search box.

ഏക മാതൃക

സ്വതന്ത്ര ഇന്ത്യയിലെ മുസ്ലിംകൾ അവരുടെ ചരിത്രത്തിലെ ഏറ്റവും കടുത്ത പ്രയാസങ്ങളെയും പ്രതിസന്ധികളെയുമാണ് തരണം ചെയ്തുകൊണ്ടിരിക്കുന്നത്. വിഭജനത്തിന്റെ തൊട്ടടുത്ത വർഷങ്ങളുടേതിന് സമാനമായ അരക്ഷിതബോധം മുസ്ലിം ജനസാമാന്യത്തെ പിടികൂടിയിരിക്കുന്നു. തങ്ങളുടെ ഭാവിയെക്കുറിച്ച ആശങ്ക അവരെ വേട്ടയാടിക്കൊണ്ടിരിക്കുന്നു.

സാമുദായിക ധ്രുവീകരണം സൃഷ്ടിക്കാനുള്ള ഛിദ്ര ശക്തികളുടെ കുത്സിത ശ്രമങ്ങൾ മുമ്പെന്നത്തേക്കാളും ശക്തി പ്രാപിച്ചിരിക്കുന്നു. ജനാധിപത്യത്തിന്റെ എല്ലാ സ്തംഭങ്ങളിലും വർഗീയതയുടെ വിഷം പുരണ്ടിരിക്കുന്നു. രാജ്യത്ത് വളർത്തപ്പെടുന്ന വികാരം വെറുപ്പാണ്. നാടിന്റെ സമസ്ത ധമനികളിലും പ്രവഹിച്ചുകൊണ്ടിരിക്കുന്നത് വംശീയതയുടെ വിഷമാണെന്ന് പറയേണ്ടി വന്നിരിക്കുന്നു.

നിരന്തരം നടന്നുകൊണ്ടിരിക്കുന്ന വർഗീയകലാപങ്ങൾ, വംശീയ ഉന്മൂലന ശ്രമങ്ങൾ, വ്യാജ ഏറ്റുമുട്ടലുകൾ, തീവ്ര വർഗീയ ശക്തികൾ സൃഷ്ടിക്കുന്ന ഭീകരാക്രമണങ്ങളുടെയും സാമൂഹ്യവിരുദ്ധ ശക്തികൾ സംഘടിപ്പിക്കുന്ന സ്ഫോടനങ്ങളുടെയും പേരിൽ നടക്കുന്ന പോലീസ് വേട്ട, പശുവിന്റെ പേരിൽ നടക്കുന്ന കൊലപാതകങ്ങൾ, ആൾക്കൂട്ട ആക്രമണങ്ങൾ, കരിനിയമങ്ങളുടെ പ്രയോഗം, ഭരണകൂട ഭീകരത തുടങ്ങിയവയ്ക്കെല്ലാം ഇരയായിക്കൊണ്ടിരിക്കുന്ന മുസ്ലിംകളുടെ നിലനിൽപുപോലും ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. എൻ.എെ.എക്ക് കൂടുതൽ അധികാരം നൽകൽ, യു.എ.പി.എ. നിയമത്തിൽ വരുത്തിയ ഭേദഗതി, മുത്ത്വലാഖ് നിരോധം, കാശ്മീരിന്റെ പ്രത്യേകാവകാശം എടുത്തു കളയൽ, അതിന്റെ സംസ്ഥാനപദവി ഇല്ലാതാക്കൽ പോലുള്ള നിയമനിർമാണങ്ങളെല്ലാം ഏറ്റവും കൂടുതൽ പ്രതികൂലമായി ബാധിച്ചതും ബാധിക്കുന്നതും മുസ്ലിംകളെയാണ്.

വംശീയ അതിക്രമങ്ങൾക്കിരയാവുകയും സാംസ്കാരിക അസ്തിത്വവും വ്യക്തിത്വവും കടുത്ത വെല്ലുവിളികൾക്ക് വിധേയമാവുകയും ചെയ്യുന്ന സമകാലീന സാഹചര്യത്തിൽ ഇന്ത്യയിലെ ഇസ്ലാമിക സമൂഹത്തിന്റെ സമീപനം എന്തായിരിക്കണം? അവർ ഇൗ രാജ്യത്ത് നിർവഹിക്കേണ്ട ചുമതലകൾ എന്തെല്ലാമാണ്? സ്വീകരിക്കുന്ന നയസമീപനം എന്തായിരിക്കണം? പ്രവർത്തന പരിപാടികളിലെ മുൻഗണനാക്രമം ഏതാണ്? തുടങ്ങിയ ചോദ്യങ്ങൾക്കെല്ലാം പ്രാമാണികവും യുക്തിഭദ്രവും കൃത്യവും വ്യക്തവുമായ മറുപടി കണ്ടെത്തേണ്ടതുണ്ട്. പ്രതിസന്ധികളെയും പ്രയാസങ്ങളെയും വിജയകരമായി തരണം ചെയ്യാൻ അതനിവാര്യമാണ്.

മൂന്നിനം പ്രവാചകന്മാർ
ഇസ്ലാമിക സമൂഹത്തിന്റെ എക്കാലത്തെയും ഏറ്റവും മികച്ച മാതൃക പ്രവാചകന്മാരാണ്. അതുകൊണ്ടുതന്നെയാണ് വിശുദ്ധ ഖുർആൻ മറ്റെന്തിനേക്കാളുമേറെ പ്രവാചകന്മാരുടെ ചരിത്രത്തിന് പ്രാമുഖ്യം കൽപ്പിച്ചത്. തത്വങ്ങളും നിയമങ്ങളും പറയുന്നതിനേക്കാൾ ഖുർആൻ പ്രാധാന്യം കല്പിച്ചത് ചരിത്ര സംഭവങ്ങൾ വിശദീകരിക്കാനാണ്.

ഖുർആനിൽ ഇരുപത്തിയഞ്ച് പ്രവാചകന്മാരുടെ പേരാണല്ലോ ഉള്ളത്. പ്രബോധിത സമൂഹത്തിന്റെ തലത്തിൽ നിന്ന് നോക്കുമ്പോൾ അവർ മൂന്നു തരക്കാരാണ്.

ഒരൊറ്റ മുസ്ലിമുമില്ലാത്ത സമൂഹത്തിലേക്ക് നിയോഗിതരായ പ്രവാചകന്മാർ. നൂഹ് നബി, ഹൂദ് നബി, സ്വാലിഹ് നബി, ലൂത്വ് നബി, മുഹമ്മദ് നബി തുടങ്ങിയവരെല്ലാം ആ ഗണത്തിൽ പെടുന്നു. ഇസ്ലാമിനെ സമൂഹ സമക്ഷം സമർപ്പിച്ച് അതിനെ അവർക്ക് പരിചയപ്പെടുത്തി അതിലേക്ക് അവരെ പ്രബോധനം ചെയ്യുക എന്നതാണ് ആ ഗണത്തിൽ നിയോഗിതരായ മുഴുവൻ പ്രവാചകന്മാരിലും അർപ്പിതമായ ബാധ്യത. അതിനാൽ അവരെല്ലാം സ്വന്തം ജനതയോട് പറഞ്ഞ കാര്യം ഫലത്തിൽ ഒന്നു തന്നെയായിരുന്നു. വിശുദ്ധ ഖുർആൻ അത് പലയിടങ്ങളിൽ വിശദീകരിച്ചിട്ടുണ്ട്. ഒാരോ പ്രവാചകനും തന്റെ ജനതയോട് പറഞ്ഞതിങ്ങനെ സംഗ്രഹിക്കാം: “നിങ്ങൾ അല്ലാഹുവിനു മാത്രം വഴിപ്പെട്ട് ജീവിക്കുക. അവനല്ലാതെ നിങ്ങൾക്കൊരു ദൈവവുമില്ല. അതിനാൽ അല്ലാഹുവിനെ സൂക്ഷിച്ച് ജീവിക്കുക. എന്നെ അനുസരിക്കുക. ഒരു ഭീകര നാളിലെ ശിക്ഷ നിങ്ങളെ ബാധിക്കുമോ എന്ന് ഞാൻ ഭയപ്പെടുന്നു.’

ഇങ്ങനെ അടിസ്ഥാന വിശ്വാസ കാര്യങ്ങൾ പരിചയപ്പെടുത്തി ഇസ്ലാമിക വ്യവസ്ഥയെ സമർപ്പിക്കുകയും അതിനു വിരുദ്ധമായി സമൂഹത്തിൽ നിലനിൽക്കുന്ന കാര്യങ്ങൾ നിരാകരിക്കാൻ കൽപിക്കുകയുമാണ് അവർ ചെയ്തിരുന്നത്.
രണ്ടാമതൊരു വിഭാഗം പ്രവാചകന്മാർ മുസ്ലിം സമുദായത്തിലേക്ക് നിയോഗിതരായവരാണ്. അവരിൽ ഏറെപ്പേരും ഇസ്രായേലീ പ്രവാചകന്മാരാണ്. ദാവൂദ് നബി, സുലൈമാൻ നബി പോലുള്ളവർ ഉദാഹരണം. ഇൗ ഗണത്തിൽപെട്ട പ്രവാചകന്മാർ സമുദായത്തിന് നേതൃത്വം നൽകുകയും അവരെ ഇസ്ലാമിക വ്യവസ്ഥക്കനുരൂപമാക്കി മാറ്റാൻ ശ്രമിക്കുകയുമാണ് ചെയ്തിരുന്നത്.

വിമോചകനായ പ്രവാചകൻ
നമ്മുടേതുപോലുള്ള സമൂഹത്തിലേക്ക് നിയോഗിതനായ ഒരൊറ്റ പ്രവാചകനെ മാത്രമേ വിശുദ്ധ ഖുർആനിലൂടെ പരിചയപ്പെടാൻ സാധിക്കുകയുള്ളൂ. അത് മൂസാ നബിയാണ്. ഇന്ത്യയിലേത് പോലെത്തന്നെ മൂസാനബിയുടെ നിയോഗ കാലത്ത് ഇൗജിപ്തിൽ ഒരു പാരമ്പര്യ മുസ്ലിം സമുദായമുണ്ടായിരുന്നു. ഇബ്രാഹിം നബിയുടെയും ഇസ്ഹാഖ് നബിയുടെയും യഅ്ഖൂബ് നബിയുടെയും പാരമ്പര്യമുള്ള, അവരുടെ പിന്മുറക്കാരായ ഇസ്രായേല്യർ.

അവിടെ മേധാവിത്വം ഇന്നത്തെ ഇന്ത്യയിലേത് പോലെത്തന്നെ കടുത്ത വംശീയ വാദികളായ കോപ്റ്റിക്കുകൾക്കായിരുന്നു. ഇന്ത്യൻ മുസ്ലിംകളെ പോലെതന്നെ അവിടത്തെ ഇസ്രായേല്യർ ക്രൂരമായ വംശീയ വിവേചനങ്ങൾക്കും പീഡനങ്ങൾക്കും ഇരയായിരുന്നു.
ഇന്ത്യയിലെ വർഗീയ ഫാസിസ്റ്റ് ഭരണകൂടത്തെക്കാൾ ഏകാധിപത്യപരവും സ്വഛാധിപത്യപരവും മർദ്ദകവും ക്രൂരവുമായിരുന്നു അവിടത്തെ ഫറവോന്റെ ഭരണം. ഇവിടെ എന്തൊക്കെ ദൗർബല്യങ്ങളുണ്ടെങ്കിലും ജനാധിപത്യം നിലനിൽക്കുന്നുവെന്നത് എടുത്തു പറയേണ്ടത് തന്നെ.

അതോടൊപ്പം കോപ്റ്റിക്കുകൾ ബഹുദൈവവിശ്വാസികളും ബഹുദൈവാരാധകരുമായിരുന്നു. വിചിത്രമെന്നു പറയട്ടെ, ഇന്ത്യയിലെ വംശീയ വാദികളെപ്പോലെ അവരും പശു പൂജകരായിരുന്നു. അവരിലേക്ക് നിയോഗിതനായ പ്രവാചകനാണ് മൂസാ നബി.
മറ്റെല്ലാ പ്രവാചകന്മാർക്കും മുഖ്യമായും ഒരു ചുമതല മാത്രമാണ് നിർവഹിക്കാനുണ്ടായിരുന്നതെങ്കിൽ മൂസാ നബിക്ക് മൂന്ന് ബാധ്യതകൾ നിർവഹിക്കേണ്ടതുണ്ടായിരുന്നു.

കോപ്റ്റിക്കുകളിൽ ഇസ്ലാമിക പ്രബോധനം നടത്തുക, പാരമ്പര്യ മുസ്ലിം സമുദായമായ ഇസ്രായേലീ സമൂഹത്തെ സംസ്കരിക്കുക, മർദ്ദിതരായ ഇസ്രായേലി സമൂഹത്തെ ഫറവോന്റെ അക്രമ മർദ്ദനങ്ങളിൽ നിന്ന് രക്ഷിക്കുക.

ഇത്രയേറെ ഭാരിച്ച ബാധ്യതകൾ നിർവഹിച്ച സംഭവബഹുലമായ ജീവിതമായിരുന്നു മൂസാ നബിയുടേത്. അതു കൊണ്ട് തന്നെയായിരിക്കാം മൂസാ നബിയുടെ ജീവിതവും പ്രബോധന പ്രവർത്തനങ്ങളും ഇസ്രായേല്യരുടെ സംസ്കരണ ശ്രമങ്ങളും വിമോചന ദൗത്യവുമെല്ലാം വിശദീകരിക്കാൻ വിശുദ്ധ ഖുർആൻ ഏറ്റവും കൂടുതൽ അദ്ധ്യായങ്ങളും സൂക്തങ്ങളും വിനിയോഗിച്ചത്.

മൂസാ നബിയുടെ പേര് പരിശുദ്ധ ഖുർആനിൽ 136 തവണ വന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ പേര് കഴിച്ചാൽ ഖുർആൻ ഏറ്റവും കൂടുതൽ പരാമർശിച്ചത് അദ്ദേഹത്തിന്റെ പ്രധാന പ്രതിയോഗി ഫറവോന്റെതാണ്. 74 പ്രാവശ്യം.

മൂന്ന് ദൗത്യങ്ങളും നിർവഹിക്കാൻ ആവശ്യമായ അറിവും കഴിവും കരുത്തും യോഗ്യതയും മാനസികാവസ്ഥയും അദ്ദേഹത്തിൽ വളർത്തിയെടുക്കുകയായിരുന്നു അല്ലാഹു.

ഫറവോനെപ്പോലുള്ള ഏകാധിപതിയായ ഭരണാധികാരിയെയും അദ്ദേഹത്തിന്റെ കിങ്കരന്മാരെയും അവരുൾക്കൊള്ളുന്ന മേലാള വർഗ്ഗത്തെയും സമീപിച്ച് സത്യപ്രബോധനം നടത്തണമെങ്കിൽ തികഞ്ഞ ആത്മവിശ്വാസവും ഒൗന്നത്യ ബോധവും അനൽപമായ ആർജ്ജവവും അചഞ്ചലമായ ധീരതയും ഇഛാശക്തിയും അനിവാര്യമാണ്. ഫറവോന്റെ രാജകൊട്ടാരത്തിൽ രാജകുടുംബാംഗത്തെപ്പോലെ ശൈശവവും ബാല്യവും യൗവ്വനവും കഴിച്ചു കൂട്ടിയതിലൂടെയാണ് ഇതൊക്കെയും നേടിയെടുക്കാൻ കഴിഞ്ഞത്. അതോടൊപ്പം അല്ലാഹു ആത്മധൈര്യവും ശുഭപ്രതീക്ഷയും പകർന്ന് നൽകുകയുണ്ടായി.

രാജകൊട്ടാരത്തിലെ ജീവിതം സമ്മാനിച്ച യോഗ്യതകളെ സംബന്ധിച്ച് ബൈബിളിനെ അവലംബിച്ച് സയ്യിദ് അബുൽ അഅ്ലാ മൗദൂദി എഴുതുന്നു: “അദ്ദേഹം ഇൗജിപ്തിലെ എല്ലാ ശാസ്ത്രങ്ങളിലും വ്യുൽപത്തി നേടിയെന്നും വചനത്തിലും കർമ്മത്തിലും കരുത്തനായി എന്നും ബൈബിൾ വ്യക്തമാക്കുന്നു. ഫറവോന്റെ ഭവനത്തിൽ മൂസ ഒരു സുന്ദരനായി വളർന്നുവെന്നാണ് തെൽമൂദ് പ്രസ്താവിക്കുന്നത്. രാജകുമാരന്മാരുടെ ഉടുപ്പുകൾ ധരിച്ച് രാജകീയമായി ജീവിച്ചു. ജനം അദ്ദേഹത്തെ ആദരിച്ചു വണങ്ങി.(തഫ്ഹീമുൽ ഖുർആൻ.ഭാഗം:3. പുറം:596)

“തൽമൂദിന്റെയും യുസിഫോസിന്റെയും റിപ്പോർട്ടുകൾ ശരിയാണെങ്കിൽ ജന്മസിദ്ധമായ കഴിവുകൾക്ക് പുറമേ ഫറവോൻ ഗൃഹത്തിൽ രാജകുടുംബാംഗങ്ങളെ പഠിപ്പിച്ചു പോന്ന എല്ലാ കലാ ശാസ്ത്രങ്ങളും ഭരണ തന്ത്രവും സൈനിക പരിശീലനവും മൂസാനബിക്കും ലഭിച്ചിട്ടുണ്ടായിരുന്നു. രാജാവിന്റെ ദത്തുപുത്രനായിരിക്കെ അബ്സീനിയാ യുദ്ധത്തിൽ പങ്കെടുത്ത് കൊണ്ട് സമർത്ഥനായ ഒരു ജനറലാണെന്നും അദ്ദേഹം തെളിയിച്ചു കഴിഞ്ഞിരുന്നു.(തഫ്ഹീമുൽ ഖുർആൻ. ഭാഗം:2.പുറം:61)

ഫറവോന്റെ അടുക്കൽ പോകാൻ ആവശ്യപ്പെട്ടപ്പോൾ മൂസാ നബിയും ഹാറൂൻ നബിയും തങ്ങളുടെ ആശങ്ക പ്രകടിപ്പിച്ചു. അപ്പോൾ അല്ലാഹു അവരെ ആശ്വസിപ്പിച്ചു:അവരിരുവരും പറഞ്ഞു: “”ഞങ്ങളുടെ നാഥാ! ഫറവോൻ ഞങ്ങളോട് അവിവേകമോ അതിക്രമമോ കാണിക്കുമെന്ന് ഞങ്ങൾ ഭയപ്പെടുന്നു.” അല്ലാഹു പറഞ്ഞു: “”നിങ്ങൾ പേടിക്കേണ്ട. ഞാൻ നിങ്ങളോടൊപ്പമുണ്ട്. ഞാൻ എല്ലാം കേൾക്കുകയും കാണുകയും ചെയ്യുന്നുണ്ട്.”(20:45,46)

ഇങ്ങനെ കോപ്റ്റിക്കുകളോട് സത്യപ്രബോധനം നടത്താൻ മൂസാ നബിയെ പാകപ്പെടുത്തിയ പോലെത്തന്നെ അദ്ദേഹത്തെ ഇസ്രായേല്യരുടെ മോചനത്തിന് നേതൃത്വം നൽകാനും യോഗ്യനാക്കി. അദ്ദേഹം അവരിൽ ഒരുവനായി ജനിക്കുകയും അങ്ങനെ അവരുടെ ആധിയും വ്യാധികളും വ്യഥയും വേദനയും അനുഭവിച്ചറിയുകയും ചെയ്തു. അതോടൊപ്പം അവരുമായി അടുത്തിടപഴകുവാനും അദ്ദേഹത്തിന് അവസരം ലഭിച്ചു. തൽമൂദിനെ അവലംബിച്ച് സയ്യിദ് അബുൽ അഅ്ലാ മൗദൂദി എഴുതുന്നു: “ഇസ്രായീലികൾ തിങ്ങിപ്പാർക്കുന്ന ജുഷൻ മേഖലയിൽ അദ്ദേഹം പതിവായി സഞ്ചരിക്കാറുണ്ടായിരുന്നു. ഇൗജിപ്ഷ്യൻ ഉദ്യോഗസ്ഥന്മാർ അവരോട് കാണിക്കുന്ന ക്രൂരതകളും പീഡനങ്ങളും അദ്ദേഹം നേരിൽ കണ്ടിരുന്നു. അദ്ദേഹത്തിന്റെ പരിശ്രമഫലമായി ഫറവോൻ ഇസ്രായീല്യർക്ക് ആഴ്ചയിൽ ഒരു അവധി ദിവസം അനുവദിച്ചു കൊടുക്കുകയുണ്ടായി. അദ്ദേഹം ഫറവോനോട് പറഞ്ഞു: നിരന്തരം അധ്വാനിക്കുക മൂലം ഇൗ ജനത്തിന്റെ ശക്തി ക്ഷയിച്ചുപോകും. സർക്കാരിന് തന്നെയാണ് അതുകൊണ്ട് നഷ്ടമുണ്ടാവുക. അവരുടെ അധ്വാനശേഷി നിലനിൽക്കുന്നതിന് ആഴ്ചയിൽ ഒരുനാൾ അവരെ വിശ്രമിക്കാൻ അനുവദിക്കേണ്ടതാകുന്നു. “ഇൗ വിധം അവബോധത്തിലൂടെയും ഇത്തരം നിരവധി പ്രവർത്തനങ്ങളിലൂടെയും അദ്ദേഹത്തിന് ഇൗജിപ്തിലാകമാനം പ്രശസ്തിയുണ്ടായി.(തഫ്ഹീമുൽ ഖുർആൻ. ഭാഗം:3 പുറം:596)

ദീർഘ കാലത്തെ ഇടയ വൃത്തിയിലൂടെ പ്രവാചകത്വത്തിന് അനിവാര്യമായ വിനയവും ക്ഷമയും ആർജ്ജിക്കാനും മൂസാ നബിക്ക് സാധിച്ചു. അതേക്കുറിച്ച് സയ്യിദ് അബുൽ അഅ്ലാ മൗദൂദി എഴുതുന്നു: “രാജകൊട്ടാരത്തിൽ വളരുകയും ഫിർഒൗൻ ഭരണത്തിൽ പദവികൾ അലങ്കരിക്കുകയും ചെയ്തതിനാലുള്ള വല്ല ദൗർബല്യങ്ങളും അദ്ദേഹത്തിൽ സ്ഥലം പിടിച്ചിരുന്നെങ്കിൽ മദ്യനിലെ എട്ടുപത്തു കൊല്ലത്തെ മരുഭൂവാസവും ആടുമേയ്ക്കലും വഴി അതും ദൂരീകരിക്കപ്പെട്ടു കഴിഞ്ഞിരുന്നു. ഇപ്പോൾ രാജകൊട്ടാരത്തിൽ പക്വമതിയും പ്രാപ്തനും യോഗിവര്യനും ഇജ്ജ്വല പ്രഭാവനുമായ ഒരു മഹാവ്യക്തിയാണ് പ്രവാചകത്വവാദവുമായി എഴുന്നേറ്റ് വന്നിരിക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ നിസ്സാരമായി തള്ളുക പ്രയാസമായിരുന്നു. (തഫ്ഹീമുൽ ഖുർആൻ.വാല്യം:2.പുറം:61)

അപ്രകാരം തന്നെ ദിവ്യബോധനം ലഭിച്ച സന്ദർഭത്തിൽ തന്നെ ജീവിത സംസ്കരണത്തിനിവശ്യമായ സന്ദേശങ്ങളും നിർദ്ദേശങ്ങളും അല്ലാഹു നൽകുകയുണ്ടായി. അല്ലാഹു തന്റെ ഏകത്വം വിളംബരം ചെയ്തു. തനിക്കുമാത്രം വഴിപ്പെട്ടു ജീവിക്കണമെന്ന് കല്പിച്ചു. അല്ലാഹുവിനെ സംബന്ധിച്ച സ്മരണ നിലനിർത്താനായി നമസ്കാരം നിഷ്ഠയോടെ നിർവഹിക്കണമെന്ന് നിർദ്ദേശിച്ചു. പുനരുത്ഥാന ദിനം വന്നെത്തുക തന്നെ ചെയ്യുമെന്നും അതിന്റെ സമയം ഗോപ്യമാക്കി വെക്കുകയാണെന്നും അറിയിച്ചു. ഒാരോ ആത്മാവിനും അതിന്റെ അധ്വാനഫലം ലഭ്യമാക്കാനാണ് പുനരുത്ഥാന നാളെന്ന് ഒാർമിപ്പിക്കുകയും ചെയ്തു. അതോടൊപ്പം അല്ലാഹുവിനെ സ്മരിക്കുന്നതിൽ വീഴ്ചവരുത്തരുതെന്ന് ഉപദേശിച്ചു.

മൂസാ പറഞ്ഞു: “”എന്റെ ജനമേ, നിങ്ങൾ അല്ലാഹുവിൽ വിശ്വസിക്കുന്നവരാണെങ്കിൽ അവനിൽ ഭരമേൽപിക്കുക. നിങ്ങൾ മുസ്ലിംകളെങ്കിൽ.’
ഇങ്ങനെ ഇസ്രായേല്യരുടെ സംസ്കരണ പ്രവർത്തനങ്ങൾക്കാവശ്യമായ മാർഗദർശനവും ലഭിച്ചു. അങ്ങനെ മൂസാ നബി തന്നിലർപ്പിതമായ മൂന്ന് ബാധ്യതകളും നിർവഹിക്കാൻ യോഗ്യനായി മാറി.

ഇവ്വിധം അല്ലാഹു മൂസാ നബിയെ തനിക്ക് വേണ്ടി സവിശേഷ രീതിയിൽ രൂപപ്പെടുത്തുകയായിരുന്നു. അല്ലാഹു മൂസാ നബിയോട് പറയുന്നു: “ഞാനിതാ നിന്നെ എനിക്കുവേണ്ടി വളർത്തിയെടുത്തിരിക്കുന്നു.’ (20:41)

“നീ എന്റെ മേൽനോട്ടത്തിൽ വളർത്തപ്പെടാൻ വേണ്ടി’ (20:39)

ഇങ്ങനെ അല്ലാഹു ഇൗ മൂന്ന് ദൗത്യങ്ങളും നിർവഹിക്കാനായി പ്രത്യേകം തിരഞ്ഞെടുത്ത് രൂപപ്പെടുത്തിയ അവന്റെ ദൂതനാണ് മൂസാ നബി. ( തുടരും )

Related Articles