Current Date

Search
Close this search box.
Search
Close this search box.

ഗ്വാണ്ടനാമോയിൽ എന്ത് സംഭവിക്കുന്നു?

കഴിഞ്ഞ മാസം, യുഎസ് സെനറ്റ് നാഷണൽ ഡിഫൻസ് ഓതറൈസേഷൻ ആക്റ്റ് 2024 (എൻ‌ഡി‌എ‌എ) – National Defence Authorisation Act (NDAA) for 2024- പാസാക്കി, സൈനിക മുൻഗണനകൾ നിർവചിക്കുകയും ഗ്വാണ്ടനാമോ ബേയിലെ ദുരുപയോഗങ്ങൾക്കുള്ള പ്രതിവിധികൾക്ക് സ്ഥിരമായി നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്യുന്നതാണ് ഈ പുതിയ ബില്ല്.

ഏതാനും വർഷങ്ങൾക്ക് മുമ്പ് വന്നത് പോലെ, ഈ വർഷത്തെ ബില്ലിലും കുപ്രസിദ്ധമായ ജയിൽ ക്യാമ്പ് അടയ്‌ക്കുന്നതിനുള്ള ഫണ്ടുകൾക്കുള്ള വിലക്കിനെ പരാമർശിക്കപ്പെടുന്നുണ്ട്; ഗ്വാണ്ടനാമോയിലെ തടവുപുള്ളികളെ മാറ്റുന്നതിനുള്ള ഫണ്ട് വിലക്ക്; തടവുകാരെ അഫ്ഗാനിസ്ഥാൻ, ലിബിയ, സൊമാലിയ, സിറിയ, യെമൻ , യുഎസ് എന്നിവിടങ്ങളിലേക്ക് മാറ്റുന്നതിനുള്ള വിലക്ക്; ജയിൽ പരിഷ്‌കരിക്കുന്നതിനുള്ള വിലക്ക് എന്നിവ ഈ പുതിയ ബില്ലിൻ്റെ പരിധിയിൽ വരുന്നു.

ഈ നടപടികളെ പിന്തുണയ്‌ക്കുന്നതിലൂടെ, കുപ്രസിദ്ധമായ ഗ്വാണ്ടനാമോയിലെ പ്രശ്‌നങ്ങൾ നിലനിർത്തുകയാണ് നിയമ നിർമ്മാതാക്കളുടെ താൽപര്യം. നിരപരാധിത്വം തെളിയിക്കപ്പെടാത്ത മുസ്ലീംകളെ പാർപ്പിക്കുന്നതിവിടെയാണ്.
വൈറ്റ് ഹൗസിന്റെ പൂർണ്ണമായ യോജിപ്പ് ഇല്ലെങ്കിലും ബില്ലിനെതിരെ വീറ്റോ പ്രയോഗിക്കാനുള്ള സാധ്യത കുറവാണ്.

ജയിൽ അടച്ചുപൂട്ടുമെന്ന് നേരത്തെ വാഗ്ദാനങ്ങൾ നൽകിയ പ്രസിഡന്റ് ജോ ബൈഡൻ ഈ പ്രക്രിയ ആരംഭിക്കാൻ ഒരു നടപടിയും എടുത്തിട്ടില്ല. പകരം, അവിടെയുള്ള സൗകര്യങ്ങൾ നവീകരിക്കുന്നതിനും കോടതിമുറി നവീകരിക്കുന്നതിനുമായി അദ്ദേഹം കഴിഞ്ഞ വർഷം ദശലക്ഷക്കണക്കിന് ഡോളറുകൾ നിക്ഷേപിച്ചു. ” അതീവ രഹസ്യമായ ദേശീയ സുരക്ഷാ കേസുകളുടെ സുതാര്യതയിൽ നിന്നുള്ള ഒളിച്ചോട്ടം” എന്നാണ് ഈ നടപടിയെ ന്യൂയോർക്ക് ടൈംസ് വിശേഷിപ്പിച്ചത്.

22-ാം വർഷമായി, ഗ്വാണ്ടനാമോയിലെ ദുരുപയോഗങ്ങൾ നിരുത്തരവാദിത്തപരമായി തുടരുകയാണ്.

സെനറ്റിലെ വർഷാ വർഷമുള്ള ചർച്ചകളിൽ കടന്നുവരികയും തൽസ്ഥിതി നിലനിർത്തണമെന്ന തീര്‍പ്പിലെത്തുകയും ചെയ്യുന്നതിന്റെ അടിസ്ഥാന പരമായ കാരണം പ്രസ്തുത വിഷയം ബജറ്റ് പരിഗണനയിൽ നിന്ന് വളരെ വിദൂരത്താണ് എന്നതാണ്.

നിലയ്ക്കാത്ത ക്രൂരത
കുപ്രസിദ്ധമായ പീഡന മുറികൾക്ക് വേദിയായ ഗ്വാണ്ടനാമോ തടവറയെ നിയമപരമായി യുഎസ് ഓഫീസ് ഓഫ് ലീഗൽ കൗൺസൽ അംഗീകരിച്ചതിന് ഈ മാസത്തോടെ 21 വർഷം തികയുകയാണ്. ഇത് യാതൊരു ലജ്ജയും കൂടാതെ പീഡന മുറകൾ പ്രയോഗിക്കാനും പരസ്യമായി യുദ്ധക്കുറ്റങ്ങൾ നടത്താനും യുഎസിനെ അനുവദിക്കുന്നു. അവയവ നഷ്ടം, ശാരീരിക പ്രവർത്തന വൈകല്യം അല്ലെങ്കിൽ മരണം പോലുള്ള ഗുരുതരമായ ശാരീരിക പരിക്കുകൾ മാത്രമേ ശാരീരിക പീഡനമായി പരിഗണിക്കുകയുള്ളൂ എന്ന് അനുശാസിക്കുന്ന മെമ്മോ വരെ ഇതിന്റെ ഭാഗമാണ്.

മെമ്മോകൾ പുറത്തിറങ്ങിയതിന് ശേഷം, മുൻ പ്രസിഡന്റ് ബരാക് ഒബാമ ഈ കുറ്റകൃത്യങ്ങൾക്ക് ആരെയും വിചാരണ ചെയ്യില്ലെന്ന് പ്രഖ്യാപിക്കുകയും കുറച്ച് വർഷങ്ങൾക്ക് ശേഷം “ഞങ്ങൾ ചില ആളുകളെ പീഡിപ്പിച്ചു” എന്ന് തുറന്നു പറയുകയും ചെയ്തു.

കുറ്റസമ്മതത്തിന് വേണ്ടി നടത്തിയ നിഷ്ഠൂരമായ പീഡന മുറകൾ ഉൾപ്പടെയുള്ള ഗ്വാണ്ടനാമോയിലെ തടവുകാർ ഏറ്റുവാങ്ങേണ്ടിവരുന്ന നിരന്തരമായ കഷ്ടപ്പാടുകൾ ശാശ്വതമായി നിലനിർത്തുകയാണ് അവർ.

യുഎസ് സെനറ്റർമാർ വോട്ടു ചെയ്ത് എൻ‌.ഡി‌.എ‌.എ. നിയമമാക്കുന്നതിന് ഏതാനും ആഴ്ചകൾക്ക് മുമ്പ്, ഗ്വാണ്ടനാമോ ബേയിലെ ദുരുപയോഗങ്ങളെക്കുറിച്ചുള്ള ഒരു റിപ്പോർട്ട് യുഎൻ പ്രത്യേക റിപ്പോർട്ടർ ഫിയോനുവാല നി ഓലെൻ തയ്യാറാക്കിയത് പ്രസിദ്ധീകരിച്ചിരുന്നു. ഏകദേശം 22 വർഷത്തെ പ്രവർത്തനത്തിനിടയിൽ ഇവിടം സന്ദർശിക്കുന്ന ആദ്യത്തെ സ്വതന്ത്ര യുഎൻ അന്വേഷകനാണ് നി ഓലൈൻ എന്ന് ഓർക്കണം.

നിലവിലെ തടവുകാരോടും മുൻ തടവുകാരോടും സർക്കാർ നടത്തുന്ന സമീപനത്തെ രൂക്ഷമായി വിമർശിക്കുന്ന 23 പേജുകൾ വരുന്ന റിപ്പോർട്ട്
യുഎസ് ഗവൺമെന്റ് നടത്തിയ കുറ്റകൃത്യങ്ങൾക്കെതിരെയുള്ള സമഗ്രമായ കുറ്റപത്രമാണ്. വ്യക്തികളുടെ അവകാശങ്ങൾ നിഷേധിക്കുന്നതിനുള്ള ബോധപൂർവവും വിപുലവുമായ സംവിധാനങ്ങളും തോന്നിയപോലെ തടങ്കലും അതിൽ പെടുന്നു.

പ്രത്യേക റിപ്പോർട്ടർ എഴുതുന്നു:
“യുഎസ് ഗവൺമെന്റിന്റെ നിരവധി നടപടിക്രമങ്ങൾ മാനുഷികവും മാന്യവുമായ നിലനിൽപ്പിന് ആവശ്യമായ അവകാശങ്ങളുടെ ലംഘനം ആണ്. ക്രൂരവും, മനുഷ്യത്വരഹിതവും, അപമാനകരവുമായ പെരുമാറ്റമാണ് ഗ്വാണ്ടനാമോ ബേയിലെ എല്ലാ തടങ്കൽ സമ്പ്രദായങ്ങളിലുടനീളം.”

ഒരിക്കൽ തടങ്കൽ കേന്ദ്രത്തിൽ ഉണ്ടായിരുന്ന 800 തടവുകാരിൽ 30 പേർ മാത്രമേ ശേഷിക്കുന്നുള്ളൂ. ഗ്വാണ്ടനാമോയിലെ തടവ് അനുഭവിച്ചതിന് ശേഷമുള്ള അവരുടെ ജീവിതത്തെ ജയിലിലെ ക്രൂരതകൾ എങ്ങനെ ബാധിക്കുന്നു എന്ന് നി ഓലൈൻ പരാമർശിക്കുന്നുണ്ട്. “പല മുൻ തടവുകാർക്കും, അവരെത്തിച്ചേരുന്ന രാജ്യത്തെ ജീവിതം ഗ്വാണ്ടനാമോയിലെ തടങ്കലിന്റെ വിപുലീകരണമായി മാറുന്നു. ചിലർ തടവിലേക്ക് തന്നേ മടങ്ങാനും ആഗ്രഹിക്കുന്നു,”

ഗ്വാണ്ടനാമോയിലെ അക്രമത്തെ നിരാകരിക്കാനുള്ള എല്ലാ ശ്രമങ്ങളോടും പൂർണമായി പൊരുത്തപ്പെട്ടു കൊണ്ട് യുഎസ് ഈ റിപ്പോർട്ട് പൂർണ്ണമായി നിരസിക്കുകയാണ്. മാത്രമല്ല, ഏതെങ്കിലും പ്രതിവിധികൾ കണ്ടെത്തുന്നതിനെ പ്രതീകാത്മകമായി വിസമ്മതിക്കുകയാണവർ.

ഗ്വാണ്ടനാമോയിലെയും സി.ഐ.എ ബ്ലാക്ക് സൈറ്റുകളിലെയും എണ്ണമറ്റ മുൻ തടവുകാരും മുൻ ഗാർഡുകളും സാക്ഷ്യപ്പെടുത്തിയിട്ടും, യുഎസ് ഗവൺമെന്റ് അതിന്റെ വാദങ്ങൾ കടുപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. ഒരു വ്യക്തിക്കും മനുഷ്യാവകാശ സംഘടനകൾക്കും സ്ഥാപനങ്ങൾക്കും യുഎസിന്റെ തീരുമാനങ്ങളിൽ ഇടപെടാനാവില്ലെന്നാണ് ഈ സംഭവം അടിവരയിടുന്നത്.

ശുപാർശകൾ “ശ്രദ്ധാപൂർവ്വം അവലോകനം ചെയ്യുമെന്നും” “ഉചിതമായ നടപടികൾ കൈക്കൊള്ളുമെന്നും” യുഎസ് പ്രസ്താവിച്ചിരുന്നു.

എങ്കിലും വല്ല മാറ്റവും പ്രതീക്ഷിക്കാമോ? യുഎസിന്റെ തടവുകാരാേടുള്ള സമീപനവും പരിഗണനയും ഇതിന് മുമ്പ് പലതവണ വിമർശിക്കപ്പെട്ടിട്ടുണ്ട്.

ഉത്തരവാദിത്തത്തിന്റെ മുഖച്ഛായ
ഒടുവിൽ യുഎൻ പീഡന അന്വേഷകന്റെ ഗ്വാണ്ടനാമോ സന്ദർശനം നിയന്ത്രണങ്ങളില്ലാതെ യുഎസ് അനുവദിച്ചു. 22 വർഷത്തിനു ശേഷമാണ് ആദ്യം സന്ദർശനം അനുവദിച്ചു എന്നത് കൊണ്ട് അവരുടെ മുഖച്ഛായ മാറുമെന്ന് മനസ്സിലാക്കരുത്. ഏതെങ്കിലും തെറ്റ് വ്യക്തമായി നിരസിക്കുക മാത്രമായിരിക്കും അവരുടെ താൽപര്യം. യു.എസ് തങ്ങളുടെ ഉത്തരവാദിത്വങ്ങളിൽ പ്രതിജ്ഞാബദ്ധരല്ല. ദീർഘകാലത്തേക്ക് സത്യത്തെ കവച്ചു വെക്കുന്ന ആഖ്യാനങ്ങളും വിവാദപരമായ വിവരണങ്ങളും സൃഷ്ടിക്കലാണ് അവരുടെ ലക്ഷ്യം.

ഗ്വാണ്ടനാമോയെക്കുറിച്ചുള്ള യുഎൻ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ, യുഎസ് നിയമനിർമ്മാതാക്കൾ ഉഭയകക്ഷി പിന്തുണയോടെ എൻ‌ഡി‌എഎയെ ഒരിക്കൽ കൂടി പാസാക്കുമെന്നും തടങ്കൽ കേന്ദ്രവുമായി ബന്ധപ്പെട്ട വ്യവസ്ഥകളെക്കുറിച്ച് ക്യാപിറ്റോൾ ഹില്ലിലോ മാധ്യമങ്ങളിലോ ഒരു ചർച്ചയും ഉണ്ടാകില്ലെന്നും മനസ്സിലാക്കാം. വർഷങ്ങളായി തുടരുന്ന ഗ്വാണ്ടനാമോയിലെ പീഡനമുറകളെ യുഎസ് നിയമനിർമ്മാതാക്കൾ അഭിമാനത്തോടെയാണ് വീക്ഷിച്ചിരുന്നത്.

ഇതൊരു വിനാശകരവും കഠിനവുമായ ഇസ്‌ലാമോഫോബിക് പ്രോജക്റ്റാണിത് എന്നാണ് കഴിഞ്ഞ 20 വർഷത്തെ അനുഭവം.
ഭീകരതയ്‌ക്കെതിരെ യുദ്ധം ചെയ്യുന്നുവെന്ന് അവകാശപ്പെടുന്ന യു എസ് മായ്ക്കപ്പെടാത്ത രൂപത്തിൽ തീവ്രവാദികളെന്ന് മുദ്രകുത്തി ഗ്വാണ്ടനാമോയിൽ മുസ്‌ലിംകളുടെ മേൽ അക്രമം നടത്തുകയാണ്. ദേശീയ സുരക്ഷയെ മറയാക്കി ഒരു വിഭാഗത്തെ അരികുവൽക്കരിക്കുകയാണവർ ചെയ്യുന്നത്.

“സുരക്ഷിതം, മാനുഷികം, നിയമപരം, സുതാര്യം” എന്ന മുദ്രാവാക്യമുള്ള ഒരു തലത്തിലേക്ക് ഗ്വാണ്ടനാമോ ബേയിലെ ജയിലുകൾ എത്തണം. “സ്‌റ്റേറ്റ് ഓഫ് എക്‌സപ്‌ഷൻ” എന്ന തത്വത്തിന്റെ മറവിൽ സൃഷ്‌ടിച്ച ഈ തടവറയുടെ അടിസ്ഥാന സ്വഭാവം നിയമലംഘനമാണ്. നിസാർ സാസ്സി എന്ന മുൻ തടവുകാരൻ കുപ്രസിദ്ധമായ ജയിലിനെ ” . അവകാശങ്ങൾക്കുള്ള അവകാശം വരെ നിഷേധിക്കുന്ന ഒരിടം” എന്നാണ് വിശേഷിപ്പിച്ചത്.

ഗ്വാണ്ടനാമോയിലെ ദുരുപയോഗങ്ങൾ ശാശ്വതമാക്കുന്നതിന് ഫണ്ട് നീക്കിവെക്കുന്നതിനുപകരം, അതിന്റെ ഇരകൾക്ക് നഷ്ടപരിഹാരം നൽകാനുള്ള പ്രത്യേക റിപ്പോർട്ടറുടെ ആഹ്വാനത്തിന് യുഎസ് ഉദ്യോഗസ്ഥർ ചെവികൊടുക്കണം. അമേരിക്ക ജയിൽ അടച്ചുപൂട്ടുകയും അവിടെ അഴിച്ചുവിട്ട അക്രമണങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും വേണം. അത് സംഭവിക്കുന്നതുവരെ, ഗ്വാണ്ടനാമോ ബേയുടെ സത്യം മറച്ചുവെക്കാൻ ഏതു നിഷേധങ്ങൾക്കും കഴിയില്ല, അത് എന്നും യു എസിന് ഒരുകല്ലുകടിയായി മാറുകയും ചെയ്യും.

മൊഴിമാറ്റം: മുജ്തബ മുഹമ്മദ്‌

കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles