Current Date

Search
Close this search box.
Search
Close this search box.

കടുത്ത പരീക്ഷണങ്ങളെ അതിജീവിച്ച അയ്യൂബ് നബി

ബൈബിളിന്റെ വിവരണമനുസരിച്ച് അയ്യൂബ് നബിക്ക് ഏഴ് ആൺമക്കളും മൂന്ന് പെൺ മക്കളുമാണുണ്ടായിരുന്നത്. 7000 ആടും 3000 ഒട്ടകവും 500 ജോഡി കാളകളും 500 പെൺ കഴുതകളും ധാരാളം ദാസന്മാരുമുണ്ടായിരുന്നു. അങ്ങനെ സുഖസമൃദ്ധമായ ജീവിതം നയിച്ചു കൊണ്ടിരിക്കെ അദ്ദേഹം കടുത്ത പരീക്ഷണത്തിന് വിധേയനായി. ഒരു ദൂതൻ അദ്ദേഹത്തിൻറെ അടുക്കൽ വന്ന് പറഞ്ഞു.” കാളകളെക്കൊണ്ട് നിലം ഉഴുതുകയായിരുന്നു. കഴുതകളും അടുക്കൽ തന്നെ മേഞ്ഞു കൊണ്ടിരുന്നു. അപ്പോൾ സെബയക്കാർ അവിടെ ചാടി വീണ് അവയെയെല്ലാം കൊണ്ടുപോയി. ദാസന്മാരെ വാളിന്നിരയാക്കി. അങ്ങയോട് വിവരം പറയാൻ ഞാൻ മാത്രം രക്ഷപ്പെട്ടു.” അയാൾ സംസാരിച്ചുകൊണ്ടിരിക്കെത്തന്നെ മറ്റൊരാൾ വന്ന് പറഞ്ഞു: “ആകാശത്തുനിന്ന് ദൈവത്തിൻറെ തീയിറങ്ങി ആടുകളെയും ദാസന്മാരെയും ദഹിപ്പിച്ചു. അങ്ങയോട് വിവരം പറയാൻ ഞാൻ മാത്രം രക്ഷപ്പെട്ടു.” അയാൾ സംസാരിച്ചുകൊണ്ടിരിക്കെത്തന്നെ മറ്റൊരാൾ വന്ന് പറഞ്ഞു: “കൽദയക്കാർ മൂന്ന് സംഘങ്ങളായി വന്ന് ആക്രമിച്ച് ഒട്ടകങ്ങളെ തട്ടിക്കൊണ്ടുപോയി. ദാസന്മാരെ വാളിന്നിരയാക്കി. അങ്ങയോട് വിവരം പറയാൻ ഞാൻ മാത്രം രക്ഷപ്പെട്ടു.” അയാൾ സംസാരിച്ചുകൊണ്ടിരിക്കെത്തന്നെ മറ്റൊരാൾ വന്ന് പറഞ്ഞു:”അങ്ങയുടെ പുത്രീ പുത്രന്മാർ മൂത്ത സഹോദരൻറെ വീട്ടിൽ തീനും കുടിയുമായി കഴിയുകയായിരുന്നു. അപ്പോൾ മരുഭൂമിയിൽ നിന്ന് ഒരു കൊടുങ്കാറ്റുണ്ടായി. അത് ആ വീടിൻറെ നാല് കോണിലും ആഞ്ഞടിച്ചു. വീട് ആ ചെറുപ്പക്കാരുടെ മേൽ വീണു. അവർ മരിച്ചു. അങ്ങയോട് വിവരം പറയാൻ ഞാൻ മാത്രം രക്ഷപ്പെട്ടു.”
ബൈബിളിന്റെ വിവരണമനുസരിച്ച് അപ്പോൾ അയ്യൂബ് നബി എഴുന്നേറ്റ് തന്റെ മേലങ്കി കീറി. തലമുണ്ഡനം ചെയ്ത് നമസ്കരിച്ച് ഇങ്ങനെ പറഞ്ഞു:”നഗ്നനായി ഞാൻ മാതാവിൻറെ ഉദരത്തിൽ നിന്ന് വന്നു. നഗ്നനായിത്തന്നെ മടങ്ങും. കർത്താവ് എടുത്തു. കർത്താവിൻറെ തീരുമാനം വാഴ്ത്തപ്പെടട്ടെ.”

ഉള്ളം കാൽ മുതൽ നെറുകെ വരെ വല്ലാത്ത വ്രണങ്ങൾ കൊണ്ട് അയ്യൂബ് നബി പരീക്ഷിക്കപ്പെട്ടു. വ്രണമില്ലാത്ത ഒരിടവും ശരീരത്തിലുണ്ടായിരുന്നില്ല.

കടുത്ത പ്രയാസങ്ങളുടെയും പരീക്ഷണങ്ങളുടെയും ഘട്ടത്തിൽ നിരാശ വളർത്താനും അക്ഷമനാക്കാനും അല്ലാഹുവെ സംബന്ധിച്ച ചീത്ത ചിന്ത വളർത്താനും പിശാച് ശ്രമിച്ചു കൊണ്ടിരുന്നു. അതോടൊപ്പം അദ്ദേഹം കൊടിയ കുറ്റവാളിയാണെന്നും അതിനാൽ ദൈവശാപവും കോപവും അദ്ദേഹത്തെ ബാധിച്ചുവെന്നും അതാണ് കൊടിയ കഷ്ടനഷ്ടങ്ങൾക്ക് കാരണമെന്നും പിശാച് പലരിലും ദുർബോധനം ചെയ്തു. ചിലരെങ്കിലും അത് വിശ്വസിച്ചു.

ശരീരമാസകലം കഠിനമായ ചൊറിയും വ്രണവും ബാധിച്ച് ഏറെ പ്രയാസപ്പെട്ടു കൊണ്ടിരിക്കെ ഉറ്റവരും ഉടയവരുമെല്ലാം അദ്ദേഹത്തെ വിട്ടകന്നു. ഭാര്യ മാത്രം കൂടെ നിന്ന് പരിചരിച്ചു. അവരുടെ പേര് റഹ് മത് എന്നായിരുന്നു.

ഭർത്താവിൻറെ ദുരിതത്തിൽ ഉൽക്കണ്ഠാകുലയായ ഭാര്യ ഒരിക്കൽ അദ്ദേഹത്തോട് പറഞ്ഞു:” താങ്കളെ ഈ ദുരിതത്തിൽ നിന്ന് രക്ഷപ്പെടുത്താൻ താങ്കൾ അല്ലാഹുവോട് പ്രാർത്ഥിക്കുന്നില്ലേ? താങ്കളുടെ പ്രാർത്ഥന അല്ലാഹു തിരസ്കരിക്കുകയില്ല.”
അപ്പോൾ അയ്യൂബ് നബി അവരോട് ചോദിച്ചു “നാം എത്ര കാലം സുഭിക്ഷമായി ജീവിച്ചു?” അവർ പറഞ്ഞു :”70 വർഷം.”
നമ്മുടെ കഷ്ടപ്പാടിന്റെ കാലമോ? അയ്യൂബ് നബി ചോദിച്ചു . അവർ പറഞ്ഞു:”ഏഴുവർഷം.”

ഈ സംഭാഷണത്തിലൂടെ സഹധർമ്മിണിയെ അല്ലാഹു നൽകിയ അനുഗ്രഹത്തെ ഓർമ്മിപ്പിക്കുകയായിരുന്നു അയ്യൂബ് നബി. എന്നാൽ അദ്ദേഹം സത്യസന്ധനല്ലെന്നും അല്ലാഹുവാൽ വെറുക്കപ്പെട്ടവനാണെന്നുമുള്ള ശത്രുക്കളുടെ പ്രചാരണം കൂടിയായപ്പോൾ അദ്ദേഹം അല്ലാഹുവോട് പ്രാർത്ഥിച്ചു. “എന്നെ ദുരിതം ബാധിച്ചിരിക്കുന്നു. നീ കരുണയുള്ളവരിൽ ഏറ്റം കരുണയുള്ളവനാണല്ലോ.”

അതോടെ അല്ലാഹു അദ്ദേഹത്തെ ബാധിച്ച ദുരിതം ദുരീകരിച്ച് കൊടുത്തു. കുടുംബത്തെ തിരിച്ച് നൽകി. അവരോടൊപ്പം അത്രയും പേരെ വേറെയും കൊടുത്തു. എല്ലാ അനുഗ്രഹങ്ങളും ധാരാളമായി വർദ്ധിപ്പിച്ചു. പൂർവസ്ഥിതിയെക്കാൾ മെച്ചപ്പെട്ട അവസ്ഥയിലായി.

ഏത് കടുത്ത പ്രതിസന്ധിയിലും വിശ്വാസവും ക്ഷമയും പ്രാർത്ഥനയും എത്രമാത്രം ആശ്വാസ ദായകമാണെന്നും പതറാതെ പിടിച്ചുനിൽക്കാൻ സഹായകമാണെന്നും അയ്യൂബ് നബിയുടെ ജീവിതം സാക്ഷ്യപ്പെടുത്തുന്നു.

???? കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/E0i3pHf7tQV46Y5jpKdwCE

Related Articles