Current Date

Search
Close this search box.
Search
Close this search box.

വിശ്വാസിയെ വിശുദ്ധനും വിശ്വപൗരനുമാക്കുന്ന നമസ്കാരം

ഇസ്ലാമിലെ അതിപ്രധാനമായ ആരാധനാ കർമമാണ് നമസ്കാരം. അഞ്ച് നേരമാണത് നിർവഹിക്കേണ്ടത്. രോഗികളും അവശരും ഉൾപ്പെടെ മുഴുവൻ വിശ്വാസികളും അത് നിർവഹിക്കാൻ ബാധ്യസ്ഥരാണ്. നിൽക്കാൻ കഴിയാത്തവർ ഇരുന്നും ഇരിക്കാൻ കഴിയാത്തവർ കിടന്നും നമസ്കരിക്കണമെന്ന് ഇസ്ലാം നിഷ്കർഷിക്കുന്നു. പാപമോചനത്തിനും നരകമുക്തിക്കും സ്വർഗലബ്ധിക്കും അതനിവാര്യമാണെന്ന് ഇസ്ലാം പഠിപ്പിക്കുന്നു.

നമസ്കാരം മനുഷ്യനും ദൈവവും തമ്മിലുള്ള ആത്മഭാഷണമാണ്, സ്വകാര്യ സംഭാഷണവും. ദൈവസന്നിധിയിൽ വെച്ചാണ് അത് നിർവഹിക്കേണ്ടത്. അതുകൊണ്ടു തന്നെ നമസ്കാരം വിശ്വാസിയുടെ ദൈവസന്നിധിയിലേക്കുള്ള യാത്രയാണ്. നമസ്കാര വേളയിൽ ശരീരം ഭൂമിയിലാണെങ്കിലും മനസ്സും ആത്മാവും ബോധവും വികാരവിചാരങ്ങളും ഭൗതിക പ്രപഞ്ചത്തിനപ്പുറം പദാർഥാതീതനായ സ്രഷ്ടാവിന്റെ സന്നിധിയിലായിരിക്കും.

നമസ്കാരം ദൈവസന്നിധിയിൽ സമർപ്പിക്കുന്ന നിവേദനം കൂടിയാണ്. ദൈവത്തിന്റെ മഹത്ത്വവും വിശുദ്ധിയും വാഴ്ത്തി തന്റെ ആവശ്യങ്ങളൊക്കെയും അവന്റെ മുമ്പിൽ സമർപ്പിക്കുന്ന അനുഷ്ഠാനം. അതിലൂടെ ദൈവവുമായുള്ള ബന്ധം സുശക്തവും സുദൃഢവുമായിത്തീരുന്നു.

വിശ്വാസി തന്റെ രക്ഷിതാവായ ദൈവത്തെ അനുഭവിച്ചറിയുന്ന അപൂർവ്വ സന്ദർഭമാണ് നമസ്കാരം. മനുഷ്യൻ മധ്യവർത്തിയോ ഇടയാളനോ ശുപാർശകനോ ഇല്ലാതെ നേർക്കുനേരെ തന്റെ സ്രഷ്ടാവുമായി സന്ധിക്കുന്നു. അവനുമായി പരമാവധി അടുക്കുന്നു. അതിലൂടെ ആത്മീയ ഒൗന്നത്യം നേടുന്നു.അജയ്യനും പ്രബലനുമായ പ്രപഞ്ച നാഥനുമായി തന്നെ ബന്ധിപ്പിച്ചും അവനിൽ ഭരമേല്പിച്ചും കരുത്താർജിക്കുന്നു. അങ്ങനെ അതിരുകളില്ലാത്ത ആത്മനിർവൃതിയും സംതൃപ്തിയും അനുഭവിക്കുന്നു. ആശ്വാസവും സുരക്ഷിതത്വബോധവും നേടുന്നു.

മനഃശാന്തിയുടെ മാർഗം

ദൈവമാണ് തന്റെ യഥാർഥ സംരക്ഷകനെന്ന ഉറച്ച ബോധവും ബോധ്യവുമുള്ളവനാണ് വിശ്വാസി.അതിനാൽ അവന്റെ സാന്നിധ്യത്തെ സംബന്ധിച്ച സജീവ ബോധം അനല്പമായ ആശ്വാസം നൽകുന്നു. ഖുർആൻ പറയുന്നു:
“”അറിയുക: ദൈവസ്മരണ കൊണ്ട് മാത്രമാണ് മനസ്സുകൾ ശാന്തമാകുന്നത്.” (13:28)
ദൈവം തന്നോടൊപ്പമുണ്ടെന്നും ഏത് പ്രതിസന്ധിയിലും പ്രയാസത്തിലും അവന് മാത്രമേ തന്നെ രക്ഷിക്കാൻ കഴിയുകയുള്ളൂവെന്നുമുള്ള അടിയുറച്ച വിശ്വാസം വളർത്തുന്നത് ഇൗ ദൈവസ്മരണയാണല്ലോ. ദിനംപ്രതി അഞ്ചുനേരം ദൈവവുമായി സന്ധിച്ച് ആത്മഭാഷണം നടത്തുന്നതിലൂടെ നമസ്കാരം ദൈവസ്മരണ വളർത്തുന്നു. നമസ്കാരത്തിന്റെ പ്രധാന ലക്ഷ്യവും അതുതന്നെ. ദൈവം കൽപിക്കുന്നു:
“”തീർച്ചയായും ഞാൻ തന്നെ അല്ലാഹു. ഞാനല്ലാതെ ദൈവമില്ല. അതിനാൽ എനിക്കു വഴിപ്പെടുക. എന്നെ ഒാർക്കാനായി നമസ്കാരം നിഷ്ഠയോടെ നിർവഹിക്കുക” (ഖുർആൻ. 20:14)
ഇങ്ങനെ നമസ്കാരം വിശ്വാസിക്ക് ഏത് സാഹചര്യത്തിലും മന:ശാന്തി നൽകുന്നു. വേദനകളും വ്യഥകളും വിഹ്വലതകളും ജീവിത ഭാരവും ഇറക്കി വെക്കുന്നതിന്റെ ലാഘവത്വം ലഭിക്കുന്നു.

വിശുദ്ധിയുടെ വഴി

ദൈവം തന്നെ സദാ നിരീക്ഷിക്കുന്നുവെന്നും തന്റെ വികാരവിചാരങ്ങളും കർമങ്ങളും കാണുകയും അറിയുകയും ചെയ്യുന്നുവെന്നും അവയ്ക്കെല്ലാം മരണശേഷം മറു ലോകത്ത് പ്രതിഫലം ലഭിക്കുമെന്നും ഉറച്ച ബോധ്യമുള്ളവരാണല്ലോ വിശ്വാസികൾ. ദൈവസ്മരണ വളർത്തുന്നതിലൂടെ നമസ്കാരം ഇൗ ബോധം സദാ സജീവമായും ജ്വലിപ്പിച്ചും നിർത്തുന്നു. അങ്ങനെ ആത്മാവിനെ സംസ്കൃതമാക്കുന്നു. ജീവിതവിശുദ്ധി ഉറപ്പ് വരുത്തുന്നു. ഇവ്വിധം ജീവിത വിശുദ്ധി ഉറപ്പുവരുത്താത്ത നമസ്കാരം നിരർഥകമാണ്; ഫലശൂന്യവും. ദൈവം അറിയിക്കുന്നു: “”നമസ്കാരം നിഷ്ഠയോടെ നിർവഹിക്കുക. നിശ്ചയമായും നമസ്കാരം നീചകൃത്യങ്ങളെയും നിഷിദ്ധകർമങ്ങളെയും തടഞ്ഞുനിർത്തുന്നു. ദൈവസ്മരണയാണ് ഏറ്റവും മഹത്തരം. ഒാർക്കുക: നിങ്ങൾ ചെയ്യുന്നതെന്തും ദൈവം നന്നായി അറിയുന്നുണ്ട്.”(29:45)

നമസ്കാരം കൃത്യമായി നിർവഹിക്കുന്ന മനുഷ്യനെ പ്രവാചകൻ ഉപമിച്ചത് തന്റെ വീടിന് അരികിലൂടെ ഒഴുകുന്ന അരുവിയിൽ നിന്ന് അഞ്ചുനേരം കുളിക്കുന്നവനോടാണ്. അഞ്ചുനേരം കുളിക്കുന്നതിലൂടെ ശരീരം എവ്വിധം മാലിന്യ മുക്തമാകുന്നുവോ അവ്വിധം ദിനേന അഞ്ച് സമയം നമസ്കരിക്കുന്ന വിശ്വാസിയുടെ ജീവിതം പാപമുക്തവും പരിശുദ്ധവുമായിരിക്കുമെന്നർഥം; ആയിരിക്കണമെന്ന അനുശാസനവും അതുൾക്കൊള്ളുന്നു.

അതിരുകളില്ലാത്ത ആത്മനിർവൃതി

നമ്മുടെ പ്രശ്നങ്ങൾ ശ്രദ്ധാപൂർവ്വം കേട്ട് കൃത്യമായി പരിഹരിക്കാൻ കഴിയുമെന്ന് നാം ഉറച്ച് വിശ്വസിക്കുന്ന, നാം അങ്ങേയറ്റം ആദരിക്കുന്ന നേതാവുമായോ ഭരണാധികാരിയുമായോ പത്ത് മിനുറ്റ് സ്വകാര്യ സംഭാഷണം നടത്തി തിരിച്ചു വരുമ്പോൾ നമുക്കുണ്ടാകുന്ന നിർവൃതിയും സന്തോഷവും വാക്കുകളിൽ വിവരിക്കാനാവാത്തതായിരിക്കുമല്ലോ. അപ്പോൾ നമ്മെ നന്നായി ശ്രദ്ധിക്കുകയും കേൾക്കുകയും മനോമന്ത്രങ്ങൾ പോലും അറിയുകയും ചെയ്യുന്ന നമ്മുടെയും മുഴു പ്രപഞ്ചത്തിന്റെയും സ്രഷ്ടാവും സംരക്ഷകനുമായ ദൈവവുമായി കൂടിക്കാഴ്ച നടത്തി ആത്മഭാഷണം നിർവഹിച്ച് തിരിച്ചു വരുമ്പോഴുണ്ടാകുന്ന നിർവൃതി എത്രമേൽ ശക്തമായിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ. തനിക്ക് ജീവിതത്തിൽ ഏറ്റവും കൂടുതൽ സന്തോഷം ലഭിക്കുക നമസ്കാര വേളയിലാണെന്ന് പ്രവാചകൻ പറയാനുള്ള കാരണവും അതുതന്നെ.

നമസ്കാര സമയം

ദിവസത്തിന്റെ അഞ്ച് ഘട്ടങ്ങളിലാണ് അഞ്ചു നേരത്തെ നമസ്കാരം നിർവഹിക്കേണ്ടത്. ദൈവം അറിയിക്കുന്നു: “”നമസ്കാരം സത്യവിശ്വാസികൾക്ക് സമയബന്ധിതമായി നിശ്ചയിക്കപ്പെട്ട നിർബന്ധ ബാധ്യതയാണ്.” (4:103)
വിശ്വാസി അലസനാവരുത്. കർമനിരതനായിരിക്കണം. അതുകൊണ്ടുതന്നെ പ്രഭാതോദയത്തിനു മുമ്പ് അവന്റെ ദിവസം ആരംഭിക്കണം. അത് തന്റെ നാഥനും നിയന്താവുമായ ദൈവത്തോടുള്ള പ്രാർഥനയോടെ ആവുകയും വേണം. അതുകൊണ്ടു തന്നെ ഉദയസൂര്യന്റെ ശോഭ പൂർവ ചക്രവാളത്തിൽ പ്രത്യക്ഷപ്പെടുന്നതിന് മുമ്പാണ് പ്രഭാത പ്രാർഥന നിർവഹിക്കേണ്ടത്. ഇതിന് സ്വുബ്ഹി നമസ്കാരം എന്നാണ് പറയുക. സൂര്യോദയത്തോടെ പ്രഭാത നമസ്കാരത്തിന്റെ സമയം അവസാനിക്കും.

രണ്ടാമത്തെ നമസ്കാരം മധ്യാഹ്ന സമയത്താണ്. സൂര്യൻ ആകാശ മധ്യത്തിൽ നിന്ന് തെറ്റുന്നതോടെ മധ്യാഹ്ന നമസ്കാരത്തിന്റെ സമയം ആരംഭിക്കും. ഒരു വസ്തുവിന്റെ നിഴൽ അതിനോളം ആവുന്നത് വരെയാണ് അതിന്റെ സമയം. ഇതാണ് ളുഹ്റ് നമസ്കാരം.
മധ്യാഹ്ന നമസ്കാരത്തിന്റെ സമയം അവസാനിക്കുന്നതോടെ മൂന്നാമത്തെ നമസ്കാര സമയം ആരംഭിക്കും. സൂര്യാസ്തമയത്തോടെ അതവസാനിക്കുകയും ചെയ്യും. ഇത് അസ്വ്ർ നമസ്കാരം എന്ന് അറിയപ്പെടുന്നു. നാലാമത്തേത് പകലിന്റെ അറുതിയിലാണ്. സൂര്യാസ്തമയത്തോടെ അതിന്റെ സമയമാരംഭിക്കും. അസ്തമയ ശോഭ മായുന്നതോടെ അവസാനിക്കുകയും ചെയ്യും. ഇതാണ് മഗ്രിബ്. അഞ്ചാമത്തെ നമസ്കാര സമയം അസ്തമയ ശോഭ മറഞ്ഞ് ഇരുൾ പരക്കുന്നതോടെ ആരംഭിക്കും. സൂര്യാസ്തമയത്തിനു ശേഷം ഏകദേശം ഒന്നേകാൽ മണിക്കൂർ പിന്നിടുന്നതോടെയാണിത്. പ്രഭാതത്തോടെയാണ് അതവസാനിക്കുക. അർധരാത്രിക്ക് മുമ്പേ നിർവഹിക്കുന്നതാണ് ഉത്തമം. ഇതാണ് ഇശാ നമസ്കാരം. ഇവയാണ് നിർബന്ധ നമസ്കാരത്തിന്റെ അഞ്ച് സമയം.

ദിശ

എെക്യത്തിനും സാഹോദര്യത്തിനും ഏകീഭാവത്തിനും വലിയ പ്രാധാന്യം കല്പിക്കുന്ന ഇസ്ലാം ലോകമെങ്ങുമുള്ള വിശ്വാസികളുടെ ആരാധനാകർമങ്ങൾ ഒരേ വിധമായിരിക്കണമെന്ന് നിഷ്കർഷിക്കുന്നു. ലോകത്തിന്റെ ഏത് ഭാഗത്ത് ചെന്നാലും അവർക്ക് തങ്ങളുടെ ആദർശ സഹോദരന്മാരുടെ ആരാധനാകർമങ്ങളിൽ പങ്കാളികളാകാൻ ഒട്ടും പ്രയാസപ്പെടരുതെന്നും അതിന് നിർബന്ധമുണ്ട്. അതുകൊണ്ടുതന്നെ ലോകമെങ്ങുമുള്ള മുഴുവൻ മുസ്ലിംകളുടെയും ആരാധനാക്രമങ്ങളിൽ ഒരു വ്യത്യാസവുമില്ല. അങ്ങനെ അവരുടെ നമസ്കാരത്തിന് ദിശ നിശ്ചയിക്കപ്പെട്ടപ്പോൾ ദൈവം നിർണയിച്ച് നൽകിയത് മക്കയിലെ വിശുദ്ധ കഅ്ബയാണ്. അതിന്റെ ഏറ്റവും വലിയ പ്രത്യേകത അത് ഏകനായ ദൈവത്തെ ആരാധിക്കാനായി ആദ്യമായി പണി കഴിപ്പിക്കപ്പെട്ട ദേവാലയം എന്നതാണ്. അതിന്റെ പുനർനിർമാണം നിർവഹിച്ച ഇബ്രാഹീം നബിക്ക് ആ മന്ദിരത്തിന്റെ സ്ഥലം നിർണയിച്ചു കൊടുത്തത് പ്രപഞ്ച സ്രഷ്ടാവായ ദൈവമാണ്. അതേക്കുറിച്ച് ദൈവം പറയുന്നു:

“”ഇബ്റാഹീമിനു നാം ആ മന്ദിരത്തിന്റെ സ്ഥാനം നിർണയിച്ചുകൊടുത്ത സന്ദർഭം: ഒന്നിനെയും എന്റെ പങ്കാളിയാക്കരുതെന്ന് നാം നിർദേശിച്ചു; ത്വവാഫ് ചെയ്യുന്നവർക്കും നിന്നു നമസ്കരിക്കുന്നവർക്കും നമിക്കുന്നവർക്കും സാഷ്ടാംഗം പ്രണമിക്കുന്നവർക്കും വേണ്ടി എന്റെ ആ മന്ദിരം ശുദ്ധമാക്കി വെക്കണമെന്നും” (ഖുർആൻ 22:26)

മാനവസമൂഹത്തിന്റെ അഭയ കേന്ദ്രമായി ദൈവം നിശ്ചയിച്ചതും അതുതന്നെ. അവനതിനെ തന്റെ ഭവനമെന്നാണ് വിശേഷിപ്പിച്ചത്. ദൈവം അറിയിക്കുന്നു:

“”ഒാർക്കുക: ആ ഭവനത്തെ നാം ജനങ്ങളുടെ മഹാസംഗമ സ്ഥാനമാക്കി; നിർഭയമായ സങ്കേതവും. ഇബ്റാഹീം നിന്ന് പ്രാർഥിച്ച ഇടം നിങ്ങൾ നമസ്കാര സ്ഥലമാക്കുക.അതിനെ വലം വെക്കുന്നവർക്കും ഭജനമിരിക്കുന്നവർക്കും തലകുനിച്ചും സാഷ്ടാംഗം പ്രണമിച്ചും പ്രാർഥിക്കുന്നവർക്കുമായി എന്റെ ഭവനം വൃത്തിയാക്കിവെക്കണമെന്ന് ഇബ്റാഹീമിനോടും ഇസ്മാഇൗലിനോടും നാം കൽപിച്ചു.”(ഖുർആൻ 2:125)
ഏതായാലും ലോകമെങ്ങുമുള്ള വിശ്വാസികൾ നമസ്കാരത്തിൽ തിരിഞ്ഞു നിൽക്കേണ്ടത് ആ ദേവാലയത്തിന് നേരെയാണ്.

വൃത്തി നേടാൻ വൃത്തിയോടെ നാം ആദരിക്കുന്ന ഏത് വ്യക്തിയെ കാണാൻ പോകുമ്പോഴും കുളിച്ച് വൃത്തിയായി ഉള്ളതിൽ വെച്ച് നല്ല വസ്ത്രം ധരിച്ച് ഒരുങ്ങിയാണല്ലോ പോവുക. അപ്പോൾ പ്രപഞ്ചനാഥനായ ദൈവ സന്നിധിയിലേക്ക് അവനുമായി സന്ധിച്ച് സംഭാഷണം നടത്താൻ പോവുമ്പോഴോ, താൻ എല്ലാ അർഥത്തിലും വൃത്തിയുള്ളവനാണെന്ന് ഉറപ്പുവരുത്തണം. ശരീരവും വസ്ത്രവും നമസ്കാരത്തിന് നിൽക്കുന്ന ഇടവും മാലിന്യമുക്തമായിരിക്കണം. മലം, മൂത്രം, രക്തം, ചലം പോലുള്ളവ മാലിന്യങ്ങളാണ്. അവയൊന്നും ശരീരത്തിലോ വസ്ത്രത്തിലോ നമസ്കാരം നിർവഹിക്കുന്ന സ്ഥലത്തോ ഉണ്ടാവരുത്.

രണ്ടുതരം അശുദ്ധിയുണ്ടെന്നും രണ്ടിൽ നിന്നും ശുദ്ധി നേടണമെന്നും ഇസ്ലാം അനുശാസിക്കുന്നു. ആർത്തവ രക്തമുള്ള ഋതുമതിക്കും പ്രസവരക്തമുള്ളവൾക്കും നമസ്കാരത്തിൽ ഇളവ് അനുവദിക്കപ്പെട്ടിരിക്കുന്നു. അക്കാലത്ത് അവർക്ക് നമസ്കാരമില്ല. അതവസാനിച്ചാൽ ഇരുവരും നമസ്കാരത്തിനു മുമ്പ് കുളിച്ച് വൃത്തിയാവണം. സ്വപ്നത്തിലോ അല്ലാതെയോ ഇന്ദ്രിയ സ്ഖലനമുണ്ടായാലും രതിബന്ധം നടന്നാലും കുളി നിർബന്ധമാണ്. ഇവ്വിധം കുളി നിർബന്ധമായ കാര്യങ്ങളാണ് വലിയ അശുദ്ധി. കുളിയിലൂടെയാണ് അതിൽ നിന്ന് മോചനം നേടുക. നമസ്കാരത്തിന് മുമ്പ് നിർബന്ധമായും നിർവഹിക്കേണ്ട അംഗ ശുദ്ധീകരണമുണ്ട്.വുദൂഅ് എന്നാണ് അതിന് പറയുക.അതില്ലാത്ത അവസ്ഥയാണ് ചെറിയ അശുദ്ധി. വുദൂഅ് എടുക്കുമ്പോൾ പല്ലും വായയും വൃത്തിയാക്കണമെന്ന് പ്രവാചകൻ നിർദേശിച്ചിരിക്കുന്നു. ആദ്യം രണ്ട് കൈപ്പടവും മൂന്നുതവണ കഴുകുക. മൂന്നു തവണ വായിൽ വെള്ളമൊഴിച്ച് വായയും പല്ലും വൃത്തിയാക്കുക. പിന്നീട് മൂന്നു പ്രാവശ്യം മുഖം കഴുകുക. തുടർന്ന് വലതുകൈ മൂന്ന് പ്രാവശ്യവും ഇടതു കൈ മൂന്നു പ്രാവശ്യവും മുട്ടുൾപ്പെടെ കഴുകുക.

പിന്നീട് തലയും ചെവിയും തടവുക. അവസാനമായി ഞെരിയാണി വരെ ഇരുകാലുകളും കഴുകുക. ഇങ്ങനെയാണ് നമസ്കാരത്തിന് അംഗശുദ്ധി വരുത്തേണ്ടത്. ശരീരവും വസ്ത്രവും നിൽക്കുന്ന ഇടവും പൂർണമായും വൃത്തിയുള്ളവയായിരിക്കുകയും വൃത്തിയുള്ളവയാണെന്ന ബോധം ഉൾക്കൊള്ളുകയും വേണം. മനസ്സിനെയും ആത്മാവിനെയും ജീവിതത്തെയും കഴുകി വൃത്തിയാക്കാനായി ദൈവസന്നിധിയിലേക്ക് നടത്തുന്ന യാത്രയിൽ ശരീരത്തിന്റെയും വസ്ത്രത്തിന്റെയും വൃത്തി ഉറപ്പ് വരുത്തണമെന്നർഥം.

നമസ്കാരത്തിനുള്ള ക്ഷണം

ജനങ്ങളെ നമസ്കാര സമയം അറിയിക്കാനും അതിലേക്ക് ക്ഷണിക്കാനുമായി ആരാധനാലയങ്ങളിൽ നിന്ന് ബാങ്ക് വിളിക്കുന്നു. അതിലെ വാചകങ്ങൾ ദൈവത്തെ കീർത്തിക്കുന്നവയും അവന്റെ ഏകത്വം സാക്ഷ്യപ്പെടുത്തുന്നവയും മുഹമ്മദ് നബിയുടെ പ്രവാചകത്വം വിളംബരം ചെയ്യുന്നവയും നമസ്കാരത്തിലേക്ക് അഥവാ വിജയത്തിലേക്ക് വിളിക്കുന്നവയുമാണ്.അതിന്റെ ഉള്ളടക്കം ഇങ്ങനെ:

“”ദൈവമാണ് ഏറ്റവും മഹാൻ. (നാലുതവണ)
ദൈവമല്ലാതെ ഒരാരാധ്യനും യജമാനനുമില്ലെന്ന് ഞാൻ സാക്ഷ്യപ്പെടുത്തുന്നു. (രണ്ട് തവണ)
മുഹമ്മദ് ദൈവത്തിന്റെ ദൂതനാണ് ഞാൻ സാക്ഷ്യപ്പെടുത്തുന്നു. (രണ്ട് തവണ)
നമസ്കാരത്തിലേക്ക് വരിക. (രണ്ട് തവണ)
വിജയത്തിലേക്ക് വരിക. (രണ്ട് തവണ)
ദൈവമാണ് ഏറ്റവും മഹാൻ. (രണ്ട് തവണ)
ദൈവമല്ലാതെ ഒരാരാധ്യനും യജമാനനുമില്ല. (രണ്ട് തവണ)”
പ്രഭാത നമസ്കാരത്തിന്റെ ബാങ്കിൽ ഇത് കൂടിയുണ്ട്.
“”നമസ്കാരം ഉറക്കത്തേക്കാൾ ഉത്തമമാണ്.” (രണ്ട് തവണ)
ജനങ്ങളെ സമയമറിയിക്കലും ക്ഷണിക്കലും മാത്രമല്ല ബാങ്കിന്റെ ഉദ്ദേശ്യം, ഒാരോ വ്യക്തിയെയും നമസ്കാരത്തിന് സജ്ജമാക്കലും കൂടിയാണ്. അതിനാൽ ഒരാൾ തനിച്ചാണ് നമസ്കരിക്കുന്നതെങ്കിലും ബാങ്ക് വിളിക്കണം. അപ്പോൾ ആ ക്ഷണം സ്വന്തം മനസ്സിനോടും ആത്മാവിനോടും ബോധതലത്തോടുമായിരിക്കും.

അഹങ്കാരത്തിന് അറുതി

നമസ്കാരത്തിന് നിശ്ചിത ദിശയിൽ തിരിഞ്ഞ് തയ്യാറായി നിന്നാൽ ഭൗതിക പ്രപഞ്ചത്തോടും അതിലെ സകലതിനോടും വിടപറഞ്ഞ് സ്വന്തം ഉണ്മയെ ഉത്തേജിപ്പിക്കാനായി വിരലുകൾ നിവർത്തിപ്പിടിച്ച് കൈകൾ ഇരുപാ
ർശ്വങ്ങളിലും ചുമലുകൾക്ക് നേരെ ഉയർത്തിയ ശേഷം താഴ്ത്തി നെഞ്ചിന്മേൽ ഇടതുകയ്യും അതിനുമുകളിൽ വലതു കയ്യും വെക്കുന്നു. വലതു കൈ കൊണ്ട് ഇടതു കൈയിന്റെ കെണിപ്പിൽ പിടിച്ചു കൊണ്ടിരിക്കുന്നു.

അങ്ങനെ നമസ്കാരത്തിലേക്ക് പ്രവേശിക്കുമ്പോൾ “അല്ലാഹു അക്ബർ’ എന്ന് പറയുന്നു. ദൈവമാണ് ഏറ്റവും വലിയവൻ, മഹാൻ, പരിഗണനീയൻ എന്നൊക്കെയാണ് അതിന്റെ അർഥവും ഉദ്ദേശ്യവും. അഞ്ച് നേരത്തെ നിർബന്ധ നമസ്കാരം മാത്രം നിർവഹിക്കുകയാണെങ്കിൽ 94 തവണ ഇൗ വാക്യം ആവർത്തിച്ച് പറയേണ്ടതുണ്ട്. ബാങ്കും എെഛിക നമസ്കാരങ്ങളും കൂടി നിർവഹിക്കുന്ന വിശ്വാസി ഇരുനൂറിലേറെ തവണ “അല്ലാഹു അക്ബർ’ എന്ന് ആവർത്തിച്ചാവർത്തിച്ച് പറയും, പറയണം. എന്തുകൊണ്ട്? ലോകത്തിലെ എല്ലാ തെറ്റുകുറ്റങ്ങൾക്കും കുഴപ്പങ്ങൾക്കും കലാപങ്ങൾക്കും മൂലകാരണം അഹങ്കാരമാണ്. ലോകത്തിലെ ആദ്യത്തെ തെറ്റ് ചെയ്ത സാത്താനെ അതിന് പ്രേരിപ്പിച്ചത് അഹങ്കാരമാണ്. ആദാമിന്റെ മുമ്പിൽ സാഷ്ടാംഗം ചെയ്യാനുള്ള ദൈവകൽപന ധിക്കരിക്കാൻ കാരണം അഹന്തയായിരുന്നുവെന്ന് വേദഗ്രന്ഥം വ്യക്തമാക്കുന്നു. (ഖുർആൻ.7:12)
ഭൂമിയിൽ മനുഷ്യരക്തം ആദ്യമായി ചിന്താൻ ഇടയാക്കിയ കൊടിയ കുറ്റകൃത്യത്തിന് കാരണവും അഹങ്കാരം തന്നെ. കാലം കണ്ട കൊടും കുറ്റവാളികളെയൊക്കെ വഴി പിഴപ്പിച്ചതും അഹന്ത തന്നെ. എന്നും എവിടെയുമെന്നപോലെ ഇന്നും കുടുംബകലഹങ്ങൾ തൊട്ട് നാട്ടിലും സമൂഹത്തിലും രാജ്യത്തും ലോകത്തും നടക്കുന്ന എല്ലാ കലാപങ്ങൾക്കും കുഴപ്പങ്ങൾക്കും കൂട്ടക്കുരുതികൾക്കും യുദ്ധങ്ങൾക്കും കാരണം അതുതന്നെ. ദൈവ നിഷേധത്തിനും ധിക്കാരത്തിനും പ്രേരകമാകുന്നതും മറ്റൊന്നല്ല.

അതിനാൽ മനുഷ്യനെ ഏറ്റവും ആദ്യമായും പ്രധാനമായും മോചിപ്പിക്കേണ്ടത് അഹങ്കാരത്തിൽ നിന്നാണ്. ഇതിനുള്ള ഏറ്റവും ശക്തമായ ഉപാധിയാണ് ഒാരോ ദിവസവും ഒാരോ വ്യക്തിയും അനേകതവണ ആവർത്തിച്ചാവർത്തിച്ച് ഹൃദയ സാന്നിധ്യത്തോടെ അല്ലാഹു അക്ബർ എന്ന് പ്രഖ്യാപിക്കുന്നത്. ദൈവമാണ് ഏറ്റവും വലിയവൻ, മഹാൻ. താനും തന്റെ സമ്പത്തും സ്ഥാനമാനങ്ങളും അധികാരവും പദവിയും പ്രൗഢിയും പേരും പ്രശസ്തിയും കുടുംബവും ഗോത്രവും സമുദായവും ജാതിയും പ്രദേശവും നാടും ഭരണകൂടവുമൊക്കെ ചെറുതാണ്; നിസ്സാരമാണ്; പരമമായ സത്യത്തിന് മുമ്പിൽ അവഗണിക്കപ്പെടാവുന്നതും അവഗണിക്കപ്പെടേണ്ടതുമാണ്. ഇങ്ങനെ ഒാരോ വ്യക്തിയും സ്വന്തത്തിന്റെ എളിമയും നിസ്സാരതയും നന്നെച്ചുരുങ്ങിയത് ദിനംപ്രതി നൂറുതവണയെങ്കിലും ആവർത്തിച്ചാവർത്തിച്ച് പ്രഖ്യാപിച്ച് വിനീതനായി മാറുകയെന്നത് നമസ്കാരത്തിന്റെ മുഖ്യലക്ഷ്യമാണ്. അത് സാധ്യമായാൽ ജീവിത വിജയം ഉറപ്പ്.

പ്രാരംഭ പ്രാർഥന

നമസ്കാരത്തിൽ പ്രവേശിച്ചാൽ ആദ്യമായി നടത്തുന്ന പ്രാർഥനയിലൂടെ വിശ്വാസി ആകാശഭൂമികളുടെ സ്രഷ്ടാവായ ദൈവത്തിന് സ്വന്തത്തെ സമർപ്പിക്കുന്നു. തുടർന്ന് താൻ വക്രതയില്ലാത്തവനും ദൈവത്തിനു വഴിപ്പെടുന്നവനും അവനിൽ മറ്റൊന്നിനെയും പങ്കു ചേർക്കാത്തവനുമാണെന്ന് പ്രഖ്യാപിക്കുന്നു. തന്റെ ആരാധനാകർമങ്ങളും ജീവിതവും മരണവുമെല്ലാം ദൈവത്തിനാണെന്ന് അവനോട് കരാർ ചെയ്യുന്നു.
തുടർന്ന് വിശുദ്ധ ഖുർആനിലെ ആദ്യ അധ്യായം നിർബന്ധമായും പാരായണം ചെയ്യണം. ദൈവം പഠിപ്പിച്ച ദൈവ വചനങ്ങളുരുവിട്ട് ദൈവത്തിന്റെ കാരുണ്യവും ദയയും എടുത്തു പറയുകയും അവന്റ മഹത്ത്വം കീർത്തിക്കുകയും അവനോട് സുപ്രധാനമായ കരാറിലേർപ്പെടുകയും ചെയ്യുന്ന പ്രസ്തുത അധ്യായത്തിന്റെ ആശയം ഇങ്ങനെ:
“പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്റെ നാമത്തിൽ.
സ്തുതിയൊക്കെയും അല്ലാഹുവിന്നാണ്. അവൻ മുഴുലോകരുടെയും പരിപാലകൻ.
“”പരമകാരുണികൻ. ദയാപരൻ.
വിധിദിനത്തിന്നധിപൻ.
നിനക്കു മാത്രം ഞങ്ങൾ വഴിപ്പെടുന്നു.
നിന്നോടു മാത്രം ഞങ്ങൾ സഹായം തേടുന്നു.
ഞങ്ങളെ നീ നേർവഴിയിലാക്കേണമേ.
നീ അനുഗ്രഹിച്ചവരുടെ വഴിയിൽ.
നിന്റെ കോപത്തിന്നിരയായവരുടെയും
പിഴച്ചവരുടെയും വഴിയിലല്ല.’ (1:1-17)

തുടർന്ന് വിശുദ്ധ ഖുർആനിലെ ഏതെങ്കിലും അധ്യായമോ അധ്യായത്തിൽ നിന്ന് ഏതാനും സൂക്തങ്ങളോ പാരായണം ചെയ്യുന്നു.

സാഷ്ടാംഗം

ഖുർആൻ പാരായണത്തിന് ശേഷം ഉള്ളംകൈകൾ കൊണ്ട് കാൽമുട്ടിലൂന്നി മുതുക് നിരപ്പായി കുനിഞ്ഞു നിൽക്കുന്നു. ഇതിന് റുകൂഅ് എന്ന് പറയുന്നു. ഭൂമിയിൽ ഉടലിനേക്കാൾ തല ഉയർത്തിപ്പിടിക്കുന്ന അപൂർവം ജീവികളിലൊന്നാണ് മനുഷ്യൻ. സൃഷ്ടികളിൽ ശ്രേഷ്ഠനെന്ന നിലയിൽ നട്ടെല്ല് നിവർത്തി തല ഉയർത്തിയാണ് മനുഷ്യൻ നിൽക്കുന്നത്, നിൽക്കേണ്ടത്. തന്നെപ്പോലുള്ള മനുഷ്യരുടെ മുമ്പിലോ തന്നേക്കാൾ താഴെയുള്ള മറ്റേതെങ്കിലും സൃഷ്ടികളുടെ മുമ്പിലോ അവന്റെ തല കുനിയുകയോ താഴുകയോ അരുത്. തല ഉയർത്തിപ്പിടിച്ച് നിൽക്കേണ്ടവനാണവനെന്നർഥം. എന്നാൽ അതേ തല ദൈവത്തിന്റെ മുമ്പിൽ വളരെ വിനീതമായി കുനിയുക തന്നെ വേണം. അതിലൂടെ മനുഷ്യന്റെ യഥാർഥ അവസ്ഥ വിളംബരം ചെയ്യുകയാണ്. ഇതിലൂടെ വിശ്വാസി ഒൗന്നത്യ ബോധവും വിനയവും ഒരേസമയം പ്രകാശിപ്പിക്കുകയാണ്. ആത്മ നിന്ദയില്ലാതിരിക്കാനും
ആത്മാഭിമാനം നില നിർത്താനും ഇൗ ഒൗന്നത്യ ബോധം അനിവാര്യമാണ്; അഹങ്കാരത്തിൽ നിന്ന് മോചിതനാകാൻ വിനയവും. അപ്പോഴും അത്യുന്നതനായ ദൈവത്തിന്റെ മഹത്ത്വം കീർത്തിക്കുകയും വിശുദ്ധി വാഴ്ത്തുകയും ചെയ്യുന്നു. തുടർന്ന് നിവർന്ന് നിൽക്കുന്നു. ആ നിർത്തത്തിലും ദൈവത്തിന്റെ മഹത്ത്വം കീർത്തിക്കുകയും വിശുദ്ധി വാഴ്ത്തുകയും ചെയ്യുന്നു.
പിന്നീടുള്ളതാണ് നമസ്കാരത്തിലെ ഏറ്റവും ശ്രേഷ്ഠമായ അനുഷ്ഠാനം, സാഷ്ടാംഗമാണത്. ദൈവവുമായി ഏറ്റവും അടുക്കുന്ന സന്ദർഭമെന്നാണ് പ്രവാചകൻ അതേപ്പറ്റി പറഞ്ഞത്. അതിൽ മുഴുവൻ കാൽവിരലുകളും നിലത്തൂന്നുന്നു. വിരലുകൾ നിവർത്തി ഉള്ളം കൈകൾ നിലത്ത് വെക്കുന്നു. ഇരു കാൽ മുട്ടുകളും നെറ്റിയും മൂക്കും തറയിൽ പതിച്ച് വെക്കുന്നു. ഇരുവശങ്ങളിലും ചുമലിനു നേരെയാണ് കൈപ്പടങ്ങൾ വെക്കുക. ഇതിന് സുജൂദ് എന്നാണ് പറയുക.

അങ്ങനെ താഴാവുന്നതിന്റെ പരമാവധി അവൻ ദൈവത്തിന്റെ മുമ്പിൽ തന്റെ തല താഴ്ത്തുന്നു. അങ്ങേയറ്റം വിനീതനായിത്തീരുന്നു. ദൈവത്തിന്റെ മുമ്പിൽ ഇവ്വിധം സാധ്യമാവുന്നത്ര വിനീതനാവുന്നതിലൂടെ അഹങ്കാരത്തിന് അറുതി വരുത്തി മഹത്ത്വമാർജിക്കുന്നു, ദൈവസാമീപ്യം നേടുന്നു. അത്യുന്നതനും മഹാനുമായ ദൈവവുമായി തന്നെ ബന്ധിപ്പിക്കുന്നു. അതിലൂടെ കരുത്തും ശക്തിയും നേടുന്നു. അതോടൊപ്പം തന്റെ ആവശ്യങ്ങളൊക്കെയും ദൈവത്തിന്റെ മുമ്പിൽ സമർപ്പിച്ച് നിർവൃതിയടയുന്നു. അങ്ങനെ സാധ്യമാവുന്നതിന്റെ പരമാവധി ദൈവോന്മുഖനായി മാറുന്നു. ആത്മീയമായ വളർച്ചയും ഒൗന്നത്യവും ആർജിക്കുന്നു. നിവർന്നിരുന്ന ശേഷം സാഷ്ടാംഗം ഒരിക്കൽ കൂടി ആവർത്തിക്കുന്നു. തുടർന്ന് സാഷ്ടാംഗത്തിൽ നിന്ന് വിരമിക്കുന്നതോടെ ഒരു റക്അത്ത് പൂർത്തിയാവുന്നു. ഇങ്ങനെ അഞ്ചു സമയത്തെ നമസ്കാരങ്ങളിലൂടെ പതിനേഴ് റക്അത്താണ് വിശ്വാസി ഒാരോദിവസവും നിർബന്ധമായി നിർവഹിക്കേണ്ടത്. സ്വുബ്ഹി രണ്ടും ളുഹ്റ് നാലും അസ്വ്റ് നാലും മഗ്രിബ് മൂന്നും ഇശാ നാലും റക്അത്തുകൾ.

വിരാമം

നമസ്കാരത്തിൽ നിന്ന് വിരമിക്കുന്നതിന് മുമ്പ് വലതുകാൽ നിലത്ത് കുത്തി ഇടത് കാലടി പരത്തി വെച്ച് അതിന്മേൽ ഇരിക്കുന്നു. അപ്പോൾ ദൈവത്തെ അഭിവാദ്യം ചെയ്യുന്നു. പിന്നീട് കീർത്തനങ്ങൾ ചൊല്ലുന്നു. തുടർന്ന് പ്രവാചകന് വേണ്ടിയുള്ള പ്രാർഥനകൾ നിർവഹിക്കുന്നു. അവസാനമായി തന്റെ പാപമോചനത്തിനും ദൈവശിക്ഷയിൽ നിന്ന് രക്ഷ നേടാനും മരണാനന്തര ജീവിതവിജയത്തിനും വേണ്ടി പ്രാർഥിക്കുന്നു.

പിന്നീട് വലതുവശത്തേക്ക് പൂർണമായി മുഖം തിരിച്ച് അവിടെയുള്ള എല്ലാറ്റിനും സമാധാനവും ദിവ്യാനുഗ്രഹങ്ങളും ആശംസിക്കുന്നു. തുടർന്ന് ഇടത് വശത്തേക്ക് തിരിഞ്ഞും അതാവർത്തിക്കുന്നു. അങ്ങനെ അഭിവാദനങ്ങൾ നടത്തിയും ആശംസകളർപ്പിച്ചും ഭൂമിയിലേക്ക് തിരിച്ചു വരുന്നു.ഭൂമിയിൽ നിന്നും ഭൗതിക പ്രപഞ്ചത്തിൽ നിന്നും വിട പറഞ്ഞ് ദൈവ സന്നിധിയിലേക്ക് യാത്ര പോയ വിശ്വാസിയുടെ ഭൂമിയിലേക്കുള്ള മടക്കമാണത്.

ഒാരോ വിശ്വാസിയും എത്രമേൽ മനസ്സാന്നിധ്യത്തോടെയും ആത്മാർഥതയോടെയും ജാഗ്രതയോടെയും സൂക്ഷ്മതയോടെയും നമസ്കാരം നിർവഹിക്കുന്നുവോ അതിനനുസൃതമായിരിക്കും അതിൽനിന്ന് ആർജിക്കുന്ന ആത്മീയോൽക്കർഷവും ദൈവസാമീപ്യവും ജീവിതവിശുദ്ധിയും മറ്റ് സദ്ഫലങ്ങളും.

വിശ്വാസി വിശ്വപൗരനായി മാറുന്നു

നമസ്കാരം നിഷ്ഠയോടെ നിർവഹിക്കുന്നവരിൽ അത് സമാനതകളില്ലാത്ത സാമൂഹ്യബോധം വളർത്തുന്നു. നമസ്കാരത്തിലെ നിർബന്ധ പ്രാർഥനകളിലും കീർത്തനങ്ങളിലും ഞാനില്ല, ഞങ്ങളേയുള്ളൂ. “”ഞങ്ങൾ നിനക്ക് മാത്രം വഴിപ്പെടുന്നു. ഞങ്ങൾ നിന്നോട് മാത്രം സഹായം തേടുന്നു. ഞങ്ങളെ നേർവഴിയിൽ നയിക്കേണമേ.” ഇവിടെയൊന്നും ഞാൻ എന്ന് ഉപയോഗിച്ചാൽ നമസ്കാരം സ്വീകാര്യമാവുകയില്ല. ഏകാന്തതയിൽ തനിച്ചാണ് നമസ്കരിക്കുന്നതെങ്കിലും ഞങ്ങൾ എന്നു തന്നെയാണ് ഉപയോഗിക്കേണ്ടത്. ആരാണീ ഞങ്ങൾ എന്ന് ചോദിച്ചാൽ അതിനുള്ള ഇസ്ലാമിന്റെ മറുപടി ലോകമെങ്ങുമുള്ള സച്ചരിതരായ മുഴുവൻ മനുഷ്യരുമെന്നാണ്.

നമസ്കാരത്തിലെ നിർബന്ധ പ്രാർഥനകളിലൊന്ന് ദൈവമേ, സച്ചരിതരായ മുഴുവൻ മനുഷ്യർക്കും നീ സമാധാനവും രക്ഷയും നൽകണമേയെന്നതാണ്. മനുഷ്യാരംഭം മുതൽ ലോകാവസാനം വരെയുള്ള എല്ലാ കാലത്തെയും മുഴുവൻ രാജ്യങ്ങളിലെയും സച്ചരിതരായ സകല മനുഷ്യർക്കും വേണ്ടിയുള്ള പ്രാർഥനയാണിത്. ഇൗ പ്രാർഥന ചൊല്ലാതെ ആർക്കും നമസ്കാരം നിർവഹിക്കാനാവില്ല. നമസ്കാരം നിർവഹിക്കുന്ന ഒാരോരുത്തർക്ക് വേണ്ടിയും എല്ലാവരും പ്രാർഥിക്കുന്നു.അതിനാൽ കാല ദേശ ഭേദങ്ങൾക്കതീതമായി എല്ലാവരും എല്ലാവർക്ക് വേണ്ടിയും ദൈവത്തോട് നടത്തുന്ന പ്രാർഥന കൂടിയാണ് നമസ്കാരം. ഇങ്ങനെ നമസ്കാരം വിശ്വാസിയെ കാല,ദേശ, വർഗ,വർണ ഭേദങ്ങൾക്കതീതനായ വിശ്വപൗരനാക്കി വാർത്ത് വളർത്തിയെടുക്കുന്നു.
നമസ്കാരത്തിൽ കൂടുതൽ ഏകാഗ്രതയും മനസ്സാന്നിധ്യവും ശ്രദ്ധയും ലഭിക്കുക തനിച്ച് നിർവഹിക്കുമ്പോഴാണ്. എന്നിട്ടും നിർബന്ധ നമസ്കാരങ്ങളെല്ലാം നിർവഹിക്കേണ്ടത് സംഘടിതമായാണെന്ന് പ്രവാചകൻ കണിശമായി കൽപിക്കുന്നു. തനിച്ച് നിർവഹിക്കുന്നതിന്റെ 27 ഇരട്ടി പ്രതിഫലം സംഘടിത നമസ്കാരത്തിനുണ്ടെന്ന് ഉൗന്നിപ്പറയുന്നു. ഒാരോ ദിവസവും അഞ്ച് നേരം ആരാധനാലയങ്ങളിൽ ഒത്തുകൂടുന്നതിലൂടെ നമസ്കാരം വലിയ എെക്യബോധവും സംഘവികാരവും സാമൂഹ്യപ്രതിബദ്ധതയും വളർത്തുന്നു.

സമത്വത്തിന്റെ സുന്ദരദൃശ്യം

നമസ്കാരം നിർവഹിക്കുക ഒരേ വരിയിൽ ഒരേ നേതാവിന്റെ കീഴിൽ അണിനിരന്നാണ്. പണക്കാരനും പാവപ്പെട്ടവനും കറുത്തവനും വെളുത്തവനും പണ്ഡിതനും സാധാരണക്കാരനും ഭരണാധികാരിയും ഭരണീയനും
തൊഴിലാളിയും മുതലാളിയും തോളോട് തോൾ ചേർന്ന് നില്ക്കുന്നു. അണി തെറ്റാതിരിക്കാൻ കണിശമായ ജാഗ്രത പുലർത്തണമെന്ന് നിർദേശിക്കപ്പെട്ടിരിക്കുന്നു. അതോടൊപ്പം ആദ്യം ആരാണോ ആരാധനാലയത്തിലെത്തിയത്, അവർ ആദ്യ അണിയിൽ നിൽക്കുന്നു. പിന്നാലെ വരുന്നവർ പിന്നണിയിലും. അപ്പോൾ ആദ്യമെത്തിയത് ഡൈ്രവറോ ശിപാ
യിയോ ആണെങ്കിൽ അദ്ദേഹത്തിന്റെ കാലിന്റെ അടുത്ത് പിന്നീട് വരുന്ന മന്ത്രിക്ക് തന്റെ തല വെക്കേണ്ടി വരുന്നു. താൻ അതിന് തയ്യാറല്ലെന്ന് ആരെങ്കിലും കരുതുകയോ തീരുമാനിക്കുകയോ ചെയ്താൽ അയാൾക്ക് നമസ്കാരമില്ലെന്നർഥം. മനസ്സിൽ മുഷിപ്പ് വിചാരിച്ചാൽ പോലും നമസ്കാരം നിഷ്ഫലമാകും. നമസ്കാരത്തിലല്ലാതെ മറ്റൊന്നിലും ഒരിക്കലും ആരും മറ്റൊരാളുടെ കാലിനടുത്ത് തല വെക്കുകയില്ല; വെക്കരുത്. ദൈവത്തിനു മുമ്പിലല്ലാതെ മറ്റെവിടെയും മനുഷ്യന്റെ ശിരസ്സ് താഴുകയോ കുനിയുകയോ അരുതെന്ന് ഇസ്ലാം അനുശാസിക്കുന്ന കാര്യം നേരത്തെ വിശദീകരിച്ചതാണല്ലോ.

ഇങ്ങനെ നമസ്കാരം വിശ്വാസിസമൂഹത്തിൽ സമാനതകളില്ലാത്ത സമത്വവും സാഹോദര്യവും ഏക മാനവികതയും വളർത്തുന്നു. മനുഷ്യനെ ഞാനിൽ നിന്ന് ഞങ്ങളിലേക്ക് നയിക്കുന്നു. ആരും അന്യരല്ലെന്നും തന്റെ സഹോദരനാണെന്നുമുള്ള ബോധം വളർത്തുന്നു.മനസ്സിനെ വിശാലവും വിശുദ്ധവും സ്നേഹസമ്പന്നവും ഗുണകാംക്ഷാപൂർണവും ആർദ്രവും ഉദാരവുമാക്കുന്നു. ( തുടരും)

Related Articles