Current Date

Search
Close this search box.
Search
Close this search box.

മർമ്മങ്ങളിൽ സ്പർശിക്കുന്ന ഖുർആൻ സൂക്തങ്ങൾ

മനുഷ്യൻറെ ഏറ്റവും വലിയ ദൗർബല്യം എന്താണ്? മഹാഭൂരിപക്ഷത്തിന്റേതും പണം തന്നെ. അതിന്റെ മുമ്പിൽ പതറാത്തവർ വളരെ വിരളം.ഐഛികവും നിർബന്ധവുമായ ആരാധനാനുഷ്ഠാനങ്ങൾ ഒട്ടും മടിയില്ലാതെ ധാരാളമായി നിർവഹിക്കുന്നവർ പോലും പണമിടപാടുകളിൽ പൂർണ്ണമായും പരാജയപ്പെടുന്നു. അതുകൊണ്ട് തന്നെ ജീവിതവിശുദ്ധി പരീക്ഷിച്ചറിയാനുള്ള ഏറ്റവും നല്ല മാനദണ്ഡം സമ്പത്തിനോടുള്ള സമീപനമാണ്. അതിൻറെ സമ്പാദനത്തിലും കൈവശം വെയ്ക്കുന്നതിലും ചെലവഴിക്കുന്നതിലും പുലർത്തുന്ന സൂക്ഷ്മതയാണ് ഏതൊരാളെയും വിലയിരുത്താനുള്ള ഏറ്റവും നല്ല മാർഗ്ഗം. അതിനാലാണ് രണ്ടാം ഖലീഫ ഉമറുൽ ഫാറൂഖ് തന്റെ മുമ്പിൽ സാക്ഷിയായി വന്ന മനുഷ്യനോട് കേസിൽ ബന്ധപ്പെട്ട കക്ഷിയെ അറിയുമോയെന്ന് അന്വേഷിച്ചപ്പോൾ അയാളുമായി സാമ്പത്തിക ഇടപാട് നടത്തിയിട്ടുണ്ടോ എന്ന് ചോദിച്ചത്. അദ്ദേഹത്തെ അറിയുമെന്നതിന് തെളിവായി നമസ്കാരവേളയിൽ സ്ഥിരം കാണാറുണ്ടെന്ന് പറഞ്ഞ സാക്ഷിയോട് അയാൾ ഒന്നിച്ച് യാത്ര ചെയ്യുകയോ അയൽപക്കത്ത് താമസിക്കുകയോ സാമ്പത്തിക ഇടപാട് നടത്തുകയോ ചെയ്തിട്ടില്ലെന്ന് പറഞ്ഞപ്പോൾ “എങ്കിൽ താങ്കൾക്ക് അയാളെ അറിയുകയില്ല” എന്നാണ് ഖലീഫ വിധിച്ചത്.

മാതാപിതാക്കളും മക്കളും സഹോദരീ സഹോദരന്മാരും മറ്റ് കുടുംബാംഗങ്ങളും ദമ്പതികളും അയൽക്കാരും സുഹൃത്തുക്കളുമൊക്കെ തമ്മിൽ തെറ്റാനും അകലാനും കാരണമാകാറുള്ളത് മറ്റെന്തിനെക്കാളുമേറെ സമ്പത്താണ്. ജനങ്ങൾക്കിടയിലുണ്ടാകുന്ന നിരവധി ശത്രുതക്കും കുഴപ്പങ്ങൾക്കും കലാപങ്ങൾക്കും കൊലപാതകങ്ങൾക്കും വഴിവെക്കാറുള്ളതും അതുതന്നെ.

സമ്പത്തിനോടുള്ള ആർത്തി പലരെയും അസ്വസ്ഥരും അസംതൃപ്തരുമാക്കുന്നു. സ്വൈര നിദ്രയ്ക്ക് വിഘാതം വരുത്തുന്നു.

ഇങ്ങനെ എല്ലാ അർത്ഥത്തിലും മനുഷ്യന്റെ ഏറ്റവും വലിയ ദൗർബല്യം സമ്പത്തായതിനാലാണ് വിശുദ്ധ ഖുർആൻ മറ്റെന്തിനെക്കാളുമേറെ അതുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് പ്രാമുഖ്യം നൽകി വിശദീകരിക്കുന്നതും ഊന്നിപ്പറയുന്നതും.

നിർബന്ധ നമസ്കാരം മാത്രം നിർവഹിക്കുന്ന വിശ്വാസി ദിനേന നന്നെച്ചുരുങ്ങിയത് പതിനേഴ് തവണ “ഞങ്ങൾ നിനക്ക് മാത്രം വഴിപ്പെട്ട് ജീവിക്കുന്നു”(ഇയ്യാക്ക നഅബുദു)വെന്ന് അല്ലാഹുവോട് കരാർ ചെയ്യുന്നു. തിരിച്ച് അല്ലാഹു ഖുർആനിൽ “നിങ്ങൾ അല്ലാഹുവിന് മാത്രം വഴിപ്പെട്ട് ജീവിക്കുന്നവരെങ്കിൽ”(ഇൻ കുൻതും ഇയ്യാഹു തഅബുദൂൻ) എന്ന് മൂന്ന് തവണ പറഞ്ഞതിൽ ഒന്ന് മാത്രം ആരാധനയെക്കുറിച്ചും രണ്ടെണ്ണം ആഹാരത്തെക്കുറിച്ചുമാണ്.

“നിങ്ങള്‍ സൂര്യനെയോ ചന്ദ്രനെയോ പ്രണമിക്കരുത്. അവയെ പടച്ച അല്ലാഹുവിനെ മാത്രം പ്രണമിക്കുക. നിങ്ങള്‍ അവനു മാത്രം വഴിപ്പെടുന്നവരെങ്കില്‍!”(41:37)

“വിശ്വസിച്ചവരേ, നാം നിങ്ങള്‍ക്കേകിയവയില്‍നിന്ന് ഉത്തമമായത് ആഹരിക്കുക. അല്ലാഹുവോട് നന്ദി കാണിക്കുക. നിങ്ങള്‍ അവനുമാത്രം വഴിപ്പെടുന്നവരാണെങ്കില്‍!”(2:172)

“അതിനാല്‍ അല്ലാഹു നിങ്ങള്‍ക്കു നല്‍കിയ വിഭവങ്ങളില്‍ അനുവദനീയവും ഉത്തമവുമായത് തിന്നുകൊള്ളുക. അല്ലാഹുവിന്റെ അനുഗ്രഹത്തിന് നന്ദി കാണിക്കുക. നിങ്ങള്‍ അവനുമാത്രം വഴിപ്പെടുന്നവരെങ്കില്‍!”16:114)

ഇപ്രകാരം തന്നെ വിശുദ്ധ ഖുർആനിൽ മുഴുവൻ പ്രവാചകന്മാരെയും സംബോധന ചെയ്യുന്ന (യാ അയ്യുഹാൽറസൂൽ ) ഒരൊറ്റ സൂക്തമേ ഉള്ളൂ. അതും ആഹാരത്തെ സംബന്ധിച്ചാണ്.

“അല്ലാഹുവിന്റെ ദൂതന്മാരേ, നല്ല ആഹാരപദാര്‍ഥങ്ങള്‍ ഭക്ഷിക്കുക. സല്‍ക്കര്‍മങ്ങള്‍ ചെയ്യുക. തീര്‍ച്ചയായും നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റിയെല്ലാം നന്നായറിയുന്നവനാണ് നാം.”(23:51)

രണ്ടു കുറ്റങ്ങളിലൊന്ന്
പരലോകത്തെ വിചാരണ വേളയിൽ അറുപതോ എഴുപതോ കൊല്ലം ജീവിച്ച മനുഷ്യൻ നരകാവകാശിയാണെന്ന് വിധിക്കപ്പെടുമ്പോൾ അയാളുടെ തെറ്റുകുറ്റങ്ങൾ രണ്ടായി ചുരുക്കിയാൽ അതിലൊന്ന് സമ്പത്തുമായി ബന്ധപ്പെട്ടതാണെന്ന് ഖുർആൻ പഠിപ്പിക്കുന്നു:
“എന്നാല്‍ ഇടതു കൈയില്‍ കര്‍മപുസ്തകം കിട്ടുന്നവനോ, അവന്‍ പറയും: കഷ്ടം! എനിക്കെന്റെ കര്‍മപുസ്തകം കിട്ടിയില്ലായിരുന്നെങ്കില്‍!എന്റെ കണക്ക് എന്തെന്ന് ഞാന്‍ അറിഞ്ഞിരുന്നില്ലെങ്കില്‍!

മരണം എല്ലാറ്റിന്റെയും ഒടുക്കമായിരുന്നെങ്കില്‍!എന്റെ ധനം എനിക്കൊട്ടും ഉപകരിച്ചില്ല.എന്റെ അധികാരങ്ങളൊക്കെയും എനിക്ക് നഷ്ടപ്പെട്ടു.അപ്പോള്‍ കല്‍പനയുണ്ടാകുന്നു: നിങ്ങള്‍ അവനെ പിടിച്ച് കുരുക്കിലിടൂ. പിന്നെ നരകത്തീയിലെറിയൂ. എന്നിട്ട് എഴുപതു മുഴം നീളമുള്ള ചങ്ങലകൊണ്ട് കെട്ടിവരിയൂ.അവന്‍ മഹാനായ അല്ലാഹുവില്‍ വിശ്വസിച്ചിരുന്നില്ല.അഗതികള്‍ക്ക് അന്നം നല്‍കാന്‍ പ്രേരിപ്പിച്ചിരുന്നുമില്ല.” (69:25-34)

മറ്റൊരിടത്ത് ഖുർആൻ നമസ്കാരം ഉപേക്ഷിക്കുന്നതിനോടാണ് സമ്പത്ത് ചെലവഴിക്കാത്തതിനെ ചേർത്ത് പറഞ്ഞത്:”ഓരോ മനുഷ്യനും താന്‍ പ്രവര്‍ത്തിച്ചതിന് പണയപ്പെട്ടിരിക്കുന്നു. വലതു കൈയില്‍ കര്‍മപുസ്തകം കിട്ടുന്നവരൊഴികെ.അവര്‍ സ്വര്‍ഗത്തോപ്പുകളിലായിരിക്കും. അവരന്വേഷിക്കും, കുറ്റവാളികളോട്: നിങ്ങളെ നരകത്തിലെത്തിച്ചത് എന്താണ്?”അവര്‍ പറയും: ”ഞങ്ങള്‍ നമസ്‌കരിക്കുന്നവരായിരുന്നില്ല.
”അഗതികള്‍ക്ക് ആഹാരം കൊടുക്കുന്നവരുമായിരുന്നില്ല.” (74:38-44)

മനുഷ്യൻ തരണം ചെയ്യേണ്ട ഏറ്റവും പ്രയാസകരമായ പാത ധനവ്യയമാണെന്ന് ഖുർആൻ പറയുന്നു:”അവന്‍ അവകാശപ്പെട്ടു; താന്‍ ധാരാളം ധനം തുലച്ചെന്ന്. അവന്‍ കരുതുന്നുവോ; അവനെ ആരും കാണുന്നില്ലെന്ന്. അവനു നാം കണ്ണിണകള്‍ നല്‍കിയില്ലേ?;നാവും ചുണ്ടിണകളും? തെളിഞ്ഞ രണ്ടു വഴികള്‍ നാമവന് കാണിച്ചുകൊടുത്തില്ലേ?എന്നിട്ടും അവന്‍ മലമ്പാത താണ്ടിക്കടന്നില്ല. മലമ്പാത എന്തെന്ന് നിനക്കെന്തറിയാം?
അത് അടിമയുടെ മോചനമാണ്. അല്ലെങ്കില്‍ കൊടും വറുതി നാളിലെ അന്നദാനം.അടുത്ത ബന്ധുവായ അനാഥക്ക്.അല്ലെങ്കില്‍ പട്ടിണിക്കാരനായ മണ്ണുപുരണ്ട അഗതിക്ക്. പിന്നെ സത്യവിശ്വാസം സ്വീകരിക്കുകയും ക്ഷമയും കാരുണ്യവും പരസ്പരം ഉപദേശിക്കുകയും ചെയ്തവരില്‍ ഉള്‍പ്പെടലുമാണ്.(90:6-17)

സമ്പന്നരിലെ ധനത്തിന്റെ യഥാർത്ഥ അവകാശികൾക്ക് അത് നൽകാത്തത് മാത്രമല്ല, നൽകാൻ പ്രേരിപ്പിക്കാത്തത് പോലും മതനിഷേധമാണെന്ന് ഖുർആൻ പ്രഖ്യാപിക്കുന്നു:”മതത്തെ നിഷേധിക്കുന്നവനെ നീ കണ്ടോ?അവന്‍ അനാഥയെ ആട്ടിയകറ്റുന്നവനാണ്.അഗതിയുടെ അന്നം അയാൾക്ക് കൊടുക്കാന്‍ പ്രേരിപ്പിക്കാത്തവനും.”(107:1-3)

അതിരുകളില്ലാത്ത പ്രതിഫലം, അതികഠിനമായ ശിക്ഷ
വിശുദ്ധ ഖുർആൻ ഏറ്റവും കൂടുതൽ പ്രതിഫലം വാഗ്ദാനം ചെയ്തത് സമ്പത്ത് ചെലവഴിക്കുന്നവർക്കാണ്. എഴുനൂറിരട്ടിയും അതിലും കൂടുതലും.
“ദൈവമാര്‍ഗത്തില്‍ തങ്ങളുടെ ധനം ചെലവഴിക്കുന്നവരുടെ ഉപമയിതാ: ഒരു ധാന്യമണി; അത് ഏഴ് കതിരുകള്‍ മുളപ്പിച്ചു. ഓരോ കതിരിലും നൂറു മണികള്‍. അല്ലാഹു അവനിച്ഛിക്കുന്നവര്‍ക്ക് ഇരട്ടിപ്പിച്ചുകൊടുക്കുന്നു. അല്ലാഹു ഏറെ വിശാലതയുള്ളവനും സര്‍വജ്ഞനുമാണ്.”(2:261)

ഇപ്രകാരം തന്നെ സമ്പത്ത് ചെലവഴിക്കാതെ കെട്ടിപ്പൂട്ടി വെക്കുന്നവർക്കുള്ള ശിക്ഷ ഖുർആൻ വിശദാംശങ്ങളോടെ വിവരിച്ചിരിക്കുന്നു:” സ്വര്‍ണവും വെള്ളിയും ശേഖരിച്ചുവെക്കുകയും അവ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ചെലവഴിക്കാതിരിക്കുകയും ചെയ്യുന്നവരെ നോവേറിയ ശിക്ഷയെ സംബന്ധിച്ച ‘സുവാര്‍ത്ത’ അറിയിക്കുക. നരകത്തീയിലിട്ട് ചുട്ടുപഴുപ്പിച്ച് അവകൊണ്ട് അവരുടെ നെറ്റികളും പാര്‍ശ്വഭാഗങ്ങളും മുതുകുകളും ചൂടുവെക്കും ദിനം! അന്ന് അവരോടു പറയും: ”ഇതാണ് നിങ്ങള്‍ നിങ്ങള്‍ക്കായി സമ്പാദിച്ചുവെച്ചത്. അതിനാല്‍ നിങ്ങള്‍ സമ്പാദിച്ചുവെച്ചതിന്റെ രുചി ആസ്വദിച്ചുകൊള്ളുക.”(9:34,35)

അവിഹിത മാർഗ്ഗത്തിലൂടെ സമ്പാദിച്ചവരെയും തെറ്റായ വഴിയിൽ ചെലവഴിച്ചവരെയും ഭൂമിയിൽ വെച്ച് തന്നെ ശിക്ഷിച്ച കഥയും ഖുർആൻ വിശദീകരിക്കുന്നു. അല്ലാഹുവിൻറെ ശാപ കോപങ്ങളേറ്റു വാങ്ങി ഭൂമിയിൽ വെച്ച് നാമാവശേഷമാക്കപ്പെട്ട ജനസമൂഹങ്ങളിലേറെയും സാമ്പത്തിക ക്കുറ്റങ്ങളിലേർപ്പെട്ടവരാണെന്ന് ഖുർആൻ വ്യക്തമാക്കുന്നു.ഹൂദ് നബിയെ ധിക്കരിച്ച ആദ് സമൂഹവും സ്വാലിഹ് നബിയെ നിഷേധിച്ച സമൂഹവും പൊങ്ങച്ചത്തിനുവേണ്ടി ധനം ധൂർത്തടിച്ചവരായിരുന്നു. ശുഐബ് നബിക്കെതിരെ നിലയുറപ്പിച്ച മദ് യൻ ജനത നിഷിദ്ധ മാർഗ്ഗത്തിലൂടെ ധനം സമ്പാദിച്ചവരുമായിരുന്നു.(26:128’149, 89:6-14)

സാധാരണ മത നിയമ, നിർദ്ദേശങ്ങൾ പാലിക്കുന്നവർ പോലും അനന്തര സ്വത്ത് ഓഹരി വെക്കുമ്പോൾ വേണ്ടത്ര സൂക്ഷ്മത പുലർത്താറില്ല. അത് കൊണ്ട് തന്നെയായിരിക്കാം ആരാധനാ കർമ്മങ്ങളുടെ വിശദാംശങ്ങളൊന്നുമില്ലാത്ത വിശുദ്ധ ഖുർആൻ അനന്തരാവകാശങ്ങളുടെ അതി സൂക്ഷ്മമായ വിശദാംശങ്ങൾ പോലും കൃത്യമായി വിവരിച്ച് തന്നത്. അപ്രകാരം തന്നെ സാമ്പത്തിക ഇടപാടുകളിൽ കൃത്യത പുലർത്തുന്നവർ പോലും കടമിടപാട് എഴുതിവെക്കുന്നതിൽ തികഞ്ഞ ഉദാസീനതയും അശ്രദ്ധയും അവഗണനയും കാണിക്കുന്നു. മറവി മനുഷ്യ പ്രകൃതത്തിന്റെ ഭാഗമായതിനാൽ എഴുതിവെക്കാതിരിക്കുന്ന ഇടപാടുകൾ പല പ്രശ്നങ്ങൾക്കും വഴിവെക്കുകയും സുഹൃത്തുക്കൾക്കിടയിൽ അകൽച്ചക്കും ശത്രുതക്കും കാരണമായിത്തീരുകയും ചെയ്യുന്നു. വിശുദ്ധ ഖുർആൻ കടമിടപാടുകൾ കൃത്യമായും വ്യക്തമായും രേഖപ്പെടുത്തി വെക്കണമെന്ന് നിഷ്കർഷിക്കാനുള്ള കാരണവും അതുതന്നെ. വിശുദ്ധ ഖുർആനിലെ ഏറ്റവും ദീർഘമായ സൂക്തവും അതു തന്നെയാണല്ലോ.(2:282)

 

???? To Join Whatsapp Group ????: https://chat.whatsapp.com/BxliWKickAyDu0ikv75WY5

Related Articles