ഈ പ്രപഞ്ചത്തെയും അതിലുള്ള സകലതിനെയും സൃഷ്ടിച്ച് സംരക്ഷിക്കുന്ന ശക്തിയുടെ പേരാണ് അല്ലാഹു. വിവിധ ഭാഷകളിൽ ദൈവം, ഈശ്വരൻ, കർത്താവ്, ഗോഡ്, ഖുദാ തുടങ്ങിയ പേരുകളിൽ അവൻ അറിയപ്പെടുന്നു.
ദൈവം ഏകനാണ്, പദാർഥാതീതനാണ്, സർവശക്തനാണ്, സർവജ്ഞനാണ്, അനാദിയാണ്, അനന്ത്യനാണ്, അദൃശ്യനാണ്, അരൂപിയാണ്, സർവാധി നാഥനാണ്. അവന് ഉപമകളില്ല. ഉദാഹരണങ്ങളില്ല. തുല്യമായി ആരുമില്ല. ഒന്നുമില്ല.
പ്രപഞ്ചവും അതിലുള്ള സകലതും ദൈവത്തിന്റേതാണ്, എല്ലാം അവന്റെ നിയന്ത്രണങ്ങൾക്ക് വിധേയവും. മനുഷ്യരൊഴിച്ചുള്ളതെല്ലാം പ്രകൃത്യാ തന്നെ ദൈവിക നിയമങ്ങൾക്ക് വിധേയമാണ്. മനുഷ്യന് മാത്രമാണ് തെരഞ്ഞെടുക്കാൻ സ്വാതന്ത്ര്യമുള്ളത്.സ്വയം തീരുമാനിക്കാനും തെരഞ്ഞെടുക്കാനും സ്വാതന്ത്ര്യമുള്ള ഇത്തരം ജീവിതമേഖലകളിൽ മനുഷ്യനും ദൈവിക നിയമങ്ങൾക്ക് വിധേയമായി ജീവിക്കണമെന്ന് അവനനുശാസിക്കുന്നു.അത്തരം മേഖലകളിൽ മനുഷ്യ ജീവിതത്തിനാവശ്യമായ നിയമ നിർദേശങ്ങളും വിധിവിലക്കുകളും ദൈവം തന്റെ ദൂതന്മാരിലൂടെ നൽകിക്കൊണ്ടിരുന്നു.ആ നിയമ നിർദേശങ്ങളുടെയും വിധിവിലക്കുകളുടെയും സമാഹാരവും സമഗ്ര രൂപവുമാണ് ദൈവം തന്റെ അന്ത്യ ദൂതനായ മുഹമ്മദ് നബിയിലൂടെ ലോകത്തിന് സമർപ്പിച്ചത്.
അത് കൊണ്ട് തന്നെ അതൊരു സമഗ്ര ജീവിത വ്യവസ്ഥയാണ്. വിശ്വാസകാര്യങ്ങൾ, ആരാധനാകർമങ്ങൾ, ആചാരങ്ങൾ, അനുഷ്ഠാനങ്ങൾ, വ്യക്തിജീവിതം, കുടുംബഘടന, സമൂഹസംവിധാനം, സാമ്പത്തികസമീപനം, സാംസ്കാരികാവസ്ഥകൾ, രാഷ്ട്രീയക്രമം, ഭരണനിർവഹണം തുടങ്ങി മനുഷ്യ ജീവിതത്തിന്റെ സമസ്ത മേഖലകളിലേക്കുമാവശ്യമായ നിയമ നിർദേശങ്ങളും അത് നൽകുന്നു. വിശ്വാസം, ജീവിതവീക്ഷണം, ലക്ഷ്യം, വിചാരം, വികാരം, സ്വഭാവം, പെരുമാറ്റം, സമീപനം, സംസ്കാരം, നാഗരികത തുടങ്ങിയവയൊക്കെ എങ്ങനെയാണെന്ന് വിശദീകരിക്കുന്നു. നടത്തവും ഇരുത്തവും കിടത്തവും ഉറക്കവും ഉണർച്ചയുമുൾപ്പെടെയുള്ള സമസ്ത കാര്യങ്ങളും എവ്വിധമാകണമെന്ന് പഠിപ്പിക്കുന്നു.
ഇസ്ലാമിനെ ഒരു കെട്ടിടത്തോടുപമിച്ചാൽ വിശ്വാസകാര്യങ്ങളാണ് അതിന്റെ അടിത്തറ. ആരാധനാകർമങ്ങൾ ചുമരുകളാണ്, അഥവാ സ്തംഭങ്ങളാണ്, ജീവിതവ്യവസ്ഥ മേൽപുരയും. ഇവയെല്ലാം ചേരുന്നതാണ് ഇസ്ലാം.
ആരാധനാ കർമങ്ങൾ, ഇസ്ലാം കാര്യങ്ങൾ എന്നാണ് അറിയപ്പെടുന്നത്.അത് നിർവഹിക്കാത്തവർ മുസ്ലിംകളാവുകയില്ല. മുസ്ലിമിനെയും സത്യനിഷേധികളെയും വേർതിരിക്കുന്ന അടിസ്ഥാന ഘടകം ആരാധനാ കർമങ്ങളാണെന്നർഥം. നരകമുക്തിക്കും സ്വർഗലബ്ധിക്കും അവ നിഷ്ഠയോടെ നിർവഹിക്കണമെന്ന് ഇസ്ലാം അനുശാസിക്കുന്നു.
കാര്യകാരണ ബന്ധങ്ങൾക്കതീതമായ അറിവും കഴിവും ദൈവത്തിനല്ലാതെ മറ്റാർക്കുമില്ല. അഭൗതികമായ മാർഗത്തിൽ ഗുണമോ ദോഷമോ ഉപകാരമോ ഉപദ്രവമോ ചെയ്യാൻ അവന് മാത്രമേ കഴിയുകയുള്ളൂ. അതിനാൽ ദൈവത്തോട് മാത്രമേ പ്രാർഥനയും സഹായാർഥനയും പാടുള്ളൂ. അവനെ മാത്രമേ ആരാധിക്കാവൂ.അവന് മാത്രമേ നേർച്ചകളും വഴിപാടുകളും അർപ്പിക്കാവൂ. ഇതൊക്കെയും ഇസ്ലാമിന്റെ അടിസ്ഥാന ശാസനകളാണ്.
സൃഷ്ടികൾ സ്രഷ്ടാവിന് സമർപ്പിക്കുന്ന ഉപാസനകളാണ് ആരാധനകൾ. എന്നാലവ മനുഷ്യനെ ദൈവോന്മുഖനാക്കി ആത്മീയോൽകർഷം വളർത്തി ഭക്തനും വിശുദ്ധനും സംസ്കാര സമ്പന്നനും മാന്യനും സൽസ്വഭാവിയും സേവനസന്നദ്ധനും ഉദാരമതിയും സാഹോദര്യബോധമുള്ളവനും സാമൂഹ്യ പ്രതിബദ്ധതയുള്ളവനും മാനവിക മൂല്യങ്ങൾ മുറുകെപ്പിടിക്കുന്നവനുമാക്കി മാറ്റുന്നു, അങ്ങനെ മാറ്റാനുള്ളവയാണ്. സർവോപരി ദൈവത്തിന്റെ പ്രീതിക്കും പ്രതിഫലത്തിനും അർഹനാക്കുകയും ചെയ്യുന്നു. ( തുടരും )
📱വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ: https://chat.whatsapp.com/CtdeYjAfwas90JeGabX9H0