Current Date

Search
Close this search box.
Search
Close this search box.

വിധിവിശ്വാസം ഭൗതികതയിലും ഇസ്‌ലാമിലും ( 1 – 6 )

നവനാസ്തികരും യുക്തിവാദികളുമുള്‍പ്പെടെ എല്ലാ ഭൗതികവാദികളുടെയും വീക്ഷണത്തില്‍ മനുഷ്യന്‍ എന്നാല്‍ അവന്റെ ശരീരമാണ്, അതിന്റെ ബാഹ്യവും ആന്തരികവുമായ അവയവങ്ങളും. ആത്മാവിന്റെ അസ്തിത്വം അവരംഗീകരിക്കുന്നില്ല. മനസ്സ് മസ്തിഷ്‌കകോശങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ ഫലവും. അതുകൊണ്ട് തന്നെ മനസ്സ് സ്വയം അസ്തിത്വമുള്ള ഒന്നല്ല. അതിനു സ്വന്തവും സ്വതന്ത്രവുമായ വിചാരവികാരങ്ങളോ ആലോചനകളോ തീരുമാനങ്ങളോ ഇല്ല. അവയെല്ലാം മസ്തിഷ്‌കകോശങ്ങളുടെ പ്രവര്‍ത്തനഫലമാണ്. കോശങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പോലും ബോധപൂര്‍വ്വമായ തീരുമാനങ്ങളുടെ അടിസ്ഥാനത്തിലല്ല. വളരെ സ്വാഭാവികമായും തികച്ചും യാദൃശ്ചികമായും സംഭവിക്കുന്നവയാണ്.

മനസ്സാണ് തീരുമാനിക്കുന്നത് എന്നത് ഒരു തോന്നല്‍ മാത്രമാണ്. കേവലമൊരു വിഭ്രാന്തി. ഓരോ മനുഷ്യനും ചെയ്തതും ചെയ്യുന്നതും ചെയ്തുകൊണ്ടിരിക്കുന്നതുമായ കാര്യമല്ലാതെ മറ്റൊന്നോ മറ്റൊരു വിധത്തിലോ ചെയ്യാന്‍ ആര്‍ക്കും കഴിയുമായിരുന്നില്ല. അഥവാ സ്വതന്ത്രമായ ഇഛയോ തീരുമാനമോ എടുക്കാന്‍ ഒരാള്‍ക്കും സാധ്യമല്ല. എല്ലാം മസ്തിഷ്‌കത്തിലെ കോശങ്ങളുടെ പ്രവര്‍ത്തനഫലമായി സ്വാഭാവികമായി സംഭവിക്കുന്നവയാണ്. ഒന്നുകൂടി തെളിയിച്ച് പറഞ്ഞാല്‍, മനസ്സില്‍ ഒരു തീരുമാനം അഥവാ തോന്നല്‍ ഉണ്ടാകുന്നതിന് മുമ്പ് തന്നെ മസ്തിഷ്‌ക കോശങ്ങളുടെ പ്രവര്‍ത്തനഫലമായി അതവിടെ രൂപപ്പെട്ടിരിക്കും. ചിലപ്പോള്‍ സെക്കന്‍ഡുകള്‍ മുമ്പ് അല്ലെങ്കില്‍ മിനുറ്റുകള്‍ക്ക് മുമ്പ്. ഉദാഹരണമായി മുന്നിലെ ഭക്ഷണത്തളികയില്‍ ആപ്പിളും ഓറഞ്ചുമുണ്ട്. ഇടതു കൈകൊണ്ട് ആപ്പിള്‍ എടുത്തയാള്‍ അതെടുത്തത് മസ്തിഷ്‌കത്തിലെ കോശങ്ങളുടെ പ്രവര്‍ത്തനഫലമായി സംഭവിച്ചതാണ്. അത് അതിന് മുമ്പോ ശേഷമോ എടുക്കാന്‍ അയാള്‍ക്ക് സാധ്യമല്ല. ആപ്പിളിന് പകരം ഓറഞ്ച് എടുക്കാനോ ഇടതുകൈക്ക് പകരം വലതുകൈ ഉപയോഗിക്കാനോ കഴിയില്ല. കാരണം അതൊന്നും അയാള്‍ തീരുമാനിച്ചതല്ല. മസ്തിഷ്‌ക കോശങ്ങളുടെ പ്രവര്‍ത്തനഫലമായി രൂപപ്പെട്ട തീരുമാനം നടപ്പാക്കുക മാത്രമാണ് അയാള്‍ ചെയ്തത്. ഇക്കാര്യങ്ങളെല്ലാം ലോകപ്രശസ്ത നാസ്തിക ചിന്തകനായ സാംഹാരിസിന്റെ സ്വതന്ത്രേഛയെ സംബന്ധിച്ച പുസ്തകത്തെ (Free Will by Sam Harris) അടിസ്ഥാനമാക്കി കേരളത്തിലെ യുക്തിവാദി നേതാവ് രവിചന്ദ്രന്‍ ചെയ്ത പ്രഭാഷണത്തില്‍ വിശദമായി വിവരിച്ചിട്ടുണ്ട്. കൊലപാതകം ചെയ്തയാള്‍ക്ക് അത് ചെയ്യാതിരിക്കാന്‍ കഴിയുമായിരുന്നില്ലെന്ന് രവിചന്ദ്രന്‍ പറയുന്നുണ്ട്. മസ്തിഷ്‌കത്തില്‍ രൂപപ്പെടുന്ന തീരുമാനം പിന്നീട് മനസ്സ് അറിയുകയും നടപ്പാക്കുകയുമാണ് ചെയ്യുന്നതെന്ന് അദ്ദേഹം അവകാശപ്പെടുന്നു. അതനുസരിച്ച് ഹിറ്റ്‌ലര്‍ക്കും മുസ്സോളിനിക്കും സ്റ്റാലിനും മാവോ സേതൂങ്ങിനും അവര്‍ ചെയ്ത കൂട്ടക്കൊലകള്‍ നടത്താതിരിക്കാന്‍ കഴിയുമായിരുന്നില്ല. അതിനാവശ്യമായ മസ്തിഷ്‌ക കോശങ്ങളുടെ പ്രക്രിയകള്‍ പോലും സഹസ്രാബ്ദങ്ങള്‍ക്കപ്പുറം വന്‍വിസ്‌ഫോടന സമയത്ത് തന്നെ രൂപകല്‍പന ചെയ്യപ്പെട്ടതാണെന്ന് അവകാശപ്പെടുന്നവരാണ് ഭൗതികവാദികളില്‍ പലരും.

അപ്പോള്‍ അക്രമികളും കൊലപാതകികളും കുറ്റക്കാരാണോ എന്ന ചോദ്യം ഉന്നയിച്ച് രവിചന്ദ്രന്‍ അതിനെ വിശദീകരിക്കുന്നുണ്ട്. ഒരാളും തന്റെ പ്രവര്‍ത്തനത്തിന് ഉത്തരവാദിയല്ലെന്നും സമൂഹത്തിന്റെ സുരക്ഷക്ക് അനിവാര്യമായതിനാലാണ് അത്തരം തെറ്റുകളില്‍ ഏര്‍പ്പെടുന്നവരെ ശിക്ഷിക്കുന്നതെന്നും അദ്ദേഹം വിശദീകരിക്കുന്നു. അതുകൊണ്ട് തന്നെ മനുഷ്യരെ നല്ലവരെന്നും മോശക്കാരെന്നും പറയുന്നതില്‍ അര്‍ഥമില്ലെന്നും ഭൗതികവാദികള്‍ അവകാശപ്പെടുന്നു.

എല്ലാം ഇവ്വിധം നിശ്ചയിക്കപ്പെട്ടതാണെങ്കില്‍ മനുഷ്യന്‍ എന്തിനാണ് കഠിനമായി അധ്വാനിച്ച് പഠിക്കുന്നതെന്നും ഏറെ പ്രയാസപ്പെട്ട് ഗവേഷണങ്ങളും പരീക്ഷണങ്ങളും നടത്തുന്നതെന്നും ജീവിക്കാനും സമ്പാദിക്കാനും പണിയെടുക്കുന്നതെന്നും മറ്റുമുള്ള ചോദ്യങ്ങള്‍ക്ക് അങ്ങനെ ചെയ്യാതിരിക്കാന്‍ അവര്‍ക്ക് സാധ്യമല്ലാത്തവിധമാണ് അവരുടെ മസ്തിഷ്‌കം രൂപകല്‍പന ചെയ്യപ്പെട്ടതെന്നും അതിന്റെ സമ്മര്‍ദഫലമായാണ് എല്ലാം സംഭവിക്കുന്നതെന്നുമുള്ള മറുപടിയാണ് ഭൗതികവാദികള്‍ നല്‍കാറുള്ളത്.

അതിന്റെ തന്നെ അനിവാര്യതയായി ഞാന്‍, ഞങ്ങള്‍, താങ്കള്‍, നിങ്ങള്‍ എന്നൊക്കെപ്പറയുന്നതിന് വലിയ അര്‍ഥമില്ലെന്നും അതെല്ലാം പ്രതിനിധീകരിക്കുന്നത് ശരീരത്തെ മാത്രമാണെന്നും വിശദീകരിക്കപ്പെട്ടിരിക്കുന്നു, എല്ലാ മഹത്ത്വവല്‍കരണവും കുറ്റപ്പെടുത്തലുകളും അര്‍ഥശൂന്യമാണെന്നും. അതോടൊപ്പം ആര്‍ക്കും അവര്‍ ചെയ്യുന്നത് ചെയ്യാതിരിക്കാന്‍ സാധ്യമല്ലെന്നും വരുന്നു. അഥവാ, ഒരാള്‍ സാംഹാരിസിന്റെ പുസ്തകം വായിക്കുന്നതും അതിന്റെ അടിസ്ഥാനത്തില്‍ പ്രഭാഷണം നടത്തുന്നതും സാംഹാരിസ് പുസ്തകം രചിക്കുന്നതും മനസ്സുകൊണ്ട് അങ്ങനെ തീരുമാനിച്ചതിനാലല്ല. അങ്ങനെ തീരുമാനിക്കുന്ന ഒരു മനസ്സ് ഇല്ലല്ലോ. മനസ്സ് മസ്തിഷ്‌കത്തിന്റെ പ്രക്രിയകളുടെ ദര്‍പ്പണം മാത്രമാണല്ലോ.

ഇന്ത്യയിലെ വര്‍ഗീയ ഫാസിസ്റ്റുകള്‍ നിരപരാധികള്‍ക്ക് നേരെ അതിക്രമങ്ങള്‍ അഴിച്ചുവിടുന്നതും വലതുപക്ഷ തീവ്രവാദികളായ നവനാസ്തികരും യുക്തിവാദികളും അതിനെ പിന്തുണക്കുന്നതും മറിച്ചൊരു നിലപാട് സ്വീകരിക്കാന്‍ അനുവദിക്കാത്ത മസ്തിഷ്‌ക ഘടന അവര്‍ക്കുള്ളത് കൊണ്ടാണ്. അവരുടെ ആക്ഷേപശകാരങ്ങള്‍ ഏറ്റുവാങ്ങേണ്ടി വരുന്നവര്‍ എല്ലാ അതിക്രമങ്ങള്‍ക്കും അധിക്ഷേപങ്ങള്‍ക്കും വിധേയമാകും വിധമാണ് അവരുടെ മസ്തിഷ്‌കങ്ങളുള്ളത് എന്നതിനാലുമാണ്. അതിനാല്‍ ജന്മവാസനകള്‍ക്കനുസൃതമായി ജീവിക്കുന്ന പക്ഷിമൃഗാദികളും ഇഴ ജീവികളും ജലജീവികളും കൃമികീടങ്ങളും മനുഷ്യരും തമ്മില്‍ കാര്യമായ വ്യത്യാസമൊന്നുമില്ല, മനുഷ്യന് കൂടുതല്‍ വികസിതമായ മസ്തിഷ്‌കമുണ്ട് എന്നതല്ലാതെ. ആലോചിച്ചും ചിന്തിച്ചും തീരുമാനിച്ചും മുന്നോട്ടുപോകാനുള്ള സ്വാതന്ത്ര്യമോ സ്വതന്ത്ര അവകാശമോ സ്വതന്ത്രമായ ഇഛയോ ആര്‍ക്കുമില്ല.

അതുകൊണ്ടുതന്നെ സത്യം, അസത്യം, നീതി, അനീതി, ശരി, തെറ്റ്, കാരുണ്യം, ക്രൂരത, ഉദാരത, പിശുക്ക്, സ്‌നേഹം, കോപം, വര്‍ഗീയത, സഹിഷ്ണുത പോലുള്ള മൂല്യങ്ങള്‍ക്ക് എന്തെങ്കിലും അര്‍ഥമോ പ്രസക്തിയോ ഇല്ല. അങ്ങനെ വരുമ്പോള്‍ ജീവിതം തന്നെ തീര്‍ത്തും അര്‍ഥശൂന്യമാണ്.

ചുരുക്കത്തില്‍ മനുഷ്യജീവിതം നേരത്തെ തീരുമാനിക്കപ്പെട്ട പാതയിലൂടെ സഞ്ചരിച്ചു കൊണ്ടേയിരിക്കുകയാണ്. വെള്ളത്തില്‍ ഒഴുകിപ്പോകുന്ന മരത്തടി പോലെ പൂര്‍വ നിശ്ചിതമായ ഘടനക്കനുസൃതമായി ചലിച്ചുകൊണ്ടിരിക്കുന്നു. ആര്‍ക്കും സ്വന്തം ജീവിതത്തില്‍ ഒട്ടും ഇടപെടാന്‍ സാധ്യതയോ സ്വാതന്ത്ര്യമോ ഇല്ല.

ഏതൊരു മതക്കാരന്റെയും വിധിവിശ്വാസത്തെ തീര്‍ത്തും ദുര്‍ബലവും നിഷ്പ്രഭവുമാക്കുന്നതാണ് നാസ്തികരുടെ ഈ ഭൗതികവാദ വിധിവിശ്വാസം.

ജനിതകകോഡുകള്‍

ജനിതകശാസ്ത്രമനുസരിച്ച് മനുഷ്യശരീരത്തില്‍ നൂറ് ട്രല്യണ്‍ കോശങ്ങളുള്ളതായി കണക്കാക്കപ്പെടുന്നു. കോശത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളെയും നിയന്ത്രിക്കുന്നത് ഡി.എന്‍.എ.യാണ്. ഓരോ മനുഷ്യകോശത്തിലുമുള്ള ഡി.എന്‍.എ.നാരിന് രണ്ട് മീറ്ററോളം നീളമുണ്ടാകും. പത്ത് ലക്ഷം കോടി കോശങ്ങളിലെ നാടകളെ കൂട്ടി യോജിപ്പിച്ചാല്‍ ആ നാടയ്ക്ക് എണ്ണായിരം തവണ ചന്ദ്രനില്‍ പോയി മടങ്ങിവരുന്നതിന്റെ നീളമുണ്ടെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു. ഡി.എന്‍.എ. തന്മാത്രകള്‍ കൊണ്ടുള്ള ഒരു ഘടകമാണ് ജീന്‍. ഒരു മനുഷ്യശരീരത്തില്‍ ഏകദേശം ഒരു ലക്ഷം ജീനുകളുണ്ട്. എന്നാല്‍ ഒരു ജീനിന്റെ വ്യാസം ഒരു മൈക്രോണിന്റെ പതിനായിരത്തിലൊരംശമാണ്. ഒരു മൈക്രോണ്‍ ഒരു മില്ലിമീറ്ററിന്റെ ആയിരത്തിലൊരംശവും. അപ്പോള്‍ ഒരു കോശം എത്രമേല്‍ ചെറുതായിരിക്കുമെന്ന് ഊഹിക്കുക പോലും സാധ്യമല്ല. അതിനാല്‍ ഡി.എന്‍.എ.യിലെ വിവിധ ഫലകങ്ങളുടെ വലുപ്പം ഒരു മില്ലിമീറ്ററിന്റെ ലക്ഷങ്ങളില്‍ ഒരംശമേ ഉണ്ടാവുകയുള്ളൂ.

ഈ ജൈവകോശമാണ് തലമുറകള്‍ക്കിടയിലെ രൂപസ്വഭാവ സാദൃശ്യങ്ങള്‍ക്ക് വഴിയൊരുക്കുന്നത്. ഡി.എന്‍.എ. വിസ്മയകരമായ ഡാറ്റാ ബാങ്കാണ്. ഓരോ മനുഷ്യനെയും സംബന്ധിച്ച സമസ്ത വിവരങ്ങളും അയാളുടെ ഡി.എന്‍.എയില്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. ജനനം, മരണം, ശരീരത്തിന്റെ രൂപം, ലിംഗം, നിറം, ഉയരം തുടങ്ങി എല്ലാ ശാരീരിക പ്രത്യേകതകളും അതിലുണ്ട്. അതോടൊപ്പം വരുംകാല ജീവിതത്തിലെ വിശ്വാസവീക്ഷണങ്ങള്‍, ആചാരാനുഷ്ഠാനങ്ങള്‍, സ്വഭാവരീതികള്‍, പെരുമാറ്റസമ്പ്രദായങ്ങള്‍, സമീപനങ്ങള്‍, വിചാരവികാരങ്ങള്‍, കര്‍മങ്ങള്‍, കാരുണ്യം, ക്രൂരത, സല്‍സ്വഭാവം, ദുഃസ്വഭാവം തുടങ്ങി ചെറുതും വലുതുമായ സകല കാര്യങ്ങളും സംഭവങ്ങളും ഈ ജനിതക കോഡുകളില്‍ കൃത്യമായി എഴുതപ്പെട്ടിരിക്കുന്നു. അവയെ അന്ധമായി അനുധാവനം ചെയ്യുക മാത്രമാണ് മനുഷ്യന്റെ മുമ്പിലുള്ള ഏക വഴി. അവയില്‍നിന്ന് അണുഅളവ് തെറ്റാനോ അവയെ ലംഘിക്കാനോ ആര്‍ക്കുമാവില്ല. അഥവാ മനുഷ്യന്‍ തീര്‍ത്തും അവന്റെ ശരീരഘടനയ്ക്ക് വിധേയനാണ്. മസ്തിഷ്‌കത്തിന്റെയും നാഡീവ്യൂഹങ്ങളുടെയും പദാര്‍ഥപരമായ ഘടനയാണ് അവന്റെ ഭാഗധേയം പൂര്‍ണമായും തീരുമാനിക്കുന്നതും നിയന്ത്രിക്കുന്നതും. അതില്‍ ആര്‍ക്കും ഇടപെടാനോ ഏതെങ്കിലും വിധത്തില്‍ പങ്ക് വഹിക്കാനോ സാധ്യമല്ല. അപ്പോള്‍ ശാരീരികാരോഗ്യം
പോലെ തന്നെയാണ് ജീവിതവിശുദ്ധിയും, മ്ലേഛത അനാരോഗ്യം പോലെയും. അതിനാല്‍ മഹല്‍കൃത്യങ്ങളുടെ പേരില്‍ ആളുകളെ വാഴ്ത്തുന്നത് ശാരീരികാരോഗ്യത്തിന്റെ പേരില്‍ അഭിനന്ദിക്കുന്നത് പോലെ അര്‍ഥശൂന്യമത്രെ. കുറ്റകൃത്യങ്ങളുടെ പേരില്‍ ഇകഴ്ത്തുന്നത് അനാരോഗ്യത്തിന്റെ പേരില്‍ അപലപിക്കുന്നത് പോലെയും.

നമ്മുടെ ജീനുകള്‍ പൂര്‍വികരില്‍ നിന്ന് നമുക്ക് പകര്‍ന്നു കിട്ടിയതാണെന്ന് ജനിതകശാസ്ത്രം പറയുന്നു. തലമുറ തലമുറകളായി കൈമാറ്റം ചെയ്യപ്പെട്ട് നമ്മില്‍ വന്നുചേര്‍ന്ന ജനിതകകോഡുകളില്‍ രേഖപ്പെടുത്തപ്പെട്ടതനുസരിച്ച് മാത്രം ജീവിക്കാനേ നമുക്ക് നിര്‍വാഹമുള്ളൂ. നാം എന്ത് ചെയ്യുന്നതും ചെയ്യാതിരിക്കുന്നതും അതനുസരിച്ചായിരിക്കും. അഥവാ ആയിരിക്കണം. മറിച്ചാകണമെന്ന് ആഗ്രഹിക്കാന്‍ പോലും ആര്‍ക്കും സാധ്യമല്ല. അത്രമേല്‍ ജനിതകകോഡുകള്‍ നമ്മെ നിയന്ത്രിക്കുന്നു. അതിനെ മറികടക്കാന്‍ ആര്‍ക്കും സാധ്യമല്ല. അതുകൊണ്ടുതന്നെ ആധുനിക ജനിതകശാസ്ത്രമനുസരിച്ച് മുഴുവന്‍ മനുഷ്യരും ഒട്ടും സ്വയം നിര്‍ണയാവകാശമില്ലാത്ത തീര്‍ത്തും അസ്വതന്ത്രരും ജനിതകകോഡുകളിലെ വിവിധങ്ങളായ രേഖകളാല്‍ നിയന്ത്രിക്കപ്പെടുന്നവരുമാണ്. മതക്കാരുടെ വിധിവിശ്വാസം ഇതിന്റെ മുമ്പില്‍ പരാജയം സമ്മതിച്ച് പിന്മാറേണ്ടി വരും.

ഡാര്‍വിനിസത്തില്‍

ചാള്‍സ് ഡാര്‍വിന്റെ പരിണാമസിദ്ധാന്തം മുന്നോട്ടുവെയ്ക്കുന്ന ശക്തമായ ഒരാശയമാണ് ‘പാരമ്പര്യ നിയമം’. അതനുസരിച്ച് മനുഷ്യന്റെ സ്വഭാവവും പെരുമാറ്റവും ജീവിതരീതികളുമെല്ലാം യുഗയുഗാന്തരങ്ങളിലൂടെ, തലമുറ തലമുറകളായി തുടര്‍ന്നു വരുന്നവയാണ്.ഈ പൈതൃകത്തിന്റെ പിടിയില്‍ നിന്ന് കുതറി മാറാനാര്‍ക്കും സാധ്യമല്ല. മനുഷ്യന്‍ ചെയ്യുന്ന നന്മയുടെയും തിന്മയുടെയും ബീജങ്ങള്‍ തന്റെ പൂര്‍വപരമ്പരയിലെ ഏതോ പ്രപിതാവിനാല്‍ നിക്ഷേപിക്കപ്പെട്ടതായിരിക്കും. അയാളിലതുണ്ടായത് മുന്‍ഗാമികളിലെ മുതു മുത്തഛന്‍ നിക്ഷേപിച്ചതിന്റെ ഫലവും. അതിനാല്‍ അണ്ടിയില്‍നിന്ന് മാവുണ്ടാവുന്നത് പോലെ അനിവാര്യമായും പാരമ്പര്യത്തില്‍ നിന്നവ പിറവിയെടുക്കും. അതുകൊണ്ട് തന്നെ ആര്‍ക്കും തങ്ങളുടെ സ്വഭാവരീതികളും പെരുമാറ്റസമ്പ്രദായങ്ങളും കര്‍മപരിപാടികളും തീരുമാനിക്കുന്നതിലൊരു പങ്കുമില്ല. എല്ലാം അലംഘനീയമായ പൈതൃകത്തിനും പാരമ്പര്യത്തിനും വിധേയമാണ്. മനുഷ്യന്‍ കാലത്തിന്റെ കൈകളിലെ കളിപ്പാവ മാത്രം. പരിണാമസിദ്ധാന്തത്തില്‍ മനുഷ്യന്‍, എന്തെങ്കിലും തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യമോ സ്വയം നിര്‍ണായാവകാശമോ ഒന്നുമില്ലാത്ത, വെള്ളത്തില്‍ ഒഴുകുന്ന പൊങ്ങുതടി പോലെ പാരമ്പര്യത്തിന്റെ പ്രവാഹത്തില്‍ യാന്ത്രികമായി ചരിക്കുന്ന ഒരു ജന്തു മാത്രം.

കമ്യൂണിസത്തില്‍

കാറല്‍ മാര്‍ക്‌സും ഫ്രെഡറിക് എംഗല്‍സുമുള്‍പ്പെടെ എല്ലാ ഭൗതിക സാമൂഹ്യ ശാസ്ത്രജ്ഞരുടെയും വീക്ഷണത്തില്‍ മനുഷ്യന്‍ സാമൂഹികാവസ്ഥകളുടെയും സാമ്പത്തികഘടനയുടെയും സാംസ്‌കാരികസാഹചര്യത്തിന്റെയും സൃഷ്ടിയാണ്. കേവല ഭൗതികതലത്തില്‍ നിന്ന് ചരിത്രത്തെ വ്യാഖ്യാനിച്ചവര്‍ ഈ വീക്ഷണം സമര്‍ഥിക്കാനായി സമാനമായ സാഹചര്യത്തില്‍ സമൂഹത്തില്‍ കാണപ്പെട്ട വിദൂരസാദൃശ്യങ്ങളെപ്പോലും തേടിപ്പിടിക്കുകയുണ്ടായി. മനുഷ്യന്റെ സ്വഭാവവും പെരുമാറ്റവും വിചാരവികാരങ്ങളും കര്‍മസമ്പ്രദായങ്ങളും സമീപനങ്ങളുമെല്ലാം ബാഹ്യമായ കാരണങ്ങളാല്‍ സംഭവിക്കുന്നവയാണെന്ന് അവരവകാശപ്പെടുന്നു. ജനങ്ങളിലെ നന്മ തിന്മകള്‍ അവര്‍ ജീവിക്കുന്ന സാഹചര്യങ്ങളുടെ സ്വാധീനതയാല്‍ സംഭവിക്കുന്നതാണെന്ന വീക്ഷണം അംഗീകരിച്ച ഈ വിഭാഗം ശരിയും തെറ്റും ധര്‍മവും അധര്‍മവും ന്യായവും അന്യായവുമൊക്കെ സാഹചര്യങ്ങളുടെ സൃഷ്ടികളാണെന്ന് വാദിക്കുന്നു. ഇവിടെയും വ്യക്തി തീര്‍ത്തും അസ്വതന്ത്രനാണ്, സാഹചര്യങ്ങളുടെ വിധിക്ക് പൂര്‍ണമായും വിധേയനും.

ഇവാന്‍ പാവ് ലോവ് എഴുതുന്നു: ”പ്രകൃതിയിലുള്ള മറ്റെല്ലാ വ്യവസ്ഥകളെയും പോലെ മനുഷ്യന്‍ ഒരു വ്യവസ്ഥയാണ്. പ്രകൃതിയുടെ അലംഘനീയവും സാമാന്യവുമായ നിയമങ്ങള്‍ക്ക് മനുഷ്യന്‍ കീഴ്‌പെട്ടിരിക്കുന്നു.” ഉദ്ധരണം. അലിജാ അലി ഇസ്സത്ത് ബെഗോവിച്ച്. ‘ഇസ്‌ലാം രാജമാര്‍ഗം’, പുറം: 39.)
ഫ്രെഡറിക് എംഗല്‍സ് പറയുന്നു: ”മനുഷ്യന്‍ അവന്റെ പരിതോവസ്ഥയുടെയും ജോലിയുടെയും ഉല്പ്ന്നമാണ്.” (ഉദ്ധരണം: അതേ പു
സ്തകം. പുറം: 39)

പുനര്‍ജന്മ സങ്കല്പത്തില്‍

പുനര്‍ജന്മസങ്കല്പം വൈദികമല്ലെന്നാണ് പല വേദപണ്ഡിതന്മാരും ഉറപ്പിച്ച് പറയുന്നത്. കാരണം ഹൈന്ദവ വേദങ്ങളിലെവിടെയും അതിനെ സംബന്ധിച്ച പരാമര്‍ശമില്ലെന്നത് തന്നെ. ഉപനിഷത്തുകളിലേ അതുള്ളൂ. ഇക്കാര്യം ഡോക്ടര്‍ എസ്. രാധാകൃഷ്ണന്‍ ഇങ്ങനെ വ്യക്തമാക്കുന്നു: ”ബ്രാഹ്‌മണം അടുത്ത ലോകത്തിലേ ജനന മരണങ്ങള്‍ നടക്കുന്നതായി സ്വീകരിക്കുന്നുള്ളു. ഉപനിഷത്തുകളിലത് പുനര്‍ജന്മമെന്ന വിശ്വാസപ്രമാണമായി മാറി.” (ഭാരതീയ ദര്‍ശനം. വാല്യം: ഒന്ന്. പുറം 224. മാതൃഭൂമി പബ്ലിഷിംഗ് കമ്പനി. കോഴിക്കോട്. 2021)

ഉപനിഷത്തില്‍ പുനര്‍ജന്മത്തെ പറ്റിപ്പറയുന്നത് ജാതിവ്യവസ്ഥയെ ന്യായീകരിക്കാനും അതിന്റെ കടുത്ത വിവേചനങ്ങളെയും ക്രൂരതകളെയും നിലനിര്‍ത്താനുമാണ്. അതിന് ആത്മീയവും മതപരവുമായ പരിവേഷം നല്‍കാനായി ആവിഷ്‌കരിക്കപ്പെട്ടതാണത്.

പുനര്‍ജന്മത്തെ പറ്റി പറയുന്ന ഛാന്ദോഗ്യോപനിഷത്തിലിങ്ങനെ കാണാം: ”അവരില്‍ സല്‍കര്‍മങ്ങള്‍ ചെയ്യുന്നവരാരോ അവര്‍ വേഗം തന്നെ ഉത്തമ യോനികളില്‍ ചെന്ന് ചേരുന്നു. ബ്രാഹ്‌മണയോനിയിലോ ക്ഷത്രിയയോനിയിലോ വൈശ്യയോനിയിലോ എത്തിച്ചേരുന്നു. അതുപോലെ അശുഭചാരന്മാരായവരാരോ അവര്‍ അശുഭയോനിയെ പ്രാപിക്കുന്നു. പട്ടിയുടെയോ പന്നിയുടെയോ യോനിയെയോ ചണ്ഡാലന്റെ യോനിയെയോ പ്രാപിക്കുന്നു.” (അധ്യായം: 5 ഖണ്ഡം:10 ശ്ലോകം: 7)

കീഴ്ജാതിക്കാരെ അടിച്ചമര്‍ത്താനും പിന്നാക്കക്കാരായി നിലനിര്‍ത്താനും വേണ്ടി മേല്‍ജാതിക്കാര്‍ ബോധപൂര്‍വം ആവിഷ്‌കരിച്ച സങ്കല്പമായതിനാലാണ് പുനര്‍ജന്മത്തെ ഭൗതികദര്‍ശനങ്ങളില്‍ ഉള്‍പ്പെടുത്തിയത്. അതനുസരിച്ച് ഭൂമിയിലെ മനുഷ്യജീവിതം കഴിഞ്ഞ ജന്മത്തിലെ കര്‍മഫലം അനുഭവിക്കാനുള്ളതാണ്. അതിലിടപെടാനോ മാറ്റം വരുത്താനോ ആര്‍ക്കും സാധ്യമല്ല. ഇവിടെ നീചനും അധമനുമായി ജീവിക്കുന്നവന്‍ കഴിഞ്ഞ ജന്മത്തില്‍ പാപിയായി കഴിഞ്ഞവനാണ്. അതിനാല്‍ ഇവിടെ ആര്‍ക്കും സ്വയം തീരുമാനിക്കാനോ തെരഞ്ഞെടുക്കാനോ സ്വാതന്ത്ര്യമില്ല. എല്ലാം കഴിഞ്ഞ ജന്മത്തില്‍ ചെയ്തതിന്റെ അനിവാര്യ ഫലമായതിനാല്‍ തീരുമാനമുണ്ടായത് കഴിഞ്ഞ ജന്മത്തിലാണ്. അത് എങ്ങനെയായിരുന്നുവെന്നോ എന്തെല്ലാം പാപങ്ങളും പുണ്യങ്ങളുമാണ് അതില്‍ ചെയ്തതെന്നോ ആര്‍ക്കുമറിയില്ല. അതിനാല്‍ പുനര്‍ജന്മസങ്കല്പത്തിലും മനുഷ്യന്‍ ഒരുവിധ തെരഞ്ഞെടുപ്പിനും തീരുമാനത്തിനും സാധ്യതയില്ലാതെ തീര്‍ത്തും അസ്വതന്ത്രനായി ജീവിക്കേണ്ടി വരുന്നു. കഴിഞ്ഞ ജന്മത്തിലെ സഞ്ചിത കര്‍മങ്ങളാല്‍ ഉണ്ടാകുന്ന ശരീരവും ജീവനും ജീവിതവുമാണ് ഓരോരുത്തര്‍ക്കും ലഭിക്കുക. അതില്‍ ആര്‍ക്കും ഇടപെടാനാവില്ല. സ്വയം മാറ്റാനും സാധ്യമല്ല. അത്രമേല്‍ മനുഷ്യന്‍ കഴിഞ്ഞ ജീവിതത്തിലെ കര്‍മങ്ങളാല്‍ ബന്ധിതനും അതില്‍ നിന്ന് മുക്തമാകാന്‍ സാധ്യമാകാത്ത വിധം നിസ്സഹായനുമാണ്.

ഈ സങ്കല്പം മനുഷ്യരുണ്ടാക്കിയ ജാതിവ്യവസ്ഥയുടെ സൃഷ്ടിയാണ്. ഭൗതിക താല്‍പര്യ പൂര്‍ത്തീകരണത്തിന് വേണ്ടി ആവിഷ്‌കരിച്ചതാണ്. ഇതിനെ വ്യാഖ്യാനിക്കുന്ന ആധുനിക ഹൈന്ദവ പണ്ഡിതന്മാര്‍ പുനര്‍ജന്മ സങ്കല്പത്തെ പദാര്‍ഥ വാദത്തോടും പരിണാമസിദ്ധാന്തത്തോടും സമീകരിക്കുന്നതും ചേര്‍ത്തുവയ്ക്കുന്നതും അത് കൊണ്ട് തന്നെയായിരിക്കാം. (വിശദ പഠനത്തിന് സ്വാമി അഭേദാനന്ദന്റെ ‘പുനര്‍ജന്മ’വും അതിന് ഐ.പി.എച്ച്. പ്രസിദ്ധീകരിച്ച ‘പുനര്‍ജന്മ സങ്കല്പവും പരലോക വിശ്വാസവും’ എന്ന വിമര്‍ശന പഠനവും കാണുക.)

ചുരുക്കത്തില്‍ എല്ലാ ഭൗതികദര്‍ശനങ്ങളുടെയും കാഴ്ചപ്പാടില്‍ മനുഷ്യന്‍ സ്വയം നിര്‍ണയാവകാശമോ തീരുമാനാധികാരമോ ഇല്ലാത്ത മുന്‍നിശ്ചിത വ്യവസ്ഥക്കനുസരിച്ച് ജീവിക്കാന്‍ നിര്‍ബന്ധിതനായ ഒരു ജന്തുവാണ്. കടലിലെ കാറ്റിലും കോളിലും പെട്ട് ചരിക്കുന്ന പൊങ്ങുതടി പോലെ പൂര്‍വ്വനിശ്ചിതങ്ങളുടെ ആജ്ഞാനുവര്‍ത്തി മാത്രം. ( തുടരും )

???? To Join Whatsapp Group ????: https://chat.whatsapp.com/BxliWKickAyDu0ikv75WY5

Related Articles