Current Date

Search
Close this search box.
Search
Close this search box.

കുപ്പിച്ചില്ലും വജ്രക്കല്ലും

അവകാശവാദങ്ങൾ സ്ഥാപിക്കാൻ വേണ്ടി ചരിത്രത്തെയും ശാസ്ത്രത്തെയുമൊക്കെ വികലമാക്കുന്ന പ്രവണതയും കാണാം. ചരിത്രത്തെ പല കോണിലും വായിക്കാമെങ്കിലും വ്യാജങ്ങളും മിത്തുകളും ചരിത്രസംഭവങ്ങളായി മാറുന്ന പ്രവണത മോസ്റ്റ് മോഡേൺ ഇന്ത്യയില്‍ വ്യാപകമാണ്. വേദഗണിതം, വേദശാസ്ത്രം തുടങ്ങിയ അക്കാദമികാഭാസങ്ങളും ജ്യോതിഷം പോലുള്ള അസംബന്ധങ്ങളുടെ ശാസ്ത്രപരിണാമവുമൊക്കെ ഇന്ത്യൻ അക്കാദമിക രംഗത്തെ കാഴ്ചകളാണിന്ന്!

ഇതരനും അപരനും
പടിഞ്ഞാറ് വികസിച്ചു വന്ന വെളുത്ത വംശീയദേശീയബോധം വൈറ്റ്മാൻസ് ബേഡൻ എന്നതിന് പുറമെ, വെസ്റ്റ് ആൻഡ് റെസ്റ്റ് എന്ന ഒരു പ്രയോഗത്തിന് കൂടി ജന്മം നൽകി. അത് യൂറോ-അമേരിക്കൻ ദേശീയതാൽപര്യങ്ങളെ മറ്റ് ജനതകൾക്ക് മേൽ അടിച്ചേൽപിക്കുന്നതിന് എല്ലാ ന്യായവും നല്‍കുന്നു. അപരവൽക്കരണത്തിന്റെ തത്വശാസ്ത്രമാണത്.

ഇപ്രകാരം യൂറോപ്പിൽ വികസിച്ചു വന്ന ഈ ദേശീയത തന്നെയാണ് വ്യവസായ വിപ്ലവാനന്തരം രൂപപ്പെട്ട ഉദാരതാ സിദ്ധാന്തങ്ങളുടെയും ജനാധിപത്യത്തിന്റെയും അടിത്തറയായി വർത്തിച്ചത്. സ്വാതന്ത്ര്യം, സമത്വം, സഹിഷ്ണുത, വ്യക്തിഗത അവകാശങ്ങൾ തുടങ്ങിയയുമായി ബന്ധപ്പെട്ട പരമ്പരാഗത ഉദാരമൂല്യങ്ങളെ ഉൾച്ചേർക്കുന്ന, ദേശീയതയുടെ സമഗ്രരൂപത്തെ അംഗീകരിക്കുന്ന രാഷ്ട്രീയ ചിന്തകന്മാരിൽ നിന്നാണ് ഉദാര ദേശീയതാവാദം (liberal nationalism) എന്നറിയപ്പെടുന്ന പൗര ദേശീയതാവാദം (civic nationalism) രൂപം കൊണ്ടത്.

American_Progress_(John_Gast_painting) 1872
ജോൺ ഗാസ്റ്റിന്റെ “അമേരിക്കൻ പ്രോഗ്രസ്” എന്ന പെയിന്റിങ് (1872) -അമേരിക്കൻ റൊമാന്റിക് ദേശീയതയുടെയും മാനിഫെസ്റ്റ് ഡെസ്റ്റിനിയുടെയും ആഘോഷം

സാർത്ഥകവും സ്വയംഭരണാധികാരമുള്ളതുമായ ജീവിതം നയിക്കാൻ വ്യക്തികള്‍ക്ക് ഒരു ദേശീയസ്വത്വം ആവശ്യമാണെന്നും ശരിയായി പ്രവർത്തിക്കാൻ ജനാധിപത്യരാഷ്ട്രീയത്തിനും ഈ ഐഡന്റിറ്റി കൂടിയേ തീരൂ എന്നും വാദിച്ച സിവിക് നാഷനലിസ്റ്റുകൾ ദേശീയസ്വത്വത്തിന് പരമപ്രാധാന്യം നൽകി.

വംശീയദേശീയതകളിൽ നിന്നും വ്യത്യസ്തവും പുരസ്‌കരണശേഷി പ്രകടിപ്പിക്കുന്നതുമാണെന്ന് വാദിക്കാമെങ്കിലും ഉപദേശീയതകളുടെ ബഹുത്വത്തെ പരിചരിക്കുന്നതിൽ നേരത്തേ സൂചിപ്പിച്ച പ്രതിസന്ധികൾ ഉദാരദേശീയതാവാദത്തിനും ബാധകമാണ്. ഇത് പൗരന്മാരിൽ അങ്ങേയറ്റത്തെ രാഷ്ട്രവിധേയത്വം സൃഷ്ടിക്കുന്നു. സ്വന്തം ദേശപരിധിക്കകത്തുള്ളവർക്ക് പരമാവധി സൗഖ്യം ഉറപ്പു വരുത്തുക എന്നത് ഭരണകൂടങ്ങളുടെ ബാധ്യതയാകുന്നതോടെ രാജ്യങ്ങൾ തമ്മിലുള്ള ശത്രുതയും ഏറ്റുമുട്ടലും വർദ്ധിക്കുകയും ചെയ്യുന്നു. ദേശതാൽപര്യം എന്ന വിശേഷണം ഏത് അക്രമത്തിനും ന്യായീകരണമായിത്തീരുന്നു. യുദ്ധത്തിന്റെ ന്യായാന്യായതകൾക്കപ്പുറം അതിർത്തിക്കകത്തുള്ളവർ വീരന്മാരും പുറത്തുള്ളവർ അക്രമികളും എന്ന തീർപ്പും സൃഷ്ടിക്കപ്പെടുന്നു. ചുരുക്കിപ്പറഞ്ഞാൽ നന്മ-തിന്മകളുടെ പരമമായ മാനദണ്ഡം തന്നെ അതിർത്തികൾ ആയിത്തീരുന്നു.

Also read: രചനാത്മക രാഷ്രീയ ശൈലി രൂപപ്പെടേണ്ടതുണ്ട്

തിരസ്കരണത്തിന്റെ ദേശീയപാഠങ്ങൾ
ഇന്ത്യയിലെ വംശീയദേശീയതയുടെ വികാസവുമായി ബന്ധപ്പെട്ട വിശകലനത്തിൽ ബങ്കിം ചന്ദ്ര ചതോപാധ്യായയുടെ കാഴ്ചപ്പാടുകളെക്കുറിച്ച പഠനം വളരെ പ്രധാനമാണ്.

കൊളോണിയലിസം സൃഷ്ടിച്ച ദേശീയബോധത്തെ അതിന്റെ അതേ വരേണ്യബോധത്തിലും തിരസ്‌കരണബോധത്തിലും (exclusion) സമീപിക്കുകയാണ് വന്ദേമാതരത്തിന്റെ കര്‍ത്താവായ ബങ്കിം ചന്ദ്ര ചെയ്തത്.

D-CqiKTUIAYrTEc
ബങ്കിം ചന്ദ്ര ചതോപാധ്യായ

ഇന്ത്യയുടെ സുവര്‍ണഭൂതകാലത്തിൽ വിള്ളലുണ്ടാക്കിയ സമൂഹമായിട്ടാണ് മുസ്ലിംകളെ ചതോപാധ്യായ കണ്ടത്. ആനന്ദമഠം എന്ന, ബങ്കിം ചന്ദ്രയുടെ നോവലിന്റെ ഭാഗമാണ് വന്ദേമാതരം എന്ന ഗീതം. സന്താനർ എന്ന സന്യാസി സമൂഹത്തിന്റെ പോരാട്ടങ്ങളെപ്പറ്റി അതിലുള്ള വിവരണം യഥാര്‍ത്ഥത്തിൽ ഇത് ആംഗലർക്കെതിരായ യുദ്ധമല്ല, മറിച്ച് മുസ്ലിംകളെ തറപറ്റിക്കാനാണ് എന്നാണ്. അൽപം കൂടി കടന്നുകൊണ്ട് ആംഗലർ രാജ്യഭാരമേൽക്കുന്നതിന് കളമൊരുക്കുന്നതിന് വേണ്ടിയാണ് തങ്ങളുടെ യുദ്ധം എന്ന് തന്നെ പറയുന്നുണ്ട്.

ആഗതൻ അതവസാനിപ്പിക്കുന്നതിങ്ങനെയാണ്. ‘ഇനി ശത്രുക്കളില്ല. ആംഗലേയർ യഥാർത്ഥത്തിൽ മിത്രങ്ങളാണ്. വരൂ, എന്റെ കൂടെ വരൂ. ഇംഗ്ലീഷുകാരെ യുദ്ധത്തിൽ തോൽപിക്കാനുള്ള ശക്തി ഇപ്പോൾ ഭൂമിയിൽ ആർക്കുമില്ല.’

Also read: ദി ആൽകെമിസ്റ്റും സൂഫി എലമെന്റുകളും

ഭവനന്ദൻ, മഹേന്ദ്രനെ തന്റെ സേനയിലേക്ക് റിക്രൂട്ട് ചെയ്യാൻ ശ്രമിക്കുമ്പോൾ കുടിയന്മാരായ നീരികളെ (വിവരദോഷി, വിവേകശൂന്യൻ എന്നെല്ലാം അർത്ഥമുള്ള നീരി എന്ന പദം മുസ്ലിംകളെ സൂചിപ്പിക്കുന്ന അധിക്ഷേപപദമായാണ് ഇവിടെ ഉപയോഗിക്കുന്നത്) ആട്ടിയോടിക്കാതെ ഹിന്ദുക്കൾക്ക് അവരുടെ മതം സംരക്ഷിക്കാൻ കഴിയില്ല എന്ന് പറയുന്നുണ്ട്. പള്ളികൾ തകർത്ത് അവയുടെ ഇടങ്ങളിൽ ക്ഷേത്രങ്ങൾ പണിയുന്ന ദിവസം വരിക എന്നത് തങ്ങളുടെ ഒരു സ്വപ്‌നമായും ഭവനന്ദൻ അവതരിപ്പിക്കുന്നു. നീരികളെ കൊല്ലുക എന്ന ആക്രോശം നോവലിൽ പലേടത്തും കാണാം.

വന്ദേമാതരം എന്ന ഗാനത്തെ ഇന്ത്യൻ ദേശീയബോധത്തിന്റെ ഉണർത്തുപാട്ടായി 1930കളുടെ രണ്ടാം പാതിയിലാണ് കോൺഗ്രസ് ഔദ്യോഗികമായി സ്വീകരിച്ചത്. അക്കാലത്ത് തന്നെ മുസ്ലിംകളിൽ നിന്നും മറ്റും ശക്തമായ എതിർപ്പുണ്ടായി. പൂർണരൂപത്തിൽ ആ ഗാനം ദുർഗാദേവിയുടെ സ്തുതികൾ ഉൾക്കൊള്ളുന്നുണ്ടെന്നത് മാത്രമല്ല, മറിച്ച് ദേശവിരുദ്ധവും വംശീയവുമായ ഒരു ദേശീയതാവാദത്തെ മുന്നോട്ട് വെക്കുന്നതാണ് നോവലിലെ ഗാനവും ഗാനസന്ദർഭവും എന്നതു കൂടിയായിരുന്നു കാരണം.

എന്നാല്‍ ആ വിഷയത്തിൽ 1937 ഒക്ടോബർ 26ന് നെഹ്‌റുവിന്റെ അധ്യക്ഷതയിൽ കൊൽക്കത്തയിൽ ചേർന്ന കോൺഗ്രസ് വർകിങ് കമ്മിറ്റി പ്രതികരിച്ചത് ഗാനത്തെ പുസ്തകത്തിൽ നിന്ന് വിട്ടുകൊണ്ട് പരിഗണിക്കണം എന്നായിരുന്നു. ദൈവികതയും ആരാധനയുമൊക്കെയായി ബന്ധപ്പെട്ട വിഷയങ്ങളിൽ അത്തരം പരാമർശങ്ങൾ വരുന്ന അവസാന ഭാഗങ്ങൾ ആലപിക്കപ്പെടുകയില്ലെന്നും ആദ്യത്തെ രണ്ട് ശ്ലോകങ്ങൾ മാത്രമേ സ്വീകരിക്കുന്നുള്ളൂവെന്നും കോൺഗ്രസ് തീരുമാനിച്ചു. (എ.ജി നൂറാനി, Frontline, 2018 സെപ്തംബർ 14).

Bob-nosa Uwagboe - Xenophobia
“Xenophobia” by Bob-nosa Uwagboe

1875ലാണ് ബങ്കിം ചന്ദ്ര വന്ദേമാതരം എന്ന ഗാനം എഴുതുന്നത്. ആ സമയത്ത് അതിൽ ആദ്യത്തെ രണ്ട് ചരണങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നീട് 1882ൽ ആനന്ദമഠം പ്രസിദ്ധീകരിച്ചപ്പോൾ അതിന്റെ ഭാഗമായി വന്ന ഗാനത്തിലാണ് അവസാനത്തെ മൂന്ന് ചരണങ്ങൾ എഴുതപ്പെട്ടത്.

അന്നിലക്ക് ആദ്യത്തെ രണ്ട് ശ്ലോകങ്ങൾ മാത്രം സ്വീകരിക്കാം എന്ന തീരുമാനത്തിന് ന്യായമുണ്ടെങ്കിൽപ്പോലും ബങ്കിം ചന്ദ്രയുടെ പൊതുവായ ദേശീയ, വംശീയ നിലപാടിൽ നിന്നോ ആനന്ദമഠം ഉൾപ്പെടെയുള്ള നോവലുകൾ പ്രതിനിധാനം ചെയ്യുന്ന മുസ്ലിം വിരുദ്ധ ഹിന്ദുത്വബോധത്തിൽ നിന്നോ അടർത്തിമാറ്റിക്കൊണ്ട് വിശകലനം ചെയ്യാവുന്ന ഒന്നായിരുന്നില്ല ആ ഗാനം. അതൊരു ദേശീയ മുദ്രാവാക്യത്തിന്റെ പദവിയിലേക്കുയരുമ്പോൾ വിശേഷിച്ചും. ഒപ്പം ആനന്ദമഠത്തിലൂടെ പ്രസിദ്ധമായ അതിന്റെ പൂർണരൂപം എന്നത് ഒരു യാഥാർത്ഥ്യമാണ് താനും. ഒരു മുറിച്ചുമാറ്റലോ മറ്റേതെങ്കിലും വിധത്തിലുള്ള ശസ്ത്രക്രിയയോ അനിവാര്യമായിരിക്കുന്ന ഒരു ഗാനം എങ്ങനെയാണ് ഒരു ദേശീയഗാനമായി പരിഗണിക്കപ്പെടുക?

Also read: ജ്യോതിഷത്തെക്കുറിച്ച് സ്വാമി വിവേകാനന്ദൻ

അതേസമയം 2018 ജൂണിൽ ശ്യാമപ്രസാദ് മുഖർജി റിസർച് ഫൗണ്ടേഷൻ, കൊൽക്കത്തയിൽ നടത്തിയ പരിപാടിയിൽ ബങ്കിം ചന്ദ്ര ചതോപാധ്യായ അനുസ്മരണ പ്രഭാഷണം നടത്തിയ ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ പറഞ്ഞത് വന്ദേമാതരം പൂർണമായി അംഗീകരിക്കാതിരുന്നത് കോണ്‍ഗ്രസ് ചെയ്ത വലിയൊരു തെറ്റായിരുന്നു എന്നാണ്. പൂർണമായും അത് ദേശീയഗാനമായി സ്വീകരിച്ചിരുന്നെങ്കിൽ ഇന്ത്യാ വിഭജനം തന്നെ ഒഴിവാക്കാൻ പറ്റുമായിരുന്നത്രേ. ഗാനത്തെ വിഭജിച്ചതിലൂടെ അവർ രാഷ്ട്രത്തെത്തന്നെ വിഭജിക്കുകയാണ് ചെയ്തത് എന്നും അമിത് ഷാ ചൂണ്ടിക്കാട്ടിയിരുന്നു.

ഇന്ത്യൻ ദേശീയതയുടെ അവിഭാജ്യഘടകമാണ് ഹിന്ദുത്വ എന്നും അതിന്റെ ഉൽഭവസ്ഥലമാണ് ബംഗാൾ എന്നും പ്രഖ്യാപിക്കുന്നതിന് വേണ്ടിയായിരുന്നു ശ്യാമപ്രസാദ് മുഖർജി റിസർച് ഫൗണ്ടേഷൻ പ്രസ്തുത പരിപാടി സംഘടിപ്പിച്ചിരുന്നത്. (സ്‌നിഘേന്ദു ഭട്ടാചാര്യ, Hindustan Times, 2018 ജൂൺ 27).

പത്തൊമ്പതാം നൂറ്റാണ്ടിലെ ഹിന്ദു പുനരുജ്ജീവനത്തിനും പിൽക്കാലത്ത് അതിനുണ്ടായ ആക്രാമക മുസ്ലിം വിരുദ്ധ രാഷ്ട്രീയ പരിണാമത്തിനും ഇടയിൽ ഒരു പാലമായി വർത്തിച്ച ചിന്തകളെന്ന് എ.ജി നൂറാനി ചൂണ്ടിക്കാണിക്കുന്നുണ്ട്. ബങ്കിം ചന്ദ്ര ദേശസ്‌നേഹത്തെ മതമായും മതത്തെ ദേശസ്‌നേഹമായും പരിവർത്തിപ്പിച്ചു എന്ന് ആര്‍.സി മജൂംദാറും എഴുതുന്നു. ഇന്ത്യയിലെ, വിശിഷ്യാ ബംഗാളിലെ ഹിന്ദു-മുസ്ലിം പാരസ്പര്യത്തെ കേവലം സംഘർഷങ്ങളുടെയും പോരാട്ടങ്ങളുടെയും ചരിത്രമായി മാത്രം കാണുകയും സാമുദായിക അക്രമത്തിന്റെയും പ്രതികാരത്തിന്റെയും മനസ്സ് വളർത്തുകയും ചെയ്തു എന്നതാണ് ബങ്കിം ചന്ദ്രയുടെയും മറ്റും ചരിത്രവായനയുടെ പ്രത്യേകത.

Also read: ആരാണ് സംഘപരിവാറിനെ വളര്‍ത്തിയത് ?

അതിനായി, കൊൽക്കത്തയിൽ നിന്നും മുഗൾ ദില്ലിയിലേക്കൊഴുകിയ വിഭവങ്ങളുടെ കണക്കുകളും ക്ഷതം സംഭവിച്ച ദേശശരീരത്തെക്കുറിച്ച വിഭാവനങ്ങളുമൊക്കെ കടും നിറങ്ങളിൽ ആവിഷ്‌കരിക്കുകയും ചെയ്തു. ദുര്‍ഗേശനന്ദിനി മുതൽ സീതാറാം വരെയുള്ള നോവലുകളെല്ലാം തന്നെ ഈ ആവിഷ്‌കാരത്തിന്റെ സാക്ഷ്യങ്ങളാണ്.

ബങ്കിം ചന്ദ്രയുടെ അവസാന നോവലായ സീതാറാമിൽ നായിക ശ്രീയുടെ സഹോദരൻ ഗംഗാറാമിനെ അന്യായമായ കുറ്റം ചുമത്തി വധശിക്ഷക്ക് വിധിക്കുന്നത് ദുരധികാരിയായ ഒരു മുസ്ലിം ഫഖീറും ഒരു ഖാദിയും ചേര്‍ന്നാണ്. വധശിക്ഷാസ്ഥലത്ത് ചെന്ന ശ്രീ അവിടെയുള്ള ഹിന്ദുക്കളിൽ പ്രതികാരചിന്തയുണർത്തി പ്രകോപിതരാക്കുകയാണ് ചെയ്യുന്നത്. അനീതി, സ്വേഛാധിപത്യം, ദുർഭരണം തുടങ്ങിയവക്കെതിരായ വിഷയങ്ങളൊന്നും അവളുടെ വാക്കുകളില്‍ വരുന്നില്ല. അത് അക്രമാധിഷ്ഠിതമായ സാമുദായിക ഏകോപനത്തിന്റെ പ്രഭാഷണമാണ്.

അന്നേരം പ്രത്യക്ഷപ്പെടുന്ന ദേവിയും ആക്രോശിക്കുന്നത് കൊല്ലുക, കൊല്ലുക എന്ന് തന്നെ. ശ്രീയാകട്ടെ, കൊല്ലുക, ശത്രുവിനെ കൊല്ലുക, ഹിന്ദുവിന്റെ ശത്രു, രാജ്യത്തിന്റെ ശത്രു, എന്റെ ശത്രു. കൊല്ലുക, ശത്രുവിനെ കൊല്ലുക എന്നിങ്ങനെ പറഞ്ഞുകൊണ്ടേയിരുന്നു. (David Ludden എഡിറ്റ് ചെയ്ത് ഒക്‌സ്ഫഡ് യൂനിവേഴ്‌സിറ്റി പ്രസ് പ്രസിദ്ധീകരിച്ച Making India Hindu: Religion, Community and the Politics of Democracy in India എന്ന പുസ്തകം കാണുക).

ഇന്ത്യയുടെ, പ്രത്യേകിച്ചും ബംഗാളിന്റെ സുവർണചരിത്രത്തെ വീണ്ടെടുക്കാനുള്ള ശ്രമമായി തന്റെ യത്‌നത്തെ സ്വയം വിശേഷിപ്പിക്കുന്ന ബങ്കിം ചന്ദ്ര, കൊളോണിയൽ ചരിത്രരചയിതാക്കൾ നിര്‍മിച്ച ഹിന്ദു-മുസ്ലിം ദ്വന്ദ്വബോധത്തിൽ നിന്നുകൊണ്ടാണ് ചരിത്രത്തെ വായിക്കുന്നത്. അതേസമയം ചതോപാധ്യായ ഉള്‍പ്പെടെയുള്ളവർ നിർമിച്ചെടുക്കുന്ന സവർണതയുടെ സുവർണദേശീയ ചരിത്രം മുസ്ലിം എന്നതിനെ മാത്രമല്ല, ദലിതർ, സ്ത്രീകൾ തുടങ്ങിയ സ്വത്വങ്ങളെയും അപരവൽക്കരിച്ചു കൊണ്ടോ നിരാകരിച്ചു കൊണ്ടോ ആണ് ഇന്ത്യയുടെ ദേശീയഭൂപടം വരക്കുന്നത്. ഒരര്‍ത്ഥത്തിൽ ദേശസ്വത്വത്തോടുള്ള നിഷേധാത്മക സമീപനമാണത്.

Also read: ഒരു പള്ളിയില്‍ വ്യത്യസ്ത ജുമുഅ നിര്‍വഹിക്കാമോ?

വരേണ്യതയും ഫാഷിസവും എക്കാലത്തും ദേശത്തെ സമീപിക്കുന്നത് ഇപ്രകാരം തന്നെ. വൈവിധ്യങ്ങള്‍ക്ക് ഇടമില്ലാത്ത വിധം ദേശസംസ്‌കാരം ഏകപക്ഷീയമാണെന്ന ചിന്തയാണത്. വംശീയദേശീയതയാണ് ഇതിന്റെ ആധാരം.

ഇന്ത്യ നേരിടാൻ പോകുന്ന പ്രശ്‌നങ്ങളുടെയെല്ലാം അടിത്തറ ദേശീയതയായിരിക്കും എന്ന, ടാഗോറിന്റെ ദീർഘദർശനം ഇവിടെയാണ് പ്രസക്തമാകുന്നത്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, “ഇന്ത്യയുടെ ചരിത്രമെന്നത് ഏതെങ്കിലുമൊരു വംശത്തിന്റേത് മാത്രമല്ല. മറിച്ച് ലോകത്തിലെ വിവിധ വംശങ്ങൾ സംഭാവന ചെയ്ത് സംസൃഷ്ടമായ ഒരു ദീർഘപ്രക്രിയയുടേതാണ്. ദ്രാവിഡരും ആര്യന്മാരും പുരാതന ഗ്രീക്കുകാരും പേർഷ്യക്കാരും പടിഞ്ഞാറൻ നാടുകളിലെയും മധ്യേഷ്യയിലെയും മുഹമ്മദീയരും ചേര്‍ന്ന് സൃഷ്ടിച്ചതാണത്.”

അതിനാൽ ഇന്ത്യക്ക് ഇന്ത്യയുടെ ചരിത്രം എന്നതിനെക്കാൾ മനുഷ്യന്റെ ചരിത്രം എന്ന നിലക്കാണ് ഏറെ കാര്യങ്ങൾ നിർവഹിക്കാനുള്ളത് എന്നും ടാഗോർ ചൂണ്ടിക്കാട്ടുന്നു.

ദേശീയതാവിമര്‍ശം
ദേശരാഷ്ട്രം എന്നത് തന്നെ ഒരു കൽപിതരാഷ്ട്രീയസമൂഹം (magined political community) ആണെന്ന് ബെനഡിക്ട് ആൻഡേഴ്‌സൻ പറയുന്നു (Imagined Communities). വ്യത്യസ്ത ഉപദേശീയതകളെ ഉൾക്കൊള്ളുന്ന ദേശരാഷ്ട്രത്തിൽ രൂപപ്പെടുന്ന വരേണ്യതയുടെ സ്വാധീനങ്ങളെപ്പറ്റി മുകളിൽ സൂചിപ്പിച്ചിട്ടുണ്ട്. ഇന്ത്യൻ ദേശീയതയുടെ ചരിത്രവും വര്‍ത്തമാനവും തന്നെ ഇതിന് ഉദാഹരണമാണ്. ഫലത്തിൽ ഉൾക്കൊള്ളലിനെക്കാളധികം പുറംതള്ളാനുള്ള വ്യഗ്രതയാണ് വരേണ്യാധിപത്യത്തിന് കീഴിലുള്ള ദേശീയത പ്രദർശിപ്പിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ദേശീയത എന്ന ആശയത്തെത്തന്നെ പ്രശ്‌നവൽക്കരിച്ചവരാണ് ഒട്ടേറെ ചിന്തകന്മാർ. ബർട്രന്റ് റസ്സലും ജോർജ് ബർനാഡ് ഷായും ആൽബർട് ഐൻസ്റ്റീനും, ജോർജ് ഓര്‍വെല്ലും മുതൽ രബീന്ദ്രനാഥ് ടാഗോറും ഇഖ്ബാലും വരെ അക്കൂട്ടത്തിൽപ്പെടുന്നു.

El_Tres_de_Mayo,_by_Francisco_de_Goya,_from_Prado_thin_black_margin
ഫ്രാൻസിസ്കോ ഗോയയുടെ വിഖ്യാത പെയിന്റിങ് “The Third of May 1808”. സ്പെയിനിന് നേരെയുള്ള ഫ്രഞ്ച് അധിനിവേശത്തിന്റെ ഓർമ

രബീന്ദ്രനാഥ ടാഗോർ-

ദേശീയതയെക്കുറിച്ച ചര്‍ച്ചയിൽ, രാഷ്ട്രത്തിന്റെ അധികാരപ്രയോഗങ്ങളെക്കുറിച്ചുള്ള രബീന്ദ്രനാഥ ടാഗോറിന്റെ വിലയിരുത്തൽ ശ്രദ്ധേയമാണ്. അത്യുൽസാഹിയായ ദേശീയവാദവിരുദ്ധനായും (ardent anti-nationalist) അന്തർദ്ദേശീയവാദിയായും (internationalist, universalist) മാനവികവാദിയായും (humanist) അറിയപ്പെടുന്നയാളാണ് ടാഗോർ.

രാഷ്ട്രത്തിന്റെ ഈ വാഴ്ചയിൽ ഭരണീയർ സംശയങ്ങളാൽ വേട്ടയാടപ്പെട്ടു കൊണ്ടിരിക്കും എന്നദ്ദേഹം പറയുന്നു. ഇവയാകട്ടെ, സുസംഘടിതമായ മസ്തിഷ്‌കത്തിന്റെയും പേശികളുടെയും ഭയജന്യമായ ഒരു സമുച്ചയത്തിന്റെ സൃഷ്ടിയായ സംശയങ്ങളാണ്. ഒരു ജനതയുടെ സംഘടിതമായ സ്വാർത്ഥതാല്‍പര്യങ്ങളുടെ അടിസ്ഥാനത്തിലുള്ള രാഷ്ട്രത്തിന് മനുഷ്യഗുണവും ആത്മീയതയും ഏറെ കുറവായിരിക്കും. (1917ൽ പ്രസിദ്ധീകരിച്ച, Nationalism എന്ന പ്രസംഗസമാഹാരത്തിലെ Nationalism in West എന്ന പ്രസംഗം).

Also read: ദേശീയ വിദ്യാഭ്യാസ നയം ആശയും ആശങ്കയും നിറഞ്ഞത്- ജമാഅത്തെ ഇസ്ലാമി

tagores_ambiguities
രബീന്ദ്രനാഥ ടാഗോർ

മനുഷ്യരാശിയെ പരിഗണിച്ച് ദേശീയതക്കെതിരെ നാം എല്ലാവര്‍ക്കും അതിശക്തമായ മുന്നറിയിപ്പ് നൽകിയേ മതിയാകൂ എന്ന് ടാഗോർ ആഹ്വാനം ചെയ്യുന്നു. തിന്മയുടെ നിഷ്ഠുരമായ ഒരു മഹാമാരിയാണ് ദേശീയത. വര്‍ത്തമാനയുഗത്തിലെ മനുഷ്യരാശിയെ, അതിന്റെ ധാര്‍മികതേജസ്സിനെ വിഴുങ്ങുന്ന ഒരു മഹാമാരി.

അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, ഇന്ത്യ നേരിടാൻ പോകുന്ന പ്രശ്‌നങ്ങളുടെ അടിത്തറ തന്നെ ദേശീയതയായിരിക്കും. രത്‌നങ്ങളുടെ വില നല്‍കി ചില്ലുകഷ്ണങ്ങൾ വാങ്ങുന്നതിന് സമമായിരിക്കും ദേശീയതയിൽ അഭയമന്വേഷിക്കൽ. ഒരിക്കലും തന്റെ അഭയസ്ഥാനം ദേശീയതയല്ലെന്ന് വ്യക്തമാക്കുന്ന കവി മാനവികതയാണത് എന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നു.

നാഷനാലിസത്തിനെതിരായ തന്റെ വാദമുഖങ്ങളെ ചരിത്രം വെച്ചു കൊണ്ട് സ്ഥാപിക്കുന്നുണ്ട് ടാഗോർ. ദേശീയതയും ദേശരാഷ്ട്രവും ആധുനികതയുടെ ഉൽപന്നങ്ങളാണെങ്കിലും അവയുടെ പിന്നിലുള്ള പ്രവണതകൾ പഴയത് തന്നെ. ഏഷ്യയിലെ ആദ്യകാല ചരിത്രത്തിലെ സിഥിയർ (പ്രാചീന പൌരസ്ത്യ ഇറാനിയൻ ഭാഷകൾ സംസാരിച്ചിരുന്ന നൊമാഡിക് ഇറാനിയൻ ശകന്മാരെ ഗ്രീക്കുകാർ വിളിച്ച പേരാണ് സിഥിയൻ -Scythian-) പ്രകൃതിദത്ത വിഭവങ്ങളുടെ ക്ഷാമം നേരിടേണ്ടി വന്നപ്പോൾ സ്ത്രീകളും കുട്ടികളും അടക്കമുള്ള തങ്ങളുടെ സമൂഹത്തെ കൊള്ളസംഘത്തിന്റെ രൂപത്തിൽ ചിട്ടപ്പെടുത്തുകയും അക്രമങ്ങൾ അഴിച്ചുവിടുകയും ചെയ്തതിന്റെ ചരിത്രം ഉദ്ധരിക്കുന്നു അദ്ദേഹം.

ഏറ്റവും സത്യസന്ധമായ മാർഗമല്ല, മറിച്ച് ഏറ്റവും എളുപ്പമുള്ള മാർഗമാണ് കൊള്ള. ഇതിനെ ന്യായീകരിക്കുന്നതാകട്ടെ, സിഥിയൻ വംശീയതയുടെ, ദേശീയതയുടെ മാനദണ്ഡങ്ങൾ വെച്ചുകൊണ്ടാണ്.

സാര്‍വലൗകികതയുടെ വര്‍ണരഹിതമായ അവ്യക്തതയല്ല മാനവചരിത്രത്തിന്റെ ലക്ഷ്യം എന്ന് സമ്മതിക്കുന്ന മഹാകവി എന്നാൽ ഒട്ടും തന്നെ ദേശസ്‌നേഹത്തിന്റെ തീവ്രമായ ആരാധനയുമല്ലത് എന്ന് തീർത്തു പറയുന്നു.

ഇതേ കാഴ്ചപ്പാടോടെ ഇന്ത്യാ ചരിത്രത്തെയും അദ്ദേഹം വിലയിരുത്തുന്നുണ്ട്. ഒരുവശത്ത് വൈജാത്യങ്ങളുടെ സാമൂഹികമായ ക്രമീകരണത്തിലൂടെയും മറുവശത്ത് ഏകതയുടെ ആത്മീയമായ അംഗീകരണത്തിലൂടെയും തന്റെ യത്‌നപൂര്‍ത്തീകരണത്തിനായി ശ്രമിച്ചു കൊണ്ടിരിക്കുകയാണ് ഇന്ത്യ. അതേസമയം തന്നെ, വംശങ്ങൾക്കിടയിലെ അതിർവരമ്പുകളെ ദൃഢതയോടെ നിർമിക്കുന്നതിലും തന്റെ വര്‍ഗീകരണങ്ങളിൽ അധമത്വത്തിന്റെ ഫലങ്ങളെ ശാശ്വതീകരിക്കുന്നതിലും ഇന്ത്യ മഹാ അപരാധങ്ങൾ തന്നെ ചെയ്തിട്ടുണ്ട്. തന്റെ സന്തതികളുടെ മനസ്സുകളെ വികലമാക്കുകയും അവരുടെ ജീവിതങ്ങൾ തന്റെ സാമൂഹ്യരൂപങ്ങൾക്കനുയോജ്യമാക്കുന്നതിന് വേണ്ടി സങ്കുചിതമാക്കുകയും ചെയ്തിട്ടുണ്ട്.

Also read: കർഷകവിരുദ്ധമായ ബ്രാഹ്മണിസം – 2

ഒപ്പം തന്നെ ശതാബ്ദങ്ങളായി നവപരീക്ഷണങ്ങൾ അരങ്ങേറുകയും ഈ സങ്കുചിതത്വത്തിൽ നീക്കുപോക്കുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ടെന്നും സ്ഥാപിക്കുന്ന ടാഗോർ നിരന്തരമായ ഈ നീക്കുപോക്കുകളുടെ ആഖ്യാനമായി ഇന്ത്യയുടെ ചരിത്രത്തെ വായിക്കണം എന്നാവശ്യപ്പെടുന്നു.

ഇന്ത്യൻ ദേശീയഗാനത്തിന്റെ രചയിതാവാണ് ടാഗോർ. ഇന്ത്യയുടെ ദേശീയഗീതമായി ആദരിക്കപ്പെടുന്ന തരാന-എ-ഹിന്ദിന്റെ (സാരേ ജഹാ സെ അച്ഛാ) കർത്താവായ ഇഖ്ബാലും കടുത്ത ദേശീയതാ വിമർശകനാണ്. അദ്ദേഹത്തിന്റെ വിമർശങ്ങളെ നമുക്ക് തുടർന്ന് പരിശോധിക്കാം.

Related Articles