Current Date

Search
Close this search box.
Search
Close this search box.

ജ്യോതിഷത്തെക്കുറിച്ച് സ്വാമി വിവേകാനന്ദൻ

ഒരൊറ്റ പ്രഭാഷണം കൊണ്ട് ലോകത്തെ അമ്പരപ്പിച്ച ഇന്ത്യയിലെ ഏറ്റവും പ്രമുഖനായ ഹൈന്ദവ ദാർശനികനാണ് സ്വാമി വിവേകാനന്ദൻ.1863 ജനുവരി പന്ത്രണ്ടിന് ജനിച്ച് 1902 ജൂലൈ നാലിന് അന്തരിച്ച വിവേകാനന്ദൻ 1893 സെപ്റ്റംബർ പതിനൊന്നിന് ചിക്കാഗോയിൽ നടത്തിയ പ്രസംഗം ചരിത്ര പ്രസിദ്ധമാണ്.

ജ്യോതിഷത്തിൻറെ നിരർത്ഥകത വ്യക്തമാക്കാനായി സ്വാമി വിവേകാനന്ദൻ ഒരു കഥ ഉദ്ധരിക്കുന്നു:”ഒരു ജ്യോതിഷി ഒരു രാജാവിൻറെ അടുക്കൽ ചെന്ന് അദ്ദേഹം ആറ് മാസത്തിനുള്ളിൽ മരിക്കുമെന്ന് പ്രവചിച്ചു. അതു കേട്ട് ഭയന്ന രാജാവ് അപ്പോൾ തന്നെ മരിക്കുമെന്ന നിലയിലായി. അപ്പോൾ മന്ത്രി അവിടെയെത്തി.
‘ജ്യോതിഷികൾ പൊതുവെ വിഡ്ഢികളാണെന്നും അവർ പറയുന്നത് വിശ്വസിക്കേണ്ടതില്ലെന്നും’ പറഞ്ഞ് രാജാവിനെ ആശ്വസിപ്പിക്കാൻ നോക്കിയെങ്കിലും ഫലിച്ചില്ല. അപ്പോൾ മന്ത്രി ജ്യോതിഷിയോട് “രാജാവിൻറെ മരണം പ്രവചിച്ചത് ശരി തന്നെയോ” എന്ന് ഒന്ന് കൂടി ചോദിച്ചു. വീണ്ടും ഗണിച്ചതിനുശേഷം ജ്യോതിഷി തൻറെ പ്രവചനത്തിലുറച്ചുനിന്നു.
ഉടനെ മന്ത്രി ജ്യോതിഷിയോട് “നിങ്ങൾ എപ്പോഴാണ് മരിക്കുക”യെന്ന് ചോദിച്ചു.”പന്ത്രണ്ട് കൊല്ലം കഴിഞ്ഞാൽ “എന്ന് പറഞ്ഞു. അതു കേട്ട ഉടനെ മന്ത്രി വാളെടുത്തു വീശി ആ ജ്യോതിഷിയെ വെട്ടിക്കൊന്നു.എന്നിട്ട് രാജാവിനോട് പറഞ്ഞു:”അങ്ങേയ്ക്ക് ഇപ്പോൾ ബോധ്യമായല്ലോ അവൻ കള്ളനാണെന്ന്. ഈ നിമിഷം തന്നെ അവൻചത്തുവല്ലോ.” (വിവേകാനന്ദ സാഹിത്യ സർവ്വസ്വം. വാല്യം: 4. പുറം:87)

Also read: ദി ആൽകെമിസ്റ്റും സൂഫി എലമെന്റുകളും

സ്വാമി വിവേകാനന്ദൻ തന്നെ എഴുതുന്നു.:”വിധിയെപ്പറ്റി പുലമ്പിക്കൊണ്ടിരിക്കുന്നത് പ്രായം കൂടി വരുന്നവരാണ്. യുവജനങ്ങൾ പ്രായേണ ജ്യോതിഷത്തെ ആശ്രയിക്കാറില്ല.ഗ്രഹങ്ങൾ നമ്മുടെ മേൽ പ്രാഭവം പ്രയോഗിക്കുന്നുണ്ടാവാം.എന്നാൽ നാം അതിനത്ര പ്രാധാന്യം കല്പിക്കാൻ പാടില്ല… ജ്യോതിർ ഗണങ്ങൾ വന്നു കൊള്ളട്ടെ. അതു കൊണ്ടെന്ത് ദോഷം? ഒരു നക്ഷത്രത്തിനു താറുമാറാക്കാവുന്നതാണ് എൻറെ ജീവിതമെങ്കിൽ അതൊരു കാശിന്
വില പിടിപ്പുള്ളതല്ല. ജ്യോതിഷവും അതുപോലുള്ള ഗൂഢ വിദ്യകളും പ്രായേണ ദുർബല മനസ്സിൻറെ ചിഹ്നങ്ങളാണെന്ന് നിങ്ങൾക്കറിയാനാകും. അതിനാൽ അവ നമ്മുടെ മനസ്സിൽ സ്ഥാനം പിടിക്കാൻ തുടങ്ങിയാൽ ഉടൻ നാം ഒരു വൈദ്യനെ കാണുകയും നല്ല ആഹാരം കഴിക്കുകയും വിശ്രമിക്കുകയും ചെയ്യേണ്ടതാണ്”(അതേ പുസ്തകം.പുറം:86)

Related Articles