Columns

ആരാണ് സംഘപരിവാറിനെ വളര്‍ത്തിയത് ?

അഖില്‍ ഭാരത ഹിന്ദു മഹാസഭയുടെ 1943 -46 കാലത്തെ പ്രസിഡണ്ടായിരുന്നു ശ്യാമ പ്രസാദ് മൂഖര്‍ജി. കോണ്ഗ്രസ് രാഷ്ട്രീയത്തില്‍ നിലകൊള്ളുമ്പോള്‍ തന്നെ അദ്ദേഹം തീവ്ര ഹിന്ദു സംഘമായ ഹിന്ദു മഹാസഭയുടെ ഭാഗം കൂടിയായിരുന്നു. ഒരു തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിനു കൂടുതല്‍ സ്വീകാര്യമായി തോന്നിയത് തീവ്ര ഹിന്ദുത്വമായിരുന്നു. 1930 ല്‍ അദ്ദേഹം കൊണ്ഗ്രസ്സുമായുള്ള ബന്ധം അവസാനിപ്പിച്ചിരുന്നു. നെഹ്‌റു മന്ത്രി സഭയില്‍ വാണിജ്യ വ്യവസായ മന്ത്രി എന്ന സ്ഥാനം അലങ്കരിച്ച ശ്യാമ പ്രസാദ് ഗാന്ധി വധത്തിന്റെ പേരില്‍ ഹിന്ദു മഹാ സഭയോട് ബന്ധം അവസാനിപ്പിക്കുകയും ചെയ്തു.

ഹിന്ദു മഹാസഭയോട് അദ്ദേഹം സാങ്കേതിക അര്‍ത്ഥത്തിലുള്ള ബന്ധവിഛെദം മാത്രമാണ് നടത്തിയത്. തൊട്ടടുത്ത വര്ഷം കാശ്മീരിന്റെ പ്രത്യേക പദവി വിഷയത്തില്‍ അദ്ദേഹം നെഹ്‌റു മന്ത്രിസഭയില്‍ നിന്നും രാജിവെച്ചു. ( കഴിഞ്ഞ കൊല്ലം കാശ്മീരിന്റെ പ്രത്യേക പദവി നിര്‍ത്തലാക്കിയപ്പോള്‍ സംഘപരിവര്‍ എടുത്തു പറഞ്ഞ പേരാണ് ശ്യാമ പ്രസാദ് മൂഖര്‍ജിയുടേത് എന്ന് പ്രത്യേകം ഓര്‍ക്കണം). പിന്നീട് അദ്ദേഹം ജനസംഘം രൂപീകരിച്ചു. ഒരു വലതു പക്ഷ ഹിന്ദു രാഷ്ട്രീയ പാര്‍ട്ടി, മറ്റൊരു അര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ആര്‍ എസ് എസിന്റെ രാഷ്ട്രീയ രൂപം എന്നാണ് ജനസംഘം അറിയപ്പെട്ടിരുന്നത്. അന്ന് മുതല്‍ എല്ലാ തിരഞ്ഞെടുപ്പിലും അവര്‍ മത്സരിച്ചു. പക്ഷെ 1967 ലെ 35 സീറ്റ്‌ എന്നതായിരുന്നു അവരുടെ വലിയ രാഷ്ട്രീയ നേട്ടം. ഹിന്ദുത്വ രാഷ്ട്രീയത്തിന് ഇന്ത്യന്‍ സ്വാതന്ത്രത്തോളം പഴക്കമുണ്ട് എന്ന് പറയാനാണ് മേല്‍ സംഭവങ്ങള്‍ ഉദ്ധരിച്ചത്.

Also read: ദി ആൽകെമിസ്റ്റും സൂഫി എലമെന്റുകളും

എന്ത് കൊണ്ട് വിഭജനാനന്തര ഇന്ത്യയില്‍ ഹിന്ദുത്വം വേരു പിടിച്ചില്ല എന്ന ചര്‍ച്ച സജീവമായി നടന്നിട്ടുണ്ട്. മതത്തിന്റെ പേരിലുള്ള വിഭജനം, പിന്നെ നടന്ന രൂക്ഷമായ വര്‍ഗീയ കലാപങ്ങള്‍ ഇതെല്ലാം മതിയായിരുന്നു സംഘപരിവാരിനു അധികാരത്തിലെത്താന്‍. ഇന്നത്തെ പോലെ അന്നും നെഹ്രുവിനെ ഒറ്റതിരിഞ്ഞു ആക്രമിക്കുക എന്ന നിലപാട് സംഘ പരിവാര്‍ സ്വീകരിച്ചിരുന്നു. അന്നത്തെ ഹിന്ദു മഹാ സഭയുടെ അധ്യക്ഷന്‍ നെഹ്രുവിനെ കുറിച്ച് “ വിദ്യാഭ്യാസം കൊണ്ട് ഇംഗ്ലീഷ്കാരനും സംസ്കാരം കൊണ്ട് മുസ്ലിമും ആകസ്മികമായി ഹിന്ദുവും” എന്ന് പറഞ്ഞിരുന്നത്രെ. കോണ്ഗ്രസ് രാഷ്ട്രീയത്തിനകത്ത് ഹിന്ദുത്വ മനസ്സുള്ള നേതാക്കള്‍ പണ്ട് മുതലേ സാധാരണമായിരുന്നു. സ്വാതന്ത്രത്തിനു ശേഷം നെഹ്രുവും പാര്‍ട്ടി നേതൃത്വവും തമ്മില്‍ പല വിഷയങ്ങളിലും അഭിപ്രായാന്തരം ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്നു. തിരഞ്ഞെടുക്കപ്പെട്ട പാര്‍ടി അധ്യക്ഷന്‍ ഇതിന്റെ പേരില്‍ രാജിവെച്ച ചരിത്രവും നെഹ്‌റു കാലത്തുണ്ട്.

ഇന്ത്യന്‍ സ്വാതന്ത്രത്തിനു ശേഷം രണ്ടു കാര്യങ്ങളാണ് ഇന്ത്യയിലെ ഹിന്ദുത്വ ശക്തികളുടെ വളര്‍ച്ച തടഞ്ഞത്. ഒന്ന് നെഹ്രുവിന്റെ മതേതരത്വ സങ്കല്പം. മറ്റൊന്ന് ഗാന്ധിജിയുടെ ഹിന്ദു വിശ്വാസവും. പാകിസ്താന്‍ അവിടുത്തെ ന്യൂനപക്ഷങ്ങളോട് എന്ത് നിലപാട് സ്വീകരിക്കുന്നു എന്ന് നോക്കിയല്ല ഇന്ത്യ ഇവിടുത്തെ ന്യൂനപക്ഷങ്ങളോട് നിലപാട് സ്വീകരിക്കേണ്ടത് എന്നായിരുന്നു നെഹ്‌റു കൈകൊണ്ട നിലപാട്. ഗാന്ധിജി ഒരു യതാര്‍ത്ഥ ഹിന്ദു മത വിശ്വാസിയായിരുന്നു എന്നത് സംഘ പരിവാരിനു മതത്തെ മോശമായ രീതിയില്‍ അവതരിപ്പിക്കാന്‍ കഴിയാതെ പോയി. മതമെന്നാല്‍ ഗാന്ധിജി ഉദ്ദേശിച്ചത് സത്യം നീതി തുടങ്ങിയ മൂല്യങ്ങള്‍ അടയാളപ്പെടുത്തലായിരുന്നു എന്ന് കൂടി ചേര്‍ത്ത് വായിക്കണം. ഒരിടത്ത് നെഹ്‌റുവിന്റെ ഉറച്ച മതേതര കാഴ്ചപ്പാടും മറ്റൊരിടത്ത് ഗാന്ധിയുടെ സുതാര്യമായ ഹിന്ദു മതവുമാണ് ഹിന്ദുത്വ ശക്തികളെ പിടിച്ചു നിര്‍ത്തിയത്. അത് കൊണ്ട് തന്നെ ഗാന്ധിജിയെ ഇല്ലാതാക്കല്‍ അവരുടെ രാഷ്ട്രീയ അജണ്ടയായിരുന്നു. അത് കൊണ്ടാണ് ഇന്നും അവര്‍ ഗാന്ധി വധത്തെ ആഘോഷിക്കുന്നത്. തങ്ങളുടെ വളര്‍ച്ച പിടിച്ചുവെച്ചു, ഇന്ത്യക്ക് ഒരു മതേതര ഭരണഘടന നല്‍കാന്‍ സഹായകമായി എന്നതാണ് നെഹ്രുവിനോട് അവര്‍ക്ക് വിദ്വേഷം ജനിപ്പിക്കാന്‍ കാരണവും. ഇന്ത്യയും സംഘ പരിവാറും ഉള്ള കാലത്തോളം ആ വെറുപ്പും വിദ്വേഷവും അവര്‍ തുടര്‍ന്ന് കൊണ്ടിരിക്കും.

Also read: ജ്യോതിഷത്തെക്കുറിച്ച് സ്വാമി വിവേകാനന്ദൻ

മൂന്നു പതിറ്റാണ്ട് കൊണ്ട് ഒരു കാര്യം അന്നത്തെ ജനസംഘത്തിനു മനസ്സിലായി. തീവ്ര നിലപാടുകള്‍ കൊണ്ട് ജനങ്ങളെ കയ്യിലെടുക്കാന്‍ കഴിയില്ല . അവര്‍ നിലപാടില്‍ അയവു വരുത്തി. അതിന്റെ ഗുണവും പെട്ടെന്ന് തന്നെ അവര്‍ക്ക് ലഭിച്ചു. ഒരു തലയ്ക്കല്‍ നെഹ്‌റു കാലത്തെ കോണ്ഗ്രസ് ഇന്ദിരാഗാന്ധിയുടെ കയ്യിലെത്തിയപ്പോള്‍ അതിന്റെ ജനാധിപത്യ സ്വഭാവം കുറെയൊക്കെ കൈമോശം വന്നിരുന്നു. രാഷ്ട്രീയ ഫാസിസം ആദ്യമായി ഇന്ത്യന്‍ സമൂഹത്തില്‍ കൊണ്ട് വന്നത് ഇന്ദിര തന്നെ. അത് കൊണ്ട് ഫലം ലഭിച്ചത് സംഘ പരിവാരിനും. എണ്‍പതുകളില്‍ സോഷ്യലിസ്റ്റുകളും മതേതര കക്ഷികളും ജനസംഘവുമായി അടുക്കാന്‍ തുടങ്ങി.ഒരു വേള ഇവരെല്ലാം ചേര്‍ന്ന് ജനത പാര്‍ട്ടി എന്നൊരു സംവിധാനവും നിലവില്‍ വന്നു. പിന്നീടുണ്ടായതു ആധുനിക ചരിത്രം.

കോണ്ഗ്രസ് ഒരു കപ്പലായിരുന്നു . ഒരു കാലം വരെ അതിന്റെ നേതൃത്വം മതേതര നിലപാടുകളില്‍ വെള്ളം ചേര്‍ക്കാന്‍ ശ്രമിച്ചില്ല. അന്ന് കൊണ്ഗ്രസ്സിനു വ്യതിരക്ത വ്യക്തിത്വവും ഉണ്ടായിരുന്നു. ഇന്ദിരാഗാന്ധിയുടെ കാലത്ത് അവരുടെ രാഷ്ട്രീയ നിലപാടുകള്‍ പ്രതിപക്ഷത്തെ ആദര്‍ശം കളഞ്ഞു ഒന്നിക്കാന്‍ പ്രേരിപ്പിച്ചു. രാജീവിന്റെ കാലത്ത് ഹിന്ദുത്വം തലപൊക്കാന്‍ ശ്രമം തുടങ്ങി. നെഹ്‌റു ഇന്ദിര എന്നതില്‍ നിന്നും രാജീവ്ഗാന്ധിയുടെ രാഷ്ട്രീയം ദുര്‍ബലമായിരുന്നു. രാജീവിന്റെ അഞ്ചു കൊല്ലം കൊണ്ട് സംഘ പരിവാര്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വലിയ മുന്നേറ്റം നടത്തി. പിന്നീട് ഇന്ത്യന്‍ രാഷ്ട്രീയം കണ്ടത് എച്ചുകൂട്ടിയ ഭരണമായിരുന്നു. മതേതര കക്ഷികള്‍ പരസ്പരം ഭിന്നിച്ചു കഴിയുമ്പോഴും സംഘ പരിവാര്‍ സ്വയം ശക്തിപ്പെടുകയായിരുന്നു. നരസിംഹറാവുവിന്റെ കാലത്ത് സംഘ പരിവാര്‍ പള്ളി പൊളിച്ചതിലൂടെ ആദ്യ രാഷ്ട്രീയ വിജയം കൈവരിച്ചു.

Also read: കർഷകവിരുദ്ധമായ ബ്രാഹ്മണിസം – 2

കോണ്ഗ്രസ് മതേതര ജനാധിപത്യ നിലപാടുകളില്‍ നിന്നും മാറിയപ്പോഴാണ് സംഘ പരിവര്‍ മുതലെടുത്തത്. ദേശീയ രാഷ്ട്രീയത്തില്‍ മറ്റു കക്ഷികള്‍ക്ക് പ്രാദേശിക താല്പര്യം മാത്രമായിരുന്നു. ഇടതു പക്ഷം പോലും സംഘ പരിവാര്‍ രാഷ്ട്രീയത്തെ അംഗീകരിച്ച ചരിത്രം നമ്മുടെ മുന്നിലുണ്ട്. പൊതു സമൂഹത്തില്‍ സംഘ പരിവാറിനു നല്ലപിള്ള എന്ന മുദ്ര ലഭിക്കാന്‍ അത് കൊണ്ട് കഴിഞ്ഞു. ചുരുക്കത്തില്‍ ഇന്ത്യന്‍ രാഷ്ട്ട്രീയത്തില്‍ സംഘ പരിവാറിനെ വളര്‍ത്തിയതില്‍ എല്ലാവര്ക്കും പങ്കുണ്ട്. വലിയ പങ്ക് ആര്‍ക്കു എന്നതിലാണ് ഇന്ന് തര്‍ക്കം. അവിടെയാണ് മണിശങ്കര്‍ അയ്യര്‍ പറഞ്ഞത് പ്രസക്തമാകുന്നത് “ കോണ്ഗ്രസ് ബി ജെ പിയെ അനുകരിക്കരുത്, ബി ജെ പിക്ക് പകരമാകണം”. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മതേതര ജനാധിപത്യ മൂല്യങ്ങളുടെ നിലനില്‍പ്പിനു ഒരു മാര്‍ഗമേ നമ്മുടെ മുന്നിലുള്ളൂ . അത് മതേതര കക്ഷികള്‍ യതാര്‍ത്ഥ ശത്രുവിനെ തിരിച്ചറിയുക എന്നത് മാത്രമാണ്.

Facebook Comments

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker