Current Date

Search
Close this search box.
Search
Close this search box.

തെരഞ്ഞെടുപ്പിന്റെ ഇസ്‍ലാമികത

രാഷ്ട്രീയം എന്നത് ഇസലാമിനെ സംബന്ധിച്ചെടുത്തോളം വിശ്വാസത്തിന്റെ ഭാഗമാണ്. പ്രാര്‍ത്ഥിക്കപ്പെടേണ്ടവന്‍ ദൈവം മാത്രമാണ് എന്നതുപോലെത്തന്നെ ആത്യന്തികമായി ശരി തെറ്റുകള്‍ നിര്‍ണ്ണയിക്കാനുള്ള അവകാശം ദൈവത്തിനാണ് എന്നത് ഇസ്‌ലാമിക വിശ്വാസത്തിന്റെ ഭാഗമാണ്. അങ്ങനെയാണ് ഇസ്‌ലാം  ഒരേസമയം മതപരിഷ്‌കരണ പ്രസ്ഥാനവും, സാമൂഹ്യ പരിഷ്‌കരണ പ്രസ്ഥാനവുമായി മാറുന്നത്. എല്ലാ പ്രവാചകന്മാരുടെയും പ്രബോധനത്തില്‍ പ്രാര്‍ത്ഥനയുടെയും ധാര്‍മികതയുടെയും ഈ രണ്ടു തത്വങ്ങളും കാണാന്‍ കഴിയും. ദൈവത്തിനുള്ള ഈ രണ്ട് അവകാശങ്ങളും ഉള്‍ച്ചേര്‍ന്നതാണ് ഇസ്‍ലാമിന്റെ വിശ്വാസസംഹിത, ഓരോ വിശ്വാസിയും ഇത് ഉള്‍ക്കൊള്ളുകയും സമൂഹത്തില്‍ ഉയര്‍ത്തിപ്പിടിക്കാന്‍ പരിശ്രമിക്കുകയും ചെയ്യുന്നു.

ഇസ്‍ലാമിന് സാമൂഹിക ക്രമത്തെകുറിച്ച് അതിന്റെ വിശ്വാസത്തില്‍നിന്ന് വിടര്‍ന്ന് വരുന്ന ഒരു വിഭാവനയുണ്ട്. ഇസ്‌ലാമികമായ ഒരു സാമൂഹികക്രമം ഇല്ലെങ്കില്‍ സാമൂഹികക്രമമേ ആവശ്യമില്ല എന്ന നിലപാട് ഇസ്‌ലാമിനില്ല. ഏതൊരു സമൂഹത്തിനും സാധ്യമാകുന്നേടത്തോളം നന്മയുള്ള സാമൂഹിക രാഷ്ട്രീയ ക്രമം ഉണ്ടാവണം എന്നാണ് ഇസ്‌ലാം താൽപര്യപ്പെടുന്നത്. ക്രമത്തിന്റെ അഭാവം അരാജകത്വത്തിന് കാരണമാകും. അരാജകത്വം മനുഷ്യ ജീവന്റെയും സ്വത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും തകര്‍ച്ചക്ക് വഴിവെക്കും. ഇത് ഇസ്ലാം ഒരിക്കലും ഇഷ്ട്ടപ്പെടുന്നില്ല. അങ്ങനെ സംഭവിക്കരുതെന്ന് ഇസ്‌ലാം ആഗ്രഹിക്കുകയും അതിനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. സമ്പൂര്‍ണ്ണ നന്മ സാധ്യമല്ലെങ്കില്‍ ഒരു നന്മയും ആവശ്യമില്ല എന്ന ആത്യന്തിക നിലപാട് ഇസ്‌ലാമിനില്ല. എവിടെയും എപ്പോഴും സാധ്യമാവുന്ന നന്മകള്‍ സ്ഥാപിച്ചെടുക്കുക എന്നതാണ് ഇസ്‌ലാമിന്റെ രീതി.

പൂര്‍ണ്ണമായും ഇസ്‌ലാമിന്റെതല്ലാത്ത രാഷ്ട്രീയ വ്യവസ്ഥകളില്‍ നിന്ന് വിട്ടുനില്‍ക്കുകയോ നിരുപാധികമായി ലയിക്കുകയോ ചെയ്യുക എന്നതല്ല ഇസ്‌ലാമിന്റെ സമീപനം. നന്മയുടെ സാധ്യമാവുന്ന രീതിയിലുള്ള സംസ്ഥാപനവും തിന്മയുടെ വിപാടനവുമാണ് ഏത് സമൂഹത്തിലും ഇസ്‌ലാം ലക്ഷ്യം വെക്കുന്നത്. നന്മയുടെ കാര്യത്തിലും തിന്മയുടെ കാര്യത്തിലും അധികാരം പ്രധാന ഘടകമാണ്. അധികാരത്തിന്റെ നന്മകള്‍ സമൂഹത്തില്‍ ശതഗുണീഭവിച്ചുകൊണ്ട് പ്രതിഫലിക്കും. അധികാരത്തിന്റെ തിന്മകള്‍ മറ്റു തിന്മകളേക്കാള്‍ കടുത്ത പ്രഹരശേഷിയോടെ പ്രവര്‍ത്തിക്കും. നന്മ കല്‍പ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം അധികാരത്തിന്റെ നന്മയും തിന്മയും പ്രധാന പരിഗണന വിഷയമാണ്. അതുകൊണ്ടാണ് പണ്ഡിതനും ഗ്രന്ഥകാരനുമായ സയ്യിദ് സആദത്തുല്ല ഹുസൈനി എഴുതിയത്. ‘തെരഞ്ഞെടുപ്പില്‍ പങ്കെടുക്കലും വോട്ട് ചെയ്യലും പൗരന്മാര്‍ എന്ന നിലക്കുള്ള നമ്മുടെ ഉത്തരവാദിത്തമാണെന്ന് മാത്രമല്ല അത് ദൈവമഹത്വം ഉയര്‍ത്തിപ്പിടിക്കുന്നതിന്റെ താല്പര്യം കൂടിയാണ്. കാരണം അല്ലാഹുവിന്റെ അടിയാറുകള്‍ക്ക് സ്വാതന്ത്ര്യവും നീതിയും മൗലികാവകാശങ്ങളും ഉറപ്പുവരുത്താനുള്ള എല്ലാ നീക്കങ്ങളിലും ഭാഗവാക്കാകാന്‍ വിശ്വാസികള്‍ എന്ന നിലക്ക് നാം ബാധ്യസ്ഥരാണ്.’

പ്രവാചകന്‍ പ്രവാചകത്വത്തിനുമുമ്പ് ഭാഗവാക്കായതും പ്രവാചകനായ ശേഷം അഭിമാനപൂര്‍വ്വം അനുസ്മരിച്ചതുമായ ഫുളൂല്‍ സംഖ്യം (ഹല്‍ഫുല്‍ ഫുദൂല്‍) മേല്‍പ്പറഞതിന്റെ പ്രവാചക ചരിത്രത്തില്‍ നിന്നുള്ള മാതൃകയാണ്. പലായനത്തിനുശേഷം മദീനയിലെത്തിയ പ്രവാചകന്‍ അവിടെയുള്ള വ്യത്യസ്ത ജനവിഭാഗങ്ങളെ ഒരു പൊതു മിനിമം പരിപാടിയുണ്ടാക്കി ഏകീകരിക്കുകയും മദീനയെ ഒരു ക്ഷേമ രാഷ്ട്രമാക്കുന്നതിന് നേതൃത്വം നല്‍കുകയും ചെയ്തത്.

ഓരോ സന്ദര്‍ഭത്തിലും സാധ്യമാകുന്ന നന്മകള്‍ സ്ഥാപിക്കുക എന്ന ഇസ്‌ലാമിക രീതിയുടെ നിദര്‍ശനങ്ങളാണ് ഈ രണ്ടു പ്രവാചക മാതൃകകളും. സമ്പൂര്‍ണ്ണ നന്മയെ കുറിച്ച സങ്കല്‍പ്പങ്ങള്‍ ഉള്ളതുകൊണ്ട് ഭാഗിക നന്മകള്‍ ആവശ്യമില്ലാ എന്ന വരട്ടുവാദം ഇസ്‌ലാമിനില്ല. സമൂഹത്തിന്റെ കൂടുതല്‍ മെച്ചപ്പെട്ട നന്മകളിലേക്കുള്ള പരിവര്‍ത്തനം സമൂഹത്തോട് ഇടപഴകിയും ക്രമപ്രവൃദ്ധവുമായാണ് സംഭവിക്കുക എന്നതാണ് ഇസ്‌ലാമിക കാഴ്ച്ചപ്പാട്. ഏതൊരു സമൂഹത്തിലുമുള്ള നന്മകളെ അംഗീകരിക്കുകയും അതിനെ കൂടുതല്‍ ജ്വലിപ്പിക്കുകയുമാണ് ഇസ്‌ലാം ചെയ്തു പോന്നിട്ടുള്ളത്. മിഷന്‍ ഉള്ള സമൂഹം എന്ന നിലയില്‍ തെരഞ്ഞടുപ്പും അവരുടെ മിഷന്റെ ഭാഗമാണ്. മൂര്‍ത്തമായ സാഹചര്യങ്ങളെ അവഗണിച്ചുകൊണ്ട് ഒരു സമൂഹത്തിനും അവരുടെ ദൗത്യം നിര്‍വഹിക്കാന്‍ കഴിയുകയില്ല. തങ്ങളുടെ ദൗത്യത്തെ അവര്‍ ജീവിക്കുന്ന സാഹചര്യങ്ങളിലേക്ക് വിവര്‍ത്തനം ചെയ്യാന്‍ കഴിയുന്നവര്‍ക്കാണ് തങ്ങളുടെ ദൗത്യം നിര്‍വഹിക്കുവാന്‍ കഴിയുക.

പ്രവാചക പ്രബോധനത്തിന്റെ ആരംഭ കാലത്ത് നടന്നുകൊണ്ടിരുന്ന റോം പേര്‍ഷ്യ യുദ്ധത്തില്‍ ഇസ്‌ലാം റോമിനെ പിന്തുണക്കുന്നത് കാണാന്‍ കഴിയും. റോമക്കാര്‍ ഒരു ഇസ്‌ലാമിക സമൂഹം അല്ലാതിരിക്കെതന്നെ. റോമും പേര്‍ഷ്യയും തമ്മിലുള്ള അപ്പോഴത്തെ പ്രശ്‌നത്തില്‍ കൂടുതല്‍ ശരി റോമിന്റെ പക്ഷത്താണ് എന്നതായിരുന്നു അതിന്റെ പ്രധാന കാരണം. വിശ്വാസപരമായി അവരോടുള്ള അടുപ്പം മാത്രമല്ല. വിശ്വാസപരമായി അടുപ്പം ഉണ്ടായാലും ഇല്ലെങ്കിലും പ്രശ്‌നങ്ങളില്‍ കൂടുതല്‍ ശരി ആരുടെ പക്ഷത്താണോ അവരോടൊപ്പം നില്‍ക്കുക എന്നതാണ് ഇസ്‌ലാമിന്റെ സമീപനം. കൂടുതല്‍ ശരിയായവര്‍ വിശ്വാസപരമായും ഇസ്‌ലാമിനോട് കൂടുതല്‍ അടുത്തു നില്‍ക്കുന്നവരാണ് എന്നു വരുമ്പോള്‍ ഇസ്‌ലാമിനെ സംബന്ധിച്ചിടത്തോളം അത് കൂടുതല്‍ സന്തോഷകരമാണ് എന്ന് മാത്രം.

ഇന്ത്യയില്‍ പോര്‍ച്ചുഗീസുകാരുടെ അധിനിവേശം നടന്നപ്പോള്‍ വേദക്കാരായ അധിനിവേശകരെയല്ല തദ്ദേശീയരായ ബഹുദൈവ വിശ്വാസികളായ രാജാക്കന്മാരെയാണ് ഇസ്‌ലാമിക പണ്ഡിതന്മാര്‍ പിന്തുണച്ചത്. കാരണം ആ പ്രശ്‌നത്തിന്റെ മര്‍മ്മം അധിനിവേശമാണ്. അധിനിവേശകര്‍ക്കെതിരെ തങ്ങള്‍ ഉള്‍ക്കൊള്ളുന്ന അധിനിവിഷ്ടര്‍ക്ക് ഒപ്പം നില്‍ക്കുകയാണ് അക്കാലത്തെ ഇസലാമിക പണ്ഡിതന്മാര്‍ ചെയ്തത്.

രാഷ്ട്രീയത്തിലെ ഓരോ നിര്‍ണായക സന്ദര്‍ഭത്തിലെയും റോമും പേര്‍ഷ്യയും ഏതാണ് എന്ന് വ്യവച്ചേദിക്കുക എന്നത് ഗൗരവതരമായ ഒരു ഇസ്‌ലാമിക ഉത്തരവാദിത്തമാണ്. സന്ദര്‍ഭപരമായ ഇക്കാര്യത്തിന് ഖണ്ഡിതപ്രമാണം ഉണ്ടാവുകയില്ല. ഇത് എപ്പോഴും ഗവേഷണപരമായ വിഷയമായിരിക്കും. അതുകൊണ്ടുതന്നെ അതില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ക്ക് തീര്‍ച്ചയായും സാധ്യതകളുണ്ട്. ഒരു തെരഞ്ഞെടുപ്പില്‍ ആരെ പിന്തുണക്കണം എന്നത് നിശ്ചയിക്കുക ഒരു കേവല മതേതര കാര്യമല്ല. മതപരമായ കാര്യം കൂടിയാണ്. അതുകൊണ്ടുതന്നെ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ മുന്‍നിര്‍ത്തിയല്ല സമൂഹത്തെക്കുറിച്ച ഇസ്‌ലാമിന്റെ വിശാല താല്‍പര്യങ്ങളെ മുമ്പില്‍വെച്ചാണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത്. അപ്പോഴും ആ തീരുമാനങ്ങളില്‍ വ്യത്യസ്തതകള്‍ ഉണ്ടാവാം. പ്രമാണങ്ങളെയും ഇസ്‌ലാമിന്റെ താല്‍പര്യങ്ങളെയും മുന്‍നിര്‍ത്തി വ്യത്യസ്ത തീരുമാനങ്ങള്‍ എടുത്താലും ആ വ്യത്യസ്തതകളെല്ലാം ഇസ്‌ലാമികമായിരിക്കും. തീരുമാനങ്ങളുടെ പ്രേരണ ഇസ്‌ലാമിക നൈതികതയുടെ അടിസ്ഥാനത്തിലുള്ളതായിരിക്കണം എന്നു മാത്രം. മതേതര തെരഞ്ഞെടുപ്പ് തീര്‍ത്തും മതേതരമായ ഒരു കാര്യം മാത്രമല്ല മതപരമായ ധാര്‍മ്മികവും നൈതികവുമായ ഒരു കാര്യം കൂടിയാണ്.

Related Articles