Columns

രചനാത്മക രാഷ്രീയ ശൈലി രൂപപ്പെടേണ്ടതുണ്ട്

1977ലെ മോറാര്‍ജി മന്ത്രിസഭയില്‍ വളരെ സുപ്രധാന വകുപ്പുകളാണ് വാജ്പേയിയും അദ്വാനിയും കയ്യാളിയത്. ഈ സൗകര്യമുപയോഗിച്ച് സര്‍ക്കാറിന്റെ മെഷനറിയിലേക്ക്-ഉദ്യോഗ തലങ്ങളിലേക്ക്-വ്യാപകമായ നുഴഞ്ഞുകയറ്റം നടത്തി. അതിന് മുമ്പും സകല തന്ത്രങ്ങളുമപയോഗിച്ച് ഭരണതലങ്ങളിലേക്ക് (പട്ടാളത്തിലടക്കം) നുഴഞ്ഞുകയറ്റങ്ങള്‍ നടത്തിയിട്ടുണ്ട്. ഭരണകക്ഷിയായ കോണ്‍ഗ്രസ് പാര്‍ട്ടിയിലേക്കും പ്രബല കക്ഷിയായ സോഷ്യലിസ്റ്റ് പാര്‍ട്ടിയിലേക്കും മറ്റും നുഴഞ്ഞുകയറി, തങ്ങളുടെ ചാരന്മാരെ കടത്തിവിട്ട് തങ്ങള്‍ക്ക് വേണ്ടി കുത്തിത്തിരുപ്പും കുതന്ത്രങ്ങളും നടത്തുന്നതിലുള്ള ആര്‍.എസ്.എസ്സിന്റെ മിടുക്ക് പലരും വേണ്ടപോലെ തിരിച്ചയറിയാറില്ല. മാര്‍ക്സിസ്റ്റ് പാര്‍ട്ടി ഉള്‍പ്പടെയുള്ള കമ്യൂണിസ്റ്റ് പാര്‍ട്ടികളിലേക്ക് ഈ വിദഗ്ധ നുഴഞ്ഞുകയറ്റം നടന്നിട്ടുണ്ട്. അതിന്റെ കൂടി ഫലമാണ് ബംഗാളിലും ത്രിപുരയിലും സി.പി.എമിനും മറ്റും വന്ന വലിയ ക്ഷീണം.

ആര്‍.എസ്.എസ് ലോബിക്ക് കോണ്‍ഗ്രസില്‍ എത്രമാത്രം സ്വാധീനമുണ്ടായിരുന്നുവെന്നതിന്റെ ഒരു പ്രധാന തെളിവാണ്, കോണ്‍ഗ്രസുകാരനായ പ്രധാനമന്ത്രിയെ (നരസിംഹറാവു) തങ്ങളുടെ അജണ്ട നടപ്പാക്കാനുള്ള ചട്ടുകമായി ഉപയോഗിക്കാനായത്. ജോര്‍ജ് ഫെര്‍ണാണ്ടസ് ഉള്‍പ്പടെയുള്ള സോഷ്യലിസ്റ്റുകളെ തങ്ങളുടെ ചട്ടുകമാക്കുന്നതിലും ആര്‍.എസ്.എസ് വിജയിച്ചു. ശ്രീമതി ഇന്ദിരഗാന്ധി തുടക്കം കുറിച്ച ഫാസിസ്റ്റ് ശൈലി കോണ്‍ഗ്രസിന് ചേര്‍ന്നതായിരുന്നില്ല. ഇന്ദിരയെ ആര്‍.എസ്.എസ് പരോക്ഷമായി സ്വാധീനിച്ചിരുന്നു.( പണ്ട് അന്തമാനിലെ ജയിലിൽനിന്ന് സവർക്കർ ബ്രിട്ടീഷുകാർക്ക് മാപ്പപേക്ഷ എഴുതി കൊടുത്തത് പോലെ ആർ. എസ്.എസ് നേതാവ് ദേവറസ് ഇന്ദിരയുമായി കത്തിടപാട് നടത്തിയത് ഓർക്കുക)

Also read: മഹ്മൂദ് ദർവീഷിനെ കല്ലെറിയുന്നവർ

കോൺഗ്രസിലെ ആർ എസ് എസ് ദുസ്വാധീനത്തിന് സർദാർ വല്ലഭായ് പട്ടേലിനോളമോ അതിനേക്കാൾ ഏറെയോ പഴക്കമുണ്ട്.അതു കൊണ്ടാണല്ലോ ശുദ്ധ സെക്കുലർ ചിന്താഗതിക്കാരനും അതിനാൽ തന്നെ ഖിലാഫത്തു സമരത്തിൽ നിന്ന് വിട്ട്നിന്ന വ്യക്തിയുമായ മുഹമ്മദലി ജിന്ന കോൺഗ്രസിൽ നിന്ന് വിട്ട്പോയത്.ജിന്ന ഒരിക്കൽ പറഞ്ഞത് :”indian national congress is neither national nor a congress, but a totalitarian caucus controlled by hindu finatics…..”മറ്റൊരു അർത്ഥത്തിൽ പ്രമുഖ കോൺഗ്രസ്‌ നേതാവും കോൺഗ്രസ്‌ പ്രസിഡന്റും പിന്നീട് വിദ്യാഭ്യാസ മന്ത്രിയുമായ മൗലാനാ ആസാദ് തന്റെ വിഖ്യാതമായ ‘India wins freedom’ എന്ന കൃതിയിലും ഒരളവോളം ഇത് സൂചിപ്പിച്ചിട്ടുണ്ട്.പ്രമുഖ മുസ്ലിം ലീഗ് നേതാക്കളിൽ പലരും, മർഹൂം കെ എം സീതി സാഹിബ്‌ ഉൾപ്പെടെ, കോൺഗ്രസുമായി സഹകരിച്ചവർ ആയിരുന്നു. തങ്ങൾക്കുണ്ടായ തിക്താനുഭവങ്ങളാലായിരിക്കാം അവർക്ക് കോൺഗ്രസ്‌ വിടേണ്ടി വന്നത്.മുഹമ്മദ്‌ അബ്ദുറഹ്മാൻ സാഹിബിനെയും മറ്റും ഏറെ വേദനിപ്പിച്ചുകൊണ്ട് കോൺഗ്രസിൽ പ്രവർത്തിച്ച ചാലപ്പുറം ഗാങിന്റെ വിവരങ്ങൾ അബ്ദുറഹ്മാൻ സാഹിബിന്റെ ജീവചരിത്രത്തിലും കാണാവുന്നതാണ്. ഇങ്ങനെ ഒക്കെ ആണെങ്കിലും കോൺഗ്രസ്‌ മൊത്തത്തിലും തത്വത്തിലും ഒരു അഖിലേന്ത്യാ മതേതര പാർട്ടിയാണ്.ആ പാർട്ടിയിൽ ഭൂരിപക്ഷവും മതേതര ചിന്താഗതിക്കാരാണ്.കോൺഗ്രസ്‌ തകരുന്നത് ഇന്നത്തെ സാഹചര്യത്തിൽ ഒട്ടും നല്ലതല്ലെന്ന് ഇടതുപക്ഷ ബുദ്ധിജീവികൾ തന്നെ സമ്മതിക്കുന്നുണ്ട്.
***
ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്സില്‍ ആര്‍.എസ്.എസ്. നടത്തിയ നുഴഞ്ഞുകയറ്റത്തിന്റെയും കുത്തിത്തിരിപ്പിന്റെയും പലവിധ വിനകള്‍ ഇന്ന് ആ പാര്‍ട്ടി ധാരാളമായി അനുഭവിക്കുന്നുണ്ട്. സോഷ്യലിസ്റ്റ് പാര്‍ട്ടികളില്‍ ആര്‍.എസ്.എസ്. നടത്തിയ കുതന്ത്രങ്ങള്‍ വഴി ആ പാര്‍ട്ടി പലപ്പോഴായി ശൈഥില്യം അനുഭവിച്ചിട്ടുണ്ട്, അനുഭവിച്ചുകൊണ്ടിരിക്കുന്നുമുണ്ട്. (ഭീകരവും മാരകവുമായ ബി.ജെ.പി., ആര്‍.എസ്.എസ്. ഫാസിസത്തെ ചെറുക്കാന്‍ കോണ്‍ഗ്രസ്സിനെ ഒരളവോളമെങ്കിലും ഉള്‍ക്കൊള്ളാനും കൂട്ടുപിടിക്കാനുമുള്ള യെച്ചൂരിലൈനിനെ തോല്‍പ്പിക്കുന്നതില്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിക്കകത്തുള്ള ഒരു വിഭാഗത്തെ പ്രോത്സാഹിപ്പിക്കാന്‍ ആര്‍.എസ്.എസ്. ചാരന്മാരുടെ കുതന്ത്രം വിജയിച്ചുവെന്നതുകൂടി ഓര്‍ക്കുക.)

മറ്റൊരു ഉദാഹരണമാണ് ബീഹാറിലെ നിതീഷ്‌കുമാര്‍. (നേരത്തെ ജോര്‍ജ് ഫെര്‍ണാണ്ടസിനെപ്പോലുള്ളവരെ വഴിതെറ്റിച്ചത് മറക്കാതിരിക്കുക) കോണ്‍ഗ്രസ്സിലേക്കുള്ളത്ര ഇല്ലെങ്കിലും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയിലും ഈ പ്രശ്‌നമുണ്ട്. ബംഗാളില്‍ പാര്‍ട്ടിയെ തകര്‍ക്കുന്നതില്‍ ഈ ഘടകത്തിന് (ആര്‍.എസ്.എസ്. നുഴഞ്ഞുകയറ്റം) പങ്കുണ്ട്. ഇത് തിരിച്ചറിയാന്‍ കുറേ പാര്‍ട്ടികോണ്‍ഗ്രസ്സ് കഴിയേണ്ടിവരുമായിരിക്കാം…

Also read: സബ്രീന ലീക്ക് ഇന്ത്യൻ മുസ്ലിം ജനതയോട് പറയാനുള്ളത്

മലപ്പുറം ജില്ലാ രൂപീകരണം, കോഴിക്കോട് സര്‍വ്വകലാശാല സ്ഥാപിക്കല്‍ ഉള്‍പ്പെടെ പലതും നടന്നതില്‍ ആര്‍.എസ്.എസ് വൃത്തങ്ങളും അവരോട് ചേര്‍ന്നുനിന്നുകൊണ്ട് കെ.കേളപ്പനും, കോണ്‍ഗ്രസ്സ്‌കാരുമൊക്കെ വളരെ അസ്വസ്ഥരായിരുന്നു. കോണ്‍ഗ്രസ്സുകാരില്‍ നല്ലൊരുവിഭാഗം പകല്‍ കോണ്‍ഗ്രസ്സും രാത്രി ആര്‍.എസ്.എസ്സുമാണെന്ന് എ.കെ. ആന്റണി ഇപ്പോള്‍ പറഞ്ഞതിനേക്കാള്‍ ഏറെ ശരിയായിരുന്നു അന്നാളുകളില്‍.

മാര്‍ക്‌സിസ്റ്റുകള്‍ കടുത്ത ലീഗ് വിരോധം വ്യാപകമായി പ്രചരിപ്പിച്ചത് നല്ലൊരു വിഭാഗം മാര്‍ക്‌സിസ്റ്റ് ഹിന്ദുക്കളില്‍ മുസ്‌ലിംവിരോധമായി സന്നിവേശിച്ചു. ഇതിനെ നന്നായി ഉപയോഗപ്പെടുത്താനും മുതലെടുക്കാനും ആര്‍.എസ്.എസ്സ് ലോബി സമര്‍ഥമായും സജീവമായും പലമാര്‍ഗേണ യത്‌നിച്ചു. ഇതിന്റെ കൂടി ഫലമായിരുന്നു 1971- ഒടുവില്‍ തലശ്ശേരിയില്‍ നടന്ന വര്‍ഗീയ ലഹള. (”മാപ്പിളലഹളയുടെ” അമ്പതാം വാര്‍ഷികമെന്ന് ഈ കലാപത്തെ ആര്‍.എസ്.എസ്സുകാര്‍ വിശേഷിപ്പിച്ചിരുന്നു.) മലപ്പുറം ജില്ല നിലവില്‍ വന്നതില്‍ തങ്ങള്‍ക്കുള്ള കടുത്ത രോഷം ഈ കലാപത്തിലൂടെ ആര്‍.എസ്.എസ്സുകാര്‍ നടപ്പാക്കിയിട്ടുണ്ട്. ഇതിന്ന് ചില മാര്‍ക്‌സിസ്റ്റുകളെ അവര്‍ ചട്ടുകമായി ഉപയോഗിക്കുകയും ചെയ്തു.

പര്‍വതീകരണ-വക്രീകരണ പ്രക്രിയകളിലൂടെയുള്ള മുസ്‌ലിംലീഗ് വിരോധം കടുത്ത മുസ്‌ലിംവിരോധമായി രൂപാന്തരം പ്രാപിച്ചതിന്റെ ദുരന്തഫലംകൂടിയാണ് തലശ്ശേരി കലാപമെന്ന് പലരും അക്കാലത്ത് അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇക്കാര്യം വിതയത്തില്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലും ഉള്ളടങ്ങിയിട്ടുണ്ട്. തലശ്ശേരി മട്ടാമ്പ്രം പള്ളിയില്‍വച്ച് പത്രക്കാരോട് സംസാരിക്കുമ്പോള്‍ ”ഞങ്ങളുടെ ആളുകളും ഈ കലാപത്തില്‍ പങ്കാളിയായിരിക്കാം” എന്ന അര്‍ഥത്തില്‍ ഇ.എം.എസ്സ് പറഞ്ഞത് മേല്‍പറഞ്ഞ വസ്തുത ബുദ്ധിമാനായ ഇ.എം,എസ്സ് മനസ്സിലാക്കിയത് കൊണ്ടായിരിക്കാം.

എന്നാല്‍ ഒരു പാര്‍ട്ടി എന്ന നിലക്ക് ആര്‍.എസ്.എസ്സ് വര്‍ഗീയവാദികളുടെ അഴിഞ്ഞാട്ടത്തിനും കൊള്ളക്കുമെതിരെ ഉറച്ചനിലപാടാണ് മാര്‍ക്‌സിസ്റ്റ്പാര്‍ട്ടി അന്ന് സ്വീകരിച്ചത് എന്ന് മൊത്തത്തില്‍ പറയാം. അതുകൊണ്ടാണ് തലശ്ശേരിയിലും പരിസരങ്ങളിലും ഇടതുപക്ഷ അനുകൂല അന്തരീക്ഷം ഇന്നും സജീവമായി നിലനില്‍ക്കുന്നത്. നേരത്തെ അഖിലേന്ത്യാ മുസ്‌ലിംലീഗും പിന്നീട് ഐ.എന്‍.എല്ലും മറ്റുചില മുസ്‌ലിം ഗ്രൂപ്പുകളും മാര്‍ക്‌സിസ്റ്റ്പാര്‍ട്ടിയെ പിന്തുണച്ചതും/പിന്തുണക്കുന്നതുംഅതുകൊണ്ട്തന്നെ. എന്നാല്‍ പല പ്രദേശങ്ങളിലും സംഭവങ്ങളിലും മാര്‍ക്‌സിസ്റ്റ്പാര്‍ട്ടി മുസ്‌ലിംലീഗിനെതിരെയോ മുസ്‌ലിം സ്ഥാപനങ്ങള്‍ക്കെതിരെയോ സ്വീകരിക്കുന്ന നിലപാടുകള്‍ അവരറിയാതെ കടുത്ത മുസ്‌ലിം/ഇസ്‌ലാം വിരോധമായി സംക്രമിക്കുന്നുണ്ട് എന്നത് അവര്‍ പലപ്പോഴും വേണ്ടുംവിധം ഗ്രഹിച്ചിട്ടില്ല. മുസ്‌ലിം വ്യക്തിനിയമത്തില്‍ ഉണ്ടെന്ന് അവര്‍ ധരിക്കുന്ന പോരായ്മകളെ എതിര്‍ക്കുമ്പോഴും സംഗതി തദ്‌വിഷയത്തില്‍ മാത്രം ഒതുങ്ങാതെ ഇസ്‌ലാം/മുസ്‌ലിം വിരോധമായി വഴിതെറ്റുന്നുണ്ട്. ശരീഅത്ത് വിവാദകാലത്ത് ഇത് അങ്ങിനെതന്നെ സംഭവിച്ചു. അതിന്‍ഫലമായി ഹൈന്ദവ പിന്തുണ കൂടുതല്‍ കേന്ദ്രീകരിക്കാനും മുസ്‌ലിംലീഗിന്റ ഒരു ചീന്തുപോലുമില്ലാത്ത മന്ത്രിസഭ രൂപീകരിക്കാനും സാധിച്ചു. നാദാപുരത്തും പരിസരങ്ങളിലും മുസ്‌ലിംലീഗിനെതിരെയോ അല്ലെങ്കില്‍ മുസ്‌ലിം പ്രമാണി/ജന്മി വിഭാഗത്തിനെതിരെയോ പാര്‍ട്ടി നേതാക്കള്‍ നടത്തുന്ന സ്ഥാനത്തും അസ്ഥാനത്തുമുള്ള വിമര്‍ശനങ്ങള്‍ താഴേത്തട്ടില്‍ മുസ്‌ലിം വിരോധമായിട്ടാണ് എത്തുന്നതെന്ന് അല്ലെങ്കില്‍ അതില്‍നിന്ന് ആര്‍.എസ്.എസ്സ്. നന്നായി മുതലെടുപ്പ് നടത്തുന്നുണ്ടെന്ന് സഖാക്കള്‍ തിരിച്ചറിയാതെ പോകുന്നു.

Also read: ലോക നവോത്ഥാന പ്രസ്ഥാനത്തിന് ഇസ് ലാം നൽകിയ അമൂല്യ സംഭാവനകൾ

ആര്‍.എസ്.എസ്സിനെ എതിര്‍ക്കുമ്പോള്‍ കമ്മ്യൂണിസ്റ്റ്പാര്‍ട്ടികള്‍ ഒരുതരം അധൈര്യമോ അപകര്‍ഷതാബോധമോ അനുഭവിക്കുന്നതായി മനസ്സിലാകുന്നു. തൂക്കമൊപ്പിക്കാന്‍ ഏതെങ്കിലും മുസ്‌ലിം സംഘടനയെക്കൂടി ചേര്‍ത്തുകൊണ്ടേ ആര്‍.എസ്.എസ്സിനെതിരെ ശബ്ദിക്കാറുള്ളൂ. ഇങ്ങിനെ തെറ്റായ സമീകരണം നടത്തി ചേര്‍ത്തുപറയുമ്പോള്‍ ഫലത്തില്‍ ആര്‍.എസ്.എസ്സ് എന്ന ആഴത്തില്‍ വേരുള്ള മഹാഭീകര വിധ്വംസക സംഘടനയെ ലളിതവല്‍ക്കരിക്കുകയും ലഘൂകരിക്കുകയും ചെയ്യുന്ന വേലയാണ് ചെയ്യുന്നത്. അടിക്കടി കണ്ടമാനം ചായ കുടിക്കുക എന്നത് ഒരു ദുഃശ്ശീലമാണ്. ഈദൃശ ദുഃശ്ശീലങ്ങളെ എതിര്‍ക്കുമ്പോള്‍ മദ്യപാനം ചായകുടി എന്നിങ്ങനെ സമീകരിച്ചു പറഞ്ഞാല്‍ സത്യത്തില്‍ മദ്യപാനം ചായകുടിപോലുള്ള ഒരു ദുഃശ്ശീലമായി ചുരുങ്ങുന്നു. ചില മുസ്‌ലിംലീഗുകാര്‍ മോദിയേയും പിണറായിയേയും സമീകരിച്ച് സംസാരിക്കാറുണ്ട്. ഇതൊരിക്കലും ശരിയല്ല.ഇത് ഫലത്തില്‍ മോദിയെ നന്നാക്കലാണ്. മാര്‍ക്‌സിസ്റ്റുകളുടെ അസഹിഷ്ണുതയെയും അക്രമങ്ങളെയും എതിര്‍ക്കണം, എന്നാല്‍ അതിനെ ആര്‍.എസ്.എസ്സ്. ഫാസിസത്തോട് സമീകരിച്ചുകൂടാത്തതാണ്. ഭൂരിപക്ഷ വര്‍ഗീയതയേയും ന്യൂനപക്ഷ വര്‍ഗീയതയേയും ഒരുപോലെ കാണുമ്പോഴും ഇങ്ങിനെ ഒരപകടമുണ്ട്. വര്‍ഗീയത ആരുടേതായാലും തെറ്റാണ് മോശവുമാണ്, തികച്ചും എതിര്‍ക്കപ്പെടേണ്ടതുമാണ്. എന്നാല്‍ ഭൂരിപക്ഷ വര്‍ഗീയത കൂടുതല്‍ അപകടകാരിയാണെന്ന വസ്തുത മറക്കരുത്. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു അതുകൊണ്ടാണ് Hindu communalism is more dangerous and deep rooted എന്ന് പറഞ്ഞത്. ന്യൂനപക്ഷ വര്‍ഗീയത അധികവും പ്രതികരണ സ്വഭാവത്തിലുള്ളതാണ്. ഇത് ഉണ്ടായിത്തീരുന്നത് തീക്ഷ്ണവും തീവ്രവും അഗാധവുമായ ഭൂരിപക്ഷവര്‍ഗീയതയോടുള്ള പ്രതികരണം എന്ന നിലയ്ക്കാണ്. അസഹനീയമാം വിധമുള്ള അതിരൂക്ഷമായ തിക്താനുഭവങ്ങളോട് ചെറുതായെങ്കിലും പ്രതികരിക്കാന്‍ നിര്‍ബന്ധിതരാവുകയാണ് ന്യൂനാല്‍ന്യൂനമായ ഒരു വിഭാഗം. ഇത് അവരുടെ ഭാഗത്തുനിന്നുണ്ടാവുന്ന തികഞ്ഞ അവിവേകമാണ്. അന്തിമ വിശകലനത്തില്‍ അത് ന്യൂനപങ്ങള്‍ക്ക് വളരെ ദോഷകരവുമാണ്. ഇവ്വിധം തീവ്രമായി ചിന്തിക്കാനും അവിവേകം പ്രവൃത്തിക്കാനും ന്യൂനപക്ഷങ്ങൾ തുനിയണമെന്നുതന്നെയാണ് ഫാസിസ്റ്റുകള്‍ ഉള്ളാലെ ആഗ്രഹിക്കുന്നതും. അതിനായി അവര്‍ കുതന്ത്രങ്ങള്‍ മെനയുകയും ചെയ്യുന്നു.

മൂലകാരണത്തെയും തൽഫലമായുള്ള പ്രതികരണത്തെയും ഒരുപോലെ കാണുന്നതില്‍ അനീതിയും അസന്തുലിതത്വവുമുണ്ട്. ഈവക ബിന്ദുക്കള്‍ വേണ്ടുംവിധം പരിഗണിക്കാതെ ഭൂരിപക്ഷവര്‍ഗീയതയേയും ന്യൂനപക്ഷവര്‍ഗീയതയെയും ഒരുപോലെ വീക്ഷിക്കുന്ന മാര്‍ക്‌സിസ്റ്റ്പാര്‍ട്ടിയുടെ സമീപനം ഫലത്തില്‍ ആര്‍.എസ്.എസ്സിന് അനുകൂലമായിട്ടാണ് ഭവിക്കുന്നത്. ഇങ്ങിനെ മാര്‍ക്‌സിസ്റ്റ്പാര്‍ട്ടി ചിന്തിക്കുന്നതിന് പിന്നില്‍ പാര്‍ട്ടിയിലേക്ക് നുഴഞ്ഞുകയറിയിരിക്കാനിടയുള്ള ഫാസിസ്റ്റ് (ആര്‍.എസ്.എസ്സ്) ലോബിയുടെ ദുസ്വാധീനങ്ങളുണ്ടോ എന്ന് അവര്‍ പരിശോധിക്കേണ്ടതുണ്ട്. തങ്ങളുടെ പാര്‍ട്ടിയിലേക്കുള്ള ആര്‍.എസ്.എസ്സ് നുഴഞ്ഞുകയറ്റവും കുത്തിത്തിരിപ്പും ചിലപ്പോഴൊക്കെ മാര്‍ക്‌സിസ്റ്റ്പാര്‍ട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്. തലശ്ശേരി കലാപത്തിന്‌ശേഷം ആര്‍.എസ്.എസ്സിന്നെതിരെ 1970 കളില്‍ കണ്ണൂര്‍ ജില്ലയിലെ (ഇന്നത്തെ കാസര്‍ഗോഡും ഉള്‍പ്പെടെ) മാര്‍ക്‌സിസ്റ്റ്പാര്‍ട്ടി നേതൃത്വം അതീവജാഗ്രതയോടെ നിലപാട് സ്വീകരിച്ചിട്ടുണ്ട്. തലശ്ശേരി കലാപത്തിനുശേഷം നാലര പതിറ്റാണ്ടിലേറെക്കാലം നടന്ന മാര്‍ക്‌സിസ്റ്റ് – ആര്‍.എസ്.എസ്സ്. സംഘട്ടനങ്ങള്‍ സവിശേഷം വിശകലനം ചെയ്യേണ്ട ഒന്നാണ്.

സംഭവങ്ങളേയും സംഗതികളേയും വിലയിരുത്തുന്നതില്‍ മാര്‍ക്‌സിസ്റ്റ്പാര്‍ട്ടി പുലര്‍ത്തുന്ന ഒരു തരം മുരടന്‍ കാഴ്ചപ്പാട് (Dogmatic approach) തിരുത്തപ്പെടേണ്ടതുണ്ട്. പഠിച്ചതൊന്നും മറക്കാതെയും പുതുതായൊന്നും പഠിക്കാതെയും മാര്‍ക്‌സിസ്റ്റ് നേതൃത്വം ഇനിയും സിദ്ധാന്തവാശിയില്‍തന്നെ തുടര്‍ന്നാല്‍ അത് ഫാസിസ്റ്റ് ദുഃശ്ശക്തികള്‍ക്ക് പരോക്ഷമായി രംഗം പാകപ്പെടുത്തികോടുക്കലായിരിക്കും. ബംഗാളിലെ ദുര്‍ഗതിയില്‍നിന്ന് പാഠം പഠിക്കേണ്ടതുണ്ട്.സത്യത്തിൽ ഇടതുപക്ഷവും കോൺഗ്രസ്സും മറ്റു മതേതര പാർട്ടികളും ആർ എസ് എസ്, ഫാസിസ്റ്റ് ദുശ്ശക്തികൾക്കെതിരെ ഫലപ്രദമായി ഒന്നിക്കേണ്ടതുണ്ട്.ആർ എസ് എസ് ബന്ധം പരസ്പരം ആരോപിക്കുമ്പോൾ അത് ഫാസിസ്റ്റ് ദുശ്ശക്തികൾക്ക് മൈലേജ് വർധിപ്പിക്കുമോ എന്ന് ഭയപ്പെടേണ്ടതുണ്ട്.ദൂരെ മാറിനിന്നു നിരീക്ഷിക്കുമ്പോൾ ആർ എസ് എസ് ദുസ്വാധീനം രണ്ട് കൂട്ടരിലും (കോൺഗ്രസ്‌, സി പി എം )ഉണ്ടെന്നാണ് തോന്നുക.ഒരുപക്ഷെ, കോൺഗ്രെസ്സിലുള്ളത്ര സി പി എം മിൽ ഉണ്ടായിരിക്കുകയില്ലെങ്കിലും, ജനാധിപത്യത്തിൽ ഭൂരിപക്ഷത്തിൽ നിന്നാണല്ലോ ഭൂരിപക്ഷം ഉണ്ടാവുക.അങ്ങനെ വരുമ്പോൾ ഭൂരിപക്ഷപ്രീണനം സംഭവിക്കാൻ ഇടയുണ്ട്.ഇത് ജനാധിപത്യത്തിൽ സംഭവിക്കാൻ ഇടയുള്ള ദുരന്തം തന്നെയാണ്.സംവാദങ്ങളിൽ എങ്ങനെയും ജയിക്കാൻ കാട്ടുന്ന കൗശലങ്ങൾ അന്തിമ വിശകലനത്തിൽ സമൂഹത്തിൽ പല ദോഷങ്ങളും ദൂഷ്യങ്ങളും ഉണ്ടാക്കാൻ ഇടയുണ്ട്.നാട്ടിന്റെ മതേതര സ്വഭാവം കാത്തുസൂക്ഷിക്കാനും നിലവിലുള്ള പ്രശ്നസങ്കീർണതകൾ ഒത്തൊരുമിച്ചു ഫലപ്രദമായി പരിഹരിക്കാനുള്ള രചനാത്മക രാഷ്രീയ ശൈലി രൂപപ്പെടേണ്ടതുണ്ട്.

 

Facebook Comments

പി.പി അബ്ദുറഹ്മാന്‍ പെരിങ്ങാടി

ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന കൂടിയാലോചനാ സമിതി അംഗവും കേരള സംസ്ഥാന വഖഫ് ബോര്‍ഡ് മുന്‍ അംഗവുമാണ് പി.പി. അബ്ദുറഹ്മാന്‍ പെരിങ്ങാടി. 1956 ഏപ്രില്‍ 14 ന് വി.സി. അഹ്മദ് കുട്ടി  പി.പി. റാബിയ ദമ്പതികളുടെ മകനായി കറാച്ചിയില്‍ ജനിച്ചു.  

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker