Current Date

Search
Close this search box.
Search
Close this search box.

തെരഞ്ഞെടുപ്പും ജുമുഅയും

ഇത്തവണത്തെ ലോക്‌സഭാ തെരെഞ്ഞെടുപ്പ് നമ്മളാഗ്രഹിച്ചതിന് വിരുദ്ധമായി വെള്ളിയാഴ്ചയാണല്ലോ നടക്കുന്നത്. അന്നേ ദിവസം ഇലക്ഷൻ ഡ്യൂട്ടിയുള്ള ആയിരക്കണക്കിന് മുസ്‌ലിം ഉദ്യോഗസ്ഥർ ഉണ്ടാവും. പോളിങ് ഏജൻ്റുമാരായും മറ്റും സേവനം അനുഷ്ഠിക്കുന്നവരും വോട്ട് ചെയ്യാനും മറ്റു യാത്ര ചെയ്യേണ്ടി വരുന്ന വേറെ ചിലരുമുണ്ടാവും. ഇവർക്ക് ജുമുഅഃ നമസ്കാരം ഒഴിവാക്കാൻ വല്ല വകുപ്പുമുണ്ടോ എന്ന ചോദ്യം പലയിടത്തു നിന്നും വന്നു കൊണ്ടിരിക്കുന്നു. യാത്രക്കാർക്ക് ജുമുഅ നമസ്കാരം നിർബന്ധമല്ല എന്ന കാര്യം വളരെ വ്യക്തമാണ്.

വെള്ളിയാഴ്ച നമസ്കാരത്തിൽ പങ്കെടുക്കാൻ കഴിയാത്ത രോഗിക്കും സുഖം പ്രാപിക്കാൻ വൈകുമെന്ന് ആശങ്കയുള്ളവനും അസുഖം വർദ്ധിക്കുമെന്ന പേടിയുള്ള ഘട്ടത്തിലും ശത്രുവിനെയോ വെള്ളപ്പൊക്കത്തെയോ തീയെയോ പകർച്ച വ്യാധിയോ ഭയപ്പെടുന്നുവെങ്കിലും മറ്റു ഒഴികഴിവുകൾ ഉള്ളതിനാൽ ജമാഅത്തിൽ പങ്കെടുക്കാൻ കഴിയാത്തവനും (لتعذّر القيام بها مع الجماعة لأي سببٍ كان) ജുമുഅ നമസ്കാരം ഒഴിവാക്കാൻ സാധിക്കുമെന്ന് കർമശാസ്ത്ര ഗ്രന്ഥങ്ങൾ പറയുന്നു.

പണം, കുടുംബം എന്നിവയെ സംബന്ധിച്ച പേടിപോലും അത്തരം ഉദ്റുകളിൽ പെടുന്നു എന്നും (لأنّه من ذوي الأعذار) മാലികി ഫിഖ്ഹ് പറയുന്നു. അതനുസരിച്ച് മതിയായ കാരണങ്ങളുള്ള പോളിങ് ഏജന്റുമാർക്ക് വരെ അന്നേ ദിവസം ജുമുഅ ഒഴിവാക്കാമെന്ന് പ്രസിദ്ധ കേരളീയ പണ്ഡിതൻ നജീബ് മൗലവി പ്രഖ്യാപിച്ചത് കഴിഞ്ഞ ആഴ്ച നമ്മൾ പത്രങ്ങളിൽ വായിച്ചതാണല്ലോ? 03-04-24 ലെ പത്രങ്ങളിൽ വന്ന വാർത്ത ഇങ്ങനെ:

കോഴിക്കോട്: വെള്ളിയാഴ്ചയിലെ ജുമുഅ നമസ്‌കാരം വോട്ട് രേഖപ്പെടുത്തുന്നതിന് തടസ്സമാകരുതെന്ന് കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി മൗലാനാ എ നജീബ് മൗലവി. മതിയായ കാരണങ്ങളുണ്ടെങ്കില്‍ തെരഞ്ഞെടുപ്പ് ഏജന്റുമാർക്ക് പോളിങ് ദിവസം ജുമുഅ ഒഴിവാക്കാമെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാൻ വോട്ടു ചെയ്യേണ്ടത് ഇത്തവണ അനിവാര്യമാണെന്നും മൗലവി കൂട്ടിച്ചേർത്തു. ഇസ്‌ലാമിക ചരിത്രം ഉദ്ധരിച്ചാണ് നജീബ് മൗലവി ഇക്കാര്യങ്ങളെ കുറിച്ച് വിശദീകരിച്ചത്. അതിങ്ങനെ; ‘വോട്ടെടുപ്പ് വെള്ളിയാഴ്ച തന്നെ നടത്തി മുസ്‌ലിംകളുടെ വോട്ട് ഇല്ലാതാക്കാനാണ് മുസ്‌ലിം വിരുദ്ധ ശക്തികൾ ശ്രമിക്കുന്നതെങ്കിൽ അത് അനുവദിക്കരുത്. ജുമുഅ:യുടെ പേരു പറഞ്ഞ് ഒരിക്കലും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് പ്രയാസമുണ്ടാകരുത്. ഒരുപാട് കാര്യങ്ങൾക്കു വേണ്ടി ജുമുഅ ഒഴിവാക്കാം. മഹാനായ സഈദു ബ്‌നു സൈദി (റ)ന് രോഗമാണ് എന്ന് ഇബ്‌നു ഉമറി(റ)ന് വിവരം കിട്ടി. നല്ല ഉച്ച നേരത്താണ് ഈ വിവരം കിട്ടിയത്. അന്ന് മദീനയിലെ പള്ളിയിലെ ജുമുഅ ഒഴിവാക്കി അദ്ദേഹം സഈദു ബ്‌നു സൈദിനെ സന്ദർശിക്കാൻ പോയി. കാരണം ആ രോഗസന്ദർശനത്തിന് അവിടെ എത്തേണ്ടത് അനിവാര്യമായിരുന്നു. അഥവാ ആ സഹാബിയുടെ രോഗശുശ്രൂഷയ്ക്ക് ആവശ്യം വന്നപ്പോൾ അദ്ദേഹം ജുമുഅ ഒഴിവാക്കി എന്നർഥം.” രോഗ ശുശ്രൂഷയ്ക്ക് നമ്മൾ ഇപ്പോഴും ജുമുഅ ഒഴിവാക്കുന്നുണ്ടല്ലോ.’ – മൗലവി ചൂണ്ടിക്കാട്ടി.

‘നമ്മൾ ജുമുഅ നിസ്‌കരിക്കാൻ പോകുന്ന നേരം ഏതെങ്കിലും വികൃതികൾ നമ്മുടെ വോട്ട് യന്ത്രം നാശമാക്കിയാലോ കള്ളവോട്ടു ചെയ്താലോ, അവരുടെ വോട്ടുപെട്ടിയോ അവരുടെ വോട്ടു നമ്പറോ നിറയ്ക്കാൻ വേണ്ടി ശ്രമിക്കും എന്ന് ഭയമുണ്ടെങ്കിൽ തീർച്ചയായും മുസ്‌ലിംകൾ ജാഗ്രത കാണിക്കണം. അതുകൊണ്ടു തന്നെ ഇലക്ഷൻ ബൂത്ത് ഏജന്റുമാരോ പ്രവർത്തകരോ ജുമുഅയുടെ പേരു പറഞ്ഞ് അവരുടെ ഉത്തരവാദിത്വത്തിൽനിന്ന് മാറി നിൽക്കരുത്. ജുമുഅ അവർക്ക് നിർബന്ധമാണെങ്കിൽ പോലും അവർക്ക് ഉദ്ർ / കാരണം ഉള്ളതു കൊണ്ട് ജുമുഅ ഒഴിവാക്കാം. ജനാധിപത്യത്തിനും മതേതരത്വത്തിനും ഇന്ത്യയുടെ നിലനിൽപ്പിനും വേണ്ടി, വർഗീയതക്ക് എതിരായി വോട്ടു വിനിയോഗിക്കുന്നതിന് വലിയ വിലയുണ്ട്.’ – മൗലവി വ്യക്തമാക്കി.

ജുമുഅ നമസ്‌കാരം ഉള്ളതു കൊണ്ട് മുസ്‌ലിംകൾക്കുള്ള ബുദ്ധിമുട്ട് പരിഗണിച്ച് തെരഞ്ഞെടുപ്പ് മാറ്റി വയ്ക്കാൻ നിരവധി മത-രാഷ്ട്രീയ സംഘടനകൾ നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് കമ്മീഷൻ അനുകൂലമായ സമീപനം സ്വീകരിച്ചിട്ടില്ല. ഇലക്ഷൻ കമ്മീഷൻ തിയ്യതി മാറ്റിയില്ലെങ്കിൽ പ്രശ്‌നമില്ലെന്നും അതിനെ മറികടക്കാൻ മുസ്‌ലിംകളുടെ പക്കൽ മറ്റു വഴികളുണ്ടെന്നും നജീബ് മൗലവി പറയുകയായിരുന്നു.

തെരഞ്ഞെടുപ്പ് ദിവസം ഒരു പള്ളിയിൽ ഒന്നിലധികം ജുമുഅഃ ആകാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇക്കാര്യത്തിൽ ഇസ്ലാം മതത്തിൽ വഴിയുണ്ടെന്നും അദ്ദേഹം പറയുകയുണ്ടായി. അതായത് ളുഹ്റിൻ്റെ സമയം മുതൽ അസ്വറിൻ്റെ സമയം വരെ പലപ്പോഴായി ചെറിയ ചെറിയ സംഘങ്ങളായും ജുമുഅഃ ഖുതുബയും നമസ്കാരവും നടത്തുകയും പരമാവധി സമയം കുറച്ച് കൊണ്ട് അവ നിർവഹിക്കുകയും ചെയ്തു കൊണ്ട് അന്നത്തെ ജുമുഅ നിർവഹിക്കാൻ ശ്രമിക്കുക. തീരെ പങ്കെടുക്കാൻ കഴിയാത്ത വിധം ഉത്തരവാദിത്വങ്ങളുള്ള തെരെഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ, പോളിങ് ഏജൻ്റുമാർ എന്നിവർക്ക് ജുമുഅ ഒഴിവാക്കി ളുഹർ നമസ്കരിക്കാവുന്നതാണ്. ജംഉം ഖസ്വ്റുമാക്കാൻ വകുപ്പുള്ളവർക്ക് ളുഹ്റും അസ്വറും ജംഉം ഖസ്വ്റുമാക്കി നമസ്കരിക്കുകയുമാവാം. الله أعلم

അവലംബം :
الموسوعة الفقهية الكويتية
അൽ ബലദ് ന്യൂസ് മുഹമ്മദ് സ്വബ്‌രി അബ്ദുറഹീം 10-01- 2020
മീഡിയ വൺ 03-04-24

Related Articles