Current Date

Search
Close this search box.
Search
Close this search box.

മരണപ്പെട്ടവരുടെ നന്മക്കായി ചെയ്യാവുന്ന കാര്യങ്ങള്‍

അബൂഹുറൈറ (റ) യില്‍ നിന്ന് ഉദ്ധരിക്കുന്ന ഒരു നബി വചനം: “മനുഷ്യന്‍ മരിച്ചാല്‍ മൂന്ന് കാര്യങ്ങളൊഴിച്ച് അവന്‍റെ എല്ലാ പ്രവര്‍ത്തനങ്ങളും മുറിഞ്ഞ് പോവുന്നു. എന്നെന്നും നിലനില്‍ക്കുന്ന ദാനധര്‍മ്മം, പ്രയോജനപ്രദമായ അറിവ്, പരേതന് വേണ്ടി പ്രാര്‍ത്ഥിക്കുന്ന സച്ചരിതനായ സന്താനം.” മരണാനന്തരം പ്രതിഫലം കിട്ടാന്‍ ചെയ്യണ്ട മൂന്ന് കര്‍മ്മങ്ങളാണ് ഉപര്യുക്ത നബി വചനം നമ്മെ പഠിപ്പിക്കുന്നത്.

നമ്മുടെ സമ്പാദ്യത്തിന് മൂന്ന് അവകാശികളുണ്ടെന്ന് പറയാറുണ്ട്. ഒന്ന് സമ്പത്തിന്‍റെ ഉടമ തന്നെ. ദുരിതങ്ങളാണ് നമ്മുടെ സമ്പാദ്യം കൊണ്ടുപോവുന്ന രണ്ടാമത്തെ അവകാശി. അനന്തരവകാശികളാണ് മൂന്നാമത്തെ അവകാശി. രണ്ടും മൂന്നും അവകാശികള്‍ നമ്മുടെ സമ്പത്ത് കവരുന്നതിന് മുമ്പെ ബോധപൂര്‍വ്വം അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ ചിലവഴിച്ചാല്‍ അത് നമുക്ക് പ്രയോജനപ്പെടും. നല്ല അറിവ് പകര്‍ന്നാല്‍ തലമുറകളോളം അതിന്‍റെ വെളിച്ചം നിലനില്‍ക്കും. നല്ല ശിക്ഷണം കൊടുത്ത് സന്താനങ്ങളെ വളര്‍ത്തിയാല്‍ അവര്‍ നമുക്ക് വേണ്ടി പ്രാര്‍ത്ഥിക്കും.

മരണാന്തരവും മരിച്ചുപോയവര്‍ നമുക്ക് വേണ്ടപ്പെട്ടവരാണ്. അതിനാല്‍ അവര്‍ക്കായി ചിലതെല്ലാം നാം ചെയ്യേണ്ടതുണ്ട്. അവയിലൊന്നാണ് അവര്‍ക്കായി മനസുരുകി പ്രാര്‍ത്ഥിക്കലാണ്. അത് അവര്‍ക്ക് തീര്‍ച്ചയായും ഗുണം ചെയ്യും. നബി (സ)യോട് ഒരു അനുചരന്‍ ചോദിച്ചു: മാതാപിതാക്കള്‍ മരണപ്പെട്ടാല്‍ അവര്‍ക്ക് ശേഷം ചെയ്യണ്ട വല്ല നന്മയും അവശേഷിക്കുന്നുണ്ടൊ? നബി: അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കലും പാപമോചനത്തിനായി അപേക്ഷിക്കലും അവരുടെ വാഗ്ദാനങ്ങള്‍ നിറവേറ്റലും അവര്‍ രണ്ട് പേരുടേയും കുടുംബവുമായി ബന്ധം പുലര്‍ത്തലും അവരുടെ സ്നേഹിതന്മാരെ ആദരിക്കലുമാണ്.

ഖുര്‍ആനില്‍ മരിച്ചവര്‍ക്കുളള പ്രാര്‍ത്ഥന ഇങ്ങനെ: അവര്‍ ഇങ്ങനെ പ്രാര്‍ഥിക്കുന്നവരാണ്: ”ഞങ്ങളുടെ നാഥാ, നീ ഞങ്ങള്‍ക്കും ഞങ്ങളുടെ മുമ്പെ സത്യവിശ്വാസം സ്വീകരിച്ച ഞങ്ങളുടെ സഹോദരങ്ങള്‍ക്കും പൊറുത്തുതരേണമേ! ഞങ്ങളുടെ മനസ്സുകളില്‍ വിശ്വാസികളോട് ഒട്ടും വെറുപ്പ് ഉണ്ടാക്കരുതേ. ഞങ്ങളുടെ നാഥാ! ഉറപ്പായും നീ ദയാപരനും പരമകാരുണികനുമല്ലോ.” ( 59:10 )

മരിച്ചയാളുടെ വസിയ്യത്ത് നടപ്പാക്കേണ്ടതും അയാളുടെ കടബാധ്യ ഏറ്റെടുക്കേണ്ടതും അടുത്ത കുടുംബാംഗങ്ങളണ്. കടബാധ്യതയുള്ളവര്‍ക്ക് നബി (സ) മയ്യത് നമസ്കരിക്കാറുണ്ടായിരുന്നില്ല. മരിച്ചവര്‍ക്കായി നന്മകള്‍ ചെയ്യാം. അവരെ കുറിച്ച് നല്ലതല്ലാതെ പറയരുത്. നബി (സ) പറഞ്ഞു: മരിച്ചവരെ നിങ്ങള്‍ ചീത്ത പറയരുത്. അവര്‍ പ്രവര്‍ത്തിച്ചതിലേക്ക് അവര്‍ ചേര്‍ന്നു കഴിഞ്ഞു (ബുഖാരി).

മരിച്ചവര്‍ക്കായി ചെയ്യാവുന്ന ഏറ്റവും നല്ല മറ്റൊരു കര്‍മ്മം ജീവകാരുണ്യ പ്രവര്‍ത്തനവും വഖഫുമാണ്. തബറാനി ഉദ്ധരിച്ച ഹദീസിന്‍റെ ആശയം ഇങ്ങനെ: നബി (സ) പറഞ്ഞു: ആരെങ്കിലും ദാനം ചെയ്യന്‍ ഉദ്ദശേിക്കുകയാണെങ്കില്‍ അവരുടെ രക്ഷിതാക്കള്‍ക്ക് വേണ്ടി ദാനം ചെയ്യട്ടെ. അപ്പോള്‍ മുസ്ലിംങ്ങളായ രക്ഷിതാക്കള്‍ക്ക് അതിന്‍റെ പ്രതിഫലം ലഭിക്കുന്നത് പോലെ അവനും അതിന്‍റെ പ്രതിഫലം ലഭിക്കുന്നതാണ്. മരിച്ചവര്‍ക്ക് ചെയ്യണ്ട മറ്റൊരു കാര്യമാണ് അവരുടെ ഖബറുകള്‍ സന്ദര്‍ശിക്കുകയും അവരോട് സലാം പറയുകയും ചെയ്യക എന്നത്.

സര്‍വ്വോപരി, മരണാന്തരം പ്രതിഫലം ലഭിക്കാന്‍ ഓരോരുത്തരും സല്‍കര്‍മ്മങ്ങള്‍ ചെയ്യേണ്ടതുണ്ട്. അനസ് (റ) വില്‍ നിന്ന് ഉദ്ധരിക്കുന്ന ഹദീസ് ഇങ്ങനെ: ഒരു മയ്യത്തിനെ മൂന്ന് കാര്യങ്ങള്‍ പിന്തുടരപ്പെടും. അവന്‍റെ കുടുംബം, സമ്പാദ്യം, പ്രവര്‍ത്തനങ്ങള്‍. രണ്ടെണ്ണം മടങ്ങി വരും. ഒരെണ്ണം അവശേഷിക്കും. കുടുംബവും സമ്പാദ്യവും മടങ്ങിവരും. അവന്‍റെ പ്രവര്‍ത്തനങ്ങള്‍ അവിശേഷിക്കുകയും ചെയ്യും. അപ്പോള്‍ മരിച്ചുപോവുന്ന നാം തന്നെയാണ് മരണാന്തരം ലഭിക്കേണ്ട പ്രതിഫലത്തിനായി സല്‍കര്‍മ്മങ്ങള്‍ ചെയ്ത് ഈ ജീവിതം ധന്യമാക്കേണ്ടത്.

Related Articles