Current Date

Search
Close this search box.
Search
Close this search box.

ഒരു പള്ളിയില്‍ വ്യത്യസ്ത ജുമുഅ നിര്‍വഹിക്കാമോ?

കൊറോണ വൈറസ് മൂലം പ്രതിസന്ധി അഭിമുഖീകരിക്കുകയും, പല രാജ്യങ്ങളിലും ഭാഗികമായോ പൂര്‍ണമായോ നിരോധനാജ്ഞ ഏര്‍പ്പെടുത്തുകയും ചെയ്ത സാഹചര്യത്തലാണ് മുസ്‌ലിംകള്‍ ജീവിച്ചുകൊണ്ടിരിക്കുന്നത്. അതോടൊപ്പം, നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുകയും, സാമൂഹിക അകലം പാലിച്ച് മസ്ജിദുകള്‍ തുറക്കുന്നതിന് അനുമതി നല്‍കുകയും ചെയ്തിരിക്കുന്നു. ഇവ്വിഷയകമായി പല ചോദ്യങ്ങളും ഉന്നയിക്കപ്പെടുന്നു:

ഒന്ന്, നമസ്‌കരിക്കുന്നവരുടെ സംരക്ഷണം മുന്‍നിര്‍ത്തി ജുമുഅ നമസ്‌കാരം രണ്ട് പ്രാവശ്യമായോ അതില്‍ കൂടുതലായോ (ഉദാഹരണമായി, നാല്‍പത് പേരടങ്ങുന്ന ഒരു സംഘം നമസ്‌കരിച്ചതിന് ശേഷം അടുത്ത നാല്‍പത് പേരടങ്ങുന്ന സംഘം ജുമുഅ നമസ്‌കരിക്കുക) നിര്‍വഹിക്കുന്നത് അനുവദനീയമാണോ? രണ്ട്, ഒന്നാമത്തെ ചോദ്യത്തെ തടര്‍ന്നുവരുന്നതാണ്. ഒന്നാമത്തെ ചോദ്യത്തിന്റെ ഉത്തരം അനുവദനീയമാകുന്നു എന്നതാണെങ്കില്‍, ഹമ്പലീ മദ്ഹബ് പ്രകാരം ജുമുഅ നമസ്‌കാരം സൂര്യന്‍ നീങ്ങുന്നതിന് മുമ്പ് (ളുഹറിന്റെ സമയത്തിന് മുമ്പ്) നിര്‍വഹിക്കണപ്പെടണമെന്നതാണ്. ഈയൊരു സമയത്ത് ഈ അഭിപ്രായത്തെ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കാന്‍ നമുക്ക് സാധിക്കുമോ? സൂര്യന്‍ നീങ്ങുന്നതിന് മുമ്പ് ആദ്യ സംഘത്തോടൊപ്പം നമസ്‌കരിക്കുകയും, സൂര്യന്‍ നീങ്ങിയതിന് ശേഷം (ളുഹറിന്റെ സമയത്തിലേക്ക് പ്രവേശിച്ച ശേഷം) അടുത്ത സംഘത്തോടൊപ്പം നമസ്‌കരിക്കുകയും ചെയ്യുകയെന്നതല്ലേ പ്രായോഗികമായിട്ടുള്ളത്? മുകളില്‍ പറഞ്ഞ രീതിയില്‍ നിര്‍വഹിക്കുകയാണെങ്കില്‍, മര്‍ജൂഹായ (പ്രബലമല്ലാത്ത, ശക്തമല്ലാത്ത) അഭിപ്രായം നാം സ്വീകരിക്കുന്നുവെന്നായില്ലേ?

ഒരേ നാട്ടില്‍ വ്യത്യസ്ത ജുമുഅ നമസ്‌കാരം നിര്‍വഹിക്കാമോ?

കൊറോണ വൈറസ് മൂലം നമസ്‌കാരക്കാര്‍ക്കിടയില്‍ സാമൂഹിക അകലം നിര്‍ബന്ധമാണെന്നതിനാല്‍ പള്ളിയില്‍ ജുമുഅ നമസ്‌കാരം ആവര്‍ത്തിക്കുകയെന്നത് കര്‍മശാസ്ത്ര പണ്ഡിതര്‍ മുമ്പ് അഭിമുഖീകരിച്ചിട്ടില്ലാത്ത പുതിയ വിഷയമാണ്. ഒരേ മസ്ജിദില്‍ വ്യത്യസ്ത ജുമുഅ (ഒരു ജുമുഅ നിര്‍വഹിച്ചതിന് ശേഷം അടുത്ത ജുമുഅ നിര്‍വഹിക്കുക) നിര്‍വഹിക്കുന്നതിനെ കുറിച്ചല്ല, ഒരേ നാട്ടില്‍ വ്യത്യസ്ത സ്ഥലങ്ങളില്‍ ജുമുഅ നടക്കുന്നതിനെ കുറിച്ചാണ് കര്‍മശാസ്ത്ര പണ്ഡിതര്‍ അഭിപ്രായ പ്രകടനം നടത്തിയുട്ടുള്ളത്.

Also read: ആരാണ് സംഘപരിവാറിനെ വളര്‍ത്തിയത് ?

ഒരേ നാട്ടില്‍ വ്യത്യസ്ത ജുമുഅ നിര്‍വഹിക്കുന്നതുമായി ബന്ധപ്പെട്ട് സംക്ഷിപ്തമായി പറയാം:
അനിവാര്യ സാഹചര്യത്തിലല്ലാതെ ഒരേ നാട്ടില്‍ വ്യത്യസ്ത ജുമുഅ നിര്‍വഹിക്കുകയെന്നത് നിഷിദ്ധമാണെന്നാണ് ഭൂരിപക്ഷ കര്‍മശാസ്ത്ര പണ്ഡിതരും വീക്ഷിക്കുന്നത്. രണ്ടോ അതിലധികമോ സ്ഥലങ്ങളില്‍ ജുമുഅ നിര്‍വഹിക്കുന്നത് അനുവദനീയമായിട്ടാണ് ഹനഫീ മദ്ഹബ് കാണുന്നത്.

ഒരു നാട്ടില്‍ ഒരു ജുമുഅയെന്ന അടിസ്ഥാനത്തിനെതിരായി, വ്യത്യസ്ത സ്ഥലങ്ങളില്‍ ജുമുഅ നിര്‍വഹിക്കന്നത് അനുവദനീയമാകുന്നതിന്റെ കാരണങ്ങള്‍ ഭൂരിപക്ഷ കര്‍മശാസ്ത്ര പണ്ഡിതരുടെയും അടുക്കല്‍ വ്യത്യസ്തമാണ്. ഉദാഹരണമായി; വിശാലമായ രാഷ്ട്രമാവുക, യാത്ര ബുദ്ധിമുട്ട് മൂലം ഒരേ മസ്ജിദില്‍ ഒരുമിച്ച് കൂടുകയെന്നത് പ്രയാസകരമാവുക. നദി പോലെയുള്ളവ മൂലം രാജ്യങ്ങള്‍ വിഭജിക്കപ്പെടുകയും, അങ്ങനെ ഇരു രാഷ്ട്രങ്ങളായി പരിഗണിക്കപ്പെടുകയും ചെയ്യുക. അവിടങ്ങളില്‍ വ്യത്യസ്ത ജുമഅകള്‍ നിര്‍വഹിക്കേണ്ടതിന്റെ ആവശ്യകത ഉണ്ടായിരിക്കുക.

തെളിവുകള്‍: ഒരേ നാട്ടില്‍ വ്യത്യസ്ത ജുമുഅ നിര്‍വഹിക്കുന്നത് നിഷിദ്ധമാണെന്നതിന് ഭൂരിപക്ഷ പണ്ഡിതന്മാര്‍ സ്വീകരിച്ച തെളിവുകളാണ് താഴെ കൊടുക്കുന്നത്;
ഒന്ന്, സ്വഹാബികളില്‍ നിന്നോ ത്വാബിഉകളില്‍ നിന്നോ ആരും അനുവദനീയമാണെന്ന് അഭിപ്രായപ്പെട്ടതായി സ്ഥിരപ്പെട്ടിട്ടില്ല. ഇബ്‌നു അബീസൈദ് ഖൈറുവാനി പറയുന്നു: ‘പള്ളിയില്‍ ഒരുമിച്ചുകൂടല്‍ നിര്‍ബന്ധമാണെന്നതിനാണ് തെളിവുള്ളത്. പ്രവാചകനും, ശേഷം വന്ന സച്ഛരിതരായ ഖലീഫമാരും ഒരു ജുമുഅയായിട്ടല്ലാതെ ജുമുഅ നിര്‍വഹിച്ചിട്ടില്ല. കാരണം, ഒരുമിച്ചുകൂടുന്നതിന്റെയും, ഐക്യം ഉയര്‍ത്തിപ്പിടിക്കുകയെന്ന ലക്ഷ്യത്തെയും മുന്‍നിര്‍ത്തി ഒരു ജുമുഅയില്‍ മാത്രം പരിമിതമാവുകയെന്നതാണ്.’
രണ്ട്, മുസ്‌ലിംകള്‍ ഒരുമിച്ചുകൂടുകയെന്ന ജുമുഅ നമസ്‌കാരത്തിന്റെ ലക്ഷ്യത്തോട് എതിരിടുന്നതാണ് വ്യത്യസ്ത ജുമുഅകള്‍ ഒരേ നാട്ടില്‍ നിര്‍വഹിക്കുകയെന്നത്. വ്യത്യസ്ത ജുമുഅകള്‍ നിര്‍വഹിക്കപ്പെടുന്നതില്‍ അനൈക്യം പ്രകടമാണ്. അത് ഇബാദത്ത് മുന്നോട്ടുവെക്കുന്ന ലക്ഷ്യങ്ങള്‍ക്ക് വിരുദ്ധമാകുന്നു.

Also read: ജ്യോതിഷത്തെക്കുറിച്ച് സ്വാമി വിവേകാനന്ദൻ

ഒരേ മസ്ജിദില്‍ വ്യത്യസ്ത ജുമുഅകള്‍ നിര്‍വഹിക്കാമോ?

പൂര്‍വികരായ പണ്ഡിതന്മാര്‍ അവരുടെ ഗ്രന്ഥങ്ങളില്‍ ഈ വിഷയം കൈകാര്യം ചെയ്തിട്ടില്ലെന്നത് മുമ്പ് സൂചിപ്പിച്ചതാണ്. എന്നാല്‍, ഒരേ നാട്ടില്‍ വ്യത്യസ്ത ജുമുഅ നിര്‍വഹിക്കുന്നതുമായി ബന്ധപ്പെട്ട അവരുടെ അഭിപ്രായം പരിശോധിക്കുമ്പോള്‍, ഒരേ മസ്ജിദില്‍ വ്യത്യസ്ത ജുമുഅയില്ലാതിരിക്കുകയാണ് വേണ്ടതെന്ന അടിസ്ഥാനം ബോധ്യപ്പെടുന്നതാണ്. ഇത് ഒന്നിനെ മറ്റൊന്നിലേക്ക് ചേര്‍ത്ത് മനസ്സിലാക്കുകയെന്ന അധ്യായത്തില്‍ വരുന്നതാണ് (باب الإلحاق). അഥവാ, പൂര്‍വികരായ കര്‍മശാസ്ത്ര പണ്ഡിതര്‍ പറഞ്ഞിട്ടല്ലാത്ത ( المسكوت عنه) ‘ഒരേ മസ്ജിദില്‍ വ്യത്യസ്ത ജുമുഅ നിര്‍വഹിക്കുകയെന്നതിനെ’ പണ്ഡിതര്‍ അഭിപ്രായ പ്രകടനം നടത്തിയ (المنطوق به ) ‘ഒരേ നാട്ടില്‍ വ്യത്യസ്ത ജുമുഅ നര്‍വഹിക്കുന്നത് നിഷിദ്ധമാണെന്നതിലേക്ക് ചേര്‍ത്ത് മനസ്സിലാക്കുകയാണ് ചെയ്യുന്നത്. ഇത് സാധാരണ അവസ്ഥയിലാണ്, പ്രത്യേക സാഹചര്യങ്ങളില്‍ ബാധകമാവുകയില്ല. ആവശ്യമാണെങ്കില്‍ ഒരു നാട്ടില്‍ വ്യത്യസ്ത ജുമുഅകള്‍ നിര്‍വഹിക്കാവുന്നതാണെന്ന് കര്‍മശാസ്ത്ര പണ്ഡിതര്‍ അഭിപ്രായപ്പെടുന്നു. നാട് വിസ്തൃതവും, വിശാലവുമാവുകയും ചെയ്യുകയെന്നത് അതില്‍ പെട്ടതാണ്.

ലഖ്മിയെ ഉദ്ധരിച്ച് ഇമാം അസ്സുര്‍ഖാനി പറയുന്നു: ‘ഈജിപ്ത്, ബഗ്ദാദ് തുടങ്ങിയ സ്ഥലങ്ങളില്‍ വ്യത്യസ്ത ജുമുഅകള്‍ നിര്‍വഹിക്കുന്നത് അനുവദനീയമാണെന്നതില്‍ അവര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നുവെന്ന് ഞാന്‍ കരുതുന്നില്ല.’ ശാഫിഈ മദ്ഹബുകാരനായ ഇബ്‌നു ഹജര്‍ ഹൈഥമി പറയുന്നു: ‘ആവശ്യമില്ലാതെ ജമാഅത്തുകള്‍ അധികരിപ്പിക്കുകയെന്നത് വെറുക്കപ്പെട്ടതാണ്.’ ബുഹൂത്തി പറയുന്നു: ‘വിശാലമായ നാടാവുക, പള്ളി വിദൂരത്താവുക, മസ്ജിദ് ഇടങ്ങിയതാവുക, പ്രശ്‌നങ്ങള്‍ ഭയക്കുക (എന്നീ ആവശ്യത്തിനല്ലാതെ എന്നാണ്). ആവശ്യത്തിനനുസരിച്ച് മാത്രമാണ് അത് അനുവദനീയമാകുന്നത്. കാരണം, വലിയ പട്ടണങ്ങളിലെ വ്യത്യസ്ത സ്ഥലങ്ങളില്‍ ഒരാക്ഷേപവുമില്ലാതെ ഇത് ചെയ്തുവരുന്നു. ഇതില്‍ പണ്ഡിതര്‍ക്കിടയില്‍ അഭിപ്രായൈക്യമുണ്ടെന്ന് (ഇജ്മാഅ്) മുബ്ദിഇല്‍ ഉദ്ധരിക്കപ്പെടുന്നു.’

ഈ വിഷയം അഭിപ്രായ വ്യത്യാസം നിലനില്‍ക്കുന്ന വിഷയമാണ്. ഒരേ നാട്ടില്‍ വ്യത്യസ്ത ജുമുഅ നിര്‍വഹിക്കുകയെന്നതിനെ നിരുപാധികം അനുവദനീയമായിട്ടാണ് ഹനഫികള്‍ കാണുന്നത്. അതാഇനെ പോലെയുള്ളവരില്‍ നിന്നും ഇത് ഉദ്ധരിക്കപ്പെടുന്നു. ഇബ്‌നു നുജൈം മിസ്‌രി പറയുന്നു: ‘ഒരു നാട്ടിലെ വ്യത്യസ്ത സ്ഥലങ്ങളില്‍ ജുമുഅ നിര്‍വഹിക്കുകയെന്നത് ശരിയാകുന്നതാണ്. ഇമാം അബൂഹനീഫയുടെയും, മുഹമ്മദിന്റെയും അഭിപ്രായമാണിത്. ഇതാണ് കൂടുതല്‍ ശരിയായിട്ടുള്ള അഭിപ്രായം. നിരുപാധികമായി അനുവദനീയമാകുന്നുവെന്നതാണ് കൂടുതല്‍ പ്രബലമായ അഭിപ്രായമായി ഫത്ഹുല്‍ ഖദീറില്‍ ഉള്ളത്. ഇമാമത്തുമായി ബന്ധപ്പെട്ട അധ്യായത്തില്‍, നിരുപാധികമായി ഒരേ നാട്ടില്‍ വ്യത്യസ്ത ജുമുഅകള്‍ നിര്‍വഹിക്കുന്നത് അനുവദനീയമാണെന്ന ഫത്‌വ കാണാവുന്നതാണ്.’

Also read: ദി ആൽകെമിസ്റ്റും സൂഫി എലമെന്റുകളും

ഒരു നാട്ടില്‍ വ്യത്യസ്ത ജുമുഅകള്‍ വേണ്ടതില്ലെന്നത് പ്രയാസകരമായിട്ടുള്ള കാര്യമാണ്. ശരീഅത്ത് പ്രയാസങ്ങള്‍ ഇല്ലായ്മ ചെയ്യുന്നതിന് വേണ്ടിയാണ്. അല്ലാഹു പറയുന്നു: മതകാര്യത്തില്‍ യാതൊരു പ്രയാസവും നിങ്ങളുടെ മേല്‍ അവന്‍ ചുമത്തിയിട്ടില്ല. (അല്‍ഹജ്ജ്: 78) ഇബ്‌നു നുജൈം പറയുന്നു: ‘അതിവിശാലമായ നാട്ടില്‍ ഒരു സ്ഥലത്ത് മാത്രം ഒരുമിച്ചുകൂടുകയെന്നത് തീര്‍ച്ചയായും പ്രയാസമുണ്ടാക്കുന്നതാണ്. അത് ഒഴിവാക്കപ്പെടേണ്ടതാണ്. (ഒരു നാട്ടില്‍ വ്യത്യസ്ത ജുമുഅ നിര്‍വഹിക്കല്‍) നിരുപാധികം അനുവദനീയമാണെന്നത് കൂടുതല്‍ ശരിയായ അഭിപ്രായമായി ഫത്ഹുല്‍ ഖദീറില്‍ കാണാവുന്നതാണ്. പ്രത്യേകിച്ച്, ഈജിപ്ത് പോലെ വലിയ നാടാണെങ്കില്‍ ഒരു സ്ഥലത്ത് ഒരുമിച്ചുകൂടുകയെന്നത് തികച്ചും പ്രയാസകരമായിരിക്കും. അതിനാല്‍ കൂടുതല്‍ വിശാലമാക്കേണ്ടതായി വരുന്നു.’

വ്യത്യസ്ത സമയങ്ങളിലെ ജുമുഅയോ ജുമുഅ ഒഴിവാക്കുന്നതോ ഉത്തമം?

രോഗം വ്യാപിക്കുമെന്ന് ഭയന്ന് ജുമുഅ മാറ്റിവെക്കുകയെന്ന അഭിപ്രായവും, സൂക്ഷമതയോടെയും, കരുതലോടെയും, സാമൂഹക അകലം പാലിച്ചും വ്യത്യസ്ത സമയങ്ങളിലായി ജുമുഅ നിര്‍വഹിക്കുകയെന്ന അഭിപ്രായവും താരതമ്യം ചെയ്യുമ്പോള്‍, ഒരു മസ്ജിദില്‍ തന്നെ വ്യത്യസ്ത ജുമുഅ നിര്‍വഹിക്കുകയെന്ന അഭിപ്രായത്തില്‍ ഒരു പ്രശ്‌നവുമില്ല. അത് ഇസ്‌ലാമിക ചിഹ്നങ്ങളെ നിലനിര്‍ത്തുകയാണ് ചെയ്യുന്നത്. ഉപേക്ഷിക്കുക എന്നതിനെക്കാള്‍ ശ്രേഷ്ഠമായിട്ടുള്ളത് നിലനിര്‍ത്തുക എന്നതുതന്നെയാണ്. അല്ലാഹു പറയുന്നു: ‘വല്ലവനും അല്ലാഹുവിന്റെ മതചിഹ്നങ്ങളെ ആദരിക്കുന്ന പക്ഷം തീര്‍ച്ചയായും അത് ഹൃദയങ്ങളിലെ ധര്‍മനിഷ്ഠയില്‍ നിന്നുണ്ടാകുന്നതെത്രെ.’ (അല്‍ഹജ്ജ്: 32)

യൂറോപ്യന്‍ കൗണ്‍സില്‍ ഫോര്‍ ഫത്‌വ എന്‍ഡ് റിസര്‍ച്ച് പുറത്തറിക്കിയ ഫത്‌വ:

ആവശ്യമായി വരുമ്പോള്‍ ഒരു മസജ്ദില്‍ വ്യത്യസ്ത ജുമുഅ നിര്‍വഹിക്കുന്നത് അനുവദിനീയമാണെന്ന് ഫത്‌വ ഇറക്കിയ ആധുനിക സംഘമാണ് കൗണ്‍സില്‍ ഫോര്‍ ഫത് വ എന്‍ഡ് റിസര്‍ച്ച്. കൗണ്‍സില്‍ വ്യക്തമാക്കിയ കാര്യങ്ങളാണ് താഴെ വ്യക്തമാക്കുന്നത്:

Also read: കർഷകവിരുദ്ധമായ ബ്രാഹ്മണിസം – 2

ഒരുമിച്ചുകൂടാന്‍ കഴിയാതിരിക്കുക, സ്ഥലം ഇടുങ്ങിയതാവുക തുടങ്ങിയ കാരണങ്ങള്‍ നിലനില്‍ക്കെ, ഒരു മസ്ജിദില്‍ ജുമുഅ ആവര്‍ത്തിക്കുകയെന്നതില്‍ കൗണ്‍സില്‍ യാതൊരു തടസ്സവും കാണുന്നില്ല. ഇതിലൂടെ ഉപദ്രവം നീക്കുകയെന്നതാണ്. ഇസ്‌ലാമിലെ മഹത്തരമായ ചിഹ്നമായി ഗണിക്കുന്ന നിര്‍ബന്ധമായിട്ടുള്ള ഈ ജുമുഅ നിര്‍വഹിക്കുകയെന്നത് മുസ്‌ലിംകള്‍ക്ക് വിലക്കപ്പെടുകയാണ്. ജുമുഅക്ക് വ്യത്യസ്തങ്ങളായ ലക്ഷ്യങ്ങളുണ്ട്. മുസ്‌ലിംകള്‍ ഒരുമിച്ചൂടുകയും, അവരെ കൂട്ടിയിണക്കുകയും, അവര്‍ പരസ്പരം അറിയുകയും, അതോടൊപ്പം നിര്‍ദേശങ്ങളും, ഉപദേശങ്ങളും, അറിയിപ്പും നല്‍കുകയും ചെയ്യുന്ന വേദിയാണിത്. ഒരു മസ്ജിദില്‍ വ്യത്യസ്ത ജുമുഅ നിര്‍വഹിക്കുകയെന്നത് പള്ളി പരിപാലകരുടെയും, കമ്മിറ്റിയുടെയും ഉത്തരവാദിത്തമാണെന്ന് കൗണ്‍സില്‍ അറിയിക്കുന്നു. ഇമാമിനെ തെരഞ്ഞെടുത്തും, സമയം കണ്ടെത്തിയും അവരാണ് അത് തീരുമാനിക്കേണ്ടത്.

ഈയൊരു വിധി ആവശ്യത്തെയും, ഒഴിവുകഴിവിനെയും അടിസ്ഥാനപ്പെടുത്തിയാണ്. ഒഴിവുകഴിവ് നീങ്ങുകയാണെങ്കില്‍ ഈ വിധിയും ഇല്ലാതാവുന്നതാണ്.

വിവ: അര്‍ശദ് കാരക്കാട്

Related Articles