Counter Punch

ദൈവവിഭ്രാന്തി അഥവാ കൊറോണക്കാലത്തെ നാസ്തികത

പ്രകൃതിദുരന്തങ്ങൾ വരുമ്പോഴും പകർച്ചവ്യാധികൾ വരുമ്പോഴുമൊക്കെ മനുഷ്യർ സാധാരണ ചെയ്യുക അതിൽ നിന്ന് രക്ഷതേടാനും മറ്റുള്ളവരെ രക്ഷപ്പെടുത്താനുമുള്ള വഴികൾ ആലോചിക്കുകയാണ്. പക്ഷെ, നമ്മുടെ നാട്ടിലെ യുക്തിവാദികൾ ചെയ്യുന്ന ആദ്യത്തെ പണി ‘നിങ്ങളുടെ ദൈവം എന്തേ നിങ്ങളെ രക്ഷിക്കാത്തത്?’ എന്ന് പറഞ്ഞ് കൊണ്ട് സോഷ്യൽ മീഡിയയിൽ വിശ്വാസികളെ വെല്ലുവിളിക്കലാണ്. ദൈവമില്ല എന്ന് സ്വയം വാദിച്ചുകൊണ്ടിരിക്കുമ്പോഴും മനുഷ്യർ മരിച്ചുവീഴുന്ന നിർണായക നിമിഷത്തിലും, മനുഷ്യരെ രക്ഷിക്കുന്നതിന് വേണ്ടി എന്തെങ്കിലും ചെയ്യുന്നതിന് പകരം, ദൈവമെവിടെ എന്ന് വിളിച്ചു കൂവാൻ മാത്രം ദൈവം ഒരു വിഭ്രാന്തിയായി (Delusion) കൊണ്ട് നടക്കുന്നവരാണ് ഈ നാസ്തികർ. ദൈവവും മതവും ഐ.സി.യുവിലാണെന്ന് ഇവർ പ്രഖ്യാപിച്ചിട്ട് കാലം കുറെയായി. എന്നിട്ടുമെന്തെ, കൊറോണ വരുമ്പോഴും വെള്ളപ്പൊക്കം വരുമ്പോഴും ആസന്ന നിലയിൽ കിടക്കുന്ന ദൈവത്തെയും മതത്തെയും ശാന്തമായി മരിക്കാൻ വിടാതെ, ഇവരിങ്ങനെ പിന്നെയും പിന്നെയും കൊന്നു കൊണ്ടിരിക്കുന്നത്! കൊന്നിട്ടും കൊന്നിട്ടും മരിക്കാത്ത ഒരു ദൈവം!

കോവിഡ് 19 ഭീതി ലോകത്തെ മുഴുവൻ വേട്ടയാടിക്കൊണ്ടിരിക്കുമ്പോഴും നാസ്തികർ വിശ്വാസികൾക്കെതിരെ പലതരം ലളിതയുക്തികളുമായി സോഷ്യൽ മീഡിയയിൽ നിറഞ്ഞാടുകയാണ്. മറുപടികളുമായി മതത്തിൻ്റെ ആളുകളും രംഗത്തുണ്ട്. കൊറോണ കാരണം വീട്ടിലിരിക്കാൻ നിർബന്ധിതരായ ആളുകൾക്ക് നല്ല ഒരു വിനോദോപാധി കൂടിയാണ് നാസ്തികരുടെ കോവിഡ് 19 മതവിമർശന കലാപരിപാടികൾ !

Also read: ഇത്‌ ശിക്ഷയല്ല ശിക്ഷണമാണ്‌

കോവിഡ് 19 വന്നതോടെ വിശ്വാസികൾ ആരാധനാലയങ്ങൾ പൂട്ടി, മതാചാരങ്ങൾ നിർത്തിവെച്ച്, ദൈവത്തെ കയ്യൊഴിഞ്ഞ്, ശാസ്ത്രത്തിൻ്റെ വിധിവിലക്കുകൾ പാലിച്ച് ജീവിക്കാൻ നിർബന്ധിതരായിരിക്കുന്നു. ഇത് പോലെ ഒരു പ്രതിസന്ധി ഘട്ടത്തിൽ ദൈവം അവരുടെ രക്ഷക്കെത്തുകയില്ലെന്നും ദൈവത്തെ പ്രാർത്ഥിച്ചിട്ട് കാര്യമില്ലെന്നും ശാസ്ത്രത്തിന് മാത്രമേ അവരെ രക്ഷിക്കാൻ കഴിയുകയുള്ളുവെന്നും അവർക്ക് ബോധ്യമായിരിക്കുന്നു. അത് കൊണ്ട് മതവും ദൈവവും തോറ്റ് തൊപ്പിയിട്ടിരിക്കുന്നു; ഇതാണ് നാസ്തികരുടെ വാദത്തിൻ്റെ രത്നച്ചുരുക്കം.

കഴിഞ്ഞ തവണ കേരളത്തിൽ വെള്ളപ്പൊക്കം വന്നപ്പോഴും ഇവർ ഇത് തന്നെയാണ് പറഞ്ഞു കൊണ്ടിരുന്നത്. മതവിശ്വാസികൾ കൈമെയ് മറന്ന് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ വ്യാപൃതരായപ്പോൾ, വെള്ളപ്പൊക്കത്തിൽ നിന്ന് രക്ഷിക്കാൻ ദൈവം വരുന്നതും കാത്ത്, വാട്സ് ആപിലും ഫെയ്സ് ബുക്കിലും മതത്തെ ട്രോളിയിരിക്കുകയായിരുന്നു നാസ്തികരും അവരുടെ സംഘടനകളും.

മതത്തിൻ്റെ അടിസ്ഥാന വിശ്വാസങ്ങളെക്കുറിച്ച സാമാന്യധാരണ പോലും ഇല്ലാതെയാണ് നാസ്തികർ ഇത്തരം വാദങ്ങൾ വീണ്ടും വീണ്ടും എഴുന്നള്ളിച്ചുകൊണ്ടിരിക്കുന്നത്. മതത്തെക്കുറിച്ച് അറിയാത്ത ആളുകളെ ആശയക്കുഴപ്പത്തിലാക്കാൻ അവർക്ക് കഴിഞ്ഞേക്കുമെങ്കിലും ഒരു വിധം ബുദ്ധിയുള്ളവരിലൊക്കെ ചിരിയുണർത്താൻ മാത്രം ലളിതവൽ കൃതമാണ് അവരുടെ ന്യായങ്ങൾ.

നാസ്തികർ ഉന്നയിക്കുന്ന വാദങ്ങളിൽ നിരവധി പ്രശ്നങ്ങൾ അടങ്ങിയിട്ടുണ്ട്; അഥവാ പ്രശ്നങ്ങളേയുള്ളൂ. ഒന്നാമതായി, ആട്ടിനെ പട്ടിയെന്ന് വിളിച്ചു തല്ലിക്കൊല്ലുന്നത് പോലെ, ഭാവനയിൽ നിന്ന് ഒരു മതത്തെ സങ്കൽപിച്ചെടുത്ത് അതാണ് ശരിയായ മതം എന്ന് മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുകയും തങ്ങൾക്ക് വിമർശിക്കാൻ പാകത്തിൽ സ്വയം സൃഷ്ടിച്ച ആ മതത്തെ തെറി വിളിക്കുകയുമാണ് നാസ്തികർ ചെയ്യുന്നത്. ഒരുതരം കോലം കത്തിക്കുന്ന ഏർപ്പാട്. പുരോഹിതന്മാരും ആൾദൈവങ്ങളും അവരെ അന്ധമായി പിന്തുടരുന്ന കുറെ വിശ്വാസികളും കാട്ടിക്കൂട്ടുന്നതല്ല മതം. അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും വലിയ അളവിൽ പല മതങ്ങളും ആന്തരികവൽക്കരിച്ചിട്ടുണ്ടെങ്കിലും അതിനപ്പുറത്ത് മൂല്യങ്ങളുടെയും ദർശനങ്ങളുടെയും ഒരു തലം എല്ലാ മതത്തിനുമുണ്ട്. ബുദ്ധിപരമായ സത്യസന്ധതയുണ്ടെങ്കിൽ അതും കൂടി മനസ്സിലാക്കിക്കൊണ്ട് വേണം മതവിമർശനം നടത്താൻ. നൂറ്റാണ്ടുകളിലൂടെ മതത്തിൽ അടിഞ്ഞുകൂടിയ ജീർണതകളെ വിമർശിക്കാൻ അതിനകത്ത് തന്നെ ധാരാളം ആളുകളുണ്ട്, അതിന് നാസ്തികരുടെ ആവശ്യമില്ല.

Also read: കൊറോണ മറയാക്കുന്ന ഇസ്രായേൽ

ജീവിതത്തിൽ എന്ത് പ്രയാസങ്ങൾ ഉണ്ടാവുമ്പോഴും കൈയും കെട്ടി വെറുതെയിരുന്നാൽ മതിയെന്നും ദൈവം ആകാശത്ത് നിന്ന് ഇറങ്ങി വന്ന് ഒരു മാന്ത്രികനെപ്പോലെ അതിന് പരിഹാരം ഉണ്ടാക്കിക്കൊടുക്കും എന്നുമാണ് മതം വിശ്വാസികളെ പഠിപ്പിക്കുന്നത് എന്നാണ് നാസ്തികർ ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നത്. ഈ ധാരണ വെച്ചു കൊണ്ടാണ് പകർച്ചവ്യാധികൾ വരുമ്പോഴും പ്രകൃതിദുരന്തങ്ങൾ ഉണ്ടാകുമ്പോഴും ദൈവം രക്ഷിക്കാത്തതെന്ത് എന്ന് അവർ ചോദിച്ചു കൊണ്ടിരിക്കുന്നത്. വിശ്വാസികൾ എന്തിനാണ് ജോലിക്ക് പോകുന്നത് ഭക്ഷണം ദൈവം വീട്ടിൽ എത്തിച്ചു തരില്ലെ, എന്തിനാണ് ഭക്ഷണം കഴിക്കുന്നത് വിശപ്പ് ദൈവം മാറ്റിത്തരില്ലെ എന്നൊന്നും ഇവർ ചോദിക്കാത്തത് ഭാഗ്യം!

മനുഷ്യരുടെ എല്ലാ കാര്യങ്ങളും അവരുടെ ഭാഗത്തുനിന്നുള്ള ഒരു അദ്ധ്വാനപരിശ്രമവും കൂടാതെ ദൈവം നിവൃത്തിച്ചുകൊടുക്കും എന്ന് വിശ്വസിക്കുന്ന ഏതെങ്കിലും മതവിശ്വാസികൾ ഉണ്ടോ എന്നറിയില്ല. ഉണ്ടെങ്കിൽ തന്നെ അവർ അധികകാലം ജീവിച്ചിരിക്കാൻ ഇടയില്ല.

നാസ്തികർ ഏറ്റവുമധികം വിമർശിക്കാറുള്ള ഇസ് ലാമിന് ഇത്തരം കാര്യങ്ങളിലൊക്കെ കൃത്യമായ കാഴ്ചപ്പാടുണ്ട്. മനുഷ്യനെയും ഇതര ജീവജാലങ്ങളെയും പ്രപഞ്ചത്തെയും സൃഷ്ടിച്ച ദൈവം പ്രപഞ്ചത്തിന് കാര്യകാരണബന്ധത്തിൽ അധിഷ്ഠിതമായ ഒരു പ്രവർത്തനഘടനയും ഉണ്ടാക്കി വെച്ചിട്ടുണ്ട്. വിശപ്പുണ്ടാക്കിയ ദൈവം വിശപ്പു മാറ്റാനുള്ള വിഭവങ്ങളും പ്രകൃതിയിൽ ഒരുക്കിവെച്ചിട്ടുണ്ട്. വിശക്കുമ്പോൾ ദൈവത്തോട് പ്രാർത്ഥിച്ചാൽ മതി വിശപ്പു മാറും എന്നല്ല ഇസ് ലാം പഠിപ്പിക്കുന്നത്. ഭൂമിയിൽ അന്നം തേടുക, ഭൂമിയിലെ നല്ല വസ്തുക്കൾ ആഹരിക്കുക എന്നാണ് ഖുർആൻ പറയുന്നത്. മനുഷ്യ ജീവിതത്തിന് അനുകൂലമായ വിധത്തിൽ എങ്ങനെയാണ് ദൈവം പ്രപഞ്ചത്തെയും മനുഷ്യനെത്തന്നെയും സൃഷ്ടിച്ച് സംവിധാനിച്ചിരിക്കുന്നത് എന്ന് ചിന്തിച്ചു നോക്കാൻ ബുദ്ധിയുള്ള മനഷ്യനെ ഖുർആൻ നിരന്തരം ഉണർത്തുന്നുണ്ട്. പ്രകൃതിയിലെ വിഭവങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ട് ദൈവം നൽകിയ ബുദ്ധിയുപയോഗിച്ച് ഭൂമിയിൽ ജീവിതം കരുപ്പിടിപ്പിക്കാൻ വേണ്ടിയാണ് മനുഷ്യനെ ഭൂമിയിലേക്ക് അയച്ചിരിക്കുന്നത് എന്നാണ് ഖുർആൻ പറയുന്നത്. പക്ഷെ ജീവിതം അലക്ഷ്യമല്ല. ഈ ജീവിതത്തോടെ അവസാനിക്കുന്നതുമല്ല. ഈ ജീവിതത്തിന് ശേഷം ശാശ്വതമായ ഒരു പരലോകജീവിതം വരാനിരിക്കുന്നു. ഭൗതികവിഭവങ്ങൾ നൽകിയ ദൈവം ധാർമിക നിയമങ്ങളും നൽകിയിട്ടുണ്ട്. ഇത് രണ്ടും സമന്വയിക്കുമ്പോഴാണ് ഭൂമിയിൽ സമാധാനമുണ്ടാവുക. ദൈവത്തെ മറന്ന് കൊണ്ട് മനുഷ്യൻ ജീവിതം ആസ്വദിക്കാൻ മത്സരിക്കുമ്പോൾ ഭൂമിയിൽ കുഴപ്പങ്ങളുണ്ടാവും. ദാരിദ്ര്യവും പട്ടിണിയും അടിച്ചമർത്തലും ചൂഷണവും കളവും അഴിമതിയും വ്യാപകമാവും. ‘മനുഷ്യകരങ്ങൾ ചെയ്ത് കൂട്ടിയതിൻ്റെ ഫലമായി കരയിലും കടലിലും കുഴപ്പങ്ങൾ വെളിപ്പെട്ടിരിക്കുന്നു. അവർ പ്രവർത്തിച്ചതിൻ്റെ ചില അനന്തരഫലങ്ങൾ അതിലൂടെ അവർ ആസ്വദിക്കുന്നു. അവർ മടങ്ങിയേക്കാം.’ (ഖുർആൻ: 30:41)

മനഷ്യരോട് ‘തിന്നുക, കുടിക്കുക’ എന്ന് പറയുന്ന ഖുർആൻ ‘അതിര് കവിയരുത് ‘ എന്നും പറയുന്നുണ്ട്. ഭൂമിയിലെ നല്ല വസ്തുക്കൾ ആഹരിക്കുക എന്നും അധാർമികമായ മാർഗങ്ങളിലൂടെ നേടിയെടുത്തത് ഭക്ഷിക്കരുത് എന്നും ഖുർആൻ പഠിപ്പിക്കുന്നുണ്ട്. “അല്ലാഹു അവൻ്റെ അടിയാറുകൾക്ക് വേണ്ടി ഇറക്കിയ ജീവിതാലങ്കാരങ്ങൾ അവർക്ക് നിഷിദ്ധമാക്കിയത് ആരാണ്” എന്ന് പുരോഹിതവർഗത്തെ ചൂണ്ടി ഖുർആൻ ചോദിക്കുന്നുണ്ട്. ഇസ്ലാമിൻ്റെ കാഴ്ചപ്പാടിൽ ജീവിതം ജീവിക്കാനുള്ളതാണ്. പക്ഷെ, കുത്തഴിഞ്ഞ ജീവിതമല്ല. അതിരുകവിയാത്ത ആസ്വാദനമാണ് ഇസ് ലാം നിർദ്ദേശിക്കുന്നത്.

Also read: കൊറോണ കാലത്തെ ഭക്ഷണവും ആരോഗ്യവും

ജീവിതായോധനത്തിന് വേണ്ടി വിശ്വാസി അദ്ധ്വാനിക്കുന്നത്, മനുഷ്യർക്ക് മുഴുവൻ സ്വർണത്തളികയിൽ രുചികരമായ വിഭവങ്ങൾ ഇറക്കിക്കൊടുക്കാൻ ദൈവത്തിന് കഴിയാത്തത് കൊണ്ടല്ല, അങ്ങനെ ചെയ്യും എന്ന് ദൈവം പറഞ്ഞിട്ടില്ലാത്തത് കൊണ്ടാണ്. അന്വേഷിച്ചും അദ്ധ്വാനിച്ചും ജീവിതത്തിനാവശ്യമായ വിഭവങ്ങൾ കണ്ടെത്താൻ ദൈവം മനുഷ്യരോട് നിർദ്ദേശിച്ചത് കൊണ്ടാണ്. അതാണ് മനുഷ്യ ജീവിതത്തിന് ദൈവം നിശ്ചയിച്ച ഘടന എന്ന് ദൈവം തന്നെ അവരോട് പറഞ്ഞിരിക്കുന്നത് കൊണ്ടാണ്. രോഗം വരുമ്പോൾ അവർ ചികിത്സ തേടുന്നത് ‘നിങ്ങൾ ചികിത്സ തേടുക. എല്ലാ രോഗങ്ങൾക്കും മരുന്നുണ്ട് ‘ എന്ന പ്രവാചക വചനത്തെ ശിരസാവഹിച്ചുകൊണ്ടാണ്. അത് കൊണ്ട് വിശ്വാസി ഡോക്ടറുടെ അടുത്ത് പോകുമ്പോഴേക്കും ദൈവം തോറ്റു എന്ന് വിളിച്ചു കൂവുന്നത് സമാനതയില്ലാത്ത വിവരക്കേടാണ്. ഇത്തരം മണ്ടത്തരങ്ങൾ കേട്ടാൽ ഏത് വിശ്വാസിയും ചിരിച്ചു പോവും. ചികിത്സ തേടുന്ന വിശ്വാസിയായ രോഗി മാത്രമല്ല, അയാളെ ചികിത്സിക്കുന്ന വിശ്വാസിയായ ഡോക്ടറും ശിരസാവഹിക്കുന്നത് ദൈവത്തിൻ്റെ കൽപന തന്നെയാണ്. ഭൂമിയിൽ അന്നം തേടാൻ പറയുന്ന ദൈവം തന്നെയാണ് രോഗങ്ങൾക്കു മരുന്ന് കണ്ടെത്താനും രോഗികൾക്കും അവശൻമാർക്കും ആശ്വാസം പകരാനും മനുഷ്യരോട് കൽപിക്കുന്നത്.

സർവശക്തനായ ദൈവത്തിന് ഇതൊക്കെ സ്വയമങ്ങ് ചെയ്ത് കൂടേ, മനുഷ്യരുടെ സഹായം വേണോ എന്നായിരിക്കും നാസ്തികരുടെ അടുത്ത ചോദ്യം. ദൈവം എന്താണ് ചെയ്യേണ്ടത് എന്ന് തീരുമാനിക്കാൻ നാസ്തികരെക്കാൾ യോഗ്യത ദൈവത്തിനാണ്. പ്രവാചകൻമാരിലൂടെ വെളിപ്പെട്ട ദൈവികമായ അത്ഭുതങ്ങളിലൂടെ വടി പാമ്പായതും, കൈ വെളിച്ചമായതും, തീ തണുപ്പായതും, ശവങ്ങൾക്കു് ജീവൻ വെച്ചതുമായ സംഭവങ്ങൾ ഖുർആൻ വിവരിക്കുന്നുണ്ട്. മനുഷ്യർക്ക് ഭക്ഷണമായി ദൈവം മന്നയും സൽവയും ഇറക്കിയ ചരിത്രവുമുണ്ട്. പക്ഷെ, പ്രപഞ്ചത്തിന് ദൈവം തന്നെ നിശ്ചയിച്ച പ്രവർത്തനഘടനയിൽ നേരിട്ട് ഇടപെടാൻ ദൈവം തീരുമാനിക്കുമ്പോൾ മാത്രമാണ് ഇത്തരം അത്ഭുതങ്ങൾ സംഭവിക്കുക. അതെപ്പോഴാണെന്നും എങ്ങനെയാണെന്നും ദൈവത്തിന് മാത്രമേ അറിയൂ.

പ്രപഞ്ചത്തിലെ ഏറ്റവും വലിയ അത്ഭുതം പ്രപഞ്ചം തന്നെയാണെന്ന്, അതിലെ നിരവധി വിസ്മയങ്ങൾ ആവർത്തിച്ചാവർത്തിച്ച് എടുത്ത് പറഞ്ഞു കൊണ്ട് ഖുർആൻ ചൂണ്ടിക്കാണിക്കുന്നുണ്ട്. മനഷ്യൻ്റെയും പ്രപഞ്ചത്തിൻ്റെയും സൃഷ്ടിയിലേക്ക് നോക്കി ദൈവത്തെ കണ്ടെത്താൻ ബുദ്ധിയുള്ള മനുഷ്യരോട് ഖുർആൻ ആഹ്വാനം ചെയ്യുന്നു. ഖുർആനിലെ വലിയൊരു ഭാഗം അറബി ഭാഷയിലെ അപൂർവ ചാരുതയുള്ള ഇത്തരം പ്രപഞ്ചവർണനകളാണ്. ഓരോ അധ്യായത്തിലും അവ കടന്നു വരുന്നത് കാണാം. “ചക്രവാളങ്ങളിൽ നാം അവർക്ക് ആയത്തുകൾ (ദൃഷ്ടാന്തങ്ങൾ) കാണിച്ചു കൊടുക്കും; അവരുടെ തന്നെ ആത്മാക്കളിലും” (ഖുർആൻ 41: 53) “ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിപ്പിലും രാപ്പകലുകൾ മാറി മാറി വരുന്നതിലും ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തങ്ങളുണ്ട്.” (ഖുർആൻ: 3:190)

Also read: ഒഴിവ് സമയം ചിലവഴിക്കാന്‍ പത്ത് മാര്‍ഗ്ഗങ്ങള്‍

മനുഷ്യജീവിതം സങ്കീർണമായ ഒരു യാഥാർത്ഥ്യമാണ്.  തത്വചിന്തകൻമാർ അതിന് പലവിധ വ്യാഖ്യാനങ്ങളും നൽകാൻ ശ്രമിച്ചിട്ടുണ്ട്. ജീവിതത്തിന് പ്രത്യേകിച്ച് ലക്ഷ്യമൊന്നുമില്ല എന്നാണ് നാസ്തികർ വിശ്വസിക്കുന്നത്. ലോകത്തിലെ അനീതികൾക്കും തിൻമകൾക്കും സ്വന്തമായ ഒരു വിശദീകരണവും അവർക്ക് നൽകാനില്ലാത്തത് കൊണ്ടാണ്, ലോകത്ത് എന്ത് സംഭവിക്കുമ്പോഴും അതിന് ഉത്തരം നൽകാൻ അവർ ദൈവത്തോട് ഉത്തരവിടുന്നത്. വിശ്വാസികൾക്കാവട്ടെ, ഇതിനൊക്കെ ഉത്തരമുണ്ട് താനും. നാസ്തികരുടെ കയ്യിൽ ചോദ്യങ്ങളേയുള്ളൂ; ഉത്തരങ്ങളില്ല.

കൊറോണ വന്നാൽ ശാസ്ത്രം മരുന്ന് കണ്ട് പിടിക്കും എന്ന് പറയാൻ നാസ്തികർ വേണമെന്നില്ല. കാരണം ശാസ്ത്രത്തിൽ നാസ്തികർക്ക് പ്രത്യേകിച്ച് ഒരു അവകാശവാദവും ഉന്നയിക്കാനില്ല. ഡോക്ടർമാരുടെയും ശാസ്ത്രജ്ഞൻമാരുടെയും കൂട്ടത്തിൽ നാസ്തികരും ആസ്തികരുമുണ്ട്. ഒരാൾക്ക് ശാസ്ത്രം പഠിക്കാൻ നാസ്തികനാവേണ്ടതില്ല. അറിവും ബുദ്ധിയും ദൈവം മനുഷ്യന് നൽകിയ മഹത്തായ അനുഗ്രഹങ്ങളാണെന്നും അതിനെ ലോകത്തിന് ഗുണകരമായ രീതിയിൽ ഉപയോഗപ്പെടുത്തുകയുമാണ് മനുഷ്യൻ്റെ ബാധ്യത എന്നും വേദഗ്രന്ഥത്തിലൂടെ വായിച്ചു പഠിച്ച ഒരു വിശ്വാസിക്ക് ഒരു നാസ്തികനെക്കാൾ ആത്മാർത്ഥതയോടെ ശാസ്ത്രീയ ഗവേഷണങ്ങൾ നടത്താനും അത് വഴി മനുഷ്യർക്ക് സേവനം ചെയ്യാനും കഴിയും. ഇത് കെട്ടുകഥയല്ല, അനുഭവങ്ങളിലൂടെയും ചരിത്രത്തിലൂടെയും തെളിയിക്കപ്പെട്ടതാണ്. ശാസ്ത്രത്തിന് മുസ് ലിംകൾ നൽകിയ സംഭാവനകൾ ( Muslim contribution to science) എന്ന് ഇംഗ്ളീഷിൽ ഗൂഗ്ൾ ചെയ്ത് നോക്കിയാൽ കാണാം, വൈദ്യശാസ്ത്രം, രസതന്ത്രം, ഗോള ശാസ്ത്രം, ഗണിതശാസ്ത്രം, ജീവ ശാസ്ത്രം തുടങ്ങിയ മേഖലകളിൽ മുൻകാലമുസ്ലിംകൾ നടത്തിയ കണ്ടുപിടുത്തങ്ങളുടെ നീണ്ടപട്ടിക. മതവും ശാസ്ത്രവും പരസ്പരവിരുദ്ധമായ ദ്വന്ദങ്ങളാണ് എന്ന മിഥ്യ സൃഷ്ടിച്ചെടുത്ത് കൊണ്ട് മാത്രമേ നാസ്തികർക്ക് ശാസ്ത്രത്തിൻ്റെ മേൽ അവകാശവാദം ഉന്നയിക്കാൻ കഴിയൂ. മുസ് ലിംകൾ പിൽക്കാലത്ത് ശാസ്ത്രരംഗത്ത് എന്ത് കൊണ്ട് പിന്നോട്ടു പോയി എന്ന മറുചോദ്യം നാസ്തികർ ഉന്നയിച്ചേക്കും. ഇത് വിശദമായി മറുപടി പറയേണ്ട കാര്യമാണ്. ഇന്ത്യയിൽ മുസ് ലിം ഐ.എ.എസ് ഓഫീസർമാരുടെ എണ്ണം എന്ത് കൊണ്ട് കുറഞ്ഞു പോയി എന്നത് പോലെയുള്ള ഒരു ചോദ്യം. ദൈവവിശ്വാസത്താൽ പ്രചോദിതരായി ഒരു കാലത്ത് ശാസ്ത്രരംഗത്ത് മുസ് ലിംകൾ മുന്നേറിയിരുന്നു എന്നതാണ് മതവും ശാസ്ത്രവും പരസ്പര വിരുദ്ധമാണോ എന്ന ചർച്ചയിൽ പ്രസക്തമായ കാര്യം. ഐസക് ന്യൂട്ടണെപോലുള്ള മുസ്ലിംകളല്ലാത്ത, ദൈവവിശ്വാസികളായ നിരവധി ശാസ്ത്രജ്ഞൻമാരുടെ ഉദാഹരണങ്ങളും ഇവിടെ ചൂണ്ടിക്കാണിക്കാൻ കഴിയും.

Also read: തുർക്കി സ്ത്രീകൾ കൊറോണയെ അഭിമുഖീകരിച്ച വിധം

കൊറോണക്കാലത്ത് നാസ്തികർ ഉത്തരം പറയേണ്ട ചില ചോദ്യങ്ങളുണ്ട്. ശാസ്ത്രവും സാങ്കേതിക വിദ്യയും ഇത്രയേറെ പുരോഗമിച്ചിട്ടും, ഒരു പകർച്ചവ്യാധി വരുമ്പോഴേക്കും മനുഷ്യർ നിസ്സഹായരാവുന്നത് എന്ത് കൊണ്ട്? ലോകം മുഴുവൻ സ്തംഭിച്ചു പോവുന്നത് എന്ത് കൊണ്ട്? എന്ത് കൊണ്ട് ലോകത്ത് രോഗവും ദാരിദ്യവും ചൂഷണവും നിലനിൽക്കുന്നു? ചികിത്സ കിട്ടാതെ, ഭക്ഷണം കിട്ടാതെ മരിച്ചു വീഴുന്ന ആയിരക്കണക്കായ മനഷ്യരുടെ അവസ്ഥയെന്താണ്? അതിക്രമികളായ ഭരണാധികാരികളുടെ അനീതിക്കിരയായി
കഷ്ടതയനുഭവിക്കുന്ന മനുഷ്യർക്ക് ആരാണ് നീതി നൽകുക? ഈ അവസ്ഥക്ക് എന്താണ് പരിഹാരം? ദൈവം ഇല്ല എന്ന് പറയുന്നവർ ഈ ചോദ്യങ്ങൾക്ക് മതവും ദൈവവും ഉത്തരം പറയണം എന്ന് പിന്നെയും വാശിപിടിച്ചു കളയരുത്. വിശ്വാസികൾക്ക് ഇതിനൊക്കെ അവരുടേതായ ഉത്തരങ്ങളുണ്ട്. കുറെ കാലമായല്ലോ നിങ്ങൾ ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങിയിട്ട്. ഇനി കുറച്ച് ഉത്തരങ്ങൾ എഴുതിപ്പഠിക്കുന്നത് നന്നായിരിക്കും. ചോദ്യങ്ങൾ ചോദിക്കാൻ ഒരു നാസ്തികൻ്റെ ലളിതബുദ്ധി ധാരാളം മതി. ഉത്തരം പറയാൻ അത് പോരാ.

കൊറോണ വന്നപ്പോൾ വിശ്വാസികൾ ആരാധനാലയങ്ങളൊക്കെ അടച്ചു പൂട്ടി ശാസ്ത്രത്തെ ആരാധിക്കാൻ തുടങ്ങി എന്നാണ് നാസ്തികരുടെ വെടി. ഇത് കേട്ടാൽ തോന്നും ആരാധനാലയങ്ങളുണ്ടെങ്കിലേ വിശ്വാസികൾക്ക് പ്രാർത്ഥിക്കാൻ കഴിയൂ എന്ന്. മുസ്ലിംകൾക്ക് അഞ്ച് നേരത്തെ നമസ്കാരം നിർവഹിക്കാൻ വെറും മണ്ണ് മതി എന്ന് ഇവർക്ക് ആരാണ് ഒന്ന് മനസ്സിലാക്കിക്കൊടുക്കുക? നമസ്കാരത്തിന് അംഗശുദ്ധി വരുത്താൻ പോലും വെള്ളം കിട്ടിയില്ലെങ്കിൽ ശുദ്ധമായ മണ്ണ് മതി . മരണക്കിടക്കയിൽ കിടന്ന് കൊണ്ട് വെറും അംഗചലനങ്ങളിലൂടെ, അതും സാധ്യമല്ലെങ്കിൽ മനസ്സ് കൊണ്ട് നമസ്കാരം നിർവഹിക്കാം. ബോധമുള്ള കാലത്തോളം സാധ്യമായ രീതിയിൽ വിശ്വാസി അത് നിർവഹിക്കണം. ശക്തമായ മഴയുണ്ടെങ്കിൽ പള്ളിയിൽ വരേണ്ടതില്ല, വീട്ടിൽ നമസ്കരിച്ചാൽ മതി. യാത്രയിലാണെങ്കിൽ രണ്ട് സമയത്തെ നമസ്കാരം ചുരുക്കി ഒരുമിച്ച് നിർവഹിക്കാം. ഇതൊക്കെ വിശ്വാസികൾ അവസരത്തിനൊപ്പിച്ച് സ്വയം കണ്ടെത്തുന്ന നീട്ടലും കുറുക്കലുമല്ല. പ്രവാചകൻ വ്യക്തമായി പഠിപ്പിച്ചതും മുസ്ലിംകൾ കാലങ്ങളായി അനുഷ്ഠിച്ചു വരുന്നതുമാണ്. അത് കൊണ്ടാണ് പള്ളി പൂട്ടിയപ്പോഴേക്കും പ്രാർത്ഥന നിലച്ചു എന്ന മട്ടിൽ യുക്തിവാദികൾ പ്രചാരണം നടത്തുമ്പോൾ വിശ്വാസികൾ ചിരിയടക്കാൻ പാടുപെടുന്നത്.

ആരാധനാലയങ്ങൾ നാസ്തികരുടെ ദൃഷ്ടിയിൽ സോഷ്യൽ വേസ്റ്റ് ആയിരിക്കും. പക്ഷെ, ബുദ്ധിയുള്ള മനുഷ്യർക്ക് അത് ആത്മീയതയുടെയും സാമൂഹിക ബന്ധങ്ങളുടെയും ജനസേവന പ്രവർത്തനങ്ങളുടെയും കേന്ദ്രമാണ്. ആരാധനാലയങ്ങൾ ദീർഘകാലം അടച്ചിട്ടാൽ സമൂഹത്തിന് പല നഷ്ടങ്ങളുമുണ്ട്. എന്നിട്ടും, കൊറോണ വന്നപ്പോൾ മുസ്ലിംകൾ അവരുടെ പള്ളികൾ അടച്ചിടുന്നത്, പകർച്ചവ്യാധികൾക്കെതിരെ സാധ്യമായ എല്ലാ മുൻകരുതലും എടുക്കണം എന്ന് പ്രവാചകൻ പഠിപ്പിച്ചത് കൊണ്ടാണ്. പള്ളി തുറക്കുന്നത് പോലെ അനിവാര്യ ഘട്ടങ്ങളിൽ പള്ളി പൂട്ടുന്നതും അവരുടെ വിശ്വാസത്തിൻ്റെ ഭാഗമാണെന്നർത്ഥം.

പ്രതിസന്ധി ഘട്ടങ്ങളിൽ വിശ്വാസികളുടെ പ്രാർത്ഥന ദൈവം സ്വീകരിക്കാത്തതെന്ത്, ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ കൊണ്ട് എന്ത് ഫലം എന്നതാണ് നാസ്തികർ സ്ഥിരമായി ഉന്നയിക്കുന്ന മറ്റൊരു ചോദ്യം. വിശ്വാസി ഭൗതികമായ കാര്യലാഭത്തിന് വേണ്ടി മാത്രം നടത്തുന്ന ഒന്നായിട്ടാണ് പ്രാർത്ഥനയെ നാസ്തികർ മനസ്സിലാക്കുന്നത്. ദൈവത്തെ അറിയാത്തവർക്ക് അങ്ങനെയേ അതിനെ മനസ്സിലാക്കാൻ കഴിയൂ. ഇസ്ലാമിൻ്റെ കാഴ്ചപ്പാടിൽ പ്രാർത്ഥന മനുഷ്യനും ദൈവവും തമ്മിലുള്ള ബന്ധത്തിൻ്റെ ദിവ്യവും മധുരവുമായ ആവിഷ്കാരമാണ്. വിശ്വാസിയുടെ മനസ്സ് എപ്പോഴും പ്രാർത്ഥനാനിർഭരമായിരിക്കും. ദൈവത്തെക്കുറിച്ച ഓർമയാൽ തരളിതമായിരിക്കും. അത് കൊണ്ടാണ് എന്ത് നല്ല കർമം തുടങ്ങുമ്പോഴും മുസ്ലിംകൾ ബിസ്മില്ലാഹ് (അല്ലാഹുവിൻ്റെ നാമത്തിൽ) എന്ന് ചൊല്ലുന്നത്. ദൈവത്തോട് പ്രാർത്ഥിക്കണം എന്ന് മാത്രമല്ല, ഏകനായ ദൈവത്തോട് മാത്രമേ പ്രാർത്ഥിക്കാവൂ എന്ന് കൂടിയാണ് ഇസ്ലാം പഠിപ്പിക്കുന്നത്. സ്രഷ്ടാവായ ഏകദൈവത്തിൻ്റെ അധികാരങ്ങളിലും അവകാശങ്ങളിലും സൃഷ്ടികളെ പങ്കു ചേർക്കുന്നത് കടുത്ത ദൈവ ധിക്കാരമായിട്ടാണ് ഇസ്ലാം കാണുന്നത്. അത് കൊണ്ടാണ്, പുരോഹിതൻമാർക്കും ആൾദൈവങ്ങൾക്കും ഇസ്ലാമിൽ സ്ഥാനമില്ലാത്തത്. മതവിശ്വാസികളുടെ അജ്ഞതയെ ചൂഷണം ചെയ്യുന്ന ആളുകൾ മുസ്ലിംകളുടെ കൂട്ടത്തിലും ഉണ്ട്. മുസ്ലിംകളുടെ കൂട്ടത്തിൽ കള്ളൻമാരും കള്ളുകുടിയൻമാരും ഉണ്ടെന്ന് വെച്ച് ഇസ്ലാം കളവും മദ്യപാനവും അനുവദിച്ചിട്ടുണ്ടെന്ന് ആരും പറയാറില്ലല്ലോ.

Also read: വിശുദ്ധിയാണ് അവർക്ക് ഉത്തമം-2

പ്രാർത്ഥനയും പ്രവർത്തനവും ഒരുമിച്ചു ചേരുമ്പോഴാണ് മനുഷ്യ ജീവിതം സമാധാനപൂർണമാവുന്നത് എന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്. ഒട്ടകത്തെ കെട്ടുക, എന്നിട്ട് ദൈവത്തിൽ ഭരമേൽപിക്കുക എന്നർത്ഥം വരുന്ന ഒരു നബി വചനമുണ്ട്. പകർച്ചവ്യാധി വരുമ്പോൾ വിശ്വാസി ആവശ്യമായ എല്ലാ പ്രതിരോധ മാർഗങ്ങളും സ്വീകരിക്കും. രോഗം ബാധിച്ചാൽ ചികിത്സ തേടും. അതോടൊപ്പം രോഗശമനത്തിന് വേണ്ടിയും തെറ്റുകൾ പൊറുത്തുതരാൻ വേണ്ടിയും ദൈവത്തോട് കരളുരുകി പ്രാർത്ഥിക്കും. രോഗശാന്തി ലഭിച്ചില്ലെങ്കിൽ പോലും പ്രാർത്ഥനയിലൂടെ അവന് മനശാന്തി കൈവരും. രോഗം ഭേദമായാൽ തൻ്റെ പ്രാർത്ഥന ദൈവം സ്വീകരിച്ചു എന്നവൻ വിശ്വസിക്കുകയും ദൈവത്തെ സ്തുതിക്കുകയും ചെയ്യും. മരിക്കുമെന്നുറപ്പായാലോ, പരലോകജീവിതത്തിൽ പ്രതീക്ഷയർപ്പിച്ച്, പ്രാർത്ഥനാനിർഭരമായ മനസ്സോടെ അല്ലാഹു നിശ്ചയിച്ച മരണം കാത്തു കിടക്കും. ‘സമാധാനപൂരിതമായ ആത്മാവെ, സംതൃപ്തമായി,
സംപ്രീതമായി നിൻ്റെ രക്ഷിതാവിലേക്ക് മടങ്ങിക്കൊള്ളുക’ (ഖുർആൻ: 89: 27,28 ) എന്ന് പറഞ്ഞ് കൊണ്ട് ദൈവത്തിൻ്റെ മാലാഖമാർ അവനെ ആലിംഗനം ചെയ്യും. ഇതാണ് യഥാർത്ഥ വിശ്വാസിയുടെ അവസ്ഥ. വൈദ്യശാസ്ത്രം കൈവിടുമ്പേൾ ഭാവിയെക്കുറിച്ച് ഒരു പ്രതീക്ഷയുമില്ലാതെ ശൂന്യമായ മനസ്സോടെ മരണം കാത്ത് കിടക്കുന്ന ഒരു നാസ്തികനെക്കാൾ എത്രയോ ഭേദമല്ലെ ഒരു വിശ്വാസിയുടെ ജീവിതവും മരണവും? (മനുഷ്യനെക്കുറിച്ച് അവൻ എന്ന് പറഞ്ഞേടത്തൊക്കെ അവൾ എന്ന് കൂടി ചേർത്ത് വായിക്കുക.)

വിശ്വാസിയുടേത് നിഷ്ഫലമായ പ്രത്യാശകളും പ്രതീക്ഷകളുമാണെന്ന് നാസ്തികന് വാദിക്കാം. പക്ഷെ, ദൈവമില്ലെന്നും മനഷ്യ ജീവിതം മരണത്തോടെ അവസാനിക്കുമെന്നും നാസ്തികർ വിശ്വസിക്കുന്നത് അവരുടെ യുക്തിയിൽ നിന്ന് കൊണ്ട് മാത്രമാണ്. ദൈവമുണ്ടെന്നോ ഇല്ലെന്നോ പരലോകം ഉണ്ടെന്നോ ഇല്ലെന്നോ തെളിയിക്കാൻ ശാസ്ത്രീയ പരീക്ഷണങ്ങൾ കൊണ്ട് സാധ്യമല്ല. ഒരു നാസ്തികന് ദൈവത്തെ നിഷേധിക്കാൻ ഉള്ളതിനേക്കാളേറെ ന്യായങ്ങൾ ഒരു വിശ്വാസിക്ക് ദൈവത്തിൽ വിശ്വസിക്കാൻ ഉണ്ട്. നാസ്തികരുടെ കേവല യുക്തികൾ അംഗീകരിക്കാൻ കഴിയാത്തത് കൊണ്ടാണല്ലോ ഒരാൾ വിശ്വാസിയാവുന്നത് തന്നെ. ജീവിതത്തിൽ അടുത്ത നിമിഷം എന്ത് സംഭവിക്കുമെന്ന് പ്രവചിക്കാൻ കഴിയാത്ത, കോവിഡ് 19 എപ്പോഴാണ് തങ്ങളെയും പിടികൂടുക എന്ന ആധിയിൽ ജീവിക്കുന്ന സാധുമനുഷ്യരാണ് വലിയ വായിൽ ദൈവത്തെ വെല്ലുവിളിക്കുന്നത്!

‘നിങ്ങൾ എന്നെ വിളിച്ച് പ്രാർത്ഥിക്കുക, ഞാൻ നിങ്ങൾക്ക് ഉത്തരം നൽകും’ എന്ന് ഖുർആനിൽ അല്ലാഹു പറയുന്നുണ്ട്. ‘ നാം (മനുഷ്യരുമായി) അവരുടെ കണഠനാളിയെക്കാൾ സമീപസ്ഥനാണ് ‘ എന്നും ദൈവം പറയുന്നു. ദൈവത്തെ ഉള്ളിൽ തട്ടി പ്രാർത്ഥിക്കുന്ന മനുഷ്യർക്ക് ദൈവം ഉത്തരം നൽകും എന്നു് തന്നെയാണ് അതിൻ്റെ അർത്ഥം. പക്ഷെ, അത് എപ്പോൾ, എവിടെ വെച്ച്, എങ്ങനെ എന്ന് മനുഷ്യന് അറിയാൻ വഴിയില്ല. ചിലപ്പോൾ അനുഭവ ലോകത്ത് തന്നെ അത് പ്രത്യക്ഷമായേക്കും. മറ്റു ചിലപ്പോൾ മനുഷ്യൻ അറിയാത്ത വഴികളിലൂടെയായിരിക്കും ദൈവത്തിൻ്റെ സഹായവും അനുഗ്രഹവും വന്നെത്തുന്നത്. പ്രതിസന്ധികളെപ്പോലും ദൈവത്തിൻ്റെ പരീക്ഷണങ്ങളായി മനസ്സിലാക്കുന്ന വിശ്വാസി, ജീവിതത്തിൽ അന്തിമമായി തനിക്ക് കരുതി വെച്ചിരിക്കുന്നത് നൻമയാണെന്ന് വിശ്വസിക്കുന്നവനാണ്. ഈ വിശ്വാസമാണ് കടുത്ത പ്രതിസന്ധികളിലും തളർന്ന് പോവാതെ പിടിച്ചു നിൽക്കാൻ വിശ്വാസിയെ പ്രാപ്തനാക്കുന്നത്. ഓരോ മനുഷ്യൻ്റെയും അന്തിമമായ ഭാഗധേയം ദൈവത്തിൻ്റെ കയ്യിലാണെന്ന് അവൻ ഉറച്ചു വിശ്വസിക്കുന്നു.

ഇത് പറയുമ്പോഴാണ് നാസ്തികർ അവരുടെ ആവനാഴിയിലെ അവസാനത്തെ അമ്പും പുറത്തെടുക്കുക: വിധി വിശ്വാസം. എല്ലാമറിയുന്ന ദൈവം മനുഷ്യൻ്റെ ഭൂതവും ഭാവിയും വർത്തമാനവും നേരത്തെ തീരുമാനിച്ചു കഴിഞ്ഞ സ്ഥിതിക്ക് മനുഷ്യൻ്റെ കർമങ്ങൾക്ക് എന്ത് പ്രസക്തി എന്നവർ ചോദിക്കും. മനഷ്യൻ ചെയ്യുന്ന നല്ലതും ചീത്തയുമായ എല്ലാ കാര്യങ്ങൾക്കും ദൈവമല്ലെ ഉത്തരവാദി എന്നും ദൈവത്തിൻ്റെ അറിവിനും തീരുമാനത്തിനും വിരുദ്ധമായി മനുഷ്യന് പ്രവർത്തിക്കാൻ കഴിയുമോ എന്നും അവർ ചോദിക്കും. സകല യുക്തിവാദികളും പണ്ടേക്കും പണ്ടെ ചോദിച്ചു കൊണ്ടിരിക്കുന്ന ചോദ്യങ്ങളാണിത്.

Also read: തഹജ്ജുദിലൂടെ നേടുന്ന നാല് കാര്യങ്ങള്‍

ദൈവത്തിൻ്റെ സത്തയെയും ഗുണങ്ങളെയും കഴിവുകളെയും മനുഷ്യന് ഒരിക്കലും പൂർണമായി മനസ്സിലാക്കാൻ കഴിയില്ല എന്ന വിനയമാണ് ആദ്യമായി നമുക്ക് ഉണ്ടാവേണ്ടത്. സ്വന്തത്തെക്കുറിച്ച് തന്നെ ഇനിയും വേണ്ട വിധം മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ലാത്ത മനുഷ്യനാണ് ദൈവത്തെ അവൻ്റെ ബുദ്ധിയുടെയും യുക്തിയുടെയും കള്ളിയിൽ ഒതുക്കാൻ ശ്രമിക്കുന്നത് എന്ന തിരിച്ചറിവും നമുക്കുണ്ടാവണം. അത് കൊണ്ട് തന്നെ ദൈവത്തിൻ്റെ അറിവിനെയും തീരുമാനങ്ങളെയും കുറിച്ച മനുഷ്യൻ്റെ ഏത് ഉത്തരവും അപൂർണമായിരിക്കും. ദൈവം എല്ലാം നേരത്തെ തീരുമാനിച്ചുകഴിഞ്ഞിരിക്കുന്നു എന്ന്‌ ഭൂതകാലക്രിയ ഉപയോഗിച്ച് നാം പറയുന്നത് പോലും നമ്മുടെ സമയ ബോധം വെച്ചു കൊണ്ടാണ്. നമ്മുടെ ത്രികാല സങ്കൽപം ദൈവത്തിൻ്റെ കാലത്തിൽ നിന്ന് ഭിന്നമായിരിക്കും. അല്ലാഹു ആകാശഭൂമികളെ ആറു നാൾ കൊണ്ട് സൃഷ്ടിച്ചു എന്ന് ഖുർആൻ പറയുമ്പോൾ ഉദ്ദേശിക്കുന്നത് അല്ലാഹുവിൻ്റെ കാലമാണ്. ത്രികാലങ്ങളിലൂടെ മാറി മാറി സഞ്ചരിച്ചുകൊണ്ടുള്ള ഖുർആൻ്റെ ശൈലി മനുഷ്യൻ്റെ നിയതമായ കാലബോധത്തെ അട്ടിമറിക്കുന്നതായി കാണാം. മനുഷ്യൻ്റെ സമയബോധത്തിൽ നിന്ന് കൊണ്ട് അല്ലാഹുവിൻ്റെ വിധിയെ മനസ്സിലാക്കുന്നതിൽ വലിയ പരിമിതികളുണ്ട് എന്നാണ് പറഞ്ഞു വന്നതിൻ്റെ ചുരുക്കം.

ഖുർആൻ ആവർത്തിച്ചു പറയുന്ന ഒരു കാര്യമുണ്ട്. പ്രവാചകൻമാരിലൂടെ അല്ലാഹു മനുഷ്യന് നൻമയും തിൻമയും വേർതിരിച്ചു കാണിച്ചു കൊടുത്തിരിക്കുന്നുവെന്നും, രണ്ടിൽ ഇഷ്ടമുള്ളത് സ്വീകരിക്കാൻ മനുഷ്യന് പൂർണമായ സ്വാതന്ത്ര്യം നൽകിയിരിക്കുന്നുവെന്നും. സ്വന്തം തെരഞ്ഞെടുപ്പിൻ്റെയും അതിനനുസരിച്ചുള്ള കർമങ്ങളുടെയും ഗുണകരവും ദോഷകരവുമായ പ്രത്യാഘാതങ്ങൾ ഈ ജീവിതത്തിലും അതിലുപരി മരണാനന്തര ജീവിതത്തിലും മനുഷ്യൻ അനുഭവിക്കേണ്ടി വരും. മനുഷ്യജീവിതത്തെക്കുറിച്ച ഖുർആൻ്റെ കാഴ്ചപ്പാടിൻ്റെ പ്രധാനപ്പെട്ട ഒരു അടിസ്ഥാനമാണ് ഇത്. ഇതിൻ്റെ വെളിച്ചത്തിൽ വേണം വിധിയെ മനസ്സിലാക്കാൻ. മനുഷ്യൻ്റെ തെരഞ്ഞെടുപ്പിനെയും പ്രവർത്തന സ്വാതന്ത്യത്തെയും നിഷ്ഫലമാക്കുന്ന വിധത്തിൽ അവൻ്റെ ഭാഗധേയത്തെ അല്ലാഹു നിർണയിച്ചുവെച്ചിരിക്കുന്നു എന്ന തരത്തിൽ ഖദ്റിനെ (ദൈവവിധി) മനസ്സിലാക്കുന്നത് ഖുർആൻ ആവർത്തിച്ചു പറയുന്ന ഒരു ആശയത്തിന് എതിരായിത്തീരും.

ജനിച്ചാൽ ഒരു നാൾ മരിക്കും എന്നത് ദൈവത്തിൻ്റെ അലംഘനീയമായ വിധിയാണ്. അത് മാറ്റാൻ ആർക്കും സാധ്യമല്ല. അത് കൊണ്ടാണ് എന്നെ മരിപ്പിക്കരുതേ എന്ന് പ്രാർത്ഥിക്കാൻ ഒരു വിശ്വാസിക്ക് അനുവാദമില്ലാത്തത്. എന്നാൽ ആയുസ്സ് നീട്ടിത്തരണേ എന്ന് ഒരു വിശ്വാസിക്ക് പ്രാർത്ഥിക്കാം. മുസ്ലിംകൾ അങ്ങനെ പ്രാർത്ഥിക്കാറുമുണ്ട്. വിധിയെ പലതലങ്ങളിൽ നിന്ന് കൊണ്ട് മനസ്സിലാക്കണം എന്നാണ് ഇത് സൂചിപ്പിക്കുന്നത്.

ദൈവവിധിയുടെ സ്വഭാവം എന്ത് തന്നെയായാലും ഓരോ മനുഷ്യനെക്കുറിച്ചും ദൈവം തീരുമാനിക്കുന്നത് എന്താണെന്ന് അവന് അറിയാത്ത കാലത്തോളം അവൻ്റെ കർമത്തെ ഒരു തരത്തിലും അത് ബാധിക്കാൻ പോകുന്നില്ല. ജീവിതത്തിൽ അടുത്ത നിമിഷം എന്ത് ചെയ്യണം എന്ന് തീരുമാനമെടുക്കുന്നത് മനുഷ്യൻ തന്നെയാണ്. ദൈവം തീരുമാനിച്ചാലും ഇല്ലെങ്കിലും ജീവിതത്തിൻ്റെ ഓരോ നിമിഷത്തിലും സ്വന്തമായ തീരുമാനങ്ങളെടുക്കാൻ മനുഷ്യൻ നിർബന്ധിതനാണ്. അവിടെ അവന് തെരഞ്ഞെടുക്കാനുള്ള അവകാശവും സ്വാതന്ത്ര്യവുമുണ്ട്. ഈ തെരഞ്ഞെടുപ്പിനെ ആശ്രയിച്ചായിരിക്കും മനുഷ്യൻ്റെ ഭാഗധേയം എന്നാണ് ഖുർആൻ ഊന്നിപ്പറയുന്നത്.

Also read: രോഗം,പ്രതിരോധം

നിസ്സഹായരും പീഢിതരുമായ മനുഷ്യരുടെ പ്രാർത്ഥനകൾ എന്ത് കൊണ്ട് ദൈവം സ്വീകരിക്കുന്നില്ല, ക്രൂരമായി ബലാൽസംഗം ചെയ്യപ്പെടുന്ന ഒരു പെൺകുട്ടിയുടെ പ്രാർത്ഥനക്ക് ദൈവം എന്ത് കൊണ്ട് ഉത്തരം നൽകുന്നില്ല എന്നൊക്കെ നാസ്തികർ ചോദിക്കാറുണ്ട്. ദൈവം ഇല്ല എന്ന് തെളിയിക്കാൻ വേണ്ടിയാണല്ലോ ഇത്തരം ചോദ്യങ്ങൾ അവർ ഉന്നയിക്കുന്നത്. ദൈവം ഇല്ല എന്ന് സങ്കൽപിച്ചാൽ ഇത്തരം ഘട്ടങ്ങളിൽ ആരാണ് ഇരകളാക്കപ്പെടുന്ന മനുഷ്യരെ സഹായിക്കുക? മററു മനുഷ്യർ എന്നാണ് നാസ്തികർ ഉത്തരം പറയുന്നതെങ്കിൽ, അത് നാസ്തികതയുടെ ഉത്തരമല്ല, മതത്തിൻ്റെ ഉത്തരമാണ്. ജീവൻ ത്യജിച്ചു പോലും മർദ്ദിക്കപ്പെടുന്നവരെയും പീഢിക്കപ്പെടുന്നവരെയും സഹായിക്കണം എന്ന് പഠിപ്പിക്കുന്നത് മതമാണ്. നാസ്തികരുടെ ഏത് ധർമസംഹിതയാണ് അങ്ങനെ പറയുന്നത്? വെള്ളത്തിൽ മുങ്ങിത്താഴുന്ന ഒരു മനുഷ്യനെ ജീവൻ പണയപ്പെടുത്തിക്കൊണ്ട് രക്ഷപ്പെടുത്താൻ തുനിയുന്നതിൽ, മാനുഷികതയ്ക്കപ്പുറം എന്ത് യുക്തിയാണ് നാസ്തികർക്കുള്ളത്? മാനുഷികത എന്ന മൂല്യത്തിൻ്റെ ശാസ്ത്രീയയുക്തി ഏത് Empirical Evidence ഉപയോഗിച്ചാണ് അവർ തെളിയിക്കുക?

മർദിതരുടെയും പീഢിതരുടെയും പ്രാർത്ഥനക്ക് ദൈവം ഉത്തരം നൽകിയ എത്രയോ സന്ദർഭങ്ങൾ ഖുർആൻ വിവരിക്കുന്നുണ്ട്. അക്രമികളായ ഭരണാധികാരികളെയും ജനസമൂഹങ്ങളെയും ദൈവം ശിക്ഷിച്ചതിൻ്റെ ഉദാഹരണങ്ങളും പറയുന്നുണ്ട്. ഇന്നും ലോകത്തിൻ്റെ പല കോണുകളിൽ നിസ്സഹായരായ എത്രയോ മനുഷ്യരുടെ പ്രാർത്ഥനകൾ പ്രപഞ്ചത്തിൽ വിലയിക്കുകയും പല രീതികളിൽ അതിന് ഉത്തരം നൽകപ്പെടുകയും ചെയ്യുന്നുണ്ട്. തിൻമ ചെയ്യാൻ മനുഷ്യനെ അനുവദിക്കുക എന്നത് ദൈവം അവന് നൽകിയ സ്വാതന്ത്ര്യത്തിൻ്റെ ഭാഗമാണ്. മനുഷ്യർ ചെയ്യുന്ന അക്രമങ്ങളെയും അനീതികളെയും മനുഷ്യരിലൂടെ തന്നെ പ്രതിരോധിക്കുക എന്നതാണ് ദൈവത്തിൻ്റെ പൊതുവായ നടപടിക്രമം. ‘ജനങ്ങളിൽ ചിലരെ മറ്റു ചിലരെക്കൊണ്ട് പ്രതിരോധിച്ചില്ലായിരുന്നെങ്കിൽ ഭൂമി നശിച്ചുപോകുമായിരുന്നു; അല്ലാഹു ഭൂമിയിലുള്ളവരോട് അങ്ങേയറ്റം ഔദാര്യമുള്ളവനാണ് ‘ എന്ന് ഖുർആൻ പറയുന്നുണ്ട് (2:251). ‘നിങ്ങൾക്കെന്ത് പറ്റിപ്പോയി?അല്ലാഹുവിൻ്റെ മാർഗത്തിലും, ഭൂമിയിൽ അടിച്ചമർത്തപ്പെട്ട പുരുഷൻമാർക്കും സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടിയും നിങ്ങൾ എന്ത് കൊണ്ട് പോരാടുന്നില്ല’ (4: 75) എന്ന് ഖുർആൻ വിശ്വാസികളാട് ചോദിക്കുന്നുണ്ട്. ‘ഞങ്ങളുടെ നാഥാ, അക്രമികളുടെ ഈ നാട്ടിൽ നിന്ന് ഞങ്ങളെ നീ രക്ഷപ്പെടുത്തേണമേ, നിന്നിൽ നിന്ന് ഒരു രക്ഷാധികാരിയെയും ഒരു സഹായിയെയും ഞങ്ങൾക്ക് നീ നിശ്ചയിച്ചു തരണേ എന്ന് അവർ പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്നു ‘ എന്നാണ് തുടർന്ന് ഖുർആൻ പറയുന്നത്. മർദിതരുടെ പ്രാർത്ഥനക്കുള്ള ഉത്തരമായിട്ടാണ് അവർക്ക് വേണ്ടി പൊരുതാൻ വിശ്വസികളാട് ദൈവം നിർദേശിക്കുന്നത്. അക്രമവും ചൂഷണവും അനീതിയും നിറഞ്ഞ ലോകത്തെ നീതിയിലും ധർമത്തിലും അധിഷ്ഠിതമായ ഒരു വ്യവസ്ഥിതിയിലൂടെ പരമാവധി നീതിപൂർവമാക്കിത്തീർക്കാനാണ് വിശ്വാസിസമൂഹത്തോട് ദൈവം ആവശ്യപ്പെടുന്നത്. ആ വ്യവസ്ഥിതി പുലർന്നാലും ഇല്ലെങ്കിലും, ഒരു അതിക്രമിയും ദൈവത്തിൻ്റെ ശിക്ഷാവിധിയിൽ നിന്ന് രക്ഷപ്പെടാൻ പോകുന്നില്ല. നീതി നിഷേധിക്കപ്പെട്ട ഒരു മനുഷ്യനും നീതി ലഭിക്കാതെ പോവുകയുമില്ല. ഈ ലോകവും അതിലെ ജീവിതവും നശ്വരവും അപൂർണതകൾ നിറഞ്ഞതവുമാണ്. ഒരു പരീക്ഷണാലയം. ഭൂമിയിലെ നന്മയും തിന്മയും അളന്നു തൂക്കി, രക്ഷയും ശിക്ഷയും വിധിക്കപ്പെടുക പരലോകത്താണ്. അവിടെയാണ് സ്വർഗവും നരകവും. ഇതാണ് ഇസ് ലാമിൻ്റെ കാഴ്ചപ്പാട്. ഇതിനെക്കാൾ യുക്തിസഹമായ എന്ത് ജീവിതവീക്ഷണമാണ് നാസ്തികർക്ക് സമർപ്പിക്കാനുള്ളത്?

വിശ്വാസികൾ നൻമ ചെയ്യുന്നത് സ്വർഗം മോഹിച്ചിട്ടായത് കൊണ്ട് അവർ സ്വാർത്ഥൻമാരാണ്; നാസ്തികർ നൻമ ചെയുന്നത് ഒരു പ്രതിഫലവും കാംക്ഷിക്കാതെയാണ്, അത്കൊണ്ട് അവർ നിഷ്കാമകർമികളാണ്; ഇതാണ് നാസ്തികരുടെ മറ്റൊരു തള്ള്. നൻമ, തിന്മ എന്നത് കൊണ്ട് നാസ്തികർ എന്താണ് ഉദ്ദേശിക്കുന്നത്? നന്മയും തിൻമയും തീരുമാനിക്കുന്നതിന് അവരുടെ കയ്യിലുള്ള മാനദണ്ഡം എന്താണ്? ഒരു നാസ്തികൻ നൻമ ചെയ്യുന്നത് എന്തെങ്കിലും കാര്യ ലാഭത്തിന് വേണ്ടിയാണോ അല്ലേ എന്ന് മറ്റുള്ളവർ എങ്ങനെയാണ് തിരിച്ചറിയുക?

Also read: കോവിഡും പശ്ചിമേഷ്യയിലെ യുദ്ധ ഭീകരതയും

സ്വാർത്ഥത എന്ന് നാം സാധാരണ പറയുക മറ്റു മനുഷ്യർക്കു ദോഷം ചെയ്യുന്ന രീതിയിൽ സ്വന്തം കാര്യം നേടിയെടുക്കുമ്പോഴാണ്. ഒരാൾ ദൈവത്തിൻ്റെ പ്രീതി കാംക്ഷിച്ച്, അല്ലെങ്കിൽ സ്വർഗം മോഹിച്ച് മറ്റു മനുഷ്യർക്ക് നൻമ ചെയ്യുമ്പോൾ, സമൂഹത്തിന് അത് കൊണ്ട് ഗുണമല്ലാതെ, എന്ത് ദോഷമാണുള്ളത്? നൻമ ചെയാൻ ദൈവവിശ്വാസം മനുഷ്യനെ പ്രചോദിപ്പിക്കുമെങ്കിൽ അതിൽ ആർക്കാണ് നഷ്ടം? അതിൽ എവിടെയാണ് സ്വാർത്ഥത ? മനുഷ്യ സ്നേഹം ദൈവത്തോടുള്ള സ്നേഹത്തിൻ്റെ ഭാഗമാണെന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്. ഭൂമിയിലുള്ളവരോട് കരുണ കാണിക്കുക, ആകാശത്തുള്ളവൻ നിങ്ങളോട് കരുണ കാണിക്കും എന്നാണ് മുഹമ്മദ് നബി പഠിപ്പിച്ചിട്ടുള്ളത്.

കൊറോണക്ക് വൈദ്യശാസ്ത്രം മരുന്ന് കണ്ടെത്തിയേക്കാം. ഇനിയും എത്ര മഹാമാരികൾ, പേമാരികൾ, കൊടുങ്കാറ്റുകൾ, വെള്ളപ്പൊക്കങ്ങൾ വരാനിരിക്കുന്നു! ലോകം കോവിഡ് 19 മുമ്പും ശേഷവും എന്ന തലക്കെട്ടിലുള്ള ചർച്ചകൾ എല്ലായിടത്തും സജീവമായിക്കഴിഞ്ഞു. ഒരു മഹാമാരിയിൽ ലോകം നിശ്ചലമാവുമ്പോൾ, മനഷ്യർ അഭയാർത്ഥികളെപ്പോലെ സ്വന്തം കൂടാരങ്ങളിലേക്ക് ഉൾവലിയേണ്ടി വരുമ്പോൾ, പൊങ്ങച്ചത്തിൻ്റെയും ധൂർത്തിൻ്റയും ആഢംബരത്തിൻ്റെയും ആസ്വാദനങ്ങളുടെയും ശൂന്യമായ രംഗവേദികളിൽ മൗനം വിറങ്ങലിച്ചു നിൽക്കുമ്പോൾ, അതിജീവനത്തിന് വേണ്ടി ഒന്നു നെട്ടോട്ടമോടാൻ പോലും കഴിയാത്ത വിധം സാമൂഹികമായ അകലം പാലിക്കാൻ മനുഷ്യർ നിർബന്ധിക്കപ്പെടുമ്പോൾ, തോൽക്കുന്നത് ദൈവമോ നാസ്തികൻ്റെ അഹന്തയോ?

Facebook Comments
Related Articles
Show More
Close
Close