Current Date

Search
Close this search box.
Search
Close this search box.

മകനെ,  നീ ആരുമായി സ്‌നേഹത്തിലായാലും ഹൃദയത്തിന്റെ ബന്ധിയായിത്തീരരുത്

ഖാബൂസ്‌നാമ - 8

മകനെ, ഐന്ദ്രികമായ സഹജഗുണം ഇല്ലാത്ത കാലത്തോളം ഒരാള്‍ക്കും ഒരാളെയും സ്‌നേഹിക്കാനാകില്ല. കാരണം, സ്‌നേഹം മനുഷ്യ പ്രകൃതത്തിന്റെ ഐന്ദ്രികതയില്‍നിന്ന് ഉടലെടുക്കുന്നതാണ്. മനുഷ്യന്റെ ഐന്ദ്രികമായ സഹജഗുണത്തില്‍നിന്ന് മുളപൊട്ടുന്നതെല്ലാം ആകര്‍ഷണീയമായിരിക്കും. സ്‌നേഹം വര്‍ണനാതീതമായ ഒന്നാണെന്നിരിക്കെ ആര്‍ദ്രമായ പ്രകൃതത്തിന്റെ ഗുണമാണത്. പ്രായമായവരെക്കാള്‍ യുവാക്കളിലാണ് പ്രണയമോഹങ്ങള്‍ ഉണ്ടാകാറുള്ളതെന്ന് നിനക്ക് അറിയാമല്ലോ?
വൃദ്ധരുടെ പ്രകൃതത്തെക്കാള്‍ യുവാക്കളുടെ പ്രകൃതത്തിനാണ് സ്‌നേഹത്തോട് കൂടുതല്‍ അഭിവാജ്ഞയുണ്ടാവുക എന്നതിനാലാണത്. പരുക്കന്‍ സ്വഭാവക്കാരനും ആത്മഭാരമുള്ളവനും ഒരിക്കലും സ്‌നേഹിതനാകാന്‍ സാധിക്കില്ല. കാരണം സ്‌നേഹവും ഒരു രോഗമാണ്. ലോലഹൃദയമുള്ളവന് അതിന്റെ ഭാരം താങ്ങാന്‍ കഴിയണമെന്നില്ല. അവനെ സംബന്ധിച്ചിടത്തോളം പ്രണയം ഉപേക്ഷിക്കുന്നതാണ് നല്ലത്. സ്‌നേഹിതനാവുകയെന്നാല്‍ പ്രതിബന്ധങ്ങളിലകപ്പെടുക എന്നുകൂടിയാണ് അര്‍ഥം. സമ്പത്തില്ലാ എങ്കില്‍ അസന്തുഷ്ടമായ പ്രണയജീവിതമേ മനുഷ്യന് നയിക്കാനാവൂ. ദരിദ്ര കാമുകന് ഒരിക്കലും തന്റെ പ്രണയാഭിലാഷം നിറവേറ്റാനാവില്ലെന്നു സാരം. പ്രത്യേകിച്ചും ഏറെ പ്രായമായവര്‍ക്ക്. അവര്‍ക്ക് പണത്തിലൂടെ മാത്രമേ അന്യന്റെ സ്‌നേഹം നേടാനാകൂ. അല്ലാത്തപക്ഷം, പ്രണയനൈരാശ്യത്തില്‍ അവര്‍ സ്വന്തം ആത്മാവിനെ മുറിപ്പെടുത്തിക്കൊണ്ടേയിരിക്കും. ആ ഒരു അര്‍ഥത്തില്‍ എന്റെയൊരു കവിതയുണ്ട്:
‘ദരിദ്രനായിരുന്നു ഞാന്‍,
അതിനാല്‍ തീരാ വേദനയും
ദാരിദ്ര്യമാണെന്നെ നിന്നില്‍നിന്നകറ്റിയത്
എന്നെപ്പോലെ ഇനിയുമുണ്ട്
അനേകം അസന്തുഷ്ടര്‍
അങ്ങാടിയില്‍നിന്നും ശൂന്യമായ കൈകളുമായല്ലോ
അവര്‍ മടങ്ങുന്നു സദാ!’
നീ ആരുമായി സ്‌നേഹത്തിലായാലും ഹൃദയത്തിന്റെ ബന്ധിയായിത്തീരരുത്. ഹൃദയമെപ്പോഴും പ്രണയലേപനം പുരട്ടി വക്കുകയും ചെയ്യരുത്. എപ്പോഴും വികാരങ്ങള്‍ക്കു പിന്നാലെ പോകുന്നതും ശ്രദ്ധിക്കണം. അത് ബുദ്ധിമാന്മാര്‍ക്ക് ചേര്‍ന്നതല്ല. സമാഗമവും വേര്‍പാടുമല്ലാത്ത മറ്റൊരു സ്ഥിതിവിശേഷവും കാമുകന്മാര്‍ക്ക് ഉണ്ടാകില്ല. സമാഗമത്തിന്റെ ഒരു വര്‍ഷത്തെ ആനന്ദത്തെ വേര്‍പാടിന്റെ ഒരു ദിവസത്തോടുപോലും ഉപമിക്കാനാകില്ല! പ്രണയത്തിന്റെ മൂലധനം ഹൃദയവേദനയും ക്ഷീണവും കഠിനാധ്വാനവുമാണ്. വേദനയുടെ മാധുര്യം ഏറുന്നതിനനുസരിച്ച് വേര്‍പാടിന്റെ ഓരോ നിമിഷങ്ങളും നിനക്ക് പൈശാചികമായിരിക്കും.
ഇനി നീ സമാഗമത്തിലാവുകയും പ്രണയിനി നിന്റെ ഹൃദയത്തുടിപ്പ് അറിയുകയും ചെയ്താല്‍ അതിന്റെ അടയാളവും വീര്യവുമറിയാതെ സമാഗമത്തിന്റെ മാധുര്യം നിനക്ക് അറിയാന്‍ കഴിയില്ലെന്ന അവസ്ഥയായിരിക്കും. വേര്‍പാട് അനിവാര്യമാക്കുന്നതാണ് സമാഗമമെങ്കില്‍ ആ സമാഗമം വേര്‍പാടിനെക്കാള്‍ വേദനാജനകമാണ്. മാലാഖയെപ്പോല്‍ അതിസുന്ദരിയാണ് നിന്റെ പ്രണയിനിയെങ്കില്‍ മാനവരാശിയുടെ ആക്ഷേപങ്ങളില്‍നിന്ന് ഒഴിഞ്ഞ നേരം നിനക്ക് ഉണ്ടാകില്ല. അത് മനുഷ്യ സ്വഭാവമാണ്. അതുകൊണ്ട്, നീ നിന്നെത്തന്നെയും പ്രണത്തെയും അങ്ങേയറ്റം സൂക്ഷിക്കുക. ബുദ്ധിയും നിയന്ത്രണബോധവുമുള്ളവര്‍ക്കേ പ്രണയ ബാധയെ സൂക്ഷിക്കാനാകൂ. കാരണം, ആദ്യ നോട്ടംകൊണ്ടുതന്നെ ഒരാള്‍ക്കും പ്രണയിയാകാന്‍ സാധ്യമല്ല. ആദ്യം കണ്ണുകള്‍ കാണും. പിന്നീട് മാത്രമേ ഖല്‍ബ് കാണുകയുള്ളൂ. ഖല്‍ബിന് ഒരാളില്‍ അതിശയം തോന്നുമ്പോഴാണ് പ്രണയം അങ്കുരിക്കുന്നതും പ്രണയിയും പ്രണയിനിയും തമ്മില്‍ സമാഗമം ഉണ്ടാകുന്നതും. നിന്റെ വികാരം ഹൃദയത്തിന് വഴിപ്പെടുകയും ഹൃദയത്തിന് വികാരത്തോട് വിധേയത്വം ഉണ്ടാവുകയും ചെയ്താല്‍ നീ നിന്റെ പ്രണയിനിയെ രണ്ടാമതൊന്നുകൂടി കാണാന്‍ ആഗ്രഹിക്കും. രണ്ടാമതും പരസ്പരം കണ്ടുകഴിഞ്ഞാല്‍ സ്വാഭാവികമായും നിങ്ങള്‍ തമ്മിലൊരു ഇഴയടുപ്പം രൂപപ്പെട്ടുവരും. ഹൃദയ വികാരത്തിന് വേലിയേറ്റമുണ്ടാവുകയും മൂന്നാമതൊന്നുകൂടി കാണാന്‍ നിങ്ങള്‍ കൊതിക്കുകയും ചെയ്യും. അതോടെയത് കണ്‍കണ്‍ നോട്ടത്തില്‍നിന്ന് പതിയെ പതിയെ ശൃംഗാരത്തിലേക്കു കടക്കും. പറയലും കേട്ടിരിക്കലുമായി നിന്റെ ബുദ്ധിയും വിവേകവും നീ തന്നെയും പ്രണയിനിയുടെ കെട്ടില്‍ കുരുങ്ങും. നീ കുതിരയും അവള്‍ നിനക്കുമേലുള്ള കടിഞ്ഞാണും പോലെയാകും. നിന്റെ പ്രണയിനി തെളിക്കുന്ന വഴിയേ മാത്രമേ നീ സഞ്ചരിക്കൂ.
നില അത്രയൊക്കെയും എത്തിക്കഴിഞ്ഞാണ് നീ ആത്മനിയന്ത്രണത്തെക്കുറിച്ച് ആലോചിക്കുന്നതെങ്കില്‍ നിന്റെ കാര്യം വളരെ കഷ്ടമാണ്. നിനക്കതിന് സാധ്യമാകില്ലെന്ന് മാത്രമല്ല, കാര്യങ്ങളെല്ലാം കൈവിട്ടുപോവുകയും ചെയ്യും. പ്രേമം ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കും. പിന്നീട് ഹൃദയം പറയുന്നതു മാത്രമേ നിനക്കു ചെയ്യാനാകൂ. എന്നാല്‍, ഹൃദയത്തിന് അമിതമായ ആഗ്രഹമുണ്ടായിരിക്കെത്തന്നെ പ്രഥമ കൂടിക്കാഴ്ചയില്‍ നീ ആത്മനിയന്ത്രണം കാണിച്ചിരുന്നുവെങ്കില്‍ നിനക്ക് നിന്റെ ബുദ്ധിയെയും വിവേകത്തെയും സൂക്ഷിക്കാന്‍ സാധിക്കുമായിരുന്നു. പ്രണയിനിയുടെ നാമം നീ ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഉരുവിടുമായിരുന്നില്ല. മറ്റെല്ലാം വിട്ട് പ്രണയവുമായി മാത്രം നിന്റെ ഹൃദയം വ്യാപൃതമാകുമായിരുന്നില്ല. നിന്റെ വിചാരങ്ങളെയും വികാരങ്ങളെയും മറ്റുവഴിക്ക് തിരിക്കുക. പ്രണയിനിയെ കാണാതിരിക്കാനുള്ള വഴികളെക്കുറിച്ച് ആലോചിക്കുക. അതോടെ ഒരാഴ്ചകൊണ്ടുതന്നെ ഹൃദയവേദനക്ക് ശമനം ലഭിക്കും. പ്രണയഭാരത്തില്‍നിന്ന് നിന്റെ ശരീരത്തെ അതിവേഗം രക്ഷപ്പെടുത്താനും സാധിക്കും. പക്ഷെ, പ്രണയവേദന നേരിടുന്ന എല്ലാവര്‍ക്കും ഇത് സാധ്യമായെന്ന് വരില്ല. എത്ര വലിയ ബുദ്ധിമാനും വിവേകിയുമാണെങ്കിലും ഈ രോഗത്തിന് ചിലപ്പോള്‍ ചികിത്സ തേടേണ്ടി വന്നേക്കാം. കാരണം, പ്രേമം രോഗമാണ്. തഫാസീറുല്‍ ഇലല്‍ എന്ന ഗ്രന്ഥത്തില്‍ മഹാനായ മുഹമ്മദ് ബ്ന്‍ സകരിയ അര്‍റാസി പ്രേമമെന്ന രോഗത്തിന്റെ കാരണത്തെക്കുറിച്ചും അതിനുള്ള ഉചിതമായ ചികിത്സയെക്കുറിച്ചും വിശദീകരിക്കുന്നുണ്ട്. പതിവായുള്ള വ്രതം, ഭാരം ചുമക്കല്‍, സുദീര്‍ഘമായ യാത്ര പോലെ അനേകം ചികിത്സയെക്കുറിച്ച് അദ്ദേഹം പ്രതിപാദിക്കുന്നുണ്ട്.
ഇനി നീ ഒരു വ്യക്തിയെ ഇഷ്ടപ്പെടുകയും അവനെ കാണുന്നതിലും സേവനം ചെയ്തുകൊടുക്കുന്നതിലും സംതൃപ്തി നേടുകയും ചെയ്യുന്നുവെങ്കില്‍ എന്റെ വീക്ഷണപ്രകാരം അത് അനുവദനീയമാണ്. മഹാനായ സഈദ് ബ്ന്‍ അബില്‍ഖൈര്‍ പറയുന്നു: ‘മനുഷ്യന് അനിവാര്യമായ നാല് കാര്യങ്ങളുണ്ട്; റൊട്ടി, തുണി, വീട്, സ്‌നേഹിതന്‍. എല്ലാം ഒരു പരിധിവച്ച് ഹലാലാണ്.’
നീ അറിയേണ്ട മറ്റൊരു കാര്യം കൂടിയുണ്ട്. സ്‌നേഹവും പ്രണയവും തമ്മില്‍ വ്യത്യാസമുണ്ട്. പ്രണയത്തില്‍ സന്തോഷം ശാശ്വതമല്ല. പ്രണയോന്മത്തനായ ഒരു യുവാവിന്റെ കവിതയുണ്ട്;
‘പ്രിയേ, പ്രേമത്തീയെങ്ങനെ നിനക്ക് ആശ്വാസം പകരും
ജ്വലനമുഖിയായ അഗ്നിയെങ്ങനെ അത്രമേല്‍ മധുരിതമാകും?’
ഒരാള്‍ സ്‌നേഹത്തിലായിരിക്കുമ്പോഴെല്ലാം അവന്‍ ശാന്തഹൃദയനായിരിക്കും. എന്നാല്‍, പ്രണയത്തിലാകുമ്പോള്‍ അവന്‍ കഠിനപ്രയത്‌നത്തില്‍ അകപ്പെടുന്നു. യുവത്വകാലത്തെ നിന്റെ പ്രേമം പ്രശ്‌നമല്ല. യുവത്വത്തിന്റെ തീക്ഷ്ണതയല്ലേ എന്ന് ജനങ്ങളതിനെ അവഗണിക്കും. എന്നാല്‍, വാര്‍ധക്യകാലത്ത് കാമുകനായി മാറുന്നത് ശ്രദ്ധിക്കുക. അതുകാരണം നീ ജനങ്ങള്‍ക്കിടയിലെ പരിഹാസ കഥാപാത്രമാകും. നീ പൊതുജനങ്ങള്‍ക്കിടയിലെ ഒരാളാണെങ്കില്‍ ഇതൊന്നും ചിലപ്പോള്‍ പ്രശ്‌നമായെന്നു വരില്ല. എന്നാല്‍, രാജാക്കന്മാര്‍ പ്രേമക്കെണിയില്‍ അകപ്പെടുന്നത് നന്നായി സൂക്ഷിക്കണം, വയോധികരെങ്കില്‍ പ്രത്യേകിച്ചും. പ്രത്യക്ഷത്തില്‍ ആരുമായും നിന്റെ ഹൃദയത്തെ കോര്‍ത്തു വക്കരുത്. വയോധികനായ രാജാവിനെ സംബന്ധിച്ചിടത്തോളം പ്രണയം അതികഠിനം തന്നെയാണ്.
എന്റെ പിതാമഹന്‍ ശംസുല്‍ മആലി ഖാബൂസ് ബിന്‍ വഷ്മഗീറിന്റെ കാലത്തെ ഒരു സംഭവമുണ്ട്. ബുഖാറയില്‍ ഒരു കച്ചവടക്കാരനുണ്ടായിരുന്നു. അദ്ദേഹത്തിന് ആയിരം ദീനാര്‍ മൂല്യമുള്ള ഒരു അടിമയുണ്ടായിരുന്നു. ഒരിക്കല്‍ അദ്ദേഹത്തെക്കുറിച്ച് മന്ത്രിയായിരുന്ന അഹ്‌മദ് ബ്ന്‍ സഅ്ദ് അമീറിനോട് പറഞ്ഞു: ‘ഒരാളെ പറഞ്ഞുവിട്ട് നമുക്ക് ആ അടിമയെ വാങ്ങാം.’ അമീര്‍ അഹ്‌മദ് ബ്ന്‍ സഅ്ദിനെത്തന്നെ അതിന്റെ ചുമതല ഏല്‍പ്പിച്ചു. അമീറിന്റെ നിര്‍ദേശപ്രകാരം അദ്ദേഹം ബുഖാറിയിലേക്കു പോയി. അവിടെവച്ച് പ്രസ്തുത അടിമക്കച്ചവടക്കാരനെ കണ്ടുമുട്ടി. രണ്ടാമതൊന്ന് ആലോചിക്കാതെ ആയിരത്തി ഇരുന്നൂര്‍ ദീനാര്‍ നല്‍കി അഹ്‌മദ് അടിമയെ സ്വന്തമാക്കി.
അഹ്‌മദ് ഏല്‍പ്പിക്കപ്പെട്ടതുപോലെ അടിമയുമായി ജുര്‍ജാനിലെത്തി. അടിമയെ കണ്ട് അമീര്‍ അമ്പരന്നു. ഉടനെത്തന്നെ അമീറിന്റെ തോര്‍ത്ത് പിടിക്കാനുള്ള ചുമതല അവനെ ഏല്‍പ്പിച്ചു. അമീര്‍ കൈ കഴുകുമ്പോള്‍ അത് തുടക്കാന്‍ തോര്‍ത്ത് നല്‍കുകയെന്നതായിരുന്നു ജോലി. അങ്ങനെ വര്‍ഷങ്ങള്‍ കടന്നുപോയി. ഒരിക്കല്‍ അമീര്‍ തന്റെ കൈ കഴുകിയപ്പോള്‍ അടിമ തോര്‍ത്തുമായി ചെന്നു. കൈ തോര്‍ത്തി തുടക്കുമ്പോള്‍ അമീറിന്റെ ആലോചന മുഴുവന്‍ അടിമയെക്കുറിച്ചായി. അവനെ നോക്കിനില്‍ക്കുന്നതില്‍ അമീറിന് വലിയ കൗതുകം തോന്നി. അടിമ പോയി കുറച്ചുകഴിഞ്ഞ് അമീര്‍ ജ്ഞാനിയും തന്റെ മന്ത്രിയുമായിരുന്ന അബൂല്‍ അബ്ബാസിനെ വിളിച്ച് താന്‍ ആ അടിമയെ മോചിപ്പിച്ച വിവരം അറിയിച്ചു. അവന് ഒരു ഗ്രാമം സമ്മാനമായി നല്‍കി. എന്നിട്ട് മന്ത്രിയോട് പറഞ്ഞു: ‘ഈ വിവരം നീ അവനെ അറിയിക്കുന്നതോടൊപ്പം പട്ടണത്തിലെ പ്രധാനികളില്‍ ഒരാളുടെ മകളെ അവനുവേണ്ടി വിവാഹ ആലോചന നടത്തുകയും ചെയ്യുക. അതോടൊപ്പം താടിയും രോമവും വരുന്നതുവരെ വീട്ടില്‍തന്നെ കഴിഞ്ഞുകൂടാന്‍ അവനോട് നിര്‍ദേശിക്കുക. പിന്നീട് അവന് എന്നെ വന്ന് കാണാവുന്നതാണ്.’
മന്ത്രി അബുല്‍ അബ്ബാസ് പറഞ്ഞു: ‘അമീര്‍, എല്ലാം അങ്ങ് പറയുംപോലെ ചെയ്യാം. എങ്കിലും എന്താണ് ഇങ്ങനെയൊരു കല്പനയുടെ താല്പര്യമെന്ന് അറിയാന്‍ എനിക്ക് ആഗ്രഹമുണ്ട്.’
‘ഇന്ന് ഇങ്ങനെയൊക്കെ ചില സംഭവങ്ങളുണ്ടായി. എഴുപത് തികഞ്ഞ രാജാവ് പ്രേമത്തിലാകുന്നത് വളരെ മോശമാണ്. എഴുപത് തികഞ്ഞ ഞാന്‍ അല്ലാഹുവിനുള്ള ആരാധനയിലും പ്രജകളുടെയും സൈന്യത്തിന്റെയും രാജ്യത്തിന്റെയും ക്ഷേമത്തില്‍ മുഴുകുകയാണ് വേണ്ടത്. ഈയൊരു സമയത്ത് ഞാന്‍ പ്രേമവുമായി നടന്നാല്‍ അല്ലാഹുവിനോ ജനങ്ങളോടോ പറയാന്‍ എന്റെ കയ്യില്‍ ഒരു മറുപടിയും ഉണ്ടാകില്ല.’
യുവാവാണെങ്കില്‍ അവന്‍ ചെയ്യുന്ന കാര്യങ്ങള്‍ക്കെല്ലാം അവന് ഒഴികഴിവുകള്‍ ലഭിച്ചേക്കാം. അങ്ങനെയാണെങ്കില്‍പോലും ഉള്ളിലെ പ്രേമമൊന്നും അതിവേഗം പരസ്യമാക്കരുത്. യുവാവായിരിക്കുന്ന കാലത്തോളം വിവേകത്തോടെയും യുക്തിയോടെയും മര്യാദയോടെയും എല്ലാം കൈകാര്യം ചെയ്യുക. നിന്റെ പ്രവൃത്തികളില്‍ വീഴ്ച വരാതിരിക്കാന്‍ അതാണ് നല്ലത്. അതേക്കുറിച്ച് മറ്റൊരാളില്‍നിന്ന് ഞാന്‍ കേട്ടിട്ടുണ്ട്.
ഗസ്‌നവി സുല്‍താന്‍ നാസ്വിര്‍ ദീനുല്ലാഹി മസ്ഊദിന് പത്ത് അടിമകളുണ്ടായിരുന്നു. സുല്‍താന്റെ രാജകീയ വസ്ത്രങ്ങള്‍ സൂക്ഷിക്കലായിരുന്നു അവരുടെ ജോലി. അക്കൂട്ടത്തില്‍ നൂഷ്തഗീന്‍ എന്നുപേരുള്ള ഒരു അടിമയുമുണ്ടായിരുന്നു. സുല്‍താന്‍ മസ്ഊദിന് അവനോട് പ്രത്യേക സ്‌നേഹമായിരുന്നു. വര്‍ഷങ്ങള്‍ കടന്നുപോയി. എന്നിട്ടും സുല്‍താനും നൂഷ്തഗീനും തമ്മിലുള്ള സ്‌നേഹം ആരും തിരിച്ചറിഞ്ഞില്ല. കാരണം, സുല്‍താന്‍ അടിമകള്‍ക്ക് എന്തു നല്‍കുമ്പോഴും തുല്യ അളവിലായിരുന്നു നല്‍കിയിരുന്നത്. അങ്ങനെ അഞ്ചു വര്‍ഷങ്ങള്‍ക്കുശേഷം ഒരിക്കല്‍ സുല്‍താന്‍ തന്റെ ഉന്മാദാവസ്ഥയില്‍ വിളിച്ചു പറഞ്ഞു: ‘എന്റെ പിതാവ് അദ്ദേഹത്തിന്റെ ഇഷ്ട അടിമ അയാസിന് എഴുതിവച്ചതെല്ലാം നൂഷ്തഗീന് എഴുതി നല്‍കൂ!’ അതോടെ സുല്‍താനും നൂഷ്തഗീനും തമ്മിലുള്ള സ്‌നേഹത്തെക്കുറിച്ച് മാലോകര്‍ മുഴുവന്‍ അറിഞ്ഞു.
മകനേ, ഇത്രയൊക്കെ കഥകള്‍ ഞാന്‍ പറഞ്ഞു തന്നുവെന്ന് കരുതി എല്ലാം നീ ഉള്‍ക്കൊള്ളും എന്നൊന്നും ഞാന്‍ കരുതുന്നില്ല. എന്നിരുന്നാലും, ഒരു കാര്യംകൂടി ഞാന്‍ പറയാം:
‘മാനവന്‍ സചേതനനും സംസാരപ്രിയനുമാണ്.
അതുകൊണ്ടവരൊക്കെയും അദ്‌റയും വാമിഖുമാകണം
അല്ലായെങ്കില്‍, അവരെല്ലാം കപടവിശ്വാസികളാണ്
പ്രണയമില്ലാത്തവനെങ്ങനെ മനുഷ്യനാകുന്നു?’
ഒരു കമിതാവാകാതിരിക്കാന്‍ ശ്രദ്ധിക്കുക. ഇനി ആരെയെങ്കിലും സ്‌നേഹിക്കുന്നുവെങ്കില്‍ അതിന് അര്‍ഹനായവനെ മാത്രം സ്‌നേഹിക്കുക. അതിനര്‍ഥം സ്‌നേഹിക്കപ്പെടുന്നവന്‍ പ്ലാറ്റോയോ ടോളമിയോ ആകണം എന്നല്ല. എങ്കിലും, അല്പമെങ്കിലും നല്ലബോധം ഉള്ളവനായിരിക്കണം.  അവിടെ യൂസുഫ് ബ്ന്‍ യഅ്ഖൂബും ഉണ്ടാവില്ലെന്നറിയാം. അതുകൊണ്ട് ജനങ്ങള്‍ കേട്ടാല്‍ അവര്‍ നിന്റെ വാക്ക് സ്വീകരിച്ചേക്കാവുന്ന രീതിയിലായിരിക്കണം കാര്യങ്ങള്‍. മറ്റൊരാളുടെ ന്യൂനതകള്‍ ചുഴിഞ്ഞന്വേഷിക്കാനും അത് ജനമധ്യത്തില്‍ കൊണ്ടുവന്ന് ജനകീയ വിചാരണ നടത്താനും എല്ലാവര്‍ക്കും അത്യാവേശമായിരിക്കും.
പണ്ടൊരിക്കല്‍ ഒരാളോട് ജനങ്ങള്‍ ചോദിച്ചു: ‘താങ്കള്‍ക്ക് ഒരു ന്യൂനതയുമില്ലേ?’
‘ഇല്ല.’ അദ്ദേഹം മറുപടി പറഞ്ഞു.
‘നിങ്ങളുടെ ന്യൂനതകള്‍ കണ്ടെത്താന്‍ ശ്രമിക്കുന്നവരോ?’
‘ഓഹ്… അനേകം!’
‘എങ്കില്‍ മനസ്സിലാക്കുക. ജനങ്ങളില്‍വച്ച് ഏറ്റവും കൂടുതല്‍ ന്യൂനതയുള്ളത് താങ്കള്‍ക്കാണ്.’ ജനങ്ങളെല്ലാം ഒന്നിച്ച് അദ്ദേഹത്തോട് പറഞ്ഞു.
വല്ലവരുടെയും വീട്ടില്‍ അതിഥിയായി പോകുന്നുവെങ്കില്‍ പ്രണയിനിയെ കൂടെ കൂട്ടാതിരിക്കുക. ഇനി കൂടെക്കൂട്ടിയാല്‍തന്നെ അപരിചിതര്‍ക്കിടയില്‍വച്ച് അവളുമായി മാത്രം വ്യാപൃതനാകാതിരിക്കാന്‍ ശ്രദ്ധിക്കുക. നിന്റെ ഖല്‍ബ് മുഴുവന്‍ അവളെ കുറിച്ചുള്ള ചിന്തയാകരുത്. നിന്റെ കണ്ണില്‍ അവളെങ്ങനെയാണോ അതുപോലെയായിരിക്കും മറ്റുള്ളവരുടെ കണ്ണിലുമെന്ന് തെറ്റിദ്ധിരിക്കുകയും ചെയ്യരുത്. ഒരു കവിയുടെ വരികള്‍ ഓര്‍ക്കുന്നു:
‘ഹാ കഷ്ടം! ഞാന്‍ നിന്നെ കാണുംപോല്‍
മറ്റുള്ളവരും നിന്നെയൊന്ന് കണ്ടിരുന്നെങ്കില്‍!’
സൃഷ്ടിജാലങ്ങളില്‍വച്ച് ഏറ്റവും നല്ലവളായി നിനക്ക് നിന്റെ പ്രണയിനിയെ തോന്നുമെങ്കിലും മറ്റുള്ളവരുടെ കണ്ണില്‍ അവള്‍ വികൃതയായേക്കാം. അപരിചിതര്‍ക്ക് ഇടയില്‍വച്ച് എപ്പോഴും അവളുമായി ആപ്പിള്‍ പങ്കുവച്ച് ഇരിക്കരുത്. അവളെക്കുറിച്ച് അന്വേഷിച്ച് നടക്കരുത്. എപ്പോഴും അവളെ വിളിക്കുകയോ കാതില്‍ ശൃംഖരിക്കുകയോ ചെയ്യരുത്. നിനക്ക് ലഭിച്ചേക്കാവുന്ന നേട്ടങ്ങളെക്കുറിച്ചും സംഭവിച്ചേക്കാവുന്ന കോട്ടങ്ങളെക്കുറിച്ചും ഞാന്‍ നിന്നെ ഉണര്‍ത്തിയിരിക്കുന്നു. അതെല്ലാം ശരിയാംവിധം അനുസരിച്ചാല്‍ ജനങ്ങളുടെ സൂക്ഷ്മ ദര്‍ശനത്തില്‍നിന്ന് നിനക്ക് രക്ഷ നേടാം.
വിവ. മുഹമ്മദ് അഹ്സൻ പുല്ലൂര്

Related Articles