Current Date

Search
Close this search box.
Search
Close this search box.

കൊറോണ മറയാക്കുന്ന ഇസ്രായേൽ

ഇതെഴുതുമ്പോൾ, ലോകത്തുടനീളം 390000 കൊറോണ വൈറസ് കേസുകൾ സ്ഥിരീകരിക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. അതോടൊപ്പം തന്നെ 123000 ആളുകൾ രോഗവിമുക്തി നേടുകയും ചെയ്തിട്ടുണ്ട്. മരണസംഖ്യ 24000 കവിഞ്ഞു കഴിഞ്ഞു. കാര്യത്തിന്റെ ഗൗരവും തിരിച്ചറിഞ്ഞ്, വൈറസ് പടരുന്നത് അടിയന്തിരമായി തടയുന്നതിന്റെ ഭാഗമായി ലോകമെമ്പാടുമുള്ള ജനങ്ങൾ തങ്ങളുടെ വ്യക്തിഗത സ്വാതന്ത്ര്യത്തിനും സഞ്ചാര സ്വാതന്ത്ര്യത്തിനും മുമ്പെങ്ങുമില്ലാത്ത വിധം കൂച്ചുവിലങ്ങിട്ടതിൽ അതിശയിക്കാനൊന്നുമില്ല. വൈറസ് തടയാനുള്ള ഇസ്രായേലിന്റെ നടപടികളും ഇക്കാര്യത്തിൽ വ്യത്യസ്തമല്ല.

എന്നാൽ ഇസ്രായേലിന്റെ കൊറോണ വൈറസ് പ്രതിരോധ നയങ്ങൾ ഫലസ്തീനികൾക്കെതിരായ സൈനിക സ്വേച്ഛാധിപത്യത്തെ ത്വരിതപ്പെടുത്തുകയും ഉയർത്തുകയും ചെയ്യുന്നു എന്ന കാര്യത്തിൽ വേറിട്ടു നിൽക്കുന്ന ഒന്നാണ്.

Also read: ഇത്‌ ശിക്ഷയല്ല ശിക്ഷണമാണ്‌

ഉദാഹരണത്തിന്, വെസ്റ്റ് ബാങ്കിന് പുറത്ത്, ‘ഇസ്രായേലിന്’ അകത്ത് യാതൊരു വിധ അവകാശ-സംരക്ഷണങ്ങളുമില്ലാതെ ജോലി ചെയ്യാൻ അനുവദിക്കപ്പെട്ടിട്ടുള്ള എണ്ണത്തിൽ പരിമിതരായ ഫലസ്തീനികൾക്ക് രണ്ടു മാസത്തോളം തങ്ങളുടെ കുടുംബങ്ങളെ കാണാൻ കഴിയില്ല. കാരണം ഇസ്രായേലിന്റെ വംശീയ ഭരണകൂടം അവരുടെ കുടുംബങ്ങൾക്ക് ഇസ്രായേലിൽ താമസിക്കാൻ അനുമതി നൽകുന്നില്ല.

ഇസ്രായേലി അധിനിവേശ സേന ഒരു ഫലസ്തീൻ തൊഴിലാളിയെ പുറത്താക്കുകയും, വെസ്റ്റ് ബാങ്കിലെ ഒരു റോഡിന് അരികിൽ ചെക്ക് പോസ്റ്റിനു അടുത്തായി വലിച്ചെറിയുകയും ചെയ്യുന്ന ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ ഈ ആഴ്ച പുറത്തുവന്നിരുന്നു. ഫലസ്തീൻ ജനതക്കെതിരായ ആക്രമണങ്ങൾ, രാത്രി സമയത്തെ അറസ്റ്റുകൾ, കൊലപാതകങ്ങൾ, മറ്റു പീഡനങ്ങൾ എന്നിവ ഇസ്രായേലി അധിനിവേശ സൈന്യം നിർബാധം തുടരുകയാണ്. ഇസ്രായേലി സൈനികർ ഇപ്പോൾ മാസ്ക് ധരിച്ചിട്ടുണ്ട് എന്നതാണ് ആകെയൊരു വ്യത്യാസം.

Also read: തഹജ്ജുദിലൂടെ നേടുന്ന നാല് കാര്യങ്ങള്‍

അതേസമയം, കോവിഡ് 19 പോസിറ്റീവ് സ്ഥിരീകരിച്ച ഇസ്രായേലി ജയിൽ തൊഴിലാളികളുമായി സമ്പർക്കം പുലർത്തിയ ഏതാനും ഫലസ്തീൻ തടവുകാരെ ക്വാറന്റൈൻ ചെയ്തിട്ടുണ്ടെന്ന് മനുഷ്യാവകാശ സംഘങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. തങ്ങളെ ബാധിക്കുന്ന മോശം വാർത്തകൾ മറച്ചുവെക്കാനും, സൂക്ഷ്മ പരിശോധനയിൽ നിന്നും രക്ഷപ്പെടാനുമുള്ള നല്ലൊരു അവസരമായി ഈ ആഗോള പ്രതിസന്ധി ഘട്ടത്തെ മനസ്സിലാക്കുന്ന ഭരണാധികാരികളും വിരളമല്ല.

പുതിയ ഭരണശക്തികൾ അധികാരത്തിൽ വന്നതിനാൽ, ഫലസ്തീനിലെ തങ്ങളുടെ നിയമവിരുദ്ധ സൈനിക അധിനിവേശം വിപുലീകരിക്കുന്നതിന് ഇസ്രായേലിന് പതിവിലും കൂടുതൽ സ്വാതന്ത്ര്യം ലഭിക്കുമോ?

പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ‘പ്രഥമ കൊറോണ വൈറസ് ഏകാധിപത്യ’ത്തിനു തുടക്കമിടുകയാണെന്ന് അടുത്തിടെ ഒരു ഇസ്രായേലി ലിബറൽ ആരോപണം ഉന്നയിച്ചിരുന്നു. ഇതൊരുപക്ഷേ അതിശയോക്തിപരമായിരിക്കാം, എന്നിരുന്നാലും, 1948 മുതൽക്ക് ഫലസ്തീനികൾക്കു മേൽ ഇസ്രായേൽ അടിച്ചേൽപ്പിക്കുന്ന യഥാർഥ സൈനിക ഏകാധിപത്യത്തെ കുറിച്ച് ഇസ്രായേലി ലിബറലുകൾ ഒരിക്കൽ പോലും ആശങ്ക പ്രകടപ്പിച്ചിട്ടില്ല.

Also read: വിശുദ്ധിയാണ് അവർക്ക് ഉത്തമം-2

അടുത്തിടെ നടന്ന മൂന്നാം ഘട്ട തെരഞ്ഞെടുപ്പിനു ശേഷം ഉടലെടുത്ത ഇസ്രായേലിന്റെ രാഷ്ട്രീയ പ്രതിസന്ധി ഇപ്പോൾ അവസാനിച്ചതായി തോന്നുന്നു. പ്രധാനപ്പെട്ട ഇസ്രായേലി പ്രതിപക്ഷ പട്ടിക പിളരുകയാണ്, പ്രതിപക്ഷ നേതാവ് ബെന്നി ഗാന്റ്സിന്റെ നേതൃത്വത്തിലുള്ള വിഭാഗം നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള ‘അടിയന്തിര’ ഐക്യ സർക്കാറിൽ ചേരും. അഴിമതി വീരനായ നെതന്യാഹു നയിക്കുന്ന ഒരു സർക്കാറിൽ ഒരിക്കലും ചേരില്ലെന്ന് പ്രതിജ്ഞ ചെയ്ത ആളാണ് ഈ ബെന്നി ഗാന്റ്സെന്ന് ഓർക്കണം.

ഒരിക്കൽ കൂടി നെതന്യാഹു അധികാരം അരക്കിട്ടുറപ്പിച്ചതോടെ, കൊറോണ വൈറസ് പ്രതിസന്ധിയുടെ മറവിൽ എന്തൊക്കെയായിരിക്കും അദ്ദേഹം നടപ്പിലാക്കുക? ഈ മാസം തുടക്കത്തിൽ ഇസ്രായേലി പാർലമെന്റിൽ അവതരിപ്പിക്കപ്പെട്ട, അധികമാരും ശ്രദ്ധിക്കാതെ പോയ ഒരു ബിൽ ചില കാര്യങ്ങൾ സൂചിപ്പിക്കുന്നുണ്ട്. നെതന്യാഹുവിന്റെ ലികുഡ് പാർട്ടിക്കാരാണ് പ്രസ്തുത ബില്ലിന്റെ അണിയറ ശിൽപ്പികൾ. വെസ്റ്റ് ബാങ്കിന്റെ വലിയൊരു ഭാഗം പിടിച്ചെടുക്കാനുള്ള ആഹ്വാനം ബിൽ മുന്നോട്ടു വെക്കുന്നുണ്ട്. ഈ ബിൽ പാസാക്കുന്നതിനു മുന്നിലെ തടസ്സങ്ങൾ പുതിയ ഇസ്രായേലി സർക്കാർ നീക്കുമെന്നാണ് കരുതപ്പെടുന്നത്.

1948-ൽ, 8 ലക്ഷത്തോളം ഫലസ്തീനികളെ ഇസ്രായേൽ ഫലസ്തീനിൽ നിന്നും ആട്ടിയോടിച്ചു. അറബ് അയൽരാജ്യങ്ങളുമായുള്ള യുദ്ധത്തെ ഉപയോഗിച്ച് ശ്രദ്ധതിരിച്ചുവിട്ടാണ് ഇസ്രായേൽ പ്രസ്തുത കൃത്യം നടപ്പിലാക്കിയത്. 1948നു മുമ്പു തന്നെ സയണിസ്റ്റ് മിലീഷ്യകൾ പതിനായിരക്കണക്കിനു വരുന്ന ഫലസ്തീനികളെ അവരുടെ സ്വന്തം ഭൂമിയിൽ നിന്നും ആട്ടിയോടിച്ചു കഴിഞ്ഞിട്ടുണ്ടായിരുന്നു. 1967ലെ യുദ്ധം മറയാക്കി, കൂടുതൽ ഫലസ്തീനികളെ പുറത്താക്കുകയും കൂടുതൽ അറബ് ഭൂമി ഇസ്രായേൽ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. നിലവിലെ പ്രതിസന്ധി മറയാക്കി, അത്തരം കുറ്റകൃത്യങ്ങൾ ആവർത്തിച്ച് കൈകഴുകി രക്ഷപ്പെടാൻ അവർക്കു കഴിയില്ലെന്ന് നമുക്ക് പ്രതീക്ഷിക്കാം.

വിവ.അബൂ ഈസ

Related Articles