Current Date

Search
Close this search box.
Search
Close this search box.

കോവിഡും പശ്ചിമേഷ്യയിലെ യുദ്ധ ഭീകരതയും

കഴിഞ്ഞ മൂന്നു മാസമായി ലോകം മുഴുവന്‍ കണ്ണും കാതും തുറന്ന് നോക്കുന്നത് കോവിഡ് എന്ന വൈറസിനെ സംബന്ധിച്ച വാര്‍ത്തകള്‍ക്കും വിശകലനങ്ങള്‍ക്കുമാണ്. ലോകത്തുടനീളം കൊറോണ എന്ന പേരുള്ള വൈറസ് പടര്‍ന്നു പന്തലിച്ച് മുഴുവന്‍ രാജ്യങ്ങളെയും ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുകയാണല്ലോ. ഏറ്റവും പുതിയ കണക്കനുസരിച്ച് ലോകത്താകമാനം എട്ടു ലക്ഷത്തിനടുത്ത് (799,998) പേരെയാണ് കോവിഡ് പിടികൂടിയത്. 38,748 പേരാണ് മരണത്തിനു കീഴടങ്ങിയത്. യൂറോപ്യന്‍ രാജ്യങ്ങളാണ് കോവിഡ് വ്യാപനത്തില്‍ ഏറ്റവും മുന്നിട്ടു നില്‍കുന്നത്. അമേരിക്ക,ഇറ്റലി,സ്‌പെയിന്‍,ചൈന,ജര്‍മനി,ഇറാന്‍,ഫ്രാന്‍സ്,ബ്രിട്ടന്‍,സ്വിറ്റ്‌സര്‍ലാന്റ് എന്നിങ്ങനെ പോകുന്നു അത്.

ഇതിനിടയിലും ‘പുര കത്തുമ്പോള്‍ വാഴ വെട്ടുന്ന’ നിലപാടെടുക്കുന്ന നിരവധി രാജ്യങ്ങളെയും നമുക്ക് കാണാനാകും. പതിറ്റാണ്ടുകളായി യുദ്ധ ഭീതിയില്‍ കഴിയുന്ന പശ്ചിമേഷ്യല്‍ രാജ്യങ്ങളിലും കോവിഡ് വൈറസ് ീതി പടര്‍ത്തി മുന്നേറുമ്പോള്‍ അടിസ്ഥാന ചികിത്സകള്‍ക്കുള്ള പ്രാഥമിക സൗകര്യങ്ങള്‍ പോലുമില്ലാതെ ബുദ്ധിമുട്ടുന്ന നിരവധി പശ്ചിമേഷ്യന്‍ രാജ്യങ്ങളുണ്ട്. അതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന രാജ്യങ്ങളാണ് ഫലസ്തീന്‍,സിറിയ,യെമന്‍,ഇറാഖ് എന്നിവ. ഇവിടങ്ങളിലെല്ലാം കോവിഡ് പിടിമുറുക്കുന്നതിനിടെ സാമ്പത്തികമായി തകര്‍ന്ന് ലോകത്തോട് സഹായത്തിനായി കേണപേക്ഷിക്കുന്നുണ്ട് ഈ രാജ്യങ്ങള്‍. എന്നാല്‍ ഇവിടങ്ങളില്‍ നിലനിന്നിരുന്ന ഉപരോധവും അധിനിവേശവും ഒട്ടും അയവില്ലാതെ കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് ഈ രാജ്യങ്ങള്‍ക്കു മേല്‍ ഉപരോധമേര്‍പ്പെടുത്തിയ രാജ്യങ്ങള്‍ ചെയ്യുന്നത്.

ഇതില്‍ ഏറ്റവും കഷ്ടത അനുഭവിക്കുന്നത് ഫലസ്തീനാണെന്ന് നമുക്ക് നിസ്സംശയം പറയാം.അവിടെ 117 പേര്‍ക്കാണ് ഇതിനകം കോവിഡ് സ്ഥിരീകരിച്ചത്. ഒരാള്‍ മരിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ കോവിഡ് ക്രമാതീതമായി പടര്‍ന്നു പിടിച്ചാല്‍ ചികിത്സിക്കാനുള്ള സൗകര്യങ്ങളോ ആശുപത്രികളോ ഡോക്ടര്‍മാരോ ഒന്നും തന്നെ ഫലസ്തീനില്‍ ഇല്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഇതിന്റെ ദുരിത വാര്‍ത്തകള്‍ ഓരോ ദിവസവും പുറത്തുവരുന്നുമുണ്ട്. ഇതിനെല്ലാം പുറമെയാണ് ‘കലക്കുവെള്ളത്തില്‍ മീന്‍ പിടിക്കുന്ന’ നിലപാടുമായി ഇസ്രായേലും അമേരിക്കയും മുന്നോട്ടു പോകുന്നത്. കോവിഡ് ഭീതിക്കിടയിലും ഫലസ്തീന്‍ മണ്ണ് പിടിച്ചെടുക്കാനുള്ള നടപടികളുമായി മുന്നോട്ടു പോകുകയാണ് ഇസ്രായേല്‍ സൈന്യവും ഭരണകൂടവും. ഫലസ്തീനുള്ള സഹായം വെട്ടിക്കുറച്ച നടപടി പുന:പരിശോധിക്കാനും ഈ സന്ദര്‍ഭത്തില്‍ യു.എസ് തയാറാവുന്നില്ല. ഇക്കാര്യമാവശ്യപ്പെട്ട് യു.എസ് സെനറ്റര്‍മാര്‍ രംഗത്തുവന്നിട്ടുണ്ട്.

സമാനമായ അവസ്ഥയാണ് സിറിയയും യെമനും ലിബിയയും നേരിടുന്നത്. യെമനില്‍ വര്‍ഷങ്ങളായി യുദ്ധ മുന്നണിയിലുള്ള ഇരു വിഭാഗവും തമ്മില്‍ കഴിഞ്ഞ ദിവസം കൂടി ഏറ്റുമുട്ടി. സിറിയയില്‍ 10 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത. 2 പേര്‍ മരിക്കുകയും ചെയ്തു. ലിബിയയില്‍ എട്ട് പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. ഇറാനിലാകട്ടെ അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധത്തില്‍ ബുദ്ധിമുട്ടുന്നതിനിടെയാണ് കോവിഡ് രാജ്യത്ത് അതിവേഗം വര്‍ധിക്കുന്നത്. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് മുന്നോട്ടുപോകുന്നത്. 44,605 പേര്‍ക്കാണ് ഇറാനില്‍ കോവിഡ് സ്ഥിരീകരിച്ചത്. 2898 പേരാണ് ഇവിടെ മരിച്ചത്.

യൂറോപ്യന്‍ രാജ്യങ്ങളില്‍ കോവിഡ് അതിവേഗം പടര്‍ന്നു പിടിക്കുമ്പോഴും അവര്‍ ദുര്‍ബലരായ പശ്ചിമേഷ്യന്‍ യുദ്ധ കലുഷിത രാജ്യങ്ങളോട് സ്വീകരിക്കുന്ന നിലപാട് പുനപരിശോധിക്കുന്നില്ല എന്നതാണ് വലിയ ക്രൂരത. അതിന് പകരം നിലപാട് കടുപ്പിക്കുകയാണ് അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ ചെയ്യുന്നത്. വരും ദിനങ്ങളിലെങ്കിലും മാനുഷിക പരിഗണനകളും ദയാവായ്പും ഇത്തരം ദുര്‍ബല രാജ്യങ്ങളോട് യൂറോപ്യന്‍ രാജ്യങ്ങള്‍ കാണിച്ചേക്കുമെന്ന് പ്രത്യാശിക്കാനേ ഇപ്പോള്‍ നമുക്ക് വകയുള്ളൂ.

Related Articles