Current Date

Search
Close this search box.
Search
Close this search box.

രോഗം,പ്രതിരോധം

ലോകം മുഴുവൻ ഒരു രോഗാണുവിന്റെ മുമ്പിൽ പകച്ചു നിൽക്കുകയാണ്. സമൂഹത്തിലെ എല്ലാ രംഗങ്ങളിലും പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന മനുഷ്യർ അവരുടെ നിസ്സഹായാവസ്ഥയെ തിരിച്ചറിഞ്ഞു കൊണ്ടിരിക്കുന്ന ദിവസങ്ങളാണ്. വഅള് പറയാൻ ഒരു മരണം മതി എന്ന് പറയാറുണ്ട്. ഇന്ന് ഉദ്ബോധകനായി ഒരു കൊറോണ വൈറസ് മതി. ആരും പ്രസംഗിക്കാതെ , എഴുതാതെ അത് ഓരോ മനുഷ്യനോടും സംവദിച്ചു കൊണ്ടിരിക്കുകയാണ്. അല്ലാഹു അവന്റെ തീരുമാനങ്ങൾ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു എന്ന് നമ്മൾ മനസ്സിലാക്കണം. ഇത്തരം സന്ദർഭങ്ങളിൽ രണ്ടു കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്.

1. നമുക്ക് സാധ്യമാകുന്ന പ്രതിരോധ പ്രവർത്തനങ്ങളും ചികിത്സകളും ചെയ്യുക.
2. പരിശുദ്ധ ഖുർആൻ നമുക്ക് നൽകുന്ന തിരിച്ചറിവുകളോടെ നാഥനോട് അങ്ങേയറ്റത്തെ ആത്മാർത്ഥതയോടു കൂടി പ്രാർത്ഥിക്കുവാൻ,വിശിഷ്യാ ഇസ്തിഗ്ഫാർ ചെയ്യുവാൻ സാധിക്കുക എന്നതാണ്.

റസൂൽ വളരെ കൃത്യതയോടെ പ്രതിരോധത്തിന്റെയും ചികിത്സയുടെയും കാര്യത്തിൽ നമുക്ക് ഉദ്ബോധനങ്ങൾ നൽകിയിട്ടുണ്ട്. നബി (സ) പറയുന്നു. إن الله لم ينزل داء إلا أنزل له شفاء فتداووا തീർച്ചയായും അല്ലാഹു ഒരു ഔഷധശമന(شفاء) മില്ലാതെ ഒരു രോഗത്തെയും ഇറക്കിയിട്ടില്ല. അതുകൊണ്ട് തന്നെ നിങ്ങൾക്ക് രോഗം ബാധിച്ചാൽ ചികിത്സയുടെ മാർഗ്ഗം സ്വീകരിക്കണമെന്ന് റസൂൽ പഠിപ്പിക്കുന്നു.

Also read: കൊറോണ കാലത്തെ ഭക്ഷണവും ആരോഗ്യവും

إذا سمعتم به بأرض فلا تقدموا عليه وإذا وقع بأرض وأنتم بها فلا تخرجوا فرارا منه
ഒരു പകർച്ചവ്യാധി ഉള്ള നാടിനെ കുറിച്ച് നിങ്ങൾ അറിഞ്ഞാൽ ആരും തന്നെ അങ്ങോട്ട് പോകുവാൻ ശ്രമിക്കരുത്. ആ പകർച്ചവ്യാധി ഉള്ള നാട്ടിലാണ് നിങ്ങളെങ്കിൽ ആ നാട് വിട്ട് പുറത്തു പോകരുതെന്നും റസൂൽ ബോധിപ്പിക്കുന്നു. ഇതെല്ലാം പ്രതിരോധവും ചികിത്സയുമായെല്ലാം ബന്ധപ്പെട്ട് പ്രവാചകൻ നൽകിയ ഉപദേശങ്ങളുടെ ലളിതമായ രൂപമാണ്.

താങ്കൾ അല്ലാഹുവിൻറെ ഖദറിൽ നിന്ന് ഒളിച്ചോടുകയാണോ എന്ന ചോദ്യത്തിന് മഹാനായ ഉമർ(റ) പറഞ്ഞത് :
نفر من قَدَر الله إلى قدر الله നമ്മൾ അല്ലാഹുവിൻറെ ഒരു ഖദറിൽ നിന്ന് മറ്റൊരു ഖദറിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. മാത്രമല്ല, ഒരു ഉദാഹരണവും അദ്ദേഹം വെളിപ്പെടുത്തി :നിങ്ങൾക്ക് ഒരു ഒട്ടകം ഉണ്ട്. ആ ഒട്ടകത്തെ മേയ്ക്കാൻ കൊണ്ടുപോകുമ്പോൾ രണ്ടു താഴ് വരകൾ കാണുകയാണ്. ഒന്ന് ഒരു ഊഷരമായ മരുഭൂമിയാണ്. മറ്റേത് ഒരു സസ്യശാമളമായ സ്ഥലമാണ്. നിങ്ങൾ ഏതാണ് തെരഞ്ഞെടുക്കുക? രണ്ട് തെരഞ്ഞെടുത്താലും അത് അല്ലാഹുവിൻറെ ഖദർ അല്ലേ എന്ന് ചോദിക്കുകയുണ്ടായി.

അല്ലാഹുവിൻറെ വഴിയിൽ ജീവിക്കുന്ന നമ്മൾ പ്രത്യേകമായി ശ്രദ്ധിക്കേണ്ട രണ്ട് കാര്യങ്ങളിൽ ഒന്നാണ് പ്രതിരോധവും ചികിത്സയും.
ആരോഗ്യ പ്രവർത്തകർ നമുക്ക് നൽകിക്കൊണ്ടിരിക്കുന്ന നിർദ്ദേശങ്ങളെ വളരെ രചനാത്മകമായി നമ്മൾ ചെയ്തിരിക്കണം. പള്ളിയിൽ വരികയും സംഘടിത നമസ്കാരങ്ങളിൽ ഏർപ്പെടുകയും,ജുമുഅയിൽ പങ്കെടുക്കുമ്പോഴും അവിടെയെല്ലാം ശ്രദ്ധിക്കേണ്ട ആരോഗ്യ ശീലങ്ങൾ ഉണ്ടെങ്കിൽ അതെല്ലാം ശ്രദ്ധിക്കുകയും, സൂക്ഷിക്കുകയും ചെയ്യേണ്ടതുണ്ട്. ‘എല്ലാം അല്ലാഹുവിൽ തവക്കുൽ ആക്കി;ഞങ്ങൾ ഒന്നും ചെയ്യേണ്ടതില്ല’എന്നൊരു തവക്കുൽ ഇസ്ലാമിലില്ല.

Also read: കൊറോണ മറയാക്കുന്ന ഇസ്രായേൽ

പള്ളിയിലേക്ക് വരുമ്പോൾ വീടുകളിൽ നിന്നും വുദു എടുത്തു വരണം എന്നതരത്തിലുള്ള ഒരുപാട് ആരോഗ്യ നിർദ്ദേശങ്ങളുണ്ട്.
ഒരുമിച്ചുകൂടിയിരുന്ന് ദീർഘനേരം സംസാരിക്കാനോ ഇടപഴകാനോ സാധ്യമല്ലാത്തവിധം സൂക്ഷിക്കേണ്ട ഒരു മഹാമാരി ആണ് ഇതെന്ന് ഉത്തരവാദപ്പെട്ടവർ പറഞ്ഞുകൊണ്ടിരിക്കുന്നു.

2. നാഥനോട് അങ്ങേയറ്റത്തെ ആത്മാർത്ഥതയോടു കൂടി നിരന്തരംപ്രാർത്ഥിക്കുവാൻ നമുക്ക് കഴിയണം.
രോഗങ്ങളെ പോലും ഒരു പോസിറ്റീവ് ആയി കാണുവാൻ വിശ്വാസിക്ക് ഒരുപാട് പ്രതലങ്ങൾ ഉണ്ട്. പരിശുദ്ധ ഖുർആനും തിരുസുന്നത്തും പരിശോധിച്ചു നോക്കിയാൽ മനസ്സിലാകും.

“ഒരു സത്യവിശ്വാസിയുടെ കാലിൽ ഒരു മുള്ള് തറച്ചാൽ.ആ മുള്ള് തറക്കുന്ന വേദന അവൻ സഹിക്കുമെങ്കിൽ, അത് അല്ലാഹുവിനെ ഓർത്ത് സഹനം അവലംബിച്ചുകൊണ്ടാണെങ്കിൽ അവന് അതൊരു പ്രതിഫലാർഹമായ കാര്യമാണെന്നും,അവൻറെ ജീവിതത്തിന്റെ താളുകളിൽ നിന്ന് രോഗങ്ങളുടെ ലിഖിതങ്ങൾ കൊഴിഞ്ഞു പോകുമെന്നും പ്രവാചകൻ പറഞ്ഞു.
كما تحت الشجرة ورقها എന്ന ഒരു ഉദാഹരണവും പറഞ്ഞു. ഒരു ഇലപൊഴിഞ്ഞ മരത്തെ പോലെ അയാളുടെ പാപങ്ങൾ കൊഴിഞ്ഞു പോകും. സ്വബ്റോടു കൂടി ആ സന്ദർഭങ്ങളെ അയാൾക്ക് നേരിടാൻ സാധിച്ചാൽ ഇലകൾ പൊഴിക്കുന്ന മരങ്ങളെ പോലെ അയാളുടെ പാപങ്ങൾ കൊഴിഞ്ഞുപോവുകയും ഒടുവിൽ അദ്ദേഹം പാപരഹിതനായി റബ്ബിന്റെ സമക്ഷം എത്തിപ്പെടുകയും ചെയ്യുന്നതാണ്.

Also read: ഇത്‌ ശിക്ഷയല്ല ശിക്ഷണമാണ്‌

രോഗം എന്നു പറയുന്നത് ഒരു പരീക്ഷണമാണ് പലപ്പോഴും ഒരു ശിക്ഷയുമാണ്. സത്യവിശ്വാസികളെ സംബന്ധിച്ചിടത്തോളം രോഗം ഒരു പരീക്ഷണമാണ്. അള്ളാഹു ഒരാളെ ഇഷ്ട്ടപ്പെട്ടാൽ,അല്ലെങ്കിൽ ഒരു സമൂഹത്തെ ഇഷ്ടപ്പെട്ടാൽ അവൻ അവരെ പരീക്ഷണങ്ങളുടെ കനൽ പഥങ്ങളിലൂടെ കടത്തി കൊണ്ടു പോകും. إذا أحب قوما ابتلاهم എന്ന് പ്രവാചകൻ പറയുകയുണ്ടായി.
അല്ലാഹു ഇഷ്ടപ്പെടുമ്പോഴും ഇത്തരം പരീക്ഷണങ്ങൾ വരാം. ആ പരീക്ഷണങ്ങളിലൂടെ അയാളിൽ ഒരു ശുദ്ധീകരണ പ്രക്രിയയായി പ്രവർത്തിച്ച് കൊണ്ട്,അല്ലാഹുവിങ്കൽ അയാൾ ഉന്നതമായ പദവികൾനേടിയെടുക്കും എന്നതാണ്. മഹാന്മാരായ പ്രവാചകന്മാരുടെ ചരിത്രം എടുത്തു പരിശോധിച്ചു നോക്കുക.

അയ്യൂബ് നബിയുടെ ജീവിതത്തിൽ ഭയങ്കരമായ പരീക്ഷണങ്ങൾ വന്നു. അവിടെ രോഗത്തിൻറെ പരീക്ഷണം ഉണ്ടായിരുന്നു എന്ന് വിശുദ്ധ ഖുർആനും സുന്നത്തും നമ്മെ പഠിപ്പിക്കുന്നു. അയ്യൂബ് നബിയുടെ മാരകമായ രോഗത്തിന്റെ വേദനക്കിടയിൽ എല്ലാവരും അദ്ദേഹത്തെ വിട്ടു പോവുകയാണ്. മക്കൾ മരിച്ചു പോവുകയാണ്. ഇത്തരം മരണങ്ങളെല്ലാം ദുർമരണങ്ങളാണല്ലോ എന്ന തരത്തിൽ പലപ്പോഴും പല അന്ധവിശ്വാസങ്ങളും നമ്മെ പിടികൂടാറുണ്ട്. എന്നാൽ പ്രവാചകൻ നമ്മെ പരിചയപ്പെടുത്തിയിട്ടുള്ളത് ദുർമരണം എന്നല്ല. മറിച്ച്,അത് ശഹാദത്ത് ആണ് എന്നാണ്.

ഹിജ്റ പതിനെട്ടാം കൊല്ലം നടന്ന വമ്പിച്ച ഒരു പകർച്ചവ്യാധി; പ്ലേഗ് പടർന്നു പിടിച്ചു കൊണ്ടിരിക്കുന്ന സന്ദർഭത്തിൽ അതിൽ മരണപ്പെടുന്നത് ഇരുപത്തയ്യായിരത്തോളം ആളുകൾ ആണ്. അതിൽ അള്ളാഹുവിന്റെ ഏറ്റവു പ്രിയപ്പെട്ട പ്രവാചകന്മാരുടെ ശിഷ്യന്മാർ ഉണ്ട് എന്ന് ഓർക്കേണ്ടതുണ്ട്.

Also read: വിശുദ്ധിയാണ് അവർക്ക് ഉത്തമം-2

മുആദുബ്നു ജബൽ (റ). ആരായിരുന്നു അദ്ദേഹം. നാളെ അന്ത്യനാളിൽ അല്ലാഹുവിൻറെ മുമ്പിൽ എഴുന്നേൽപിക്കപ്പെടുമ്പോൾ, ഈ ഉമ്മത്തിലെ ജ്ഞാനികളുടെ നേതാവ് അദ്ദേഹമായിരിക്കും. 33അല്ലെങ്കിൽ36വയസ്സിലാണ് അദ്ദേഹം മരിക്കുന്നത്.
കോളറ ബാധിച്ചുള്ള മരണമായിരുന്നു മുആദ് ബിൻ ജബലിന്റെത്. സാക്ഷാൽ പ്രവാചക സ്വഹാബത്തെന്ന് പറയുന്ന നക്ഷത്രങ്ങളുടെ നക്ഷത്രമായ മുആദുബ്നു ജബൽ (റ) ദുർമരണത്തിലൂടെയാണ് മരിച്ചതെന്ന് പറയരുത്. അദ്ദേഹത്തിൻറെ രണ്ടു കുട്ടികളും അതിലൂടെ മരിച്ചിട്ടുണ്ട്. ഈ ഉമ്മത്തിലെ വിശ്വസ്തൻ എന്ന് പ്രവാചകൻ പ്രശംസിച്ച അബൂഉബൈദ് (റ) അങ്ങനെയാണ് മരിക്കുന്നത്.
അല്ലാഹുവിൻറെ പ്രവാചകന്മാർക്കും പ്രവാചകന്മാരെ അനുധാവനം ചെയ്യുന്ന സ്വഹാബികൾക്കും ഇത്തരം വിധികൾ അല്ലാഹുവിൻറെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ടെങ്കിൽ അത് ഉയരെ കയറിപ്പോകാനുള്ള അവസരങ്ങൾ റബ്ബ് തരുകയാണ് എന്ന് തിരിച്ചറിയണം.

وَاذْكُرْ عَبْدَنَا أَيُّوبَ إِذْ نَادَىٰ رَبَّهُ أَنِّي مَسَّنِيَ الشَّيْطَانُ بِنُصْبٍ وَعَذَابٍ (നമ്മുടെ ദാസന്‍ അയ്യൂബിനെ ഓര്‍ക്കുക.അദ്ദേഹം തന്റെ റബ്ബിനോട്, ചെകുത്താന്‍ എന്നെ ദുരിതബാധിതനും പീഡിതനുമാക്കിയല്ലോ എന്നു കേണപ്പോള്‍) അല്ലാഹുവിന്റെ വഹിയ് ഉണ്ടാവുന്നു.
ارْكُضْ بِرِجْلِكَۖ هَٰذَا مُغْتَسَلٌ بَارِدٌ وَشَرَابٌ (നാം കല്‍പിച്ചു: നിന്റെ കാലുകൊണ്ട് മണ്ണില്‍ അടിക്കുക. ഇതാ, കുളിര്‍ജലം; കുളിക്കാനും കുടിക്കാനും.) ഈ വെള്ളത്തിൻറെ മരുന്ന് കൊടുക്കാതെയും അല്ലാഹുവിനെ ആ രോഗം മാറ്റാം. പക്ഷേ നിങ്ങൾക്ക് രോഗം വന്നാൽ ചികിത്സിക്കുവാൻ മടി കാണിക്കരുത് എന്ന് പറയാൻ വേണ്ടിയാണ് അല്ലാഹു അങ്ങനെ കൽപ്പിച്ചത് എന്ന തഫ്സീർ പണ്ഡിതന്മാർ ഉദ്ധരിക്കുന്നു.

വീണ്ടും റബ്ബ് പറയുന്നു. وَوَهَبْنَا لَهُ أَهْلَهُ وَمِثْلَهُم مَّعَهُمْ رَحْمَةً مِّنَّا وَذِكْرَىٰ لِأُولِي الْأَلْبَابِ
(അദ്ദേഹത്തിന്റെ കുടുംബങ്ങളെ നാം തിരിച്ചുകൊടുത്തു. അവരോടൊപ്പം അത്രതന്നെ വേറെയും .നമ്മില്‍നിന്നുള്ള അനുഗ്രഹമായിട്ട്;ബുദ്ധിയും വിവേകവുമുള്ളവര്‍ക്ക് പാഠമായിട്ടും) എല്ലാം അല്ലാഹു അദ്ദേഹത്തിന് തിരിച്ചു നൽകുകയും ചിന്തിക്കുന്നവർക്ക് ഒരു മാർഗദർശനമായും അള്ളാഹു പറയുകയാണ്.

وَجَدْنَاهُ صَابِرًاۚ نِّعْمَ الْعَبْدُۖ إِنَّهُ أَوَّابٌ (നാം അദ്ദേഹത്തെ ക്ഷമാശീലനെന്നു കണ്ടു. എത്ര ശ്രേഷ്ഠനായ ദാസന്‍! തന്റെ നാഥങ്കലേക്ക് അധികമധികം മടങ്ങുന്നവന്‍ ) ജീവിതത്തിൻറെ ആ നിർണായകമായ സന്ദർഭത്തിൽ അദ്ദേഹം ക്ഷമയോടെ ആ പരീക്ഷണത്തെ,വെല്ലുവിളികളെ നേരിട്ടു എന്ന് റബ്ബ് പഠിപ്പിക്കുന്നു. തൻറെ ദാസനെന്ന് പറയുന്നതിനപ്പുറം കോടിക്കണക്കിന് ദാസന്മാർക്കിടയിൽ എത്ര നല്ല നല്ല ദാസനാണ് (نِّعْمَ الْعَبْدُۖ :എത്ര ശ്രേഷ്ഠനായ ദാസന്‍) എന്ന് പ്രശംസിക്കാൻ മാത്രം ആ ദറജ കളിലേക്ക് കയറിപ്പോകാനുള്ള ഒരു മാർഗമായി ഇത്തരം പ്രതികൂലമായ കാലാവസ്ഥകളെ ഉപയോഗപ്പെടുത്തണം. ജീവിതത്തിലേക്ക് നമ്മൾ തിരിഞ്ഞു നോക്കണം.ജീവിതത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന അധർമ്മങ്ങളും അശ്ലീലങ്ങളുംഅക്രമങ്ങളും എല്ലാം പരിധി കഴിയുമ്പോൾ അല്ലാഹുഇത്തരം പരീക്ഷണങ്ങൾ കൊണ്ട് ഇടപെടുമെന്ന് പഠിപ്പിക്കുമ്പോൾ ഏറ്റവും പ്രധാനപ്പെട്ട പ്രാർത്ഥന ഇസ്തിഗ്ഫാർ ആയി മാറണം. ജീവിതത്തിലെ ഓരോ താളുകളിലേക്ക് തിരിഞ്ഞു നോക്കിക്കൊണ്ട് റബ്ബിനോട് നിരന്തരം ഇസ്തിഗ്ഫാർ ചെയ്യാൻ നമുക്ക് സാധിക്കണം.

നിങ്ങൾ ഇസ്തിഹ്ഫാർ ചെയ്യൂ അല്ലാഹു നിങ്ങൾക്ക് അനുഗ്രഹം തിരികെ തരുമെന്ന് ശൈഖുൽ അമ്പിയാഅ് നൂഹ് (അ) : فَقُلْتُ اسْتَغْفِرُوا رَبَّكُمْ إِنَّهُ كَانَ غَفَّارًا….. റബ്ബിനോട് മാപ്പിരക്കുവിന്‍. നിസ്സംശയം, അവന്‍ വളരെ മാപ്പരുളുന്നവനാകുന്നു .

തയ്യാറാക്കിയത് : റിജുവാൻ എൻ.പി

Related Articles