Your Voice

ഇത്‌ ശിക്ഷയല്ല ശിക്ഷണമാണ്‌

എത്രയെത്ര അരുവികളും ആരാമങ്ങളും മണിമേടകളുമാണ് അവര്‍ ഉപേക്ഷിച്ചു പോയത്! അവര്‍ ആസ്വദിച്ചുപോന്ന എന്തെല്ലാം ജീവിത ഐശ്വര്യങ്ങള്‍! ഒക്കെയും അവര്‍ പിറകില്‍ ഉപേക്ഷിച്ചുപോയി. ഇതത്രെ അവര്‍ക്കുണ്ടായ പര്യവസാനം. അവരുടെ വിഭവസമൃദ്ധിക്ക് നാം മറ്റൊരു ജനത്തെ അവകാശികളാക്കി. ആകാശമോ ഭൂമിയോ അവര്‍ക്കുവേണ്ടി കരഞ്ഞില്ല.അദ്ദുഖാന്‍ (ഖുര്‍‌ആന്‍)

ഒരു ജല ദോഷം വന്നാല്‍ നിശ്ചലമാകുന്ന ലോകമാണിത്‌.അഹങ്കാരിയായ മനുഷ്യനെ എത്ര സര്‍‌ഗാത്മകമായാണ്‌ അമ്പരപ്പിച്ച്‌ കളയുന്നത്.എല്ലാം വെട്ടിപ്പിടിച്ച്‌ ആസ്വദിക്കാനുള്ള മനുഷ്യന്റെ അത്യാര്‍‌ഥിയും അതിമോഹവും ക്ഷണം നേരം കൊണ്ട്‌ മണ്ണടിയുന്ന ചിത്രങ്ങള്‍.പൊയ്‌പോയ കാല ഘട്ടങ്ങളിലെ ചരിത്രകഥകള്‍ എത്ര ഹൃദയ സ്‌പര്‍‌ക്കായിട്ടാണ്‌ ഖുര്‍‌ആന്‍ പരാമര്‍‌ശിക്കുന്നത്.

ലോകത്ത്‌ പടര്‍‌ന്നു പിടിച്ച മഹാവ്യാധിയില്‍ നിന്നുള്ള മോചനത്തിനായി സാമുഹിക അകലം എന്ന ഒറ്റമൂലിയെ കുറിച്ചാണ്‌ പറയുന്നതും പ്രചരിപ്പിക്കുന്നതും.പക്ഷെ ശാരീരിക അകലം എന്നാണ്‌ ഇതിന്റെ താല്‍‌പര്യം.ഒരു വിധത്തിലുള്ള പക്ഷപാതിത്വങ്ങളും ഇല്ലാതെ മനുഷ്യന്‍ എന്ന സം‌ജ്ഞയില്‍ ആത്മീയമായി മാനസികമായി മനുഷ്യനെ ഓരുമിപ്പിക്കുകയാണ് ലോകരക്ഷിതാവായ തമ്പുരാന്‍.

വരും നാളുകള്‍ പ്രവചനാതീതമാണ്‌ എന്നതില്‍ ഒരു തര്‍‌ക്കവും ഇല്ല.ആഗോള രാഷ്‌ട്രീയ കാലാവസ്ഥയും,ദേശീയ അന്തര്‍ ദേശീയ അധികാര വ്യവസ്ഥയും സാമൂഹ്യ സാം‌സ്‌കാരിക രാഷ്‌ട്രീയാന്തരീക്ഷവും തുടങ്ങി എല്ലാം പ്രവചനാതീതം തന്നെ‌.ലോകം ഒരു ശിശിര കാലത്താണ്‌.ഇനി പുതിയൊരു ലോകവും ലോക ക്രമവും ആവശ്യമാകുന്ന കാലവും കാലാവസ്ഥയുമാണ്‌ വരാനിരിക്കുന്നത്‌.പാശ്ചാത്യ പൗരസ്‌ത്യ വം‌ശീയ വടം വലികള്‍‌ക്കും അപ്പുറമുള്ള മാനവിക മാനുഷിക ധാര്‍‌മ്മിക വിഭാവനകള്‍ പൂത്തുല്ലസിക്കുന്ന ഒരു വസന്തത്തിന്റെ അനിവാര്യത അടിവരയിടെപ്പെട്ടു കൊണ്ടിരിക്കുകയാണ്‌.മാനത്ത്‌ ഉരുണ്ടു കൂടിയ കാര്‍‌മേഘങ്ങളില്‍ മാരിവില്ലുകള്‍ ദൃശ്യമാണ്‌‌.

Also read: ഒഴിവ് സമയം ചിലവഴിക്കാന്‍ പത്ത് മാര്‍ഗ്ഗങ്ങള്‍

അണു ബോംബുള്ളവരും ഇല്ലാത്തവരും തമ്മിലുള്ള മഹാലോക യുദ്ധമല്ല. ലോകമെമ്പാടുമുള്ള മനുഷ്യരും സൂക്ഷ്‌‌മാണുക്കളില്‍ സൂക്ഷ്‌മങ്ങളായ രോഗാണുക്കളും തമ്മിലാണ്‌ യുദ്ധം പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത്.അതി സങ്കീര്‍‌ണ്ണമായ ഘട്ടത്തില്‍ അക്രമിക്കപ്പെടുന്നവര്‍ – ഇരകള്‍ ഒരുമിക്കുക എന്നത് സ്വാഭാവികമാണ്‌.എന്നാല്‍ ഇരകള്‍ ഒത്തൊരുമിച്ചിരിക്കുന്നത് പോലും വംശ നാശത്തിനു ഹേതുവാകും വിധമുള്ള യുദ്ധ തന്ത്രമാണ്‌ ഇവിടെ പയറ്റപ്പെട്ടിട്ടുള്ളത്.

പരസ്‌പരം അകന്നു നില്‍‌ക്കുക എന്നതാണ്‌ അതിജീവനത്തിനായി നിര്‍‌ദേശിക്കപ്പെട്ടിട്ടുള്ള രസതന്ത്രം.മനുഷ്യര്‍ പരസ്‌പരം തരം തിരിച്ച്‌ അകലാന്‍ കാണിച്ചു കൊണ്ടിരുന്ന മാത്സര്യത്തിനുള്ള കടു കടുത്ത തിരിച്ചടിയായും ഇതിനെ വിലയിരുത്താം.ആശയാദര്‍‌ശങ്ങളുടെ പേരില്‍,വീക്ഷണ വൈവിധ്യങ്ങളുടെ പേരില്‍,സാമുദായിക ജാതിമത വിവേചനങ്ങളുടെ പേരില്‍ സവര്‍‌ണ്ണ അവര്‍‌ണ്ണ തരം തിരുവുകളുടെ പേരില്‍,ഉയര്‍‌ന്നവരും താഴ്‌ന്നവരും എന്ന മിഥ്യാ സങ്കല്‍‌പങ്ങളുടെ പേരില്‍ എല്ലാം ഈ വാശി സകല സീമകളും കടന്ന്‌ ഉറഞ്ഞാടുകയായിരുന്നു.

എത്ര ദുര്‍‌ഘടമായ പ്രതിസന്ധിയും പുതു പുത്തന്‍ സാധ്യതകളാക്കാന്‍ വിശ്വാസികള്‍‌ക്ക്‌ കഴിയും. കഴിയണം.അങ്ങിനെ കഴിഞ്ഞാല്‍ ഈ അതിജീവന ജാഗ്രതാ കാലം ഒരു ശിക്ഷ എന്നതിനു പകരം ശിക്ഷണമായി പരിണമിക്കപ്പെടും.

മഹാമാരികള്‍ പടരുന്നതും കരുതല്‍ വാസം അനുഷ്‌ഠിക്കാന്‍ നിര്‍‌ബന്ധിതമകുന്ന പ്രത്യേക സാഹചര്യവും മനുഷ്യ ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്‌.രാജ്യാതിര്‍‌ത്തികള്‍ അടക്കുന്നതും ദേവാലയങ്ങള്‍ വിശിഷ്യാ മസ്‌ജിദുകളുടെ വാതിലുകള്‍ അടയുന്നതും ആദ്യത്തെ സം‌ഭവമൊന്നും അല്ല.മഹാമാരി പടര്‍‌ന്നാല്‍ വ്യാധി പിടിപെട്ട രാജ്യം വിടാതിരിക്കുക എന്നതാണ്‌ പ്രവാചകാധ്യാപനം.രോഗാണു പടര്‍‌ന്നിട്ടുള്ള രാജ്യത്തേക്ക്‌ പോകാതിരിക്കുക എന്നതും വിശ്വാസികള്‍‌ക്ക്‌ നല്‍‌കപ്പെട്ട പാഠമാണ്‌.ഇത്തരം കരുതല്‍ വാസത്തില്‍ മരണമടയുന്നവര്‍ രക്ത സാക്ഷികളാണെന്നും തിരുവചനങ്ങളിലുണ്ട്‌.

Also read: വിശുദ്ധിയാണ് അവർക്ക് ഉത്തമം-2

തിരക്കു പിടിച്ച ലോകത്ത് ഒന്നിനും സമയമില്ല എന്ന പല്ലവിയില്‍ മുഴുകിയിരുന്നവര്‍‌ക്ക്‌ വേണ്ടുവോളം സമയം ലഭിച്ചിരിക്കുന്നു.ഈ നിയന്ത്രണ കാലത്തെ ഫലപ്രദമായി ഉപയോഗപ്പെടുത്താനുള്ള അജണ്ടകള്‍ ഉണ്ടായിരിക്കണം.സമയ ക്രമങ്ങളും,പഠന മനനങ്ങളും,പ്രാര്‍‌ഥനാ നിഷ്‌ഠയും,ശുചിത്വ പാലനവും,ആരോഗ്യകരമായ കുടും‌ബ ചര്‍‌ച്ചകളും കൊണ്ട്‌ ഗൃഹാന്തരീക്ഷം സമ്പന്നമാകണം.മിതമായ ഭക്ഷണ ശീലത്തിലേയ്‌ക്ക്‌ മടങ്ങണം.അതിലുപരി ദൂര്‍‌ത്തും ദുര്‍വ്യയവും ഒഴിവാക്കാനും പരിശീലിക്കണം. അഥവാ ജിവിതത്തെ അടിമുടി മാറ്റിപ്പണിയാനുള്ള ഭജനകാലമായി ഈ കരുതല്‍ വാസത്തെ ഉപയോഗപ്പെടുത്തണം.

ഈ പരീക്ഷണ – ശിക്ഷണ കാലം പഠിക്കാനും പകര്‍ത്താനും ജീവിത ശൈലിയില്‍ മാറ്റമില്ലാതെ തുടരുന്ന ഒട്ടേറെ ദുശ്ശീലങ്ങളെ തൂത്തെറിയാനും കൂടുതല്‍ പ്രാര്‍‌ഥനാ നിര്‍‌ഭരമാകാനും നിര്‍‌ബന്ധാനുഷ്‌ഠാനങ്ങളും ഐശ്ചികമായ കര്‍‌മ്മങ്ങളും വര്‍‌ദ്ധിപ്പിക്കാനും ശ്രമിക്കുക.പുതിയ മനുഷ്യനായി ഉണര്‍‌ന്നെഴുന്നേല്‍‌ക്കുക.പുതിയ നാളും നാളെയും പുലരും എന്ന ശുഭ പ്രതീക്ഷയോടെ.പ്രാര്‍‌ഥനയോടെ.

Facebook Comments

അസീസ് മഞ്ഞിയില്‍

തൃശൂര്‍ ജില്ലയിലെ മുല്ലശ്ശേരി, രായം മരയ്ക്കാര്‍ വീട്ടില്‍ മഞ്ഞിയില്‍ ഖാദര്‍ - ഐഷ ദമ്പതികളുടെ പത്ത് മക്കളില്‍ ആറാമത്തവനായി 1959 ലാണ് ജനനം. ബ്ലോഗുകളില്‍ സജീവം.മാണിക്യച്ചെപ്പ് എന്ന കവിതാ സമാഹാരം 1992-ല്‍ പ്രതീക്ഷ തൃശ്ശൂര്‍ പ്രസിദ്ധീകരിച്ചു.പ്രവാസി നാടകക്കാരന്‍ അഡ്വ:ഖാലിദ് അറയ്ക്കല്‍ എഴുതി അവതരിപ്പിച്ച നാടകങ്ങള്‍ക്ക് വേണ്ടി ഗാനരചന നിര്‍വഹിച്ചിട്ടുണ്ട്‌‌.എ.വി എം ഉണ്ണിയുടെ ഉമറുബ്‌നു അബ്ദുള്‍ അസീസ് എന്ന ചരിത്രാഖ്യായികയ്ക്ക് വേണ്ടിയും ഗാനങ്ങളെഴുതി.ഹൈസ്‌ക്കൂള്‍ വിദ്യാഭ്യാസ കാലത്ത് എഴുതിയ ഗാനങ്ങള്‍ ആകാശവാണിയിലൂടെ;മര്‍‌ഹൂം കെ.ജി സത്താര്‍ ശബ്‌‌ദം നല്‍‌കിയിട്ടുണ്ട്‌.എണ്‍പതുകളില്‍ ബോംബെയില്‍ നിന്നിറങ്ങിയിരുന്ന ഗള്‍ഫ് മലയാളിയില്‍ നിന്നു തുടങ്ങി നിരവധി ഓണ്‍ലൈന്‍ മാഗസിനുകളിലും ആനുകാലികങ്ങളിലും എഴുതുന്നു.തനിമ കലാസാഹിത്യവേദി ഖത്തര്‍ ഘടകം മുന്‍ ഡയറക്ടര്‍.സി.ഐ.സി ദോഹ സോണ്‍ ദഅ‌വ സെക്രട്ടറി.റേഡിയോ പ്രഭാഷകന്‍. സുബൈറയാണ് ഭാര്യ. അകാലത്തില്‍ പൊലിഞ്ഞു പോയ അബ്‌സ്വാര്‍(മണിദീപം),അന്‍സാര്‍, ഹിബ, ഹമദ്, അമീന എന്നിവരാണ് മക്കള്‍. മരുമക്കള്‍:-ഷമീര്‍ മന്‍‌സൂര്‍ നമ്പൂരി മഠം,ഇര്‍‌ഫാന ഇസ്‌ഹാക്‌ കല്ലയില്‍.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker