Current Date

Search
Close this search box.
Search
Close this search box.

സിറിയയുടെ പിതാവ് അത്ത്വാർ ഇനിയില്ല..

പ്രഭാഷകൻ, എഴുത്തുകാരൻ, ചിന്തകൻ,സിറിയൻ നാടുകളിലെ പ്രസ്ഥാന പ്രവർത്തകർക്ക് പിതൃസമാനനുമായ ശൈഖ് ഇസ്വാം അത്ത്വാർ (1345-1445 AH / 1927-2024 CE)ഇന്നലെ രാവിലെ 25-9 – 45 AH /3 – 5 – 24 CE ന് അന്ത്യ ശ്വാസം വലിച്ചു. സിറിയയിലെ വളരെ പ്രസിദ്ധനായ പ്രഭാഷകൻ, സാഹിത്യകാരൻ, ബുദ്ധിജീവി, വിദ്യാഭ്യാസ വിചക്ഷണൻ, സിറിയൻ പാർലമെൻ്റ് മുൻ അംഗം, സിറിയയിലെ മുസ്ലീം ബ്രദർഹുഡിൻ്റെ മുൻ നിരീക്ഷകൻ എന്നിങ്ങനെ നിറ സാന്നിധ്യമായിരുന്നു അത്ത്വാർ . സിറിയൻ കൾച്ചറൽ ആൻഡ് മീഡിയ അഫയേഴ്‌സിൻ്റെ വൈസ് പ്രസിഡൻ്റായ ഡോ. നജാ അത്ത്വാറിൻ്റെ മുതിർന്ന സഹോദരനാണ് അദ്ദേഹം. പ്രസിദ്ധ പ്രഭാഷകയും എഴുത്തുകാരിയുമായിരുന്ന ബനാൻ തൻത്വാവിയായിരുന്നു അദ്ദേഹത്തിൻ്റെ ഭാര്യ. പരേതനായ ശൈഖ് അലി തൻത്വാവിയുടെ മകളായിരുന്ന ബനാൻ തൻത്വാവി 40 വർഷം മുമ്പാണ് കൊല്ലപ്പെട്ടത്.

അത്ത്വാർ തൻ്റെ രണ്ട് മക്കളായ ഹാദിയയ്ക്കും അയ്മനുമൊപ്പമായിരുന്നു അവസാന കാലത്ത് ജീവിച്ചിരുന്നത്. അദ്ദേഹത്തിൻ്റെ ചെറുമകൾ സിറിയൻ അവകാശ പ്രവർത്തക ഹുദ ആബ്ദീൻ ലോക പ്രസിദ്ധയാണ്. ഡോ മുസ്ത്വഫ സിബാഇക്കും അബൂ ഗുദ്ദക്കും ശേഷം സിറിയൻ ഇഖ്‌വാൻ്റെ മുന്നണിപ്പോരാളിയായിരുന്നു അത്ത്വാർ.

ആധുനിക സിറിയൻ വിപ്ലവത്തിൻ്റെ പശ്ചാത്തലത്തിൽ (1345AH / 1927CE) ഡമാസ്കസിലാണ് ശൈഖ് ഇസ്വാം ജനിച്ചത്. ശാഫിഈ ധാരയിലെ കർമ്മശാസ്ത്രപണ്ഡിതന്മാർ ,ഹദീസ് പണ്ഡിതന്മാർ എന്നിവരടങ്ങിയ പുരാതന പണ്ഡിത കുടുംബമാണ് ശാം പ്രദേശത്തെ അത്ത്വാർ കുടുംബം. നിരവധി നൂറ്റാണ്ടുകളായി ഡമാസ്കസിലെ ഉമയ്യ മസ്ജിദിൽ അധ്യാപനവും പ്രബോധനവും പാരമ്പര്യമായി സ്വീകരിച്ചവരായിരുന്നു അദ്ദേഹത്തിൻ്റെ പ്രപിതാക്കൾ. അവിടത്തെ വലിയ പള്ളിയിലെ ലൈബ്രറിയിൽ വല്ലിപ്പ കർമശാസ്ത്രപരവും ഭാഷാപരവുമായ അറിവിന്റെ ആദ്യാക്ഷരം പകർന്നു നൽകി. പിന്നീട് അതേ ഉമയ്യ മസ്ജിദിലെ ഖത്വീബായത് മൂന്നാം തലമുറയിലെ ശൈഖ് ഇസ്വാമായിരുന്നു.

അദ്ദേഹത്തിൻ്റെ പിതാവ് ശൈഖ് മുഹമ്മദ് റിദ അത്ത്വാർ പ്രസിദ്ധ പണ്ഡിതനും സിറിയൻ ജുഡീഷ്യറി അംഗവുമായിരുന്നു. ഖിലാഫത് വിഷയത്തിൽ സുൽത്വാൻ അബ്ദുൾ ഹമീദിൻ്റെ ഫാനും പിന്തുണക്കാരനുമായിരുന്നു പിതാവ് ശൈഖ് രിദ അത്ത്വാർ. ഫെഡറലിസ്റ്റുകൾക്കെതിരായ പോരാട്ടത്തിൽ പങ്കെടുത്ത അദ്ദേഹത്തെ സിറിയയിലെ ഗവർണറായ ജമാൽ പാഷ വധശിക്ഷക്ക് വിധിച്ചു. അതോടെ അവിടെ നിന്നും പലായനം ചെയ്ത് ജബലുൽ-അറബിലെ ഹൂറാൻ അറബ് ഗോത്രങ്ങൾക്കിടയിലും ദറൂസ് മലയിലുമായാണ് അദ്ദേഹം ഏറെക്കാലം ജീവിച്ചത്. ഒന്നാം ലോകയുദ്ധസമയത്ത് അദ്ദേഹം ഇസ്താംബൂളിലേക്ക് നാടുകടത്തപ്പെട്ടു.പിന്നീട് അദ്ദേഹം സ്വരാജ്യത്തേക്ക് മടങ്ങിയെത്തി. കുതിരസവാരിയിൽ ഏറ്റവും പ്രഗത്ഭനായ അദ്ദേഹം ഇബ്നു ഹിശാമിൻ്റെ ജീവചരിത്രം , നിയമശാസ്ത്രത്തിൻ്റെയും ഫിഖ്ഹിൻ്റെയും ഹദീസിൻ്റെയും നിരവധി പുസ്തകങ്ങളും കാണാതെ പഠിച്ച അദ്ദേഹത്തിന് ശക്തമായ ഓർമ്മശക്തിയും മധുരമായ ഭാഷയിലുള്ള സംസാരവുമായിരുന്നു. അവയെല്ലാം തന്നെ അനന്തരമെടുത്തത് കുടുംബത്തിലെ മൂന്നാം തലമുറയിലെ കണ്ണിയായ ശൈഖ് ഇസ്വാമായിരുന്നു.

വിശുദ്ധ ഖുർആൻ ശൈഖ് ഇസ്വാമിൻ്റെ തർബിയതിൻ്റെയും സംസ്‌കാരത്തിൻ്റെയും പ്രധാന ഭാഗമായിരുന്നു. വളരെ ചെറുപ്പത്തിലേ ഖുർആനോടൊപ്പം അൽഫിയ , മത്നു സുബദ് തുടങ്ങിയ ഗ്രന്ഥങ്ങൾ അദ്ദേഹം മനഃപാഠമാക്കി. ഇസ്ലാമിക പശ്ചാത്തലമുള്ള കുടുംബത്തിൽ വളർന്നത് അദ്ദേഹത്തിൻ്റെ അറബി ഭാഷയെ ഏറെ സ്വാധീനിച്ചു. കൂടാതെ മുസ്തഫ സാദിഖ് റാഫിഈ ത്വാഹ ഹുസൈൻ, അബ്ബാസ് മഹ്മൂദ് അഖ്ഖാദ്, അഹമ്മദ് ഹസൻ സയ്യാത് തുടങ്ങിയ അറബ് എഴുത്തുകാരെ അദ്ദേഹം ചെറുപ്പത്തി തന്നെ വായിച്ചിരുന്നു. സകി നജീബ് മഹ്മൂദ്, സാത്വി ഉൽ ഹുസ്രി, അഹ്മദ് അമീൻ, അലി അബ്ദുൽ വാഹിദ് വാഫി (ഇസ്ലാമിക് സോഷ്യോളജിയുടെ ഉപജ്ഞാതാവ്), ഖുസ്ത്വൻത്വീൻ സുറൈഖ്, സലാമ മൂസ, അബ്ദുൾ റഹ്മാൻ ബദവി തുടങ്ങിയ നിരവധി സാഹിത്യകാരന്മാരുടെ ഗ്രന്ഥങ്ങൾ തെരെഞ്ഞു പിടിച്ചു വായിക്കുന്നയാളായിരുന്നു ശൈഖ്. ഈ വായനയാണ് അദ്ദേഹത്തിലെ പ്രഭാഷകനെ ഉരുവപ്പെടുത്തിയത്.

കൗമാര പ്രായത്തിൽ തന്നെ നാട്ടിലെ സ്കൂളുകൾ സന്ദർശിച്ചു പ്രശ്നോത്തരി മത്സരങ്ങൾ സംഘടിപ്പിക്കുകയും അവസരം കിട്ടിയാൽ സ്കൂളിലെ കുട്ടികളോട് സംവദിക്കുകയും സുന്ദരമായ ശബ്ദത്തിലുള്ള പ്രഭാഷണം കേട്ട് കൂടിയിരിക്കുന്നവരെല്ലാം കയ്യടിക്കുമായിരുന്നു. ചെറുപ്പത്തിലേ തന്നെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.മുസ്ലീം ബ്രദർഹുഡ് രൂപീകരിച്ച സംഘടനകളിലൊന്നായ മുഹമ്മദ് നബിയുടെ യുവാക്കൾ ( ശബാബു മുഹമ്മദ്) എന്ന കൗമാര സംഘടനയുമായായിരുന്നു അദ്ദേഹത്തിൻ്റെ ആദ്യ ഇഖ്‌വാനി ബന്ധം. കൗമാരക്കാരെയും യുവാക്കളെയും അവർ ഇസ്ലാമിൻ്റെ അടിസ്ഥാനങ്ങൾ പഠിപ്പിച്ചു.അവർ ഏതെങ്കിലും പള്ളിയിൽ ഒരുമിച്ച് താമസിച്ചും ഭക്ഷണം കഴിച്ചും തഹജ്ജുദ് നമസ്കരിച്ചുമായിരുന്നു ആളുകളെ തർബിയത് നല്കി വളർത്തിയിരുന്നത്. അവരിലെ അത്യാവശ്യത്തിന് സംസാരിക്കാനാറിയുന്ന ചെറുപ്പക്കാർ വെള്ളിയാഴ്ച ദിവസങ്ങളിൽ പ്രഭാഷണം നടത്താൻ തൊട്ടടുത്ത ഗ്രാമങ്ങളിലേക്ക് പോവും. അങ്ങനെയാണ് തികവുറ്റ ഖത്വീബായി ശൈഖ് ഇസ്വാം സിറിയയിൽ വളർന്നത്.

അലെപ്പോയിലെ മറ്റ് നഗരങ്ങളിലെ ദാറുൽ അർഖമും ഹിംസിലും ഹമയിലും സമാനമായ യുവജന കൂട്ടായ്മകൾ ഉണ്ടായിരുന്നു. ഈ സംഘങ്ങൾ ഡോ. മുസ്ത്വഫ സിബാഈ ഈജിപ്തിൽ നിന്ന് മടങ്ങിവന്നതിന് ശേഷം ഏകോപിപ്പിക്കുകയായിരുന്നു. അതാണ് സിറിയൻ ഇഖ്‌വാൻ്റെ തുടക്കം. സിറിയയിൽ ഇഖ്‌വാൻ രൂപീകരിക്കപ്പെട്ടപ്പോൾ ശൈഖ് ഇസ്വാം അതിൻ്റെ സെക്രട്ടറി ജനറലായി തിരഞ്ഞെടുക്കപ്പെട്ടു.

1945-1946 കാലഘട്ടത്തിലാണ് ശൈഖ് ഇസ്വാം ഡോ. സിബാഇയെ കണ്ടുമുട്ടുന്നത്. അതിന് ശേഷം 1947 ൽ സിറിയൻ തിരഞ്ഞെടുപ്പ് നടന്നു. ശുക്രി അൽ-ഖുവത്‌ലി സിറിയൻ ദേശീയ പാർട്ടിയിൽ നിന്ന് പ്രത്യേക രാഷ്ട്രീയ പട്ടിക പുറത്തിറക്കി. തുടർന്ന് 1952 ൽ ഭരണകൂടത്തിൻ്റെ മതവുമായി ബന്ധപ്പെട്ട വിഷയത്തിൽ രാഷ്ട്രീയ ഭിക്ഷാംദേഹികളായ മതക്കാരും സിബാഇയും തമ്മിലുള്ള ബന്ധം വഷളായി. ഭരണകൂടത്തിൻ്റെ ഭരണഘടന ഇസ്‌ലാം ആകണമെന്നില്ല എന്നായിരുന്നു ‘പൊതു ‘ മത പരികല്പന എന്ന വാദമായിരുന്നു പാരമ്പര്യ മതക്കാർക്ക്. രാഷ്ട്രത്തിൻ്റെ മതം ഇസ്‌ലാം ആവണ മെന്നായിരുന്നു സിബാഈ പക്ഷം . രണ്ടു പക്ഷത്തേയും ഒരുമിച്ചിരുത്താനും മധ്യവർത്തിയാവാനും ശൈഖ് ഇസ്വാമിന് കഴിഞ്ഞു. തുടർന്ന് ചില പ്രധാനപ്പെട്ട രാഷ്ട്രീയ പ്രാധാന്യമുള്ള മീറ്റിംഗുകളിൽ പങ്കെടുത്തു.പിന്നീട് സിറിയയിൽ ഇഖ്‌വാൻ രൂപീകരിക്കപ്പെട്ടപ്പോൾ ശൈഖ് ഇസ്വാം അതിൻ്റെ സെക്രട്ടറി ജനറലായി തിരഞ്ഞെടുക്കപ്പെടാനുള്ള കാരണം ഡോ. സിബാഈയുമായുള്ള അഗാധ ബന്ധമായിരുന്നു.

1955 CE യിൽ സിറിയയിലെ പ്രമുഖ പണ്ഡിതന്മാരായ ശൈഖ് മുഹമ്മദ് മുബാറക്, ശൈഖ് മഅറൂഫ് ദവാലിബി, ഡോ. മുസ്തഫ സർഖാ എന്നിവരടങ്ങുന്ന എല്ലാ ഇസ്ലാമിക സാംസ്കാരിക സംഘടനകളും ഉൾപ്പെടെയുള്ള സിറിയൻ രാഷ്ട്രീയക്കാരും ഉൾപ്പെട്ട ഒരു സമ്മേളനം ഡമാസ്കസിൽ നടന്നു. ഈ സമ്മേളനത്തിൽ ഇസ്‌ലാമിക് കോൺഫറൻസ് ഓർഗനൈസേഷൻ്റെ സെക്രട്ടറി ജനറലായി ശൈഖ് അത്ത്വാറിനെ ഐകകണ്‌ഠേന തിരഞ്ഞെടുക്കുകയായിരുന്നു. അക്കാലത്ത് അദ്ദേഹം ഇഖ് വാൻ്റെ ലെജിസ്ലേറ്റീവ് ബോഡിയിലും എക്സിക്യൂട്ടീവ് ഓഫീസിലും ഇഖ്വാൻ്റെ ഡമാസ്കസ് ഓഫീസിലും അംഗമായിരുന്നുവെന്ന് അവർക്കെല്ലാമറിയാമായിരുന്നു. ഡോ. തൻത്വാവി, ഡോ.സിബാഈ എന്നിവരോടൊപ്പം യൂണിവേഴ്സിറ്റി മസ്ജിദിൽ മാറി മാറി ഖുതുബ നടത്തിപ്പോന്നു.

ആയിരക്കണക്കിന് ഗവേഷക വിദ്യാർത്ഥികളെയും അധ്യാപകരെയും കൊണ്ട് നിറഞ്ഞ ആ പള്ളിയിൽ പരമ്പരാഗത രീതിയിൽ മാത്രം ദീൻ പഠിച്ച ശൈഖ് ഇസ്വാം ശ്രദ്ധേയനായ ഖത്വീബായി. 1951-ൽ ശൈഖ് ഇസ്വാം ഏകാധിപതിയായ ശിശാ ക്‌ലിയുടെ സ്വേച്ഛാധിപത്യ ഭരണത്തെ ഖുത്വുബകളിലൂടെ ശക്തമായി ആക്രമിച്ചത് ഭരണകൂടത്തെ അദ്ദേഹത്തിനെതിരാക്കി. അദ്ദേഹത്തോടുള്ള അടുപ്പമുള്ളവർ അദ്ദേഹത്തെ ഈജിപ്തിലേക്ക് പോകാൻ നിർബന്ധിക്കുകയായിരുന്നു. ഉപരിസൂചിത ശിശാകലി ഇഖ്‌വാനെ ആഭ്യന്തരമായി തകർക്കാൻ നജീബ് ജുവൈഫിലിനെ പോലുള്ള ഗവൺമെൻ്റ് ഒറ്റുകാരെ ഇഖ്‌വാനിലേക്ക് റിക്രൂട്ട് ചെയ്യുകയും അത് പിന്നീട് സിറിയയിലെ ഇഖ് വാൻ്റെ ഭിന്നതയിലേക്കെത്തിക്കുകയും ചെയ്തു. ആ സമയത്തും അന്താരാഷ്ട്ര ഇഖ്‌വാൻ നേതാക്കളുടെ നേതൃത്വത്തോടൊപ്പം ശൈഖ് ഇസ്വാം ഉറച്ചു നിന്നു.

ശൈഖ് ഇസ്വാം ഈജിപ്തിലേക്ക്

ഈജിപ്തിലെ അദ്ദേഹത്തിൻ്റെ താമസകാലത്ത് ഇഖ്‌വാൻ നേതാക്കളായ ശൈഖ് ഹസനുൽ ഹുദൈബിയുമായും അബ്ദുൾ ഖാദർ ഔദയുമായും ഉള്ള നല്ല ബന്ധത്തിൻ്റെ ഫലമായി അദ്ദേഹം ആഗോള ഇഖ്‌വാൻ്റെ സ്റ്റിയറിംഗ് കമ്മിറ്റിയിൽ അംഗമായി. അദ്ദേഹം ഈജിപ്തിലെ ഇഖ്‌വാനുമായി വളരെ സജീവമായി സഹകരിച്ചു. അന്ന് കമ്മിറ്റിയുടെ റിപ്പോർട്ടർ അബ്ദുൾ അസീസ് കാമിൽ ആയിരുന്നു. അദ്ദേഹം താമസിച്ച അതേ കെട്ടിടത്തിൽ ശൈഖിന് താമസിക്കാൻ വീട് കണ്ടെത്തി. അക്കാലയളവിലാണ് സയ്യിദ് ഖുതുബ്, അൾജീരിയൻ പണ്ഡിതന്മാരുടെ തലവനായ ശൈഖ് ബശീർ അൽ-ഇബ്രാഹിമി, മഹാനായ അറബി പണ്ഡിതൻ ഡോ. മഹ്മൂദ് മുഹമ്മദ് ശാകിർ, ശൈഖ് അബ്ദുൽ വഹാബ് അസ്സാം എന്നിവരുൾപ്പെടെ നിരവധി വ്യക്തികളെ അദ്ദേഹം കണ്ടുമുട്ടി. ഈജിപ്തിലെ ജീവിതം വൈജ്ഞാനികമായി വളരെ സമ്പന്നമായിരുന്നു എന്ന് പറയാം. പിന്നീടുള്ള അദ്ദേഹത്തിൻ്റെ ജീവിതത്തെ സ്വാധീനിച്ചത് ഈ പണ്ഡിതരുമായുള്ള ആത്മബന്ധമായിരുന്നു.

സിറിയയിലേക്കുള്ള മടക്കം

സിറിയയിൽ ശൈഖ് ഇസ്വാമിൻ്റെ പിതാവിൻ്റെ അസുഖം രൂക്ഷമായിട്ടുണ്ടെന്നും മകനെ കാണാൻ ഉപ്പ ആഗ്രഹിക്കുന്നുണ്ടെന്നും ഉണർത്തി കൊണ്ട് ഭാര്യാ പിതാവ് ഡോ തൻത്വാവി അദ്ദേഹത്തിന് ടെലഗ്രാം ചെയ്തു. അങ്ങനെ അദ്ദേഹം ജന്മനാട്ടിലേക്ക് മടങ്ങി. ഏറെ വൈകും മുമ്പ് പിതാവ് മരിച്ചു.1954ൽ ഡോ ഹസനുൽ ഹുദൈബി സിറിയയിൽ സന്ദർശനം നടത്തി. ഈ യാത്രയിൽ മിക്കവാറും ദിവസങ്ങളിൽ അദ്ദേഹത്തെ അനുഗമിച്ചത് അത്ത്വാറായിരുന്നു. ശൈഖ് മുഹമ്മദ് അൽ ഹമീദ്, ഡോ. മുസ്തഫ സിബാഈ, ഡോ സയീദ് റമദാൻ എന്നിവരും പലപ്പോഴായി അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ഹസൻ അൽ ഹുദൈബിയുടെ സന്ദർശന വേളയിൽ, അറബ് രാജ്യങ്ങളിലെ ഓൾ ഇഖ്‌വാൻ എക്സിക്യൂട്ടീവ് ഓഫീസ് സ്ഥാപിച്ചു. ഡോ. മുസ്തഫ സിബാഇയും ശൈഖ് ഇസ്വാമുമായിരുന്നു സിറിയയെ പ്രതിനിധീകരിച്ചത്.

ഉപരിസൂചിത ശിശാകലി ഇഖ്‌വാനെ ആഭ്യന്തരമായി തകർക്കാൻ നജീബ് ജുവൈഫിലിനെ പോലുള്ള ഗവൺമെൻ്റ് ഒറ്റുകാരെ ഇഖ്‌വാനിലേക്ക് റിക്രൂട്ട് ചെയ്യുകയും അത് പിന്നീട് സിറിയയിലെ ഇഖ് വാൻ്റെ ഭിന്നതയിലേക്കെത്തിക്കുകയും ചെയ്തു. ജോർദാൻ, കുവൈത് , ഈജിപ്ത് എന്നിവിടങ്ങളിൽ വരെ അയാളുടെ കരാള ഹസ്തങ്ങൾ എത്തുകയുണ്ടായി. ആ സമയത്തും അന്താരാഷ്ട്ര ഇഖ്‌വാൻ നേതാക്കളുടെ നേതൃത്വത്തോടൊപ്പം ശൈഖ് ഇസ്വാമുണ്ടായിരുന്നു. പിന്നീട് സിറിയയിൽ ഇഖ് വാൻ്റെ പ്രവർത്തനങ്ങൾ നിരോധിക്കുന്നതിലേക്ക് നജീബ് ജുവൈഫിലിൻ്റെ കുത്തിത്തിരിപ്പ് വഴിവെച്ചു.ശിശകലിയെ ബുദ്ധിപരമായി നിരന്തരം അക്രമിക്കുന്ന രീതിയിലാണ് ശൈഖ് ഇസ്വാം മുന്നോട്ട് പോയത്.

1956-ൽ, ഇസ്‌ലാമിക പഠന പാഠ്യപദ്ധതി അവലോകനം ചെയ്യുന്നതിനായി സിറിയൻ സർവകലാശാല ഡോ. സിബാഇയെ യൂറോപ്പിലേക്ക് അയച്ച ഘട്ടത്തിൽ ശൈഖായിരുന്നു സിറിയയിലെ ഇഖ് വാൻ്റെ കൺട്രോളർ . അദ്ദേഹത്തിൻ്റെ പ്രദേശം (അലെപ്പോ ) എക്സിക്യൂട്ടീവ് ഓഫീസും ഇതിനായി സ്ഥാപിതമായി.

അറബ്-പാശ്ചാത്യ രാജ്യങ്ങളിൽ നിന്നുള്ള നിരവധി ഗൂഢാലോചനകൾക്ക് ലിബറൽ – ഇടത് കക്ഷികൾ സിറിയയെ ലക്ഷ്യം വച്ചതിനാൽ ജനകീയ പ്രതിരോധം ഉയർന്നു. സലാഹ് അൽ-ബസ്‌റയുടെ നേതൃത്വത്തിൽ തുർക്കിയെയും ബാഗ്ദാദ് ഉടമ്പടി രാജ്യങ്ങളെയും നേരിടാനാണ് ഈ ചെറുത്തുനിൽപ്പ് രൂപപ്പെട്ടത്, അതിൻ്റെ അപ്രഖ്യാപിത ലക്ഷ്യം ഇഖ്വാനെ ഇല്ലാതാക്കുക എന്നതായിരുന്നു. കമ്മ്യൂണിസ്റ്റുകാരും പട്ടാളവും ഇൻ്റലിജൻസും ഇതിന് സകലമാന പിന്തുണയും സഹായവും പ്രോത്സാഹനവും നൽകി. സിറിയൻ റിപ്പബ്ലിക്കിൻ്റെ പ്രസിഡൻ്റായിരുന്ന ശുക്രി ഖുവത്‌ലിയെ ഒരിക്കൽ ശൈഖ് സന്ദർശിക്കുകയും ജനകീയ പ്രതിരോധത്തിൻ്റെ കാര്യങ്ങളും അതിൻ്റെ ലക്ഷ്യങ്ങളും വിശദീകരിക്കുകയും ചെയ്തു.പക്ഷേ അദ്ദേഹത്തിന് അതിനെ പ്രതിരോധിക്കാൻ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. തുടർന്ന് ഫഖ്‌രി ബാറൂദിയുടെ സാന്നിധ്യത്തിൽ പോപ്പുലർ റെസിസ്റ്റൻസ് നേതാവ് സലാഹി ബസ്‌റയുമായി കൂടിക്കാഴ്ച നടത്തുകയും സിറിയയിൽ കമ്മ്യൂണിസം സ്വീകരിക്കുന്ന ഏത് നടപടിക്കെതിരെയും മുന്നറിയിപ്പ് നൽകുകയും ചെയ്യുവാൻ ശൈഖ് ഇസ്വാം അവസരം കണ്ടെത്തി.

1957 ൽ നടന്ന ദേശീയ തെരഞ്ഞെടുപ്പിൽ ഇഖ്വാൻ മത്സരിക്കാൻ തീരുമാനിച്ചതിനെ തുടർന്ന് ഡോ. സിബാഈ നാമനിർദ്ദേശം ചെയ്യപ്പെടുകയും പ്രസ്തുത രാഷ്ട്രീയ പ്രവേശത്തെ റിയാദ് മാലികി എന്ന യുവ നേതാവ് എതിർക്കുകയും ചെയ്തു.ഇത് ചരിത്രപരവും വിനാശകരവുമായ തിരഞ്ഞെടുപ്പായിരുന്നുവെന്നും സിറിയൻ ഇഖ് വാൻ ചെയ്ത ഏറ്റവും വലിയ തെറ്റുകളിൽ ഒന്നായിരുന്നു എന്നാണ് നിരീക്ഷണം .സിബാഈയുടെ പക്ഷാഘാതമായിരുന്നു ഈ ദുരന്തത്തിൻ്റെ ട്രാജഡി . ദേശീയ നേതൃത്വത്തോടൊപ്പം പിന്തുണയുമായി ശൈഖ് ഇസ്വാം ആദ്യാവസാനം നിലയുറപ്പിച്ചു. ഇഖ്‌വാൻ ജനാധിപത്യ, പാർലമെൻ്ററി അടിസ്ഥാനത്തിൽ ദേശീയ രാഷ്ട്രീയത്തിൽ തത്വത്തിൽ അംഗീകരിച്ചു കഴിഞ്ഞിരുന്നു. ഈജിപ്ഷ്യൻ മോഡൽ ഇഖ്‌വാനായിരുന്നു ഔദ്യോഗിക ഇഖ്വാൻ നിലപാട്. ഈജിപ്റ്റിലെ ഇഖ്‌വാനും അതേ സമയം അത്തരത്തിലുള്ള നിലപാടിലേക്കെത്തി കഴിഞ്ഞിരുന്നു. എന്നാലും ഗമാൽ അബ്ദുന്നാസിറിൻ്റെ പ്രേതം ഈജിപ്റ്റിലും സിറിയയിലും ഇഖ്‌വാനെ പിരിച്ചു വിടാൻ തീരുമാനിച്ചു കഴിഞ്ഞിരുന്നു. ഡോ.സിബാഈ തൻ്റെ യാത്ര കഴിഞ്ഞ് തിരിച്ചെത്തി ഗ്രൂപ്പിൻ്റെ പിരിച്ചുവിടൽ ഔദ്യോഗികമായ് പ്രഖ്യാപിച്ചു.  ഈജിപ്തിനെതിരായ ത്രികക്ഷി ആക്രമണത്തിൽ സിറിയയിലെ ഇഖ്‌വാൻ ഈജിപ്തിലെ ഇഖ്വാനെ പിന്തുണക്കുകയായിരുന്നു.

ഇക്കാലയളവിൽ ഈജിപ്റ്റിലും സിറിയയിലും രാഷ്ട്രീയ പാർട്ടികൾ പിരിച്ചുവിടപ്പെട്ടു. ഇഖ്വാൻ പിരിച്ചുവിടപ്പെടുകയും സംഘടിത പ്രസ്ഥാനമെന്ന അവസ്ഥ അതോടെ അവസാനിക്കുകയും ചെയ്തു. ചില പഴയ പ്രവർത്തകർ ഗമാൽ അബ്ദുൾ നാസർ സ്ഥാപിച്ച ദേശീയ യൂണിയനിലേക്ക് പോയി. അബ്ദുൽ നാസറിനെ അവർ വിശുദ്ധീകരിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്ത ആ സന്നിഗ്ദ ഘട്ടത്തിൽ ശൈഖ് ഇസ്വാം തൻ്റെ ഒരു വെള്ളിയാഴ്ച ഖുതുബയിൽ തൻ്റെ പാത ഐക്യത്തിൻ്റെ പാതയാണെന്നും അത് അബ്ദുൽ നാസറിൻ്റെയും സ്വേച്ഛാധിപത്യത്തിൻ്റെയും ദേശീയ യൂണിയൻ്റെയും പാതയ്ക്ക് വിരുദ്ധമാണെന്നും പ്രഖ്യാപിച്ചു. യൂണിവേഴ്സിറ്റി മസ്ജിദിലെ അദ്ദേഹത്തിൻ്റെ പ്രഭാഷണങ്ങൾ ആഗോള ഇഖ്‌വാനികളെ തമ്മിൽ ബന്ധിപ്പിക്കുന്ന അനൗദ്യോഗിക ത്രെഡായിരുന്നു. ഈ വേദി അധികാരികളെ അക്ഷരാർഥത്തിൽ ഞെട്ടിക്കുന്നതായിരുന്നു . അദ്ദേഹത്തിൻ്റെ ഖുതുബക്കെതിരെ രണ്ടു രാജ്യത്തെയും ഇൻ്റലിജൻസ് കൃത്യമായി നിരീക്ഷിക്കുന്നുണ്ടായിരുന്നു. ജനപിന്തുണ ഇല്ലായിരുന്നുവെങ്കിൽ അദ്ദേഹത്തിന് ഈ നിലപാട് പരസ്യമായി സ്വീകരിക്കാൻ കഴിയുമായിരുന്നില്ല.

ഈജിറ്റ്, സിറിയൻ വിഷയങ്ങളിൽ ആഗോള ഇഖ്വാൻ്റെ നിലപാട് പ്രാദേശിക രാഷ്ട്രീയ പാർട്ടികളുടെ നിലപാടിൽ നിന്നും വ്യത്യസ്തമായിരുന്നു. തുടർന്ന് നടന്ന തെരെഞ്ഞെടുപ്പിൽ സിറിയൻ റിപ്പബ്ലിക്കിൻ്റെ പ്രസിഡൻ്റായി നാസിം ഖുദ്‌സി തിരഞ്ഞെടുക്കപ്പെട്ടു, മന്ത്രിസഭ രൂപീകരിക്കാൻ അവർ ശൈഖ് ഇസ്വാമിനോട് ആവശ്യപ്പെട്ടു, പക്ഷേ അദ്ദേഹമത് വിസമ്മതിക്കുകയായിരുന്നു. ഏതാനും മാസങ്ങൾക്ക് ശേഷം, സിറിയയിൽ ഒരു രാഷ്ട്രീയ അട്ടിമറി നടന്നു, അവർ രാഷ്ട്രത്തലവനെയും പ്രധാനമന്ത്രിയെയും അറസ്റ്റ് ചെയ്യുകയും സിറിയയിൽ അധികാരം ഏറ്റെടുക്കുന്നതിൽ പങ്കെടുക്കാൻ ശൈഖ് ഇസ്വാം ഉൾപ്പെടെ 13 പേരെ ക്ഷണിക്കുകയും ചെയ്തു.

ശൈഖത് വിസമ്മതിക്കുകയും പരിഹാരമെന്ന നിലയിൽ റിപ്പബ്ലിക്കിൻ്റെ പ്രസിഡൻ്റിനെ ആ സ്ഥാനത്തേക്ക് തിരികെ കൊണ്ടുവരാൻ അവരോട് ആവശ്യപ്പെടുകയും ചെയ്തു. മന്ത്രിസഭ രൂപീകരിക്കാൻ ബശീർ അസ്മയെ ചുമതലപ്പെടുത്താൻ അവർ അദ്ദേഹത്തെ നിർബന്ധിച്ചു.അസ്മ ഒരു കമ്മ്യൂണിസ്റ്റായതിനാൽ സിറിയൻ മന്ത്രിസഭ രൂപീകരിക്കാൻ യോഗ്യനല്ല എന്ന നിലപാടിൽ ശൈഖ് ഉറച്ചു നിന്നു. തുടർന്ന് നടന്ന ചർച്ചയിൽ നാല് മന്ത്രിമാരുടെ പേര് നിർദ്ദേശം നൽകാൻ അനുരഞ്ജന ചർച്ചയിൽ ഭരണഘടനാ ഭേദഗതി കമ്മിറ്റി വാഗ്ദാനം ചെയ്തെങ്കിലും ശൈഖ് അതും വിസമ്മതിച്ചു. തുടർന്ന് ജനകീയത നഷ്ടപ്പെട്ട ബശീർ അസ്മയുടെ സർക്കാർ രാജിവയ്ക്കാൻ നിർബന്ധിതരാവുകയായിരുന്നു.

പശ്ചിമ ജർമനിയിലെ പ്രസിദ്ധ നഗരമായ ആഹ്ഹനിൽ രോഗബാധിതനായി കഴിയുകയായിരുന്ന ശൈഖ് ഹിജ്റ കലണ്ടർ പ്രകാരം ഒരു നൂറ്റാണ്ട് പൂർത്തിയാക്കിയാണ് ഈ ലോകത്തോട് വിടപറഞ്ഞത്.

ഗ്രന്ഥങ്ങൾ:
കലിമാത് (മുഖമൊഴികൾ) 2 വാള്യം
മിൻ ബഖായൽ അയ്യാം (ആത്മകഥ) 2 വാള്യം
അത്തിൽ മീദു ന്നാശിഉ വ ശൈഖുൽഹകീം
(വിദ്യാഭ്യാസ ചിന്തകൾ)
സൗറതുൽ ഹഖ്, റഹീൽ ( കവിതകൾ )
ഫലസ്തീൻ ചരിത്രം (آراء ومواقف في قضية فلسطين)
സിറിയൻ ജനതയോട് ( سطور من رسالة إلى الإخوة الأحبة في الشام)
തുടങ്ങി നിരവധി പുസ്തകങ്ങൾ ശൈഖ് ഇസ്വാമിൻ്റെതായി പ്രസിദ്ധീകൃതമായിട്ടുണ്ട്

അദ്ദേഹത്തിൻ്റെ എഴുത്തുകളുടെ ചില മാതൃകകൾ:

يا إخوةَ الهدَفِ العتيدِ
وإخوةَ الدّرْبِ العتيدِ
هيَّا فَقَدْ آنَ الأوانُ
لموْلِدِ الْفَجْرِ الْجَدِيدِ
ഭാവി ലക്ഷ്യത്തിൻ്റെ സഹോദരന്മാരേ ,
സത്യ പാതയിലെ സഹോദരങ്ങളേ,
വരൂ, സമയമായി
പുതിയ പുലരിയുടെ പിറവിക്കായി.

بعض الناس فقدوا نعمة الحرية، والشوق إِليها، والقدرة على الحياة بها، فهم يتنقلون من سيّد إِلى سيّد، ومن نِير إِلى نِير .. سيّدٍ يُسَخّرهم بالخوف والسوط، وسيدٍ يسخرهم بالطمع والفُتات، وهم عبيد، بل شرّ من العبيد، في كلتا الحالتين
ചില ആളുകൾക്ക് സ്വാതന്ത്ര്യത്തിൻ്റെ അനുഗ്രഹവും അതിനുള്ള ആഗ്രഹവും അതിനോടൊപ്പം ജീവിക്കാനുള്ള കഴിവും തീരെ നഷ്ടപ്പെട്ടു. അവർ ഒരു മുതലാളിയിൽ നിന്നു മറ്റൊരു മുതലാളിയിലേക്കും ഒരു നുകത്തിൽ നിന്ന് മറ്റൊരു നുകത്തിലേക്കും നീങ്ങിക്കൊണ്ടിരിക്കുന്നു.

അവലംബം :
1- അൽ ജസീറ 3-5- 24
2- വിക്കിപ്പീഡിയ

Related Articles