Current Date

Search
Close this search box.
Search
Close this search box.

ഒഴിവ് സമയം ചിലവഴിക്കാന്‍ പത്ത് മാര്‍ഗ്ഗങ്ങള്‍

“Short as life is, we make it shorter still by the careless waste of time” Victor Hugo
ജീവിതം തന്നെ ചെറുതാണ്. അശ്രദ്ധമായി സമയം പാഴാക്കുന്നതിലൂടെ നാം വീണ്ടും അതിനെ കൂടുതല്‍ ചെറുതാക്കുകയാണ് ചെയ്യുന്നത്. -വിക്ടര്‍ ഹ്യൂഗോ

ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട കാര്യം സമയവും ആരോഗ്യവുമാണ്. നമുക്ക് ലഭിക്കുന്ന ഒഴിവ് സമയവും നമ്മുടെ ആരോഗ്യവും ഏറ്റവും ഫലപ്രദമായി ചിലവഴിക്കുമ്പോഴാണ് ജീവിതത്തില്‍ വിജയിക്കാന്‍ കഴിയുന്നതെന്ന കാര്യത്തില്‍ സംശയമില്ല. പ്രവാചകന്‍ പറഞ്ഞു: രണ്ട് അനുഗ്രങ്ങള്‍. അധിക ആളുകളും അതിനെ കുറിച്ച് വിസ്മൃതരാണ്. അതത്രെ ആരോഗ്യവും ഒഴിവ് സമയവും. നമ്മുടെ ഒഴിവ് വേളകള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നില്ലങ്കില്‍, പിന്നീട് ഖേദിക്കേണ്ടിവരും.

ഏകാന്തവാസം ഒരു പീഡന കാലമായിട്ടാണ് പലര്‍ക്കും അനുഭവപ്പെടുന്നത്. പുറംലോകത്ത് സജീവമായി വിഹരിച്ചിരുന്നവരെ പെട്ടെന്നൊരു സുപ്രഭാതത്തില്‍ ഏകാന്തതടവുകാരനായി കഴിയുമ്പോഴുള്ള പ്രയാസം ഊഹിക്കാവുന്നതേയുള്ളൂ. ക്വാറന്‍റയിന്‍നില്‍ ഇരിക്കുന്ന ഓരോ ദിവസവും കഴിഞ്ഞ കാല ജീവിതത്തെ കുറിച്ച് വിലയിരുത്തുന്നതിനും ഭാവിയില്‍ എന്ത് ചെയ്യണമെന്ന് മുന്‍കൂട്ടി ആസൂത്രണം ചെയ്യുന്നതിനും നീക്കിവെക്കാം.

Also read: തുർക്കി സ്ത്രീകൾ കൊറോണയെ അഭിമുഖീകരിച്ച വിധം

നാം ഇവിടെ ജീവിച്ചിരുന്നു എന്നതിന് ഒരു തൂവലെങ്കിലും അവശേഷിപ്പിക്കാന്‍ കഴിയുന്നില്ലങ്കില്‍ പിന്നെ ആ ജീവിതം കൊണ്ട് എന്ത് അര്‍ത്ഥമാണുള്ളതെന്ന് ഈ കൊറോണ വൈറസ് കാലത്തെങ്കിലും നാം ചിന്തിക്കേണ്ടിയിരിക്കുന്നു. ഇപ്പോള്‍ ലഭിച്ച ഒഴിവ് വേളകള്‍ ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെയുള്ള രസാസ്വദനത്തിന് വേണ്ടി മാത്രം നീക്കിവെക്കാതെ താഴെ പറയുന്ന പത്ത് കാര്യങ്ങള്‍ക്ക് നിക്ഷേപിച്ചാല്‍ അത് വലിയ പുണ്യ കര്‍മ്മമായിത്തീരുകയും നമ്മുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ക്ക് നിമിത്തമാവുകയും ചെയ്യും.

1. ഖുര്‍ആന്‍ പാരായണം ചെയ്യാനും പഠിക്കാനും ചിന്തിക്കാനും പ്രവര്‍ത്തികമാക്കാനും പ്രചരിപ്പിക്കാനും കിട്ടിയ അസുലഭ സന്ദര്‍ഭമായി ഈ നിമിഷങ്ങളെ ഉപയോഗപ്പെടുത്തുകയാണെങ്കില്‍ അതിനെക്കാള്‍ ലാഭകരമായ ഒരു കച്ചവടവും ഈ ഭൂമിയിലില്ല. നിങ്ങളില്‍ ഏറ്റവും ഉത്തമര്‍ ഖുര്‍ആന്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവരാണെന്ന പ്രവാചകന്‍റെ വചനം നമുക്ക് ഇതിന് പ്രചോദനമാവേണ്ടതാണ്. ഈ ഒഴിവ് വേള ജീവിതത്തിലുള്ള അവസാനത്തെ ഒഴിവ് വേളയാണെന്ന് കരുതി ഫുള്‍ എനര്‍ജിയോട് കൂടി ഖുര്‍ആന്‍ പഠനത്തിന് തുടക്കം കുറിക്കാം.

2. ഒഴിവ് സമയങ്ങളില്‍ അല്ലാഹുവിനേയും അവന്‍റെ ദൃഷ്ടാന്തങ്ങളേയും കുറിച്ചുള്ള സ്മരണകളില്‍ മുഴുകുന്നത് സയമത്തിന്‍റെ ഏറ്റവും നല്ല നിക്ഷേപമാണ്. അല്ലാഹുവിന്‍റെ എത്ര ദൃഷ്ടാന്തങ്ങള്‍ കണ്ടാലും നമുക്ക് മടുപ്പ് വരില്ല. രാത്രിയില്‍ തഹജ്ജുദ് നമസ്കാരം പതിവാക്കുന്നത് ആകാശ ഭൂമിയുടെ സൃഷ്ടിപ്പിനെ കുറിച്ച് ചിന്തിക്കാന്‍ സന്ദര്‍ഭമൊരുക്കും. ദികുറുകള്‍, നബിയുടെ പേരില്‍ സ്വലാത് എല്ലാം അനുഗ്രഹം തന്നെ. മനസ്സ് ശാന്തമാവുകയും പരലോകത്ത് നമ്മുടെ സല്‍പ്രവര്‍ത്തനങ്ങളുടെ തുലാസില്‍ തൂക്കം വര്‍ധിപ്പിക്കുകയും ചെയ്യുന്ന കാര്യമാണെന്ന് പ്രവാചകന്‍ അരുളുകയുണ്ടായി.

Also read: തെറ്റിദ്ധരിക്കപ്പെടുന്ന അംബേദ്കര്‍ ദര്‍ശനങ്ങള്‍

3. ജീവിത തിരക്കിനിടയില്‍ പലരും വിസ്മരിച്ച് പോവുന്ന കാര്യമാണ് നമ്മൂടെ ആരോഗ്യം. ആരോഗ്യമുള്ള ശരീരത്തിലാണ് ആരോഗ്യമുള്ള മനസ്സുള്ളത് എന്ന് അറിയാത്തവരായി ആരുമുണ്ടാവില്ലങ്കിലും ശരീര വ്യായാമത്തിനായി സമയം കണ്ടത്തെുന്നവര്‍ നമ്മില്‍ എത്ര പേരുണ്ടാവും? ആലസ്യമല്ലാതെ ഇതിന് മറ്റൊരു കാരണം ചൂണ്ടികാണിക്കുക സാധ്യമല്ല. പക്ഷെ ഇതിന്‍റെ ഭയാനകമായ ഫലമാകട്ടെ രോഗവും മരണവുമാണ്. ദുര്‍ബലനായ വിശ്വാസിയെക്കാള്‍ ഉത്തമനും അല്ലാഹുവിന് ഇഷ്ടവും ശക്തനായ വിശ്വാസയാണെന്ന നബി വചനം പ്രാവര്‍ത്തികമാക്കാനുള്ള സമയമായി ഈ ഒഴിവ് വേള നീക്കിവെക്കാം.

4. തിരക്ക് പിടിച്ച ആധുനിക ജീവിതത്തില്‍ നാം കൈവിട്ട് പോയ കാര്യമാണ് കുടുംബാംഗങ്ങളുമായി സമയം പങ്ക് വെക്കല്‍. ഈ കൊറോണ ഒഴവ് വേളയില്‍ അവരുമായി മൊബൈലില്‍ ബന്ധപ്പെടാം. ഇരുപത്തിനാല് മണിക്കുറുള്ളതില്‍ കുട്ടികള്‍ക്കും സഹധര്‍മ്മിണിക്കും അല്‍പം സമയം നീക്കിവെക്കാന്‍ ഈ ഒഴവ് സമയം നമുക്ക് അവസരം തരുന്നു. വീട്ട്കാര്യങ്ങളില്‍ പ്രവാചകന്‍ തന്‍റെ സഹധര്‍മ്മിണിമാരെ സഹായിച്ചിരുന്നത് സുവിതിതമാണല്ലോ ? തന്‍റെ വസ്ത്രം കേട്പാട് തീര്‍ക്കുകയും ചെരുപ്പ് തുന്നുകയും ചെയ്തിരുന്നത് അവടിന്ന് തന്നെയായിരുന്നു. പല സ്ത്രീകളും ഭക്ഷണം ഉണ്ടാക്കി മടുത്തു എന്ന പരാതി ഇപ്പോള്‍ വാട്ട്സപ്പിലും പ്രചാരമാണ്. അവര്‍ക്ക് ഒഴിവ് കൊടുക്കാന്‍ സന്മസ്സ് കാണിക്കുക.

5.പുസ്തകങ്ങള്‍ വായിക്കുന്നത് ജീവിതത്തില്‍ മാറ്റങ്ങള്‍ സൃഷ്ടിക്കുവാന്‍ സഹായകമാവും. മനസ്സിനുള്ള ഓക്സിജനാണ് വായന. പുസ്തക വായന കൈവിട്ട് പോയ ഒരു ആസുര കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. പുതിയ ലോകം കാണാന്‍ വെമ്പല്‍ കൊള്ളാത്ത ആരുമുണ്ടാവില്ലങ്കിലും പുതിയ ലോകത്തേക്കും ചിന്തകളിലേക്കുമുള്ള വാതയാനമാണ് നല്ല പുസ്തകങ്ങള്‍. ഈ കോറന്‍റയിന്‍ കാലത്ത് പുസ്തക വായനക്ക് ദിനേന നിശ്ചിത സമയം നീക്കിവെച്ചാല്‍ വായിച്ച് തീര്‍ക്കാന്‍ കഴിയുക ഇതിഹാസ കൃതികളായിരിക്കും.

6. ഒരു വ്യക്തിയെ ഉന്നതിയിലേക്കത്തെിക്കുന്ന സുപ്രാധനമായ കാര്യങ്ങളില്‍ ഒന്നാണ് അയാളിലുള്ള നൈസര്‍ഗ്ഗികമായ കഴിവുകള്‍. ഈ കഴിവുകള്‍ക്കനുയോജ്യമായ ഒരു ജീവിതാഭിലാഷം ഉണ്ടായാല്‍ നാം എത്ര സമയം വേണമെങ്കിലും ചിലവഴിക്കാന്‍ സന്നദ്ധനാവും. അത്തരം നൈസര്‍ഗ്ഗിക കഴിവിന്‍റെ പരിപോഷണത്തിനും വികസനത്തിനും ഇപ്പോള്‍ ലഭിച്ച ഒഴിവ് സമയം ഉപയോഗപ്പെടുത്തുന്നത് ജീവിത സാഫല്യം നല്‍കുന്ന കാര്യമാണ്. തനിക്ക് നല്‍കിയ കഴിവുകള്‍ തിരിച്ചറിയാതെ ജീവിച്ചാല്‍ ജീവിതാന്ത്യത്തില്‍ നിരാശക്ക് കാരണമായിത്തീരും.

Also read: കാലത്തെ പഴിക്കുന്നതിനെ സംബന്ധിച്ച് പണ്ഡിതർ എന്തുപറയുന്നു?

7. വീട്ടിലിരുന്നുകൊണ്ട് തന്നെ ജനസേവന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവാന്‍ ഒഴിവ് സമയം ഉപയോഗപ്പെടുത്താം. രാജ്യം മുഴുവന്‍ ലോക്ക്ഡൗണ്‍ ആയ ഈ സമയത്ത് അരപ്പട്ടിണിയിലും മുഴുപട്ടിണിയിലുമായ നിരവധി കുടുംബങ്ങള്‍ ചുറ്റുവട്ടത്ത് തന്നെ കാണാം. പലരുമായി മൊബൈലില്‍ ബന്ധപ്പെട്ട് അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നത് ജീവിത സംതൃപ്തി നല്‍കുന്ന കാര്യമാണ്. നബി (സ) ജനങ്ങളുടെ കാര്യങ്ങള്‍ അന്വേഷിക്കുകയും അവരുടെ പ്രശ്നങ്ങള്‍ ആരായുകയും ചെയ്തിരുന്നു. തന്നെക്കാള്‍ കഷ്ടപ്പെടുന്നവരെ കാണാനുള്ള കണ്ണുണ്ടെങ്കില്‍, നമ്മുടെ കഷ്ടപ്പാടുകള്‍ അതീവ നിസ്സാരമാണെന്ന് മനസ്സിലാവും.

8. സുഹൃത്തുക്കളുമായി വികാര വിചാരങ്ങള്‍ പങ്ക് വയ്ക്കുവാന്‍ സമയം കണ്ടത്തെുന്നത് വലിയ മാനസികമായ ആശ്വാസത്തിന് നിമിത്തമാവുന്നതാണ്. എല്ലാവരും അവരവരുടേതായ ഒരു ലോകത്ത് ചുരുങ്ങികൊണ്ടിരിക്കുന്ന ഒരു കാലത്താണല്ലോ നാം ജീവിക്കുന്നത്. അല്ലാഹു നമുക്ക് രണ്ട് ചെവി തന്നിട്ടുണ്ടെങ്കിലും ആര്‍ക്കും മറ്റുള്ളവരുടെ പരിദേവനങ്ങള്‍ കേള്‍ക്കേണ്ടതില്ലാത്ത അവസ്ഥ. വേര്‍ച്വല്‍ ലോകത്ത് ഇരുന്ന് കൊണ്ട് തന്നെ നമുക്ക് സൗഹൃദം ഊട്ടി ഉറപ്പിക്കാം.

9. പുതിയ വിജ്ഞാനങ്ങള്‍ ആര്‍ജ്ജിക്കാന്‍ ഉല്‍സാഹം കാണിക്കുക. ദിനേന മാനവികവും സാങ്കേതികവും ശാസ്ത്രപരവുമായ നിരവധി വിജ്ഞാനങ്ങളാണ് രൂപം കൊള്ളുന്നത്. നമ്മുടെ താല്‍പര്യമനുസരിച്ച് ഇതില്‍ ഏതാണ് തനിക്ക് യോജിച്ചതെന്നും ഏതാണ് പ്രയോജനപ്രദമായതെന്നും കണ്ടത്തെി അത് പഠിക്കാന്‍ ഒഴിവ് വേള ഉപയോഗപ്പെടുത്തുക. അതിന് സഹായകമായ ധാരാളം വെബ് സൈറ്റുകളും ആപ്പുകളും ഒരു ചിലവുമില്ലാതെ ലഭ്യമാണ്.

10. സമകാലീന സാമൂഹ്യാവസ്ഥകളെ മനസ്സിലാക്കുവാനും തന്‍റെ കാലഘട്ടവുമായി സംവദിക്കാനും പത്രവായന, ടി.വി.സോഷ്യല്‍ മീഡിയ എന്നിവ ശ്രദ്ധിക്കുവാനും അതില്‍ ഇടപെടുവാനും സമയം ഉപയോഗപ്പെടുത്താം. അതിനോടെല്ലാം മുഖം തിരിഞ്ഞ് നില്‍ക്കുന്ന സമീപനം നമ്മെ പിന്നോക്കം നയിക്കുകയേ ഉള്ളൂ. ഇമവെട്ടാതെ സോഷ്യല്‍ മീഡിയകളില്‍ സമയം പാഴാക്കുന്നത് അപകടകരവുമാണ്. എല്ലാ കാര്യത്തിലും മിതത്വം അനിവാര്യം തന്നെ.

ചുരുക്കത്തില്‍ ഈ ഒഴിവ് വേളയെ പഴിചാരാതെ, പുതിയൊരു മുന്നേറ്റത്തിനുള്ള ഊര്‍ജ്ജ ശേഖരണ കാലമായി പരിവര്‍ത്തിപ്പിക്കുകയാണെങ്കില്‍, ഇതിന്‍റെ ഫലങ്ങള്‍ പലമടങ്ങായി നമുക്ക് കൊയ്തെടുക്കാന്‍ കഴിയും. നമ്മുടെ പൂര്‍വ്വ സൂരികളായ ഇമാം അബൂഹനീഫ, ഇമാം മാലിക്, ഇബ്നു തൈമിയ തുടങ്ങിയവര്‍ സ്വഛാധിപതികളായ ഭരണാധികാരികളുടെ തടങ്കലില്‍ കഴിഞ്ഞവരായിരുന്നുവല്ലോ ? ഇന്നും എത്രയോ മഹാന്മാര്‍ അങ്ങനെ ജീവിതം തള്ളിനീക്കികൊണ്ടിരിക്കെ, നമുക്കിപ്പോള്‍ ലഭിച്ച  ഒഴിവ് സമയം സുകൃത കാലമല്ലാതെ മറ്റെന്താണ് ?.

Related Articles